Prabodhanm Weekly

Pages

Search

2023 മാർച്ച് 03

3292

1444 ശഅ്ബാൻ 10

ആരൊക്കെയാണ് ഉത്കൃഷ്ടർ?

ഡോ. മുഹമ്മദ് പാണ്ടിക്കാട്

عَنْ ابْنِ عَبَّاس رَضِيَ اللهُ عَنْهُ قَالَ، قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلّمَ: خِيَارُكُمْ أَلْيَنُكُم مَنَاكِبَ فِي الصَّلاةِ  (أبو داود)

 

ഇബ്നു അബ്ബാസിൽ നിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "നിങ്ങളിൽ ഏറ്റവും ഉത്തമർ നമസ്കാരത്തിൽ തോളുകൾ ഏറെ മയമുള്ളവരാണ് ." (അബൂദാവൂദ് )

 

ഹദീസിന്റെ ആശയം ഇമാം അൽ ഖത്ത്വാബി ഇപ്രകാരം വിശദമാക്കുന്നു: "നമസ്കാരത്തിൽ ശാന്തതയും അച്ചടക്കവും പാലിക്കുന്നവർ എന്നാണാശയം. തിരിയുകയോ വളയുകയോ ചെയ്യാതിരിക്കുക. തന്റെ തോളുകൊണ്ട് തൊട്ടടുത്തുള്ളവന്റെ തോളിൽ അമരാതിരിക്കുക. അതല്ലെങ്കിൽ സ്വഫ്ഫിലെ വിടവുകൾ നികത്താനോ സ്ഥലമില്ലാത്തതുകൊണ്ടോ തന്റെ അടുത്തേക്ക്  കയറി വരുന്നവരെ ഞെരുക്കാതെ അവന് സൗകര്യം ചെയ്തുകൊടുക്കുക. അവനെ തന്റെ തോള്കൊണ്ട് തള്ളാതിരിക്കുക."
ജമാഅത്തായി നമസ്കരിക്കുമ്പോൾ അടുത്തുള്ളവരെ ശല്യം ചെയ്യരുതെന്നും അവർക്ക് തന്നാലാവുന്ന സഹായങ്ങൾ നൽകണമെന്നുമാണ് ഹദീസ് പഠിപ്പിക്കുന്നത്. അടുത്തുള്ളവർക്ക് ശല്യമാവുന്ന രീതിയിൽ ഉറക്കെ ഖുർആൻ പാരായണം ചെയ്യുന്നതും ദിക്റുകൾ ചൊല്ലുന്നതും കറാഹത്താക്കപ്പെട്ടിരിക്കുന്നു. പൊതു ഇടങ്ങളിൽ അന്യർക്ക്  യാതൊരു ഉപദ്രവവും ഏൽപിക്കാതെ കഴിയുന്നത്ര അവരെ സഹായിക്കണമെന്നാണ് ഇസ്്ലാം അനുശാസിക്കുന്നത്.
ജമാഅത്ത് നമസ്കാരത്തിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ട മര്യാദകൾ മറ്റു ഹദീസുകളിലും കാണാം.
അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "സ്വഫ്ഫുകൾ നേരെയാക്കുക, തോളുകൾ ഒപ്പമാക്കുക, വിടവുകൾ നികത്തുക, സ്വഫ്ഫുകൾ ശരിയാക്കുന്ന കൈകളോട് സഹകരിക്കുക, പിശാചിനായി വിടവുകളുണ്ടാക്കരുത്. ആരാണോ സ്വഫ്ഫ് ചേർത്തത് അവനെ അല്ലാഹു ചേർത്തുപിടിക്കും, ആരെങ്കിലും സ്വഫ്ഫ് മുറിച്ചാൽ അവനുമായുള്ള ബന്ധം അല്ലാഹുവും മുറിക്കും" (അബൂദാവൂദ്).
അനസ് (റ) പറഞ്ഞു: ഒരു ദിവസം അല്ലാഹുവിന്റെ റസൂൽ ഞങ്ങളോടൊപ്പം നമസ്കരിച്ചു. നമസ്കാരം കഴിഞ്ഞപ്പോൾ ഞങ്ങളെ അഭിമുഖീകരിച്ച് ഇപ്രകാരം പറഞ്ഞു: "ഞാൻ നിങ്ങളുടെ ഇമാമാണ്. റുകൂഇലും സുജൂദിലും നിർത്തത്തിലും പിരിഞ്ഞുപോവുന്നതിലും നിങ്ങൾ എന്നെ മറികടക്കരുത്. മുന്നിൽനിന്നും പിന്നിൽനിന്നും  ഞാൻ നിങ്ങളെ കാണുന്നുണ്ട് " (മുസ്്ലിം).
ഇപ്രകാരം വിവിധ സന്ദർഭങ്ങളിൽ പലയാളുകളെയും അവരുടെ വിശിഷ്ട സ്വഭാവങ്ങൾ മുൻനിർത്തി  خيرُكُم (നിങ്ങളിൽ ഏറെ ശ്രേഷ്ഠതയുള്ളവൻ ), خيارُكم (നിങ്ങളിൽ ഏറെ ഉത്തമർ), خيرُ النَّاسِ (ജനങ്ങളിൽ ഏറെ ഉത്കൃഷ്ടർ), خيارُ عبادِ اللهِ (അല്ലാഹുവിന്റെ ദാസൻമാരിൽ ഏറ്റവും നല്ലവർ) എന്ന മുഖവുരയോടെ നബി (സ) പ്രകീർത്തിച്ചിട്ടുണ്ട്. ചോദ്യകർത്താക്കളുടെയും സംബോധിതരുടെയും സാഹചര്യങ്ങൾ കൂടി പരിഗണിച്ചായിരുന്നു നബി (സ) യുടെ പ്രസ്താവനകൾ.
അവരിൽ ചിലർ ഇവരാണ്:
ഒന്ന്: "നിങ്ങളിൽ ഏറ്റവും ഉത്തമർ ഏറ്റവും നന്നായി കടം വീട്ടുന്നവരാണ്" (ബുഖാരി).
രണ്ട്: "നിങ്ങളിൽ ഏറെ ഉത്തമർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്" (ബുഖാരി).
മൂന്ന്: "നിങ്ങളിൽ ഏറെ നല്ലവൻ ഏറ്റവും നല്ല സ്വഭാവക്കാരനാണ്" (ബുഖാരി).
നാല്: "ജാഹിലീ കാലത്ത് ഏറെ ഉത്കൃഷ്ടരായവർ ഇസ്്ലാമിലും ഉത്കൃഷ്ടരാണ്; അവർ വിജ്ഞാനം ആർജിക്കുന്നുവെങ്കിൽ" (ബുഖാരി).
അഞ്ച്: "നിങ്ങളിൽ ഏറെ നല്ലവർ തന്റെ കുടുംബത്തോട് നന്നായി പെരുമാറുന്നവരാണ്. ഞാൻ എന്റെ കുടുംബത്തോട് നന്നായി വർത്തിക്കുന്നവനാണ്" (തിർമിദി ).
ആറ്: "നിങ്ങളിൽ ഏറ്റവും നന്മ നിറഞ്ഞവർ അന്നമൂട്ടുന്നവരും സലാം മടക്കുന്നവരുമാണ്" (അഹ്്മദ്).
ഏഴ്: "നിങ്ങളിൽ ഏറ്റവും നല്ലവർ നന്മ പ്രതീക്ഷിക്കപ്പെടുന്നവരും ആരെയും ഉപദ്രവിക്കാത്തവരുമാണ്" (തിർമിദി).
എട്ട്: "ജനങ്ങൾക്ക് ഏറെ ഉപകാരമുള്ളവരാണ് ജനങ്ങളിൽ ഏറ്റവും ഉത്തമർ" (ഇബ്നു ഹിബ്ബാൻ).
ഒമ്പത്: "ആരെ കാണുമ്പോഴാണ് അല്ലാഹുവിനെ ഓർമവരുന്നത് അവരാണ് അല്ലാഹുവിന്റെ ദാസൻമാരിൽ ഏറ്റവും ഉത്തമർ" (ഇബ്നു മാജ).
പത്ത്: "ജനങ്ങളിൽ ഉത്കൃഷ്ടർ ദീർഘകാലം ജീവിക്കുകയും കർമങ്ങൾ നന്നാവുകയും ചെയ്തവരാണ്" (തിർമിദി, അഹ്്മദ്).
പതിനൊന്ന്: "ജനങ്ങളിൽ ഏറെ മഹത്വമുള്ളവർ നിഷ്കളങ്ക മനസ്സുള്ളവരും സത്യസന്ധമായ നാവുള്ളവരുമാണ്" (ഇബ്നു മാജ).
പന്ത്രണ്ട്: "അല്ലാഹുവിന്റെയടുക്കൽ ഏറ്റവും നല്ല കൂട്ടുകാരൻ തന്റെ കൂട്ടുകാരനോട് നന്നായി വർത്തിക്കുന്നവനാണ്. ഏറ്റവും നല്ല അയൽവാസി തന്റെ അയൽവാസികളോട് നന്നായി വർത്തിക്കുന്നവനാണ്" (അഹ്്മദ്, തിർമിദി).
പതിമൂന്ന്: "നിങ്ങളിൽ ഏറെ ഉത്തമർ ഭാര്യമാരോട് നന്നായി വർത്തിക്കുന്നവരാണ്" (തിർമിദി).
പതിനാല്: "മുസ്്ലിംകൾ ആരുടെ നാവിന്റെയും കൈകളുടെയും ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെട്ടുവോ അയാളാണ് ഏറെ ശ്രേഷ്ഠതയുള്ള വിശ്വാസി" (ബുഖാരി). l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 79-83
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരൊക്കെയാണ് ഉത്കൃഷ്ടർ?
ഡോ. മുഹമ്മദ് പാണ്ടിക്കാട്