Prabodhanm Weekly

Pages

Search

2023 മാർച്ച് 17

3294

1444 ശഅ്ബാൻ 24

രാഷ്ട്രീയ താൽപര്യങ്ങളാണ് മത വിഭാഗീയതകൾ സൃഷ്ടിച്ചത്

ജസ്റ്റിസ് കെ.ടി തോമസ്

ജസ്റ്റിസ് കെ.ടി തോമസ്. 1937-ൽ കോട്ടയത്ത് ജനനം. കോട്ടയം സി.എം.എസ് കോളേജ്, എറണാകുളം സെയ്്ന്റ് ആൽബർട്സ് കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം, മദ്രാസ് ലോ കോളേജിൽ നിയമ പഠനം. 1960-ൽ അഭിഭാഷക ജീവിതം ആരംഭിച്ചു. 1977-ൽ ഡിസ്ട്രിക്റ്റ് - സെഷൻസ് ജഡ്ജിയായി ആദ്യ നിയമനം. 1985-ൽ ഹൈക്കോടതി ജഡ്ജി. 1995-ൽ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ്. 1996-ൽ സുപ്രീം കോടതിയിൽ ന്യായാധിപനായി. രാജീവ് ഗാന്ധി വധം ഉൾപ്പെടെ പ്രധാന കേസുകളിൽ വിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്നു. 2002-ൽ സർവീസിൽ നിന്ന് വിരമിച്ചു.  2007-ൽ രാഷ്ട്രം പത്മഭൂഷൺ നൽകി ആദരിച്ചു. 
ജസ്റ്റിസ് കെ.ടി തോമസുമായി പ്രബോധനം ചീഫ് എഡിറ്റർ ഡോ. കൂട്ടിൽ മുഹമ്മദലിയും സീനിയർ സബ് എഡിറ്റർ സദ്റുദ്ദീൻ വാഴക്കാടും നടത്തിയ സൗഹൃദ സംഭാഷണത്തിൽനിന്ന്.

 

താങ്കൾ ജനിച്ചുവളർന്ന കാലത്തെ സാമൂഹിക സവിശേഷതകൾ എന്തൊക്കെയായിരുന്നു?

സൗഹാർദപൂർണമായ സാമൂഹിക ബന്ധങ്ങളാൽ സവിശേഷമായിരുന്നു കേരളത്തിന്റെ ജനകീയ ജീവിതം. വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിലെ ബന്ധങ്ങൾ ഊഷ്മളമായിരുന്നു. വ്യക്തി ബന്ധങ്ങൾ, കച്ചവട ബന്ധങ്ങൾ, കലാ-കായിക പ്രവർത്തനങ്ങളിൽ ഒരുമിച്ചുള്ള പങ്കാളിത്തം, കുടുംബ സൗഹൃദങ്ങൾ തുടങ്ങിയവയൊക്കെ നിലനിന്നിരുന്നു എന്നതാണ് എന്റെ അനുഭവം. ഹിന്ദു -മുസ്്ലിം- ക്രിസ്ത്യൻ എന്നിങ്ങനെ മൂന്ന് വിശ്വാസങ്ങളിൽ പെട്ടു എന്നല്ലാതെ, ഒരുമിച്ച്  പഠിക്കുന്നതിനോ കളിക്കുന്നതിനോ ബിസിനസ്  ചെയ്യുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല. 'രാഷ്ട്രീയ താൽപര്യങ്ങൾ' ഇല്ലാത്ത കാലമാണല്ലോ. മത വിവേചനങ്ങൾ അറിയുമായിരുന്നില്ല. റമദാനിൽ നോമ്പ് തുറക്കുമ്പോൾ കഴിക്കാൻ ഉണ്ടാക്കുന്ന ഭക്ഷണം ഞങ്ങൾക്ക് കൊടുത്തയക്കും. ക്രിസ്മസിന് ഞങ്ങൾ അങ്ങോട്ടും ഭക്ഷണം കൊടുക്കും. ഈ രാഷ്ട്രീയം വന്നില്ലായിരുന്നെങ്കിൽ അന്നത്തെ ബന്ധങ്ങൾ ഇന്നും നിലനിന്നേനെ. രാഷ്ട്രീയം അധികാരത്തിലേക്കുള്ള ഏണിപ്പടിയാണ്. അതിനു വേണ്ടി ഉപയോഗിക്കുന്നത് ആരെയാ? കോട്ടയത്ത് ആരെ സ്ഥാനാർഥിയാക്കണം? ക്രിസ്ത്യാനികൾ കൂടുൽ ഉള്ളിടത്ത് ക്രിസ്ത്യാനിയെയും മുസ്്ലിംകൾ കൂടുതൽ ഉള്ളിടത്ത് മുസ്്ലിംകളെയും! ഇതെല്ലാം ഒരു രാഷ്ട്രീയമാണ്.
തിരുനക്കര മഹാദേവർ ക്ഷേത്രത്തിൽ പത്തു ദിവസത്തെ ആറാട്ട് നടക്കും. അതിൽ ചിറപ്പ് എന്നൊരു പരിപാടിയുണ്ട്. ഒരു ദിവസത്തെ ചിറപ്പ് നടത്തിയിരുന്നത് ക്രിസ്ത്യാനികളും ഒരു ദിവസത്തേത് മുസ്്ലിംകളുമായിരുന്നു. ഇന്നിത് ചിന്തിക്കാനാകുമോ? 
താഴത്തങ്ങാടിയിൽ പ്രസിദ്ധമായൊരു ക്ഷേത്രം ഉണ്ടായിരുന്നു. ഇവിടെ ഉത്സവത്തിന് ആറാട്ട് ഘോഷയാത്ര നടത്തുമ്പോൾ, താഴത്തങ്ങാടിയിലെ  പുരാതന മുസ്്ലിം കുടുംബമായ അറവുപുഴക്കലെ ഉണ്ണി ദീപം കാണിക്കണമായിരുന്നു. അദ്ദേഹം ദീപം കാണിച്ചെങ്കിലേ ഘോഷയാത്ര തുടങ്ങുമായിരുന്നുള്ളൂ.
കോട്ടയത്തെ എച്ച്.എം.സി ഫുട്ബോൾ ക്ലബ്ബ് ഇതിന്റെ നല്ലൊരു മാതൃകയായിരുന്നു. 'ഹിന്ദു -മുസ്്ലിം - ക്രിസ്ത്യൻ' എന്നാണ് എച്ച്.എം.സിയുടെ പൂർണ രൂപം. കോട്ടയത്ത് ഈ മൂന്ന് മതങ്ങളും നല്ല നിലയിൽ തന്നെയാണ് നിലനിന്നിരുന്നത്.
മീരാൻ സാഹിബ് എന്ന മികച്ച ഫുട്ബോൾ കളിക്കാരൻ ഇവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യൻമാരായിരുന്നു എച്ച്.എം.സിയിലെ പ്രമുഖ അംഗങ്ങൾ. പിന്നീട് പ്രസിദ്ധനായിത്തീർന്ന കോട്ടയം സാലി എന്ന ഫുട്ബോൾ താരവും ഇതിലെ അംഗമായിരുന്നു. പി.ബി മുഹമ്മദ് സാലി എന്നാണ് മുഴുവൻ പേര്. 1951-ൽ ദൽഹിയിൽ നടന്ന ഏഷ്യാഡിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ ടീമിലും 1952-ൽ ഫിൻലന്റിൽ നടന്ന ഒളിമ്പിക്സിൽ പങ്കെടുത്ത ടീമിലും കോട്ടയം സാലി കളിച്ചിരുന്നു. ഈസ്റ്റ് ബംഗാൾ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു ഒരു ഘട്ടത്തിൽ അദ്ദേഹം.
സാലിയുടെ വാപ്പയും എന്റെ പിതാവും കച്ചവടത്തിൽ പങ്കാളികളായിരുന്നു. കോട്ടയം തിരുനക്കരയായിരുന്നു ഈ സ്റ്റേഷനറി കച്ചവടം. ഞങ്ങളുടെ തറവാട് വീട് തിരുനക്കരയായിരുന്നു. എന്റെ ഫാദറിന്റെ മൂത്ത ജ്യേഷ്ഠനും സാലിയുടെ വാപ്പയും ചേർന്നാണ് കച്ചവടം തുടങ്ങിയത്. എന്റെ ഫാദറിന്റെ പഠനം പൂർത്തിയായ ശേഷം പാർട്ണർഷിപ്പിൽ ചേർക്കുകയായിരുന്നു. ഈ പാർട്ണർഷിപ്പിൽ ഞങ്ങൾ വളരെ സന്തോഷമായിട്ടാണ് കഴിഞ്ഞിരുന്നത്.
തിരുനക്കരയിൽ മൂന്ന് ഗെയ്റ്റുകൾ വെച്ചിട്ടുണ്ട്. ഹിന്ദു -മുസ്്ലിം - ക്രിസ്ത്യൻ ബന്ധം കാണിക്കാൻ വേണ്ടിയാണിത്. കോട്ടയത്തുകാരൻ പോലുമല്ലാത്ത, അതിരംപുഴ റാണമുടി ഹസൻ റാവുത്തർ, ചങ്ങനാശ്ശേരിക്കാരൻ മന്നത്ത് പത്മനാഭൻ, ട്രാവൻകൂർ ഫോർവേഡ് ബാങ്കിന്റെ മാനേജറായിരുന്ന എം.സി മാത്യു എന്നീ മൂന്ന് പേരുകളിലാണ് ഗെയ്റ്റുകൾ. യഥാർഥത്തിൽ അതിലൊന്ന് മീരാൻ സാഹിബിന്റെയോ സാലിയുടെയോ പേരിലാണ് വരേണ്ടിയിരുന്നത്. അതായിരുന്നു നീതി. കാരണം, തിരുനക്കര മൈതാനം ഒന്നായിക്കിടക്കുന്ന കാലത്ത്, അവിടെ വെച്ചാണ് മീരാൻ സാഹിബ് ഫുട്ബോൾ കളികൾ സംഘടിപ്പിച്ചിരുന്നത്.
ഇതിന്റെ മറ്റൊരു ഉദാഹരണമാണ് ഇ.കെ അബ്ദുൽ ഖാദറും ഞാനും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ കുടുംബ സൗഹൃദം. ഇ.കെ അബ്ദുൽ ഖാദറുമായുള്ള ബന്ധം ആരംഭിക്കുന്നത് സി.എം.എസ് കോളേജിൽ പഠിക്കുന്ന കാലത്താണ്. ഞാനും അബ്ദുൽ ഖാദറുമൊക്കെ കോൺഗ്രസ്സുകാരായിരുന്നു. എന്നെക്കാൾ മുതിർന്നയാളായിരുന്നു അദ്ദേഹം. ഞങ്ങൾക്ക് ഒരു മാർഗദർശിയെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടൽ.
മദ്രാസിൽ പഠിച്ച അദ്ദേഹം റാങ്ക് ഹോൾഡറായിരുന്നു. പൊതുവെ മുസ്്ലിംകൾ പഠനത്തിൽ പിന്നാക്കമായിരുന്ന കാലമാണത്. കച്ചവടത്തിലായിരുന്നു അവർക്ക് കൂടുതൽ താൽപര്യം. എന്റെ തലമുറയിലാണ് മുസ്്ലിംകൾ വിദ്യാഭ്യാസത്തിലേക്ക് വരാൻ തുടങ്ങിയത്. മുസ്്ലിം സ്ത്രീകൾക്ക് വിദ്യാഭ്യാസം നേടുന്ന രീതിയേ ഇല്ലായിരുന്നു. ഇപ്പോൾ അവരെല്ലാം ഒരുപാട് മുന്നോട്ട് വന്നല്ലോ.
കോട്ടയം വൈ.എം.സി.എ ക്ലബ്ബിലെ പ്രവർത്തനങ്ങളിൽ ഞാനും അബ്ദുൽ ഖാദറും ഒന്നിച്ചായിരുന്നു. പ്രസംഗ പരിശീലനവും മറ്റുമൊക്കെയായിരുന്നു ക്ലബ്ബിൽ നടന്നിരുന്നത്. വളരെ പക്വതയോടെയാണ് അബ്ദുൽ ഖാദർ സംസാരിക്കുക. ഇംഗ്ലീഷിലും മലയാളത്തിലും സംസാരിക്കാൻ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾക്കിടയിൽ ആത്മബന്ധം വളർന്നു. ഞാൻ എറണാകുളത്ത് പഠിക്കുമ്പോൾ അദ്ദേഹം ആഴ്ചയിലൊരിക്കൽ കോട്ടയത്തുനിന്ന് എറണാകുളത്ത് വരുമായിരുന്നു. കോട്ടയം താഴത്തങ്ങാടിയിലായിരുന്നു അന്ന് അവർ താമസിച്ചിരുന്നത്. ജ്യേഷ്ഠൻ ഇ.കെ മുഹമ്മദുമായി ചേർന്ന് ഈട്ടിയുടെ (Rose wood) കയറ്റുമതി ഉണ്ടായിരുന്നു. ഇതിനാൽ, ഹാർബറുമായും ബന്ധമുണ്ടായിരുന്നു. എറണാകുളത്ത് വന്നാൽ സി.വി ഹോട്ടലിലാണ് താമസിക്കുക. മിക്കവാറും വൈകുന്നേരം ഹോട്ടലിൽ വെച്ച് ഞങ്ങൾ കാണുമായിരുന്നു. ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ, പെണ്ണിനെ കാണാൻ പോകുന്നത് അബ്ദുൽ ഖാദറും ഞാനും കൂടിയാണ്. എനിക്കൊരു എതിർപ്പുകൂടിയുണ്ട്; അബ്ദുൽ ഖാദർ മരിച്ചിട്ട് ഞാൻ പോയിരുന്നു. പക്ഷേ, എനിക്ക് അദ്ദേഹത്തിന്റെ ഭാര്യ' ഹലീമയെ കാണാൻ പറ്റിയില്ല. മരിച്ചത് എന്റെ വളരെ വളരെ വേണ്ടപ്പെട്ട ആളാണ്. പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യയെ കണ്ട് ആശ്വസിപ്പിക്കാൻ എനിക്ക് പറ്റിയില്ല. ഇത് നിങ്ങൾ മാറ്റണം. അതുപോലെ വിവാഹ കരാറിൽ, പെൺകുട്ടി കൂടി വേണം. പിതാവ് മാത്രം പോരാ. ഇത് മാറ്റണം. രണ്ട് പേരും വേണം. പെൺകുട്ടി മൈനറായിരുന്നതിനാൽ പിതാവിന്റെ പേരിൽ കരാർ ചെയ്തു. ഇപ്പോൾ 18 വയസ്സ് തികയാതെ വിവാഹം പറ്റില്ല. പെൺകുട്ടികൾ വിദ്യാസമ്പന്നരും കൂടിയാണ്. അതിനാൽ, പിതാവിനൊപ്പം പെൺകുട്ടിയുടെ പേരു കൂടി കരാറിൽ വരണം. നിങ്ങൾ വിചാരിച്ചാൽ ഇത് മാറ്റാനാകും.

മദ്രാസിലെ പഠനകാലം എങ്ങനെയായിരുന്നു?

സെന്റ് ആൽബർട്ടിലെ പഠനം കഴിഞ്ഞാണ് ഞാൻ മദ്രാസിൽ പോകുന്നത്. മദ്രാസ് ലോ കോളേജിലായിരുന്നു നിയമ പഠനം. അവിടെ, മലബാർ മുസ്്ലിം അസോസിയേഷന്റെ ശാദി മഹൽ ഹോസ്റ്റലിലാണ് ഞാൻ താമസിച്ചിരുന്നത്. ഇ.കെ മദ്രാസിൽ പഠിക്കുമ്പോഴും ശാദി മഹലിലായിരുന്നു താമസം. അദ്ദേഹം പറഞ്ഞാണ് ഞാൻ ശാദി മഹലിനെ കുറിച്ച് അറിഞ്ഞത്. ഞാൻ രണ്ട് വർഷം ഈ ഹോസ്റ്റലിൽ താമസിക്കുകയുണ്ടായി. ആ സമയത്ത് ആറോ ഏഴോ ക്രിസ്ത്യൻ വിദ്യാർഥികൾ അവിടെ ഉണ്ടായിരുന്നു; കൃഷ്ണൻ നായർ ഉൾപ്പെടെ കുറച്ച് ഹിന്ദു വിദ്യാർഥികളും. യു. ജമാൽ മുഹമ്മദും ഞാനും ഒരു റൂമിലാണ് കഴിഞ്ഞിരുന്നത്.

കോട്ടയത്തെ മുസ്്ലിംകളുടെ അന്നത്തെ ജീവിതം?

താഴത്തങ്ങാടിയിലാണ് അന്ന് മുസ്്ലിംകൾ കൂടുതൽ ഉണ്ടായിരുന്നത്. ഏറ്റവും പഴയ മുസ്്ലിം കേന്ദ്രമായിരുന്നു അത്. താഴത്തങ്ങാടി ജുമാ മസ്ജിദ് പൗരാണിക മുസ്്ലിം പള്ളിയാണ്. അതിനെക്കാൾ പഴക്കമുള്ളത് കൊടുങ്ങല്ലൂർ പള്ളിയോ മറ്റോ മാത്രമേ ഉണ്ടാകൂ. മറ്റു പള്ളികളിൽനിന്ന് വ്യത്യസ്തമായി, കേരള ശിൽപകലയിലാണ് ആ പള്ളി പണിതിട്ടുള്ളത്. അതേ ശിൽപ ചാരുതയോടെ ഇന്നും നിലനിൽക്കുന്ന ഈ പള്ളി കാണേണ്ടതാണ്. പള്ളി റിപ്പയർ ചെയ്ത ശേഷം അതിനൊരു അഡ്വൈസറി കമ്മിറ്റി ഉണ്ടാക്കിയിരുന്നു. അതിന്റെ ചെയർമാനായി നിശ്ചയിച്ചിരുന്നത് എന്നെയാണ്. അഭിഭാഷകനായിരിക്കുമ്പോൾ, പള്ളിയുടെ ലീഗൽ അഡ്വൈസർ ഞാനായിരുന്നു. ഈ അനുഭവത്തിലായിരിക്കണം പിന്നീട് എന്നെ ചെയർമാനായി തെരഞ്ഞെടുത്തത്.

അടിയന്തരാവസ്ഥയെ കുറിച്ച് താങ്കളുടെ ഒരു പ്രസ്താവനയുണ്ടല്ലോ, 'ഇന്ത്യയെ രക്ഷിച്ചത് രാജ്യത്തെ നിരക്ഷരരാണ്' എന്ന്?!

ഇത് എന്റെ വാചകമല്ല, ജോർജ് ഫെർണാണ്ടസിന്റെ പ്രസ്താവനയാണ്. ഞാനിത് ഉദ്ധരിക്കുകയായിരുന്നു. ഇത് പറഞ്ഞത് എവിടെ വെച്ചാണെന്നറിയുമോ? 'അടിയന്തരാവസ്ഥയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത് രാജ്യത്തെ നിരക്ഷരരാണ്' എന്ന് ജോർജ് ഫെർണാണ്ടസ് പ്രസ്താവിച്ചത് മലയാള മനോരമയുടെ ഓഫീസിൽ വെച്ചാണ്!
അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിലേറിയ മന്ത്രിസഭയിൽ അംഗമായിരുന്ന അദ്ദേഹത്തിന് കോട്ടയം മലയാള മനോരമയുടെ ഓഫീസിൽ നൽകിയ സ്വീകരണത്തിലെ പ്രസംഗത്തിലായിരുന്നു ഈ പ്രസ്താവം.
'നിങ്ങളുടെ പത്രം പോലുള്ള പത്രങ്ങൾ വായിക്കാൻ കഴിയാത്തവർ ഇന്ത്യയിൽ ഭൂരിപക്ഷം ആയതുകൊണ്ടാണ് അടിയന്തരാവസ്ഥയിൽനിന്ന് നാം രക്ഷപ്പെട്ടത്' എന്ന് അദ്ദേഹം പറയുകയുണ്ടായി. പത്രങ്ങൾക്ക് സെൻസർഷിപ്പ് നിയമം ഉണ്ടായിരുന്നത് അനുസരിക്കാൻ മാധ്യമങ്ങൾക്ക് ബാധ്യതയുണ്ടായിരുന്നല്ലോ അന്ന്.
അടിയന്തരാവസ്ഥയിൽ എന്നെ ജയിലിൽ അടച്ചില്ലെന്നേയുള്ളൂ!  'അദ്ദേഹത്തിന്റെ രണ്ടു മൂന്ന് പ്രസംഗങ്ങൾ ഞങ്ങൾ നോട്ട് ചെയ്തിട്ടുണ്ട്, സൂക്ഷിക്കണം, പിടിച്ചാൽ എവിടെയാണ് കൊണ്ടു ചെന്നിടുക എന്ന് പറയാൻ പറ്റില്ല' എന്ന് പോലീസ് എന്റെ ഫാദറിനെ വിളിച്ച് പറഞ്ഞിരുന്നു. അടിയന്തരാവസ്ഥ അവസാനിക്കും എന്ന് പറയാൻ കഴിയില്ലായിരുന്നു. അതിന്റെ പേടിയൊക്കെ ഉണ്ടായിരുന്നു. എന്നെ ആശ്രയിച്ചല്ലേ എന്റെ കുടുംബം കഴിയുന്നത്. അതുകൊണ്ട് കുറച്ചൊന്നു സൂക്ഷിച്ചു. ആദ്യം പരസ്യമായി പ്രസംഗിച്ചിരുന്നു. അശോക് മേത്ത ജയിൽ മോചിതനായപ്പോൾ കോട്ടയത്ത് വന്ന് നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തിയതും ഞാനായിരുന്നു. സോഷ്യലിസ്റ്റ് നേതാവായിരുന്ന അദ്ദേഹത്തിന്റെ പ്രസംഗം മുഴുവൻ അടിയന്തരാവസ്ഥക്ക് എതിരായിരുന്നു. നെഹ്റുവിന്റെ കാലത്ത് പ്ലാനിംഗ് കമീഷന്റെ ഡെപ്യൂട്ടി ചെയർമാനായിരുന്ന അദ്ദേഹത്തെ ഇന്ദിരാഗാന്ധി ജയിലിൽ അടക്കുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് പുറത്തുവിട്ടത്.
അടിയന്തരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിൽ പൊതു സമ്മതനായ പ്രതിപക്ഷ സ്ഥാനാർഥിയായി പാർലമെന്റിലേക്ക് ഞാൻ മത്സരിക്കണമെന്ന് ചിലർ ആഗ്രഹിച്ചിരുന്നു. കോൺഗ്രസ്സുകാരനായിരുന്ന ഞാൻ പാർട്ടി പിളർന്നപ്പോൾ, സംഘടനാ കോൺഗ്രസ്സിൽ തുടർന്നു. നിയമപരമായി ശരി അതാണെന്നായിരുന്നു എന്റെ ധാരണ. പ്രതിപക്ഷ മുന്നണി രൂപവത്കരിച്ചപ്പോൾ, കേരള കോൺഗ്രസ്സിന്റെ ഒരു ഘടകവും അതിൽ ചേർന്നു.
എനിക്ക് അർഹതപ്പെട്ട സീറ്റ് അവർക്ക് നൽകി. അതോടെയാണ് ഞാൻ മത്സരിക്കാതായത്. സജീവ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങാതെ, ന്യായാധിപനായി പ്രവർത്തിക്കാനായിരുന്നു എന്റെ നിയോഗം. അടിയന്തരാവസ്ഥ കഴിഞ്ഞ ശേഷമുള്ള നിയമനത്തിലാണ് ഞാൻ ജില്ലാ ജഡ്ജിയാകുന്നത്.

ഭരണഘടന റദ്ദ് ചെയ്യപ്പെട്ട സന്ദർഭമായിരുന്നു അടിയന്തരാവസ്ഥ എന്നു പറഞ്ഞല്ലോ. ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ എന്തൊക്കെയാണ്?

ഇന്ത്യയുടെ ഭരണഘടനയെ ഞാൻ കാണുന്നത് ഒരു വിശുദ്ധ ഗ്രന്ഥമായാണ്. ഭരണഘടന വരുന്നതു വരെ പട്ടികജാതി, പട്ടികവർഗത്തെ ഒരു നിയമവും പരിഗണിച്ചിരുന്നില്ല. ഭരണഘടന അവർക്ക് തുല്യതയും പ്രത്യേക പരിഗണനയും നൽകിയില്ലേ? കുറച്ച് കൂടുതൽ സംരക്ഷണവും കൊടുത്തില്ലേ? അപ്രകാരം സ്ത്രീകൾക്കും കൂടുതൽ അവകാശങ്ങൾ നൽകി. ശരിക്കും അതൊരു ഹോളി ബുക്കാണ്. മത ഗ്രന്ഥങ്ങളും ഭരണഘടനയും തമ്മിലുള്ള വ്യത്യാസം, ഭരണഘടനയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താം, മതഗ്രന്ഥത്തിൽ മാറ്റങ്ങൾ വരുത്താൻ പറ്റില്ല എന്നതാണ്.  ഭരണഘടനയെ നമുക്ക് എൻഫോഴ്സ് ചെയ്യാനും അവസരമുണ്ട്.

ഭരണഘടനയിലെ ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച്?

ഭരണഘടന ന്യൂനപക്ഷങ്ങളെ നിർവചിച്ചിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള അവകാശത്തെ കുറിച്ച വാചകം ഉദ്ധരിച്ചുകൊണ്ടാണ് ന്യൂനപക്ഷം എന്ന് പറയുന്നത്. ഈ ആനുകൂല്യത്തിൽ, പള്ളിക്കൂടം നടത്തിപ്പിൽ കോഴ വാങ്ങാൻ സൗകര്യപ്പെട്ടു. അധ്യാപക നിയമനത്തിന് ഇരുപതും മുപ്പതും ലക്ഷം രൂപയാണ് കോഴ വാങ്ങുന്നത്.
കുട്ടികളുടെ അഡ്്മിഷനും എന്തുമാത്രം പണമാണ് പല കോളേജുകളും വാങ്ങുന്നത്. സി.എം.എസ് കോളേജിലെ കോഴയെ കുറിച്ച് ഒരു മീറ്റിംഗിൽ ഞാൻ  പ്രസംഗിച്ചത് ബിഷപ്പിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. എന്റെ പ്രസംഗം പരസ്യപ്പെടുത്തേണ്ട എന്നായിരുന്നു നിർദേശം. ഒരു രൂപ പോലും കോഴ വാങ്ങാത്ത സ്ഥാപനമാണ് ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂർ. എന്റെ മക്കൾ അവിടെയാണ് പഠിച്ചത്. ഒരു വർഷം 3000 രൂപയായിരുന്നു എം.ബി.ബി.എസ് ഫീസ്!

നീണ്ട കാലത്തെ ന്യായാധിപ ജീവിതം തന്ന അനുഭവങ്ങൾ എന്തൊക്കെയാണ്? വിധികളിൽ നീതി ഉറപ്പുവരുത്താൻ എങ്ങനെയൊക്കെയാണ് ശ്രമിച്ചിട്ടുള്ളത്?

ന്യായാധിപ വൃത്തിയിൽ നിന്ന് ഞാൻ വിരമിച്ചിട്ട് ഇരുപത് വർഷങ്ങൾ കഴിഞ്ഞു. എന്റെ വിധികൾ ദൈവികമായിരിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അത് ദൈവം നടത്തിച്ചിട്ടുണ്ടാകും എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. എന്റെ നിയമ ജീവിതമാണ് 'സോളമന്റെ തേനീച്ചകളി'ൽ ഞാൻ വിവരിച്ചിട്ടുള്ളത്. നിയമത്തെക്കുറിച്ച ശരിയായ അറിവും, നിഷ്പക്ഷമായി തീർപ്പുകൽപിക്കാൻ കഴിയുംവിധം വിധികളിൽ ദൈവികമായ  വഴികാട്ടലുമാണ് ഒരു ന്യായാധിപന് ഉണ്ടാകേണ്ട അടിസ്ഥാന ഗുണങ്ങൾ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
മാധ്യമ വാർത്തകൾ വഴി ഒരാൾ കുറ്റവാളിയാണെന്ന തെറ്റായ ബോധ്യം വരുന്ന സന്ദർഭങ്ങൾ ഉണ്ടാകുന്നുണ്ട്. ഒരാൾ കുറ്റവാളിയാണെന്ന് മനസ്സിൽ പതിയും. പരിചയസമ്പന്നനായ ഒരു ജഡ്ജിക്ക് ഇങ്ങനെ വരാൻ പാടില്ല. ഒരാൾ കൊല നടത്തി എന്നതുകൊണ്ട് മാത്രം അയാൾ കുറ്റവാളി ആകണമെന്നില്ല. ഉദാഹരണമായി, സ്വയം രക്ഷക്ക് വേണ്ടിയുള്ള കൊല കുറ്റമല്ല. ഇത് മനസ്സിലാക്കിയാകണം ജഡ്ജ് വിലയിരുത്തേണ്ടത്. നല്ല അന്വേഷണ ഉദ്യോഗസ്ഥന്  ശരിയായ തെളിവുകൾ ഹാജറാക്കാൻ കഴിയും. കൊല്ലത്ത് വഹാബ് എന്നൊരു പോലീസ് ഓഫീസർ ഉണ്ടായിരുന്നു. പിന്നീട് ഡി.വൈ.എസ്.പിയോ മറ്റോ ആയി സ്ഥാനക്കയറ്റം ലഭിച്ചു. വഹാബിന്റെ അന്വേഷണം ഇല്ലായിരുന്നെങ്കിൽ, പ്രമാദമായ രണ്ട് കേസുകളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകുമായിരുന്നു. ഞാൻ കൊല്ലത്ത് ജഡ്ജിയായിരുന്നപ്പോഴായിരുന്നു ഈ കേസുകൾ.
എന്റെ വിധിയിൽ അദ്ദേഹത്തെക്കുറിച്ച് നല്ല വാക്കുകൾ പറഞ്ഞിട്ടുണ്ട്. സമർപ്പണ മനസ്കനായിരുന്നു അദ്ദേഹം.
ഭരണഘടന സസ്പെന്റ് ചെയ്യപ്പെട്ട അടിയന്തരാവസ്ഥയിൽ ഭയപ്പെട്ട് പല ജഡ്ജിമാരും വിധി പറയുമായിരുന്നു. ഇപ്പോൾ ഗവൺമെന്റും കോടതിയും തമ്മിൽ കൊളീജിയത്തിന്റെ വിഷയത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടായല്ലോ. ഇതിൽ ഞാൻ ഭരണകൂടത്തിന് അനുകൂലമാണ്. കാരണം, ഞാൻ കൊളീജിയത്തിൽ അംഗമായിരുന്നു. ജഡ്ജിമാരെ നിയമിക്കുന്നതിൽ ഭരണകൂടത്തിന് കൂടുതൽ സ്വാധീനമുണ്ട് എന്ന ധാരണയിലായിരുന്നു കൊളീജിയം കൊണ്ടുവന്നത്. ഞാനും കൃഷ്ണയ്യരുമൊക്കെ ജഡ്ജിയാകുമ്പോൾ കൊളീജിയം ഇല്ല. ഹൈക്കോടതിയിൽ പുതിയ ജഡ്ജിയെ നിയമിക്കുമ്പോൾ ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിയുമായി ആലോചിക്കുമായിരുന്നു. മുഖ്യമന്ത്രി ഒരാളെ നിർദേശിച്ചാൽ, കൊള്ളാത്ത ആളാണെങ്കിൽ ചീഫ് ജസ്റ്റിസ് വിയോജിക്കും. എന്നാൽ, ചീഫ് ജസ്റ്റിസ് നിർദേശിക്കുന്നത് മുഖ്യമന്ത്രി പൊതുവിൽ നിരാകരിക്കുമായിരുന്നില്ല. ഈ സംവിധാനമാണ് നന്നായിരുന്നത്. കൊളീജിയം വന്ന ശേഷം ജഡ്ജിമാർ മാത്രമാണ് തീരുമാനം എടുക്കുന്നത്.

പൊതുജനങ്ങളുടെ അവസാനത്തെ പ്രതീക്ഷയായ കോടതികൾ അഴിമതിക്ക് വിധേയമായാൽ?

കോടതികൾ അഴിമതിക്ക് വിധേയമായാൽ കുഴഞ്ഞു പോകും. അഴിമതി രണ്ട് വിധത്തിലുണ്ട്: ഒന്ന് പണം, മറ്റൊന്ന് സ്വാധീനം. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഴിമതി നടത്താൻ കൂടുതൽ സാധിക്കുന്നത് ചീഫ് ജസ്റ്റീസ് ആകുമ്പോഴാണ്. സുപ്രീം കോടതിയിൽ ഒരു ജഡ്ജിക്ക് ഒറ്റക്ക് വിധിക്കാനാകില്ല. രണ്ടോ അതിലേറെയോ ജഡ്ജിമാർ വേണം. സഹജഡ്ജ് ആരായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് ചീഫ് ജസ്റ്റിസാണ്.  തന്റെ കൂടെ ആരാണ് ഇരിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസിന് തീരുമാനിക്കാം. ഇങ്ങനെ വരുമ്പോൾ അഴിമതിക്ക് ചാൻസ് വരാം. വളരെ  വിരളമായി ഇത് സംഭവിക്കാം. ഒട്ടും അഴിമതിയില്ലാത്തയാൾ ചീഫ് ജസ്റ്റിസ് ആയതിന് ശേഷം അഴിമതിക്കാരനാകാം.

റിട്ടയർമെന്റിന് ശേഷം ഗവർണർ പദവി പോലുള്ളവയൊന്നും താങ്കളെ തേടിയെത്തിയില്ലേ?

ഗവർണർ പദവി ഞാൻ സ്വീകരിക്കില്ലായിരുന്നു. ജയിലിൽ കിടക്കുന്നതു പോലെയാണ് ഗവർണർ സ്ഥാനം. രണ്ട് തവണ എനിക്ക് വൈസ് പ്രസിഡന്റാകാൻ ഓഫർ വന്നതാണ്.
ഒന്നാമത്തെ തവണ എനിക്ക് സമ്മതമായിരുന്നു. പക്ഷേ, ഞാൻ അതിന് മുൻകൈയെടുക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. മുൻകൈയെടുക്കാൻ  എനിക്ക് താൽപര്യമില്ലായിരുന്നു.
കോൺഗ്രസ് അധികാരത്തിലുള്ളപ്പോഴാണിത്. മനു അഭിഷേക് സിങ്്്വി എന്നെ വിളിച്ചു. ക്രൈസ്തവരിൽനിന്ന് ഇതുവരെ ഒരു പ്രസിഡന്റോ വൈസ് പ്രസിഡന്റോ വന്നിട്ടില്ലാത്തതിനാലായിരുന്നു പരിഗണന. നോർത്ത് ഇന്ത്യക്കാരൻ പ്രസിഡന്റും സൗത്ത് ഇന്ത്യക്കാരൻ വൈസ് പ്രസിഡന്റും ആവുക എന്ന ധാരണയും ഉണ്ടായിരുന്നു. ഇങ്ങനെയാണ് ഞാൻ ലിസ്റ്റിൽ വന്നത്. കോൺഗ്രസ് നിർദേശിക്കുന്നയാൾ പ്രസിഡന്റും മാർക്സിസ്റ്റ് പാർട്ടി നിർദേശിക്കുന്നയാൾ വൈസ് പ്രസിഡന്റും എന്നും ധാരണയുണ്ടായിരുന്നു. 'മാർക്സിസ്റ്റ് പാർട്ടിയെ കൊണ്ട് ഞാൻ പറയിക്കണം' എന്നതായിരുന്നു ആവശ്യം. ഇതെനിക്ക് സാധ്യമല്ലെന്ന് പറഞ്ഞു. രണ്ടാമത്തെ തവണ ആലോചന വന്നപ്പോൾ ഞാൻ പറ്റില്ലെന്ന് പറഞ്ഞു ഒഴിവായി. കാരണം, എനിക്കപ്പോഴേക്കും വയസ്സായിരുന്നു! വൈസ് പ്രസിഡന്റ് രാജ്യസഭയുടെ അധ്യക്ഷൻ കൂടിയാണ്. എനിക്കത് കഴിയില്ലായിരുന്നു. രണ്ട് തവണയും ജയിക്കാൻ സാധ്യതയുണ്ടായിരുന്നു. പിന്നീട്, നിയമ പരിഷ്കരണ സമിതിയുടെ അധ്യക്ഷനായി. പക്ഷേ, ശമ്പളമൊന്നും വാങ്ങാതെയാണ് ഞാൻ ഈ ചുമതല നിർവഹിച്ചത്. ഗവൺമെന്റ് തരുന്ന പെൻഷനുണ്ട്. ആർഭാടമില്ലാത്ത ജീവിതത്തിന് ഇത് മതിയല്ലോ. റിട്ടയർമെന്റിന് ശേഷം മറ്റു പദവികൾ സ്വീകരിക്കുന്നതിന് രണ്ട് ന്യായങ്ങളുണ്ടാകാം: ഒന്ന്, റിട്ടയർമെന്റ് നേരത്തെയാണ്. പ്രായം പിന്നെയും ഉള്ളതുകൊണ്ട് ജോലി ചെയ്യേണ്ടതുണ്ട്. രണ്ട്, ജീവിക്കാൻ പെൻഷൻ മാത്രം മതിയാകാത്ത അവസ്ഥ വരാം. റിട്ടയർ ചെയ്ത ജഡ്ജിക്ക് പിന്നീട് ഒരു കോടതിയിലും വക്കീലായി ജോലി ചെയ്യാനും കഴിയില്ല. ആർബിറ്ററേഷൻ കേൾക്കുന്ന ജഡ്ജിയായി തുടരാം എന്നു മാത്രം.

റിട്ടയർമെന്റിന് ശേഷം പദവികളിൽ നോട്ടമിടുന്നത് അഴിമതിക്ക് കാരണമാകില്ലേ?

നിങ്ങൾ പറഞ്ഞതിൽ കാര്യമുണ്ട്. സുപ്രീം കോടതിയിൽനിന്ന് ഞാൻ റിട്ടയർ ചെയ്യാൻ ഒരു വർഷം ബാക്കിയുള്ളപ്പോൾ, റിട്ടയർമെന്റിന് ശേഷം ഒരു പോസ്റ്റിൽ എനിക്ക് നോട്ടമുണ്ടെങ്കിൽ, എന്റെ വിധിയെ അത് സ്വാധീനിച്ചിട്ടുണ്ടെന്ന് ജനങ്ങൾക്ക് തോന്നിയേക്കും. സുപ്രീം കോടതിയിൽ അത് നടക്കില്ലെന്നത് വേറെ കാര്യം. കാരണം, അവിടെ ഒരാൾക്ക് മാത്രമായി വിധി പറയാൻ പറ്റില്ല.

ആരാധനാലയങ്ങളുടെ അവകാശം സംബന്ധിച്ച സ്റ്റാറ്റസ്കോ നിലനിർത്തണമെന്ന്  നിയമമുണ്ടല്ലോ ഇന്ത്യയിൽ. ഇതിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നത്  ആശങ്കാജനകമല്ലേ?

ബി.ജെ.പി അത്തരമൊരു ശ്രമം നടത്തുന്നുണ്ട്. ഇത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. പ്ലെയ്സസ് ഓഫ് വേർഷിപ്പ് ആക്ട് നല്ല നിയമമാണ്. ഈ ആക്ട് മാറ്റാൻ ബി.ജെ.പി ശ്രമിക്കുന്നതായി പത്രത്തിൽ കാണുന്നുണ്ട്. ഒരു കൂട്ടരുടെ ആരാധനാലയം മറ്റൊരു വിഭാഗം പിടിച്ചെടുക്കുന്നത് പ്രാകൃതമല്ലേ? ഞാൻ പോകാറുള്ളത് കോട്ടയത്തെ യറൂസലേം പള്ളിയിലാണ്. അത് മറ്റൊരു വിഭാഗം പിടിച്ചെടുക്കുകയെന്ന് പറഞ്ഞാൽ! ഇത് സംസ്കാരമുള്ള സമൂഹത്തിന് ചേരുന്നതല്ല. പ്ലെയ്സസ് ഓഫ് വേർഷിപ്പ് ആക്ട് മാറ്റണമെന്ന് പറയുന്നതല്ലാതെ, ഇതുവരെ ചെയ്തിട്ടില്ല. പക്ഷേ, പാർലമെന്റ് പാസാക്കിയാൽ എന്ത് ചെയ്യും!

ജമാഅത്തെ ഇസ്്ലാമിയുടെ നിരോധം നീക്കിയ വിധി പ്രസ്താവിച്ചത് താങ്കളായിരുന്നല്ലോ. എന്തായിരുന്നു അതിലെ സമീപനങ്ങൾ?

ജമാഅത്തെ ഇസ്്ലാമിയുടെ നിരോധം നിയമപരമായി തെറ്റായിരുന്നു. അതുകൊണ്ടാണ് നിരോധം നീക്കിയത്. ഞാൻ ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് കേസ്. ജമാഅത്തെ ഇസ്്ലാമിയെ നിരോധിച്ചതിന് പ്രത്യക്ഷമായ കാരണങ്ങൾ പറയണം. യുക്തിസഹമായി പരിശോധിക്കുമ്പോൾ അത് നിലനിൽക്കുമായിരുന്നില്ല. അതുകൊണ്ടാണ് ഞാൻ നിരോധം നീക്കിയത്. നിരോധം പ്രഖ്യാപിച്ചാൽ, നടപ്പാക്കുന്നതിന് മുമ്പ് ട്രൈബ്യൂണൽ പരിശോധിച്ച് അംഗീകരിക്കണം. ട്രൈബ്യൂണലാണ് തീരുമാനമെടുക്കേണ്ടത്. ഓർഡിനൻസ് കൊണ്ടുള്ള നിരോധനം നടപ്പാകാൻ ട്രൈബ്യൂണലിന്റെ അംഗീകാരം വേണം. തെളിവുകൾ ശേഖരിച്ച ശേഷമാണ് ട്രൈബ്യൂണൽ പരിശോധന നടത്തുക. അത്തരമൊരു പരിശോധനക്ക് മുമ്പുതന്നെ ജമാഅത്തിന്റെ നിരോധം നടപ്പാക്കിയിരുന്നു. ട്രൈബ്യൂണൽ തീരുമാനമെടുക്കുന്നതു വരെ നിരോധം തുടരാം. പക്ഷേ, ഇടക്കാലത്ത് നിരോധം വേണം എന്നുള്ളതിന് കാരണങ്ങൾ പ്രത്യേകം പറയണം. ഇത്തരമൊരു കാരണവും ജമാഅത്ത് നിരോധത്തിൽ പറഞ്ഞിട്ടില്ലായിരുന്നു. ഭരണഘടനയുടെ ആർട്ടിക്ക്ൾ 19-ൽ റൈറ്റ് ടു അസംബ്ൾ ആന്റ് അസോസിയേറ്റ് ഉണ്ടല്ലോ.

ജമാഅത്തിന്റെ ഭരണ ഘടനയും പുസ്തകങ്ങളും സാർ പരിശോധിച്ചിട്ടുണ്ടാകുമല്ലോ?

പരിശോധിച്ചിട്ടുണ്ട് എന്നാണ് എന്റെ ഓർമ. വിധി പറഞ്ഞു കഴിഞ്ഞപ്പോൾ ചിലരൊക്കെ സൂചിപ്പിച്ചു; അബ്ദുൽ ഖാദറിന്റെ സ്വാധീനത്തിൽ ചെയ്തതാണെന്ന്! അബ്ദുൽ ഖാദർ അറിഞ്ഞിട്ട് പോലും ഉണ്ടായിരുന്നില്ല. അബ്ദുൽ ഖാദർ എന്റെ മനസ്സിലെ ഒരു രൂപമായിരുന്നു. ഒരു നല്ല ജമാഅത്തെ ഇസ്്ലാമിക്കാരൻ എങ്ങനെയാണ് എന്നതിന് എനിക്കൊരു ഉദാഹരണമായിരുന്നു. അദ്ദേഹത്തിന്റെ മകന്റെ കല്യാണത്തിന് 250 പേരെ മാത്രമേ ക്ഷണിച്ചുള്ളൂ. രണ്ട് ഭാഗത്തുനിന്നും കൂടിയാണിത്! ആ 250-ൽ ഞാനും ഉൾപ്പെട്ടു. പൊന്നാനിയിൽ വെച്ചായിരുന്നു കല്യാണം. ഞങ്ങൾ പൊന്നാനിയിൽ ചെന്നു. കല്യാണം കഴിഞ്ഞപ്പോൾ, ആർഭാടം ഒഴിവാക്കി നടത്തിയതുകൊണ്ട് മിച്ചം വന്ന ഒന്നു രണ്ടു ലക്ഷം രൂപ അനാഥാലയത്തിനും മറ്റും നൽകുകയായിരുന്നു. എന്റെ മുമ്പിൽവെച്ചാണ് ആ പണം ഒരു കവറിൽ കൈമാറിയത്. ഇതൊക്കെ ജമാഅത്തെ ഇസ്്ലാമിയുടെ നല്ല തത്ത്വത്തിന്റെ ഭാഗമാണ്. l

 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 87-89
ടി.കെ ഉബൈദ്‌

ഹദീസ്‌

ദിക്റുകളുടെ ചൈതന്യം, പ്രാധാന്യം
ഡോ. മുഹമ്മദ് പാണ്ടിക്കാട്