Prabodhanm Weekly

Pages

Search

2023 മാർച്ച് 17

3294

1444 ശഅ്ബാൻ 24

ശഅ്ബാന്‍ മുന്നൊരുക്കത്തിെന്റ മാസം

ഇൽയാസ് മൗലവി

പഴമക്കാരുടെ പ്രയോഗമാണ് 'നനച്ചുകുളി.' റമദാനിന് വേ ണ്ടിയുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി പള്ളിയും വീടും, വീട്ടിലെ ഫര്‍ണിച്ചറും പരിസരവുമൊക്കെ വൃത്തിയാക്കി വെക്കുന്നു.  മാനസികമായി തയാറെടുക്കുന്നതു പോലെ ശാരീരികമായും ഒരുങ്ങുക എന്നതാണ് നനച്ചു കുളിയുടെ മർമം.
എല്ലാ സമയങ്ങളും ദിവസങ്ങളും ഒരു പോലെയല്ല. ചിലതിന് മറ്റു ചിലതിനെക്കാള്‍ ശ്രേഷ്ഠതയുണ്ട്. അത്തരത്തില്‍ ശ്രേഷ്ഠത കൽപിക്കപ്പെട്ട മാസമാണ് ശഅ്ബാന്‍. ഇത് പ്രബലമായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. ശഅ്ബാനില്‍ ഐഛിക നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസത്തിലും അവിടുന്നത്  അനുഷ്ഠിച്ചിരുന്നില്ല.
പരിശീലനത്തിന്റെ മാസം കൂടിയാണ് ശഅ്ബാന്‍. വിശുദ്ധ റമദാനിനെ സ്വാഗതം ചെയ്യാനുള്ള ഒരുക്കങ്ങളും വിശുദ്ധ മാസത്തിലെ ആരാധനാകർമങ്ങളുടെ സമയക്രമവും തയാറാക്കി ജീവിതത്തിനൊരു പുതുമുഖം നൽകാന്‍ വിശ്വാസികള്‍ തയാറാവണം. സംശുദ്ധമായ തൗബ ചെയ്ത് ഈമാനികമായ തയാറെടുപ്പ് നടത്തുന്നതോടൊപ്പം വൈജ്ഞാനികമായ മുന്നേറ്റവും ശഅ്ബാനില്‍ സാധ്യമാകണം. വായിച്ചും പഠിച്ചും നോമ്പിനെ സമ്പന്നമാക്കണം. വിശുദ്ധ മാസത്തെ വരവേൽക്കാന്‍ വേണ്ടി കുടുംബത്തെ പ്രേരിപ്പിക്കുകയും എല്ലാവരും ഭാഗഭാക്കായുള്ള പ്രവർത്തനങ്ങൾക്ക്  തയാറെടുപ്പുകള്‍ നടത്തുകയും വേണം. പള്ളികളും മറ്റും അലംകൃതമാക്കിയും വീടുകളില്‍ 'നനച്ചുകുളി' നടത്തിയും വൃത്തി കാത്തുസൂക്ഷിക്കണം. മനസ്സില്‍ നിന്ന് അസൂയ, പക, വിദ്വേഷം തുടങ്ങിയ തിന്മകളെ നിഷ്‌കാസനം ചെയ്യുകയും ആത്മസമരം നടത്തി ഹൃദയശുദ്ധി വരുത്തുകയും വേണം.
അബൂബക്ർ അല്‍വര്‍റാഖ് അല്‍ബല്‍ഖി പറയുന്നു: "റജബ് വിത്തിറക്കുന്ന മാസമാണ്. ശഅ്ബാന്‍ കൃഷി നനക്കാനുള്ള മാസമാണ്. റമദാനാകട്ടെ വിള കൊയ്യാനുള്ള മാസവും."
റജബില്‍ കർമങ്ങള്‍ നട്ടുപിടിപ്പിക്കുകയും ശഅ്ബാനില്‍ വെള്ളമൊഴിച്ചു കൊടുക്കുകയും ചെയ്യാത്തവർക്ക് റമദാനില്‍ കൊയ്്ത്തിനു സാധിക്കില്ലല്ലോ. അതുകൊണ്ട് ശഅ്ബാനില്‍ ആരാധനകൾക്ക്  കൂടുതല്‍ ശ്രദ്ധ കൊടുത്ത് റമദാനിനെ വരവേൽക്കാൻ വിശ്വാസികള്‍ ശ്രമിക്കണം.
പൊതുജനങ്ങള്‍ അശ്രദ്ധരാകുന്ന സമയങ്ങളില്‍ ആരാധനകൾകൊണ്ട് ധന്യമാക്കല്‍ പ്രത്യേകം പുണ്യമുള്ള കാര്യമാണെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഖുർആന്‍ പലയിടങ്ങളിലും വിശ്വാസികളെ അശ്രദ്ധയില്‍നിന്നുണർത്തുന്നത്: "ഏതൊരാളുടെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധരാക്കുകയും അയാള്‍ തന്നിഷ്ടം പിന്തുടരുകയും ചെയ്തുവോ അവനെ നീ അനുസരിച്ചുപോവരുത്" (അല്‍കഹ്ഫ്  28).
ഹദീസുകളില്‍നിന്ന്‌, നബി (സ) ഏറ്റവും കൂടുതല്‍ സുന്നത്ത്‌ നോമ്പുകള്‍ അനുഷ്ഠിച്ചിരുന്നത് ശഅ്ബാനിലായിരുന്നുവെന്ന് മനസ്സിലാവുന്നു.
ഇതിന്റെ രഹസ്യത്തെപ്പറ്റി സ്വഹാബിവര്യന്‍ ഉസാമ (റ) റസൂലിനോട് അന്വേഷിക്കുകയുണ്ടായി: 'അല്ലാഹുവിന്റെ റസൂലേ, ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു  മാസത്തിലും താങ്കള്‍ നോമ്പനുഷ്ഠിക്കുന്നത് ഞാന്‍  കണ്ടിട്ടില്ലല്ലോ?' തിരുമേനി പറഞ്ഞു: റജബിന്റെയും റമദാനിന്റെയും ഇടയില്‍ ആളുകള്‍ ശ്രദ്ധിക്കാതെ പോവുന്ന മാസമാണത്. യഥാർഥത്തില്‍ ലോക രക്ഷിതാവായ അല്ലാഹുവിങ്കലേക്ക് കർമങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസമാണത്. അതിനാല്‍, ഞാന്‍ നോമ്പുകാരനായിരിക്കെ എന്റെ കർമങ്ങള്‍ ഉയര്‍ത്തപ്പെടുന്നതാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്' (നസാഈ).
ഇവിടെ പരാമര്‍ശിക്കപ്പെട്ട റജബ്, യുദ്ധം വിലക്കപ്പെട്ട പവിത്ര മാസങ്ങളില്‍ പെട്ടതാണ്. മറ്റൊന്ന്, പരിശുദ്ധമായ റമദാനും. അവ രണ്ടിനും ഇടയിലുള്ള  ശഅ്ബാന്‍ ശ്രദ്ധിക്കപ്പെടാതെ പോവുക സ്വാഭാവികം. എന്നാല്‍, അവഗണിക്കേണ്ട മാസമല്ല അതെന്നും പ്രത്യുത, പരമാവധി സല്‍ക്കർമങ്ങള്‍ വർധിപ്പിച്ച് തങ്ങളുടെ കർമരേഖ അല്ലാഹുവിന് സമര്‍പ്പിക്കപ്പെടാന്‍ പാകത്തില്‍ ഒരുങ്ങിയിരിക്കേണ്ട മാസമാണതെന്നും ആ മാസത്തില്‍ ചെയ്യാവുന്ന പുണ്യകർമങ്ങളില്‍ ഏറ്റവും ഉത്തമം സുന്നത്ത് നോമ്പുകള്‍ ആണെന്നും  പഠിപ്പിക്കുകയാണ് നബി തിരുമേനി (സ).
പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന റമദാനിൽ പ്രയാസമൊന്നുമില്ലാതെ നോമ്പനുഷ്ഠിക്കാൻ ശഅ്ബാനിലെ വ്രതാനുഷ്ഠാനം സഹായിക്കും. നോമ്പ്‌ പോലെ മറ്റു ഇബാദത്തുകളും അധികരിപ്പിക്കേണ്ട മാസമാണ് ശഅ്ബാന്‍, വിശിഷ്യാ വിശുദ്ധ ഖുര്‍ആനുമായുള്ള ബന്ധം. അനസ് (റ) പറയുന്നു: ശഅ്ബാൻ മാസം ആഗതമായാല്‍ ഖുര്‍ആന്‍ ധാരാളമായി ഓതുന്ന ശീലം വിശ്വാസികള്‍ക്കുണ്ടായിരുന്നു. അംറുബ്‌നു ഖൈസിൽ മുല്ലാഈ(റ) ശഅ്ബാൻ മാസത്തിൽ സ്വന്തം കച്ചവട സ്ഥാപനം അടച്ചുപൂട്ടി ഖുര്‍ആൻ പാരായണത്തിന് ഒഴിഞ്ഞിരിക്കുമായിരുന്നു (ലത്വാഇഫുൽ ‍മആരിഫ്).
ശഅ്ബാന്‍ മാസത്തിൽ നബി (സ) സുന്നത്ത് നോമ്പുകള്‍ ഏറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം  ശഅ്ബാന്‍ മാസം പാതി പിന്നിട്ടാല്‍ പിന്നെ നോമ്പ്  നോല്‍ക്കരുത് എന്ന് സൂചിപ്പിക്കുന്ന ഒരു ഹദീസും നബി(സ)യില്‍നിന്ന് വന്നിട്ടുണ്ട്. ആ ഹദീസ് ഇപ്രകാരമാണ്: അബൂ ഹുറയ്റ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: ' ശഅ്ബാനിലെ പകുതി മാത്രം ബാക്കിയായാല്‍ നിങ്ങള്‍ നോമ്പ് പിടിക്കരുത്' (തിർമിദി: 749).
ശഅ്ബാന്‍ ഏറക്കുറെ പൂർണമായും നബി (സ) നോമ്പ് നോറ്റിരുന്നു എന്ന ഹദീസുകളും ഈ ഹദീസും തമ്മില്‍ എങ്ങനെ യോജിപ്പിച്ച് മനസ്സിലാക്കാം എന്നെല്ലാം ചിലര്‍ സംശയം ഉന്നയിക്കാറുണ്ട്. ശൈഖ് ഇബ്‌നു ബാസ് പറയുന്നു: 'അതിന്റെ പൊരുള്‍ ശഅ്ബാന്‍ പാതിക്ക് വെച്ച് നോമ്പ് നോൽക്കാൻ തുടങ്ങരുത് എന്നാണ്. എന്നാല്‍, ഒരാള്‍ ശഅ്ബാന്‍ പൂർണമായോ ഭൂരിഭാഗമോ നോമ്പെടുത്താല്‍ അവന് ആ സുന്നത്ത് ലഭിച്ചിരിക്കുന്നു' (മജ്മൂഉ ഫതാവാ, വാ: 25).
അഥവാ, ശഅ്ബാന്‍ പാതിക്ക് വെച്ച് നോമ്പ് നോറ്റു തുടങ്ങരുത്. എന്നാല്‍, ശഅ്ബാന്‍ ഏറക്കുറെ പൂർണമായും നോമ്പെടുക്കണം എന്ന ഉദ്ദേശ്യത്തോടെ നേരത്തെ നോമ്പ് നോറ്റു തുടങ്ങിയവർക്ക് പാതി പിന്നിട്ട ശേഷവും നോമ്പ് തുടരുന്നതിൽ കുഴപ്പമില്ല. ആ നിലക്ക് തന്നെ മറ്റു ഹദീസുകളുമായി ഈ ഹദീസിന് യാതൊരു വൈരുധ്യവുമില്ല എന്ന് മനസ്സിലാക്കാം. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 87-89
ടി.കെ ഉബൈദ്‌

ഹദീസ്‌

ദിക്റുകളുടെ ചൈതന്യം, പ്രാധാന്യം
ഡോ. മുഹമ്മദ് പാണ്ടിക്കാട്