Prabodhanm Weekly

Pages

Search

2023 മാർച്ച് 17

3294

1444 ശഅ്ബാൻ 24

അന്തസ്സ് വീണ്ടെടുക്കാൻ കുറുക്കു വഴികളില്ല

നൗഷാദ് ചേനപ്പാടി

ത്വാരിഖുബ്്നു ശിഹാബ് (റ) റിപ്പോർട്ട് ചെയ്ത ഒരു സംഭവം:  "ഉമറുബ്നുൽ ഖത്ത്വാബ് (റ) സിറിയയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. ഞങ്ങളോടൊപ്പം  അബൂ ഉബൈദത്തുബ്നുൽ ജർറാഹും (റ) ഉണ്ട്. ഉമറും അബൂ ഉബൈദയും ഒരു പുഴക്കരയിലെത്തി. ഒട്ടകത്തിന്റെ പുറത്തായിരുന്ന ഉമർ അതിൽനിന്നിറങ്ങി തന്റെ രണ്ടു ഷൂകൾ ഊരി തന്റെ തോളിൽ തൂക്കിയിട്ടു. എന്നിട്ട് ഒട്ടകക്കയർ പിടിച്ച് പുഴയിലേക്കിറങ്ങി നടക്കാൻ തുടങ്ങി.  അപ്പോൾ അബൂ ഉബൈദ അദ്ദേഹത്തോട് ചോദിച്ചു: അമീറുൽ മുഅ്മിനീൻ, താങ്കളാണോ ഇങ്ങനെയൊക്കെ ചെയ്യുന്നത്? ഷൂകൾ രണ്ടും ഊരി തോളിൽ തൂക്കിയിട്ട് ഒട്ടകത്തിന്റെ കയറും പിടിച്ച് പുഴയിലിറങ്ങി നടക്കുക! ഈ നാട്ടുകാർ ഈ കോലത്തിൽ അങ്ങയെ കാണുന്നത് എനിക്ക് ഇഷ്ടമല്ല കേട്ടോ. അപ്പോൾ ഉമർ (റ) പറഞ്ഞു:  'ആങ്ഹ്, താങ്കൾ ഇപ്പോൾ ഈ പറഞ്ഞതിരിക്കട്ടെ. അബൂ ഉബൈദാ, താങ്കളല്ലാത്ത മറ്റാരെങ്കിലുമാണ് ഇത് പറഞ്ഞിരുന്നതെങ്കിൽ മുഹമ്മദീയ ഉമ്മത്തിന് എക്കാലവും പാഠമാകുമായിരുന്ന ഒരു  മാതൃകാ ശിക്ഷ ഞാനയാൾക്ക് നൽകുമായിരുന്നു.' പിന്നെ ഇങ്ങനെ തുടർന്നു: 
"ലോകത്ത് നാം ഏറ്റവും നിന്ദ്യരായ ജനതയായിരുന്നു. അങ്ങനെ അല്ലാഹു ഇസ്്ലാമിനെക്കൊണ്ട് നമ്മെ ഏറ്റവും അന്തസ്സുള്ളവരാക്കി മാറ്റി. നമ്മെ അന്തസ്സുള്ളവരാക്കിയ ഈ ഇസ്്ലാം കൊണ്ടല്ലാതെ മറ്റെന്തെങ്കിലും കൊണ്ടാണ് നാം അന്തസ്സ് തേടുന്നതെങ്കിൽ  അല്ലാഹു നമ്മെ അങ്ങേയറ്റം നിന്ദ്യരാക്കും.''
ഇമാം ഹാകിം നൈസാബൂരി (റ) തന്റെ മുസ്തദ്റകിൽ ഉദ്ധരിച്ചതാണ് ഈ സംഭവം.
ഉമർ(റ), നബി(സ)യുടെ  സന്തത സഹചാരിയും അവിടുത്തെ പാഠശാലയിൽനിന്ന് ഇസ്്ലാമും അതിന്റെ ആത്മാവും അന്തസ്സത്തയും നേരിട്ട് മനസ്സിലാക്കിയ പ്രതിഭാശാലിയുമാണ്. വിശാലമായ ഇസ്്ലാമിക സാമ്രാജ്യത്തിന്റെ രണ്ടാമത്തെ ഖലീഫയാകാൻ ഭാഗ്യം സിദ്ധിച്ച വ്യക്തിത്വം.  അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പിൽക്കാലത്ത്  ഇസ്്ലാമിക സംസ്കൃതിയുടെ വികാസത്തിന്  മാനദണ്ഡവും മാതൃകയുമായി വിലയിരുത്തപ്പെട്ടു. ജാഹിലിയ്യത്തിൽനിന്ന് ഇസ്്ലാമിനെ വേർതിരിച്ചുനിർത്തുന്ന അത്തരമൊരു ജീവിത മാതൃകയാണ് ഈ സംഭവത്തിൽ നാം കാണുന്നത്.
അന്ന് ലോകത്തെ ഏറ്റവും വിശാലമായ സാമ്രാജ്യം ഇസ്്ലാമിന്റെതായിരുന്നു. അതിന്റെ ഭരണാധികാരിയായിരുന്നു  ഉമർ(റ). സയ്യിദ് ഖുത്വ്്ബിന്റെ ഭാഷയിൽ 'പർവതങ്ങളോടേറ്റുമുട്ടുന്ന, കൊടുങ്കാറ്റുകളെ നേരിടുന്ന' ഇസ്്ലാമിലെ ഉരുക്കു മനുഷ്യൻ.  ഏതു വമ്പൻ സാമ്രാജ്യങ്ങളെയും വെല്ലുന്ന സമ്പത്തിന്റെയും സൈനിക ശക്തിയുടെയും പ്രതാപത്തിന്റെയും പരകോടിയിലായിരുന്നു അന്നത്തെ റോമാ-പേർഷ്യൻ സാമ്രാജ്യങ്ങൾ. അവരെ നിലംപരിശാക്കിയാണ് മുസ്്ലിം സമൂഹവും അതിന്റെ രാഷ്ട്രവും ലോകത്തെ അടക്കിവാണത്.
പൗരാണിക കാലം മുതലേ ചക്രവർത്തിമാർക്കും രാജാക്കന്മാർക്കും ജനങ്ങളുടെയിടയിൽ വലിയ സ്ഥാനമുണ്ടായിരുന്നു. അവരെപ്പറ്റി ജനങ്ങൾക്ക്  ചില ധാരണകളുമുണ്ടായിരുന്നു. അവർ ജനങ്ങളിൽനിന്ന് അകലം പാലിച്ച് ഉയർന്നു നിൽക്കണം. വിലമതിക്കാനാവാത്ത എല്ലാ വിധ വേഷഭൂഷകളോടും കൂടി ജനമധ്യത്തിൽ പ്രത്യക്ഷപ്പെടണം. എന്ത്, ഏതു ജോലിക്കും അതിനു നിയോഗിക്കപ്പെട്ട പരിചാരകരുണ്ടാവണം. അവരുടെ ചെരിപ്പുകളും ഷൂകളും തുടക്കാനും ചുമക്കാനും വരെ പ്രത്യേക പരിചാരക വൃന്ദം. അങ്ങനെയങ്ങനെ സർവവും രാജകീയ മയം. ലോകത്ത് ഈയൊരു ധാരണ ഊട്ടിയുറപ്പിക്കപ്പെട്ട അവസരത്തിലാണ് അന്നത്തെ ഏറ്റവും വലിയ സാമ്രാജ്യത്തിന്റെ 'ചക്രവർത്തിയായ' ഉമർ (റ) ഷൂ ഊരി സ്വന്തം ചുമലിൽ തൂക്കിയിട്ട് ഒട്ടകത്തിന്റെ കയർ പിടിച്ച് അതിനെയും തെളിച്ച് പുഴ മുറിച്ചുകടക്കുന്നത്. ഏതു കാലത്തെയും ലോകത്തെയും ജനങ്ങൾക്ക് ചിന്തിക്കാൻ പോലുമാവാത്ത കാര്യം. ഇവിടെയാണ് ഒരു ഭരണാധികാരിയെപ്പറ്റിയുള്ള ജാഹിലീ വീക്ഷണം  ഉമർ (റ) സ്വജീവിതം മാതൃകയാക്കി തൂത്തെറിഞ്ഞത്.
ഇതു കണ്ട് 'മുസ്്ലിം സമൂഹത്തിന്റെ വിശ്വസ്തൻ' (അമീനുൽ ഉമ്മഃ) എന്ന് നബി (സ) വിശേഷിപ്പിച്ച പ്രഗത്ഭ സ്വഹാബി അബൂ ഉബൈദക്കു പോലും ആ ചെയ്തി  സഹിക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് അതിൽ അസ്വസ്ഥനായ അദ്ദേഹം ഉമറി(റ)നോട്, ഈ പണി ഈ നാട്ടുകാർ കണ്ടാൽ അങ്ങയുടെ മഹത്വം കുറച്ചു കാണില്ലേ എന്ന് ആശങ്കിച്ചത്. ഒരിക്കൽ ഉമർ (റ) പോലും ആഗ്രഹിച്ചുപോയ സ്ഥാനത്തിനുടമയായിരുന്നു അബൂ ഉബൈദ (റ). നബി(സ)ക്കും ഉമ്മത്തിനും അത്രമാത്രം സേവനം ചെയ്ത ആളായതുകൊണ്ടാണ് ആ ചോദ്യത്തിന് ഉമർ (റ) അദ്ദേഹത്തെ ശിക്ഷിക്കാതെ വിട്ടത്. ഒരു യുദ്ധത്തിൽ നബി(സ)യുടെ മുഖത്ത് തറച്ച രണ്ടാണികൾ കടിച്ചുപറിച്ചെടുക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ മുന്നിലെ രണ്ടു പല്ലുകൾ നഷ്ടപ്പെടുകയുണ്ടായി. അതുകൊണ്ടാണ്  ഇതെല്ലാം അറിയാമായിരുന്ന ഉമർ (റ) അദ്ദേഹത്തിനെതിരിൽ നടപടി എടുക്കാതിരുന്നത്.
ഭരണാധികാരിയാവട്ടെ, ആരുമാകട്ടെ ഈ ദുനിയാവിൽ വിശ്വാസിക്ക്  പ്രത്യേക സ്ഥാനപദവികളൊന്നുമില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഉമർ (റ) അങ്ങനെ പറഞ്ഞത്.  അവന്റെ മാനദണ്ഡവും മൂല്യബോധവും കാഴ്ചപ്പാടും ഇസ്്ലാമിനെ അടിസ്ഥാനമാക്കിയാവണം. ഖുർആനും നബി(സ)യുടെ അധ്യാപനങ്ങളും അതിന്റെ അന്തസ്സത്തയും ആത്മാവും പഠിച്ചു മനസ്സിലാക്കിയ സത്യവിശ്വാസിക്കു മാത്രമേ ഇതു സാധ്യമാവുകയുള്ളൂ. അല്ലാതെ പാരമ്പര്യമായി മുസ്്ലിമായിപ്പോയ ഒരാൾക്കും ഈ വീക്ഷണം ഉണ്ടാവില്ല. 
അവസാനം ഉമർ (റ) പറഞ്ഞ വാക്യം ഓരോ മുസ്്ലിമും തന്റെ  ജീവിതത്തിന്റെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനമായി സ്വീകരിക്കേണ്ടതാണ്. ഇസ്്ലാമിനെക്കൊണ്ടാണ്, അതിലൂടെയാണ് മുസ്്ലിമായ ഏതൊരാളും ഇസ്സത്ത് / അന്തസ്സ് തേടേണ്ടതും ആഗ്രഹിക്കേണ്ടതും. അല്ലാതെ ഈ ദുനിയാവിലെ മറ്റു പ്രത്യയശാസ്ത്രങ്ങളുടെയോ ഇസങ്ങളുടെയോ തത്ത്വശാസ്ത്രങ്ങളുടെയോ  രാഷ്ട്രീയ പാർട്ടികളുടെയോ  അധികാരത്തിന്റെയോ സമ്പത്തിന്റെയോ വ്യക്തികളുടെയോ പേരിലായിരിക്കരുത്, അവയെക്കൊണ്ടുമായിരിക്കരുത്. അങ്ങനെ ചെയ്യുമ്പോൾ അവൻ ഈ ദുനിയാവിലും പരലോകത്തും ഏറ്റവും നിന്ദ്യനാവുകയേയുള്ളൂ. കാരണം, അതൊന്നും ഒരു യഥാർഥ  വിശ്വാസി വിലമതിക്കുന്ന കാര്യങ്ങളല്ല.  പിന്നെങ്ങനെയാണ് പ്രപഞ്ചത്തെക്കാൾ യാഥാർഥ്യമായതും  അടിയുറപ്പുള്ളതുമായ ഒരു വിശ്വാസത്തിന്റെയും ജീവിത വീക്ഷണത്തിന്റെയും വക്താവായ അവൻ ഇത്തരം വിശ്വാസങ്ങളുടെയും ഇസങ്ങളുടെയും സ്ഥാനമാനങ്ങളുടെയും പിറകെ പോയി അതിന്റെ വക്താവാകുക, അതിലൂടെ അന്തസ്സും അഭിമാനവും തേടുകയും ആഗ്രഹിക്കുകയും ചെയ്യുക? l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 87-89
ടി.കെ ഉബൈദ്‌

ഹദീസ്‌

ദിക്റുകളുടെ ചൈതന്യം, പ്രാധാന്യം
ഡോ. മുഹമ്മദ് പാണ്ടിക്കാട്