Prabodhanm Weekly

Pages

Search

2023 മാർച്ച് 10

3293

1444 ശഅ്ബാൻ 17

ഏറെ ദൂരം സഞ്ചരിക്കാന്‍ ആവേശം നല്‍കുന്ന കേരള പര്യടനം

നജാത്തുല്ല പറപ്പൂര്‍

ഇണങ്ങിയും പിണങ്ങിയും കേരളത്തോടൊപ്പം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സഞ്ചാരത്തിന് എഴുപത്തിയഞ്ച് വര്‍ഷം. മലയാളിയുടെ ഹൃദയഭാവത്തെ അറിയാനും അറിയിക്കാനുമായിരുന്നു ജമാഅത്തെ ഇസ്്ലാമി സംസ്ഥാന അധ്യക്ഷന്‍ എം.ഐ  അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ 2023 ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ ഒരു മാസക്കാലം നീണ്ട യാത്ര. കാസര്‍കോട്ട് നിന്ന് തുടങ്ങിയ യാത്ര തിരുവനന്തപുരത്താണ് അവസാനിച്ചത്. രാഷ്ട്രീയ നേതാക്കള്‍, മതപണ്ഡിതർ, മതനേതാക്കൾ, സാഹിത്യകാരന്‍മാര്‍, സിനിമാ പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, എഴുത്തുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍, വ്യാപാരികൾ, വ്യവസായികൾ, ആക്ടിവിസ്റ്റുകള്‍, നിയമ വിദഗ്ധര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ ജമാഅത്തെ ഇസ്‌ലാമിയെ എങ്ങനെ വിലയിരുത്തുന്നു, ജമാഅത്തിന്റെ സന്ദേശം എങ്ങനെയാണ് കേരളത്തില്‍ പ്രതിധ്വനിച്ചത് എന്നറിയുകയായിരുന്നു യാത്രയുടെ ഉള്ളടക്കങ്ങളിലൊന്ന്- പ്രസ്ഥാനം സ്വയം നടത്തുന്ന സോഷ്യല്‍ ഓഡിറ്റിങ്. ഫാഷിസ്റ്റ് കാലത്ത് നാടിനെയും നാട്ടുകാരെയും എങ്ങനെ നയിക്കാം എന്നതിന് ജമാഅത്ത് സമര്‍പ്പിക്കുന്ന കര്‍മപരിപാടികൾ അവര്‍ കേട്ടു; അവരുടെ ആശയങ്ങള്‍, പ്രതീക്ഷകള്‍, ആശങ്കകള്‍ ജമാഅത്തും.
പ്രധാനമായും നാല് രൂപത്തിലുള്ള പരിപാടികളാണ് വാര്‍ത്താ, പ്രചാരണ ചമയങ്ങളില്ലാതെ ജില്ലകളില്‍ സംഘടിപ്പിക്കപ്പെട്ടത്. രാവിലെയും ഉച്ചയ്ക്കും പ്രസ്ഥാന പ്രവര്‍ത്തകരുടെ വീടുകളില്‍ പ്രമുഖരുടെ ഒത്തുകൂടലുകളായിരുന്നു ഒന്നാമത്തേത്. ഉപചാരങ്ങളില്ലാതെ ഹല്‍ഖാ അമീര്‍ പറഞ്ഞു തുടങ്ങും; ജമാഅത്തിന്റെ ആദര്‍ശത്തെ സംബന്ധിച്ച്, ലക്ഷ്യത്തെയും പ്രവര്‍ത്തന മാര്‍ഗത്തെയും കര്‍മപദ്ധതികളെയും കുറിച്ച്. തുടര്‍ന്ന് അതിഥികള്‍ പലരായി ആ സംസാരത്തെ നയിക്കും. അഭിനന്ദനങ്ങളും സന്ദേഹങ്ങളും ഇഴകീറിയ നിരൂപണങ്ങളും കടുത്ത വിമര്‍ശനങ്ങളും ഉപദേശങ്ങളുമെല്ലാം ആ ചർച്ചയിലുണ്ടാവും. 
    ഓഫീസുകളിലും അരമനകളിലും വീടുകളിലും വെച്ചുള്ള വ്യക്തിഗത കൂടിക്കാഴ്ചകളായിരുന്നു രണ്ടാമത്തെ ഇനം. മുതിര്‍ന്ന എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും സമുദായ നേതാക്കളുമെല്ലാം ഇതിലുള്‍പ്പെടുന്നു. കേരളത്തിൽ ഇടതുപക്ഷ സാംസ്‌കാരിക പ്രതലത്തിനപ്പുറത്ത് കൂടുതല്‍ മാനവികവും ജൈവികവും മൂല്യാധിഷ്ഠിതവുമായ സാംസ്‌കാരിക ഭൂമികയ്ക്ക് പ്രസക്തിയുണ്ടെന്ന നിരീക്ഷണം അവരിൽ പലരില്‍നിന്നും ഉയര്‍ന്നത് ശ്രദ്ധേയമായി. എം. മുകുന്ദന്‍, കെ. സച്ചിദാനന്ദന്‍, വി.കെ ശ്രീരാമന്‍, തോമസ് ജേക്കബ്, ജസ്റ്റിസ് കെ.ടി തോമസ്, കൈതപ്രം, വാണിദാസ് എളയാവൂര്‍, സി.വി ബാലകൃഷ്ണന്‍ തുടങ്ങി നിരവധി പേരുമായി സംവദിച്ചു. 
രാഷ്ട്രീയ നേതാക്കളോടും ജനപ്രതിനിധികളോടും സംഘം സംസാരിച്ചു. വേദികളിലെ ബഹള-ഓളങ്ങളല്ല, ചേര്‍ന്നിരിക്കുമ്പോള്‍. പച്ചയായ മനുഷ്യര്‍. രാഷ്ട്രീയത്തിലേക്ക് തള്ളിവിട്ട സാമൂഹിക സാഹചര്യം മുതല്‍ മോഹത്തെ കുറിച്ചും മോഹഭംഗത്തെ കുറിച്ചും അവര്‍ ഉള്ളുതുറന്നു. തെരഞ്ഞെടുപ്പിന്റെയും കക്ഷിരാഷ്ട്രീയത്തിന്റെയും ആരവങ്ങളില്‍നിന്ന് മാത്രം ജമാഅത്തെ ഇസ്‌ലാമിയെ നോക്കിക്കണ്ടവരും അതിസൂക്ഷ്മമായി ജമാഅത്തിനെ മനസ്സിലാക്കിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. 
ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശവും ലക്ഷ്യവുമാണ് അതിന്റെ തെരഞ്ഞെടുപ്പ് നയങ്ങളെയും മാധ്യമ നിലപാടുകളെയും രൂപപ്പെടുത്തുന്നത്, ജമാഅത്ത് വോട്ട് ചെയ്തത് അതിന്റെ നിലപാടുകള്‍ക്കായിരുന്നു, ഇരു മുന്നണികളും കക്ഷികളും അതിന്റെ ഗുണവും ദോഷവും അനുഭവിച്ചിട്ടുണ്ട് എന്നതിനപ്പുറത്ത് ജമാഅത്തിന് പക്ഷമില്ലെന്ന് ജമാഅത്ത് നേതാക്കള്‍ അവരോട് വിശദീകരിച്ചു. വി.ഡി സതീശന്‍, കെ. സുധാകരന്‍, കെ. മുരളീധരന്‍,  ജി. സുധാകരന്‍, പി.ജെ ജോസഫ്, വെള്ളാപ്പള്ളി നടേശന്‍, അഡ്വ. വിദ്യാസാഗര്‍ തുടങ്ങി കോണ്‍ഗ്രസ് നേതാക്കളും സി.പി.എമ്മിലെയും സി.പി.ഐയിലെയും മുതിര്‍ന്ന നേതാക്കളുമെല്ലാം ഏറെ ഹൃദ്യമായാണ് സംഘത്തെ സ്വീകരിച്ചതും കേട്ടതും.
മുസ്‌ലിം, ഹൈന്ദവ, ക്രൈസ്തവ മത നേതാക്കളെയും സന്ദര്‍ശിച്ചു. മതസമൂഹങ്ങള്‍ തമ്മില്‍ അടുത്ത കാലത്തായി രൂപപ്പെട്ട അകല്‍ച്ചയും അതിനു പിന്നിലെ രാഷ്ട്രീയ താല്‍പര്യങ്ങളും വസ്തുതാ വിരുദ്ധ പ്രസ്താവനകളും പ്രചാരണങ്ങളും പരാമര്‍ശിക്കപ്പെട്ടു. ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, സോഷ്യല്‍ മീഡിയയിലെ വെറുപ്പുല്‍പാദനം, ബൈബിളും ഖുര്‍ആനും കത്തിക്കല്‍, ആഗോള ഭീകരവാദം, ഐ. എസ്.ഐ.എസ്, സാമ്രാജ്യത്വ -അധിനിവേശ താല്‍പര്യങ്ങൾ - ഇവയെല്ലാം വിഷയീഭവിച്ചു. ആഗോള തലത്തിലെ ഇസ്‌ലാമോഫോബിയയും ഇസ്‌ലാം വിരുദ്ധ  മാധ്യമ പ്രചാരണങ്ങളും സമൂഹത്തിന്റെ അഭിപ്രായരൂപവത്കരണം നടത്തുന്നവരെ എത്രമേല്‍ സ്വാധീനിക്കുന്നുവെന്ന് ഈ കൂടിക്കാഴ്ചകള്‍ ബോധ്യപ്പെടുത്തി. ബിഷപ്പുമാരായ ജോസഫ് പമ്പലാനി (കണ്ണൂര്‍), മലയില്‍ സാബു കോശി ചെറിയാന്‍ (കോട്ടയം), റാഫേല്‍ ആനപ്പറമ്പില്‍ (ആലപ്പുഴ), ജോര്‍ജ് ഉമ്മന്‍ (കൊല്ലം), ജോര്‍ജ് ആന്റണി മുല്ലശ്ശേരി (കൊല്ലം), ഗീ വര്‍ഗീസ് മാര്‍ കുറിലോസ്(നിരണം), സാമുവല്‍ ഇറാനിസ് (പത്തനംതിട്ട), ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധര്‍മ ചൈതന്യ എന്നിവരുമായും മറ്റു നിരവധി പേരുമായും ദീര്‍ഘ സംസാരങ്ങള്‍ നടന്നു.
    പര്യടനത്തിന്റെ ഭാഗമായി ജാമിഅ അബുസ്സുഊദ് (തൊടുപുഴ), ബാഖിയാത്തുസ്സ്വാലിഹാത്ത് കോളേജ് (കാഞ്ഞാര്‍), ഫൗസിയ ഹിഫ്ള് കോേളജ് (ഈരാറ്റുപേട്ട), ദാറുല്‍ ഹുദാ അറബിക് കോേളജ് (നിലമേല്‍, കൊല്ലം), സെന്റ് ജോസഫ് പോന്റിഫിക്കല്‍ സെമിനാരി (ആലുവ), ഐനുല്‍ മആരിഫ് അക്കാദമി ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് (കണ്ണൂര്‍), യതീം ഖാന അറബിക് ആന്റ് ഹിഫ്ളുൽ ഖുര്‍ആന്‍ കോേളജ് (വായ്പൂര്‍, പത്തനംതിട്ട), പന്മന ചട്ടമ്പി സ്വാമികള്‍ ആശ്രമം എന്നീ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും സ്ഥാപന മേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരുമായി സംവദിക്കുകയും ചെയ്തു.
വൈകുന്നേരങ്ങളില്‍ നടന്ന സൗഹൃദ സംഗമങ്ങളോടെയാണ് ഓരോ ദിവസത്തെയും പരിപാടികള്‍ സമാപിച്ചത്. ജമാഅത്തിനെ എങ്ങനെ അനുഭവിക്കുന്നു എന്നറിയാനും നിര്‍ദേശങ്ങള്‍ പങ്കുവെക്കാനുമായി ക്ഷണിക്കപ്പെട്ട ഓരോ ജില്ലയിലെയും സമുദായത്തിലെ പ്രമുഖരാണ് സംഗമത്തിനെത്തിയത്. ജമാഅത്തെ ഇസ്‌ലാമിയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഹല്‍ഖാ അമീറിന്റെ അര മണിക്കൂറില്‍ കുറഞ്ഞ സംസാരത്തിന് ശേഷം സദസ്സിനുള്ള അവസരമായിരുന്നു. അവരുടെ അനുഭവത്തിലുള്ള ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച്, അതിന്റെ ആശയങ്ങളെയും നിലപാടുകളെയും കുറിച്ച്,  പ്രവര്‍ത്തകരെ കുറിച്ച് ഓരോരുത്തരായി പറഞ്ഞുതുടങ്ങി. അതിരുകള്‍ നിര്‍ണയിക്കാത്ത ചര്‍ച്ചയായിരുന്നെങ്കിലും വലിയ ജാഗ്രതയോടെ, അനുക്രമമായി അത് വികസിച്ചു. പ്രസ്ഥാനത്തിന്റെ ആശയാദര്‍ശങ്ങളോട് പൂര്‍ണമായും വിയോജിച്ചുകൊണ്ടുതന്നെ, ചെറിയ പ്രവര്‍ത്തക വ്യൂഹംകൊണ്ട് സംഘടിപ്പിക്കപ്പെടുന്ന വിപുലമായ പ്രവര്‍ത്തനങ്ങളില്‍ വിസ്മയിക്കുന്നവര്‍, മാധ്യമ സംരംഭങ്ങളെ അഭിമാനമായി കരുതുന്നവര്‍, മാധ്യമങ്ങളിലെ സ്ഖലിതങ്ങളില്‍ അമര്‍ഷമുള്ളവർ, തത്ത്വാധിഷ്ഠിത നിലപാടുകളെ തെറ്റിദ്ധരിച്ചവർ, രാഷ്ട്രീയ ചുവടുവെപ്പുകള്‍ ശരിയായില്ലെന്നു വിധിക്കുന്നവര്‍, സംഘ് പരിവാറിനെ വളര്‍ത്തുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ടെന്നും തൗഹീദിന് പ്രാധാന്യം നല്‍കുന്നില്ലെന്നും മനസ്സിലാക്കുന്നവര്‍, തെരഞ്ഞെടുപ്പ് നയങ്ങള്‍ ഇപ്പോള്‍ മാത്രമാണ് ശരിയിലേക്ക് വന്നത് എന്നഭിപ്രായമുള്ളവര്‍, സംഘടനയുടെ രൂപവത്കരണത്തെ തന്നെ ചോദ്യം ചെയ്യുന്നവര്‍, ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ച് ഒന്നുമറിയില്ലെന്ന് വിനയപൂര്‍വം അറിയിച്ചവര്‍, ആത്മീയത പോരെന്ന് ചൂണ്ടിക്കാട്ടിയവര്‍, സമുദായത്തിനകത്തെ സംഘടനാ പക്ഷപാതിത്വങ്ങളില്‍ പരിതപിക്കുന്നവര്‍, സമുദായ നേതൃത്വം ജമാഅത്ത് ഏറ്റെടുക്കണം; ജമാഅത്തിനേ അത് കഴിയൂ എന്നും ആവേശം കൊണ്ടവര്‍, സോഷ്യൽ മീഡിയയിലെ സമുദായ പ്രതിനിധാനത്തെ കുറിച്ച് ആകുലപ്പെടുന്നവര്‍, ഇത്രയേറെ പ്രവര്‍ത്തിച്ചിട്ടും ജനകീയമാകാത്തതെന്തെന്ന് ആശ്ചര്യപ്പെടുന്നവര്‍... ഇങ്ങനെ പലതരം വിലയിരുത്തലുകളുണ്ടായി.
സമാപന പ്രഭാഷണം നിര്‍വഹിച്ചത് അസിസ്റ്റന്റ് അമീര്‍ പി. മുജീബുർറഹ്്മാൻ / ജനറല്‍ സെക്രട്ടറി വി.ടി അബ്ദുല്ലക്കോയ തങ്ങൾ ആയിരുന്നു. വിമര്‍ശനങ്ങളെയും അഭിപ്രായങ്ങളെയും അഭിവാദ്യം ചെയ്തും, തെറ്റിദ്ധാരണകൾ തിരുത്തിയും, പരിമിതികള്‍ പങ്കുവെച്ചും അവർ സംസാരിച്ചു. 
കണ്ണൂര്‍, തലശ്ശേരി, പാപ്പിനിശ്ശേരി, കാസർകോട്, പടന്ന,  കാക്കവയല്‍, കുന്ദമംഗലം, കോഴിക്കോട് സിറ്റി, മഞ്ചേരി, തിരൂരങ്ങാടി, പാലക്കാട്, പട്ടാമ്പി, മണ്ണാര്‍ക്കാട്, തൃശൂര്‍, ചാവക്കാട്, പെരുമ്പിലാവ്, തൊടുപുഴ, കാഞ്ഞാര്‍, കോട്ടയം, ഈരാറ്റുപേട്ട, പത്തനംതിട്ട, തിരുവല്ല, ആലപ്പുഴ, പുന്നപ്ര, കരുനാഗപ്പള്ളി, കൊല്ലം എന്നിവിടങ്ങളിലാണ് സൗഹൃദ സംഗമങ്ങള്‍ നടന്നത്. സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവരോട് സംവദിച്ചപ്പോള്‍ വലിയ തിരിച്ചറിവും ആവേശവുമാണ് തിരികെ ലഭിച്ചത്. l


എന്തിന് സംഗമിക്കുന്നു?

ഈ സംഗമത്തിന് രണ്ടുദ്ദേശ്യങ്ങളുണ്ട്: ഒന്ന്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദിനെ നിങ്ങളെങ്ങനെ മനസ്സിലാക്കുന്നു എന്നറിയണം. രണ്ട്, രാജ്യം അനുഭവിക്കുന്ന പ്രതിസന്ധികളെ നമുക്കെങ്ങനെ അതിജീവിക്കാനാവും എന്നാലോചിക്കണം.
ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശം ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂലുല്ലാഹ് ആണ്; ലക്ഷ്യം ഇഖാമത്തുദ്ദീനും. ഇസ്‌ലാം മനുഷ്യജീവിതത്തിന്റെ എല്ലാ തലങ്ങളിലും മാര്‍ഗദര്‍ശനം ചെയ്യുന്നു. ഇഹലോകത്തെയും മരണാനന്തര ജീവിതത്തിലെയും വിജയത്തിനുള്ള വഴി ഇസ്‌ലാം മാത്രമാണ്. ഇത് സമൂഹത്തെ പ്രബോധനം ചെയ്യുകയാണ് അല്ലാഹുവിന്റെ ദൂതന്‍മാര്‍ നിര്‍വഹിച്ചത്. ആ പാത പിന്തുടരാന്‍ മുസ്‌ലിം സമുദായം ബാധ്യസ്ഥമാണ്.
ഈ ദൗത്യം പ്രവാചകന്‍മാര്‍ സ്വീകരിച്ച അതേ മുന്‍ഗണനാക്രമത്തോടെയും പ്രാധാന്യത്തോടെയും ജമാഅത്തെ ഇസ്‌ലാമി നടപ്പാക്കുന്നു. സമാധാനപരവും സൃഷ്ടിപരവുമായ പ്രവര്‍ത്തനങ്ങളേ ജമാഅത്ത് സ്വീകരിക്കുകയുള്ളൂ.
ഇസ്‌ലാമിനെ പരിചയപ്പെടുത്താന്‍ വിവിധങ്ങളായ പരിപാടികളാണ് ജമാഅത്ത് ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്.
ഇസ്‌ലാമിന്റെ ജീവിത മാതൃകകളായിത്തീരേണ്ടവരാണ് മുസ്‌ലിം സമുദായം. അതിനവരെ പ്രാപ്തരാക്കുന്നതിനുള്ള സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
നമ്മുടെ രാജ്യത്ത് മുസ്‌ലിംകളും മറ്റു പിന്നാക്ക സമുദായങ്ങളും അനുഭവിക്കുന്ന അനീതിക്കെതിരെയുള്ള പോരാട്ടം ജമാഅത്തിന്റെ ഒരജണ്ടയാണ്. അവരുടെ അവകാശ, താല്‍പര്യ സംരക്ഷണത്തിന് വേണ്ടിയും തുല്യ നീതിക്ക് വേണ്ടിയും ജമാഅത്ത് പ്രവര്‍ത്തിക്കുന്നു. വലിയ അധ്വാനം ചെലവഴിച്ച് മാധ്യമ മേഖലയില്‍ ജമാഅത്ത് പ്രവര്‍ത്തിക്കുന്നത് ഈ ഉദ്ദേശ്യം കൂടി മുന്നിൽവെച്ചാണ്.
മത, ജാതി, ഭാഷാ, ദേശ ഭേദമന്യേ ജനസേവനരംഗത്ത് വിപുലമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. കേരളത്തിലും ഉത്തരേന്ത്യന്‍ ദരിദ്ര ഗ്രാമങ്ങളിലും അതിന്റെ ധാരാളം ഉദാഹരണങ്ങള്‍ കാണാം.
ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം സാക്ഷാല്‍ പ്രേരകം ജനങ്ങളോടുള്ള ഗുണകാംക്ഷയും അല്ലാഹുവിന്റെ പ്രീതിയെ സംബന്ധിച്ച പ്രതീക്ഷയും മാത്രമാണ്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 84-86
ടി.കെ ഉബൈദ്‌

ഹദീസ്‌

ജനങ്ങളിലേറ്റം നിന്ദ്യരായവർ
ഡോ. മുഹമ്മദ് പാണ്ടിക്കാട്