Prabodhanm Weekly

Pages

Search

2023 മാർച്ച് 03

3292

1444 ശഅ്ബാൻ 10

ആർ.എസ്.എസുമായി ചർച്ച ചാനൽ കോപ്പയിൽ കൊടുങ്കാറ്റ്!

ടി.കെ.എം ഇഖ്ബാൽ

ജമാഅത്തെ ഇസ്്ലാമി ഉൾപ്പെടെ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന  പ്രബല മുസ്്ലിം സംഘടനകളും ആർ.എസ്.എസും തമ്മിൽ നടന്ന ചർച്ചയെക്കുറിച്ച് കേരളത്തിൽ നടക്കുന്ന വിവാദങ്ങൾ ശ്രദ്ധിച്ചാൽ തോന്നുക, ചർച്ചയെ വിമർശിക്കുന്നവരൊക്കെ സംഘ് പരിവാറിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലാണെന്നും ഏത് തരത്തിലുള്ള ചർച്ചയും ഈ സമരത്തെ ദുർബലമാക്കുമെന്ന് അവർ ആത്മാർഥമായി വിശ്വസിക്കുന്നുണ്ടെന്നുമാണ്. സി.പി.എം സ്വയം തീറെഴുതി വാങ്ങിയ ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ജമാഅത്തെ ഇസ്്ലാമിക്ക് ചാർത്തിക്കൊടുക്കുന്നതിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിഷേധം മാത്രമല്ല, കേരളത്തിലെ ചാനലുകളും അവയെ ഉപജീവിച്ച് നിലനിൽക്കുന്ന സംഘടനകളുമാണ് മുസ്്ലിംകളുടെ രാഷ്ട്രീയ അജണ്ട നിർണയിക്കേണ്ടത് എന്ന അഹന്തയും ഈ വിവാദങ്ങളിൽ നിഴലിച്ചുകാണാം.
ജനുവരി 26-ലെ മാധ്യമത്തിലും തൊട്ടുടനെ ന്യൂ ഇന്ത്യൻ എക്സ്പ്രസിലും ചർച്ചയുടെ വാർത്ത വന്നിരുന്നുവെങ്കിലും, ചർച്ചയുടെ വിശദാംശങ്ങൾ വിശദീകരിക്കുന്ന ജമാഅത്തെ ഇസ്്ലാമി പ്രതിനിധി മലിക് മുഅ്തസിം ഖാന്റെ വീഡിയോ യൂട്യൂബിൽ നേരത്തെ തന്നെ ലഭ്യമായിരുന്നുവെങ്കിലും, കേരളത്തിലെ ചാനൽ റിപ്പോർട്ടർമാരും അവതാരകരും 'സ്തോഭജനക'മായ ഈ വാർത്ത കണ്ടെടുക്കുന്നത് ഏതാണ്ട് ഒരു മാസം കഴിഞ്ഞാണ്. കേരളത്തിലെ ചാനലുകളിൽ വാർത്ത വരുന്നതിന് മുമ്പ് തന്നെ, ജമാഅത്തെ ഇസ്്ലാമി അഖിലേന്ത്യാ സെക്രട്ടറി ടി. ആരിഫലിയുമായും ചർച്ചയിൽ പങ്കെടുത്ത ആർ.എസ്.എസ് പ്രതിനിധി ഇന്ദ്രേഷ് കുമാറുമായുമുള്ള അഭിമുഖങ്ങൾ ന്യൂ ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ചിരുന്നു. ജമാഅത്തെ ഇസ്്ലാമി ഒറ്റക്കല്ല ചർച്ചക്ക് പോയത് എന്ന് ആ വാർത്തകളിൽനിന്നൊക്കെ ഒരു സംശയത്തിനും ഇടമില്ലാത്ത വിധം വ്യക്തമായിരുന്നു. എന്നിട്ടും 'ആർ.എസ്.എസ് -ജമാഅത്തെ ഇസ്്ലാമി രഹസ്യ ചർച്ച' എന്ന തലവാചകത്തിൽ കേരളത്തിലെ ചാനലുകളിൽ വാർത്തയും വാർത്തയെ തുടർന്ന് അന്തിച്ചർച്ചകളും വന്നത് കേരളത്തിലെ മീഡിയാ സംസ്കാരത്തിന്റെ നിലവാരം അളക്കാനുള്ള നല്ല ഒരു സൂചകമാണ്. നേരത്തെ സെറ്റ് ചെയ്ത അജണ്ടകളും അസാമാന്യമായ വിവരക്കേടും ഹോം വർക്കിന്റെയും പ്രഫഷനലിസത്തിന്റെയും അഭാവവും ഒക്കെ ഇതിൽ തെളിഞ്ഞുകാണാം.
ഇന്ത്യയിലെ പ്രബല മുസ്്ലിം സംഘടനകളുമായി ചേർന്നാണ് ജമാഅത്തെ ഇസ്്ലാമി ചർച്ചക്ക് പോയത് എന്ന് വ്യക്തമാക്കപ്പെട്ടതിനു ശേഷവും, ജംഇയ്യത്തുൽ ഉലമാ, ദാറുൽ ഉലൂം ദയൂബന്ദ്, ബറേൽവി തുടങ്ങിയ പേരുകൾ ആദ്യമായി കേൾക്കുന്നതു പോലെയായിരുന്നു മീഡിയാ പ്രതികരണങ്ങൾ.  കേരളത്തിന്റെ ഇത്തിരിവട്ടത്തിൽ പ്രവർത്തിക്കുന്ന  മാധ്യമങ്ങൾക്കും സംഘടനകൾക്കും ഇന്ത്യയിലെ മുസ്്ലിം രാഷ്ട്രീയത്തിന്റെ ബാലപാഠം പോലുമറിയില്ലെന്ന് തോന്നിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ. ജമാഅത്തെ ഇസ്്ലാമിയെ വിചാരണ ചെയ്യാനുള്ള ബദ്ധപ്പാടിൽ ചിലർ അജ്ഞത നടിച്ചു, ചിലർ അജ്ഞത അലങ്കാരമാക്കി, ചിലർ അജ്ഞത ആയുധമാക്കി. മുസ്്ലിം രാഷ്ട്രീയത്തെക്കുറിച്ച് സ്റ്റോറികൾ ചെയ്യാനും നരേറ്റീവുകൾ സൃഷ്ടിക്കാനും ഇത്രയൊക്കെ ഗൃഹപാഠം മതി എന്ന മുൻവിധിനിറഞ്ഞ നിലപാടിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. മുസ്്ലിംകളുടെ രാഷ്ട്രീയ കർതൃത്വം ചോദ്യം ചെയ്യുന്നതിലേക്ക് എത്തിച്ചേരുന്ന ഇത്തരം നിലപാടുകൾക്ക് കൂടി പറയുന്ന പേരാണ് ഇസ്്ലാമോഫോബിയ.
ഏതോ അടുക്കളയിൽ വേവിച്ചെടുത്ത ഈ നരേറ്റീവ് അന്തിച്ചർച്ചകൾ ചൂടുപിടിക്കുമ്പോഴേക്കും മുഖ്യമന്ത്രിയുടെ മുഖപുസ്തകച്ചുവരിൽ പ്രത്യക്ഷമായി. ഇതേ നരേറ്റീവിന്റെ ഭാഷയിൽ പറഞ്ഞാൽ  'മുസ്്ലിം ന്യൂനപക്ഷത്തിന്റെ അരശതമാനത്തെപ്പോലും പ്രതിനിധീകരിക്കാത്ത' ഒരു മുസ്്ലിം സംഘടനയുടെ കാര്യത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി കാണിക്കുന്ന അതിയായ താൽപര്യം നിഷ്പക്ഷമതികളെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കണം. 'ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെ ഇസ്്ലാമിക്ക് നൽകിയത്?' എന്ന ചോദ്യത്തിന് പിന്നിൽ ഒരു രാഷ്ട്രീയ അജണ്ട വായിച്ചെടുക്കാൻ സി.പി.എമ്മിന്റെ സമീപകാല രാഷ്ട്രീയ നിലപാടുകളെക്കുറിച്ച സാമാന്യ പരിജ്ഞാനം മതി. സംഘ് പരിവാറുമായി പല തവണ ചർച്ച നടത്തിയ എൻ.എസ്.എസിനോടും ക്രിസ്ത്യൻ സംഘടനകളോടും ചോദിക്കാത്ത ഒരു ചോദ്യം എന്തുകൊണ്ട് ഒരു മുസ്്ലിം സംഘടനയോട് മാത്രം മുഖ്യമന്ത്രി ചോദിക്കുന്നു എന്നതിൽ അതിന്റെ ഉത്തരമുണ്ട്. ഇതേ ചോദ്യം മറ്റൊരു ശൈലിയിൽ മുജാഹിദ് സമ്മേളത്തിൽ ബി.ജെ.പി പ്രതിനിധികൾക്ക് ആതിഥ്യമരുളിയതിനെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രിയും സി.പി.എം പ്രതിനിധികളും ചോദിച്ചിട്ടുണ്ട്. 'ഞങ്ങളോട് അനുവാദം വാങ്ങാതെ ആർ.എസ്.എസുമായി ചർച്ച നടത്താൻ നിങ്ങളാര്?' എന്നാണ് ആ ചോദ്യത്തിന്റെ പരിഭാഷ.  മുസ്‌ലിം രാഷ്ട്രീയകർതൃത്വത്തെ നിരാകരിച്ചുകൊണ്ട് മുസ്‌ലിംകളോട് ഈ ചോദ്യം ആര്, ഏത് ഭാഷയിൽ ചോദിച്ചാലും അത്  കലർപ്പില്ലാത്ത ഇസ്്ലാമോഫോബിയയാണ്. അതിലുപരി, ജമാഅത്തെ ഇസ്്ലാമി എന്ന മുസ്്ലിം അപരത്തെ സൃഷ്ടിച്ചു കൊണ്ട് കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്തുന്ന സി.പി.എമ്മിന്റെ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ അടിവേര് കൂടിയാണ് ഇസ്്ലാമോഫോബിയ.
സി.പി.എമ്മിന്റെയും ചില മാധ്യമങ്ങളുടെയും അജണ്ടകൾ മാറ്റിവെച്ചാലും മുസ്്ലിം സംഘടനകൾ ഇപ്പോൾ ആർ.എസ്. എസുമായി എന്തിന് ചർച്ച നടത്തി എന്ന ചോദ്യം അന്തരീക്ഷത്തിൽ നിലനിൽക്കുന്നുണ്ട്. ദുരുദ്ദേശ്യത്തോടെയല്ല എല്ലാവരും ഇത് ഉന്നയിക്കുന്നത്. ഇതിന് മറുപടി പറയാൻ ചർച്ചയിൽ പങ്കെടുത്ത ജമാഅത്തെ ഇസ്്ലാമി ഉൾപ്പെടെയുള്ള സംഘടനകൾ ബാധ്യസ്ഥരുമാണ്. മീഡിയാ വിവാദങ്ങളിൽ ഇടപെട്ടുകൊണ്ട് ജമാഅത്തെ ഇസ്്ലാമിയുടെയും ജംഇയ്യത്തുൽ ഉലമായുടെ കേരള ഘടകത്തിന്റെയും പ്രതിനിധികൾ അത് വ്യക്തമാക്കിയിട്ടുമുണ്ട്. ചർച്ചകൾക്കും വിമർശനങ്ങൾക്കും ഇടമില്ലാത്ത ഒരു ഇടമല്ല ഇതെന്നും വ്യത്യസ്ത നിലപാടുകളും കാഴ്ചപ്പാടുകളും ഈ വിഷയത്തിൽ സാധ്യമാണെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
ഇസ്്ലാമിന്റെ പ്രതിനിധാനം നിർവഹിക്കുന്ന ഒരു പ്രസ്ഥാനം എന്ന നിലയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും വ്യക്തികളുമായും ഇടപെടുകയും സംസാരിക്കുകയും സംവദിക്കുകയും ചെയ്യുക എന്നത് ജമാഅത്തെ ഇസ്്ലാമിയുടെ പ്രഖ്യാപിത നിലപാടാണ്. ഇതര മതസമൂഹങ്ങളുമായി സൗഹൃദബന്ധം സ്ഥാപിക്കാൻ അത് എപ്പോഴും ശ്രമിച്ചു പോന്നിട്ടുണ്ട്. ആശയ വിനിമയത്തിന്റെയും ആശയ സംവാദത്തിന്റെയും വിശാലമായ വൃത്തത്തിൽ നിന്ന് ആർ.എസ്.എസ്, ബി.ജെ.പി തുടങ്ങിയ സംഘടനകളെയും അവയുടെ നേതൃത്വത്തെയും പ്രവർത്തകരെയും ജമാഅത്ത് മാറ്റിനിർത്തിയിട്ടില്ല എന്നാണ് അതിന്റെ പ്രവർത്തനചരിത്രം വ്യക്തമാക്കുന്നത്. വ്യക്തികളുമായും സമൂഹവുമായും അധികാര ശക്തികളുമായും മുസ്്ലിംകൾ എങ്ങനെ എൻഗേജ് ചെയ്യണം എന്നതിനെക്കുറിച്ച് ഖുർആനും  പ്രവാചകൻമാരുടെ മാതൃകകളും നൽകുന്ന പാഠങ്ങളാണ് ഈ വിഷയത്തിൽ ജമാഅത്ത് അതിന്റെ നിലപാടിന്റെ അടിസ്ഥാനമായി ചൂണ്ടിക്കാണിക്കാറുള്ളത്.
സംഘ് പരിവാറിന്റെ വംശീയ രാഷ്ട്രീയത്തെയും ഐഡിയോളജിയെയും അജണ്ടകളെയും നിശിതമായി എതിർക്കുന്നതിനോ അതിനെതിരെ ചെറുത്തുനിൽപുകൾ വളർത്തിയെടുക്കുന്നതിനോ ഈ നിലപാട് ജമാഅത്തിന് തടസ്സമായിട്ടില്ല എന്ന് അതിന്റെ ഇടപെടലുകൾ നിരീക്ഷിക്കുന്നവർക്ക് അറിയാം. ഫാഷിസ്റ്റ് വിരുദ്ധ നിലപാടിൽ സംഘടന വെള്ളം ചേർക്കുകയോ അയവ് വരുത്തുകയോ ചെയ്തു എന്ന് ആരോപിക്കാൻ കഴിയില്ല.  'ഇത്ര കാലവും സംഘ് പരിവാറിനെ എതിർത്തുകൊണ്ടിരുന്ന നിങ്ങൾ ഇപ്പോൾ എന്തിന് ആർ.എസ്. എസുമായി ചർച്ചക്ക് പോയി?' എന്ന ജമാഅത്ത് പ്രതിനിധികളോടുള്ള ചില ചാനൽ അവതാരകരുടെ ചോദ്യത്തിൽ നിന്ന് തന്നെ ഇത് വ്യക്തമാണ്.
മുസ്്ലിം പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് ആർ.എസ്.എസുമായോ സംഘ് പരിവാർ ഭരണകൂടവുമായോ  ചർച്ചക്ക് അവസരം ഒരുങ്ങുകയാണെങ്കിൽ ഇതര മുസ്്ലിം സംഘടനകളുമായി ചേർന്നുകൊണ്ട് മാത്രമേ ആ വിഷയത്തിൽ തീരുമാനമെടുക്കുകയുള്ളൂ എന്നതാണ് ജമാഅത്തിന്റെ നിലപാടെന്നും അതിന്റെ വക്താക്കൾ വ്യക്തമാക്കിയിട്ടുണ്ട്. അത്തരത്തിലുള്ള ആദ്യത്തെ ചർച്ചയാണ് ഇപ്പോൾ നടന്നിട്ടുള്ളത്. അതിന്റെ ശരിയും തെറ്റും സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്നതും വിലയിരുത്തപ്പെടുന്നതും തീർത്തും സ്വാഭാവികമാണ്. മുസ്്ലിംകൾക്കിടയിലും ഇതര മത-മതേതര വൃത്തങ്ങളിലും ഇതിനെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉയർന്നുവന്നിട്ടുണ്ട്.  ചർച്ചയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരുമുണ്ട്. പ്രമുഖ ബുദ്ധിജീവിയും ദലിത് ആക്ടിവിസ്റ്റുമായ കെ.കെ ബാബുരാജ് ഒരു ഫേസ്ബുക്ക് കുറിപ്പിൽ എഴുതിയത് ശ്രദ്ധേയമാണ്: " .....എല്ലാവർക്കും അറിയാവുന്നതുപോലെ ആർ.എസ്.എസ് വംശീയ പ്രത്യയ ശാസ്ത്രം കൈയാളുന്നവരും നാസി സംഘടനാ തത്ത്വം പാലിക്കുന്നവരുമാണ്. ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നു എന്ന് തോന്നുമെങ്കിലും അവർ അടിസ്ഥാനപരമായി അഖണ്ഡ ഭാരതം, സാംസ്‌കാരിക ദേശീയ വാദം മുതലായ കൽപനകളാണ് നിർമിച്ചെടുക്കുന്നത്. ഇത്തരം കൽപനകളുടെ സ്വാഭാവിക അപരരാണ് മുസ്്ലിംകൾ. ബാഹ്യ അപരർ പാകിസ്താനുമാണ്. ഇങ്ങനെ നോക്കുമ്പോൾ അവർ വാതിലുകൾ അടച്ചിട്ടാണ് പ്രവർത്തിക്കുന്നത്. അതിനോടുള്ള പ്രതിരോധമായി ഇന്ത്യയിലെ മുസ്്ലിംകൾ തിരിച്ചു വാതിലുകൾ മുഴുവൻ അടച്ചാൽ മേൽപറഞ്ഞ അപരത്വവും ദൃഢമാവും എന്നതല്ലാതെ മറ്റെന്തെങ്കിലും സംഭവിക്കുമെന്ന് തോന്നുന്നില്ല.
ആർ.എസ്.എസ് ചർച്ചക്ക് തയാറാവുന്നത് അന്താരാഷ്ട്ര തലത്തിൽ അവർക്കുള്ള ദുഷ്‌പേര് കഴുകിക്കളയാനും തുടർ ഭരണം ഉണ്ടായാൽ ദേശീയ അസ്വസ്ഥതകൾ പരമാവധി കുറക്കാനുമാണെന്നത് പകൽപോലെ വ്യക്തമാണ്. ഇതേ സമയം മുസ്്ലിം സമുദായത്തെ സംബന്ധിച്ചേടത്തോളം ഇന്ത്യയിലെ അടിത്തട്ടിൽ വരെ വ്യാപിച്ച മുസ്്ലിം വെറുപ്പും ഹേറ്റ് സ്പീച്ചുകളും ബുൾഡോസർ വാഴ്ചയും മത -സാംസ്‌കാരിക ചിഹ്നങ്ങളുടെ തുടച്ചുമാറ്റലും കടുത്ത അരക്ഷിതാവസ്ഥയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇത്തരം കാര്യങ്ങൾക്ക് അവസാനം വരുത്താൻ കഴിഞ്ഞില്ലെങ്കിൽ കൂടി ഭരണ വർഗത്തോട് പുനർചിന്തനം വേണമെന്ന് പറയാൻ കിട്ടുന്ന അവസരങ്ങൾ അവർ പാഴാക്കുന്നത് എന്തിനാണ്?...."
ഈ കുറിപ്പിനോട് പ്രതികരിച്ചുകൊണ്ട് അറിയപ്പെടുന്ന സാമൂഹിക നിരീക്ഷകനായ ടി.ടി ശ്രീകുമാർ ഇംഗ്ലീഷിൽ എഴുതിയതിന്റെ പരിഭാഷയിങ്ങനെ: "ചർച്ചക്കെതിരെയുള്ള അധിക്ഷേപങ്ങൾ ഇസ്്ലാമോഫോബിയയുടെ മറ്റൊരു കിളിവാതിലാണ്. മതേതരത്വവും യുക്തിചിന്തയും ഇസ്്ലാമോഫോബിയ മറയ്ക്കാനുള്ള അനുയോജ്യമായ മൂടുപടമായി മാറിക്കൊണ്ടിരിക്കുന്നു."
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ തുടർച്ചയായി ചർച്ചയുടെ മറവിൽ ജമാഅത്തിനെതിരെ കാമ്പയിനുമായി രംഗത്തിറങ്ങിയിരിക്കുകയാണ് സി.പി.എം. 'സംഭാഷണങ്ങളിലൂടെ നവീകരിക്കാനും പരിവർത്തനം ചെയ്തെടുക്കാനും കഴിയുന്ന സംഘടനയാണ് ആർ.എസ്.എസ് എന്ന ജമാഅത്തെ ഇസ്്ലാമിയുടെ യുക്തി പുള്ളിപ്പുലിയെ കുളിപ്പിച്ച് പുളളിമാറ്റാൻ കഴിയും എന്ന് കരുതുന്നതിന് തുല്യമാണ്' എന്ന് പിണറായി വിജയൻ എഴുതി. പുള്ളിപ്പുലിയുടെ പുളളി മാറ്റാൻ കഴിഞ്ഞില്ലെങ്കിലും, പറ്റിയ ആളുകളിലൂടെ വേണ്ട രീതിയിൽ ചർച്ച നടത്തിയാൽ പുള്ളിപ്പുലിയെ ശാന്തനാക്കാൻ കഴിയുമെന്ന് അനുഭവത്തിലൂടെ അറിയാവുന്ന ആളാണ് മുഖ്യമന്ത്രി. ആർ.എസ്.എസിനെ സംസാരിച്ച് നന്നാക്കിക്കളയാം എന്ന യുക്തി ജമാഅത്തോ ചർച്ചയിൽ പങ്കെടുത്ത മറ്റേതെങ്കിലും സംഘടനയോ എവിടെയും പറഞ്ഞതായി കണ്ടിട്ടില്ല. സി.പി.എം ഉൾപ്പെടെയുള്ള മതേതര കക്ഷികളുടെ 'സംരക്ഷണം' സംഘ് പരിവാറിന്റെ വംശീയ അജണ്ടയിൽനിന്ന് മുസ്്ലിംകളെ ഇതുവരെയും രക്ഷിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, കൂടുതൽ അർഥവത്തായ ഒരു ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവരാൻ മുസ്്ലിംകൾ നിർബന്ധിതരാണ്. ആ രാഷ്ട്രീയത്തിലെ പലതരം സാധ്യതകളിൽ ഒന്നായി സംഘ് പരിവാറുമായുള്ള മുഖാമുഖ ചർച്ചകളെ മുസ്്ലിം സംഘടനകൾ കാണുന്നുവെങ്കിൽ അതിനെ വിമർശിക്കാൻ മറ്റാർക്ക് അധികാരമുണ്ടെങ്കിലും, മുസ്്ലിം കർതൃത്വത്തിലുള്ള രാഷ്ട്രീയത്തെത്തന്നെ നിരാകരിക്കുന്നവർക്ക് അധികാരമില്ല. ചർച്ചകളുടെ പിന്നിൽ ആർ.എസ്.എസിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ട് എന്നത്, ചർച്ചയുടെ വാതിൽ തന്നെ കൊട്ടിയടക്കാനുള്ള ന്യായമായി ചർച്ചയിൽ പങ്കെടുത്ത മുസ്്ലിം സംഘടനകൾ കരുതുന്നില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. വിമർശകർ ആരോപിക്കുന്നതുപോലെ ഒരു തരത്തിലുള്ള കീഴടങ്ങലും സന്ധിചെയ്യലും മുസ്്ലിം പക്ഷത്തുനിന്ന് കഴിഞ്ഞ ചർച്ചയിൽ ഉണ്ടായിട്ടില്ല.
ആർ. എസ്. എസുമായി ചർച്ച നടന്നതിന് ശേഷവും ആൾക്കൂട്ടക്കൊലകളും മുസ്്ലിംകൾക്കെതിരായ അതിക്രമങ്ങളും കൂടുതൽ രൂക്ഷമായി തുടരുകയല്ലേ എന്ന ചോദ്യം ഉന്നയിക്കുന്നവരുണ്ട്. ഈ ലോജിക് വെച്ച് നോക്കിയാൽ സംഘ് ഫാഷിസത്തിനെതിരെ ഇതുവരെ നടന്ന എല്ലാ സമരങ്ങളും ചെറുത്തു നിൽപുകളും നിഷ്്പ്രയോജനമാണെന്ന് പറയേണ്ടിവരും. ചർച്ചകൾ ആർ.എസ്.എസിന് ലജിറ്റിമെസി നേടിക്കൊടുക്കുകയില്ലേ, ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ ദുർബലമാക്കുകയില്ലേ തുടങ്ങിയ ചോദ്യങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്. ഈ ചോദ്യങ്ങൾക്ക് പലതരം ഉത്തരങ്ങളുണ്ടാവാം. ശക്തമായ ഒരു ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ മുന്നേറ്റം രാജ്യത്ത് ഇതുവരെയും ഉയർന്നുവന്നിട്ടില്ല. സംഘ് പരിവാറിനെ എതിർക്കുന്നു എന്നവകാശപ്പെടുന്ന സംഘടനകളിൽ പലതും പല ആവശ്യങ്ങൾക്കു വേണ്ടി പല ഘട്ടങ്ങളിൽ അവരുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. മുസ്്ലിംകൾ സംഘ് പരിവാറുമായി ചർച്ച നടത്താതിരുന്നാൽ പോലും പല വഴികളിലൂടെ മുസ്്ലിം സംഘടനകളെ സ്വാധീനിക്കാനും അവരിലേക്ക് നുഴഞ്ഞുകയറാനും സമുദായത്തിൽ ഛിദ്രത സൃഷ്ടിക്കാനും സംഘ് പരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. സമരമായാലും സംവാദമായാലും ചർച്ചയായാലും മുസ്്ലിം സംഘടനകൾ ഒരുമിച്ചുനിന്ന് നടത്തുക എന്നതാണ് ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും അനിവാര്യമായിരിക്കുന്നത്. ഫാഷിസ്റ്റ് വിരുദ്ധ നിലപാട് മുന്നോട്ടു വെക്കുന്ന എല്ലാവരുമായും ഐക്യപ്പെടുന്നതുൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ സാധ്യതകളെയും ഉപയോഗപ്പെടുത്തുക എന്നതും. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 79-83
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരൊക്കെയാണ് ഉത്കൃഷ്ടർ?
ഡോ. മുഹമ്മദ് പാണ്ടിക്കാട്