Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 24

3291

1444 ശഅ്ബാൻ 03

​"ഇസ്്ലാമിക ഭീകരത'യുടെ ചരിത്രം

പി.പി അബ്ദുർറസാഖ്

ഭീകരവാദത്തിന്റെ വേരും വളവും - 3

 

'ഇസ്്ലാമിക ഭീകരത' എന്ന ഭാഷാ പ്രയോഗത്തിന് വ്യാപക പ്രചാരണം ലഭിച്ചിട്ട് 25 വർഷം പോലും തികഞ്ഞിട്ടില്ല. ഈ സഹസ്രാബ്ദം തുടങ്ങുന്നതിന്റെ പത്ത് വർഷങ്ങൾക്ക് മുമ്പ് മാത്രം ഈ പദം ഉപയോഗിച്ചു തുടങ്ങിയതിന് കൃത്യമായ ഒരു ചരിത്ര പശ്ചാത്തലമുണ്ട്.  സോവിയറ്റ് അധിനിവേശകാലത്തെ അഫ്‌ഗാൻ പോരാളികളെപ്പോലും അഫ്‌ഗാൻ മുജാഹിദുകൾ എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ വിളിച്ചിരുന്നത്.   സോവിയറ്റ് സാമ്രാജ്യത്വത്തിന്റെ തകർച്ചക്കു ശേഷം മാത്രമാണ് ഇതേ മുജാഹിദുകളെ പാശ്ചാത്യ മാധ്യമങ്ങൾ ഭീകരർ എന്ന് വിളിച്ചുതുടങ്ങിയത്.  അതിന്  കാരണമുണ്ട്: സോവിയറ്റ് യൂനിയന്റെ ശിഥിലീകരണത്തിനും  കമ്യൂണിസത്തിന്റെ തിരോഭാവത്തിനും ശേഷം പിന്നെ അവശേഷിക്കുന്ന തങ്ങളുടെ നിയോ ലിബറൽ മുതലാളിത്തത്തിന്  പ്രത്യയശാസ്ത്ര തലത്തിൽ അവർ ഭീഷണിയായിക്കണ്ടത് ഇസ്‌ലാമിനെയായിരുന്നു. പല തരത്തിലുള്ള കുതന്ത്രങ്ങൾ നിരന്തരമായി പരീക്ഷിക്കുന്നുണ്ടെങ്കിലും, ഇസ്്ലാമിനെ എങ്ങനെ നേരിടുമെന്നത് മധ്യകാല നൂറ്റാണ്ടുകളിലെന്നപോലെ ഇപ്പോഴും പാശ്ചാത്യർക്ക് കൃത്യമായ ഉത്തരമില്ലാത്ത പ്രശ്നമാണ്. 
രാഷ്ട്രീയമായും സാങ്കേതികമായും ഏറെ ദുർബലപ്പെടുകയും, ഖിലാഫത്ത് വ്യവസ്ഥ നിർത്തലാക്കപ്പെട്ടതിൽ പിന്നെ ഛിദ്രതയും ഭിന്നിപ്പും ഏറെ വർധിച്ചു അധഃപതനത്തിന്റെ ഗതിവേഗം കൂടുകയും ചെയ്‌തെങ്കിലും,  സാമ്രാജ്യത്വ ശക്തികളുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി പാശ്ചാത്യരായ സത്യാന്വേഷികൾ പോലും സ്വയം തന്നെ പ്രകാശിക്കുന്ന ഇസ്‌ലാം  വ്യാപകമായി  സ്വീകരിക്കുന്ന സാഹചര്യവും ഉണ്ടായി. ഇസ്‌ലാമിക രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനു വേണ്ടി സമാധാനപൂർവം പ്രവർത്തിക്കുന്ന പുരോഗമന പ്രസ്ഥാനങ്ങൾ മുസ്്ലിം രാജ്യങ്ങളിലുടനീളം ശക്തിപ്പെടുകയും ചെയ്തു.  ഇസ്‌ലാമിനോട് നിതാന്ത ശത്രുത പുലർത്തുന്ന പാശ്ചാത്യ ശക്തികൾ  മറ്റു ചില കാര്യങ്ങൾ കൂടി കണക്കിലെടുത്തു:
1. 5000 വർഷത്തെ രേഖപ്പെടുത്തപ്പെട്ട മനുഷ്യന്റെ നാഗരിക ചരിത്രത്തിൽ ആയിരത്തി ഒരുനൂറിലേറെ വർഷക്കാലം ലോകത്തെ നിയന്ത്രിക്കുകയും 1300 വർഷക്കാലം നീണ്ടുനിൽക്കുകയും ചെയ്ത മത സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതിയാണ് ഇസ്‌ലാം.  ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതിയും ഇസ്‌ലാമിന്റേത് തന്നെയാണ്.
2. വളരെ തന്ത്രപ്രധാനവും ചരിത്ര പ്രധാനവും ഊർജപ്രധാനവുമായ പ്രദേശങ്ങൾ മുസ്്ലിംകളുടെ കൈവശമാണുള്ളത്.
3. ആഗോള സാന്നിധ്യമുള്ള ലോകത്തെ ഏറ്റവും വലിയ വിശ്വാസി സമൂഹം മുസ്്ലിംകളാണ്. 
4. ഭൂമിശാസ്ത്രപരമായ അതിർ വരമ്പുകൾക്കും ഭാഷാപരവും വംശീയവുമായ വേർതിരിവുകൾക്കുമെല്ലാം അപ്പുറത്ത് മുസ്്ലിം ജനസാമാന്യത്തെ ഏകീകരിക്കുന്ന സാഹോദര്യത്തിലധിഷ്ഠിതമായ ശക്തവും അജയ്യവും പ്രായോഗികവും  വികസനാത്മകവുമായ ഒരു പ്രത്യയശാസ്ത്രം അവർക്കുണ്ട്.
5. പൊതുവായ മതവും ചരിത്രവും ഭാഷയും വംശീയതയും സംസ്കാരവും പങ്കുവെക്കുന്ന ജനതയുള്ള വിശാലമായൊരു ഭൂപ്രദേശം മുസ്്ലിംകളുടെ കൈവശമുണ്ട്.
6. വിശ്വാസ സംരക്ഷണത്തിന് വേണ്ടി ജീവനുൾപ്പെടെ എന്തും ത്യജിക്കാൻ തയാറുള്ള ധീര ജനതയാണ് മുസ്്ലിംകൾ.
കോളനിയാനന്തര ലോകത്ത് ഇങ്ങനെയൊരു ജനവിഭാഗം ഏകീകരിക്കപ്പെടുന്ന സാഹചര്യം  തങ്ങളുടെ താൽപര്യങ്ങൾക്ക് തടസ്സമായിരിക്കുമെന്നും, അത് ഇസ്‌ലാമിക ശക്തിയുടെ തിരിച്ചുവരവിന് കാരണമാകുമെന്നും ഭയപ്പെട്ട, ഭിന്നിപ്പിച്ചു ഭരിക്കലിന്റെ അപ്പോസ്തലരായ പാശ്ചാത്യ സാമ്രാജ്യത്വ ശക്തികൾ, മുസ്്ലിംകൾ ഒരിക്കലും ഒന്നാകുന്നതും വളരുന്നതും അനുവദിച്ചുകൂടെന്ന് തീരുമാനിച്ചതിന്റെ ഫലം കൂടിയായിട്ടാണ് മുസ്്ലിം പ്രദേശങ്ങളെ കൊച്ചു കൊച്ചു രാജ്യങ്ങളായി വിഭജിച്ചത്. ഭൂമിശാസ്ത്രവും ഭൂപ്രകൃതിയും അത്തരം വിഭജനങ്ങളെ സാധൂകരിച്ചിരുന്നില്ല. രാഷ്ട്ര രൂപവത്കരണത്തിന്റെ അടിസ്ഥാനമായി കണക്കാക്കിയിരുന്ന ഭാഷ, വംശം, മതം, സംസ്കാരം, പൊതുവായ ചരിത്രം, പൈതൃകം എന്നിവയെല്ലാം ഒന്നായ ഒരു ജനവിഭാഗത്തെയാണ് ഒരു അടിസ്ഥാനവുമില്ലാതെ വിഭജിച്ചു, അവിടങ്ങളിലൊക്കെ പടിഞ്ഞാറിനെ ആശ്രയിച്ചു നിലകൊള്ളുന്ന ഏകാധിപതികളെയും സ്വേച്ഛാധിപതികളെയും പ്രതിഷ്ഠിച്ചത്.  പിന്നെ ആ രാജ്യങ്ങളിലൊക്കെയും, ജനസമൂഹത്തെ അടിച്ചമർത്തുന്നതിന് ഏതറ്റം വരെയും പോകാൻ മടിക്കാത്ത അതിക്രൂരരും നിഷ്ഠുരരുമായ പാശ്ചാത്യവത്കൃത പട്ടാളത്തെ പരിശീലനം നൽകി രൂപപ്പെടുത്തി, രാഷ്ട്രീയമായ മാറ്റം ഒരിക്കലും സംഭവിക്കാതിരിക്കുന്നതിനുള്ള ശക്തമായ മുൻകരുതലുകളും എടുത്തു.  ഇത് ഈ രാജ്യങ്ങളിൽ ആഭ്യന്തര സംഘർഷങ്ങൾ മൂർച്ഛിപ്പിച്ചു. അവരുടെ വിഭവങ്ങൾ നഷ്ടപ്പെടാൻ കാരണമായി.  സ്വേച്ഛാധിപത്യ വ്യവസ്ഥിതിയോട് വിയോജിക്കുന്നവർ തൂക്കിലേറ്റപ്പെടുകയോ തുറുങ്കിലടക്കപ്പെടുകയോ ചെയ്തു. സർവ തലങ്ങളിലുമുള്ള പുരോഗതി മുരടിച്ചു. അങ്ങനെ പാശ്ചാത്യ രാജ്യങ്ങൾക്ക് യഥേഷ്ടം ചൂഷണം ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടു.  ജനായത്തത്തിനു വേണ്ടി ഒന്ന് ശ്വാസം വിടാൻ പോലും സാധിക്കാത്തതും, ചിന്താ സ്വാതന്ത്ര്യം നിഷേധിക്കുന്നതുമായ രാഷ്ട്രീയ-സാമൂഹികാവസ്ഥ ഈ രാജ്യങ്ങളിൽ രൂപപ്പെട്ടത് അങ്ങനെയാണ്.  ജനകീയ വിപ്ലവത്തെ തുടർന്ന് ഈജിപ്തിൽ രൂപംകൊണ്ട ജനായത്ത ഭരണകൂടത്തെ അവിടത്തെ തന്നെ പട്ടാളത്തെ ഉപയോഗിച്ച് പാശ്ചാത്യ രാജ്യങ്ങളുടെ പൂർണ പിന്തുണയോടെ പതിനായിരങ്ങളെ കൊന്നും തടവിലിട്ടും ഒരു വർഷത്തിനുള്ളിൽ അട്ടിമറിച്ചത് തെളിയിച്ചതും ഇതേ വസ്തുത തന്നെയാണ്. 
എന്നിട്ടും അമേരിക്കയിലും യൂറോപ്പിലുമുൾപ്പെടെ ലോകത്തിന്റെ ഭിന്ന ഭാഗങ്ങളിൽ ജീവിക്കുന്ന സത്യാന്വേഷികളായ ജനവിഭാഗങ്ങളിൽ ഇസ്്ലാം വ്യാപകമായി പ്രചരിക്കുന്ന സാഹചര്യം നിലനിന്നപ്പോൾ,  ചരിത്രത്തിന്റെ പൂർണ വെളിച്ചത്തിലുള്ള മുഹമ്മദ് നബിയുടെ വ്യക്തിത്വത്തെ പല രൂപേണ നിരന്തരം തേജോ വധം ചെയ്ത് ജനങ്ങളിൽ അദ്ദേഹത്തിന്റെ അന്ത്യ പ്രവാചകത്വത്തിൽ സന്ദേഹവും സംശയവും ഉണ്ടാക്കാനുള്ള ആസൂത്രിത കരുനീക്കങ്ങൾ നടത്തി. ഇസ്‌ലാമിനോടും മുസ്്ലിം ജനവിഭാഗത്തോടും കടുത്ത വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന, അവരെ കുറിച്ച് ഭീതി ജനിപ്പിക്കുന്ന ഉപജാപ പ്രവർത്തനങ്ങളിലും ഭീകര വൃത്തികളിലും വ്യാപകമായി ഏർപ്പെട്ടു. അങ്ങനെയാണ് ഇസ്‌ലാമിനെയും ഭീകരതയെയും കൂട്ടിച്ചേർത്തുള്ള സമവാക്യങ്ങൾ  രൂപപ്പെടുത്തിയത്. അത് നടപ്പിൽ വരുത്തുന്നതിന് അറബി ഭാഷയിലെ വ്യത്യസ്ത പദാവലികളിലുള്ള ഭീകര സംഘടനകൾ പ്രത്യക്ഷപ്പെടുന്ന സാഹചര്യവും ഉണ്ടായിത്തീർന്നു.  ഒരു പുതിയ ഭീകര സംഘടന പുതിയ അറബിപ്പേരോടു കൂടി പ്രത്യക്ഷപ്പെടുമ്പോൾ, പഴയതിന് കർട്ടൻ വീഴുകയായി.
ഇന്ത്യയിൽ ദേശീയ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഭീകര പ്രവൃത്തികൾ ഉണ്ടാവുന്നതും തൊട്ടുടനെ തന്നെ ദേശീയ അന്വേഷണ ഏജൻസി അതിന്റെ പിന്നിൽ 'പ്രവർത്തിച്ച', അറബിപ്പേരോടു കൂടിയ ഒരു പുതിയ ജിഹാദി സംഘടനയുടെ നാമം പുറത്തു വിടുന്നതും ഏറക്കുറെ പതിവായിരിക്കുകയാണ്. പക്ഷേ, പേരും സംഘാടകരും ആരായാലും, ഈ വിഷയത്തിൽ പോലീസും ഇതര ഭരണകൂട ഏജൻസികളും പ്രിന്റ്-ഇലക്ട്രോണിക് മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ചേർന്ന് നടത്തുന്ന നിരന്തരവും പ്രചണ്ഡവുമായ  പ്രചാര വേലകളുടെ ലക്ഷ്യം, അവരുടെ  നിക്ഷിപ്‌ത രാഷ്ട്രീയ താൽപര്യങ്ങൾക്കു പുറമെ, ഏതു വിധേനയും ഇസ്്ലാമിന്റെ പ്രചാരം തടയുക, ഇസ്‌ലാമിനെയും മുസ്്ലിംകളെയും സംബന്ധിച്ച് ഇതര ജനവിഭാഗങ്ങളിൽ ഭയവും വെറുപ്പും സൃഷ്ടിക്കുക, ലോക സമൂഹത്തിന് മുന്നിൽ ഇസ്‌ലാമിന്റെയും മുസ്്ലിംകളുടെയും തെറ്റായ പ്രതിനിധാനം ഉറപ്പ് വരുത്തുക എന്നത്  മാത്രമായിരുന്നു.
ചുരുക്കിപ്പറയട്ടെ, പേരിലോ ആശയത്തിലോ ഉള്ളടക്കത്തിലോ ഇസ്‌ലാമിന് ഭീകരതയുമായി ഒരു ബന്ധവുമില്ല. ഇസ്്ലാമിക ആദർശവും ചരിത്രവും സംസ്കാരവും അടിസ്ഥാനപരമായി സ്വാതന്ത്ര്യത്തിന്റെതും വിമോചനത്തിന്റെതും സമാധാനത്തിന്റെതുമാണ്. പ്രവാചകൻ മുഹമ്മദ് തന്റെ കാലത്ത് സാക്ഷാത്കരിച്ച വിപ്ലവം അദ്വീതിയമായിരുന്നു. ചരിത്രത്തിന്റെ ഒരു വിധത്തിലുമുള്ള വ്യാഖ്യാന വിശദീകരണ ശീലുകൾക്കും അത് വഴങ്ങുന്നില്ല. അത് ചരിത്രം രൂപപ്പെടുത്തിയ വിപ്ലവമായിരുന്നില്ല. മറിച്ച്, ആ കാല ചരിത്രത്തെയും ശേഷമുള്ള ചരിത്രത്തെയും രൂപപ്പെടുത്തിയ വിപ്ലവമായിരുന്നു. ആയിരത്തി നാനൂറ് വർഷങ്ങൾക്കിപ്പുറത്ത് ഇന്നും അത് മനുഷ്യ ജീവിതത്തെയും ചരിത്രത്തെയും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു.  വിശ്വാസം, ചിന്ത, സംസ്കാരം, രാഷ്ട്രീയം, നിയമം, മതം, വ്യക്തി, കുടുംബം, സമൂഹം, സാമൂഹിക ബന്ധങ്ങൾ, സാമ്പത്തിക ഘടന, ഭൗമ രാഷ്ട്രീയം എന്നു വേണ്ട മനുഷ്യ ജീവിതത്തിലെ സ്ഥൂലവും സൂക്ഷ്മവുമായ സകല  തന്ത്രികളെയും മാറ്റിപ്പണിത  വിപുലവും വ്യാപകവും സമഗ്രവുമായ വിപ്ലവമായിരുന്നു അത്. ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് സാധിച്ച, എന്നാൽ ഏറ്റവും ദ്രുതഗതിയിൽ വ്യാപിച്ച വിപ്ലവം. ഭിന്നിപ്പിച്ചുകൊണ്ട് സാക്ഷാത്കരിച്ച അധികാരാരോഹണമല്ല, ജനതതികളെ വിശ്വാസത്തിന്റെയും മാനവികതയുടെയും ഭൂമികയിൽ ഒന്നിപ്പിച്ചുകൊണ്ട് സാക്ഷാത്കരിച്ച പരിവർത്തനം. ഇസ്‌ലാമിന് മുമ്പും ശേഷവും സ്ഥാപിക്കപ്പെട്ട സാമ്രാജ്യങ്ങൾ മുഴുക്കെയും ലക്ഷക്കണക്കിന് മനുഷ്യരുടെ തലയോട്ടികൾക്കും കബന്ധങ്ങൾക്കും മുകളിലാണ് പണിയപ്പെട്ടതെങ്കിൽ, ഇസ്‌ലാമിക ഭരണക്രമം സ്ഥാപിതമായതു തന്നെ വർഗ-വർണ വ്യത്യാസമന്യേയുള്ള മനുഷ്യ സാഹോദര്യത്തിലും ജീവിക്കാനുള്ള അവകാശത്തിലുമാണ്. ഇലിയഡും ഒഡീസിയും ഷാഹ്നാമയും മഹാഭാരതവും ഐതിഹ്യങ്ങളോ യഥാർഥ ചരിത്ര സംഭവങ്ങളോ, അല്ലെങ്കിൽ ചരിത്രവും ഭാവനയും ചേർത്ത് രൂപപ്പെടുത്തിയതോ ആയ രചനകളായിരിക്കാം. അവ യഥാർഥ ചരിത്ര സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി വിരചിതമായതാണെങ്കിൽ അവയിൽ പരാമർശിച്ചിരിക്കുന്ന യുദ്ധകഥകൾ ഭയാനകമാണ്. അവ സാങ്കൽപികമാണെങ്കിൽ, അവ അതിലേറെ കൂടുതൽ ഭീകരവും ബീഭത്സവുമാണ്. എന്തെന്നാൽ, അവർ സ്വപ്നം കണ്ടതും ആസ്വദിച്ചതും ഭീകര യുദ്ധങ്ങളായിരുന്നു എന്നാണ് അതിന്റെ അർഥം.
സമാധാനത്തിന്റെ ദർശനം
ഇസ്്ലാമിക സംസ്കാരത്തിൽ ഇത്തരത്തിലുള്ള യുദ്ധകഥകളൊന്നും വിരചിതമായതായി കാണുന്നില്ല. യുദ്ധവും ശത്രുതയും പകയും പ്രതികാരവും ശത്രുവിന്റെ രക്തവും തലയോട്ടിയും വിവരിക്കുന്ന നിരവധി കവിതകൾ പ്രവാചകത്വത്തിന് മുമ്പ് അറബി സാഹിത്യത്തിന്റെ ഭാഗമായിരുന്നുവെങ്കിലും അത്തരമൊന്ന് ഇസ്‌ലാമിന്റെയോ ഇസ്‌ലാമിക സംസ്‌കാരത്തിന്റെയോ ചരിത്രത്തിലില്ല. ഈ വസ്തുത ഇസ്‌ലാമിക സംസ്കൃതിയുടെ വ്യതിരിക്തത വ്യക്തമാക്കുന്നു. മറ്റൊരു കോണിൽനിന്നു കൂടി ഇതേ വ്യതിരിക്തതയെ നോക്കിക്കാണാം. ഇസ്‌ലാമിക ഖിലാഫത്തും സംസ്കാരവും അതിന്റെ ഉച്ചസ്ഥായിയിലായിരിക്കെ, അത് ഗ്രീക്ക്, പേർഷ്യൻ, ഇന്ത്യൻ വിജ്ഞാനീയങ്ങളിൽനിന്ന് പലതും ഉൾക്കൊണ്ടിരുന്നു. നിരവധി ഗ്രന്ഥങ്ങൾ അറബി ഭാഷയിലേക്ക് ഗ്രീക്ക് ഭാഷയിൽനിന്ന് വിവർത്തനം ചെയ്തിരുന്നു. ഇമാം ഗസാലിക്കും ഇബ്നു റുശ്ദിനും ഇടയിൽ പ്ലാറ്റോണിസത്തെയും അരിസ്റ്റോട്ടലിന്റെ ചിന്തകളെയും അടിസ്ഥാനമാക്കി നടന്ന ഖണ്ഡന-മണ്ഡനങ്ങൾ വിശ്രുതമാണ്‌. ഭാരതീയമായ  പഞ്ചതന്ത്ര കഥകൾ അറബിയിൽ കലീല വ ദിംനയായി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ആയിരത്തൊന്ന് രാവുകൾ വിരചിതമായത് ആ ഘട്ടത്തിലാണ്. പക്ഷേ, അപ്പോഴും ഗ്രീക്ക്, പേർഷ്യൻ, ഇന്ത്യൻ ഭാഷകളിലെ യുദ്ധകഥകളിൽ അവർ ഒരു താൽപര്യവും കാണിച്ചതായി കാണാൻ സാധിക്കുന്നില്ല.
ആർദ്രതയുടെയും കാരുണ്യത്തിന്റെയും മഹാസാഗര തീരത്തു നിന്ന് സാഹോദര്യത്തിന്റെയും പരസ്പര സഹായത്തിന്റെയും സഹാനുഭൂതിയുടെയും സ്നേഹത്തിന്റെയും പാഠങ്ങൾ പഠിപ്പിക്കുന്ന ഇസ്‌ലാം അതിന്റെ പേരിലും ആശയത്തിലും ഉള്ളടക്കത്തിലും  സമാധാനത്തിന്റെ മതമായി മാറിയത് യാദൃഛികമല്ല.  ഇസ്‌ലാമിലെ അഭിവാദന വാക്ക് സമാധാനത്തിനു വേണ്ടിയുള്ള പ്രാർഥനയാണ്.  വിശിഷ്ടാനുഷ്ഠാനമായ അഞ്ചു നേരത്തെ നിർബന്ധ നമസ്കാരവും അതിനെ തുടർന്നുള്ള ഇതര ഐച്ഛികമായ നമസ്കാരങ്ങളും സമാപിക്കുന്നത് ലോകത്തിന് മുഴുവൻ സമാധാനം ആശംസിച്ചുകൊണ്ടാണ്. വിശിഷ്ടാനുഷ്ഠാനമായ അഞ്ച് നേരത്തെ നമസ്കാര ശേഷം ഇസ്്ലാം അനുയായികളെ പഠിപ്പിക്കുന്ന ആദ്യത്തെ പ്രാർഥന തന്നെ, "ദൈവമേ, നീയാണ് സമാധാനം, നിന്നിൽ നിന്നാണ് സമാധാനം, നിന്നിലേക്ക് മടങ്ങുന്നതിലൂടെയാണ് സമാധാനം, ഞങ്ങളുടെ നാഥാ, ഞങ്ങളെ  നീ സമാധാനത്തോടു കൂടി ജീവിപ്പിക്കണമേ, നീ നിന്റെ കാരുണ്യംകൊണ്ട് ഞങ്ങളെ സമാധാനത്തിന്റെ ഗേഹത്തിൽ പ്രവേശിപ്പിക്കണമേ " എന്നാണ്.  ഇതിന്റെയൊക്കെ രത്നച്ചുരുക്കമെന്നു പറയുന്നത്, സമാധാനം എന്നത് യഥാർഥ മുസ്്ലിംകളുടെ ജീവവായു ആണെന്നും അവർ ഉച്ഛ്വസിക്കുന്നതു പോലും സമാധാനത്തെയാണെന്നും അവരോളം ആന്തരികവും ബാഹ്യവുമായ സമാധാനം അനുഭവിക്കുന്നവർ മറ്റേതെങ്കിലും വിശ്വാസ സമൂഹത്തിൽ പോലും ഉണ്ടാകില്ലെന്നും, മുസ്്ലിംകൾ ജീവിക്കുന്നതും മരിക്കുന്നതും  ഈ സമാധാനം അനുഭവിച്ചുകൊണ്ടാണെന്നും കൂടിയാണ്. l (തുടരും )

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 74-78
ടി.കെ ഉബൈദ്‌

ഹദീസ്‌

ശഅ്‌ബാൻ മാസത്തിലെ നോമ്പ്
ഡോ. മുഹമ്മദ് പാണ്ടിക്കാട്