Prabodhanm Weekly

Pages

Search

2023 ഏപ്രിൽ 07

3297

1444 റമദാൻ 16

ഖുര്‍ആനിക സൗന്ദര്യത്തിന്റെ അടരുകള്‍

ശമീര്‍ബാബു കൊടുവള്ളി

'അനന്തമാണ് വിശുദ്ധ വേദം. അല്ലെങ്കില്‍, അനന്തതയിലേക്കുള്ള വാതായനമാണത്' - ഇസ്മാഈൽ റാജി ഫാറൂഖി.

 

വിശുദ്ധ വേദത്തെ മുന്‍നിര്‍ത്തി ചിന്തിക്കുമ്പോൾ, ആത്മീയ സൗന്ദര്യങ്ങളുടെ ആഴങ്ങളിലേക്ക് ഊര്‍ന്നുപോവും. ചിരപരിചിതമായ ആവിഷ്‌കാരത്തിന്റെ വൃത്തത്തില്‍ വിശുദ്ധ വേദം ഒതുങ്ങുന്നില്ല. പ്രജ്ഞക്കപ്പുറമുള്ള അതീന്ദ്രിയ വിതാനങ്ങള്‍ തീര്‍ച്ചയായും അതിനെ തഴുകിത്തലോടുന്നുണ്ട്. ആദ്യാവസാനം ദൈവിക സ്പര്‍ശമുള്ള ധര്‍മാധര്‍മ മാനദണ്ഡമാണ് വിശുദ്ധ വേദം. അതിന്റെ അക്ഷരങ്ങള്‍ ദൈവികമാണ്; വാക്കുകള്‍ ദൈവികമാണ്; വാചകങ്ങള്‍ ദൈവികമാണ്;  ഭാഷയും സാഹിത്യവും ആശയവും  ദൈവികമാണ്. 
യഥാര്‍ഥത്തില്‍ എന്താണ് വിശുദ്ധ വേദം? ലക്ഷണമൊത്ത പ്രബന്ധമാണോ അത്? മനോഹരമായ പ്രസംഗമാണോ? കാവ്യാത്മകമായ ഗീതമാണോ? കഥയോ കവിതയോ നോവലോ ആണോ? പദ്യമോ അതോ ഗദ്യമോ? ഭാവനകള്‍ക്കൊത്ത് ഓരോരുത്തരും വിശുദ്ധ വേദത്തെ നിര്‍വചിക്കുന്നുവെന്നതാണ് സത്യം. ചിലരതിനെ ദൈവത്തിന്റെ എഴുത്തായും മറ്റു ചിലരതിനെ ദൈവത്തിന്റെ സംസാരമായും കാണുന്നു. മനുഷ്യബോധത്തിന് അത്തരം നിഗമനങ്ങളിലെത്താനേ സാധിക്കുകയുള്ളൂ. എന്നാല്‍, ദൈവ മണ്ഡലത്തിലാവട്ടെ, വിശുദ്ധ വേദം അവക്കപ്പുറമാണ് താനും. ഒത്തിരി അടരുകളില്‍ വിശുദ്ധ വേദത്തിന്റെ അതുല്യത അടയാളപ്പെടുത്താനാവും. അതിന്റെ ശില്‍പ ചാതുരി, വിവരണ രീതി, ആശയ സംവേദനം തുടങ്ങി എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്.  വിരസത ഒട്ടും അനുഭവപ്പെടാത്ത വിധത്തിലാണ് വിശുദ്ധ വേദത്തിന്റെ ക്രമീകരണം. എവിടെ നിന്നും പാരായണം തുടങ്ങി എവിടെയും അവസാനിപ്പിക്കാം. ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനോ ആത്മ, തത്ത്വജ്ഞാന അന്വേഷണങ്ങളില്‍ നിമഗ്നമാവുന്നതിനോ അത് ഒട്ടും തടസ്സമാവുന്നില്ല. കാരണം, വിശുദ്ധ വേദത്തിന്റെ ഓരോ ഇടവും, തുടക്കവും ഒടുക്കവുമാണ്. 
മനനം, ചിന്തനം, ഭാവന എന്നിവയിലൂടെയാണ് വിശുദ്ധ വേദത്തിന്റെ സൗന്ദര്യങ്ങള്‍ അനുഭവിക്കാനാവുന്നത്: ''നാം വേദം നല്‍കിയവര്‍ ആരോ, അവരത് യഥാവിധി പാരായണം ചെയ്യുന്നു. അവരതില്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു. അതിനെ നിഷേധിക്കുന്നവരോ, അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍''(അല്‍ബഖറ 121). വേദത്തില്‍ നിമഗ്നമാവുമ്പോള്‍, ദൈവിക പൊരുളുകള്‍ വെളിപ്പെടും: ''സത്യം ഗ്രഹിച്ചതിനാല്‍, ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍, അവരുടെ കണ്ണുകളില്‍നിന്ന് കണ്ണീരൊഴുകുന്നത് നിനക്ക് കാണാം'' (അല്‍മാഇദ 83). തിരുചര്യ പറയുന്നു: ''വിശുദ്ധ വേദം മനഃപാഠമാക്കി പാരായണം ചെയ്യുന്നവര്‍, ആദരണീയരും പുണ്യവാന്മാരും സന്ദേശവാഹകരുമായ മാലാഖമാര്‍ക്കൊപ്പമായിരിക്കും. പ്രയാസത്തോടൊപ്പം പാരായണം ചെയ്യുന്നവനാവട്ടെ രണ്ട് പ്രതിഫലവുമുണ്ട്''(ബുഖാരി). വിശുദ്ധ വേദത്തിന് സൗന്ദര്യാത്മകമായ പല തലങ്ങളുണ്ട്. സത്യസന്ധമായി വേദത്തെ സമീപിക്കുന്നവര്‍ക്ക് അതിന്റെ സൗന്ദര്യങ്ങള്‍ ആസ്വദിക്കാം. സൗന്ദര്യത്തിന്റെ പ്രധാനപ്പെട്ട മൂന്ന് തലങ്ങളായ ഭാഷാ സൗന്ദര്യം, സാഹിത്യ സൗന്ദര്യം, ആശയ സൗന്ദര്യം എന്നിവയെ സംബന്ധിച്ച് ചിലത് കുറിക്കാം: 

ഭാഷാ സൗന്ദര്യം
ചില വ്യവസ്ഥകള്‍ ഉൾച്ചേരുമ്പോഴാണ് ഭാഷ പൂര്‍ണതയില്‍ പരിലസിക്കുന്നത്. കുറഞ്ഞ വാക്കുകളില്‍ വലിയ ആശയങ്ങള്‍ പ്രകാശിപ്പിക്കുന്നതാവണം ഭാഷ. വ്യാകരണ നിയമങ്ങളും വാചകത്തിന്റെ ഘടനയും കൃത്യമാവണം. അവസരോചിതമായിട്ടാവണം പദങ്ങളുടെ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കുന്ന പദങ്ങള്‍ക്ക് തെളിമയും ലാളിത്യവും ഉണ്ടാവണം. ശ്രോതാവിനോ പഠിതാവിനോ അരോചകത്വം ഉണ്ടാക്കുന്ന പദങ്ങള്‍ തീരെ പ്രയോഗിക്കരുത്. എന്നാല്‍, സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന മുറക്ക് മുന്നറിയിപ്പിന്റെയും താക്കീതിന്റെയും സ്വരം ഭാഷക്ക് നല്‍കാം. ഇപ്പറഞ്ഞവയും അല്ലാത്തവയും വിശുദ്ധ വേദത്തിന്റെ ഭാഷക്കുണ്ട്: ''തെളിഞ്ഞ അറബി ഭാഷയില്‍ താങ്കളുടെ ഉള്ളകത്തിലാണ് അത് ഇറക്കിയത്; താങ്കൾ താക്കീത് നല്‍കുന്നവരില്‍ ഉള്‍പ്പെടാന്‍''(അശ്ശുഅറാഅ് 194, 195). 
അക്ഷരം, വാക്ക്,  വാചകം, പ്രത്യയം തുടങ്ങി ഓരോന്നും സന്തുലിത താളത്തിലും ഈണത്തിലും ചേരുമ്പോഴാണ് ഭാഷ സുന്ദരമാവുന്നത്. വിശുദ്ധ വേദത്തിന് തനതായ താളവും ക്രമവുമുണ്ട്. ഓരോ കാര്യവും വേദത്തില്‍ വന്നിരിക്കുന്നത് യഥാര്‍ഥ സ്ഥാനങ്ങളിലാണ്. സ്ഥാനങ്ങളില്‍നിന്ന് തെറ്റിയാലോ മറ്റൊന്ന് പകരം ഉപയോഗിച്ചാലോ വേദത്തിന്റെ ഭാഷാ സൗന്ദര്യം നഷ്ടപ്പെടും. അല്‍ബഖറ അധ്യായം രണ്ടാം സൂക്തത്തില്‍ 'ആ ഗ്രന്ഥം' എന്ന് ദൈവം പരാമര്‍ശിക്കുന്നുണ്ട്. ഇവിടെ ഉപയോഗിക്കേണ്ട കൃത്യതയുള്ള പ്രയോഗമാണത്. വേദത്തെ ഉന്നതമായ വിതാനത്തില്‍ പ്രതിഷ്ഠിക്കുകയാണ് ആ പ്രയോഗം. വേദത്തെക്കുറിച്ച് ആദരവ് ഉണ്ടാക്കുന്നതിനാണ് തുടക്കത്തില്‍തന്നെ അത് വന്നത്. എന്നാല്‍, മുന്നോട്ടു പോവുംതോറും വിശുദ്ധ വേദവുമായി മനുഷ്യര്‍ പരിചിതമാവും. കണ്‍മുമ്പിലുള്ള യാഥാര്‍ഥ്യമായി അത് മാറും. അപ്പോള്‍, 'ഈ ഗ്രന്ഥം' (അല്‍അന്‍ആം 92, 155) എന്ന പ്രയോഗവും സംഗതമാവുന്നു.  
ആശയ സംവേദനം പൂര്‍ണതയില്‍ സാധ്യമാവുന്നത്, പദങ്ങളുടെ ഭാഷാര്‍ഥം അവയുടെ ഉറവിടത്തോട് ചേര്‍ത്ത് പ്രയോഗിക്കുമ്പോഴും ഗ്രഹിക്കുമ്പോഴുമാണ്. ഭാഷക്ക് സാംസ്‌കാരികവും രാഷ്ട്രീയവുമായ സ്പര്‍ശം അപ്പോള്‍ കൈവരും. വിശുദ്ധ വേദത്തിലെ വാക്കുകള്‍ക്ക് പദപരമായ ഉറവിടമുണ്ട്. മുലകുടി മാറ്റുന്നതിന് 'ഫിസ്വാൽ' എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ഫസ്വ്‌ലില്‍ നിന്നാണ് അതിന്റെ നിഷ്പത്തി. വേര്‍പാടെന്നാണ് അതിനര്‍ഥം. വേര്‍പ്പെടുത്തലാണല്ലോ മുലകുടി നിർത്തൽ. എന്നാല്‍, മുലകുടി നിർത്തലിനെ ഫസ്വ്‌ലെന്ന് പ്രയോഗിക്കാതെ, ഫിസ്വാലെന്നു തന്നെ പ്രയോഗിച്ചിരിക്കുന്നു. പരസ്പരമുള്ള വേർപാടെന്ന അര്‍ഥം ലഭിക്കാനാണ് ഫിസ്വാല്‍ പ്രയോഗിച്ചിരിക്കുന്നത്. മുലകുടിയുടെ കാര്യത്തില്‍ മാതാവ് കുഞ്ഞില്‍നിന്നും കുഞ്ഞ് മാതാവില്‍നിന്നും പരസ്പരം മുക്തമായിരിക്കുന്നു എന്നര്‍ഥം. പാപത്തിന് സൂഅ് എന്ന് പ്രയോഗിച്ചിട്ടുണ്ട്. ദുഃഖമെന്നാണ് ഭാഷാപരമായി സൂഇന്റെ അര്‍ഥം. പാപം പാപിയെ എപ്പോഴും വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നതിനാലാണ് ഈ പ്രയോഗം.  വിശുദ്ധ വേദത്തില്‍ പര്യായ പദങ്ങളില്ല. പര്യായമെന്ന് തോന്നിക്കുന്ന പദങ്ങള്‍ സൂക്ഷ്്മാര്‍ഥത്തില്‍ വ്യത്യസ്തമാണ്. ഉദാഹരണത്തിന്, കര്‍മത്തിന് പ്രയോഗിക്കുന്ന പദങ്ങളാണ് അമല്‍, ഫിഅ്ല്‍ എന്നിവ. അവധാനതയോടും ശ്രദ്ധയോടും സംയമനത്തോടും കൂടിയുള്ള കര്‍മമാണ് അമല്‍. പൊടുന്നനെയുള്ള കര്‍മമാണ് ഫിഅ്ല്‍. 

ആശയ സൗന്ദര്യം  
മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ട ആശയങ്ങളുടെ കലവറയാണ് വിശുദ്ധ വേദം. ചാറ്റല്‍ മഴപോലെ, ഉപദേശമായും കല്‍പനയായും വിലക്കായും നിര്‍ദേശമായുമൊക്കെ അവ പെയ്തുകൊണ്ടേയിരിക്കുന്നു. ദൈവം, മനുഷ്യന്‍, പ്രപഞ്ചം, ദൂതന്‍, വേദം, ചരിത്രം, ധര്‍മം തുടങ്ങി എത്രയെത്ര വിഷയങ്ങളാണ് വിശുദ്ധ വേദം കൈകാര്യം ചെയ്യുന്നത്. അവയില്‍ ആത്മജ്ഞാനപരവും തത്ത്വജ്ഞാനപരവുമായ അനേകം പൊരുളുകളാണ് ഉൾച്ചേര്‍ന്നിരിക്കുന്നത്. 
വിശുദ്ധ വേദം സമര്‍പ്പിക്കുന്ന ആശയങ്ങള്‍ക്ക് ചില സവിശേഷതകളുണ്ട്. അവ ദൈവപ്രോക്തമാണെന്നതാണ് ഒന്നാമത്തെ സവിശേഷത. ദൈവമാണ് അതിന്റെ ആവിഷ്‌കര്‍ത്താവ്. അവന്റെ ഇഛകളാണ് അതില്‍ പ്രതിഫലിക്കുന്നത്. അവനല്ലാതെ മറ്റൊരു ദിവ്യശക്തിയും ഇല്ലെന്ന ആദര്‍ശത്തിലാണ് വിശുദ്ധ വേദം നിലകൊള്ളുന്നത്. യഥാര്‍ഥ ശക്തി ദൈവം മാത്രമേയുള്ളൂ. അവനെ നാഥനായി സ്വീകരിച്ച് അനുസരണയോടെ മനുഷ്യന്‍  ജീവിക്കണം. അങ്ങനെ ജീവിക്കുമ്പോഴാണ് അവന്‍ വിജയിക്കുന്നത്. ജീവിതത്തിന്റെ സമഗ്ര ഭാവം അവതരിപ്പിക്കുന്നുവെന്നതാണ് വിശുദ്ധ വേദത്തിന്റെ ആശയങ്ങളുടെ രണ്ടാമത്തെ സവിശേഷത. വ്യക്തി, കുടുംബം, സമൂഹം തുടങ്ങി ജീവിതത്തിന്റെ മുഴുവന്‍ അടരുകളിലേക്കും അവ വെളിച്ചം നല്‍കുന്നു. ജീവിതം മുഴുവന്‍ ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ധര്‍മാനുസൃതം ആവിഷ്‌കരിക്കാനാണ് വിശുദ്ധ വേദം ആവശ്യപ്പെടുന്നത്. 
വിശുദ്ധ വേദത്തിന്റെ ആശയങ്ങളുടെ മൂന്നാമത്തെ സവിശേഷത, ക്രമമില്ലായ്മയിലെ ക്രമം പാലിക്കുന്നുവെന്നതാണ്. ഒരു വിഷയത്തില്‍ മാത്രം വിശുദ്ധ വേദം കേന്ദ്രീകരിക്കുന്നില്ല. പല പല വിഷയങ്ങളിലൂടെ കടന്നുപോകുന്നു. എങ്കിലും വേദത്തിനുള്ളില്‍ ഒരു കോർവ നിലനില്‍ക്കുന്നുണ്ട്. ഓരോ പദവും മറ്റൊരു പദത്തോടും, ഓരോ സൂക്തവും മറ്റൊരു സൂക്തത്തോടും, ഓരോ അധ്യായവും മറ്റൊരു അധ്യായത്തോടും ഇഴയടുപ്പത്തോടെ ചേര്‍ന്നുനില്‍ക്കുന്നു. ആശയങ്ങള്‍ക്കിടയില്‍ വൈരുധ്യമോ സങ്കീര്‍ണതയോ പോരായ്മയോ അനുഭവപ്പെടുന്നില്ല. കറുപ്പും വെളുപ്പും ചേര്‍ന്ന സ്ഫടിക പ്രതലം പോലെയാണ് വേദത്തിന്റെ വിഷയങ്ങളുടെ ഇഴയടുപ്പമെന്ന് ബെഗോവിച്ച് പറഞ്ഞിട്ടുണ്ട്.  വിശുദ്ധ വേദത്തിന്റെ ആശയങ്ങളുടെ നാലാമത്തെ സവിശേഷത, മനുഷ്യന്റെ ചേതസ്സിനോട് അവ സംവദിക്കുന്നുവെന്നതാണ്. ആത്മാവിനെയും പ്രജ്ഞയെയും തൊട്ടുണര്‍ത്തി ചിന്തിക്കാനും പ്രബുദ്ധത കൈവരിക്കാനും പ്രേരിപ്പിക്കുന്നു. ചിന്തക്കും അന്വേഷണത്തിനും വ്യത്യസ്തമായ പദങ്ങളാണ് വിശുദ്ധ വേദം പ്രയോഗിച്ചിരിക്കുന്നത്. ഫിക്്ർ, അഖ്ല്‍, ലുബ്ബ് എന്നിവ അവയില്‍ ചിലത് മാത്രമാണ്. 
വിശുദ്ധ വേദത്തിന്റെ ആത്യന്തിക ലക്ഷ്യം മനുഷ്യന്റെ പൂര്‍ണാര്‍ഥത്തിലുള്ള സംസ്‌കരണവും വിമോചനവുമാണ്. ധര്‍മത്തെയും അധര്‍മത്തെയും വ്യവഛേദിച്ച് പഠിപ്പിക്കുന്നു അത്. വൈയക്തികമായി മനുഷ്യന്‍ സംസ്‌കൃത ചിത്തനാവുകയും സാമൂഹികമായി ധര്‍മത്തെ സ്ഥാപിക്കുകയും ചെയ്യണമെന്നാണ് വിശുദ്ധ വേദം ആവശ്യപ്പെടുന്നത്. ഇവയുടെ ആന്തരികമായ പ്രചോദനമാവട്ടെ ദൈവത്തിന്റെ തൃപ്തി മനുഷ്യന്‍ കൈവരിക്കണമെന്നതുമാണ്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ - സൂക്തം 10-16
ടി.കെ ഉബൈദ്‌