Prabodhanm Weekly

Pages

Search

2012 ജൂണ്‍ 16

നാറ്റോ അഫ്ഗാന്‍ വിടുന്നു


മേരിക്കയുടെ നേതൃത്വത്തില്‍ ലോകരക്ഷകരായി സ്വയം നിയുക്തമായ നോര്‍ത്ത് അത്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ) എന്ന സാമ്രാജ്യത്വ സൈനിക സഖ്യത്തിന്റെ തലവന്മാരുടെ, ചിക്കാഗോവില്‍ ചേര്‍ന്ന ഉച്ചകോടി 2014-ല്‍ തങ്ങളുടെ സേനയെ അഫ്ഗാനില്‍നിന്ന് പൂര്‍ണമായി പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ലക്ഷ്യം നേടിക്കഴിഞ്ഞതുകൊണ്ടോ, ആധുനിക ലോകത്ത് ശാക്തിക രാജ്യങ്ങള്‍ ദുര്‍ബല രാജ്യങ്ങളില്‍ സൈനികാധിനിവേശം നടത്തുന്നത് മനുഷ്യാവകാശ വിരുദ്ധമായ മുട്ടാളത്വമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടോ അല്ല ഈ തീരുമാനം. മുഖം നഷ്ടപ്പെടാതെ അഫ്ഗാനില്‍ നിന്നു തലയൂരാന്‍ ശ്രമിക്കുകയാണവര്‍. നാലുനാള്‍ക്കുള്ളില്‍ അല്‍ഖാഇദയെയും താലിബാനെയും ഉന്മൂലനം ചെയ്ത് അഫ്ഗാനില്‍ അമേരിക്കന്‍ വിധേയത്വമുള്ള ഭരണകൂടം സ്ഥാപിച്ച്, ചൈനയെ തൊട്ടുകിടക്കുന്ന തന്ത്രപ്രധാനമായ ആ രാജ്യത്ത് ആധിപത്യമുറപ്പിക്കാനുദ്ദേശിച്ചായിരുന്നു 2001-ല്‍ നാറ്റോവിന്റെ മേല്‍വിലാസത്തില്‍ അമേരിക്കയുടെ സൈനികാധിനിവേശം. അഫ്ഗാനികളുടെ സ്വാതന്ത്ര്യ വാഞ്ഛയും സമരവീര്യവും ഈ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ചുകളഞ്ഞു. കൊല്ലം പതിനൊന്നു കഴിഞ്ഞിട്ടും താലിബാനും അല്‍ഖാഇദയും നിലനില്‍ക്കുക മാത്രമല്ല അവരുടെ ഓപ്പറേഷനുകള്‍ മുറക്ക് നടത്തുകയും ചെയ്യുന്നു. അമേരിക്ക സ്ഥാപിച്ച പാവ ഗവണ്‍മെന്റിനാകട്ടെ കാബൂളിനപ്പുറം ഒരു നിയന്ത്രണവുമില്ല. ഉസാമാ ബിന്‍ലാദനെ വധിച്ചതു മാത്രമാണ് എടുത്തോതാവുന്ന നേട്ടം. ഇതിനകം മൂവായിരത്തിലേറെ നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു. വധിക്കപ്പെടുന്ന അഫ്ഗാനികള്‍ക്ക് കണക്കില്ല. കണ്ണില്‍ കണ്ടവരെയും കാണാത്തവരെയുമെല്ലാം കൊന്നു തള്ളുകയാണ്. കല്യാണവീടുകളിലും മരണവീടുകളിലുമെല്ലാം ബോംബിടുന്നു. എല്ലാ കൂട്ടക്കൊലകളും അല്‍ഖാഇദ-താലിബാന്‍ മുദ്ര ചാര്‍ത്തി നീതീകരിക്കപ്പെടുന്നു. അധിനിവേശ വിരോധത്തിന്റെ പേരില്‍ തീവ്രവാദികള്‍ നടത്തുന്ന ചാവേര്‍ ആക്രമണങ്ങളിലും കൊല്ലപ്പെടുന്നത് മുക്കാലേമുണ്ടാണിയും അഫ്ഗാന്‍ പൗരന്മാര്‍ തന്നെ. നാറ്റോ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 17 പേരും തീവ്രവാദികളുടെ ചാവേര്‍ സ്‌ഫോടനത്തില്‍ 23 പേരും കൊല്ലപ്പെട്ടുവെന്നാണ് ഇതെഴുതുന്ന ദിവസത്തെ പത്ര റിപ്പോര്‍ട്ട്.
സഖ്യകക്ഷികളില്‍ പലര്‍ക്കും ഈ യുദ്ധം മടുത്തുകഴിഞ്ഞു. തങ്ങളുടെ ഭടന്മാരെ ഇക്കൊല്ലം അവസാനത്തോടെ അഫ്ഗാനില്‍ നിന്നു തിരിച്ചുവിളിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഓലന്‍ദെ. ദശകോടിക്കണക്കില്‍ ഡോളറാണ് അഫ്ഗാനില്‍ വിന്യസിച്ച 130000 നാറ്റോ ഭടന്മാരെ തീറ്റിപ്പോറ്റാന്‍ വര്‍ഷാന്തം ചെലവഴിക്കേണ്ടിവരുന്നത്. നാല് ബില്യന്‍ ഡോളറാണ് ഇക്കൊല്ലത്തെ ചെലവ്. നേരത്തെ തന്നെ പാശ്ചാത്യരാജ്യങ്ങള്‍ക്ക് വമ്പിച്ച സാമ്പത്തിക ഭാരമാണിത്. യൂറോപ്പിലും അമേരിക്കയുലുമുളവായ സാമ്പത്തികക്കുഴപ്പം സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുന്നു. അമേരിക്കയാണ് ചെലവിന്റെ സിംഹഭാഗവും വഹിക്കുന്നത്. സൈനികചെലവിലേക്ക് അംഗരാജ്യങ്ങളുടെ വിഹിതം ആവശ്യപ്പെട്ടുകൊണ്ടുള്ള അമേരിക്കയുടെ അഭ്യര്‍ഥനക്ക് വളരെ തണുത്ത പ്രതികരണമാണ് ലഭിച്ചത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ടോക്യോവില്‍ പ്രത്യേക യോഗം ചേരാന്‍ നിശ്ചയിച്ചിരിക്കുകയാണ്. ഭീകരവിരുദ്ധ യുദ്ധത്തില്‍ അമേരിക്കയുടെ കൈയാളാണ് പാകിസ്താന്‍. കഴിഞ്ഞ നവംബറില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ 24 പാക് ഭടന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം കലുഷമായിരിക്കുന്നു. തങ്ങളുടെ സൈനികരെ കൊന്ന സംഭവത്തെ അമേരിക്ക അപലപിക്കണമെന്നാണ് പാകിസ്താന്റെ ആവശ്യം. പാകിസ്താനിലൂടെ അഫ്ഗാനിലേക്കുള്ള സൈനികച്ചരക്കുകളുടെ നീക്കം തടഞ്ഞിരിക്കുന്നു. ഓരോ ചരക്കുവണ്ടിക്കും 5000 ഡോളര്‍ ചുങ്കം വേണമെന്നാണവരുടെ ആവശ്യം. ഈ രണ്ടാവശ്യവും അമേരിക്ക നിരസിച്ചിരിക്കുകയാണ്. നാറ്റോ ഉച്ചകോടിക്കെത്തിയ പാക് പ്രധാനമന്ത്രിയെ കാണാന്‍ പോലും ഒബാമ കൂട്ടാക്കിയില്ല. ഇതിനൊക്കെപ്പുറമെയാണ് അമേരിക്കയിലും യൂറോപ്പിലും അഫ്ഗാന്‍ അധിനിവേശത്തിനെതിരെ വളര്‍ന്നുവരുന്ന ജനവികാരം. ചിക്കാഗോവില്‍ നാറ്റോ ഉച്ചകോടി നടക്കുമ്പോഴും വേദിക്കുപുറത്ത് അതിശക്തമായ ജനകീയപ്രതിഷേധ പ്രകടനം നടക്കുന്നുണ്ടായിരുന്നു. അതു ഉച്ചകോടിയുടെ അത്രതന്നെയോ അതിലേറെയോ മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. സങ്കീര്‍ണമായ ഈ സാഹചര്യം പണ്ട് റഷ്യന്‍ സൈന്യത്തെയെന്നപോലെ അമേരിക്കന്‍ സൈന്യത്തെയും അഫ്ഗാനില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.
നാറ്റോ സൈന്യം പിന്‍വാങ്ങിയാലും അഫ്ഗാനില്‍ താലിബാന്‍ ഭരണം തിരിച്ചുവന്നു കൂടാ എന്നാണ് അമേരിക്കയും കൂട്ടരും ആഗ്രഹിക്കുന്നത്. അമേരിക്കയുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന സെക്യുലര്‍ ഗവണ്‍മെന്റാണ് അവരുടെ ലക്ഷ്യം. പക്ഷെ അതെങ്ങനെ സാധ്യമാകുമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇനിയും കണ്ടെത്തിയിട്ടില്ല. സി.ഐ.എയും മൊസാദും മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടെ ചാരസംഘടനകളും മുറക്ക് പ്രവര്‍ത്തിക്കുമായിരിക്കും. രാജ്യത്തെ അസ്ഥിരപ്പെടുത്താനല്ലാതെ ഭദ്രമായ സര്‍ക്കാര്‍ സ്ഥാപിക്കാന്‍ ചാരസംഘടനകള്‍ക്കു കഴിയുമോ? താലിബാനുമായി സംഭാഷണത്തിന് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ് അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി. സൗഹാര്‍ദപരമായ സംഭാഷണങ്ങളിലൂടെ സമാധാന സ്ഥാപനത്തിനും രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിനും താലിബാന്റെ സഹകരണം തേടണമെന്നാണദ്ദേഹം പറയുന്നത്. അമേരിക്കയുടെ അനുവാദമില്ലാതെ കര്‍സായി ഇതു പറയില്ലെന്നുറപ്പാണ്. തങ്ങളുടെ മുഖം രക്ഷിക്കാന്‍ വേണ്ടിവന്നാല്‍ താലിബാന്റെ തിരിച്ചുവരവും സഹിക്കാം എന്നിടത്തോളമെത്തിയിരിക്കുന്നു അമേരിക്ക എന്നാണിതിനര്‍ഥം.
അഫ്ഗാനില്‍ നിന്ന് നാറ്റോ പിന്മാറുന്നതു സംബന്ധിച്ച് ഇന്ത്യക്ക് വ്യക്തമായ നിലപാട് പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല. നാറ്റോ ധൃതിപിടിച്ച് പിന്മാറുന്നത് ഇന്ത്യക്ക് ദോഷകരമാകുമെന്നാണ് വിദേശകാര്യാലയത്തിന്റെ ഉള്ളിലിരിപ്പെന്നു തോന്നുന്നു. അമേരിക്കന്‍ സൈന്യം പിന്മാറുമ്പോള്‍ അഫ്ഗാന്റെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്നും ഇല്ലെങ്കില്‍ ഇന്ത്യക്ക് അത് ഭീഷണിയാണെന്നും പ്രതിരോധ മന്ത്രി എ.കെ ആന്റണി ഈയിടെ ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പനേറ്റയോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. താലിബാനും അല്‍ഖാഇദയും തുടച്ചുനീക്കപ്പെടാതെ നാറ്റോ സൈന്യം അഫ്ഗാന്‍ വിട്ടാല്‍ ലോകമെങ്ങും മതമൗലികവാദികളുടെ ആത്മവീര്യം വര്‍ദ്ധിക്കുമെന്ന് ഉത്കണ്ഠപ്പെട്ടുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ എഴുതിയ മുഖപ്രസംഗം നമ്മുടെ നിലപാടിന്റെ അനൗദ്യോഗിക ഭാഷ്യമായി കരുതുന്നവരുണ്ട്. നാറ്റോ അധിനിവേശത്തിനു ശേഷം ഇന്ത്യ അഫ്ഗാനില്‍ വമ്പിച്ച മൂലധനനിക്ഷേപം നടത്തിയിട്ടുള്ളതിനാല്‍ നമ്മുടെ ഉത്കണ്ഠ സ്വാഭാവികമാണ്. പക്ഷെ അധികാരത്തില്‍ വരാനിടയുള്ള വിഭാഗത്തിന്റെ പ്രഖ്യാപിത ശത്രുക്കളായി കാലേക്കൂട്ടി നിലയുറപ്പിക്കുന്നത് യുക്തിസഹമായ നിലപാടാകുമോ?

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍