Prabodhanm Weekly

Pages

Search

2023 മാർച്ച് 31

3295

1444 റമദാൻ 09

മരണസ്മരണ

ഡോ. മുഹമ്മദ് പാണ്ടിക്കാട്

عَنْ ابْنِ عُمَر رَضِيَ اللهُ تَعَالَى عَنْهُمَا، قَالَ: كُنْتُ جَالِسًا مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَجَاءَ رَجُلٌ مِنَ الأَنْصَارِ فَسَلَّمَ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ يَا رَسُولَ اللهِ، أيُّ المُؤمِنِينَ أفْضَلُ: قَالَ: أَحْسَنُهُمْ خُلُقًا، قَالَ: فَأيُّ المُؤْمِنينَ أَكْيَسُ؟ فقال: أكْثَرُهُمْ لِلْمَوْتِ ذِكْرًا وَأَحْسَنُهُمْ لَهُ اِسْتِعْدَادًا ، أولٰئِكَ الأكْيَاسُ  (صحيح ابن ماجه)

 

ഇബ്്നു ഉമറി(റ)ൽ നിന്ന്. ഞാൻ അല്ലാഹുവിന്റെ റസൂലി(സ) ന്റെ കൂടെ ഇരിക്കുമ്പോൾ 
ഒരു അൻസ്വാരി വന്ന് നബി (സ) ക്ക് സലാം ചൊല്ലിയ ശേഷം ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, വിശ്വാസികളിൽ ആരാണ് ശ്രേഷ്ഠൻ?" റസൂൽ പറഞ്ഞു: "ഏറ്റവും നല്ല സ്വഭാവമുള്ളവൻ."
വീണ്ടും ചോദിച്ചു: "വിശ്വാസികളിൽ ആരാണ് ബുദ്ധിശാലികൾ?"
റസൂൽ പറഞ്ഞു: "മരണത്തെ കൂടുതൽ സ്മരിക്കുന്നവർ; മരണ ശേഷമുള്ളതിന് 
നന്നായി ഒരുങ്ങുന്നവരും. അവർ തന്നെയാണ് ബുദ്ധിശാലികൾ." (ഇബ്്നു മാജ)

 

വിശ്വാസികളിൽ ആരാണ് ശ്രേഷ്ഠർ? ആരാണ് യഥാർഥ ബുദ്ധിജീവികൾ? ആരാണ് കൂടുതൽ വിവേക ശാലികൾ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഹദീസിൽ.
ഏറ്റവും നല്ല സ്വഭാവമുള്ളവരും ആളുകളോട് നന്നായി പെരുമാറുന്നവരുമാണ് ഏറെ ശ്രേഷ്ഠരെന്ന് ഹദീസ് വ്യക്തമാക്കുന്നു. ഇക്കാര്യം റസൂൽ (സ) സ്വഹാബാക്കളെ ഇടക്കിടെ ഉണർത്താറുണ്ടായിരുന്നു: "വിശ്വാസികളിൽ ഈമാൻ സമ്പൂർണമായവർ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്" (തിർമിദി).
മരണത്തെയും ശേഷമുള്ള ജീവിതത്തെയും ഓർത്ത് അതിനായി കൂടുതൽ ഒരുക്കങ്ങൾ നടത്തുന്നവരാണ്  ബുദ്ധിശാലികൾ എന്നും പ്രവാചകൻ പഠിപ്പിക്കുന്നു. കാരണം, നശ്വര ജീവിതസുഖത്തെക്കാൾ അനശ്വര ജീവിതത്തിന് പ്രാധാന്യമുണ്ട്. ഇഹലോക ലാഭനഷ്ടങ്ങൾ  പരലോക ലാഭനഷ്ടങ്ങളെക്കാൾ വളരെ നിസ്സാരമാണ്. ഈ യാഥാർഥ്യം ബോധ്യപ്പെട്ട് പരലോകത്തെ അനശ്വര ലാഭത്തിനും വിജയത്തിനുമായി പണിയെടുക്കുന്നവരാണവർ. അതിനാലാണ് അവരാണ് ബുദ്ധിജീവികൾ എന്ന് പ്രവാചകൻ വീണ്ടും എടുത്തുപറഞ്ഞത്.
വിശുദ്ധ ഖുർആനും ഇക്കാര്യം വിശ്വാസികളെ ഉണർത്തുന്നുണ്ട്.
"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നാളേക്കു വേണ്ടി താന്‍ തയാറാക്കിയത് എന്തെന്ന് ഓരോ മനുഷ്യനും ആലോചിക്കട്ടെ. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു" (59: 18). ഇബ്്നു ഉമർ (റ) ഇപ്രകാരം പറയാറുണ്ടായിരുന്നു: "പ്രഭാതമായാൽ നീ പ്രദോഷത്തെ പ്രതീക്ഷിക്കരുത്. പ്രദോഷമായാൽ പ്രഭാതത്തെയും. നിന്റെ രോഗത്തിനുള്ളത് ആരോഗ്യമുള്ളപ്പോൾ സജ്ജീകരിക്കുക. മരണത്തിനുള്ളത് ജീവിച്ചിരിക്കുമ്പോഴും" (ബുഖാരി).
കവി പാടി:
فَكَمْ مِنْ صَحِيحٍ مَاتَ مِنْ غَيْرِ عِلَّةٍ
وَكَمْ مِنْ سَقِيمٍ عَاشَ حِينًا مِنَ الدَّهْرِ
وَكَمْ مِنْ فَتــًى أَمْسَى وَأَصْبَحَ ضـَــاحِكـًـا
وَأَكْفَانــُهُ فِي الْغَيْبِ تُنْسَجُ وَهُوَ لَا يَدْرِي
(എത്രയെത്ര ആരോഗ്യവാൻമാരാണ് ഒരു കാരണവുമില്ലാതെ മരണപ്പെടുന്നത്. എത്രയെത്ര രോഗികളാണ്  കൂടുതൽ കാലം ജീവിക്കുന്നത്.എത്രയെത്ര യുവാക്കളാണ് രാവും പകലും കളിച്ചും ചിരിച്ചും ജീവിക്കുന്നത്. കാണാമറയത്ത് എവിടെയോ അവനറിയാതെ അവന്റെ കഫൻ പുടവ തയ്ക്കുന്നുണ്ടാവും).
പ്രവാചകൻ പറഞ്ഞു: ''ബുദ്ധിമാൻ സ്വന്തത്തെ കീഴടക്കിയവനാണ്, മരണത്തിന് ശേഷമുള്ളതിനായി പണിയെടുത്തവനും. തന്റെ ആഗ്രഹങ്ങളോടൊപ്പം മനസ്സിനെ കൊണ്ടു പോയവൻ ദുർബലനാണ്. പാപങ്ങൾ ധാരാളം ചെയ്തിട്ട് അല്ലാഹുവിന്റെ മാപ്പിനെ കുറിച്ചവൻ വ്യാമോഹിക്കുന്നു."
മരണ സ്മരണയുടെ സൽഫലങ്ങൾ:
1) ഭൗതികാഗ്രഹങ്ങൾ കുറയുന്നതോടെ  പാരത്രിക ലോകത്തെക്കുറിച്ചുള്ള ചിന്ത വർധിക്കുന്നു.
2) സത്കർമങ്ങൾ കൂടുതൽ ചെയ്യാൻ പ്രചോദനമാവുന്നു.
3) ഭൗതിക വിരക്തനാവുകയും അതിന്റെ ചതിക്കുഴിയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു.
4) പാപങ്ങളിൽ നിന്ന് അകലുന്നു.
മരണം എപ്പോഴും സംഭവിക്കാമെന്നും  പാപിയായി മരിക്കുന്നത് മഹാ പരാജയമാണെന്നുമുള്ള ബോധം തെറ്റുകൾ ചെയ്യുന്നതിൽ നിന്ന് പാടെ മാറി നിൽക്കാൻ പ്രേരിപ്പിക്കുന്നു.
5) ഏതവസ്ഥയിലും തൃപ്തി കൈവരുന്നു. സന്തോഷ സമയത്ത് കൃതജ്ഞത രേഖപ്പെടുത്താനും സന്താപ സമയത്ത് സഹനം പ്രകടിപ്പിക്കാനും മരണ സ്മരണ സഹായകമാവുന്നു.
6) സദാ സമയവും മരണത്തിനായി സന്നദ്ധനാവുന്നു. ബാധ്യതകൾ  കഴിയുന്നത്ര പൂർത്തിയാക്കി മരണത്തെ നിർഭയമായി വരവേൽക്കാൻ തയാറാവുന്നു.
7) തൗബയും ഇസ്തിഗ്ഫാറും അധികരിപ്പിക്കാൻ പ്രേരകമാവുന്നു.
അബൂ അലി അദ്ദഖാഖ് പറഞ്ഞു: "മരണ സ്മരണ അധികരിപ്പിച്ചാൽ മൂന്ന് നന്മകൾ ഒരാളിലുണ്ടാവും: തൗബ വേഗത്തിലാക്കുന്നു; മനസ്സ് സംതൃപ്തമാവുന്നു; ഇബാദത്തുകൾക്ക് ഉൻമേഷമുണ്ടാവുന്നു.
എന്നാൽ, മരണത്തെ വിസ്മരിച്ചാൽ അവനിൽ മൂന്ന് തിന്മകളുണ്ടാവുന്നു: തൗബയെ വൈകിപ്പിക്കുന്നു; കിട്ടിയതിൽ അസംതൃപ്തനാവുന്നു; ഇബാദത്തുകളിൽ അലസതയുണ്ടാവുന്നു."  കവി പാടുന്നു:
لاَ دَارَ  لِلْمَرْءِ بَعْدَ المَوْتِ يَسْكنُهَا
إلّا الَّتي كَانَ قَبْلَ المـوْتِ بَانِيهَا
فَإنْ بَنَاهَا بِخَيْرٍ طَابَ مَسْكَنُهُ
وَإنْ بَنَاهَا بِشَرٍّ خَابَ بَانِيهَا
(മരണശേഷം താമസിക്കാൻ മനുഷ്യർക്ക് ഒരു വീടുമില്ല. മരണത്തിന് മുമ്പ് അവനുണ്ടാക്കിയ വീടല്ലാതെ. അതിനെ നന്മകൊണ്ട് നിർമിച്ചാൽ അയാളുടെ താമസം മികച്ചതാവും. തിന്മകൊണ്ടാണ് നിർമിച്ചതെങ്കിൽ അതിന്റെ നിർമാതാവ് പരാജിതനായി). l

Comments