Prabodhanm Weekly

Pages

Search

2023 മാർച്ച് 03

3292

1444 ശഅ്ബാൻ 10

അല്ലാഹു ഗോത്ര ദൈവമോ?

ഡോ. ഇ.എം സക്കീർ ഹുസൈൻ

ഹീബ്രു, അരമായ, അറബി ഭാഷകളില്‍ യഥാക്രമം എലോഹിം, ആലാഹ, അല്ലാഹു എന്നീ പദങ്ങളാണ് ഏക സത്യദൈവത്തെ വിളിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. അടിസ്ഥാനപരമായി തുല്യമായ മൂന്ന് അക്ഷരങ്ങളാണ് മൂന്ന് ഭാഷകളിലും ഉപയോഗിച്ചിരിക്കുന്നതായി കാണുന്നത്.
അരമായ ഭാഷയിലായിരുന്നുവല്ലോ യേശു ക്രിസ്തു സംസാരിച്ചിരുന്നത്. 'ആലാഹ' എന്ന പദം കൊണ്ടായിരുന്നു യേശു ദൈവത്തെ വിളിച്ചിരുന്നത്. 'ലാഹ' എന്ന പദത്തിന് 'അഗോചരനായി', 'അത്യുന്നതനായി' എന്നാണ് ഭാഷയില്‍ അര്‍ഥം. അഗോചരനും അത്യുന്നതനുമായ ദൈവം എന്നാണ് അരമായ ഭാഷയില്‍ 'ആലാഹ' എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്.
'അല്ലാഹു' എന്നു തന്നെയാണ് അറബി ബൈബിളുകള്‍ ദൈവത്തെക്കുറിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പദം. 1965-ല്‍ നടന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ അല്ലാഹുവെക്കുറിച്ച് കൃത്യമായി പഠിപ്പിക്കുന്നതായി കാണാം. വ്യത്യസ്ത സമൂഹങ്ങള്‍ തമ്മിലുണ്ടാകേണ്ട പരസ്പര ധാരണകളെ സംബന്ധിച്ച കൃത്യമായ പഠനത്തിന് ശേഷം കത്തോലിക്കാ സഭ ഔദ്യോഗികമായി പുറത്തിറക്കിയ 'നോസ്‌ത്രെ അത്താത്തെ' എന്ന പ്രസ്തുത പ്രഖ്യാപനം ഇപ്രകാരം വായിക്കാം: "മുസ്‌ലിംകളെ ബഹുമാന പുരസ്സരമാണ് തിരുസഭ വീക്ഷിക്കുന്നത്. അവരും ഏക ദൈവാരാധകരാണ്. സ്വയം സ്ഥിതനും കരുണാര്‍ദ്രനും സർവശക്തനും ഭൂസ്വര്‍ഗ സ്രഷ്ടാവും മനുഷ്യനോട് സംഭാഷിക്കുന്നവനുമായ ജീവനുള്ള ദൈവത്തെയാണവര്‍ ആരാധിക്കുന്നത്. തങ്ങളുടെ മതവിശ്വാസത്തെ അബ്രാഹത്തോട് ബന്ധപ്പെടുത്തുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ് മുസ്‌ലിംകള്‍. അബ്രഹാം ചെയ്തതു പോലെത്തന്നെ അവരും ദൈവത്തിന്റെ അഗ്രാഹ്യമായ നിശ്ചയങ്ങള്‍ക്ക് പൂർണ ഹൃദയത്തോടെ കീഴ്‌പ്പെടാന്‍ യത്‌നിക്കുന്നു" (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, പ്രമാണ രേഖകള്‍).
മത്തായിയുടെ സുവിശേഷത്തില്‍ യേശു ഇപ്രകാരം പറയുന്നു: 'നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ മനസ്സോടും കൂടെ സ്‌നേഹിക്കുക' (22 : 37). ഇപ്രകാരം അണ്ഡകടാഹങ്ങളുടെ സൃഷ്ടി-സ്ഥിതി-സംഹാര കര്‍ത്താവായ ഏകനായ ദൈവത്തെ മാത്രമാണ് മുസ്‌ലിംകള്‍ പൂർണ ആത്മാവോടെയും പൂർണ മനസ്സോടെയും പൂർണ ഹൃദയത്തോടെയും സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നത്.
വായു, വെള്ളം, വെളിച്ചം എന്നിവ സൃഷ്ടിച്ചവനായ ദൈവമാരോ അവനാണ് അല്ലാഹു. വായു, വെള്ളം, വെളിച്ചം എന്നിവ ഉപയോഗിച്ചവരാരും ദൈവമല്ല എന്നും കൃത്യമായി മനസ്സിലാക്കുന്നവരാണ് മുസ്‌ലിംകള്‍.
'മാര്‍ അഹത്തുല്ല മെത്രാന്‍', 'അബ്ദുല്ലാ പാത്രിയാര്‍ക്കീസ്' എന്നിങ്ങനെയുള്ള ക്രൈസ്തവ നേതൃത്വങ്ങളിലൂടെ മലയാളീ ക്രൈസ്തവര്‍ക്ക് പരിചിതമായ ഒരു പദമാണ് അല്ലാഹു എന്നതിന് കേരളത്തിലെ ക്രൈസ്തവരുടെ ചരിത്രവും സാക്ഷ്യം വഹിക്കുന്നുണ്ട്. 'പത്രോസ് മൂന്നാമന്‍ പാത്രിയാര്‍ക്കീസിന് ഈ വിധി തൃപ്തിയായില്ല. മലങ്കര സഭയുടെ മേല്‍ ആത്മീയ മേല്‍നോട്ടം മാത്രമല്ല ആത്മീകവും ലൗകികവുമായ സകല അധികാരങ്ങളുമുണ്ടെന്ന് സ്ഥാപിക്കാന്‍ പാത്രീയാര്‍ക്കീസ് വ്യഗ്രത കാട്ടി. അദ്ദേഹം ശക്തമായ ഭാഷയിലെഴുതിയ ഒരു പ്രതിഷേധക്കുറിപ്പ് മലങ്കരയിലേക്കയക്കുകയും ചെയ്തു. ബന്ധപ്പെട്ടവരാരും തന്നെ അത് കാര്യമായി ഗണിച്ചില്ല. എന്നാല്‍, അദ്ദേഹത്തിന്റെ പിന്‍ഗാമി അബ്ദുല്ലാ രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ഈ പ്രശ്‌നം വളരെ ഗൗരവമായി മുന്നോട്ടു നീക്കി.
പത്രോസ് പാത്രിയാര്‍ക്കീസ് ഉദ്യമിച്ച് വിജയം വരിക്കാതെ കിടന്ന വസ്തുത ഉറപ്പിച്ച് നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ അബ്ദുല്ലാ രണ്ടാമന്‍ പാത്രിയാര്‍ക്കീസ് 1909-ല്‍ കേരളത്തില്‍ വന്നു പരിശ്രമങ്ങള്‍ നടത്തി' (P.24, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ഡയറക്ടറി, MOC Publications, Kottayam,1998).
കേരളത്തില്‍ സന്ദര്‍ശനം നടത്തിയ അന്ത്യോഖ്യന്‍ സഭയുടെ പാത്രിയാര്‍ക്കീസിന്റെ പേരു തന്നെ അബ്ദുല്ല എന്നാണ്. അബ്ദുല്ലയും മാര്‍ അഹത്തുള്ളയുമെല്ലാം കേരള ക്രൈസ്തവ ചരിത്രത്തിന്റെ ഭാഗമാണ്. അല്ലാഹു എന്ന നാമത്തെക്കുറിച്ച് ശത്രുത പ്രചരിപ്പിക്കുന്നവര്‍ പൂർവികരായ ക്രൈസ്തവരെക്കൂടിയല്ലേ അപഹസിക്കുന്നത്?
'ഉദയമ്പേരൂര്‍ സമ്മേളനത്തിന് ശേഷവും, ആദിമസഭയിലെ ഒരു വിഭാഗം റോമാസഭയില്‍ ചേരാതെ നിന്നിരുന്നു. ഇവരുടെ അപേക്ഷപ്രകാരം 1653-ല്‍ ബാബിലോണില്‍ നിന്നും അഹത്തുള്ളാ മെത്രപ്പോലീത്ത മലബാറില്‍ എത്തി. പക്ഷേ, പോര്‍ച്ചുഗീസുകാര്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്ത് കൊലപ്പെടുത്തി. മലങ്കരയിലെ ആദ്യ രക്തസാക്ഷിയാണ് അഹത്തുള്ള. തുമ്പമണ്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ ഓർമ കൊണ്ടാടുന്നുണ്ട്' (പേജ് .130, ക്രിസ്തുവും സഭയും ഒരു സത്യാന്വേഷണം- ഡോ.ടി.സി സഖറിയാ, ദി ലോഗോസ്, മുംബൈ, 1999).
  തങ്ങളുടെ സഹദേന്മാരില്‍ (രക്തസാക്ഷികള്‍) ഒരാള്‍ക്കുള്ള നാമം തന്നെയും അല്ലാഹുവോട് ചേര്‍ന്നാണ് കിടക്കുന്നത്. തങ്ങളുടെ പൂർവികരും അറബി ഭാഷ സംസാരിച്ച പുരോഹിതന്മാരും ആ നാമം വിളിച്ചാണപേക്ഷിച്ചിരുന്നത്. എന്നിട്ടും ക്രൈസ്തവ പുരോഹിതരും പണ്ഡിതശ്രേഷ്ഠരും തങ്ങളുടെ കുഞ്ഞാടുകളുടെ ഈ പ്രവൃത്തികളെ തടയാതിരിക്കുന്നതിനു കാരണം എന്തായിരിക്കും?
ഇന്നും അറബ് നാടുകളിലെ ക്രൈസ്തവര്‍ 'അല്ലാഹു'വെയാണ് വിളിച്ചു പ്രാര്‍ഥിക്കുന്നതും, പാടിപ്പുകഴ്ത്തുന്നതും എന്നത് അറിവില്ലാതെ തങ്ങളുടെ തന്നെ സ്രഷ്ടാവിനെ നിന്ദിക്കുന്ന സഹോദരങ്ങളുടെ കണ്ണു തുറപ്പിക്കാന്‍ പര്യാപ്തമായ ഒരു യാഥാര്‍ഥ്യമാണ്.
'അല്ലാഹു; അവനല്ലാതെ ദൈവമില്ല, അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍; എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍; മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല, ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. അവന്റെ അടുക്കല്‍ അനുവാദമില്ലാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അവരുടെ മുമ്പിലും പിമ്പിലും ഉള്ളതെല്ലാം അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ അവര്‍ക്കൊന്നും അറിയാന്‍ സാധ്യവുമല്ല. അവന്റെ ആധിപത്യം ആകാശ ഭൂമികളെയാകെ ഉള്‍ക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം അവനൊട്ടും ഭാരമാകുന്നില്ല. അവന്‍ അത്യുന്നതനും മഹാനുമാണ് ' (വിശുദ്ധ ഖുര്‍ആന്‍ 2: 255).
'പറയുക: അല്ലാഹു; അവന്‍ ഏകന്‍. അവന്‍ ആരെയും ആശ്രയിക്കുന്നില്ല. എല്ലാം അവനെ ആശ്രയിക്കുന്നു. അവന്‍ പിതാവോ പുത്രനോ അല്ല. അവനു തുല്യമായി ആരുമില്ല' (വിശുദ്ധ ഖുര്‍ആന്‍ : 112).
2022 ജൂണില്‍, കോഴിക്കോട് മലബാര്‍ മിനിസ്ട്രീസ് പുറത്തിറക്കിയ ബൈബിളില്‍ യോഹന്നാന്റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് തന്നെ ഇപ്രകാരമാണ്: 'അവന്റെ സാക്ഷ്യം സ്വീകരിക്കുന്നവന്‍ അല്ലാഹു സത്യവാനാണ് എന്നതിന് മുദ്രവെക്കുന്നു. അല്ലാഹു അയച്ചവന്‍ അല്ലാഹുവിന്റെ വാക്കുകള്‍ സംസാരിക്കുന്നു' (3: 33,34).
കുറഞ്ഞ നാളുകളായി ഇസ്‌ലാം വിദ്വേഷികളായ ചില പാതിരിമാരും അപ്പോളജിസ്റ്റുകളും നടത്തുന്ന ഹീനമായ തെറ്റിദ്ധരിപ്പിക്കലുകള്‍ക്ക് ക്രിസ്ത്യന്‍ പണ്ഡിതന്മാരുടെ പക്കല്‍നിന്നുതന്നെയുള്ള ശക്തവും വ്യക്തവുമായ മറുപടിയായി ഈ ബൈബിളിനെ കണക്കാക്കാം. കാരണം ഇതിന്റെ ഒന്നാം പതിപ്പുതന്നെ ഇത്തരം നുണപ്രചാരണങ്ങളുടെ വേലിയേറ്റങ്ങള്‍ക്ക് നടുവിലാണ് ഇറങ്ങിയിട്ടുള്ളത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ തിരുത്താന്‍ പുറപ്പെടുന്നവര്‍ക്ക് കേരളത്തിലിറങ്ങിയ ബൈബിള്‍ തന്നെ മതിയായ മറുപടി നല്‍കുന്നുണ്ട്. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 79-83
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരൊക്കെയാണ് ഉത്കൃഷ്ടർ?
ഡോ. മുഹമ്മദ് പാണ്ടിക്കാട്