Prabodhanm Weekly

Pages

Search

2023 ഏപ്രിൽ 07

3297

1444 റമദാൻ 16

ഖുർആൻ അറിവിന്റെയും അനുഭൂതിയുടെയും വിസ്മയ ലോകം

എ.പി ശംസീർ

ഖുർആനുമായുള്ള നമ്മുടെ ചങ്ങാത്തവും സൗഹൃദവും ആഴത്തിൽ വേരുപിടിച്ച ഒന്നാണോ? ദിവ്യാനുഭൂതി പകരുന്ന തേജസ്സാർന്ന ആത്മബന്ധമായി അത് വളർന്നിട്ടുണ്ടോ? കേവല പാരായണത്തിൽനിന്ന് ഖുർആൻ പകർന്നു നൽകുന്ന ചിന്തയുടെയും അനുഭവങ്ങളുടെയും ആസ്വാദനത്തിന്റെയും സൗന്ദര്യാനുഭൂതികളുടെ മഹാ പ്രപഞ്ചങ്ങളിലൂടെയുള്ള ധ്യാനനിഷ്ഠമായ സഞ്ചാരം എത്രമേൽ നമുക്ക് സാധ്യമായിട്ടുണ്ട്?  'ഖുർആനിനെ ഞങ്ങളുടെ ഹൃദയ വസന്തമാക്കിത്തീർക്കേണമേ' എന്ന പ്രവാചക  പ്രാർഥനയുടെ ആത്മ സാക്ഷാത്കാരത്തിന്റെ വഴിദൂരങ്ങൾ താണ്ടുമ്പോഴാണ് ഖുർആൻ നമുക്കൊരനുഭവമായി മാറുന്നത്. തളിരിട്ട ഇലകളെപ്പോലെ, പൂത്തു വിടർന്നുനിൽക്കുന്ന പൂക്കളെപ്പോലെ, കായ്്ച ഫലങ്ങളെപ്പോലെ ഖുർആനിക  ആശയങ്ങളാൽ  ഹരിതാഭമായ ഹൃദയവും മനസ്സും രൂപപ്പെടുത്തുക എന്നതാണ് വിശ്വാസികളുടെ ലക്ഷ്യം.
സ്രഷ്ടാവിന്റെ മനുഷ്യനോടുള്ള സംസാരമാണ് ഖുർആൻ; അല്ലാഹുവിന്റെ സംഭാഷണം. പ്രപഞ്ചം (അൽ കൗൻ), മനുഷ്യൻ (അൽ ഇൻസാൻ), ജീവിതം (അൽ ഹയാത്ത്) എന്നിവയെക്കുറിച്ച സംവേദനമാണ് ഖുർആനിന്റെ ആകത്തുക എന്ന് സയ്യിദ് ഖുത്വ്്ബ് പറയുന്നുണ്ട്. പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച ഖുർആനിക സൂക്തങ്ങളെല്ലാം അനുവാചകനെ മറ്റൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. ഒരേ സമയം ശാസ്ത്രവും സൗന്ദര്യവും ഇഴ ചേർന്നു നിൽക്കുന്നുണ്ട് അവിടെ. അറിവും അനുഭൂതിയും ജ്ഞാനവും വെളിച്ചവും തുറന്നുവെക്കുന്നുണ്ട് ഖുർആൻ. കേവല ശാസ്ത്ര യുക്തികൾക്കപ്പുറം മനുഷ്യനെ അല്ലാഹുവിന്റെ സൃഷ്ടി സാകല്യത്തിന്റെ വിസ്മയ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് ഖുർആൻ എന്ന് ഡോ. യൂസുഫുൽ ഖറദാവി പറയുന്നുണ്ട്. ഖുർആനിലെ എല്ലാറ്റിലും ശാസ്ത്ര യുക്തികളെ തെരയുന്നതിനെയും അതിരുകടന്ന അതിശയോക്തിപരമായ  ശാസ്ത്രീയ വിശകലനങ്ങളെയും നിരാകരിക്കുന്നുണ്ട് അദ്ദേഹം.
ഖുർആനിൽ ആജ്ഞയുടെയും ശാസനയുടെയും ഇടിമുഴക്കങ്ങളുണ്ട്. സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും തലോടലുകളുണ്ട്. മുന്നറിയിപ്പുകളുടെയും ഓർമപ്പെടുത്തലുകളുടെയും ജാഗ്രതാ നിർദേശങ്ങളുണ്ട്. പ്രതീക്ഷയുടെയും പ്രത്യാശയുടെയും പ്രചോദിത വചനങ്ങളുമുണ്ട്.
നമസ്കരിക്കുമ്പോൾ നാം അല്ലാഹുവുമായി സംസാരിക്കുന്നു. ഖുർആൻ പാരായണം ചെയ്യുമ്പോൾ അല്ലാഹു നമ്മോട് സംസാരിക്കുന്നു. അല്ലാഹുവിനോടുള്ള നമ്മുടെ അന്വേഷണവും അപേക്ഷയും തേടലും കേഴലുമെല്ലാമാണ് പ്രാർഥന. എന്നാൽ, പടച്ചവൻ നമ്മോട് ചിലത് ചോദിക്കുന്നുണ്ട്, അന്വേഷിക്കുന്നുണ്ട്. ഉത്തരങ്ങളും പരിഹാരങ്ങളുമോതുന്നുണ്ട്. അതാണ് ഖുർആൻ.
ഖുർആനിനോടുള്ള വിശ്വാസികളുടെ സമീപനം എങ്ങനെയായിരിക്കണമെന്നതിന് ഇമാം റാസി ഒരു ഉപമ പറയുന്നുണ്ട്: ഒരു പ്രണയിനി കാമുകനയക്കുന്ന കത്ത് പോലെയാണത്.  കത്തിലെ ഉള്ളടക്കം നമുക്കറിയാത്ത ഭാഷയിലാണെങ്കിലും ആ കൈയക്ഷരങ്ങൾ പോലും നമുക്ക് അത്രമേൽ പ്രിയപ്പെട്ടതായിരിക്കും. അജ്ഞാതമായ ആ  ഭാഷയിലെ ലിപി സൗന്ദര്യത്തോടുള്ള അഭിനിവേശത്തിൽ നിൽക്കില്ല അത്.  ആ കത്തിലെ ഉള്ളടക്കമെന്ത് എന്ന് കാമുകന് ശക്തമായ ഉൾത്തുടിപ്പും തീവ്രമായ ജിജ്ഞാസയുമുണ്ടാകും. ചിലപ്പോൾ ഭാഷ അറിയുന്നവരുടെ സഹായത്തോടെ പ്രണയിനി അയച്ച കത്തിലെ ഉള്ളടക്കം മനസ്സിലാക്കാൻ ശ്രമിക്കും. മറ്റു ചിലപ്പോൾ ആ ഭാഷ തന്നെ മുഴുവനായി പഠിച്ചെന്നും വരും. വിശ്വാസികളുടെ ഏറ്റവും തീവ്രമായ സ്നേഹം അല്ലാഹുവിനോടാണ് (അശദ്ദു ഹുബ്ബൻ ലില്ലാഹ്) എന്ന ഖുർആനിക പാഠത്തെ മുൻനിർത്തി പടച്ചവൻ അയച്ച ദിവ്യ സന്ദേശത്തിന്റെ ഉള്ളടക്കം നാമറിയാതെയും അനുഭവിക്കാതെയും പോകരുത്.

ചിന്ത
പ്രപഞ്ചത്തിനും ചുറ്റുപാടുകൾക്കും നേരെ എപ്പോഴും കണ്ണും കാതും ഹൃദയവും തുറന്നു വെക്കാൻ ഖുർആൻ നിരന്തരം ആഹ്വാനം ചെയ്യുന്നു. നോക്കുന്നില്ലേ, കാണുന്നില്ലേ, ബുദ്ധി ഉപയോഗിക്കുന്നില്ലേ, ഗ്രഹിക്കുന്നില്ലേ, ചിന്തിക്കുന്നില്ലേ തുടങ്ങിയ പലതരം പ്രയോഗങ്ങളാൽ  ഖുർആൻ നമ്മുടെ ബുദ്ധിയെയും ധിഷണയെയും തൊട്ടുണർത്തുന്നുണ്ട്. തദബ്ബുർ, തഫക്കുർ, തഫഖുഹ് പോലുള്ള, മനുഷ്യബുദ്ധിയെയും ചിന്തയെയും ഗവേഷണ, പഠന, നിരീക്ഷണങ്ങളെയും കുറിക്കുന്ന പദ വൈവിധ്യങ്ങളാൽ സമ്പന്നമാണ് ഖുർആൻ. 'അല്ലാഹുവിന്റെ വചനങ്ങൾ ഓർമിപ്പിക്കപ്പെട്ടാൽ അതേക്കുറിച്ച പൊരുളുൾക്കൊള്ളാതെ  അന്ധരും ബധിരരുമായി അതംഗീകരിക്കുന്നവരല്ല വിശ്വാസികൾ' എന്ന് സൂറത്തുൽ ഫുർഖാനിൽ സൂചിപ്പിക്കുന്നുണ്ട്.
പ്രവാചകന്റെ കാലത്ത് ഒരു സ്വഹാബിക്ക് പത്ത് ഖുർആനിക സൂക്തങ്ങൾ മാത്രമാണ് ലഭിച്ചതെങ്കിൽ പോലും അതേക്കുറിച്ച് അവർ നിരന്തരം ചിന്തിക്കുകയും ആലോചിക്കുകയും അവയിലുള്ളടങ്ങിയ ആശയങ്ങൾ ജീവിതത്തിൽ പ്രയോഗവത്കരിക്കുകയും ചെയ്യാറുണ്ടായിരുന്നതായി അബ്ദുല്ലാഹിബ്നു മസ്ഊദ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഒരു പ്രവാചക വചനത്തിൽ ഇപ്രകാരമുണ്ട്: 'അല്ലാഹുവിന്റെ ഭവനങ്ങളിലേതെങ്കിലുമൊന്നിൽ വിശ്വാസികൾ ഒത്തുകൂടുകയും വിശുദ്ധ ഖുർആൻ പാരായണം ചെയ്യുകയും പരസ്പരം ചോദിച്ചും ചർച്ച ചെയ്തും പഠിക്കുകയും ചെയ്യുമ്പോൾ അല്ലാഹുവിന്റെ കാരുണ്യവും ശാന്തിയും  മാലാഖമാരും അവരെ വലയം ചെയ്യും.' ഈ ഹദീസിൽ പ്രയോഗിച്ച 'യതദാറസൂന' എന്ന പദം ഖുർആൻ പഠനത്തിന്റെ സ്വഭാവത്തെ കൃത്യമായി നിർണയിക്കുന്നുണ്ട്. കേവല പഠനമല്ല അതുകൊണ്ട് അർഥമാക്കുന്നത്. അന്യോന്യം ചോദിച്ചും പറഞ്ഞും തർക്കിച്ചും സംവദിച്ചും ചർച്ച ചെയ്തുമെല്ലാമുള്ള ആഴത്തിലുള്ള പഠന-ഗവേഷണങ്ങളാണതുകൊണ്ടുള്ള ഉദ്ദേശ്യം.

അനുഭവം
ബുദ്ധിയെ നിരന്തരം ഉത്തേജിപ്പിക്കുന്ന ഖുർആൻ വികാരങ്ങളെയും വിചാരങ്ങളെയും എപ്പോഴും പിന്തുടരുന്നുണ്ട്. ഖുർആൻ ആഴത്തിൽ അനുഭവിക്കുന്ന ഏതൊരാളുടെയും കണ്ണുകൾ ഈറനണിയുകയും ഹൃദയങ്ങൾ പ്രകമ്പനം കൊള്ളുകയും ചെയ്യും. പ്രവാചകന്മാർ നേരിട്ട കൊടിയ പരീക്ഷണങ്ങളുടെ കഥകൾ നാം വായിക്കുമ്പോൾ നാം നമ്മുടെ ഹൃദയങ്ങളെ വെയിലത്ത് നിർത്തുകയാണ്. എന്നാൽ, വിശ്വാസ ദാർഢ്യത്താൽ പരീക്ഷണങ്ങൾ അതിജീവിച്ച് നീതി പുലരുന്ന ഒരു ലോകം സ്വപ്നം കണ്ട് സംതൃപ്തരായി അല്ലാഹുവിലേക്ക് മടങ്ങിയവരെ കുറിച്ചുള്ള കഥകൾ പാരായണം ചെയ്യുമ്പോൾ നാം ആത്മീയ നിർവൃതിയുടെ മറ്റൊരു തലത്തിലേക്ക് എത്തിച്ചേരുന്നുണ്ട്.
അലിജാ അലി ഇസ്സത്ത് ബെഗോവിച്ച് ഖുർആൻ തീർക്കുന്ന സമ്മിശ്ര വികാര പ്രപഞ്ചത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഖുർആൻ അതിന്റെ അർഥമറിയാത്തവരെ പോലും പാരായണ സൗന്ദര്യംകൊണ്ട് പിടിച്ചിരുത്തുന്നുണ്ട്. എന്നാൽ, കേൾക്കുന്ന മാത്രയിൽ ആശയം ഗ്രഹിക്കാൻ കഴിയുന്നവർക്ക് കണ്ണീരും പുഞ്ചിരിയും സാന്ത്വനവും സമാശ്വാസവും ശമനവും നൽകുന്നുണ്ട് ഖുർആൻ എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഈ ദുനിയാവിൽ ഖുർആൻ നമ്മുടെ ഏറ്റവും വലിയ ആത്മമിത്രവും കൂട്ടുകാരനുമായിത്തീരുമ്പോൾ നമ്മുടെ പരിഭവങ്ങൾക്കും പരിദേവനങ്ങൾക്കുമെല്ലാമുള്ള ഉത്തരമായിത്തീരുന്നു അത്.
ഒരിക്കൽ പ്രവാചകൻ അബ്ദുല്ലാഹിബ്്നു മസ്ഊദിനോട് ഖുർആൻ ഓതിക്കേൾപ്പിക്കാൻ ആവശ്യപ്പെട്ടു. "പ്രവാചകരേ, ഖുർആൻ താങ്കൾക്കാണല്ലോ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നിട്ട് ഞാൻ ഓതിക്കേൾപ്പിക്കുകയോ?" ഇതായിരുന്നു അബ്ദുല്ലാഹിബ്്നു മസ്ഊദിന്റെ പ്രതികരണം. പ്രവാചകൻ പറഞ്ഞു: "ഞാൻ മറ്റൊരാളിൽനിന്ന് ഖുർആൻ കേൾക്കുന്നത് അതിയായി ഇഷ്ടപ്പെടുന്നു." അങ്ങനെ അബ്ദുല്ലാഹിബ്്നു മസ്ഊദ് പ്രവാചകന് വേണ്ടി ഖുർആൻ പാരായണം ചെയ്തു തുടങ്ങി. സൂറത്തുന്നിസാഇലെ "നാം സകല സമുദായത്തിനും ഓരോ സാക്ഷിയെയും ഈ സമുദായത്തിന്റെ സാക്ഷിയായി താങ്കളെയും (മുഹമ്മദ്‌ നബിയെ) ഹാജരാക്കുന്ന ആ സന്ദര്‍ഭത്തില്‍ എങ്ങനെയിരിക്കും അവരുടെ അവസ്ഥ!" എന്ന 41-ാം സൂക്തം എത്തിയപ്പോൾ പ്രവാചകൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിതുമ്പി. അബ്ദുല്ലാഹിബ്്നു മസ്ഊദിനോട് പാരായണം  നിർത്താൻ ആവശ്യപ്പെട്ടു പ്രവാചകൻ. ഖുർആൻ പ്രവാചകന് അത്രമേൽ ആഴത്തിൽ അനുഭവപ്പെട്ടിരുന്നു. സ്വഹാബികളും ഖുർആനിനെ നെഞ്ചിലേറ്റിയത് ഹൃദയ വികാരങ്ങൾ ചാലിച്ചായിരുന്നു. 'ഈ ഖുർആനിനെ നാമൊരു പർവതത്തിനു മുകളിലായിരുന്നു അവതരിപ്പിച്ചിരുന്നതെങ്കിൽ ഭയം കൊണ്ടും ബേജാർ കൊണ്ടും അത് പൊട്ടിത്തെറിക്കുമായിരുന്നു' എന്ന് ഖുർആൻ തന്നെ ഖുർആനെ വിശേഷിപ്പിക്കുമ്പോൾ അതിലടങ്ങിയ ആഴത്തിലുള്ള അനുഭവ തലങ്ങൾ നമുക്ക് തിരിച്ചറിയാനാവും.
ഖുർആനിന്റെ കേവല പാരായണംകൊണ്ട് നമ്മുടെ ഹൃദയങ്ങളിൽ അത് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കില്ല. ഖുർആന്റെ ഉള്ളടക്കം അറിയുന്നതോടൊപ്പം എപ്പോഴും അതിനെ അനുഭവതലത്തിൽ സജീവമായി നിലനിർത്തുക എന്നത്  ഖുർആനോടുള്ള നമ്മുടെ വലിയ ഉത്തരവാദിത്വമാണ്.

ആസ്വാദനം
ഖുർആൻ ചിന്തയെയും അനുഭവത്തെയും നിരന്തരം തൊട്ടുണർത്തുന്നതുപോലെ നമ്മുടെ ആസ്വാദനത്തെയും അത് സ്പർശിക്കുന്നുണ്ട്. ഖുർആൻ പാരായണത്തിന് പ്രത്യേക നിയമങ്ങളുണ്ട്. അവതരിപ്പിക്കപ്പെട്ട ഭാഷയിലെ അക്ഷരസ്ഫുടതക്ക് അതിൽ വലിയ പ്രാധാന്യമുണ്ട്. ഖുർആൻ മറ്റുള്ളവർക്ക് അരോചകവും അലോസരവുമാകുന്ന തരത്തിൽ പാരായണം ചെയ്യുന്നത് പ്രവാചകൻ നിരുത്സാഹപ്പെടുത്തി. ഏറ്റവും നല്ല ഈണത്തിൽ, 'തർത്തീലോ'ടു കൂടി ഓതിക്കേൾക്കുന്നതാണ്  ഇഷ്ടപ്പെട്ടിരുന്നത്. 'ഖുർആൻ പാരായണം ചെയ്യുന്നവർ മനോഹരമായ ഈണത്തിൽ അത് നിർവഹിക്കട്ടെ' എന്ന ആശയമുള്ള ധാരാളം പ്രവാചക വചനങ്ങളുണ്ട്. ഖുർആൻ കേൾക്കലും അർഥം അറിയില്ലെങ്കിൽ കൂടി പാരായണം ചെയ്യലുമെല്ലാം പ്രാർഥന പോലെ ഒരു ഇബാദത്താണ്.
ഖുർആനെക്കുറിച്ച് അല്ലാഹു പറഞ്ഞ ഒരു വിശേഷണം, അതിൽ 'ശിഫ' ഉണ്ട് എന്നതാണ്. ശിഫ എന്നാൽ ശമനം. ആശയവും അർഥവും ഉൾക്കൊണ്ട് പാരായണം ചെയ്യുമ്പോൾ അശാന്തമായ മനസ്സുകൾ സമാധാനത്തിലേക്കും സ്വസ്ഥതയിലേക്കും വഴിനടക്കുന്നു. അർഥം അറിയില്ലെങ്കിലും ശ്രവണസുന്ദരമായ ഖുർആൻ പാരായണം പലപ്പോഴും നമ്മുടെ മനസ്സുകളുടെ വ്യഥകൾക്ക് വലിയ തോതിൽ ആശ്വാസമാകാറുണ്ട്. കലിഗ്രഫിയിൽ കലാരൂപം പ്രാപിക്കുന്ന ഖുർആനിക സൂക്തങ്ങൾ നോക്കിനിൽക്കുന്നത് പോലും മനസ്സിന്റെ വേദനകൾക്ക് ശമനം (Healing) നൽകാറുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അവിടെ ഖുർആനിലെ ഓരോ വാക്കും അക്ഷരവും ചിഹ്നവും നമ്മുടെ മനസ്സിൽ സുന്ദര ശിൽപം പോലെ പതിയുന്നുണ്ട്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ - സൂക്തം 10-16
ടി.കെ ഉബൈദ്‌