Prabodhanm Weekly

Pages

Search

2023 മാർച്ച് 24

3295

1444 റമദാൻ 02

ഖുർആനും റമദാനും

ജി.കെ എടത്തനാട്ടുകര

വിശുദ്ധ ഖുർആനിന്റെ അവതരണം ആരംഭിച്ച മാസമാണ് റമദാൻ. ഇതാണ് റമദാനിന്റെ ഏറ്റവും പ്രധാന സവിശേഷത. ഖുർആനിലെ രണ്ടാം അധ്യായം നൂറ്റി എൺപത്തിയഞ്ചാം സൂക്തത്തിലാണിത് പറയുന്നത്: "ജനങ്ങൾക്ക് സന്മാർഗമായി ഖുർആൻ അവതരിച്ച മാസമാണ് റമദാൻ."
ജനങ്ങൾക്ക് സന്മാർഗമായിട്ടാണ് ഖുർആൻ അവതരിച്ചിരിക്കുന്നത്. വിശുദ്ധ ഖുർആനിന്റെ അധ്യാപനമനുസരിച്ച് ഒരാൾ സന്മാർഗ പാതയിലാവുന്നത് പ്രധാനമായും മൂന്ന് തലങ്ങളിലൂടെയാണ്.
അതിലൊന്ന്, ബുദ്ധികൊണ്ടുള്ള യുക്തിചിന്തയിലൂടെ ദൈവത്തെ അറിയലാണ്. രണ്ടാമതായി, ആത്മാവ് കൊണ്ടുള്ള അനുഷ്ഠാനങ്ങളിലൂടെ ദൈവത്തോടടുക്കുക. മൂന്നാമത്തേത്, ശരീരംകൊണ്ടുള്ള സത്കർമങ്ങളിലൂടെ സൃഷ്ടികളെ സേവിക്കൽ.
ബുദ്ധികൊണ്ട് സ്രഷ്ടാവിനെ അറിഞ്ഞ്, ആത്മാവുകൊണ്ട് സ്രഷ്ടാവിനോടടുത്ത്, ശരീരം കൊണ്ട് സൃഷ്ടികളെ സേവിക്കുന്ന ഒരു 'ജീവിത പദ്ധതി'യാണ് ഖുർആൻ പഠിപ്പിക്കുന്നത് എന്നു പറയാം. വിശുദ്ധ ഖുർആൻ മൂന്നാം അധ്യായം നൂറ്റിത്തൊണ്ണൂറാം സൂക്തത്തിൽ പറയുന്നു: "ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ചിന്തിക്കുന്നവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. "
താൻ അറിഞ്ഞ ദൈവത്തോടടുക്കലാണ് സന്മാർഗ പാതയുടെ രണ്ടാം തലം. തന്നെ സൃഷ്ടിച്ച യഥാർഥ ദൈവത്തെ അറിഞ്ഞാൽ ആ ദൈവത്തോടടുക്കുക എന്നത് സാമാന്യ മര്യാദയിൽ പെട്ടതാണ്. വിദൂരത്തുള്ള ഏതോ പട്ടണത്തിലൂടെ നടന്നുപോകുമ്പോൾ, സ്വന്തം പിതാവ് അവിടെ എവിടെയോ  ഉണ്ടെന്നറിഞ്ഞാൽ സ്വാഭാവികമായും ഒരാൾ എന്താണ് ചെയ്യുക? പ്രിയപ്പെട്ട പിതാവിനെത്തേടി പോകുമെന്നുറപ്പല്ലേ? എന്നിരിക്കെ, സ്വന്തം സ്രഷ്ടാവായ ദൈവത്തെ അറിഞ്ഞാൽ ആ ദൈവത്തോടടുക്കേണ്ടതില്ലേ? അതിനുള്ള മാർഗമാണ് പ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ട അനുഷ്ഠാനങ്ങൾ.
നമസ്കാരം ദൈവത്തോടടുക്കാനുള്ള മുഖ്യമായൊരു മാർഗമാണ്. നമസ്കാരം പോലെത്തന്നെ ദൈവത്തോടടുക്കാൻ നിശ്ചയിച്ച മറ്റൊരനുഷ്ഠാനമാണ്  വ്രതം. 
ഭക്തിയുള്ളവരാവാനുള്ള മാർഗമായിട്ടാണ് നോമ്പ് നിർബന്ധമാക്കിയിരിക്കുന്നത്. ഖുർആൻ പഠിപ്പിക്കുന്നതനുസരിച്ച് ദൈവഭക്തി കേവലം ആരാധനയിൽ പരിമിതമല്ല. ദൈവം കൽപിച്ചത് അനുസരിക്കലും വിലക്കിയതിൽ നിന്ന് വിട്ടുനിൽക്കലും അതിന്റെ ഭാഗമാണ്. ഇസ് ലാം പഠിപ്പിക്കുന്ന ദൈവഭക്തി വ്യതിരിക്തമാവുന്നത് ഇവിടെയാണ്. ഇത് സാധ്യമാവണമെങ്കിൽ ശാരീരികേഛകളുടെ നിയന്ത്രണം വളരെ പ്രധാനമാണ്. നോമ്പിന്റെ മുഖ്യ ഊന്നൽ ഇഛകളുടെ നിയന്ത്രണമാണ്.
നോമ്പിന് ഉപവാസം എന്നും പറയാറുണ്ട്. ഉപവാസം എന്നാൽ കൂടെത്താമസം എന്നാണർഥം. യഥാർഥത്തിൽത്തന്നെ ദൈവത്തിന്റെ കൂടെത്താമസമാണ് നോമ്പ്.
ദൈവത്തോടടുക്കാൻ മനുഷ്യന് തടസ്സം സൃഷ്ടിക്കുന്ന മുഖ്യമായൊരു ഘടകം സ്വന്തം ഇഛകളാണ്. ഇഛകളിൽ നല്ലതും ചീത്തയുമുണ്ട്. ജീവിതത്തെ സന്മാർഗത്തിൽനിന്ന് അകറ്റുന്നതിൽ അവക്ക് വലിയ പങ്കുണ്ട്. അതിനാൽ, ഇഛാനിയന്ത്രണം സന്മാർഗ ജീവിതത്തിന് അനിവാര്യമാണ്. അതിനുള്ള പരിശീലനം കൂടിയാണ് വ്രതം.    
സ്വന്തം ഇച്ഛകളെ ദൈവേച്ഛക്ക് വിധേയപ്പെടുത്തുന്ന മഹത്തായൊരു പരിശീലനം കൂടിയാണ് വ്രതാനുഷ്ഠാനത്തിലൂടെ നടക്കുന്നത്. നോമ്പുകാരൻ വിശന്നിട്ടും ഭക്ഷണം ലഭ്യമായിട്ടും ഭക്ഷണം കഴിക്കുന്നില്ല; ദാഹിച്ചിട്ടും വെള്ളം ലഭ്യമായിട്ടും വെള്ളം കുടിക്കുന്നില്ല. കാരണം, ഈ സമയത്ത് അന്നപാനീയങ്ങൾ നിഷിദ്ധമാണെന്നാണ് തന്റെ നാഥന്റെ കൽപന. പ്രാഥമികേച്ഛകളെ തന്നെ ദൈവേച്ഛക്ക് വിധേയപ്പെടുത്താൻ കഴിഞ്ഞാൽ, സ്വാഭാവികമായും സകല ഇച്ഛകളെയും ദൈവകൽപനക്ക് വിധേയപ്പെടുത്താൻ ഒരാൾക്ക് കഴിയും. ഇങ്ങനെ സകല തിന്മകളിൽനിന്നും അയാൾക്ക് മുക്തനാകാൻ കഴിയുന്നു.
ഒരാൾ സന്മാർഗത്തിലാവാനുള്ള മൂന്നാമത്തെ തലം ശരീരംകൊണ്ടുള്ള സത്കർമങ്ങളിലൂടെ സൃഷ്ടികളെ സേവിക്കലാണ്.
വിശുദ്ധ ഖുര്‍ആനിലെ  നൂറ്റിയേഴാം അധ്യായത്തിൽ ഇങ്ങനെ കാണാം: 'ആരാണ് ദീനിനെ അഥവാ ആത്മീയതയെ നിഷേധിക്കുന്നത് എന്ന് താങ്കൾ കണ്ടുവോ' എന്ന ചോദ്യമാണ് അധ്യായത്തിന്റെ തുടക്കത്തിൽ. തൊട്ടുടനെ, പരമ്പരാഗത ധാരണകളെ തിരുത്തിക്കൊണ്ടുള്ള ഉത്തരമാണ് ഖുര്‍ആന്‍ നല്‍കുന്നത്. 'അനാഥയെ ആട്ടിയകറ്റുന്നവനും അഗതിക്ക് അവന്റെ അന്നം നല്‍കാന്‍ പ്രേരിപ്പിക്കാത്തവനുമാണ് ദീനിനെ അഥവാ ആത്മീയതയെ നിഷേധിക്കുന്നവന്‍' എന്നാണ്  നല്‍കുന്ന ഉത്തരം.
തികച്ചും ആത്മീയ കാര്യമായ നമസ്‌കാരം നിര്‍വഹിക്കുന്നവര്‍ക്ക് നാശം എന്ന് അതേ അധ്യായത്തില്‍ ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ട്. നമസ്‌കാരത്തില്‍ വരുത്തുന്ന അശ്രദ്ധയും അലംഭാവവുമാണ് കാരണം. സഹജീവികള്‍ക്ക് ചെറിയ ചെറിയ ഉപകാരങ്ങള്‍ വരെ തടയുന്നതും ദീനിനെ അഥവാ ആത്മീയതയെ നിഷേധിക്കലാവുമെന്ന് തുടര്‍ന്നു പറയുന്നു. സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള ബാധ്യത നിറവേറ്റുമ്പോഴേ ഒരാള്‍ ആത്മീയതയുടെ അഥവാ ദൈവവിശ്വാസത്തിന്റെ യഥാര്‍ഥ പ്രതിനിധിയാവൂ എന്നര്‍ഥം.
ഇങ്ങനെ പരമാവധി സ്രഷ്ടാവിനോടടുത്ത്, സൃഷ്ടികളോടുള്ള കടപ്പാടുകൾ നിർവഹിക്കുന്നവനെക്കുറിച്ച് ഖുർആൻ അറുപത്തിയഞ്ചാം അധ്യായം മൂന്നാം വാക്യത്തിൽ പറയുന്നു: "ആർ ദൈവത്തെ സൂക്ഷിച്ച് ജീവിക്കുന്നുവോ അവന് എല്ലാവിധ വിഷമങ്ങളിൽ നിന്നും മോചനം നേടാനുള്ള മാർഗം ദൈവം ഒരുക്കിക്കൊടുക്കും. അവൻ ഊഹിക്കുക പോലും ചെയ്യാത്ത മാർഗത്തിലൂടെ അവനു വിഭവമരുളുകയും ചെയ്യും."
  വൃക്ഷങ്ങൾ ആഹാരം പാകം ചെയ്യുന്നത് ഇലകളിലാണല്ലോ. ശിശിരകാലത്ത് അവ ഇലപൊഴിക്കുന്നു. ഒരു ശിശിരം മുതൽ അടുത്ത ശിശിരം വരെയുള്ള കാലയളവിനുള്ളിൽ മുഴുപ്പും പുഴുക്കുത്തും വന്ന ഇലകൾ പൊഴിക്കുന്നു. അങ്ങനെ വ്രതമനുഷ്ഠിക്കുന്നു. പിന്നെ പുതിയ തളിരുകളും പൂക്കളും കായ്്കളുമുണ്ടായി അവ ധർമനിർവഹണത്തിനു സജ്ജമാകുന്നു. ഇതുപോലെ വിശ്വാസികൾ ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെയുള്ള കാലയളവിനുള്ളിൽ സംഭവിച്ച പാപക്കറകൾ  വ്രതാനുഷ്ഠാനത്തിലൂടെ കഴുകിക്കളയണം. അങ്ങനെ വിശ്വാസത്തിന്റെ പുതിയ തളിരുകളും പൂക്കളും സൽക്കർമങ്ങളാകുന്ന കായ്്കനികളുമായി ധർമനിർവഹണത്തിനൊരുങ്ങണം. l

Comments