Prabodhanm Weekly

Pages

Search

2023 മാർച്ച് 03

3292

1444 ശഅ്ബാൻ 10

എ.കെ: അറിയപ്പെടാതെ പോയ ബഹുമുഖ പ്രതിഭ

സി.എ.എ കരീം

പല തരം കഴിവുകൾ ഒരാളിൽ സമ്മേളിക്കുക, അതും പ്രത്യക്ഷത്തിൽ പരസ്പര ബന്ധം തോന്നാത്തത്. എന്നിട്ട് അവയെല്ലാം  മേൻമയോടെ വിനിയോഗിച്ച് മാതൃകയാവുക. അപൂർവമായിരിക്കില്ലേ ആ കാഴ്ച! അത്തരം കാഴ്ചകൾക്ക് നിമിത്തമായ അപൂർവരിൽ  ഒരാളായിരുന്നു കോഴിക്കോട് പൈങ്ങോട്ടായി സ്വദേശി എ.കെ. എന്ന എ.കെ കുഞ്ഞമ്മദ്. 
പണ്ഡിതൻ, ചിന്തകൻ, നിയമജ്ഞൻ, അക്കൗണ്ടിംഗ്‌ വിദഗ്ധൻ, കവി, ഗാനരചയിതാവ്, നാടക കൃത്ത്‌, ശിൽപി, കലാകാരൻ എന്നീ വിശേഷണങ്ങളെല്ലാം എ.കെക്ക് നല്ലവണ്ണം ചേരും. അവയെല്ലാം ചേരുംപടി ചേർത്തുവെച്ചാലും പൂർണമാവുന്നതല്ല ആ വ്യക്തിത്വം.
ഇസ്്ലാമിന്റെ സവിശേഷതകൾ രുചിച്ചറിഞ്ഞ് പ്രായോഗിക ജീവിതം നേരെയാക്കാൻ ശ്രമിച്ചവരിൽ പെടുന്നു എന്നതാണ് എ.കെയെ ഓർക്കുമ്പോൾ  ആദ്യമായി തെളിഞ്ഞുവരുന്ന ചിത്രം. അങ്ങനെയൊരു തിരിച്ചറിവിന് നിമിത്തമായതാകട്ടെ ഹാജി വി.പി മുഹമ്മദലി സാഹിബ് എന്ന വലിയ മനുഷ്യനും. "ഹാജി സാഹിബിനെ വീണു കിട്ടി; ഇസ്്ലാം ദീനിനെ തിരിച്ചുകിട്ടി" എന്നാണ്  ആ സംഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. ഹാജി സാഹിബിന്റെ ഒരു ദിവസത്തെ വയള് കേട്ടതാണ് ആ നിമിത്തം.
പ്രതിഫലം വാങ്ങി പത്തും നാൽപതും ദിവസം തുടർച്ചയായി നടത്തുന്ന വയള് കേട്ടിട്ടും ഒരു പിടിപാടും കിട്ടാതെ കിടക്കുന്നിടത്താണ് ഹാജി സാഹിബ് അൽഭുതം കാട്ടിയിരിക്കുന്നത്; അതും നയാ പൈസ വാങ്ങാതെ. അനിതര സാധാരണമായ ആ വയള് കേട്ട് പ്രചോദിതനായ എ.കെ വായനയും പണ്ഡിത സഹവാസവുമായി പഠന വഴിയിൽ മുന്നേറി. ഖുർആൻ പഠിച്ചു; ഭാഷകൾ പലതും വശപ്പെടുത്തി. ഉർദുവിൽ പിടിപാടുണ്ടാക്കി മൗദൂദി സാഹിത്യങ്ങളിൽ ചിലത് പടിഞ്ഞിരുന്ന് പഠിച്ചു. ഇസ്്ലാമിനെക്കുറിച്ചും ഇതര ദർശനങ്ങളെ കുറിച്ചും ഇസങ്ങളെ കുറിച്ചും പണ്ഡിതോചിതം പറയാനുള്ള അറിവും കഴിവും നേടിയെടുത്തു. നാസ്തികത, യുക്തിവാദം, ഭൗതിക വാദം എന്നിവയെ  നേരിടുക ഇഷ്ട വിനോദം പോലെയായി. അത്തരം വാദങ്ങളെ ഭൗതികശാസ്ത്രവും  പ്രാപഞ്ചിക പ്രതിഭാസങ്ങളും നിരത്തി വസ്തുനിഷ്ഠമായി ഖണ്ഡിക്കുന്നത് കേട്ടിരുന്നു പോകും. അതേ പ്രാവീണ്യത്തിൽ ഖാദിയാനിസത്തെയും നേരിടുമായിരുന്നു.
ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ ആദ്യ കാല നേതാക്കളായിരുന്ന വി.കെ.എം ഇസ്സുദ്ദീൻ മൗലവി, എ.കെ അബ്ദുൽ ഖാദർ മൗലവി, കെ. മൊയ്തു മൗലവി, ടി.കെ അബ്ദുല്ലാ സാഹിബ്, കെ.എൻ അബ്ദുല്ലാ മൗലവി തുടങ്ങി ഒട്ടേറെ മഹദ് വ്യക്തിത്വങ്ങളുമായി അടുത്തിടപഴകുകയും അവരിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ചെയ്ത എ.കെ വളരെ നേരത്തെ  ജമാഅത്തെ ഇസ്്ലാമിയിൽ അംഗത്വമെടുത്തവരിൽ ഒരാളാണ്. പ്രാദേശിക ഘടകം രൂപവത്കരിക്കപ്പെട്ടതു മുതൽ ദീർഘകാലം സെക്രട്ടറി എന്ന നിലയിലും കുറച്ചു കാലം അമീർ എന്ന നിലയിലും പ്രസ്ഥാനത്തിന്റെ അടിത്തറ ഭദ്രമാക്കുന്നതിൽ വ്യാപൃതനായിരുന്നു. അതിന്റെ പിൽക്കാല  നേട്ടമെന്നോണം  ജൻമസ്ഥലമായ പൈങ്ങോട്ടായിയിൽ  മാതൃകാ മഹല്ല് സ്ഥാപിക്കാനുള്ള പ്രദേശവാസികളുടെ കൂട്ടായ യജ്ഞത്തിൽ എ.കെയുടെ ഇടപെടൽ പ്ര േത്യകം അടയാളപ്പെട്ടു കിടപ്പുണ്ട്. 
നാട്ടിലെ പ്രതികൂല സാഹചര്യം കാരണം പ്രാഥമിക വിദ്യാലയ പഠനം പോലും പൂർത്തിയാക്കാനാവാതെ ജോലി തേടി അദ്ദേഹം കോഴിക്കോട്ടേക്ക് നാടുവിട്ടു. വലിയങ്ങാടി അരി മൊത്തവ്യാപാര കേന്ദ്രങ്ങളിലൊന്നിൽ കണക്കെഴുത്തുകാരന്റെ സഹായിയായി. മുതലാളിയുടെ പ്രതീക്ഷ മറികടന്നുള്ള പ്രകടനമായിരുന്നു അവിടെ. ചുരുങ്ങിയ കാലം കൊണ്ട്  നിലവാരമുള്ള അക്കൗണ്ടന്റായി പുറത്തുവരാൻ കഴിഞ്ഞുവെന്നത് മറ്റൊരു വഴിത്തിരിവായി. കണക്കെഴുത്തിനൊപ്പം നഗരത്തിലെ പല വർത്തക പ്രമുഖരുമായും വ്യവഹാര മേഖലയുമായും ബന്ധം സ്ഥാപിക്കാനും വലിയങ്ങാടി വാസം പ്രയോജനപ്പെട്ടു. 
കോഴിക്കോട്ടെ പരിശീലനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ ശേ ഷം കുറ്റ്യാടിയിലെ തടിവ്യവസായ കേന്ദ്രം ഉൾപ്പെടെ പലയിടത്തായി വിവിധ തരം സ്ഥാപനങ്ങളിൽ അക്കൗണ്ടന്റായിരുന്നിട്ടുണ്ട്. അതിന്റെ ഭാഗമായി വെള്ളിമാടുകുന്ന് ജമാഅത്തെ ഇസ്്ലാമി ഓഫീസിലും കുറച്ചു കാലം ഉണ്ടായിരുന്നു. അക്കൗണ്ടന്റ് എന്ന നിലയിൽ എ.കെയുടെ പ്രകടനം നഗരത്തിലെ മുതിർന്ന ചാർട്ടേഡ് അക്കൗണ്ടന്റുമാർ വരെ പ്രകീർത്തിച്ചിട്ടുണ്ട്. ഈ രംഗത്ത് തന്റേതായ ശൈലി തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. ഇതിനെക്കാൾ പ്രാധാന്യത്തോടെ അടിവരയിടേണ്ടതാണ് കോടതി കാര്യങ്ങളിലെ പിടിപ്പും പിടിപാടും. ആധാരങ്ങളുടെ വരികൾക്കിടയിലെ വായനയും വിധിന്യായങ്ങളിലെ മർമം കണ്ടെത്തലും പരിചയ സമ്പന്നനായ സീനിയർ വക്കീലിന്റെ തലത്തിലേക്ക് ഉയർത്തുന്ന സംഗതിയാണ്.  മുഷിപ്പ് അനുഭവപ്പെടാതെ കേസിന്റെ നൂലാമാലകൾ ഇഴ പിരിക്കാനും കോടതി കയറാനുമുള്ള താൽപര്യം സമ്മതിച്ചേ തീരൂ. 
പൈങ്ങോട്ടായി മഹല്ലുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകൾ തുടർന്ന നിയമയുദ്ധം വ്യക്തിപരമായും വലിയ ചലഞ്ച് ആയിരുന്നു. എന്നാൽ, തകർന്നു പോകാത്ത ആത്മവിശ്വാസത്തോടെയാണ് കേസുകെട്ടുകളുമായി കോടതികൾ പലതും കയറിയിറങ്ങിയത്.അതിന്റെ നേട്ടം മഹല്ല് അനുഭവിക്കുന്നുണ്ട്.
ജനാധിപത്യത്തിന്റെ വിശാല വാതായനം തുറന്നു വെച്ചിരിക്കുന്ന പൈങ്ങോട്ടായി മാതൃകാ മഹല്ലിന്റെ ഭരണഘടനാ ശിൽപിയുമായിരുന്നു അദ്ദേഹം. കാലഘട്ടത്തിനനുസരിച്ച പരിഷ്്കരണങ്ങൾ അനിവാര്യമാണെങ്കിലും ജനപങ്കാളിത്തം പരമാവധി ഉറപ്പു വരുത്തുന്ന ആ ഭരണഘടന മഹല്ലുകൾക്ക് മാതൃകയാണ്. നേതൃത്വവും ഭരണ സഭയും സമയാസമയങ്ങളിൽ മാറി മാറി വന്നെങ്കിലും തുടക്കം മുതൽ കാൽ നൂറ്റാണ്ടു കാലം മഹല്ലിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടിരുന്നു എന്നത് പൈങ്ങോട്ടായി മഹല്ല് വാസികൾ എ.കെയുടെ വ്യക്തിത്വത്തെ എങ്ങനെ വിലയിരുത്തി  എന്നതിന് തെളിവാണ്.   പൗരൻമാരുടെ ധാർമിക, വൈജ്ഞാനിക അടിത്തറ ഭദ്രമാക്കുന്നതിലും സാംസ്കാരിക രംഗം പുഷ്ടിപ്പെടുത്തുന്നതിലും സജീവ ഇടപെടലുകളും നടത്തിപ്പോന്നു. അതിന്റെ ഭാഗമായി പാഠ്യപദ്ധതിയും ബോധന രീതിയും ചിട്ടപ്പെടുത്തുകയുണ്ടായി.  മദ്റസാ പഠനം മുന്നിൽ കണ്ടാണ് പാഠ്യ പദ്ധതി തയാറാക്കാൻ മാനേജ്മെന്റ് എ.കെയെ ചുമതലപ്പെടുത്തിയതെങ്കിലും എഴുതിക്കഴിഞ്ഞപ്പോൾ ഉന്നത പൊതു വിദ്യാലയങ്ങൾക്ക് വരെ പാകമാകുന്ന ഒന്നായിത്തീർന്നു അത്.  മദ്റസാ വിദ്യാർഥികളുടെ കലാ സാഹിത്യ വാസനകൾ വളർത്തുന്നതിലും പ്രധാന റോൾ അദ്ദേഹത്തിനായിരുന്നു. പല കാലങ്ങളിലായി അദ്ദേഹം  രചിച്ച സൃഷ്ടികൾ ഏറെയുണ്ട്. അവ കവിതകളായും കഥാപ്രസംഗമായും നാടകങ്ങളായും ഗാനങ്ങളായും പുറത്ത് വന്നപ്പോൾ വൻ സ്വീകാര്യതയാണ് ലഭിച്ചത്.  പലതും അച്ചടിച്ചു പ്രസിദ്ധീകരിക്കാനായില്ലെങ്കിലും അദ്ദേഹത്തിെന്റ കൈയെഴുത്ത് ശേഖരത്തിൽ കിടപ്പുണ്ട്. 1970-ൽ പൊതുവേദിയിൽ അവതരിപ്പിച്ച 'അസ് ലുള്ള ആലിം' എന്ന നാടകത്തോടെയാണ് സർഗാത്മക രംഗത്ത് എ.കെ ചുവടുവെപ്പ് നടത്തുന്നത്.
അരങ്ങു കണ്ട മറ്റൊരു നാടകമായിരുന്നു 'കാര്യത്തിന്റെ കിടപ്പ്.' 1980-കളുടെ അവസാനത്തിൽ പുറത്തുവന്ന ഹാസ്യനാടകമായിരുന്നു 'നിക്കക്കള്ളി'. യു.കെ അബൂ സഹ്‌ലയുടെ തെന്ന പോലെ ആശയ ഗാംഭീര്യത്താലും ഭാവതീവ്രതയാലും മിന്നിത്തിളങ്ങുന്നതാണ് എ.കെയുടെയും ഗാനങ്ങൾ.
സമ്പന്നമായ ഈ സർഗ സിദ്ധി പ്രയോജനപ്പെടുത്തിയാണ് അനന്തരാവകാശ നിയമം പാട്ടിൽ ആക്കിയത്. കണക്കിന്റെ ഗദ്യം വഴങ്ങാത്തവർക്ക് ഏറെ ഹൃദ്യമായിരുന്നു അത്. എ.കെയെ ഒരു വിഭാഗം തിരിച്ചറിയുന്നത് തന്നെ ആ പേരിലാണ്. അതിനു പുറമെ പ്രസ്തുത നിയമം ഒറ്റ നോട്ടത്തിൽ വായിച്ചെടുക്കാവുന്ന ത്രികോണീയ പട്ടികയും തയാറാക്കിയിട്ടുണ്ട്.  തന്നെ സംബന്ധിച്ചേടത്തോ ളം സർഗാത്മക പ്രവർത്തനവും ആശയ പ്രചാരണത്തിനുള്ള ഉപാധിയാണെന്ന് വ്യക്തമാക്കിയ എ.കെ നാട്ടുകാരണവൻമാരുടെ ദുഷിപ്പിനെ നിശിതമായി വിമർശിക്കുന്ന പാട്ടെഴുതിയാണ് രംഗത്തു വരുന്നത്.
മനോഹരമായ കൈയക്ഷരം കൊണ്ട് അനുഗൃഹീതനായ എ.കെ ഒന്നാംതരം ശിൽപിയുമായിരുന്നു. ചിരട്ടയിലും പാഴ് വസ്തുക്കളിലും തീർത്ത അലങ്കാര വസ്തുക്കൾ, മരക്കൊമ്പുകൾ കൊണ്ടുണ്ടാക്കിയ ഊന്നുവടികൾ, ചകിരിനാര് പിരിച്ചുണ്ടാക്കിയ പിടിവള്ളികൾ, വെയ്സ്റ്റ് മരച്ചീളുകൾ കൊണ്ടുണ്ടാക്കിയ പെട്ടികളും ഗൃഹോപകരണങ്ങളും എന്നിവ തന്റെ ശിൽപ ചാതുരിയുടെ നിത്യ സ്മാരകങ്ങളായി പലയിടങ്ങളിലും കിടപ്പുണ്ട്. പഴയ കാലത്ത് ജമാഅത്തിന്റെ സംസ്ഥാന, മേഖലാ സമ്മേളന നഗരികളിൽ ഒരുക്കുന്ന പ്രദർശന ഹാളുകളെ ഇത്തരം വസ്തുക്കൾ ആകർഷകമാക്കാറുണ്ടായിരുന്നു. അന്നൊക്കെ എ.കെയുടെ കൈയക്ഷരം പതിഞ്ഞിട്ടില്ലാത്ത മതിലുകളും പ്രചാരണ ബോർഡുകളും നാട്ടിൽ ഇല്ലായിരുന്നുവെന്ന് തന്നെ പറയാം.
അങ്ങനെ വിവിധ മേഖലകളിൽ ജീവിതം അടയാളപ്പെട്ടു കിടക്കുമ്പോഴും ദീനിന്റെ ഇഖാമത്തിനുവേണ്ടി നിലകൊണ്ട എളിയ പ്രവർത്തകൻ എന്ന ലാബലിൽ അറിയപ്പെടാനാണ് ആ മനീഷി ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ പേരിനും പ്രശസ്തിക്കും പിന്നാലെ പോയില്ല. ഗ്രാമത്തിന്റെ കുപ്പിക്കഴുത്തിൽ കുടുങ്ങിപ്പോയ  ബുദ്ധിജീവി  എന്നാണ് ടി.കെ അബ്ദുല്ലാ സാഹിബ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 79-83
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരൊക്കെയാണ് ഉത്കൃഷ്ടർ?
ഡോ. മുഹമ്മദ് പാണ്ടിക്കാട്