Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 24

3291

1444 ശഅ്ബാൻ 03

പള്ളിയിൽ നിന്ന് ആരംഭിക്കാം, നമ്മുടെ ഓരോ ദിവസവും

തൗഫീഖ് മമ്പാട്

നമ്മുടെ ദൈനംദിന ജീവിതത്തെ ഇസ്്ലാം ക്രമീകരിച്ചിരിക്കുന്നത് എങ്ങനെയെന്ന് ആലോചിച്ചിട്ടുണ്ടോ? വിശ്വാസിയുട ദിവസം തുടങ്ങുന്നത് നമസ്കാരത്തോടെയാണ്. നമസ്കാരത്തോടെ തന്നെയാണ് ഓരോ ദിവസവും അവസാനിക്കുന്നതും. അതിനിടയിൽ നാം നിത്യവൃത്തിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ കൃത്യമായ ഇടവേളകളിൽ മൂന്ന് തവണ വീണ്ടും നമസ്കാരത്തിനായി വന്നു പോകാൻ അല്ലാഹു കൽപിക്കുന്നുണ്ട്. അഥവാ, നമസ്കാരം കേന്ദ്രബിന്ദുവായ ഒരു ദൈനംദിന ജീവിത ക്രമമാണ് ഇസ്്ലാം വിശ്വാസികളുടെ മുന്നിൽ വെക്കുന്നത്. ഇങ്ങനെയൊരു ദൈനംദിന ജീവിത ക്രമമാണ് നമ്മുടെ മനസ്സിൽ ഈമാനിന്റെയും തഖ് വയുടെയും നനവ് ഉണങ്ങാതെ  നിലനിർത്താൻ സഹായിക്കുന്നത്.
ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഇസ്്ലാം നമസ്കരിക്കാൻ കൽപിക്കുന്നതെങ്കിൽ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഈമാനിന്റെയും തഖ്്വയുടെയും നനവ് നഷ്ടപ്പെട്ട് മനസ്സ് വരണ്ടുപോകും. ഒരു ആഴ്ചയിൽ നിന്ന് അടുത്ത ആഴ്ചയിലേക്ക് എത്തുമ്പോഴേക്കും അല്ലാഹുവിൽ നിന്ന്  നാം ഒരുപാട് അകന്നിട്ടുണ്ടാവും. ജീവിതത്തിന്റെ കെട്ടും മട്ടും ഇളകിയിട്ടുണ്ടാവും. ക്രമവും താളവും തെറ്റിയിട്ടുണ്ടാവും. ഒരു മുസ്്ലിമിന്റെ ജീവിതത്തിന്റെ കെട്ടും മട്ടും ക്രമവും താളവും നിർണയിക്കുന്നത് നമസ്കാരത്തിൽ അയാൾ പുലർത്തുന്ന കൃത്യനിഷ്ഠയും സൂക്ഷ്മതയുമാണ്. അഥവാ, ജീവിതത്തിന്റെ സഞ്ചാര ഗതി നിയന്ത്രിക്കുന്നത് നമസ്കാരമാണ്. നമ്മുടെ ഈമാനിന്റെയും തഖ്്വയുടെയും നിലവാരം നമസ്കാരത്തിലെ കൃത്യതയെ കൂടി ആശ്രയിച്ചാണിരിക്കുന്നത്. നമസ്കാരത്തിലെ കൃത്യത എന്നാൽ അഞ്ച് നേരത്തെ നമസ്കാരം പള്ളിയിൽ പോയി ജമാഅത്തായി നിർവഹിക്കുക എന്നതാണ്. അതുകൊണ്ടാണ് റസൂൽ (സ) പള്ളിയിൽ പോയി ജമാഅത്തായി  നമസ്കാരം നിർവഹിക്കണമെന്ന് ശക്തമായി ആഹ്വാനം ചെയ്തതും അതിന് വലിയ ശ്രേഷ്ഠതയും പ്രതിഫലവും ഉണ്ടെന്ന് അറിയിച്ചതും.
പള്ളിയുമായി ഹൃദയ ബന്ധമുള്ളവരാകണം വിശ്വാസികൾ എന്നാണ് റസൂൽ (സ) പഠിപ്പിച്ചത്.  ഒരു ചാൺ അകലത്തിൽ സൂര്യൻ കത്തിജ്ജ്വലിച്ച് നിൽക്കുന്ന മഹ്ശറിലെ ഭീകരാന്തരീക്ഷം. ഒരൽപം തണലിനു വേണ്ടി മനുഷ്യരെല്ലാവരും കൊച്ചു കുട്ടികളെപ്പോലെ അലമുറയിട്ട് കരയുന്ന സന്ദർഭം. അന്ന് ഏഴ് വിഭാഗം ആളുകൾക്ക്  അല്ലാഹു പ്രത്യേകം തണൽ നൽകുമെന്ന് റസൂൽ(സ) വ്യക്തമാക്കി. പള്ളിയുമായി ഹൃദയ ബന്ധം കാത്തുസൂക്ഷിച്ചവരാണ് അതിലൊരു വിഭാഗം. പള്ളിയുമായുള്ള ഹൃദയ ബന്ധം എന്ന പ്രയോഗത്തെ കുറിച്ച്  ചിന്തിച്ചിട്ടുണ്ടോ? രണ്ട് വ്യക്തികൾക്കിടയിൽ ഹൃദയബന്ധം ഉണ്ടാകുമ്പോൾ അവർ പരസ്പരം കാണാൻ ആഗ്രഹിക്കും. ഒരുമിച്ചിരിക്കാനുള്ള അവസരം ലഭിച്ചാൽ അവരുടെ മനസ്സ് സന്തോഷിക്കും. പള്ളിയുമായി ഹൃദയബന്ധമുള്ള വ്യക്തിക്ക് പള്ളിയിലെത്താൻ അവസരം ലഭിക്കുമ്പോൾ ആനന്ദം അനുഭവപ്പെടും. ബാങ്ക് വിളി കേട്ടാൽ അയാളുടെ മനസ്സ് തുടിക്കുകയും  ജമാഅത്ത് നമസ്കാരത്തിനായി പള്ളിയിലേക്ക് പോകാൻ വെമ്പൽ കൊള്ളുകയും ചെയ്യും. പള്ളിയിൽ എത്തിയാൽ ആ മനസ്സ് ശാന്തമാവും. അടുത്ത നമസ്കാരം വരെയുള്ള സമയത്തേക്ക് ആവശ്യമായ ഈമാനും തഖ്്വയും സംഭരിച്ചിട്ടാകും അയാൾ പള്ളിയിൽ നിന്ന് പുറത്തിറങ്ങുക.
സ്വുബ്ഹ് ജമാഅത്ത് നമുക്ക് സ്ഥിരമായി ലഭിക്കാറുണ്ടോ? സ്വുബ്ഹ് നമസ്കാരം ജമാഅത്തായി നിർവഹിക്കാൻ റസൂൽ ( സ) പ്രത്യേകമായി തന്നെ ഉണർത്തിയിട്ടുണ്ട്: 'ഇശാ, സ്വുബ്ഹ് എന്നീ നമസ്കാരത്തെക്കാൾ കപടവിശ്വാസികൾക്ക് ഭാരമേറിയ മറ്റൊരു നമസ്കാരമില്ല. അത് രണ്ടിനുമുള്ള പ്രതിഫലം എത്രയെന്ന് അവർ അറിഞ്ഞിരുന്നുവെങ്കിൽ അവർ അതിനായി മുട്ടിലിഴഞ്ഞിട്ടാണെങ്കിലും (പള്ളിയിലേക്ക്) എത്തുമായിരുന്നു'. വിശ്വാസിയുടെ ഒരു ദിവസത്തെ  ഈമാനികമായ ഊർജസ്വലത നിർണയിക്കുന്ന പ്രധാന ഘടകം സ്വുബ്ഹ് നമസ്കാരമാണ്. അതിൽ വീഴ്ച സംഭവിച്ചാൽ ആ ദിവസം പിശാചിന്റെ കെട്ടിൽ നാം കുടുങ്ങിപ്പോകും. ഒരാൾ പിശാചിന്റെ കെട്ടിൽ കുടുങ്ങിയാൽ അയാളുടെ മനസ്സിൽ തെറ്റായ ചിന്തകൾ മുളപ്പിക്കാൻ പിശാചിന് അധികം റിസ്ക് എടുക്കേണ്ടി വരില്ല. ഇക്കാര്യത്തെ കുറിച്ച് ജാഗ്രത പുലർത്താൻ റസൂൽ നിർദേശിക്കുന്നുണ്ട്. സ്വുബ്ഹ് നമസ്കാര ശേഷം പള്ളിയിൽ ദിക്റ്, ഖുർആൻ പാരായണം, ഹദീസ് പഠനം തുടങ്ങിയ ഇബാദത്തുകൾക്ക് വേണ്ടി അൽപ സമയം ചെലവഴിക്കൽ പ്രത്യേകം പുണ്യമുള്ള കാര്യമാണ്. പ്രവാചകൻ (സ) പറയുന്നു: 'ഒരാൾ ജമാഅത്തായി സ്വുബ്ഹ് നമസ്കാരം നിർവഹിക്കുകയും ശേഷം സൂര്യൻ ഉദിക്കുന്നതു വരെ പള്ളിയിൽ തന്നെ ദിക്റിൽ മുഴുകി ഇരിക്കുകയും സൂര്യൻ ഉദിച്ചു കഴിഞ്ഞാൽ രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കുകയും ചെയ്താൽ ഒരു ഹജ്ജിന്റെയും ഉംറയുടെയും പൂർണ പ്രതിഫലം അവന് ലഭിക്കുന്നതാണ്.'
സച്ചരിതരായ നമ്മുടെ മുൻഗാമികൾ നമസ്കാരം പള്ളിയിൽ പോയി ജമാഅത്തായി നിർവഹിക്കുന്നതിൽ സൂക്ഷ്മതയും കൃത്യതയും ആവേശവും പുലർത്തിയവരായിരുന്നു. താബിഇയായ ആമിറുബ്നു അബ്്ദില്ലാഹിബ്്നി സുബൈറിനെ കുറിച്ച് ഇമാം ഇബ്നുൽ ജൗസി (റ) പറയുന്നു: 'അദ്ദേഹം ഒരിക്കലും പള്ളിയിൽ എത്താതിരുന്നിട്ടില്ല. നമസ്കാരത്തിന് വേണ്ടി നേരത്തെ തന്നെ അദ്ദേഹം പള്ളിയിലേക്ക്  വരുമായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്  രണ്ടാമത്തെ സ്വഫ്ഫാണ് കിട്ടിയത്. അപ്പോൾ അദ്ദേഹം വിഷമിച്ചുകൊണ്ട് പറഞ്ഞു: 'അല്ലാഹുവാണ് സത്യം, വിവേകം വെച്ച കാലം മുതൽ രണ്ടാമത്തെ സ്വഫ്ഫിൽ ഞാൻ നമസ്കരിച്ചിട്ടേയില്ല. ഒന്നാമത്തെ സ്വഫ്ഫിലല്ലാതെ ഞാൻ നമസ്കരിച്ചിട്ടില്ല'. അദ്ദേഹത്തിന്റെ അനുയായികൾ അദ്ദേഹത്തെ കുറിച്ച് പറഞ്ഞു: അദ്ദേഹം മരണാസന്നനായി കിടക്കെ സകറാത്തുൽ മൗത്തിന്റെ അൽപം മുമ്പ്  മഗ്്രിബ് ബാങ്ക് കേട്ടു. അപ്പോൾ അദ്ദേഹം കരയാൻ തുടങ്ങി. അവർ ചോദിച്ചു: താങ്കൾക്ക് എന്തു പറ്റി?  അദ്ദേഹം പറഞ്ഞു: 'ജനങ്ങൾ ഇപ്പോൾ പള്ളിയിൽ നമസ്കരിക്കുന്നു. ഞാൻ വീട്ടിലും'. അപ്പോൾ അവർ പറഞ്ഞു: 'താങ്കൾ രോഗിയാണല്ലോ'. ആ മറുപടിയൊന്നും അദ്ദേഹത്തെ ആശ്വസിപ്പിച്ചില്ല. തന്നെ പള്ളിയിലേക്ക്  കൊണ്ടുപോകാൻ അദ്ദേഹം കൽപിച്ചു. അവർ അദ്ദേഹത്തെ പള്ളിയിലേക്ക് കൊണ്ടുപോയി. ജമാഅത്തായി നമസ്കരിച്ചുകൊണ്ടിരിക്കെ സുജൂദിൽ കിടക്കുമ്പോൾ അല്ലാഹു അദ്ദേഹത്തിന്റെ റൂഹ് കൊണ്ടുപോയി. ജനങ്ങൾ സലാം വീട്ടിയ ശേഷം അദ്ദേഹത്തെ ഇളക്കി നോക്കി. അദ്ദേഹം മരിച്ചതായി അവർ അറിഞ്ഞു. അവർ അദ്ദേഹത്തിന്റെ മക്കളോട് പറഞ്ഞു: എത്ര സൗഭാഗ്യകരമായ മരണം!! അപ്പോൾ മക്കൾ പറഞ്ഞു: അല്ലാഹുവേ, സൗഭാഗ്യകരമായ മരണം നൽകണേ എന്ന് എല്ലാ ദിവസവും ഞങ്ങളുടെ ഉപ്പ പ്രാർഥിക്കുമായിരുന്നു. സൗഭാഗ്യകരമായ മരണം എന്നതുകൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന്  ഞങ്ങൾ ഉപ്പയോട് ചോദിച്ചിരുന്നു. അപ്പോൾ ഉപ്പ പറഞ്ഞു: 'ഞാൻ സുജൂദിൽ കിടക്കവെ അല്ലാഹു എന്റെ റൂഹ് പിടിക്കുക'...........
പള്ളിയിൽ നിന്ന് തുടങ്ങട്ടെ നമ്മുടെ ഓരോ ദിവസവും. പള്ളിയുമായി ഹൃദയബന്ധമുള്ള യൗവനം എത്ര മനോഹരവും കരുത്തുറ്റതുമായിരിക്കും. നമ്മുടെ ഓരോ ദിനവും ആരംഭിക്കേണ്ടത് നമ്മുടെ പ്രദേശത്തെ പള്ളിയിൽ സ്വുബ്ഹ് നമസ്കാരത്തിന് കൃത്യമായി ഹാജറായിക്കൊണ്ടാവാൻ ശ്രമിക്കുകയും അത് ശീലമാക്കുകയും ചെയ്യണം. സ്വുബ്ഹ് നമസ്കാരാനന്തരം ദിക്ർ, ദുആ, ഖുർആൻ പാരായണം /ഖുർആൻ പഠനം/ ഹദീസ് പഠനം തുടങ്ങിയവയിൽ സാധ്യമാകുന്നതു പോലെ അൽപ സമയം മുഴുകാനും നമുക്ക് സാധിക്കണം.  ഓരോ ദിവസവും ഇങ്ങനെ തുടങ്ങുമ്പോൾ അത് നമ്മുടെ ഈമാനും തഖ്്വയും വർധിപ്പിക്കുകയും ജീവിതത്തിലും മനസ്സിലും വെളിച്ചം പ്രസരിപ്പിക്കുകയും ചെയ്യും. l

('ലെറ്റ്സ് ബിഗിൻ ഫ്രം മസ്ജിദ്' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ പ്രമേയം).

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 74-78
ടി.കെ ഉബൈദ്‌

ഹദീസ്‌

ശഅ്‌ബാൻ മാസത്തിലെ നോമ്പ്
ഡോ. മുഹമ്മദ് പാണ്ടിക്കാട്