Prabodhanm Weekly

Pages

Search

2023 മാർച്ച് 24

3295

1444 റമദാൻ 02

"നിങ്ങൊ എന്തെല്ലൊ ബെഗ്ടാ ശുകൂർ വക്കീലേ പറേന്നത്?'

ബശീർ ഉളിയിൽ

റോഡിലെ കുഴികള്‍ പ്രമേയമാക്കി കഴിഞ്ഞ വർഷം ഇറങ്ങിയ 'ന്നാ താന്‍ കേസ് കൊട്' എന്ന മുഴുനീള ആക്ഷേപഹാസ്യ സിനിമയിൽ സ്വന്തം പേരും തൊഴിലും അതേപടി നിലനിർത്തി അഭിനയിച്ച നടനാണ് ഹൊസ്ദുർഗ് ബാറിലെ പ്രമുഖ അഭിഭാഷകനും സാംസ്‌കാരിക പ്രവർത്തകനുമായ ശുകൂർ വക്കീൽ. സിനിമയിൽ മജിസ്‌ട്രേറ്റിനു മുമ്പിൽ തോറ്റുപോകുന്ന വക്കീൽ ഇക്കഴിഞ്ഞ വനിതാ ദിനത്തിലാണ്, ശരീഅഃ പ്രകാരം നികാഹിതനായി 29 വർഷങ്ങൾക്ക് ശേഷം സ്വന്തം ഭാര്യയെ ഒന്ന് ‘അഴിച്ചുകെട്ടി’ ജീവിതത്തിൽ ‘വിജയശ്രീ ജെന്റിൽമാൻ' ആയത്. രണ്ടാം കെട്ടിന്റെ കാരണം വക്കീൽ തന്നെ പറയട്ടെ: “ഞങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഞാനും ഷീനയും ഒന്നുകൂടി വിവാഹിതരാകുന്നു. Principles of Mohammedan Law പ്രകാരം ഞങ്ങളുടെ സ്വത്തിന്റെ മൂന്നില്‍ രണ്ടു ഓഹരി മാത്രമേ ഞങ്ങളുടെ മക്കള്‍ക്ക് ഞങ്ങളുടെ കാലശേഷം ലഭിക്കുകയുള്ളൂ. ബാക്കി ഒരു ഓഹരി ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഞങ്ങള്‍ക്ക് ജനിച്ചത് പെണ്‍കുട്ടികളായതു കൊണ്ട് മാത്രം കടുത്ത വിവേചനം മക്കള്‍ നേരിടേണ്ടി വരുന്നു. മാത്രവുമല്ല ശരീഅഃ പ്രകാരം വസിയത്ത് പോലും സാധിക്കുകയുമില്ല. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വഴി വിവാഹം കഴിക്കുന്നവരെ മുസ്്ലിം വ്യക്തിനിയമം ബാധിക്കുകയില്ല എന്ന സാധ്യതയെ തേടുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്"  (Shukkoor Vakkeel FB Post 7-3-2023).
അതാണ് കാര്യം. ശുകൂർ വക്കീലിന് ആകമൊത്തം മൂന്ന് പെൺമക്കളും  ഒരൊറ്റ ഭാര്യയും മാത്രമാകയാൽ അദ്ദേഹം മരണപ്പെട്ടാൽ 'പ്രാകൃതമായ' ശരീഅഃ നിയമപ്രകാരം മൂന്നിൽ രണ്ട് ഭാഗമേ മക്കൾക്ക് കിട്ടുകയുള്ളൂ. 'ഞാനും എന്റെ കെട്ടിയോളും കുട്ട്യോളും പിന്നെ ഒരു തട്ടാനും' എന്ന നിലപാട്തറക്കപ്പുറം കാഴ്ച വികസിക്കാത്ത വക്കീലിനോട് അനുജൻ മുനീർ പറയുന്നതിങ്ങനെ: "ഷുക്കുർച്ചാന്റെ മക്കളുടെ അവകാശങ്ങളിൽ ഒരു കണ്ണുണ്ടാവുമെന്ന് എന്നെക്കുറിച്ചോ അനുജൻ കൗസറിനെക്കുറിച്ചോ സ്വപ്നത്തിൽ പോലും കരുതുമെന്ന് വിചാരിക്കുന്നില്ല. ഞങ്ങൾക്ക് സ്വത്ത് കിട്ടിയാലും ഇല്ലെങ്കിലും സഹോദരങ്ങളുടെ മക്കളെ സ്വന്തം മക്കളെ പോലെ തന്നെ സംരക്ഷിക്കും. ഞങ്ങളുടെ ഉമ്മ മരിച്ചപ്പോൾ സ്വത്തു രണ്ടു പെണ്‍മക്കൾക്കും മൂന്ന് ആൺമക്കൾക്കും ഒരു പോലെ വീതിച്ചു നൽകിയതിൽ ഇന്നും സന്തോഷിക്കുന്നവരാണ് ഞങ്ങൾ. ചിലപ്പോൾ നിയമങ്ങളെക്കാൾ മനുഷ്യത്വത്തിനും സാഹോദര്യത്തിനും വിലകൽപ്പിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്. എന്തായാലും വിവാഹ വാർത്ത വൈറലായ സ്ഥിതിക്ക് വെച്ച വെടി കുറിക്കു കൊണ്ടു എന്ന് വിലയിരുത്താം. ആദ്യവിവാഹം ഉപ്പയുടെ എതിർപ്പിനിടയിൽ കോലാഹലമായതിനാൽ നന്നായി ആസ്വദിക്കാൻ പറ്റാത്തതിന്റെ വിഷമം ഇങ്ങനെ തീർക്കട്ടെ. ഇനി കൂടുതൽ അവകാശികൾ ഉണ്ടാവാതെ ശ്രദ്ധിക്കണം" (മനോരമ ഓൺലൈൻ 10-3-2023).
താൻ മരിച്ചാൽ സ്വത്ത് തട്ടിയെടുക്കുമെന്ന് വക്കീൽ ഭയപ്പെട്ട അനുജൻ മുനീറിന്റെ ഭാര്യയാണ് രണ്ടാം കെട്ടിലെ ഒന്നാം സാക്ഷി എന്നതാണ് ഈ ട്രാജിക് ഡ്രാമയിലെ ഒന്നാമത്തെ കോമഡി സീൻ. സ്വകാര്യ സ്വത്തിന്റെ നിർമാർജനത്തിലൂടെ സമൂഹത്തിൽ നിലനിൽക്കുന്ന വർഗ വിഭജനത്തിലധിഷ്ഠിതമായ ചൂഷണം അവസാനിപ്പിക്കാനായവതരിച്ച പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളാണ് വക്കീലിന്റെ സ്വകാര്യ സ്വത്ത് സംരക്ഷിക്കാൻ വന്ന മറ്റു സാക്ഷികൾ എന്നത് കോമഡി നമ്പർ ടു. സ്വന്തം പിതാവിന്റെ വിവാഹത്തിൽ സാക്ഷികളാവാൻ  അപൂർവ സൗഭാഗ്യം ലഭിച്ച കേരളത്തിലെ ആദ്യത്തെ പെൺകൊടികൾ എന്ന ബഹുമതി വക്കീലിന്റെ മക്കൾക്കും ലഭിച്ചു. പണ്ടൊരിക്കൽ, പാകിസ്താനില്‍ തീവ്രവാദം വളരുന്നത് ഭരണഘടന അല്ലാഹുവില്‍ നിന്നുള്ളതായതിനാലാണ് എന്നു പ്രസംഗിച്ചു കൈയടി വാങ്ങി (അന്താരാഷ്ട്ര സെമിനാർ- കോഴിക്കോട് ലോ കോളേജ് - തേജസ് ന്യൂസ് -1-2-2019) ലിബറൽ സെലിബ്രിറ്റിയായ ഭാര്യ ഡോ. ഷീനയുടെ സമ്പൂർണ 'സഹകരണം' ഈ ‘അഴിച്ചുകെട്ടി’നുണ്ട്. ലീഗ് നോമിനിയായി എം.ജി സർവകലാശാലാ പി.വി.സി ആയ വേളയിൽ ‘പച്ചപ്പതാകയുടെ തണലിൽ തനിക്കും ഭർത്താവിനും ലഭിച്ച ആഡംബര സുഖങ്ങൾ' (Deccan Herald 11-9-2015) ഉദ്ധരിച്ചു ലീഗുകാരെ സുഖിപ്പിക്കുകയും, മൂന്നു വർഷം കഴിഞ്ഞു പി.എച്ച്.ഡി വ്യാജമെന്ന് എസ്.എഫ്.ഐ ആരോപിച്ച സമയത്ത് സി.പി.എം വേദിയിലെത്തി ലീഗിനെ തേക്കുകയും ചെയ്ത വനിതയാണ് ഡോ. ഷീന (News18 -24-11-2018). ഈ സംഭവത്തിന് തൊട്ടുടനെയാണ് മുസ്‌ലിം ലീഗിന്റെ ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡന്റായിരുന്ന ശുകൂർ വക്കീൽ, സംഘ് പരിവാർ സഹചാരി ആർ. സുഗതൻ ജോയിന്റ് കൺവീനറായ ഇടത് വനിതാ മതിലിൽ ചാരി ഇടത്തോട്ട് ചരിഞ്ഞത്. അതോടെ അദ്ദേഹം ലീഗിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താവുകയും ചെയ്തു (News18 -22-12-2018).
ഇസ്‌ലാമിക വീക്ഷണത്തില്‍ വക്കീലും മജിസ്‌ട്രേറ്റുമടക്കമുള്ള സകല പടപ്പുകളും കൈവശം വെക്കുകയും ചെലവഴിക്കുകയും ചെയ്യുന്ന സമ്പത്തിന്റെ യഥാർഥ ഉടമ അല്ലാഹുവാണ്. കൈകാര്യകർത്താവ് മാത്രമാണ് മനുഷ്യൻ. ''അവന്‍ നിങ്ങള്‍ക്ക് കൈകാര്യാധികാരം നല്‍കിയ സമ്പത്തില്‍നിന്ന് നിങ്ങള്‍ ചെലവഴിക്കുക'' (ഖുർആൻ 57:7). നമസ്കാരം പോലെ ഒരു മുസ്‌ലിമിന് നിർബന്ധമാണ് സ്വന്തം സമ്പാദ്യത്തിൽനിന്ന് ഒരു നിശ്ചിത ശതമാനം സകാത്ത് കൊടുക്കലും. സമ്പത്ത് മാത്രമല്ല, നമ്മുടെ ജീവനും ജീവിതവും മരണവുമെല്ലാം അല്ലാഹുവിന്റെ ദാനമാണ്. 'സ്ത്രീകളുടെ നീതി’ക്കു വേണ്ടിയാണ് ഉറച്ച മതവിശ്വാസിയും 'പ്രാക്ടീസിംഗ് മുസ്‌ലിമും' ആയ താൻ നിലകൊള്ളുന്നത് എന്നാണ് വക്കീലിന്റെ വാദം. എല്ലാം മക്കൾക്ക് തന്നെ കിട്ടണമെന്ന് വാശിപിടിക്കാതെ ആരൊക്കെയോ ദാനം ചെയ്ത സ്ഥലത്തു നിർമിച്ച  പള്ളിയിൽ പോയി നമസ്കരിച്ച ശേഷമാണ് വക്കീൽ രജിസ്ട്രാർ ആപ്പീസിലെത്തിയത്. പള്ളിയിൽ പോയി തലകുത്തി നിൽക്കലും റമദാനിൽ പട്ടിണി കിടക്കലുമാണ് പ്രാക്ടീസിംഗ് ഇസ്‌ലാം എന്ന് ധരിച്ച താങ്കൾ ജീവിതത്തിലും തോറ്റുപോയിരിക്കുന്നു വക്കീലേ. അനന്തര സ്വത്ത് ഓഹരി വെക്കുമ്പോൾ കുടുംബ ബന്ധത്തിൽ പോലും പെടാത്ത അനാഥരും പട്ടിണിപ്പാവങ്ങളും സന്നിഹിതരാണെങ്കിൽ അവർക്ക് കൂടി സ്വത്തിൽ അവകാശമുണ്ട് എന്ന് പഠിപ്പിക്കുന്ന ഖുർആൻ (4:8) ആണ് പ്രാക്ടീസിംഗ് മുസ്‌ലിമിന്റെ  മാനിഫെസ്റ്റോ. "അവരുടെ മുതലുകളിൽ ചോദിച്ചു വരുന്നവനും ആശ്രയമറ്റവനും അവകാശമുണ്ട്" (ഖുർആൻ 51:19).
പുരുഷന് കിട്ടുന്നതിന്റെ പകുതി സ്വത്ത് മാത്രമേ സ്ത്രീക്ക് ഇസ്‌ലാം നൽകുന്നുള്ളൂ എന്ന കോമൺ നരേറ്റീവ്‌ പോലും തെറ്റിദ്ധാരണാജനകമാണ്. 'സ്ത്രീക്ക് പുരുഷന്റെ പകുതി' എന്നല്ല. ‘രണ്ട് പെണ്ണിന്റെ ഓഹരി ഒരാണിന്’ എന്നാണ് ഖുർആന്റെ പ്രയോഗം. അഥവാ ഇസ്‌ലാമിലെ ദായധന ക്രമത്തിന്റെ അടിസ്ഥാന മാനദണ്ഡം പുരുഷനല്ല, സ്ത്രീയാണ്. ആണുങ്ങൾക്ക് കുടുംബ സംരക്ഷണത്തിന്റെ അധികബാധ്യത നൽകിക്കൊണ്ടാണ് ഈ വിഭജനം. അഥവാ, പുരുഷന് ലഭിക്കുന്ന ദായധന ഓഹരി സ്ത്രീയുടെ സംരക്ഷണത്തിന് കൂടിയാണ്. ഭാര്യ, മക്കൾ, മാതാപിതാക്കൾ അടക്കമുള്ളവരുടെ സംരക്ഷണച്ചുമതല പുരുഷന്റെ ചുമലിലാണെങ്കിൽ ഒരു ചില്ലിക്കാശും കുടുംബ സംരക്ഷണത്തിന് വിനിയോഗിക്കാൻ ഇസ്‌ലാമിലെ സ്ത്രീക്ക് ബാധ്യതയില്ല. പ്രയോഗത്തിൽ പലപ്പോഴും പുരുഷനെക്കാൾ അധികം സ്ത്രീക്ക് കിട്ടുന്ന അനേകം സന്ദർഭങ്ങളുമുണ്ട്. താൻ സമ്പാദിച്ചതിൽനിന്ന് ഒരോട്ട മുക്കാൽ പോലും സ്വന്തം സഹോദരങ്ങൾക്ക് കിട്ടരുതെന്ന് നിർബന്ധമുള്ള വക്കീൽ എട്ടിക്കുളത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്ന പിതാവിനെ മറന്നുപോയിരിക്കുന്നു. വക്കീൽ മരണപ്പെട്ടാൽ സ്വത്തിന്റെ ആറിലൊന്ന് ഓഹരിയും, ഭാര്യയുടെയും മക്കളുടെയും ഓഹരിക്ക് ശേഷം മിച്ചം വരുന്നതും വക്കീലിന്റെ പിതാവിന് അവകാശപ്പെട്ടതാണ്. പിതാവ് ജീവിച്ചിരിക്കയാൽ തന്റെ സ്വത്തിൽനിന്ന് വക്കീലിന്റെ സഹോദരങ്ങൾക്ക് ശരീഅഃ പ്രകാരം ഒരു ചില്ലിക്കാശും കിട്ടുകയില്ല. അതു പോലും വക്കീലിന് അറിയില്ലെങ്കിൽ സിനിമയിലെ മയിസ്ട്രേട്ട് 'കാസ്രോടൻ' ഭാഷയിൽ സിനിമയിലെ ശുകൂർ വക്കീലിനോട് പറഞ്ഞത് തന്നെയാണ് പറയാനുള്ളത്: നിങ്ങൊ എന്തെല്ലൊ ബെഗ്ടാ ശുകൂർ വക്കീലേ പറേന്നത്?
പി.എച്ച്.ഡി പ്രബന്ധം കോപ്പിയടിച്ചതാണെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കണ്ടെത്തിയിട്ടുണ്ടെങ്കിലും നിലവിൽ കണ്ണൂർ സർവകലാശാലയിലെ നിയമപഠന വകുപ്പ് മേധാവിയായ മാഡം ഷീനക്കെങ്കിലും ഈ അബദ്ധം ചൂണ്ടിക്കാണിക്കാമായിരുന്നു. നേരത്തെ വക്കീലിന്റെ ഉമ്മ മരിച്ചപ്പോൾ അവരുടെ സ്വത്തിൽനിന്ന് തനിക്കവകാശപ്പെട്ട നാലിലൊന്ന് ഓഹരി പോലും എടുക്കാതെ വക്കീലടക്കമുള്ള മുഴുവൻ മക്കൾക്കുമിടയിൽ തുല്യമായി വീതിച്ച ഉപ്പാക്ക്, വക്കീലാണ് ആദ്യം മരണപ്പെടുന്നതെങ്കിൽ 'തായ്ച് ബെള്ളം' കിട്ടരുത് എന്നല്ലേ ഇവിടെ വക്കീൽ പറയാതെ പറയുന്നത്?! വൃദ്ധരായ മാതാപിതാക്കളോട് 'ഉഫ്' എന്ന നീരസപ്രകടനം പോലും ജാമ്യവും വക്കാലത്തും ഇല്ലാത്ത അല്ലാഹുവിന്റെ കോടതിയിൽ വിചാരണ ചെയ്യപ്പെടുന്ന കുറ്റമാണ് (ഖുർആൻ-17:23) എന്ന് ഒരു ‘പ്രാക്ടീസിംഗ് മുസ്‌ലിം’ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇസ്‌ലാമിക പാഠമാണ്.
ദായധനക്രമം വിവരിക്കുന്ന ഖുർആൻ സൂക്തം അവസാനിക്കുന്നത് ഇങ്ങനെയാണ്: "നിങ്ങളുടെ പിതാക്കളിലും മക്കളിലും ഉപകാരം കൊണ്ട്‌ നിങ്ങളോട്‌ ഏറ്റവും അടുത്തവര്‍ ആരെന്ന്‌ നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിൽനിന്നുള്ള ഓഹരി നിർണയമാണിത്. എല്ലാം അറിയുന്നവൻ അവനാണ്. യുക്തിജ്ഞനുമാണവൻ" (4:11). തിരക്കുള്ള വക്കീൽ, പ്ലീഡർ, പ്രോസിക്യൂട്ടർ തുടങ്ങിയ പദവികൾ, അതിലൂടെ സമ്പാദിക്കുന്ന കോടിക്കണക്കിന് സമ്പത്ത്, അങ്ങനെ കുമിഞ്ഞു കൂടിയ സ്വത്തിനു മുകളിൽ സ്വസ്ഥമായി മരിക്കുമ്പോൾ അത് മുഴുവൻ മറ്റൊരാൾക്കും വിട്ടുകൊടുക്കാതെ ആസ്വദിക്കുമാറ് മക്കളെ ജീവിപ്പിക്കേണ്ടത്... എല്ലാം ചെയ്തുതരേണ്ടത് അല്ലാഹു മാത്രമാണ്.  എല്ലാറ്റിനുമൊടുവിൽ  വക്കീൽ  പ്രശാന്തനായി അന്ത്യവിശ്രമം കൊള്ളേണ്ടതാകട്ടെ,  മുഴുവൻ സ്വത്തും മക്കൾക്കിടയിൽ വീതിക്കാതെ ഏതൊക്കെയോ 'ബുദ്ധിശൂന്യർ' ദാനം ചെയ്ത ഖബ്ർസ്ഥാനിലുമാണ്. ദായധനക്രമമടക്കം മനുഷ്യയുക്തിക്കതീതമായ എല്ലാ കാര്യങ്ങളും നിർണയിച്ച സർവശക്തനായ ദൈവം തമ്പുരാന് അസാധ്യമായി ഒന്നുമില്ല. നികാഹിലൂടെ  ജനിച്ച കുട്ടികൾക്ക്  സ്പെഷ്യൽ ആക്ട്  പ്രകാരം നടന്ന രണ്ടാം കെട്ട്  നിയമങ്ങൾ ബാധകമാവില്ലെന്നും, തങ്ങളാണ് വക്കീലിന്റെ മുഴുവൻ സ്വത്തിനും അവകാശികളെന്നും വാദിക്കാൻ കഴിയുന്ന അനന്തരാവകാശികളെ ഭാര്യ ഷീനയിലൂടെ തന്നെ ഭൂമിയിലേക്ക് അയക്കാൻ ഖുദ്റത്ത് ഉടയവനുമാണ് അല്ലാഹു. അതു കൊണ്ട് അനുജൻ ഓർമിപ്പിച്ചത് പോലെ "ഇനി കൂടുതൽ അവകാശികൾ ഉണ്ടാവാതെ ശ്രദ്ധിക്കണം." l

Comments