Prabodhanm Weekly

Pages

Search

2023 മാർച്ച് 10

3293

1444 ശഅ്ബാൻ 17

മനോഹരമാണ് ഇസ്്ലാമിലെ ഭക്ഷണ സംസ്‌കാരം

സി.എസ് ശാഹിൻ

നിങ്ങള്‍ ആശുപത്രി വരാന്തകളിലൂടെ സഞ്ചരിക്കാറില്ലേ? കാന്‍സര്‍ വാര്‍ഡുകള്‍ സന്ദര്‍ശിക്കാറില്ലേ? ഡയാലിസിസ് കേന്ദ്രങ്ങളില്‍ പോകാറില്ലേ? വേദന തിന്ന് ജീവിക്കുന്ന എത്രയെത്ര ശരീരങ്ങള്‍. മാരക രോഗങ്ങളാല്‍ ദേഹം ദുര്‍ബലമായിപ്പോയവര്‍. അസഹനീയമായ വേദനയില്‍നിന്നുയരുന്ന രോദനങ്ങള്‍. അങ്ങേയറ്റത്തെ അവശതയില്‍നിന്ന് ഒഴുകിയൊലിക്കുന്ന കണ്ണീരുകള്‍. നാം സ്തംഭിച്ചു പോകുന്ന കാഴ്ചകള്‍. രുചികരമായ ഭക്ഷണ വിഭവങ്ങളൊന്നും വേണ്ടതില്ല, കഞ്ഞി കുടിച്ച് ജീവിക്കാം; ആരോഗ്യമൊന്ന് തിരിച്ചു കിട്ടിയെങ്കില്‍ എന്നാശിച്ച് കിടക്കുന്നവര്‍. ജീവിക്കുന്നേടത്തോളം കാലം ആരോഗ്യത്തോടെ ജീവിക്കാന്‍ സാധിച്ചാല്‍ മതിയായിരുന്നുവെന്ന് ആ കാഴ്ചകള്‍ കാണുമ്പോള്‍ നാം അറിയാതെ പറഞ്ഞു പോകും. ജീവിക്കുന്നേടത്തോളം കാലം ആരോഗ്യത്തോടെ ജീവിക്കുക; ഇസ്്ലാമിലെ ഭക്ഷണ സംസ്‌കാരത്തിന്റെ അകക്കാമ്പാണ് ഈ കാഴ്ചപ്പാട്.
ആരോഗ്യം, ആസ്വാദനം എന്നിവ ഭക്ഷണത്തിന്റെ രണ്ട് ഉദ്ദേശ്യങ്ങളാണ്. ഇവ രണ്ടും ഇസ്്ലാം പരിഗണിക്കുന്നു. ഒന്ന് മറ്റൊന്നിന് തടസ്സമാകുന്നില്ല.  തടസ്സമാകുന്നുണ്ടെങ്കില്‍ നമ്മുടെ ഭക്ഷണ ശീലത്തില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് മനസ്സിലാക്കണം. ആരോഗ്യത്തിനു വേണ്ടി ആസ്വാദനത്തെ ഉപേക്ഷിക്കേണ്ടതില്ല. ആസ്വാദനത്തിനു വേണ്ടി ആരോഗ്യത്തെ ബലികഴിക്കുകയും ചെയ്യരുത്. ആരോഗ്യത്തിന് ഹാനികരമാകുന്ന ഇടം മുതല്‍ ഭക്ഷണാസ്വാദനത്തിന്റെ പരിധി അവസാനിക്കുന്നു.
ഭൂമിയിലുള്ള വിഭവങ്ങളെല്ലാം മനുഷ്യര്‍ക്ക് വേണ്ടിയാണ് സൃഷ്ടിച്ചതെന്ന് അല്ലാഹു പറയുന്നു(അല്‍ബഖറ 29). ഈ ഖുര്‍ആന്‍ വചനത്തിലൂടെ ആസ്വാദനത്തിന്റെ സാധ്യതകള്‍ ഇസ്്ലാം തുറന്നുവെക്കുന്നുണ്ട്. രുചികരമായ എത്രയെത്ര വിഭവങ്ങളെ കുറിച്ചാണ് ഖുര്‍ആന്‍ ആകര്‍ഷണീയമായി സംസാരിക്കുന്നത്! പാല്‍, തേന്‍, ഈത്തപ്പഴം, മുന്തിരി, റുമ്മാന്‍, ആട്-മാട്-ഒട്ടക മാംസങ്ങള്‍, കടല്‍ മത്സ്യങ്ങള്‍, പക്ഷിയിറച്ചി, പച്ചക്കറികള്‍.... മനുഷ്യന് ഭക്ഷിക്കാനായി ഭൂമിയില്‍ ഒരുക്കിവെച്ച ഇത്തരം വിഭവങ്ങളെ അനുഗ്രഹമായി അല്ലാഹു എടുത്തു പറയുകയാണ്.
ഇസ്്ലാമില്‍ എന്തൊക്കെ കഴിക്കാന്‍ പറ്റും? എല്ലാം കഴിക്കാം. രണ്ട് നിബന്ധനകള്‍ പാലിക്കണമെന്ന് മാത്രം. ഹലാല്‍, ത്വയ്യിബ് എന്നിവയാണ് ആ രണ്ട് നിബന്ധനകള്‍. അല്ലാഹു പറയുന്നു: "അല്ലയോ ജനങ്ങളേ, ഭൂമിയില്‍നിന്ന് ഹലാലായതും ത്വയ്യിബായതും നിങ്ങള്‍ തിന്നുകൊള്ളുക"(അല്‍ബഖറ 168). ലളിതമാണ് ഇസ്്ലാമിലെ ഭക്ഷണ നിയമം; ആഴമേറിയതുമാണ്. ഹലാല്‍, ത്വയ്യിബ് എന്നീ രണ്ട് വാക്കുകളിലൂടെ ഭക്ഷണ മേഖലയുമായി ബന്ധപ്പെട്ട വിശാലമായ ആശയങ്ങള്‍ ഇസ്്ലാം പങ്കുവെക്കുന്നു.
എന്താണ് ഹലാല്‍ എന്ന ചോദ്യത്തെക്കാള്‍ ഉചിതം എന്തല്ല ഹലാല്‍ എന്ന ചോദ്യമാണ്. കാരണം, അല്ലാഹുവും റസൂലും നിഷിദ്ധമാക്കിയത് ഒഴികെയുള്ളതെല്ലാം ഹലാലാണ്. നിഷിദ്ധമായത് ഏതൊക്കെയാണെന്ന് അല്ലാഹുവും റസൂലും കൃത്യമായി പറഞ്ഞിട്ടുമുണ്ട്. മോഷണം, ചൂഷണം, തട്ടിപ്പ്, വെട്ടിപ്പ്, കച്ചവടത്തില്‍ കൃത്രിമം, ഇടപാടില്‍ നുണ, അഴിമതി, കൈക്കൂലി തുടങ്ങിയ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് തയാറാക്കിയ ഭക്ഷണം ഹലാലല്ല. ചില വിഭവങ്ങളെ നേർക്കുനേരെ ഇസ്്ലാം നിഷിദ്ധമാക്കിയിട്ടുമുണ്ട്. മദ്യം, മറ്റു ലഹരി വസ്തുക്കള്‍, രക്തം, പന്നിമാംസം, അറുക്കപ്പെടാതെ ചത്തത് (സ്വാഭാവികമായി ചത്തത്, കുത്തേറ്റോ ശ്വാസം മുട്ടിയോ വീണോ ചത്തത്, വന്യമൃഗങ്ങള്‍ കടിച്ചു കൊന്നത്, അടിച്ചോ കഴുത്ത് ഞെരിച്ചോ കൊന്നത്), അല്ലാഹു അല്ലാത്തവരുടെ പേരില്‍ നേര്‍ച്ചയാക്കിയ വിഭവങ്ങള്‍, വിഗ്രഹങ്ങള്‍ക്ക് മുമ്പില്‍ അറുക്കപ്പെട്ടവ തുടങ്ങിയവയാണവ. അഥവാ, വായില്‍ വെക്കുന്ന ഒരു ഉരുള ഭക്ഷണത്തില്‍ വഞ്ചനയുടെ അംശമോ അശുദ്ധിയുടെ കലര്‍പ്പോ ഉണ്ടാകരുത് എന്ന സന്ദേശമാണ് ഹലാല്‍ എന്ന തത്ത്വത്തിലൂടെ ഇസ്്ലാം മനുഷ്യരെ പഠിപ്പിക്കുന്നത്.
രണ്ടാമത്തെ നിബന്ധനയായ 'ത്വയ്യിബ്' വിശാലമായ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആശയമാണ്. ത്വയ്യിബ് എന്നാല്‍ ആരോഗ്യത്തിന് ഹാനികരമല്ലാത്തത് എന്നാണ് ഉദ്ദേശ്യം. ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണം ത്വയ്യിബിന്റെ വൃത്തത്തിന് പുറത്താണ്. ത്വയ്യിബ് അല്ലാത്ത ഭക്ഷണം കഴിക്കാന്‍ സത്യവിശ്വാസികള്‍ക്ക് അനുവാദമില്ല. നമ്മുടെ ഭക്ഷണ ശീലങ്ങളെ മുന്‍നിര്‍ത്തി ആഴത്തില്‍ ആലോചനാ വിധേയമാക്കേണ്ട ഘടകമാണ് ത്വയ്യിബ്. ആരോഗ്യത്തിന് ഹാനികരമായത് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഭക്ഷണങ്ങള്‍ ഒഴിവാക്കണം എന്നാണ് ഇസ്്ലാം നിർദേശിക്കുന്നത്. ജീവിക്കുന്നേടത്തോളം കാലം ആരോഗ്യത്തോടെ ജീവിക്കുക എന്ന കാഴ്ചപ്പാട് ഇവിടെ ഒന്നുകൂടി പ്രസക്തമാകുന്നു.
രുചിവൈവിധ്യങ്ങള്‍ക്ക് പിറകെ പായുന്നവരാണ് നമ്മളില്‍ അധികവും. പല പല ഹോട്ടലുകളില്‍ കയറി വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ആസ്വദിക്കുന്ന ശീലം നമ്മിലുണ്ട്. നമ്മുടെ ആരോഗ്യത്തിന് ഹാനികരമായ വിഭവങ്ങളും അവയിലുണ്ടാകാം. രുചികള്‍ ആസ്വദിക്കുന്നതിനിടയില്‍ ആരോഗ്യത്തെ മറക്കുന്നുണ്ടോ? താല്‍ക്കാലിക ആസ്വാദനത്തിന് നാം നമ്മളെ വിട്ടുകൊടുത്താല്‍ ഭാവിയില്‍ നിത്യരോഗത്തിന്റെ പിടിയിലകപ്പെടും. ജീവിത ശൈലീ രോഗങ്ങള്‍ ഇന്ന് വ്യാപകമാണല്ലോ. ആരോഗ്യത്തിന് ദോഷം ചെയ്‌തേക്കാം എന്ന് വൈദ്യശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്ന ഭക്ഷണ വിഭവങ്ങള്‍ കഴിക്കുന്നത് നമ്മുടെ ശീലമാണോ? അങ്ങനെയെങ്കില്‍, തുടക്കത്തില്‍ സൂചിപ്പിച്ച ആശുപത്രി വാര്‍ഡുകളിലെ കാഴ്ചകള്‍ നാം മറന്നുപോവുകയാണ്, ത്വയ്യിബ് എന്ന നിബന്ധനയെ ലംഘിക്കുകയാണ്.
ഭക്ഷണം ആരോഗ്യത്തിന് ഹാനികരമാകുന്ന അവസ്ഥയുണ്ടാകാതിരിക്കാന്‍ റസൂല്‍ (സ) പലവട്ടം ഉണര്‍ത്തിയിട്ടുണ്ട്. ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഭക്ഷണ പാത്രം തുറന്നിടരുത്, ഭക്ഷണത്തിന് മുമ്പ് കൈകഴുകണം, ഭക്ഷണത്തില്‍ ഊതരുത് എന്നിങ്ങനെ ആ ജാഗ്രതാ നിര്‍ദേശങ്ങൾ നീളുന്നു.
എന്താണ് കഴിക്കേണ്ടത് എന്ന് പറഞ്ഞു. എങ്ങനെ കഴിക്കണമെന്നും ഇസ്്ലാം പഠിപ്പിക്കുന്നുണ്ട്. ഭക്ഷിക്കുമ്പോള്‍ മൂന്ന് നിബന്ധനകള്‍ പാലിക്കണം. അമിതാഹാരം പാടില്ല, ധൂര്‍ത്ത് ഒഴിവാക്കണം, ദുര്‍വ്യയം ഉപേക്ഷിക്കണം. ഇസ്്ലാമിലെ ഭക്ഷണ സംസ്‌കാരത്തിന്റെ സുപ്രധാന അടിത്തറകളാണിവ.
അമിതാഹാരം ശാരീരികമായും ആത്മീയമായും നമ്മെ തളര്‍ത്തിക്കളയും. ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഉണ്ടാകേണ്ടത് എന്താണ്? ഉന്മേഷവും ഊര്‍ജസ്വലതയും. നമ്മുടെ ജോലികളും ദൗത്യങ്ങളും നിര്‍വഹിക്കാനുള്ള ശാരീരിക ഊര്‍ജമാണ് ഭക്ഷണത്തിലൂടെ ലഭിക്കേണ്ടത്. ഭക്ഷണം കഴിക്കാതിരുന്നാല്‍ കരുത്ത് നഷ്ടപ്പെടും. നാം ക്ഷീണിച്ചുപോകും. എന്നാല്‍, അമിതമായി ഭക്ഷണം കഴിച്ചാല്‍ എന്താണ് സംഭവിക്കുക? ക്ഷീണം അനുഭവപ്പെടും. ഒന്ന് വിശ്രമിച്ചാല്‍ കൊള്ളാം എന്ന് തോന്നും. ഭക്ഷണം കഴിക്കലിന്റെ ലക്ഷ്യം തന്നെ അതുവഴി അട്ടിമറിക്കപ്പെടുകയാണ്. അല്ലാഹു പറയുന്നു: "നിങ്ങള്‍ തിന്നോളൂ, കുടിച്ചോളൂ, അതിര് കവിയരുത്. അതിര് കവിയുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല'' (അല്‍അഅ്‌റാഫ് 31). ഇവിടെ ഇസ്‌റാഫ് എന്ന പദമാണ് അല്ലാഹു ഉപയോഗിച്ചിരിക്കുന്നത്. അതിനു പിന്നില്‍ രണ്ട് ഉദ്ദേശ്യങ്ങളുണ്ട്: ആവശ്യത്തിലധികം ഭക്ഷിക്കരുത് എന്നാണ് അതിലൊന്ന്. റസൂല്‍ (സ) പറയുന്നു: "വയറിനെക്കാള്‍ ചീത്തയായ ഒരു പാത്രവും മനുഷ്യന്‍ നിറച്ചിട്ടില്ല. മനുഷ്യന് തന്റെ മുതുകിനെ നേരെ നിര്‍ത്താന്‍ ഏതാനും ഉരുളകള്‍ മതിയാകും. ഇനി ആവശ്യമെങ്കില്‍ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും മൂന്നിലൊരു ഭാഗം വെള്ളത്തിനും മൂന്നിലൊരു ഭാഗം ശ്വസനത്തിനും ഉപയോഗിക്കട്ടെ.''
മിതമായ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തിന് ഊര്‍ജസ്വലതയും ഉന്മേഷവും ഭാരക്കുറവും അനുഭവപ്പെടും. അമിതമായി ആഹാരം കഴിക്കുമ്പോള്‍ അലസതയും ക്ഷീണവും ആമാശയത്തില്‍ ഭാരവും അനുഭവപ്പെടും. അമിതാഹാരം നമ്മുടെ ആത്മീയതയെ പ്രതികൂലമായി ബാധിക്കും. ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷിക്കുമ്പോള്‍ ശരീരത്തെ അലസത പിടികൂടും. അലസത ബാധിച്ച ശരീരത്തില്‍ പിശാചിന് പെട്ടെന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കും. നമ്മുടെ ദേഹേഛയെ വളരെ വേഗം തൊട്ടുണര്‍ത്താനും തെറ്റിലേക്ക് വഴിതിരിച്ചു വിടാനും പിശാചിന് വലിയ റിസ്‌ക് എടുക്കേണ്ടി വരില്ല. അമിതാഹാരത്താല്‍ അലസമായ ശരീരം ഇബാദത്തുകള്‍ നിര്‍വഹിക്കാന്‍ മടികാണിക്കുകയും ചെയ്യും. വയറ് നിറച്ച് കഴിച്ച ശേഷം നമസ്‌കാരത്തിന് നില്‍ക്കുമ്പോള്‍ ഈ അവസ്ഥ നാം പലപ്പോഴും അഭിമുഖീകരിച്ചിട്ടുണ്ടാകും.
അമിതാഹാരം പലവിധ രോഗങ്ങളിലേക്ക് പതുക്കെ പതുക്കെ വാതിലുകള്‍ തുറക്കും. വ്യായാമം കൂടി ഇല്ലെങ്കില്‍ പറയുകയും വേണ്ട. അറേബ്യന്‍ പാരമ്പര്യത്തിലെ ഒരു വൈദ്യശാസ്ത്ര തത്ത്വം ഇങ്ങനെയാണ്: 'ആമാശയമാണ് രോഗത്തിന്റെ വീട്. ഭക്ഷണ നിയന്ത്രണമാണ് ഏറ്റവും പ്രധാനപ്പെട്ട ഔഷധം. എല്ലാ രോഗത്തിന്റെയും മൂലകാരണം അമിതാഹാരമാണ്.'
ഉമര്‍ (റ) ഒരിക്കല്‍ ഉണര്‍ത്തി: "നിങ്ങള്‍ അമിതാഹാരത്തെ സൂക്ഷിക്കുക. അത് ശരീരത്തിന് ദോഷം ചെയ്യും. രോഗങ്ങള്‍ വരുത്തിവെക്കും. നമസ്‌കാര കാര്യത്തില്‍ അലസതയുണ്ടാക്കും. നിങ്ങള്‍ ആഹാരത്തില്‍ മിതത്വം പാലിക്കുക. അതാണ് ശരീരത്തിന് ഏറ്റവും നല്ലത്.''
   മിതമായ ആഹാരം ഇത്രയാണ് എന്ന് കൃത്യപ്പെടുത്തി പറയാന്‍ സാധിക്കില്ല. വ്യക്തികള്‍ക്കനുസരിച്ച് അതില്‍ മാറ്റമുണ്ടാകും. മിതമാണോ അമിതമാണോ എന്ന് തിരിച്ചറിയാന്‍ ഒരു മാര്‍ഗമുണ്ട്. കഴിച്ചു കഴിഞ്ഞാല്‍ ഊര്‍ജസ്വലതയും ഉന്മേഷവുമാണ് അനുഭവപ്പെടുന്നതെങ്കില്‍ നാം മിതമായാണ് കഴിച്ചത്. തിന്നു കഴിഞ്ഞാല്‍ അലസതയും ക്ഷീണവുമാണ് ഉണ്ടാകുന്നതെങ്കില്‍ കഴിച്ചത് അമിതമായിപ്പോയി എന്ന് മനസ്സിലാക്കാം.
ഇസ്‌റാഫ് എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്ന രണ്ടാമത്തെ അര്‍ഥം ധൂര്‍ത്താണ്. വിവാഹ സദ്യ, വിരുന്ന്, സല്‍ക്കാരം തുടങ്ങിയവയില്‍ ധൂര്‍ത്തും ദുര്‍വ്യയവും ഇന്ന് പതിവ് കാഴ്ചയാണ്. ഇമേജും സ്റ്റാറ്റസും പ്രകടിപ്പിക്കലാണോ അതിന്റെ ഉദ്ദേശ്യം? അതല്ല, അശ്രദ്ധമൂലം സംഭവിക്കുന്നതാണോ? കാരണമെന്തായാലും, ഖുര്‍ആനിലെ രണ്ട് ആയത്തുകള്‍ ഓര്‍ത്താല്‍ ധൂര്‍ത്തും ദുര്‍വ്യയവും ചെയ്യാന്‍ മനസ്സ് അനുവദിക്കുകയില്ല. 'ധൂര്‍ത്തടിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല' എന്നതാണ് ഒരു ആയത്ത്.
'ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചിന്റെ കൂട്ടാളികളാണ്' എന്ന് മറ്റൊരു ആയത്തില്‍ അല്ലാഹു വ്യക്തമാക്കുന്നു. അല്ലാഹുവിന്റെ ഇഷ്ടക്കേട് ഏറ്റുവാങ്ങി പിശാചിന്റെ കൂട്ടാളിയായി ജീവിക്കുക!  ഒരു സത്യവിശ്വാസിക്കിത് ആലോചിക്കാൻ പോലും പറ്റുമോ? l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 84-86
ടി.കെ ഉബൈദ്‌

ഹദീസ്‌

ജനങ്ങളിലേറ്റം നിന്ദ്യരായവർ
ഡോ. മുഹമ്മദ് പാണ്ടിക്കാട്