Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

ജമാഅത്തിനെ ആക്രമിക്കുന്നത്   സ്വന്തം പരിമിതികളെ മറികടക്കാന്‍  

കെ.കെ ബാബുരാജ്

ജമാഅത്തെ ഇസ്‌ലാമിയുമായി എനിക്ക് നേരിട്ട് ആദ്യമായി പരിചയവും അനുഭവവും ഉണ്ടാകുന്നത് എന്റെ ഭാര്യയിലൂടെയാണ്. ഞാന്‍ കോട്ടയത്തെ ഒരു ഗ്രാമത്തിലാണ് ജനിച്ചു വളര്‍ന്നത്. അവിടെ മുസ്‌ലിംകള്‍ തന്നെ വളരെ കുറവായിരുന്നു, അതുകൊണ്ടുതന്നെ ജമാഅത്തും. എന്റെ ഭാര്യ ജോലിയാവശ്യാര്‍ഥം മലബാറിലാണ് താമസിച്ചിരുന്നത്. അക്കാലത്ത് അവിടെയുള്ള ജമാഅത്തുകാരെ അവള്‍ പരിചയപ്പെടുകയും അവരെക്കുറിച്ച് നല്ല അഭിപ്രായം എന്നോട് പങ്കുവെക്കുകയും ചെയ്തിരുന്നു. പിന്നീട് എനിക്ക് എം.ജി യൂനിവേഴ്‌സിറ്റിയില്‍ ജോലി ലഭിച്ചു. ഈയവസരത്തില്‍ ജമാഅത്തുകാരായ ധാരാളം നല്ല കൂട്ടുകാരെയും സഹകാരികളെയും എനിക്ക് ലഭിച്ചു. പല സന്ദര്‍ഭങ്ങളിലും അവരില്‍ പലരുമായും ദീര്‍ഘമായി സംസാരിക്കാറുണ്ടായിരുന്നു. ഇത്തരം ഇടപഴക്കങ്ങളിലൂടെ 1980-കളിലാണ് ഞാന്‍ ജമാഅത്തുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ തുടങ്ങിയത്. 
ജമാഅത്തിനെ അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ ഞാന്‍ അതിനെതിരായുള്ള വാദങ്ങളാണ് പൊതുമണ്ഡലത്തില്‍ കേട്ടുകൊണ്ടിരുന്നത്. ജമാഅത്താണ് എല്ലാ പ്രശ്‌നങ്ങളുടെയും മാസ്റ്റര്‍ ബ്രെയ്ന്‍, അവരാണ് എല്ലാ അക്രമങ്ങളുടെയും വര്‍ഗീയതയുടെയും ആളുകള്‍ എന്നെല്ലാമാണ് ഞാന്‍ കേള്‍ക്കുന്നത്. ഇതെന്നെ ആശ്ചര്യപ്പെടുത്തി. കാരണം, എന്റെ അനുഭവത്തില്‍ ഒരു ചെറുജീവിയെപോലും ഉപദ്രവിക്കാത്ത നല്ല പെരുമാറ്റക്കാരായ ജമാഅത്തുകാരാണ് ഇവിടെ അക്രമമുണ്ടാക്കുന്നതെന്ന വാദം എനിക്ക് അംഗീകരിക്കാനായില്ല. അപ്പോള്‍ ഞാന്‍ അത്തരം വാദങ്ങളോട് പ്രതികരിക്കാറുള്ളത് ഇത് ജമാഅത്തിന്റെ പ്രശ്‌നമല്ല, അതിനെ നോക്കുകയും വായിക്കുകയും ചെയ്യുന്ന കണ്ണുകളുടെ പ്രശ്‌നമാണ് എന്നാണ്. കേരളത്തില്‍ ജമാഅത്തിനെ കുറിച്ച് അവര്‍ ആലോചിക്കുകയോ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യാത്ത കാര്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത്തരത്തിലുള്ള ഒരു പൊതുമണ്ഡലം ഇവിടെ വികസിക്കുകയും ചെയ്തിട്ടുണ്ട്. 
കേരളത്തില്‍ മുഖ്യധാരാ പത്രങ്ങളും പ്രസിദ്ധീകരണങ്ങളും എന്നും ജമാഅത്തിനെയും അനുബന്ധ സംരംഭങ്ങളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് ചെയ്തത്. മാതൃഭൂമി വാരികയടക്കമുള്ള പ്രമുഖ പ്രസിദ്ധീകരണങ്ങളൊക്കെ ധാരാളം പേജുകള്‍ ജമാഅത്ത് വിമര്‍ശകര്‍ക്കായി തുറന്നുവെച്ചിരുന്നു. അപ്രകാരം ഒരിക്കല്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ 18 പേജുള്ള ഒരു ലേഖനം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു. ഹമീദ് മാര്‍ക്‌സിസ്റ്റ് പശ്ചാത്തലത്തില്‍നിന്നുകൊണ്ട് കാര്യങ്ങളെ വിലയിരുത്തുന്നയാളാണ്. ഞാന്‍ ചെറുപ്പം മുതല്‍തന്നെ ഇടതുപക്ഷ മാര്‍ക്‌സിസ്റ്റ് ഭാഗത്തുനിന്നുള്ള വിമര്‍ശനങ്ങളും അതിന്റെ രീതിയും ശൈലിയും പരിചയിച്ചയാളാണ്. എന്നാല്‍ അത്തരം വിമര്‍ശനങ്ങള്‍ പുലര്‍ത്തുന്ന ഒരു മര്യാദയും ഹമീദിന്റെ എഴുത്തിലില്ലെന്ന് എനിക്ക് ബോധ്യമായിരുന്നു. അതിനിടയില്‍ ദല്‍ഹിയിലുള്ള സുഹൃത്ത് ജെനി റൊവീനയുമായുള്ള സംസാരത്തിനിടെ ഇത്തരം മതേതര വിമര്‍ശങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നു. അതിന്റെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ എഴുതണമെന്ന് തീരുമാനിച്ചു. 
ജമാഅത്ത് വിമര്‍ശകരുടെ വാദങ്ങള്‍ക്ക് മറുപടി പറയുകയെന്നതോടൊപ്പം കേരളത്തിലെ സെക്യുലര്‍ കളക്ടീവിനെ (മതേതര പൊതുബോധം) പ്രശ്‌നവത്കരിക്കാന്‍ കൂടിയാണ് ഞങ്ങള്‍ ശ്രമിച്ചത്. 1980-കള്‍ക്കു ശേഷം ഇന്ത്യയില്‍ ഹിന്ദുത്വ ശക്തികള്‍ക്ക് വളര്‍ച്ചയുണ്ടായി എന്നതൊരു യാഥാര്‍ഥ്യമാണ്. ഇതെല്ലാവരും അംഗീകരിക്കുന്നതാണ്. ഇടതുപക്ഷ മതേതര ബുദ്ധിജീവികളും ഇക്കാര്യം മനസ്സിലാക്കിയിരുന്നു. എന്നാല്‍ അവര്‍ക്ക് തങ്ങളുടെ മതേതരത്വം സംരക്ഷിക്കാന്‍ ഒരു കവചംകൂടി വേണ്ടിയിരുന്നു. ഈ കവചമായി അവര്‍ പറഞ്ഞ് വികസിപ്പിച്ചെടുത്ത ഒരു കാര്യമാണ് ന്യൂനപക്ഷ വര്‍ഗീയതയെന്നത്. ജമാഅത്തിനെയും അതുപോലുള്ള മറ്റു സംഘടനകളെയും അതിന്റെ വക്താക്കളായി അവര്‍ അവതരിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ഇവിടെ അനുഭവയാഥാര്‍ഥ്യമായ ഹിന്ദുത്വ വര്‍ഗീയതയെ പ്രതിരോധിക്കണമെങ്കില്‍ മുസ്‌ലിംകളെ കൂടി പറഞ്ഞ് ബാലന്‍സ് ചെയ്താലേ സാധിക്കൂ എന്നതായിരുന്നു മതേതര ചിന്തകരുടെ വലിയൊരു പരിമിതി. ഈ കോംപ്ലക്‌സിന്റെ ഇരകളായിരുന്നു ജമാഅത്തിനെ പോലുള്ള മുസ്‌ലിം സംഘടനകള്‍. ഇങ്ങനെയാണ് കേരളത്തില്‍ ആര്‍.എസ്.എസിന് തുല്യമാണ് ജമാഅത്തെ ഇസ്‌ലാമി എന്ന വ്യവഹാരം നിര്‍മിക്കപ്പെടുന്നത്. 
കേരളത്തിലെ ദാര്‍ശനിക മണ്ഡലത്തിന്റെ വലിയൊരു പ്രശ്‌നമാണ്, മതവിരോധികളും മതത്തിന്റെ ശത്രുക്കളുമാണ് ഇവിടെ ചിന്തകരായും ദാര്‍ശനികരായും പരിഗണിക്കപ്പെടുക എന്നത്. അവര്‍ ഇവിടെയുള്ള സവര്‍ണാധികാരങ്ങളെ ചോദ്യം ചെയ്യാത്ത വിപ്ലവസങ്കല്‍പങ്ങളാണ് മുന്നോട്ടുവെക്കുക. ഉദാഹരണത്തിന് വിപ്ലവങ്ങളുടെ ദാര്‍ശനികതയെ കുറിച്ച് എഴുതിയ ആളാണ് വേണു. അതില്‍ ഒരിക്കല്‍പോലും മതത്തെ പരാമര്‍ശിക്കാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ഇതുപോലെയുള്ളവരെയാണ് കേരള പൊതുമണ്ഡലം ദാര്‍ശനികരായി പരിഗണിക്കുന്നത്. ഇത് കേരളത്തിന്റെ ചിന്താമണ്ഡലത്തിന്റെ വലിയൊരു പരിമിതിയാണ്. 
മതം പോലുള്ള വലിയ സാമൂഹിക യാഥാര്‍ഥ്യങ്ങളെ പരിഗണിക്കാത്ത ദാര്‍ശനികതയാണ് കേരളത്തില്‍ നിലവിലുള്ളത്. ഇടത് മതേതര ചിന്തകര്‍ ഇത്തരമൊരു ധാരയെ മാത്രമാണ് ഉയര്‍ന്നുവരാന്‍ അനുവദിച്ചത്. അതോടെ ഇവിടെ മഹാഭൂരിപക്ഷത്തിന്റെ അനുഭവ യാഥാര്‍ഥ്യങ്ങള്‍ പലതും തമസ്‌കരിക്കപ്പെടുകയും പകരം മതവിരുദ്ധതയിലൂന്നിയ സവര്‍ണാധിപത്യം സ്ഥാപിക്കപ്പെടുകയുമാണുണ്ടായത്. മതത്തിന്റെയും അതിന്റെ ദാര്‍ശനികതയുടെയും അടിസ്ഥാനത്തിലുള്ള ഇടപെടലുകള്‍ എത്ര വലിയ നന്മയും ആളുകള്‍ക്ക് പ്രയോജനപ്പെടുന്നതും ആണെങ്കിലും അവയെ വര്‍ഗീയതയാക്കി മാറ്റിനിര്‍ത്തുകയാണ് ഇത്തരം മതേതരര്‍ ചെയ്തത്. കേരളത്തിലെ പൊതുജീവിതത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയ ജമാഅത്തിന്റെ പല സമര-സേവന പ്രവര്‍ത്തനങ്ങളും അതോടെ മതേതര പൊതു ഇടങ്ങളില്‍നിന്ന് പുറംതള്ളപ്പെടുകയും ചെയ്തു. കെ.എന്‍ പണിക്കരെ പോലുള്ള എഴുത്തുകാര്‍ ഇത്തരം ഇടപെടലുകളെ മതേതരത്വത്തിലേക്കുള്ള മതത്തിന്റെ നുഴഞ്ഞുകയറ്റമായാണ് അടയാളപ്പെടുത്തിയത്. ആധുനികരും പരിഷ്‌കാരികളുമായ ആളുകളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന പുഴുക്കളുടെ നുഴഞ്ഞുകയറ്റമായാണ് മതങ്ങളുടെ നല്ല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെട്ടത്. 
ജമാഅത്തെ ഇസ്‌ലാമിയെ പ്രധാനപ്പെട്ട ഒരു പുരോഗമന പ്രസ്ഥാനമായാണ് ഞാന്‍ കാണുന്നത്. അതിന് എടുത്തുപറയേണ്ട പല ഗുണങ്ങളുമുണ്ട്. ജമാഅത്തെ ഇസ്‌ലാമി മതപുരോഹിതന്മാര്‍ നയിക്കുന്ന ഒരു പ്രസ്ഥാനമല്ലെന്നതാണ് അതിന്റെ ഒന്നാമത്തെ പ്രത്യേകതയായി ഞാന്‍ മനസ്സിലാക്കുന്നത്. ജമാഅത്തില്‍ മതത്തിനും അതിന്റെ സിദ്ധാന്തങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും വലിയ സ്ഥാനമുണ്ട്. എന്നാല്‍ ഏതെങ്കിലും മതപുരോഹിതന്റെ, പണ്ഡിതന്റെ വീക്ഷണത്തില്‍ മാത്രം കറങ്ങുകയെന്ന പരിമിതിയില്‍നിന്ന് അത് രക്ഷനേടിയിട്ടുണ്ട്. 
ജമാഅത്തെ ഇസ്‌ലാമി ദേശീയതയുടെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ഒരു പ്രസ്ഥാനമല്ലെന്നതാണ് രണ്ടാത്തെ പ്രത്യേകതയായി ഞാന്‍ മനസ്സിലാക്കുന്നത്. ദേശീയതയെന്നത് ലോകത്ത് വലിയ രക്തച്ചൊരിച്ചിലുകള്‍ക്ക് കാരണമായ ഒരാശയമാണ്. ആധുനികതയുടെ തുടക്കത്തില്‍ തുല്യതയും സമത്വവും വാദിച്ചുകൊണ്ടാണ് ദേശീയതകള്‍ നിലവില്‍ വന്നതെങ്കിലും അതിന്റെ ഐഡിയലായ സങ്കല്‍പത്തില്‍ അതെവിടെയും നിലനിന്നിട്ടില്ല. ആധിപത്യ സമൂഹത്തിന്റെ അധികാരങ്ങള്‍ നിലനിര്‍ത്താനുള്ള ഒരു മാര്‍ഗമായാണ് ദേശീയത ഉപയോഗിക്കപ്പെട്ടത്. ഇന്ത്യയിലെ അനുഭവങ്ങള്‍ നമുക്ക് ഈ യാഥാര്‍ഥ്യം വെളിവാക്കിത്തരുന്നതാണല്ലോ. ഇത്തരമൊരു ദേശീയതയുടെ സ്വാധീനമില്ലാതെയാണ് ജമാഅത്തിന്റെ ആദര്‍ശങ്ങള്‍ നിലനില്‍ക്കുന്നത്. അതിനാല്‍, ദേശീയതയെ അംഗീകരിക്കുമ്പോള്‍തന്നെ ദേശീയതയോടും അതുകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളോടും വിമര്‍ശനാത്മകമായ ഒരു നിലപാട് പുലര്‍ത്താന്‍ ജമാഅത്തിന് സാധിക്കുന്നുണ്ട്. 
വംശം, വംശീയത എന്നിവയുടെ അടിസ്ഥാനത്തില്‍ രൂപീകരിക്കുകയോ നിലനില്‍ക്കുകയോ ചെയ്യുന്ന പ്രസ്ഥാനമല്ല ജമാഅത്തെന്നത് മറ്റൊരു പ്രത്യേകതയാണ്. ലോകത്ത് യുദ്ധങ്ങളും കൂട്ടക്കൊലകളും ഉണ്ടായതിന്റെ പ്രധാനമായ ഒരു കാരണമാണല്ലോ വംശീയബോധം. അതിന്റെ പ്രശ്‌നങ്ങളെ തിരിച്ചറിയാനും അതിനെ എതിര്‍ക്കാനും ജമാഅത്തിന് സാധിച്ചിട്ടുണ്ട്. 
മതരാഷ്ട്രവാദം, ജനാധിപത്യവിരുദ്ധത എന്നീ ആരോപണങ്ങള്‍ ജമാഅത്തിനെതിരെ ഉന്നയിക്കപ്പെടുന്നതിന്റെ കാരണം അന്വേഷിക്കുന്നത് രസകരമായിരിക്കും. യഥാര്‍ഥത്തില്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തങ്ങളുടെ തന്നെ ചില പരിമിതികളെ മറികടക്കാനാണ് ഈ ആരോപണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ ഹിന്ദുത്വവാദം ശക്തിപ്രാപിക്കുന്നുണ്ട്. എന്നാല്‍ അതിനെ നേരിട്ട് എതിര്‍ത്താല്‍ തങ്ങള്‍ക്ക് ഭൂരിപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള പിന്തുണ നഷ്ടപ്പെടുമോ എന്ന ഭയത്തില്‍നിന്നാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇത്തരം ആരോപണങ്ങളുന്നയിക്കുകയെന്ന നിര്‍ബന്ധിതാവസ്ഥയിലേക്ക് അവര്‍ എത്തിപ്പെടുന്നത്. തങ്ങളുടെ ഉള്ളുകള്ളി പുറത്തറിയുമോ എന്ന ജാള്യതയില്‍ നിന്നുകൂടിയാണ് യഥാര്‍ഥത്തില്‍ ഇത്തരം ആരോപണങ്ങള്‍ മതേതരവാദികള്‍ ഉന്നയിക്കുന്നത്. 
ആധുനികതയുടെ ഭാഗമായി പരിഷ്‌കരിക്കപ്പെട്ടവരാണ് തങ്ങളെന്നാണ് സെക്യുലറിസ്റ്റുകള്‍ വാദിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ മതവിശ്വാസികളെല്ലാം പൂര്‍വാധുനികമായ (പ്രീ മോഡേണ്‍) ഒരവസ്ഥയിലാണ് എന്നവര്‍ വാദിക്കുന്നു. ഫാഷിസം, ഹിന്ദുത്വം, വര്‍ഗീയത എല്ലാം പ്രീ മോഡേണ്‍ അവസ്ഥകളില്‍നിന്നാണ് ഉത്ഭവിക്കുന്നത് എന്നും മതേതരര്‍ സിദ്ധാന്തിക്കുന്നു. അതിലൂടെ സവര്‍ണാധിപത്യവും ബ്രാഹ്മണിസവും ആധുനിക കാലത്ത് ദേശീയതയുടെയും സംസ്‌കാരത്തിന്റെയും പേരില്‍ ഇന്ത്യയില്‍ ഉണ്ടാക്കിയെടുത്ത വലിയൊരു വ്യാജനിര്‍മിതിയെ മറച്ചുവെക്കാനും മതേതരരെന്ന് അവകാശപ്പെടുന്ന ബുദ്ധിജീവികള്‍ ശ്രമിക്കുന്നുണ്ട്. ഇതിന്റെയും ഇരയാക്കപ്പെടുന്നത് ജമാഅത്തിനെ പോലുള്ള സംഘടനകളാണ്. 
ഈയടുത്ത കാലത്തെ വിലയിരുത്തുമ്പോള്‍, എനിക്ക് തോന്നുന്നത് ജമാഅത്തിനെതിരെയുള്ള മതേതര ആക്രമണങ്ങള്‍ കുറച്ച് കുറഞ്ഞിട്ടുണ്ടെന്നാണ്. അതിന്റെ ഒരു പ്രധാന കാരണം ജമാഅത്തിന്റെയും അതുപോലുള്ള വിഭാഗങ്ങളുടെയും പുതിയ തലമുറയുടെ ഇടപെടലുകളാണ്. മതേതര പക്ഷത്തുനിന്നുള്ള അടിസ്ഥാനരഹിതമായ ആക്രമണങ്ങളെയും ആരോപണങ്ങളെയും ധീരമായി ചോദ്യം ചെയ്യാനും അത്തരം വാദങ്ങളെ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി തിരുത്തിക്കാനും അവര്‍ക്ക് സാധിച്ചു. അക്കാദമിക രംഗത്തും പ്രവര്‍ത്തന ഭൂമികയിലും ഇത്തരമൊരു പരിവര്‍ത്തനം ദൃശ്യമാണ്. മൗദൂദി, മറ്റു ചിഹ്നങ്ങള്‍ എന്നിവയുടെ മറവില്‍ നിന്നുകൊണ്ടുള്ള ആക്രമണങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ജമാഅത്തിനെതിരെ ഉയരുന്നത്. ലിബറല്‍ മതേതര ബുദ്ധിജീവികളെ ഇത്തരം കാര്യങ്ങളില്‍ തുറന്നു വിമര്‍ശിക്കാനും അതിനുള്ള അക്കാദമിക സാഹചര്യം വികസിപ്പിക്കാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്. 
പുതിയ സാമൂഹിക സാഹചര്യങ്ങളിലുള്ള പഠനങ്ങളും ഗവേഷണങ്ങളും ഉയര്‍ന്നുവന്നതിലൂടെ നൂതനമായ വ്യവഹാരങ്ങളും ചോദ്യങ്ങളും ഉയര്‍ത്താന്‍ പുതുതലമുറക്ക് സാധിച്ചത് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ഇത്തരം ചലനങ്ങള്‍ ചെറിയ ചെറിയ സാമൂഹിക വിഭാഗങ്ങളും പഠന ഗ്രൂപ്പുകളും ഉണ്ടാവാന്‍ കാരണമായിട്ടുണ്ട്. ജമാഅത്തില്‍നിന്ന്, പ്രത്യേകിച്ച് അതിന്റെ വിദ്യാര്‍ഥി-യുവജന സംഘടനകളില്‍നിന്ന് ഇത്തരം ആക്ടിവിസത്തില്‍ വലിയ പങ്കാളിത്തം നമുക്ക് കാണാനാകും. ചിന്താശേഷിയും വിശകലന ശൈലിയും വികസിക്കാനും ഇത് കാരണമായിട്ടുണ്ട്. 
അവസാനകാലത്ത് ജമാഅത്തിന്റെ വിദ്യാര്‍ഥി-യുവജന വിഭാഗങ്ങളുമായാണ് എനിക്ക് കൂടുതല്‍ ബന്ധമുള്ളത്. ഇതിലൂടെയാണ് ജമാഅത്ത് ധാരയുമായി ദൃഢമായൊരു ബന്ധം സ്ഥാപിതമായത് എന്നു പറയാനാവും. കേരളത്തില്‍ ലൗ ജിഹാദുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ ഭാഗമായാണ് ജമാഅത്തിന്റെ വിദ്യാര്‍ഥി-യുവജന വിഭാഗങ്ങളോട് സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടിവന്നത്. ആ കാലത്താണ് രാഷ്ട്രീയമായി ജമാഅത്തിനോടുള്ള എന്റെ നിലപാടുകള്‍ മാറിയത്. കാരണം, അതുവരെ ഇടതുപക്ഷത്തോട് ചേര്‍ന്ന് വളര്‍ന്നുവന്ന ഒരാളെന്ന നിലയില്‍ എന്റെ വീക്ഷണങ്ങളും ഇടതിനോട് സമാനമായിരുന്നു. ജമാഅത്തുമായും ഇതേ നിലപാടായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ലൗ ജിഹാദ് വിഷയത്തില്‍ ജമാഅത്തിന്റെ വിദ്യാര്‍ഥി സംഘടന ഇടപെട്ടത് അതിനോട് സഹകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. 
ഫാഷിസം സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന രീതി വളരെ വ്യക്തമാണ്. സമൂഹത്തില്‍ സാധ്യമാകുന്ന എല്ലാ വ്യത്യസ്തതകളെയും വൈവിധ്യങ്ങളെയും ഇല്ലാതാക്കുകയെന്നതാണ് അതിന്റെ പ്രധാന ശൈലി. ഹിന്ദു എന്ന് പറയുന്ന ഒരു സംവര്‍ഗത്തില്‍ ഉള്‍ക്കൊള്ളുന്ന എല്ലാവരെയും വൈവിധ്യങ്ങളില്ലാതെ ഏകീകരിക്കുകയെന്നത് അവരുടെ പദ്ധതിയാണ്. മുസ്‌ലിംകള്‍ എന്നത് അതിനു പുറത്തുള്ള ഒരു വിഭാഗമാണ്. കാരണം അവരുടെ മതം വേറെയാണ്. ഇതാണ് ഫാഷിസം ഉയര്‍ത്തിയ വാദം. അപ്പോള്‍ മുസ്‌ലിം എന്നൊരു ശത്രുവിനെ പ്രതിഷ്ഠിച്ച് സാംസ്‌കാരിക ദേശീയത വളര്‍ത്തുകയെന്നതാണ് സംഘ്പരിവാര്‍ സ്വീകരിച്ച ശൈലി. 
സമൂഹത്തില്‍ മുസ്‌ലിം വ്യത്യസ്തനാകുന്നത് മതം, വിശ്വാസം, കുടുംബം, സദാചാരം എന്നിവയുമായുള്ള അവന്റെ നിലപാടുകളുടെ അടിസ്ഥാനത്തിലാണ്. മുസ്‌ലിംകള്‍ പുലര്‍ത്തുന്ന ഈ വ്യത്യസ്തത ദേശീയതക്ക് ഭീഷണിയാണെന്നും അതിനാല്‍ അതിനെ ഇല്ലാതാക്കണമെന്നും സംഘ് ശക്തികള്‍ ആഗ്രഹിക്കുന്നുണ്ട്. ഇത്തരമൊരു അടിസ്ഥാനത്തില്‍ ഫാഷിസം നിര്‍മിച്ചെടുത്ത ഒരു കാര്യമാണ് ലൗ ജിഹാദ് എന്ന് ഞാന്‍ മനസ്സിലാക്കി. ഈ സമയത്താണ് കെ. അശ്‌റഫ്, പി.കെ സാദിഖ് എന്നീ ജമാഅത്ത് വിദ്യാര്‍ഥി സംഘടനയുടെ രണ്ട് പ്രവര്‍ത്തകര്‍ എന്നെ കാണാന്‍ വരുന്നത്. ലൗ ജിഹാദ് ഫാഷിസത്തിന്റെ നിഗൂഢ പദ്ധതിയാണെന്ന് മനസ്സിലാക്കിയതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ അവര്‍ നടത്തുന്ന എല്ലാ പരിപാടികളിലും ഞാന്‍ സഹായിക്കാമെന്നേറ്റു. ഇന്ത്യയില്‍ പ്രത്യേകമായി ടാര്‍ജറ്റ് ചെയ്യപ്പെടുന്ന ഒരു വിഭാഗമാണ് മുസ്‌ലിംകള്‍ എന്ന തിരിച്ചറിവില്‍നിന്നാണ് ഞാന്‍ ജമാഅത്തുമായി സഹകരിച്ച് മുസ്‌ലിം സമുദായത്തിനു വേണ്ടി ഈയൊരു പ്രവര്‍ത്തനത്തിന് അന്ന് മുന്നിട്ടിറങ്ങിയത്. 
സെക്യുലര്‍ ലിബറലുകളുമായി ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ നാം ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് എന്റെ അഭിപ്രായം. രാഷ്ട്രീയവും സാമൂഹികവുമായി നമ്മളെ എങ്ങനെയാണ് അവര്‍ വിലയിരുത്തുകയും കാണുകയും ചെയ്യുന്നത് എന്ന് മനസ്സിലാക്കിയാകണം അവരുമായുള്ള ഇടപാടുകള്‍. അല്ലെങ്കില്‍, ലിബറലുകള്‍ക്ക് അവരുടെ കാര്യങ്ങള്‍ പറയാന്‍ അവസരം നല്‍കുക എന്നതു മാത്രമാകും ഉണ്ടാവുക. നമുക്ക് രാഷ്ട്രീയ-സാമൂഹിക മേഖലയില്‍ ഇത്തരം കാര്യങ്ങള്‍ ബാധ്യതകളാവുകയാണ് ചെയ്യുക. ഇത് തിരിച്ചറിഞ്ഞ പുതിയൊരു തലമുറ ഇന്ന് ജമാഅത്തിലുണ്ട്. അവരെ കൂടുതല്‍ പിന്തുണച്ച് മുന്നോട്ടു പോകാന്‍ ശ്രമിക്കണം. 
ജമാഅത്തിന്റെയും അതിന്റെ പോഷക സംഘടനകളുടെയും സമ്മേളനങ്ങളും അക്കാദമിക സെമിനാറുകളും മറ്റും എല്ലാവര്‍ക്കും മാതൃകയാണ്. അതിന്റെ അക്കാദമിക സ്വഭാവവും പങ്കാളിത്തവും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള അതിന്റെ ശ്രമവുമെല്ലാം കുറ്റമറ്റതാണ്. 
ജമാഅത്തെ ഇസ്‌ലാമി പോലുള്ള മുസ്‌ലിം സംഘടനകളോടെല്ലാം ഞാന്‍ സഹകരിച്ചു പ്രവര്‍ത്തിക്കാറുണ്ട്. അവയോട് വിയോജിക്കാനോ അവയെ വിമര്‍ശിക്കാനോ ഞാന്‍ സന്നദ്ധനല്ല. ഞാന്‍ ജമാഅത്തടക്കമുള്ള മുസ്‌ലിം സംഘടനകളെ പരസ്യമായി ഒരിക്കലും വിമര്‍ശിച്ചിട്ടുമില്ല. എനിക്ക് ഇവയോട് ചില വിയോജിപ്പുകളുണ്ടാകാം. പക്ഷേ, ഇപ്പോള്‍ ഇന്ത്യയിലെ സാമൂഹിക-രാഷ്ട്രീയാവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തുന്ന ഒരു ശക്തിയായി ജമാഅത്ത് വളര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ മുസ്‌ലിംകള്‍ക്കിടയിലെ ഒരു പുരോഗമന പ്രസ്ഥാനമെന്ന നിലയില്‍ അത് നടത്തുന്ന എല്ലാ സാമൂഹിക പ്രവര്‍ത്തനങ്ങളെയും -പരിമിതികളുള്ളവയെ പോലും- പ്രോത്സാഹിപ്പിക്കുന്ന ഒരു നിലപാടാണ് ഞാന്‍ സ്വീകരിക്കാറുള്ളത്. ഇനി ഇന്ത്യയില്‍ നിര്‍ണായക ശക്തിയായി ഉയര്‍ന്നുവരുന്ന ഒരു ഘട്ടത്തില്‍ ജമാഅത്തിനെ വിമര്‍ശനാത്മകമായി വിലയിരുത്താന്‍ ശ്രമിക്കും. അതുവരെ പരമാവധി എല്ലാ പ്രവര്‍ത്തനങ്ങളിലും സഹകരിക്കുകയാണ് ചെയ്യേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്. മാത്രമല്ല, ഇവിടെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എതിരെ ഉണ്ടായ എല്ലാ ആക്രമണങ്ങളിലും ആരോപണങ്ങളിലും കൃത്യമായ പ്രതിരോധം തീര്‍ക്കുന്നതില്‍ വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ആ ബഹുമാനവും ആദരവും എനിക്ക് ഈ പ്രസ്ഥാനത്തോടുണ്ട്. ഇനിയും ഈ പ്രസ്ഥാനത്തിന് മുന്നോട്ടു പോകാന്‍ സാധിക്കട്ടെ.

Comments

Other Post