Prabodhanm Weekly

Pages

Search

2023 മാർച്ച് 31

3295

1444 റമദാൻ 09

ഹാപ്പിനസ് പട്ടിക: മാനദണ്ഡമെന്ത്?

എ.ആര്‍

'അന്താരാഷ്ട്ര സന്തോഷ ദിനത്തോടനുബന്ധിച്ച് യു.എൻ സുസ്ഥിര വികസന പരിഹാര ശൃംഖല പുറത്തുവിട്ട വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഏറ്റവും സന്തോഷം അനുഭവിക്കുന്ന രാജ്യമായി ഫിന്‍ലന്റ് തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ വര്‍ഷങ്ങളിലേതു പോലെ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളാണ് പട്ടികയില്‍ മുന്നില്‍. ഡെന്‍മാര്‍ക്ക്, ഐസ്്ലന്റ്, ഇസ്രായേല്‍, നെതര്‍ലന്റ്, സ്വീഡന്‍, സ്വിറ്റ്സര്‍ലന്റ്, ലക്‌സംബര്‍ഗ്, ന്യൂസിലന്റ് എന്നിവയാണ് ആദ്യ പത്തിലുള്‍പ്പെട്ട മറ്റു രാജ്യങ്ങള്‍. ഇന്ത്യയുടെ സ്ഥാനം 125 ആണ്. യുദ്ധം നടക്കുന്നതിനിടെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ റഷ്യ 72-ാമതും യുക്രെയ്ൻ 92-ാമതുമായാണ് ഇടം പിടിച്ചത്. മഡഗാസ്്കർ, സാംബിയ, താൻസാനിയ, കൊമോറോസ്, മലാവി, ബോട്‌സ്വാന, കോംഗോ, സിംബാബ്്വെ, സിയറ ലിയോണ്‍, ലബനാന്‍, അഫ്ഗാനിസ്താന്‍ എന്നിവയാണ് അവസാന പത്തു സ്ഥാനങ്ങളില്‍' (മാധ്യമം, 21.03.23).
ഭൗതിക വികസനത്തിന്റെ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ ചോദ്യങ്ങള്‍ക്ക് വിവിധ രാജ്യങ്ങളില്‍നിന്ന് ലഭിച്ച മറുപടികളാണ് ഹാപ്പിനസ് പട്ടിക തയാറാക്കുന്നതിന്റെ മാനദണ്ഡം. അതു പ്രകാരം, ജനസംഖ്യ ഏറ്റവും കുറവായ, തണുത്തുറഞ്ഞു കിടക്കുന്ന,  ജനാധിപത്യം നിലനില്‍ക്കുന്ന സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളാണ് സന്തോഷത്തിന്റെ പട്ടികയില്‍ എല്ലായ്‌പ്പോഴും  മുന്‍നിരയില്‍. ലോക ജനസംഖ്യയില്‍ രണ്ടാമത്തെ രാജ്യമായ, 22 കോടി ജനങ്ങള്‍ ദാരിദ്ര്യ രേഖക്ക് താഴെ കഴിയുന്ന, മതവും ജാതിയും നൂറുകണക്കിന്  ഭാഷകളും ഭക്ഷണ രീതികളും അരങ്ങ് തകര്‍ക്കുന്ന ഇന്ത്യ ഹാപ്പിനസ് ഇന്‍ഡക്‌സില്‍ 125-ാം സ്ഥാനത്ത് നില്‍ക്കുന്നതില്‍ ഏറെയൊന്നും അത്ഭുതപ്പെടാനില്ല. കഴിഞ്ഞ എട്ടു വര്‍ഷക്കാലമായി രാജ്യം ഭരിക്കുന്ന തീവ്ര ഹിന്ദുത്വ ഭരണം സര്‍വാധിപത്യത്തിലേക്ക് അതിശീഘ്രം  മുന്നേറുമ്പോള്‍ വിശേഷിച്ചും.
എന്നാല്‍, ഹാപ്പിനസിന്റെ അഥവാ സന്തുഷ്ടിയുടെയും സംതൃപ്തിയുടെയും സമാധാനത്തിന്റെയും മാനദണ്ഡങ്ങള്‍ എന്താണ്? അത് കേവലം ഭൗതിക സുഖസൗകര്യങ്ങളിലൂടെ കൈവരുന്നതാണോ? ഭൂലോക കോടീശ്വരന്മാര്‍ സ്വര്‍ഗീയ സുഖങ്ങളില്‍ ആറാടുന്നവരാണോ?
വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് തയാറാക്കാന്‍ വേണ്ട ഡാറ്റ നല്‍കിയ ഗാലപ്പ് നേരത്തെ നടത്തിയ പഠനത്തില്‍, മത പ്രതിബദ്ധത കുറയും തോറും ആത്മഹത്യാ നിരക്ക് കൂടുന്നു എന്ന വസ്തുതയാണ് പുറത്തു കൊണ്ടുവന്നിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മതാഭിമുഖ്യം കാണിച്ച ഫിലിപ്പൈന്‍സിനെക്കാള്‍ 12 ഇരട്ടി ആത്മഹത്യാ നിരക്കാണ്, ശാസ്ത്ര-സാങ്കേതിക പുരോഗതിയില്‍ ഒന്നാം നിരയിലുള്ളതും മതപ്രതിപത്തി വെറും 29 ശതമാനത്തിലൊതുങ്ങുന്നതുമായ ജപ്പാനില്‍. 51 ശതമാനം മതരഹിതരെന്ന് വെളിപ്പെട്ട കമ്യൂണിസ്റ്റ് ചൈനയില്‍ ലോകത്തിലെ നാലിലൊന്ന് ആത്മഹത്യകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സ്‌കാന്‍ഡിനേവിയന്‍ രാജ്യമായ നോര്‍വെയില്‍ മാനസികാസ്വാസ്ഥ്യങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ 40 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ ഹാപ്പിനസ് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഫിൻലന്റിലോ? അവിടെ നടക്കുന്ന മരണങ്ങളില്‍ മൂന്നിലൊന്നും ആത്മഹത്യയാണ്! ലോകാരോഗ്യ സംഘടനയുടെ മാനസികാരോഗ്യ വകുപ്പ് മേധാവി ജോസ് മനോൽ ബെര്‍ട്ടലോട്ട് നടത്തിയ പഠനങ്ങളില്‍ ആത്മഹത്യാ നിരക്ക് ഏറ്റവും കുറവ് താരതമ്യേന മതനിഷ്ഠ കൂടുതലുള്ള മുസ്്‌ലിംകളിലാണ്. ഹാപ്പിനസ് പട്ടികയിലാകട്ടെ പല മുസ്്‌ലിം രാജ്യങ്ങളും ഏറ്റവും താഴെയാണ് താനും.
ഹാപ്പിനസ് അഥവാ സന്തോഷം ആണ് ഏത് മനുഷ്യജീവിയും ആഗ്രഹിക്കുന്ന ജീവിത ലക്ഷ്യം. മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കാത്തവര്‍ ഈ ദുനിയാവില്‍ സംതൃപ്തിയും സമാധാനവും സന്തുഷ്ടിയും  ആഗ്രഹിക്കുന്നു. അതിനായി സാധ്യമായതൊക്കെ ചെയ്യുന്നു. ചെയ്യുന്ന കാര്യങ്ങളൊന്നും സന്തോഷം കൊണ്ടുവരുന്നില്ലെങ്കില്‍ മാറി മാറി പരീക്ഷണങ്ങള്‍ നടത്തുന്നു. എന്നിട്ടൊന്നും സമാധാനം ലഭിക്കുന്നില്ലെങ്കില്‍ അവസാനം നിരാശരായി ചിലര്‍ സ്വയം ജീവനൊടുക്കുന്നു. വേറെ ചിലര്‍, എല്ലാം മറപ്പിക്കുന്നതായി കരുതപ്പെടുന്ന ലഹരിയില്‍ അഭയം തേടുന്നു. കുറഞ്ഞ അളവിലെ ലഹരി സന്തുഷ്ടിക്ക് വഴിയൊരുക്കുന്നില്ലെങ്കില്‍ കൂടുതല്‍ മാരകമായ മദ്യമോ മയക്കുമരുന്നോ പരീക്ഷിക്കുന്നു. അതും ഒടുവിലെത്തിക്കുക ജീവന്റെ പരിത്യാഗത്തില്‍ തന്നെ. ഇമ്മട്ടില്‍ നോക്കിയാല്‍ ലോകത്തേറ്റവും സന്തുഷ്ടരെന്ന് വിവരിക്കപ്പെടുന്ന സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍- മുകളിലുദ്ധരിച്ച ഫിന്‍ലന്റ് അക്കൂട്ടത്തിലൊന്നാണ്- ആത്മഹത്യാ നിരക്കില്‍ ഏറെ മുന്നിലാണ്. സ്ഥിതിസമത്വം പുലരുന്നതായി അവകാശപ്പെടുന്ന ചൈനയും സ്വയം മരണം വരിക്കുന്നവരുടെ എണ്ണത്തില്‍ മുന്‍നിരയില്‍ തന്നെ; പട്ടികയില്‍ ഏറ്റവും താഴെ മുസ്്‌ലിം രാജ്യങ്ങളും.
ഉപര്യുക്ത റിപ്പോര്‍ട്ടില്‍ പട്ടിണി, അനാരോഗ്യം, തൊഴിലില്ലായ്മ, വിദ്യാവിഹീനത, അഴിമതി തുടങ്ങിയ ഭൗതിക കാരണങ്ങളാല്‍ ദുരിതമനുഭവിക്കുന്നവരുടെ എണ്ണം നോക്കിയാണ് രാജ്യങ്ങളുടെ പട്ടിക തയാറാക്കിയതെന്ന് കാണാം. തീര്‍ച്ചയായും അത്തരം കാരണങ്ങള്‍ അസന്തുഷ്ടിക്കും അസ്വാസ്ഥ്യങ്ങള്‍ക്കും പൊറുതികേടിനുമുള്ള പ്രകടമായ കാരണങ്ങള്‍ തന്നെയാണ്. പക്ഷേ, മാനവിക വികസന സൂചികയില്‍ ഇന്ത്യയില്‍ ഒന്നാം നിരയിലുള്ള കേരളത്തിലെ ജനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സംതൃപ്തരും സന്തുഷ്ടരുമാണോ? അതേപ്പറ്റിയുള്ള പഠനമൊന്നും പുറത്തു വന്നിട്ടില്ല. ഒരു കാര്യം ഉറപ്പിച്ചു പറയാനാവും: ലഹരി വസ്തുക്കളുടെ ഉപഭോഗത്തിലും ആത്മഹത്യാ നിരക്കിലും ഏറെ മുന്നിലാണ് കേരളം. ഉയര്‍ന്ന വിദ്യാഭ്യാസമോ ആരോഗ്യ സംവിധാനമോ ദാരിദ്ര്യക്കുറവോ കൊണ്ട് മാത്രം സന്തുഷ്ടിയുണ്ടാവണം എന്നില്ല. സമ്പദ് സമൃദ്ധമെന്ന് വിവരിക്കപ്പെടുന്ന അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സുഊദി അറേബ്യ, യു.എ.ഇ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്തുഷ്ടിയുടെ പട്ടികയില്‍ ഇരുപതിന്റെ താഴെയാണെന്നതും ശ്രദ്ധേയമാണ്. വികസന സൂചികയിലും ആയുര്‍ദൈര്‍ഘ്യത്തിലും അവരോടൊപ്പമെന്ന അവകാശവാദത്തിലാണ്താനും കേരളത്തിലെ ഭരണാധികാരികളും ജനങ്ങളും സ്ഥിരമായി അഭിമാനിക്കാറുള്ളത്.
പൗരബോധം, നീതിബോധം, പരസ്പര സ്‌നേഹം, സാഹോദര്യം, ത്യാഗം, വിട്ടുവീഴ്ച, ഔദാര്യം, സ്ത്രീകളോടും ദുര്‍ബലരോടുമുള്ള മാന്യമായ പെരുമാറ്റം, ശിശു വാത്സല്യം, സ്വാതന്ത്ര്യം പരസ്പരം വകവെച്ചുകൊടുക്കല്‍ തുടങ്ങിയ സദ്ഗുണങ്ങളുള്ള ജനത, ഒരുവേള സാമ്പത്തിക വളര്‍ച്ചയിലും സൈനിക ശക്തിയിലും സാങ്കേതിക പുരോഗതിയിലും മുന്‍പന്തിയിലെത്തിയില്ലെങ്കില്‍ പോലും അവരുടെ ജീവിതം സമാധാനപൂര്‍ണവും സന്തുഷ്ടവും സംതൃപ്തവുമായിരിക്കും. ഈശ്വര വിശ്വാസവും മത പ്രതിബദ്ധതയും ധാര്‍മിക ബോധവുമാണ് അത്തരമൊരു ഉന്നതിയിലേക്ക് മനുഷ്യനെ ചെന്നെത്തിക്കുക. അതിന് ചരിത്രവും അനുഭവങ്ങളും സാക്ഷ്യം വഹിക്കുന്നു. യുക്തിയുടെയും ശാസ്ത്രത്തിന്റെയും ഭൗതിക വാദത്തിന്റെയും കേവല ഭൗതിക വിചാരത്തിന്റെയും പേരില്‍ തലമുറകളെ വഴിതെറ്റിക്കാന്‍ പാടുപെടുന്നവര്‍ കാണാതെ പോകുന്ന ശക്തമായ മറുവശമാണിത്. "അറിയുക, ദൈവസ്മരണ കൊണ്ടേ ഹൃദയങ്ങള്‍ക്ക് ശാന്തി ലഭിക്കൂ'' എന്ന ഖുര്‍ആന്‍ വചനം പ്രത്യക്ഷരം ശരിയാവുന്നത് ഈ പശ്ചാത്തലത്തിലാണ്. l

Comments