Prabodhanm Weekly

Pages

Search

2023 മാർച്ച് 24

3295

1444 റമദാൻ 02

റമദാൻ നന്മകളിൽ മത്സരിച്ച് മുന്നേറേണ്ട മൈതാനം

തൗഫീഖ് മമ്പാട്

ഖുർആനിൽ ഒരു ആയത്തുണ്ട്. റമദാനിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ആ ആയത്ത് നാം നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരണം. എന്നിട്ട് അതിൽ പറയുന്ന കാര്യത്തെക്കുറിച്ച് ശാന്തമായൊന്നിരുന്ന് ആഴത്തിൽ ചിന്തിക്കണം. 'നാളത്തെ പരലോക ജീവിതത്തിന് വേണ്ടി എന്താണ് ശേഖരിച്ച് വെച്ചിട്ടുള്ളത് എന്ന് ഓരോരുത്തരും ആലോചിക്കട്ടെ' എന്നതാണ് ആ ആയത്ത്. പരലോകത്ത് വിജയം ആഗ്രഹിക്കുന്നവരാണ് നമ്മൾ. സ്വർഗം സ്വപ്നം കണ്ട് നടക്കുന്നവരാണ് നാം. സ്വർഗത്തിന്റെ വില എത്രയാണ്? ചെറിയ വില കൊടുത്ത് വാങ്ങാൻ പറ്റിയ ഒന്നല്ല അത്. വിലകുറഞ്ഞ കർമങ്ങളിലൂടെ സ്വർഗം ലഭിക്കുമെന്ന്  വിചാരിക്കുന്നത് അബദ്ധമാണ്.
നമുക്കു മുന്നേ കടന്നുപോയവർ സ്വർഗം ആഗ്രഹിച്ചവരായിരുന്നു. സ്വപ്നം കണ്ട സ്വർഗത്തിന് വേണ്ടി ജീവിതത്തെ അടിമുടി മാറ്റിപ്പണിത് ചിട്ടപ്പെടുത്തിയവരാണവർ. സത്കർമങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. ആരാധനാകർമങ്ങളിൽ ആവേശം കാണിച്ചവർ. നന്മകളിൽ മുന്നേറിയവർ. ത്യാഗത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചവർ. ദീനിന്റെ ഉയർച്ചക്കും വളർച്ചക്കും വേണ്ടി വിയർപ്പും രക്തവും നൽകിയവർ. ദീനിനു വേണ്ടി അവർ കൊണ്ട വെയിലാണ് നമുക്ക് തണൽ സമ്മാനിച്ചത്. അവർ കയറിയ കയറ്റങ്ങളാണ് നമുക്ക് ഇറക്കങ്ങൾ ഉണ്ടാക്കിത്തന്നത്. നമ്മൾ കയറി നിൽക്കുന്ന ഈ ദീനിൽ  അവർ സഹിച്ച ത്യാഗത്തിന്റെ അടയാളമുണ്ട്. അവർ ഒഴുക്കിയ വിയർപ്പിന്റെ സുഗന്ധമുണ്ട്. അവർ നിർവഹിച്ച ഒട്ടനവധി സത്കർമങ്ങളുടെ പരിമളമുണ്ട്. ജീവിതത്തിൽ വലിയ വില കൊടുത്ത് തന്നെയാണ് സ്വർഗത്തിന് അവർ അർഹരായത്. അതേ സ്വർഗമാണല്ലോ നമ്മളും സ്വപ്നം കാണുന്നത്. ഇവിടെയാണ് തുടക്കത്തിൽ പരാമർശിച്ച ആയത്ത് പ്രസക്തമാകുന്നത്. പരലോകത്തെ ആ സ്വർഗത്തിനു വേണ്ടി നാം എന്തെല്ലാം സത്കർമങ്ങളാണ് ശേഖരിച്ചു വെച്ചിട്ടുള്ളത്? റമദാന് മുമ്പ് ഈ ചോദ്യം നാം നമ്മളോട് ചോദിക്കണം. അതിന്റെ ഉത്തരമാണ് റമദാനിലൂടെ  കാണിച്ചുകൊടുക്കേണ്ടത്.
സത്കർമങ്ങൾ കൊണ്ട് നിറയട്ടെ നമ്മുടെ റമദാൻ. നന്മകളുടെ തരംഗമാകട്ടെ വരാനിരിക്കുന്ന മുപ്പത് ദിനരാത്രങ്ങൾ. റമദാൻ ഒരു മത്സര മൈതാനമാണ്; നന്മകളിൽ പരസ്പരം മത്സരിച്ച് മുന്നേറേണ്ട മൈതാനം. ആ മൈതാനിയിൽ അമാന്തിച്ചു നിൽക്കുന്നവർ പിറകിലായിപ്പോകും. അലസമായി സമീപിച്ചാൽ പരാജയപ്പെടും. സകല ഊർജവും ആവേശവും സംഭരിച്ച്  മത്സരിച്ചു മുന്നേറണം. ഉൽസാഹവും ഉന്മേഷവുമായിരിക്കണം റമദാനിൽ നമ്മുടെ ബോഡി ലാംഗ്വേജ്. അലസതയും മടിയും പടിക്ക് പുറത്തു പോകണം. പാഴാക്കാൻ സമയമില്ല. കാരണം, ഇത് റമദാനാണ്. ചെയ്യാൻ ഒരുപാട് സത്കർമങ്ങളുണ്ട്.
ഇമാം ഇബ്്നുൽ ഖയ്യിം (റ)  പറയുന്നു: "ദുനിയാവിൽ സത്കർമങ്ങളിൽ മുന്നിലെത്തിയവരാണ് പരലോകത്ത് സ്വർഗത്തിലേക്കും മുൻകടക്കുക." നന്മകളിൽ മത്സരിച്ചു മുന്നേറാൻ ഖുർആൻ പലയിടങ്ങളിലും ആഹ്വാനം ചെയ്യുന്നുണ്ട്: "ആകാശഭൂമികളോളം വിശാലമായ സ്വർഗത്തിലേക്കും നാഥനിൽനിന്നുള്ള പാപമോചനത്തിലേക്കും നിങ്ങൾ മത്സരിച്ചു മുന്നേറുക...." (അൽ ഹദീദ്  21).
നന്മ ചെയ്യാൻ ലഭിക്കുന്ന അവസരങ്ങളെല്ലാം മുതലാക്കിയവരായിരുന്നു മുൻഗാമികൾ. സത്കർമം  നിർവഹിക്കാൻ കിട്ടുന്ന ഒരു അവസരവും അവർ പാഴാക്കുമായിരുന്നില്ല.  നന്മ നിർവഹിക്കാൻ അവസരം ലഭിക്കുകയും എന്നാൽ ആ അവസരം എങ്ങനെയോ പാഴായിപ്പോവുകയും ചെയ്താൽ വല്ലാതെ വിഷമിക്കുമായിരുന്നു സ്വഹാബികൾ. അബ്ദുല്ലാഹിബ്്നു ഉമർ ഒരിക്കൽ ഒരു ജനാസയെ അനുഗമിച്ചു. ശേഷം മയ്യിത്ത് നമസ്കാരം നിർവഹിച്ചു. എന്നിട്ട് മടങ്ങിപ്പോയി. മയ്യിത്ത് മറമാടുന്നത് വരെ അവിടെ നിന്നില്ല. അപ്പോൾ ഒരാൾ വന്ന് ഇബ്്നു ഉമറിനോട് പറഞ്ഞു: ''അബൂ ഹുറയ്റ റിപ്പോർട്ട് ചെയ്ത ഒരു നബിവചനം താങ്കൾ കേട്ടിട്ടില്ലേ? ഒരു ജനാസയെ വീട്ടിൽ നിന്ന് എടുക്കുമ്പോൾ ആരെങ്കിലും അതിനോടൊപ്പം പുറപ്പെടുകയും മയ്യിത്ത് നമസ്കരിക്കുകയും മയ്യിത്ത് മറമാടുന്നതു വരെ അതിനെ പിന്തുടരുകയും ചെയ്താൽ രണ്ട് ഖീറാത്ത് പ്രതിഫലം അവന് ലഭിക്കും. ഓരോ ഖീറാത്തും ഉഹുദ് മലയോളം വലുപ്പമുള്ള പ്രതിഫലമാണ്.  എന്നാൽ, മയ്യിത്ത് നമസ്കരിച്ച ശേഷം മടങ്ങിയാൽ അവന് ഉഹുദ് മലയോളമുള്ള ഒരു ഖീറാത്ത് പ്രതിഫലം ലഭിക്കും."  ഇതു കേട്ടപ്പോൾ ഇബ്്നു ഉമർ ആകെ അസ്വസ്ഥനായി. ഈ ഹദീസ് സ്വഹീഹാണോ എന്നറിയാൻ ഖബ്ബാബി(റ)നെ ആഇശ(റ)യുടെ അടുക്കലേക്ക് അയച്ചു. പള്ളിയുടെ മുറ്റത്തുനിന്ന് ഒരുപിടി കല്ലുവാരി  ഇരു കൈകളിലുമായി അങ്ങോട്ടുമിങ്ങോട്ടും ഇളക്കിമറിക്കാൻ തുടങ്ങി. ടെൻഷൻ ഉണ്ടാകുമ്പോൾ ചിലർ ഈ രൂപത്തിൽ എന്തെങ്കിലും ചെയ്യാറുണ്ടല്ലോ. ഖബ്ബാബ് (റ) തിരികെയെത്തി വിവരം കൈമാറി: " അബൂ ഹുറയ്റ (റ) റിപ്പോർട്ട് ചെയ്തത്  ശരിയാണെന്ന് ആഇശ (റ) പറഞ്ഞിരിക്കുന്നു." ഇതു കേട്ടപ്പോൾ ദുഃഖവും നിരാശയും പ്രകടിപ്പിച്ചുകൊണ്ട് കൈയിലുണ്ടായിരുന്ന കല്ല് മണ്ണിൽ അടിച്ചിട്ട് അദ്ദേഹം പറഞ്ഞു: 'എത്ര ഖീറാത്തുകളാണ്  നഷ്ടപ്പെടുത്തിക്കളഞ്ഞത്!!' ഇനിയും അവസരം വരുമല്ലോ എന്നായിരിക്കും ഇങ്ങനെയൊരു സന്ദർഭത്തിൽ ഒരുപക്ഷേ നാം ചിന്തിക്കുക. എന്നാൽ,  നന്മ ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടു എന്നറിയുമ്പോഴുള്ള  നമ്മുടെ മുൻഗാമികളുടെ മാനസികാവസ്ഥ എങ്ങനെയെന്ന് നോക്കൂ.
കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് റസൂൽ (സ) ഉണർത്തിയിട്ടുണ്ട്. അഞ്ച്  അവസരങ്ങൾ നബി (സ) പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നു: വാർധക്യത്തിന് മുമ്പുള്ള യൗവനം, രോഗത്തിനു മുമ്പുള്ള ആരോഗ്യം, ദാരിദ്ര്യത്തിന് മുമ്പുള്ള സമ്പന്നത, തിരക്കിന് മുമ്പുള്ള ഒഴിവു സമയം, മരണത്തിനു മുമ്പുള്ള ജീവിതം. അഥവാ, കാലം കടന്നു പോകും. അവസ്ഥകൾ മാറിമറിയും. ആവുന്ന കാലത്ത്  സാധ്യമാകുന്നത്ര നന്മകൾ  ചെയ്യുക.   അതുകൊണ്ടാണ് ഇബ്്നു മസ്ഊദ് (റ) പറഞ്ഞത്: "ഒരു ദിവസം സൂര്യൻ അസ്തമിച്ചു. അപ്പോൾ എന്റെ അവധിയിൽ നിന്ന് ഒരു ഭാഗം കുറഞ്ഞു. എന്നാൽ, എന്റെ കർമങ്ങളിൽ വർധനവ് സംഭവിച്ചുമില്ല. അങ്ങനെയെങ്കിൽ ആ ദിവസത്തെ കുറിച്ച് ഓർത്ത് ഖേദിക്കുന്നതുപോലെ മറ്റൊന്നിനെ കുറിച്ച് ആലോചിച്ചും എനിക്ക് ഖേദം തോന്നുകയില്ല." 
നന്മ ചെയ്യാനുള്ള അവസരം തേടിനടന്ന മുൻഗാമികൾ റമദാൻ എത്തിയാൽ പതിന്മടങ്ങ് ആവേശത്തോടെയും ഉത്സാഹത്തോടെയും കർമനിരതരാകുമായിരുന്നു. റമദാനിലെ നിമിഷങ്ങൾ പാഴായിപ്പോകാതിരിക്കാൻ അവർ ഏറെ സൂക്ഷ്മത കാണിച്ചിരുന്നു. ഒരു റമദാൻ കാലം. ഇമാം ഹസനുൽ ബസ്വരി (റ) പുറത്തിറങ്ങി നടന്നുകൊണ്ടിരിക്കുകയാണ്. അപ്പോൾ വഴിയരികിൽ ഒരു കൂട്ടം ചെറുപ്പക്കാരെ കണ്ടു. അവർ തമാശകളിലും  വെറും വർത്തമാനങ്ങളിലും സമയം ചെലവഴിച്ചുകൊണ്ടിരിക്കുകയാണ്. ഇമാം ഹസനുൽ ബസ്വരി  അവരോട് പറഞ്ഞു: 'നന്മകളിൽ  മത്സരിച്ച് മുന്നേറേണ്ട മൈതാനമായാണ് അല്ലാഹു റമദാൻ മാസത്തെ സംവിധാനിച്ചിട്ടുള്ളത്. ഈ മാസത്തിൽ സത്കർമങ്ങളിൽ മുന്നേറിയവർ വിജയിച്ചു. പിന്നിലായവർ പരാജയപ്പെട്ടു. പരസ്പരം മത്സരിച്ചു വാശിയോടെ കർമനിരതരാകേണ്ട ഈ ഗൗരവപ്പെട്ട നിമിഷങ്ങളിൽ കളി തമാശകളിൽ ഏർപ്പെട്ട് സമയം കളയുന്നത് ആശ്ചര്യം തന്നെ!'
റമദാനിന്റെ ഒന്നാമത്തെ രാത്രി മലക്കുകൾ  ഒരു വിളംബരം നടത്തുമെന്ന്  റസൂൽ (സ) അറിയിച്ചു. അത് ഇങ്ങനെയാണ്: "നന്മ ചെയ്യാൻ ആഗ്രഹിക്കുന്നവരേ, മുന്നോട്ടു വരൂ. തിന്മ ചെയ്യാൻ താൽപര്യപ്പെടുന്നവരേ, പിറകോട്ട് പോകൂ". റമദാനാകുന്ന മത്സര മൈതാനിയിൽ  എല്ലാ മത്സര ഇനങ്ങളിലും പങ്കെടുക്കുക. ഓരോ ഇനത്തിലും സാധ്യമാകുന്നത്ര മുന്നോട്ട് പോവുക. ദിക്റിനാൽ ചുണ്ടുകൾ നനയട്ടെ. പാതിരാവിൽ പ്രാർഥനകളാൽ കണ്ണീരുകൾ ഒഴുകട്ടെ. കണ്ണും മനസ്സും ഖുർആനിൽ മുഴുകട്ടെ. പള്ളിയിൽ ഒന്നാമത്തെ സ്വഫ്ഫ് നഷ്ടപ്പെടാതിരിക്കട്ടെ. സുന്നത്ത് നമസ്കാരങ്ങൾ സജീവമാകട്ടെ. ദാനധർമങ്ങളുടെ കാറ്റ് അടിച്ചുവീശട്ടെ. സേവന പ്രവർത്തനങ്ങൾ ശക്തിപ്പെടട്ടെ. ഒറ്റക്കിരുന്ന് അല്ലാഹുവിനെ കുറിച്ച് ആലോചിച്ച് കണ്ണുകൾ നിറയട്ടെ... l

Comments