Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

ജമാഅത്തെ ഇസ്‌ലാമിയെ    വിലയിരുത്തുമ്പോള്‍  

കെ.പി രാമനുണ്ണി

മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്ന പ്രസ്ഥാനങ്ങള്‍ മതത്തിന്റെ കോര്‍ വാല്യൂസിനോട് എത്രത്തോളം പ്രതിബദ്ധത പുലര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചാണ് ഞാന്‍ അവയെ വിലമതിക്കാറുള്ളത്. ജമാഅത്തെ ഇസ്‌ലാമിയെ വിലയിരുത്തുമ്പോള്‍ അതിന്റെ ഗുണാത്മക വശങ്ങളും പ്രവര്‍ത്തന പദ്ധതികളുമാണ് ആദ്യമായി പരിശോധിക്കാന്‍ ആഗ്രഹിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെയും അനുബന്ധ സംഘടനകളുടെയും പ്രവര്‍ത്തനപദ്ധതികള്‍ എന്നില്‍ പൊതുവെ മതിപ്പാണ് സൃഷ്ടിച്ചിട്ടുള്ളത്. പ്രവര്‍ത്തനപദ്ധതികള്‍ക്കിടയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള സ്ഖലിതങ്ങളെ ചൂണ്ടിക്കാണിക്കുകയും ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷക്കൊത്തുയരാത്ത എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ അവയെ രേഖപ്പെടുത്തുകയൂം ഭാവിപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നന്നാക്കാന്‍ എന്തെങ്കിലും നിര്‍ദേശങ്ങളുണ്ടെങ്കില്‍ നല്‍കുകയുമെല്ലാം ഞാന്‍ ചെയ്യാറുണ്ട്. ഇന്ത്യയിലെ ജമാഅത്തെ ഇസ്‌ലാമി അതിന്റെ ആദ്യകാല നിലപാടുകളില്‍നിന്ന് ഇസ്‌ലാമിന്റെ വിശാലതയിലേക്ക് കൂടുതല്‍ വളര്‍ന്നിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം. സൂഫിസത്തോടുള്ള സമീപനത്തിലും മറ്റും ജമാഅത്തെ ഇസ്‌ലാമിക്കകത്തുള്ളവര്‍തന്നെ എന്റെ കാഴ്ചപ്പാടിനോട് അടുത്തും അകന്നും വിഭിന്ന നിലപാടെടുക്കാറുണ്ട്. ഇത് ഉദ്ദേശ്യശുദ്ധിയില്‍നിന്ന് ജനിക്കുന്ന വ്യത്യസ്ത വീക്ഷണകോണുകള്‍ മാത്രമാണ്. മാധ്യമം പത്രവും ആഴ്ചപ്പതിപ്പും അത്തരം വിഷയങ്ങളോട് അസ്പൃശ്യത പുലര്‍ത്താറില്ല. 
ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയില്‍ അതിന്റെ പ്രവര്‍ത്തനമാര്‍ഗം വിശദീകരിക്കുമ്പോള്‍ 'രചനാത്മകവും സമാധാനപൂര്‍വവുമായ' എന്ന വാക്കാണ് ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. പണ്ട് 'രചനാത്മകവും നിര്‍മാണാത്മകവും' എന്നായിരുന്നു അവിടെ ഉപയോഗിച്ചിരുന്നത്. അതില്‍ നിര്‍മാണാത്മകം എന്നത് മാറ്റി പകരം സമാധാനപൂര്‍വം എന്ന് ചേര്‍ക്കുകയായിരുന്നു. വെറുതെയുള്ള ഒരു പ്രയോഗമാറ്റം മാത്രമല്ല അത്. ഒരു സംഘടനയുടെ അടിസ്ഥാന രേഖയില്‍ ഒരു വാക്കിന് പകരം മറ്റൊന്ന് ചേര്‍ക്കപ്പെടുന്നതില്‍ വീക്ഷണപരമായ വ്യതിയാനത്തിന്റെ മുദ്രയുണ്ട്,  ദാര്‍ശനികമായ അര്‍ഥതലങ്ങളുണ്ട്. 'രചനാത്മകവും നിര്‍മാണാത്മകവും' എന്നത് സൃഷ്ടിപരമായ കാര്യങ്ങളെയും വികസനത്തെയുമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍, രചനാത്മകം എന്നതിന്റെ കൂടെ സമാധാനപൂര്‍വം എന്ന് ചേര്‍ക്കുന്നതിലൂടെ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്കും സമാധാനം ആവശ്യമാണെന്ന മുന്‍വ്യവസ്ഥ രൂപീകൃതമാകുന്നു. ഇവിടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഒരു പ്രീ കണ്ടീഷനായി സമാധാനം നിലകൊള്ളുന്നു. സമാധാനമില്ലാതെ ഒരു പ്രവര്‍ത്തനവും നടക്കില്ലെന്നര്‍ഥം.  മനുഷ്യനെ മനുഷ്യനാക്കുന്ന ഈയൊരു അവസ്ഥ ഉണ്ടാകുമ്പോള്‍ മാത്രമേ എന്തും ഫലപ്രദമാകുന്നുള്ളു. മാത്രമല്ല ഈ വാക്കുമാറ്റത്തോടെ ഇസ്‌ലാമിന്റെ തന്നെ സത്ത ഇതിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയാണ് ചെയ്തത്. കാരണം, ഇസ്‌ലാമിന്റെ അര്‍ഥം സമാധാനം എന്നാണല്ലോ. അപ്പോള്‍ ഭരണഘടനയിലെ ഈയൊരു വാക്കിന്റെ മാറ്റത്തിലൂടെ ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ താത്ത്വികവും രാഷ്ട്രീയവുമായ ശരിയിലേക്കെത്തുന്നു. 
ജമാഅത്തെ ഇസ്‌ലാമിയും മൗദൂദിയും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകന്‍ മൗദൂദിയാണല്ലോ. ഇസ്‌ലാംതീവ്രവാദത്തിന്റെ ഉറവിടം മൗദൂദീദര്‍ശനങ്ങളാണെന്ന ആരോപണമാണ് ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പ്രതിയോഗികള്‍ പ്രധാനമായും ഉയര്‍ത്തുന്നത്.
മൗദൂദിയെ പൂര്‍ണമായി പഠിച്ചിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയാന്‍ ഞാനാളല്ല. ജമാഅത്തെ ഇസ്‌ലാമിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളും അവര്‍ പ്രക്ഷേപിക്കുന്ന ആശയങ്ങളും നോക്കിയാണ് ഞാന്‍ അവരുമായി പല കാര്യങ്ങളിലും സഹകരിക്കുന്നത്. അവര്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സത്യസന്ധത, വിശ്വസ്തത തുടങ്ങിയ ഗുണങ്ങള്‍ കാത്തു സൂക്ഷിക്കുന്നു. വര്‍ഗീയതയും വിഭാഗീയതയും അന്യമതവിദ്വേഷവും കൊണ്ടുനടക്കുന്നില്ല. എന്നാലും അടിസ്ഥാനപരമായി മൗദൂദിയന്‍ പ്രകൃതമുള്ളതിനാല്‍ ഏതു നിമിഷവും അവര്‍ തീവ്രവാദത്തിലേക്ക് വീണുപോകാമെന്നാണ് വിമര്‍ശകരുടെ മുന്നറിയിപ്പ്. അതേസമയം തങ്ങളുടെ പ്രതിബദ്ധത വിശുദ്ധ ഖുര്‍ആനോടും മുഹമ്മദ് നബിയോടുമാണെന്നും മൗദൂദിക്ക് വല്ല തെറ്റും പറ്റിയിട്ടുണ്ടെങ്കില്‍ അത് തലയിലേറ്റാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്നുമുള്ള അര്‍ഥത്തില്‍ ജമാഅത്തെ ഇസ്‌ലാമി നേതാവ് ടി. ആരിഫലി സാഹിബിനെപ്പോലുള്ളവര്‍ പറഞ്ഞതില്‍ ഞാന്‍ സമാധാനം കണ്ടെത്തുന്നു. നബിപ്രോക്തമായ ഇസ്‌ലാമിന്റെ നന്മയില്‍ ശ്രീരാമകൃഷ്ണ പരമഹംസരെപ്പോലെ, മഹാത്മജിയെപ്പോലെ, ശ്രീനാരായണ ഗുരുവെപ്പോലെ വിശ്വാസമുള്ള എനിക്ക് അപ്പോള്‍ അവരെ തീണ്ടാപ്പാടകലത്ത് നിര്‍ത്തേണ്ട കാര്യമില്ല. വ്യാവഹാരികമായി പരിഗണിക്കുകയാണെങ്കില്‍ പ്രസ്ഥാനത്തിന്റെ ആരും തന്നെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല. വര്‍ഗീയത വളര്‍ത്തുന്നതായി കണ്ടിട്ടില്ല. മോഷണം, കൊലപാതകം, പെണ്‍വാണിഭം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാറില്ല. അപ്പോഴും വിമര്‍ശകര്‍ പറയും; ഇവര്‍ പുറമെ കാണുന്ന പോലെയല്ല, ഉള്ള് മഹാപിശകാണ്. ഈ ഗൂഢാലോചനാ സിദ്ധാന്തം വെച്ച് നമുക്ക് ആരെയും പ്രതികളാക്കാം. മനുഷ്യന്മാരുടെ ഉള്ള് മനസ്സിലാക്കാനുള്ള സ്വന്തം സിദ്ധിയില്‍(സാഹിത്യകാരന്റെ സിദ്ധിയില്‍) എനിക്കാണെങ്കില്‍ നല്ല വിശ്വാസവുമുള്ളതിനാല്‍ ഒട്ടും പേടിയുമില്ല.
മൗദൂദിയെക്കുറിച്ച് അറിഞ്ഞതനുസരിച്ച് ചില കാര്യങ്ങള്‍ പറയാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളെ പല സംഗതികളിലും സ്വാംശീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. 
ഉദാഹരണത്തിന് ഇന്ത്യാവിഭജനകാലത്ത് മുസ്‌ലിം സമുദായത്തിലെ ഭൂരിപക്ഷം വിഭജനത്തെ അനുകൂലിക്കുകയും ജിന്നയുടെ പാകിസ്താന്‍ വാദത്തെ അംഗീകരിക്കുകയും ചെയ്ത ഘട്ടത്തില്‍ മൗദൂദി അതിനെതിരെ നിലപാടെടുക്കുന്നുണ്ട്. സമുദായം തന്റെ കൂടെയുണ്ടാവില്ല എന്നറിഞ്ഞിട്ടും അത്ര ആര്‍ജവമുള്ള നിലപാടെടുക്കാന്‍ അദ്ദേഹം ധൈര്യം കാണിച്ചു. ഇസ്‌ലാമിന്റെ തത്ത്വത്തിന്റെ പിന്‍ബലത്തിലാണ് ധീരമായ ഈ നിലപാടെടുക്കാന്‍ മൗദൂദിക്ക് സാധിച്ചത്. ഇന്ത്യാ വിഭജനത്തെ സംബന്ധിച്ച് അന്നത്തെ മൗദൂദിയുടെ നിലപാട് എത്രത്തോളം ശരിയായിരുന്നു എന്ന് ഇന്ന് നമുക്ക് തിരിച്ചറിയാം. വിഭജനം ഇന്ത്യയെയും പാകിസ്താനെയും ഗതികേടിലാക്കി. ഇന്ത്യ വിഭജിക്കപ്പെട്ടിരുന്നില്ലെങ്കില്‍ ഇന്ത്യ ഇന്ന് എവിടെ എത്തുമായിരുന്നു.  വിഭജനത്തിലൂടെ പുതിയ രാഷ്ട്രമുണ്ടായത് ഒരു വിഭാഗത്തെ ശത്രുപക്ഷത്ത് നിര്‍ത്തി ഇന്ത്യയില്‍ വര്‍ഗീയത സൃഷ്ടിക്കാന്‍ തല്‍പരകക്ഷികള്‍ക്ക് സഹായകമായി. ഇന്ത്യന്‍ മുസ്‌ലിംകളെ അന്യവല്‍ക്കരിച്ച് സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കമാക്കിയത് വിഭജനം സൃഷ്ടിച്ച മനശ്ശാസ്ത്രമാണെന്ന് സച്ചാര്‍ കമീഷന്‍ പോലും കണ്ടെത്തിയിരിക്കുന്നു. വിഭജനകാര്യത്തില്‍ മൗദൂദിയുടെ നിലപാട് മതമൂല്യത്തിന്റെ വിശാലതയുള്ളതായിരുന്നു, സാമുദായികതയുടെ ഇടുക്കുതൊഴുത്തായിരുന്നില്ല. 
ഇന്ത്യാ വിഭജനത്തിനു പകരം, വിവിധ ജനവിഭാഗങ്ങള്‍ക്ക് സ്വാതന്ത്ര്യമുള്ള ഫെഡറല്‍ രീതിയാണ് നല്ലതെന്നാണ് മൗദൂദി മുന്നോട്ടുവെച്ച ആശയം. ഇവിടെ വിവിധ ജാതി, മത, വര്‍ഗ വിഭാഗങ്ങളുണ്ട്. അവര്‍ക്കെല്ലാം സ്വയംനിര്‍ണയാവകാശവും ആവിഷ്‌കാര സ്വാതന്ത്ര്യവുമുള്ള ഒരു ഇന്ത്യയായിരുന്നു അദ്ദേഹം സ്വപ്‌നം കണ്ടത്. ഇവിടെ സാമുദായിക വികാരത്തിന്റെ പക്ഷത്തല്ല, മതതത്ത്വങ്ങളുടെയും മൂല്യങ്ങളുടെയും പക്ഷത്തു നിന്നു എന്നതാണ് മൗദൂദിയുടെ പ്രത്യേകത. വിഭജനത്തെ എതിര്‍ക്കുന്നത് സമുദായത്തിന്റെ എതിര്‍പ്പിനും അവഗണനക്കും കാരണമാകുമെന്ന് മനസ്സിലാക്കിത്തന്നെയാണ് അദ്ദേഹം അങ്ങനെ ചെയ്തത്. മൗദൂദി മുന്നോട്ടുവെച്ച ഫെഡറല്‍ ഇന്ത്യ എന്ന സങ്കല്‍പം ജനാധിപത്യമൂല്യങ്ങള്‍ക്ക് വലിയ പരിഗണനയാണ് നല്‍കുന്നത്. മാത്രമല്ല, ഈയൊരു രാഷ്ട്രവ്യവസ്ഥക്ക് അദ്ദേഹം മാതൃക കാണുന്നത് പ്രവാചകന്‍ മുഹമ്മദിന്റെ മദീനാ സ്റ്റേറ്റിലാണ്. അവിടെ ജൂതര്‍, ക്രൈസ്തവര്‍ എന്നിവര്‍ക്കെല്ലാം പ്രാതിനിധ്യം ലഭിക്കുന്ന, ജനാധിപത്യമൂല്യങ്ങളെ സംരക്ഷിക്കുന്ന ഒരു ഭരണമായിരുന്നു നടപ്പിലാക്കപ്പെട്ടത്. ഇതേ സങ്കല്‍പമായിരുന്നു മൗദൂദിക്കും ഉണ്ടായിരുന്നതെന്ന് തോന്നുന്നു. 
മൗദൂദി തന്റെ ആശയസ്ഥാപനത്തിന് മൂര്‍ച്ചയുള്ള ഭാഷയുപയോഗിച്ചത് ചിലരുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ടാകാം. പക്ഷേ മറ്റുള്ളവരുടെ വിശ്വാസങ്ങളെ ജനാധിപത്യരഹിതമായി അദ്ദേഹം പരിചരിച്ചതിന് തെളിവുകളില്ല. ഇനി മൗദൂദിയുടെ ചിന്തകളില്‍ അപകടകരമായി  വല്ലതുമുണ്ടെങ്കില്‍ അവ ചൂണ്ടിക്കാണിക്കപ്പെടണം. കാരണം അവ തിരുത്തപ്പെടണമല്ലോ. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്കും അതാണ് നല്ലത്. കാരണം, ഇസ്‌ലാമിന്റെ അടിത്തറകളിലാണ് അത് പ്രവര്‍ത്തിക്കുന്നതെന്നും പ്രവാചകനെ മാത്രമാണ് ചോദ്യം ചെയ്യാതെ ജമാഅത്ത് പിന്‍പറ്റുകയെന്നും ജമാഅത്ത് തന്നെ വ്യക്തമാക്കുന്നുണ്ട്.
പിന്നെ ഏറ്റവും വിവാദം സൃഷ്ടിച്ചിട്ടുള്ളത് ദൈവികഭരണം എന്ന സങ്കല്‍പ്പമാണ്. ഈ സങ്കല്‍പ്പം ജനാധിപത്യത്തിന് വിരുദ്ധമല്ലേ എന്നാണ് ചോദ്യം. ഇതിനെ രണ്ടു നിലക്കു കാണാം. സൂക്ഷ്മമായ അര്‍ഥത്തില്‍ നോക്കുകയാണെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയും പൂര്‍ണ ജനാധിപത്യത്തിന്റേതല്ല, 'സനാതന തത്ത്വഭരണ'ത്തിന്റേതാണ്. അതുകൊണ്ടാണ് പാര്‍ലമെന്റില്‍ ബഹുഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടായാലും തൊണ്ണൂറ് വയസ്സ് കഴിഞ്ഞ് ഉല്‍പാദനക്ഷമത അറ്റവരെയെല്ലാം വെടിവെച്ചുകൊല്ലണം എന്ന നിയമം നമുക്ക് പാസ്സാക്കാന്‍ പറ്റാത്തത്. അത്തരം രാക്ഷസീയതകള്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ അനുവദനീയമല്ല. ഇവിടെ ജനാധിപത്യം തോല്‍ക്കുന്നു, 'ദൈവതത്ത്വ'ങ്ങള്‍, അതായത് മനുഷ്യനെ മനുഷ്യനാക്കുന്ന തത്ത്വങ്ങള്‍ വിജയിക്കുന്നു. മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന നികൃഷ്ടതകള്‍ വോട്ടിനിട്ട് പാസ്സാക്കിക്കൂടാ. അതുകൊണ്ടാണ് മതരഹിതമായ ഭരണകൂടം തനിക്ക് മൃതിയേക്കാള്‍ ഭയാനകമെന്ന് മഹാത്മജി പറഞ്ഞത്. അദ്ദേഹം ഉദ്‌ഘോഷിക്കുന്ന രാമരാജ്യം ദശരഥപുത്രന്‍ രാമന്റെ രാജ്യമല്ല, ചില സനാതന മൂല്യങ്ങള്‍ ഭരണം നടത്തുന്ന രാജ്യമാണ്. 
ഈ സങ്കല്‍പ്പത്തിന് വിരുദ്ധമായി ചില പുരോഹിതര്‍ ദൈവനിയമത്തിന്റെ വ്യാഖ്യാതാക്കളായി നാട് ഭരിക്കുന്ന രാജ്യമാണ് മൗദൂദിയുടെ ലക്ഷ്യമെങ്കില്‍ വിയോജിക്കേണ്ടിവരും. ജമാഅത്തെ ഇസ്‌ലാമിക്കും മൗദൂദിസത്തില്‍നിന്ന് സലാം പറഞ്ഞ് പിരിയേണ്ടിവരും. അവര്‍ പിരിയുന്നില്ലെങ്കില്‍ നമുക്ക് അവരോട് പിരിയേണ്ടിവരും.
ഭൂമിയില്‍ ഇസ്‌ലാമിന്റെ തത്ത്വങ്ങള്‍ നടപ്പിലായാലേ സമാധാനം സാധ്യമാകൂ എന്നതാണ് മൗദൂദിയുടെ കാഴ്ചപ്പാട്. മാതൃകാ സമൂഹമെന്നതാണോ മൗദൂദിയുടെ സങ്കല്‍പമെന്നത് ഇവിടെ പരിശോധിക്കേണ്ടതാണ്. ഉത്തമസമുദായത്തിന്റെ പ്രചാരകരായാണ് ജമാഅത്ത് മാറേണ്ടത്. മുസ്‌ലിംകളുടെ ആധിപത്യം ലോകം മുഴുവന്‍ വരട്ടേയെന്ന നിലയിലല്ല, ഉത്തമസമുദായത്തിന്റെ ഫലങ്ങള്‍ ഈ ലോകത്തിന് ലഭിക്കട്ടേയെന്ന തലത്തിലാണ് കാര്യങ്ങള്‍ നടപ്പിലാകേണ്ടത്. 
ജമാഅത്തിന്റെ സേവന പ്രവര്‍ത്തനങ്ങളാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. പീപ്പ്ള്‍സ് ഫൗണ്ടേഷനും മറ്റും വലിയ കാര്യങ്ങളാണ് കേരളത്തില്‍ ചെയ്യുന്നത്. സകാത്തായി സ്വരൂപിക്കുന്ന പണം വിവിധ മാര്‍ഗങ്ങളില്‍ ക്രിയാത്മകമായി ഉപയോഗിക്കാന്‍ ഇതിലൂടെ സാധിക്കുന്നുണ്ട്. ജാതി-മത വ്യത്യാസമില്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളെ പരിഗണിക്കുന്നു എന്നത് വലിയ കാര്യംതന്നെയാണ്. ഇസ്‌ലാമില്‍ പാവപ്പെട്ടവന്‍, അഗതി എന്നെല്ലാം പറയുമ്പോള്‍ മുസ്‌ലിം പാവപ്പെട്ടവന്‍, മുസ്‌ലിം അഗതി എന്നൊന്നുമല്ലല്ലോ അര്‍ഥം. 
ധാര്‍മികത പാലിക്കാതെയുള്ള ഒരു പ്രവര്‍ത്തനത്തിലും പങ്കാളികളാകുന്നില്ലെന്നതാണ് ജമാഅത്തിന്റെ മറ്റൊരു പ്രത്യേകത. സത്യസന്ധത, വിശ്വസ്തത തുടങ്ങിയ ഗുണങ്ങള്‍ എല്ലാ മേഖലകളിലും ഉറപ്പാക്കാന്‍ ശ്രമിക്കുന്നു. അതുപോലെത്തന്നെ ഏതു പ്രവര്‍ത്തനത്തിലും വംശീയതയും വര്‍ഗീയതയും വിഭാഗീയതയും കലരാതെ സൂക്ഷിക്കുക. ഇതെല്ലാം ജമാഅത്തിന്റെ ധാര്‍മികതയുടെ ഭാഗമാണ്. ഉദാഹരണത്തിന്, ഉത്തരേന്ത്യയില്‍ വിഭജനകാലത്ത് ധാരാളം പ്രശ്‌നങ്ങളുണ്ടായിരുന്നു. വിഭാഗീയ സംഘട്ടനങ്ങള്‍ നിത്യസംഭവമായിരുന്നു. ഇങ്ങനെ യുദ്ധോന്മുഖമായ ചില ഗ്രാമങ്ങളെ സൗഹാര്‍ദത്തിന്റെ പാതയിലെത്തിക്കാന്‍ ജമാഅത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് അന്ന് സാധിച്ചിരുന്നു. പല തരത്തില്‍ മുസ്‌ലിം വിഭാഗങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന ഘട്ടത്തിലായിരുന്നു ജമാഅത്ത് ഇത്തരം നിലപാടുകളുമായി മുന്നോട്ടുവന്നതെന്നത് ശ്രദ്ധേയമാണ്. 
വര്‍ത്തമാനകാലത്തിന്റെ പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും ഇടയില്‍ ജമാഅത്തിന്റെ ഭാവിപരിപാടികളെ കുറിച്ച് എന്റെ ചില അഭിപ്രായങ്ങള്‍കൂടി പങ്കുവെക്കുകയാണ്. ഇവിടെ ആദ്യമായി പരിഗണിക്കേണ്ടത് വര്‍ത്തമാന കാലത്തെ ഇന്ത്യയുടെ അവസ്ഥയാണ്. ഫാഷിസ്റ്റ് സ്വഭാവമുള്ള ഒരു സര്‍ക്കാറാണ് ഇവിടെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയത്. അതിന്റെ തുടര്‍ച്ചയായി എല്ലാ മേഖലകളിലും ഫാഷിസ്റ്റ് പ്രവണതകളും അസഹിഷ്ണുതയും വര്‍ധിച്ചുവരുന്നു. ലോകതലത്തില്‍തന്നെ ഇസ്‌ലാമോഫോബിയയുടെ ഭാഗമായി മുസ്‌ലിംകളെ അപരവത്കരിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ-അന്തര്‍ദേശിയ തലങ്ങളില്‍ വലിയ പ്രതിസന്ധികളാണുള്ളത്. ഇങ്ങനെയൊരു സന്ദര്‍ഭത്തിലാണ് ജമാഅത്തിന് പ്രവര്‍ത്തിക്കേണ്ടത്. പ്രശ്‌നങ്ങളും പ്രതിസന്ധികളുമില്ലാത്ത സന്ദര്‍ഭങ്ങളില്‍ തത്ത്വങ്ങള്‍ പ്രസംഗിക്കാന്‍ എളുപ്പമാണ്. എന്നാല്‍ പ്രതിസന്ധികളെ നേരിട്ട് മുന്നോട്ടുപോകാനാണ് പ്രയാസം. പ്രവാചകന്‍ തന്റെ ജീവിതത്തില്‍ അതിന് വലിയ മാതൃകകളാണ് കാണിച്ചത്. ഏതു പ്രതിസന്ധിഘട്ടത്തിലും ദര്‍ശനങ്ങളില്‍നിന്ന് വ്യതിചലിക്കാതിരിക്കുക എന്നത് പ്രവാചകന്‍ മുഹമ്മദിന് സാധിച്ച ഒരു വലിയ കാര്യമാണ്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇസ്‌ലാമിന്റെ യുദ്ധനിയമങ്ങള്‍. എല്ലാതരത്തിലും പ്രതികൂല സാഹചര്യമാണ് യുദ്ധം ഉണ്ടാക്കുന്നത്. ആ ആശങ്കകള്‍ക്കും പ്രതിസന്ധികള്‍ക്കും ഇടയില്‍ സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍ തുടങ്ങിയവരെ പ്രത്യേകം പരിഗണിക്കാനും മറ്റുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അവിടെയും കൃത്യമായ ദര്‍ശനം പുലര്‍ത്താനാണ് ഇസ്‌ലാം കല്‍പിച്ചത്. ജമാഅത്തെ ഇസ്‌ലാമി ഈയൊരു പ്രതിസന്ധിഘട്ടത്തിലും അപ്രകാരമുള്ള നിലപാട് സ്വീകരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. മതമൂല്യങ്ങളുടെ അപ്പുറത്ത് കേവലം സാമുദായികതയിലേക്ക് ഒതുങ്ങുന്നതാകരുത് ജമാഅത്തിന്റെ  ഇടപെടലുകള്‍. 
ജമാഅത്ത് ഈ മേഖലയില്‍ ശ്രദ്ധിക്കണമെന്ന് ഉണര്‍ത്തുന്നതിന്റെ പ്രധാന കാരണം, ഇന്ന് ഇന്ത്യന്‍ മുസ്‌ലിംകളുടെ ധൈഷണികനേതൃത്വം ജമാഅത്തിനാണ് എന്നതാണ്. മുസ്‌ലിം സമുദായത്തില്‍ ജമാഅത്തിന്റെ നിലപാടിന് വലിയ പ്രാധാന്യമുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ജമാഅത്തിന്റെ നയങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, പ്രഖ്യാപനങ്ങള്‍ എന്നിവക്ക് ദൂരവ്യാപക സ്വാധീനമുണ്ട്. അതിനാല്‍ അത് പിഴക്കാതിരിക്കുകയെന്നത് സുപ്രധാനമാണ്. 
ജമാഅത്തെ ഇസ്‌ലാമിയും പോഷക സംഘടനകളും ദലിത്-പിന്നാക്ക വിഭാഗങ്ങളുമായും മറ്റു കീഴാള വിഭാഗങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരമൊരു രാഷ്ട്രീയത്തെ പിന്തുണക്കുന്നതും ഉയര്‍ത്തിക്കൊണ്ടുവരുന്നതും നല്ലതാണ്. അത് കാലഘട്ടത്തിന്റെ ഒരാവശ്യവുമാണ്. എന്നാല്‍, ദലിത് രാഷ്ട്രീയത്തില്‍ ചരിത്രപരമായ അടിച്ചമര്‍ത്തലുകളുടെയും പീഡനങ്ങളുടെയും ഫലമായി തീവ്രമായ പ്രതികരണങ്ങള്‍ ഉണ്ടാവാറുണ്ട്. സവര്‍ണരെയെല്ലാം നിരാകരിക്കുന്ന വിദ്വേഷശൈലിയും, ബ്രാഹ്മണന്‍ തൊട്ട് അശുദ്ധമാക്കിയതിനാല്‍ ഇന്ത്യാ രാജ്യത്തെ തന്നെ തള്ളിപ്പറയലും ഇംഗ്ലീഷിനെ ആരാധിക്കലുമെല്ലാം ഇതിനുദാഹരണങ്ങളാണ്. ഇന്ത്യയിലെ എല്ലാം സവര്‍ണര്‍ ചീത്തയാക്കിയതാണ്, അതുകൊണ്ട് പാശ്ചാത്യമായതാണ് ഞങ്ങള്‍ക്ക് നല്ലതെന്നാണ് അവര്‍ വാദിക്കുന്നത്. ഹരിയാനയിലും മറ്റുമുള്ള ചില ദലിത് ആക്ടിവിസ്റ്റുകള്‍ ഇംഗ്ലീഷ് ദേവതക്ക് അമ്പലങ്ങളും മറ്റും ഉണ്ടാക്കിയത് ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ്. 
ദലിതരും സാധാരണക്കാരും ഉണ്ടാക്കിയെടുത്തതാണ് മൗലികമായി ഇന്ത്യയിലെ സംസ്‌കാരം. പിന്നീട് അവയെ സവര്‍ണ അധികാരശക്തികള്‍ ഹൈജാക്ക് ചെയ്യുകയാണുണ്ടായത്. ഏത് സവര്‍ണകലയിലും സംസ്‌കാരത്തിലും ഇപ്രകാരം കൃത്യമായ ദലിത് സ്വാധീനം കാണാവുന്നതാണ്. കഥകളി പോലുള്ള ക്ലാസിക് കലകള്‍ പോലും നിഷ്പന്നമായത് മൗലികമായി ഫോക്ക് ആര്‍ട്ടില്‍നിന്നാണ്. ഏത് സവര്‍ണതയും ഒന്ന് ചികഞ്ഞുനോക്കിയാല്‍ അവര്‍ണമാണ്. കഥകളിയില്‍ കൈയിറക്കമുള്ള വേഷം മുസ്‌ലിംകളില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു. അപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ അധഃസ്ഥിതരും ന്യൂനപക്ഷങ്ങളും തിരിച്ച് അവകാശവാദം ഉന്നയിക്കുകയാണ് വേണ്ടത്. അവയിലെ വരേണ്യമായ അധികാരദുഷിപ്പുകള്‍ ഒഴിവാക്കി സ്വീകരിക്കുകയാണ് വേണ്ടത്. ഇവിടത്തെ സംസ്‌കാരവും പാരമ്പര്യവുമെല്ലാം ഞങ്ങളുണ്ടാക്കിയതാണെന്ന് അവര്‍ പ്രഖ്യാപിക്കണം, അവയില്‍ അവകാശവാദമുന്നയിക്കണം. ഒരിക്കലും നിഷേധാത്മകമായി തള്ളിക്കളയരുത്. 
ഇന്ത്യന്‍ സംസ്‌കാരത്തിലെ മുസ്‌ലിം സംഭാവനകള്‍ പ്രത്യക്ഷമാണ്. അത് ഉയര്‍ത്തിപ്പിടിക്കണം. അല്ലാതെ സവര്‍ണര്‍ക്ക് ആ മേഖല മുഴുവനായി വിട്ടുകൊടുക്കരുത്. ഇവിടെ മതമൂല്യങ്ങളുടെയും മാനുഷികമൂല്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള സംസ്‌കാരവും ജീവിതവും ഉണ്ടാവണം. അല്ലാതെ പാശ്ചാത്യമായ, പദാര്‍ഥവാദപമായ കാഴ്ചപ്പാടിലേക്ക് നിപതിക്കരുത്. 
മാതൃഭാഷാ പ്രസ്ഥാനത്തിന്റെ സജീവ പോരാളിയായി പ്രവര്‍ത്തിക്കുന്നവനാണ് ഞാന്‍. മലയാളത്തിന്റെ കാര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന് സോളിഡാരിറ്റി നേതാക്കളോട് ഞാന്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. കാരണം ന്യൂനപക്ഷങ്ങള്‍ക്ക് മുഖ്യധാരാ സമൂഹത്തില്‍ അന്തസ്സും തന്റേടവും ഉണ്ടാക്കിക്കൊടുത്തത് മലയാളമാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം പള്ളികള്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കല്ലിന്റെയോ കോണ്‍ക്രീറ്റിന്റെയോ കമ്പിയുടെയോ ബലത്തിലല്ല, മലയാളഭാഷയുടെ ബലത്തിലാണ്. ന്യൂനപക്ഷങ്ങള്‍ വ്യത്യസ്ത ഭാഷ സംസാരിക്കുന്ന ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ അവരുടെ സ്ഥിതി എത്ര പരിതാപകരമാണെന്ന് ശ്രദ്ധിക്കുക. മാത്രമല്ല, മതപ്പൊരുളിനെ പിന്തുടരുകയാണെങ്കിലും മുസ്‌ലിംകള്‍ മലയാളത്തെ നെഞ്ചോട് ചേര്‍ക്കേണ്ടതാണ്. വിശ്വാസം, ഭക്തി എന്നിവയെല്ലാം മനുഷ്യന്റെ വൈകാരികമണ്ഡലത്തില്‍ പെടുന്നതാണ്. ഭാവാര്‍ഥം മാതൃഭാഷയിലൂടെയാണ് ആവിഷ്‌കരിക്കപ്പെടുക. മലയാളിയുടെ വൈകാരികഭാഷ മലയാളമാണ്. അതുകൊണ്ടാണ് വിശ്വാസവും പ്രാര്‍ഥനയും അതിന്റെ പൂര്‍ണാനുഭൂതിയില്‍ മാതൃഭാഷയിലൂടെയേ സാധ്യമാകൂ എന്ന് മക്തി തങ്ങള്‍ പറഞ്ഞത്. ഇസ്‌ലാമുമായി പ്രാഥമികമായി ബന്ധപ്പെട്ട ഭാഷ അറബിയായതിനാല്‍ മലയാളത്തോടുള്ള പ്രതിപത്തി തങ്ങളുടെ അറബിയെ ക്ഷീണിപ്പിക്കുമോ എന്ന ആശങ്ക ചില മുസ്‌ലിംകള്‍ക്കുണ്ട്. പക്ഷേ മാതൃഭാഷയിലുള്ള അവഗാഹം മറ്റ് ഭാഷാപഠനത്തെ പ്രോജ്ജ്വലിപ്പിക്കുകയേ ചെയ്യൂ എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഉമ്മയോടുള്ള സ്‌നേഹം ഭാര്യയോടുള്ള സ്‌നേഹത്തിന് എങ്ങനെയാണ് എതിരാവുക? ഉമ്മസ്‌നേഹികളായ മക്കള്‍ക്ക് ഭാര്യമാരെ കൂടുതല്‍ പ്രേമിക്കാനുള്ള മനോഭാവമാണ് ഉണ്ടാകുക. 
ജമാഅത്തും അതിന്റെ പോഷക സംഘടനകളും രചനാത്മകമായ എഴുത്തുകളിലും സാഹിത്യത്തിലും കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് എന്റെ അഭിപ്രായം. ജമാഅത്ത് ധാരാളം കാര്യങ്ങളിലും പ്രശ്‌നങ്ങളിലും ഇടപെടുന്നുണ്ട്. അത് സാഹിത്യത്തിലൂടെയാണെങ്കില്‍ ആളുകള്‍ക്കിടയിലേക്ക് ആ സന്ദേശങ്ങള്‍ പെട്ടെന്ന് സംവേദനം ചെയ്യപ്പെടും. മനുഷ്യന്റെ മനസ്സിനെ മാറ്റിയെടുക്കാന്‍ സാഹിത്യത്തിലൂടെ എളുപ്പം സാധിക്കും. ഇന്നത്തെ പദാര്‍ഥവാദത്തിന്റെ ഭാഗമായി മനുഷ്യനെ മൃഗമായും നിന്ദ്യനായും ചിത്രീകരിക്കുന്ന സാഹിത്യങ്ങളാണ് പ്രചരിക്കുന്നത്. അതിനു പകരം ജീവിതസ്‌നേഹസാഹിത്യത്തിന്റെ പ്രചാരകരായി ജമാഅത്തിനെപ്പോലുള്ള പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരണമെന്നാണ് എന്റെ അഭിപ്രായം. സാഹിത്യം സംഘടനയില്‍ മുഖ്യചര്‍ച്ചയാകണം. ഇപ്പോള്‍ അത് പൂര്‍ണമായി അവഗണിക്കപ്പെട്ടിരിക്കുകയാണെന്നാണ് എന്റെ അഭിപ്രായം. 

തയ്യാറാക്കിയത് : 
അബൂ ജസാ

Comments

Other Post