Prabodhanm Weekly

Pages

Search

2023 മാർച്ച് 31

3295

1444 റമദാൻ 09

സകാത്ത്: സംശയങ്ങള്‍ക്ക് മറുപടി

മൗലാനാ മൗദൂദി

നാണയങ്ങള്‍, സ്വര്‍ണം, വെള്ളി, ആഭരണങ്ങള്‍ എന്നിവയുടെ സകാത്ത്
ചോദ്യം: നിലവിലുള്ള സാമൂഹികാവസ്ഥ പരിഗണിച്ചു ഏതെല്ലാം ഉരുപ്പടികളിലും സാധനങ്ങളിലും ഏതെല്ലാം സന്ദര്‍ഭങ്ങളില്‍ സകാത്ത് നിര്‍ബന്ധമാകും; പ്രത്യേകിച്ച് നാണയം, സ്വര്‍ണം, ആഭരണങ്ങള്‍, രത്‌നങ്ങള്‍ എന്നിവയുടെ സകാത്ത് ഏത് രൂപത്തിലായിരിക്കും?
ഉത്തരം: താഴെ പറയുന്നവയാണ് ശരീഅത്തില്‍ സകാത്ത് നിര്‍ബന്ധമായവ. കാര്‍ഷിക വിളകള്‍ കൊയ്‌തെടുത്തശേഷം, സ്വര്‍ണവും വെള്ളിയും വര്‍ഷാദ്യവും അവസാനവും അവയുടെ നിശ്ചിത പരിധിയിലെത്തുകയോ പരിധിയില്‍ കൂടുകയോ ചെയ്യുമ്പോള്‍, അതേപോലെത്തന്നെ കറന്‍സി നാണയങ്ങള്‍, നിശ്ചിത പരിധിയെത്തിയ സ്വര്‍ണത്തിന്റെയോ വെള്ളിയുടെയോ വിലയ്ക്ക് സമമാകുമ്പോള്‍, സന്താനവര്‍ധനവിന് വേണ്ടി പോറ്റുന്ന കാലികള്‍ വര്‍ഷാദ്യവും അവസാനവും നിശ്ചിത എണ്ണമുണ്ടാകുമ്പോള്‍, വ്യാപാര സമ്പത്തുകള്‍, വര്‍ഷാദ്യവും അവസാനവും നിശ്ചിത പരിധിയിലുണ്ടാകുമ്പോള്‍, ഖനിജ വസ്തുക്കള്‍.
നാണയം, സ്വര്‍ണം, വെള്ളി, ആഭരണങ്ങള്‍ എന്നിവക്ക് സകാത്തുണ്ട്. ആഭരണത്തിന്റെ സകാത്തില്‍ അവയില്‍ എത്ര തൂക്കം സ്വര്‍ണവും വെള്ളിയുമുണ്ടെന്നു നോക്കുക. രത്‌നങ്ങള്‍ സ്വര്‍ണത്തില്‍ പതിച്ച രൂപത്തിലായാലും മറ്റേതെങ്കിലും രൂപത്തിലായാലും അതിനും സകാത്ത് ചുമത്തപ്പെടും. ഇനി ആരെങ്കിലും രത്‌നവ്യാപാരം നടത്തുകയാണെങ്കില്‍ കച്ചവടച്ചരക്കുകളുടെ അതേ സകാത്ത് തന്നെയായിരിക്കും അതിനും ചുമത്തപ്പെടുക. അതായത്, അതിന്റെ വിലയുടെ രണ്ടര ശതമാനം. 
على المذاهب الاربعة എന്ന പുസ്തകത്തില്‍ ഇങ്ങനെ കാണാം: മുത്ത്, യാഖൂത്ത് (Ruby) തുടങ്ങിയവ കച്ചവടത്തിനല്ലെങ്കില്‍ സകാത്തില്ല എന്നതില്‍ എല്ലാ പണ്ഡിതന്മാരും യോജിച്ചിരിക്കുന്നു (തര്‍ജുമാനുല്‍ ഖുര്‍ആന്‍, 1950 നവംബര്‍).

കറന്‍സി നോട്ടിന്റെ സകാത്ത്
ചോദ്യം: സ്വര്‍ണം പൂശിയതും വെള്ളിപൂശിയതുമടക്കമുള്ള ധാതുപദാര്‍ഥങ്ങളുടെ നാണയങ്ങള്‍ക്കും കറന്‍സി നോട്ടുകള്‍ക്കും സകാത്ത് നിര്‍ബന്ധമാണോ?
ഉത്തരം: ധാതുവസ്തുക്കളുടെ നാണയങ്ങള്‍ക്കും കറന്‍സി നോട്ടുപോലുള്ള കടലാസ് നാണയങ്ങള്‍ക്കും സകാത്ത് നിര്‍ബന്ധം തന്നെ. കാരണം, അവയുടെ മൂല്യം ആ ധാതുവസ്തുക്കളുടെയോ കടലാസിന്റെയോ വിലയല്ല. മറിച്ച്, നിയമപരമായി അവ ഉള്‍ക്കൊള്ളുന്ന ക്രയശക്തി (Purchasing Power) യെ ആസ്പദിച്ചുള്ളതാണ്. അക്കാരണത്താലാണ് അത് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും സ്ഥാനത്ത് നില്‍ക്കുന്നത്. 'അല്‍ഫിഖ്ഹു അലൽ മദാഹിബില്‍ അര്‍ബഅ' എന്ന ഗ്രന്ഥം പറയുന്നു: കറന്‍സി നോട്ടുകള്‍ക്ക് സകാത്തുണ്ടെന്ന അഭിപ്രായക്കാരാണ് ഭൂരിപക്ഷം മുസ്്ലിം നിയമജ്ഞന്മാരും. കാരണം, ഇടപാടുകളില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും സ്ഥാനത്ത് നില്‍ക്കുന്നവയാണവ. നിഷ്പ്രയാസം അവ സ്വര്‍ണവും വെള്ളിയുമായി മാറ്റാവുന്നതാണ്. അതിനാല്‍ മദ്ഹബീ ഇമാമുമാരില്‍ അബൂ ഹനീഫ, ശാഫിഈ, മാലിക് എന്നീ മൂന്ന് ഇമാമുമാരും അതിന് സകാത്തുണ്ടെന്ന പക്ഷക്കാരാണ്' (തര്‍ജുമാനുല്‍ ഖുര്‍ആന്‍ 1950 നവംബര്‍).

ചോദ്യം: നിക്കല്‍ നാണയങ്ങള്‍ക്കും, സ്വര്‍ണം വെള്ളി ഒഴികെയുള്ള ഇതര നടപ്പു ലോഹ നാണ്യങ്ങള്‍ക്കും സകാത്ത് ബാധകമാകുമോ? ഇപ്പോള്‍ പ്രചാരത്തിലില്ലാത്ത നാണയങ്ങള്‍ക്ക് സകാത്ത് ബാധകമാകുമോ? കേടുവന്നതോ സര്‍ക്കാര്‍ പിന്‍വലിച്ചതോ ആയ നാണയങ്ങളുടെയും വിദേശ നാണയങ്ങളുടെയും വിധി എന്താണ്?
ഉത്തരം: എല്ലാതരം നാണയങ്ങള്‍ക്കും സകാത്ത് ബാധകമാണ് (തൊട്ടുമുകളിലെ ഉത്തരത്തില്‍ വിശദാംശങ്ങള്‍ വന്നിട്ടുണ്ട്).
ഇതര രാജ്യങ്ങളുടെ കറന്‍സികള്‍ നമ്മുടെ രാജ്യത്തെ കറന്‍സിയുമായി മാറ്റം സാധ്യമാണെങ്കില്‍ അതിന്റെ വിധിയും കറന്‍സിയുടേത് തന്നെയാണ്. അല്ലാത്തപക്ഷം അവയില്‍ സ്വര്‍ണത്തിന്റെയോ വെള്ളിയുടെയോ മൂല്യപരിധി അടങ്ങിയിട്ടുണ്ടെങ്കിലേ ബാധകമാവുകയുള്ളൂ (തര്‍ജുമാനുല്‍ ഖുര്‍ആന്‍, 1950 നവംബര്‍).

തേനിന്റെ സകാത്ത്
ചോദ്യം: വളര്‍ത്ത് തേനീച്ചകളുടെ തേനിന്റെയും കാട്ടുതേനിന്റെയും സകാത്ത് എത്രയാണ്?
ഉത്തരം: തേനിന്റെ സകാത്ത് തേനായിത്തന്നെയാണോ ഈടാക്കേണ്ടത്, അതോ വ്യാപാരാടിസ്ഥാനത്തിലുള്ള സമ്പത്തിന്റെ സകാത്തായി ഈടാക്കുകയാണോ വേണ്ടത് എന്ന വിഷയത്തില്‍ ഇസ്്ലാമിക നിയമജ്ഞന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. തേനിന് സ്വന്തം നിലക്ക് തന്നെ സകാത്ത് ബാധകമാണെന്നാണ് ഹനഫീ നിയമസരണിയില്‍ പറയുന്നത്. അഹ്്മദുബ്‌നു ഹമ്പല്‍, ഇസ്ഹാഖുബ്‌നു റാഹവൈഹി, ഉമറുബ്‌നു അബ്ദില്‍ അസീസ് എന്നിവരുടെ അഭിപ്രായവും ഇതു തന്നെ. ഇതില്‍നിന്ന് ഭിന്നമാണ് ഇമാം മാലിക്, സുഫ്്യാനുസ്സൗരി എന്നിവരുടെ അഭിപ്രായം. സ്വന്തം നിലക്ക് അതിന് സകാത്ത് ബാധകമല്ലെന്നാണ് അവര്‍ പറയുന്നത്. ഇമാം ശാഫിഇയുടെ പ്രസിദ്ധമായ വീക്ഷണവും ഇതു തന്നെ. 'തേനിന് സകാത്ത് ബാധകമാകുന്ന വിഷയത്തില്‍ സ്വീകാര്യമായ യാതൊന്നും വന്നിട്ടില്ല' (ليس في زكاة العسل شيئ يصحّ) എന്ന് ഇമാം ബുഖാരി പറയുന്നു. തേനിന്റെ സകാത്ത് വ്യാപാര സകാത്തിന്റെ ഇനത്തില്‍ പെടുത്തുന്നതാണ് ശരി എന്നാണ് നമ്മുടെ വീക്ഷണം (തര്‍ജുമാനുല്‍ ഖുര്‍ആന്‍, 1950 നവംബര്‍). l

Comments