Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

മലയാളത്തിന്റെ സാംസ്‌കാരിക നിക്ഷേപം

വി.എം ഇബ്‌റാഹീം

മലയാളത്തില്‍ ഒരു ദിനപത്രം തുടങ്ങാനുള്ള ആഗ്രഹവുമായി കേരളത്തില്‍നിന്ന് തന്നെ വന്നു കണ്ട സംഘത്തോട് പത്രഭാവിയെ മുന്‍നിര്‍ത്തി തന്റെ നിലപാടുകള്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍ വെട്ടിത്തുറന്നു പറഞ്ഞു.
ആ ഉപദേശം ചെവിക്കൊണ്ട അവര്‍ക്ക് പിഴച്ചില്ലെന്നും മുപ്പതു കൊല്ലത്തെ വളര്‍ച്ച അതിന്റെ തെളിവാണെന്നും കുല്‍ദീപ് നയാര്‍ ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നു: ''തുടങ്ങാനിരിക്കുന്ന പത്രത്തിന്റെ സ്വഭാവമെന്തായിരിക്കണമെന്ന് മാധ്യമത്തിന്റെ പ്രവര്‍ത്തകര്‍ അഭിപ്രായം തേടിയപ്പോള്‍ ഞാന്‍ പറഞ്ഞു: ദിനപത്രത്തെ ജമാഅത്തിന്റെ ജിഹ്വയാക്കരുത്. ഒരു വര്‍ത്തമാനപത്രമായി കൊണ്ടുനടത്തുക. അത് എല്ലാവരുടേതുമായിരിക്കണം. ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ പ്രചാരണോപാധിയാക്കരുത്.' ഈ ആത്മവിശ്വാസമാണ് അവരെ മുന്നോട്ടുനയിച്ചതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒരു വൃത്താന്ത ദിനപത്രം തികവോടെ അവര്‍ ഏറ്റെടുത്തു നടത്തി. മുസ്‌ലിം സമുദായത്തിനു പുറത്തുള്ളയാളെയാണ് അവര്‍ ആദ്യ പത്രാധിപരായി കൊണ്ടുവന്നത്. അദ്ദേഹത്തിന് എല്ലാ വിധ സ്വാതന്ത്ര്യവും നല്‍കി. ഈയൊരു സമീപനം പത്രത്തിന്റെ വളര്‍ച്ചക്ക് ഏറെ ഉപകരിച്ചിട്ടുണ്ട്... 
''വാര്‍ത്തകളെ ജാതി, മത, കക്ഷി പക്ഷപാതമില്ലാതെ നേര്‍ക്കുനേര്‍ സമീപിക്കാവുന്ന സത്യസന്ധത ദിനപത്രത്തിന് കാഴ്ചവെക്കാനാവുമെന്ന ആത്മവിശ്വാസം പകര്‍ന്നുനല്‍കിയതാണ് മാധ്യമത്തിന്റെ വ്യതിരിക്തത. ഇതാണ് പത്രത്തെ വളര്‍ത്തിയത്. മലയാളിക്ക് വാര്‍ത്തകളറിയാന്‍ വെളുപ്പാന്‍ കാലത്ത് ഏതു പത്രവും വാങ്ങാവുന്നതേയുള്ളൂ. വാര്‍ത്തകളുടെ തെരഞ്ഞെടുപ്പിലും അവതരണത്തിലും ഓരോരുത്തര്‍ക്കും സ്വന്തം മാനദണ്ഡങ്ങളുണ്ട്. പല പാര്‍ട്ടികളും വിഭാഗങ്ങളും വര്‍ത്തമാനപത്രങ്ങള്‍ തുടങ്ങാറുണ്ട്. അവര്‍ക്കൊക്കെ അതുവഴി പലതും വില്‍ക്കാനുണ്ടാകും. എന്നാല്‍ ഈ പത്രത്തിന് അത്തരത്തിലുള്ള വാണിജ്യതാല്‍പര്യങ്ങളില്ല. ഇത് ഏതെങ്കിലും കക്ഷിത്വമോ ജാതിമത പരിഗണനകളോ ഉള്ള വിഭാഗം നടത്തുന്നതല്ല. ഏതു പത്രവും വളരുന്നതും തളരുന്നതും അതിനു പിന്നിലുള്ളവരുടെ മികവനുസരിച്ചിരിക്കും. അതുകൊണ്ടാണ് മാധ്യമത്തിന്റേത് വളര്‍ച്ചയാണെന്ന് പറയുന്നത്....
''30 വര്‍ഷം നീണ്ട ഒരു കാലയളവ് തന്നെയാണ്. ധാര്‍മികതക്കും അധാര്‍മികതക്കുമിടയിലെ, നല്ലതിനും ചീത്തക്കുമിടയിലെ നേരിയ നൂല്‍പ്പാലത്തിലൂടെയുള്ള പ്രയാണത്തില്‍ പത്രം എന്നും നന്മയുടെയും ധാര്‍മികതയുടെയും വഴി തെരഞ്ഞെടുത്തു എന്നത് എടുത്തു പറയേണ്ടതാണ്''-മുപ്പതാം വാര്‍ഷികവേളയില്‍ ചെന്നു കണ്ട മാധ്യമത്തോട് അദ്ദേഹം പറഞ്ഞു. 
മലയാളത്തില്‍ ഈ അനുഭവസാക്ഷ്യം ഏറ്റുപിടിച്ചത് കേരളത്തിലെ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റുകളില്‍ മുന്‍നിരക്കാരനും മലയാള മനോരമ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റുമായ തോമസ് ജേക്കബ് ആണ്. സ്വാതന്ത്ര്യാനന്തരം കേരളം കണ്ട മാധ്യമവിജയത്തെ അദ്ദേഹം ഇങ്ങനെ കുറിച്ചു: ''സ്വാതന്ത്ര്യത്തിനു ശേഷം പ്രസിദ്ധീകരണം ആരംഭിച്ച് കേരളത്തില്‍ വേരു പിടിച്ച പ്രമുഖ ദിനപത്രമാണ് മാധ്യമം. മലയാള പത്രലോകത്ത് മാധ്യമത്തിനുള്ള ചരിത്രപരമായ ഒരു സ്ഥാനം ഇതു തന്നെയാണ്....1947-'84 കാലയളവിനിടയിലെ നാലു ദശാബ്ദങ്ങളില്‍ കേരളത്തില്‍ ആരംഭിച്ച ഒരു പത്രവും പച്ചപിടിക്കാതെ പോയത് എന്തുകൊണ്ട് എന്നത് പഠനവിധേയമാക്കാവുന്നതാണ്.....1987 ജൂണ്‍ ഒന്നിന് മാധ്യമം തുടങ്ങുമ്പോള്‍ രംഗത്തുള്ള മറ്റു പ്രമുഖ പത്രങ്ങളെല്ലാം സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ സ്ഥാപിക്കപ്പെട്ടവയാണ്. ദീപിക, മനോരമ, മാതൃഭൂമി, കേരള കൗമുദി, ദേശാഭിമാനി...തൃശൂര്‍  എക്‌സ്പ്രസ് പോലും 1944-ല്‍ ആരംഭിച്ചതാണല്ലോ. സ്വാതന്ത്ര്യത്തിനു മുമ്പേ തുടങ്ങി അരനൂറ്റാണ്ടോളം നല്ലനിലയില്‍ പ്രവര്‍ത്തിച്ച മലയാളരാജ്യം വിസ്മൃതിയിലായത് മാധ്യമം ജനിക്കുന്നതിനു 15 വര്‍ഷം മുമ്പാണ്. പുതിയ പത്രങ്ങള്‍ക്ക് കേരളത്തിന്റെ മണ്ണ് അനുകൂലമല്ല എന്ന ധാരണ നിലനിന്നിരുന്ന കാലത്താണ് മാധ്യമം ജനിച്ചതും വളര്‍ന്നതും'' (കേരളത്തിലെ മാധ്യമങ്ങളുടെ ചരിത്രം വിശദീകരിക്കുന്ന തോമസ് ജേക്കബിന്റെ പ്രബന്ധത്തിലെ വരികളാണിത്. മാധ്യമം രജത ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ സപ്ലിമെന്റില്‍ '9132 ദിനങ്ങള്‍' എന്ന പേരില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്).
''മുഹൂര്‍ത്തത്തില്‍ വിശ്വാസമുണ്ടെങ്കിലും ഇല്ലെങ്കിലും മാധ്യമത്തിന്റെ തുടക്കം ശുഭസമയത്തായിരുന്നു എന്നു പറയാം. രാഷ്ട്രീയം, സാമൂഹികം, മതപരം, സാങ്കേതികം തുടങ്ങി പല രംഗങ്ങളില്‍ കേരളത്തിലും ദേശീയതലത്തിലും ഇക്കാലയളവിലുണ്ടായ സംഭവങ്ങള്‍ പുതിയൊരു ബദല്‍ ശബ്ദത്തിന് അവസരം തുറക്കുന്നതായിരുന്നു''- അദ്ദേഹം പറയുന്നു. എന്നാല്‍ ശുഭമുഹൂര്‍ത്തത്തിനു സമയം നോക്കി നടന്നതായിരുന്നില്ല മാധ്യമത്തിന്റെ അണിയറശില്‍പികള്‍. അത് തോമസ് ജേക്കബ് തന്നെ വിശദീകരിക്കുന്നുണ്ട്: ''ദേശീയതലത്തില്‍ ന്യൂനപക്ഷ അവകാശങ്ങളും ന്യൂനപക്ഷ സംരക്ഷണവും ചര്‍ച്ചയാകുന്നത് എണ്‍പതുകളിലാണ്. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് ഇതില്‍ നിര്‍ണായകമാണ്. അതുവരെ പലരുടെയും മനസ്സിലുണ്ടായിരുന്ന, എന്നാല്‍ പറയാന്‍ മടിച്ചിരുന്ന പല കാര്യങ്ങളും തുറന്നുപറയാനുള്ള അവസരമാണ് മണ്ഡല്‍ റിപ്പോര്‍ട്ട് നല്‍കിയത്.''
തോമസ് ജേക്കബിന്റെ നിരീക്ഷണം ശരിയാണെങ്കിലും ഉദാഹരണത്തില്‍ പിശകുണ്ട്. പിന്നാക്ക ന്യൂനപക്ഷങ്ങളുടെ സംവരണം സംബന്ധിച്ച ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ബിന്ദേശ്വരി പ്രസാദ് മണ്ഡലിന്റെ നേതൃത്വത്തില്‍ രണ്ടാം പിന്നാക്ക വിഭാഗ കമീഷനെ പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായ് നിയമിച്ചത് 1979 ജനുവരി ഒന്നിനായിരുന്നു. 1980 ഡിസംബര്‍ 31-ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ഇന്ദിരാഗാന്ധിയായിരുന്നു പ്രധാനമന്ത്രി. അവരോ പിന്‍ഗാമി രാജീവ്ഗാന്ധിയോ അത് തൊട്ടുനോക്കിയില്ല. പിന്നീട് വന്ന വി.പി സിംഗ് 1990-ലാണ് അത് നടപ്പില്‍ വരുത്താനുള്ള പ്രഖ്യാപനം നടത്തുന്നത്. എന്നാല്‍ എണ്‍പതുകളില്‍ ന്യൂനപക്ഷവിഷയം കേരളത്തില്‍ സജീവ ചര്‍ച്ചയായിരുന്നു. മുസ്‌ലിം സാമൂഹികജീവിതവും വ്യക്തിനിയമവുമായി ബന്ധപ്പെട്ടായിരുന്നു അത്. 1984 ഫെബ്രുവരിയില്‍ കോഴിക്കോട്ട് നടന്ന ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുത്ത് പ്രമുഖ ചരിത്രകാരനും ഇടതു ബുദ്ധിജീവിയുമായ ഡോ. ഇര്‍ഫാന്‍ ഹബീബ് ഇസ്‌ലാമിലെ പെണ്ണവകാശങ്ങളെ പ്രശ്‌നവത്കരിച്ചത് പിന്നീട് മാര്‍ക്‌സിസ്റ്റ് ആചാര്യന്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് ഏറ്റെടുത്തു. അദ്ദേഹം വേദികളില്‍നിന്ന് വേദികളിലേക്ക് ശരീഅത്ത് വിമര്‍ശവുമായി ഓടിനടന്നു. ഇത് മുസ്‌ലിം സമൂഹത്തില്‍ വലിയ വിമ്മിട്ടത്തിനിടയാക്കി. അന്ന് രണ്ടായിനിന്ന മുസ്‌ലിംലീഗിന്റെ അഖിലേന്ത്യ ലീഗ് എന്ന കഷ്ണം ഇടതുമുന്നണിയിലായിരുന്നു. ഇ.എം.എസ് ഉയര്‍ത്തിയ വിവാദം  സി.പി.എം പത്രമായ ദേശാഭിമാനിക്കൊപ്പം മുഖ്യധാരാ പത്രമായ മാതൃഭൂമിയും ഏറ്റുപിടിക്കുകയും പരമാവധി കൊഴുപ്പിക്കുകയും ചെയ്തു. മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട ഏതു വാര്‍ത്തക്കും പ്രാകൃതപരിവേഷം നല്‍കാന്‍ അവര്‍ ശ്രമിച്ചു. തിരുവനന്തപുരം ബീമാപള്ളിയിലെ മഹല്ല് ജമാഅത്ത് (ഇതിന്റെ സെക്രട്ടറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാരനായിരുന്നു) സദാചാര പ്രശ്‌നത്തിന്റെ പേരില്‍ മഹല്ലിലെ ഒരു മുസ്‌ലിം വനിതക്ക് അടി നല്‍കാന്‍ വിധിച്ചു. ജില്ലയില്‍ തന്നെ പെരുമാതുറയില്‍ മറ്റൊരു സ്ത്രീയെ തല മൊട്ടയടിച്ചെന്ന പരാതിയും വന്നു. ഇതൊക്കെയും വസ്തുസ്ഥിതിവിവരങ്ങളറിയാന്‍ ശ്രമിക്കാതെ ഇടതു, മതേതര മാധ്യമങ്ങള്‍ കൊണ്ടാടി. ബീമാപള്ളി ജമാഅത്ത് എന്നു കേട്ടപ്പോഴേക്കും ചാടിവീണ സി.പി.എം നേതാവ് വി.വി ദക്ഷിണമൂര്‍ത്തി സംഭവം മുന്‍നിര്‍ത്തി ജമാഅത്തെ ഇസ്‌ലാമിക്കെതിരെ വിമര്‍ശം വെച്ചുകാച്ചി! നിലമ്പൂരിനടുത്ത എടക്കരയില്‍ നദീറ എന്ന മുസ്‌ലിം യുവതി കുട്ടികളുമായി ആത്മഹത്യ ചെയ്തതും വടപുറത്ത് ഒരു മുസ്‌ലിം യുവതി ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ പ്രതിഷേധിച്ച് സ്വയം കഴുത്തറത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്ന വ്യാജ വാര്‍ത്തയുമൊക്കെ മാതൃഭൂമിയുടെ മുഖപേജ് കൈയടക്കി. അതിനിടെ, വിവാഹമുക്തയുടെ ജീവനാംശം സംബന്ധിച്ച് ശാബാനു ബീഗം കേസില്‍ സുപ്രീംകോടതി നടത്തിയ വിധിപ്രസ്താവവും കൂടെ ഏകസിവില്‍കോഡ് സംബന്ധിച്ച നിരീക്ഷണവും വാദവിവാദങ്ങളിലേക്ക് കൂടുതല്‍ എണ്ണയൊഴിച്ചു. 
അത്യാചാരങ്ങള്‍ക്കെതിരെയെന്ന വ്യാജേന, രാജ്യത്തെ പ്രബല ന്യൂനപക്ഷത്തിനെതിരെ  ഇടതു, മതേതര ശബ്ദങ്ങളുടെ അത്യുച്ചത്തില്‍ നഷ്ടപ്പെട്ടുപോയ മറുശബ്ദങ്ങളെ തിരിച്ചുപിടിക്കാനുള്ള ആലോചനയാണ് പ്രാന്തവത്കരിക്കപ്പെട്ട സാമൂഹികവിഭാഗങ്ങള്‍ക്കൊരു മാധ്യമപ്രാതിനിധ്യമെന്ന ആശയത്തിലേക്ക് ജമാഅത്തെ ഇസ്‌ലാമിയെ നയിച്ചത്. പ്രസ്ഥാനം പ്രബോധനം ചെയ്യുന്ന ആദര്‍ശത്തിന്റെ മാനവികതയിലൂന്നിയാകണം അതെന്ന നിര്‍ബന്ധമാണ് മുന്നുപാധിയായി വെച്ചത്. 'വാര്‍ത്താ മാധ്യമങ്ങളില്‍ ഒരു വഴിത്തിരിവ്' എന്ന മുദ്രാവാക്യം ആ പ്രചോദനത്തില്‍നിന്ന് പിറവിയെടുത്തതാണ്. വാര്‍ത്തയെഴുത്തില്‍ തുടങ്ങി നടത്തിപ്പിലും വിപണനത്തിലും സാമ്പത്തികവും മാനുഷികവുമായ വിഭവശേഷി സമാഹരണത്തിലുമൊക്കെ പത്രം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ പ്രകാശനമുണ്ടായിരിക്കണമെന്ന് ആദ്യനാള്‍ തൊട്ടേ നിര്‍ബന്ധം പിടിച്ചു. മനുഷ്യത്വത്തിനു വേണ്ടിയുള്ള മാധ്യമ ആവിഷ്‌കാരത്തില്‍ മത, വംശ, ജാതി, വര്‍ണഭേദങ്ങളരുതെന്നുവെച്ചു. വാര്‍ത്തയുടെ മാത്രമല്ല, എഴുത്തുകാരുടെയും ജീവനക്കാരുടെയുമൊക്കെ തെരഞ്ഞെടുപ്പിലും ഈയൊരു തുറന്ന സമീപനമായിരുന്നു തുടക്കം മുതല്‍ സ്വീകരിച്ചുപോന്നത്. മാധ്യമത്തെ കേരളം വിജയിപ്പിച്ചെടുത്തതും അതുകൊണ്ടുതന്നെ. 'സാമൂഹിക സൂചനകളൊന്നുമില്ലാത്ത മാധ്യമം എന്ന പേരു നല്‍കിയതിലൂടെ പത്രം സാമൂഹിക സ്വീകാര്യതയുടെ ആദ്യ പടവുകയറി' എന്നു പറയുന്ന തോമസ് ജേക്കബ് 'പത്രാധിപര്‍ നിയമനമായിരുന്നു മറ്റൊരു നീക്കം. സമുദായത്തിനുള്ളില്‍ കഴിവുള്ള ആളുകളുണ്ടായിട്ടും സമുദായത്തിനു പുറത്തുനിന്ന് ഒരാളെ പത്രാധിപരാക്കാനുള്ള ദൃഢനിശ്ചയം. അതും പി.കെ ബാലകൃഷ്ണനെപ്പോലെ പ്രഗത്ഭനായ ഒരാള്‍'എന്നു കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഇതൊരു അടവുനയമല്ലെന്നും മലയാളത്തില്‍നിന്ന് മലയാളികള്‍ക്കു വേണ്ടിയുള്ള ഒരു മാധ്യമം ഇങ്ങനെയായേ തീരൂ എന്ന സുചിന്തിത തീരുമാനത്തിന്റെ ഭാഗമാണെന്നും മാധ്യമത്തിന്റെ ഇന്നുവരെയുള്ള നിലവെച്ചു പറയാനാവും. മലയാളപത്രങ്ങളുടെ എഡിറ്റോറിയല്‍-ഇതര വിഭാഗങ്ങളില്‍ ബഹുസ്വര പ്രാതിനിധ്യത്തില്‍ മാധ്യമം ഇന്നും എല്ലാവരേക്കാളും ബഹുദൂരം മുന്നില്‍ നില്‍ക്കുന്നത് അതുകൊണ്ടു തന്നെയാണ്. മാധ്യമത്തെ പഠനവിഷയമാക്കാനെത്തിയ സ്വദേശത്തെയും വിദേശത്തെയുമൊക്കെ ഗവേഷകരെ കൗതുകപ്പെടുത്തിയതും പത്രത്തിനകത്തെ ഈ വൈവിധ്യം തന്നെ.  
ജര്‍മനിയിലെ ഹീഡല്‍ബര്‍ഗ് സര്‍വകലാശാലയില്‍നിന്ന് ഇന്ത്യന്‍ മുസ്‌ലിംകളുടെ പൗരപ്രതിനിധാനത്തെക്കുറിച്ച് പഠിക്കാനെത്തിയ ജൂല്‍തന്‍ അബ്ദുല്‍ ഹലീം പറയുന്നു: ''വിവിധ രാഷ്ട്രീയശക്തികള്‍ പാര്‍ശ്വവത്കൃതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജനവിഭാഗങ്ങളുമായി അവകാശപോരാട്ടത്തിനു വേണ്ടി സഖ്യത്തിനു ശ്രമിച്ചുവരുന്നുണ്ട് ഇന്ത്യയില്‍. ഇസ്‌ലാമിക സംഘടനയുടെ ആളുകളും ദലിതുകളുടെയും ആദിവാസി വിഭാഗങ്ങളുടെയും സ്ത്രീകളുടെയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. അവരുടെ ശബ്ദങ്ങള്‍ക്ക് തങ്ങളുടെ മാധ്യമങ്ങളില്‍ ഇടം നല്‍കുന്നു. മാധ്യമം അതിന്റെ നല്ല ഉദാഹരണമാണ്. മുസ്‌ലിം, ദലിത്, സ്ത്രീപ്രശ്‌നങ്ങളുടെ വിവിധ വശങ്ങള്‍ അതില്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്നു.''
പ്രമുഖ ഗ്രന്ഥകാരനും ഗവേഷകനുമായ യോഗിന്ദര്‍ സിക്കന്ദ് എട്ടുവര്‍ഷം മുമ്പ് കേരളത്തില്‍ നടത്തിയ പഠനയാത്രക്കു ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജേര്‍ണലുകളിലും പത്രപ്രസിദ്ധീകരണങ്ങളിലും എഴുതിയ ലേഖനങ്ങളിലൊന്ന് 'മാധ്യമം എന്ന വിജയകഥ'യായിരുന്നു. 
അതില്‍ അദ്ദേഹം മാധ്യമത്തിന്റെ സംഭാവനയായി എടുത്തുപറയുന്നത് കേരളമുസ്‌ലിംകള്‍ക്കിടയില്‍ സാമൂഹിക, രാഷ്ട്രീയ ബോധവത്കരണത്തിന് ഉതകിയതിനൊപ്പം സഹജീവികളായ ഇതര ജനവിഭാഗങ്ങള്‍ക്കും ഭരണ ഔദ്യോഗികകേന്ദ്രങ്ങള്‍ക്കും മുസ്‌ലിംവീക്ഷണം മനസ്സിലാക്കാനും വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ അടുത്ത ആശയവിനിമയത്തിനും സഹായകമായി എന്നതാണ്. പത്രാധിപര്‍ ഒ. അബ്ദുര്‍റഹ്മാനുമായി നടത്തിയ സുദീര്‍ഘമായ അഭിമുഖത്തിലൂടെ മാധ്യമത്തിന്റെ വിജയകരമായ മുന്നേറ്റം അനാവരണം ചെയ്ത ആ ലേഖനമാണ് പത്രത്തിനു വേണ്ടി കോളമെഴുതാന്‍ പ്രമുഖ എഴുത്തുകാരിയും ഗ്രന്ഥകാരിയുമായ ഹുംറ ഖുറൈശിക്ക് പ്രചോദനമായത്.
മലയാള മാധ്യമലോകത്തെ ഈ പുതുമയാര്‍ന്ന പരീക്ഷണത്തെ അകത്തുനിന്നും പുറത്തുനിന്നും നോക്കിക്കണ്ട മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മാഗസിന്‍ എഡിറ്റര്‍ കമല്‍റാം സജീവ് പത്തുവര്‍ഷം മുമ്പ് 'ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും' എന്ന ലേഖനത്തില്‍ അത് സംക്ഷേപിച്ചത് ഇങ്ങനെ: ''മാധ്യമം പോലൊരു പത്രം കേരളത്തില്‍ ചരിത്രപരമായ ഒരു അനിവാര്യതയായിരുന്നു. ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയുടെ മര്‍മസ്ഥാനത്തേക്ക് കയറാന്‍ തുടങ്ങിയ ഇസ്‌ലാമിക രാഷ്ട്രീയത്തെ നേരിട്ട് അവതരിപ്പിക്കാനെത്തിയ മാധ്യമത്തിന് അതേസമയത്ത് ആവേശത്തോടെ ചര്‍ച്ച ചെയ്യപ്പെട്ട ഇതര ചിന്താപദ്ധതികളെയും കണ്ടില്ലെന്നു നടിക്കാന്‍ കഴിയുമായിരുന്നില്ല. വര്‍ഗരാഷ്ട്രീയം മാത്രമാണ് പുരോഗമനപരം എന്ന സൈദ്ധാന്തികബാധ്യതയില്‍ ഇടതുപക്ഷം അവഗണിച്ച പ്രാന്തവത്കൃതരുടെയും ദുര്‍ബല ജനവിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള വിശാലമായ പ്ലാറ്റ്‌ഫോം മാധ്യമമാണ് മുഖ്യധാരയില്‍ സൃഷ്ടിച്ചത്. തീവ്രമായ സബാള്‍ട്ടന്‍ യുക്തിക്ക് കേരളത്തിലെ മീഡിയയില്‍ ഇടം കിട്ടുന്നത് മാധ്യമത്തിലൂടെയാണെന്ന് ആ പത്രത്തിന്റെ ചരിത്രപരമായ സാന്നിധ്യം പരിശോധിച്ചാല്‍ മനസ്സിലാകും. പ്രചാരവിപ്ലവമല്ല, വാര്‍ത്താ ഉള്ളടക്കത്തിന്റെ പുതിയ മേച്ചില്‍പുറങ്ങള്‍ മാധ്യമം ദിനപത്രം അവതരിപ്പിച്ചു. ഒരു വാര്‍ത്തയും കണ്ടില്ലെന്നു നടിക്കാനാവാത്ത സമ്മര്‍ദത്തിലേക്ക് ഇതര മുഖ്യധാരാ മാധ്യമങ്ങളെ ഈ മാറ്റം കൊണ്ടുചെന്നെത്തിക്കുകയും ചെയ്തു.'' 
ചലച്ചിത്ര സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിന്റെ വാക്കുകള്‍ അര്‍ഥവത്തും ആവേശദായകവുമാണ്: ''മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ അല്‍ അമീനുശേഷം കേരളത്തിലെ മുസ്‌ലിം സമുദായത്തില്‍ നടന്ന സാംസ്‌കാരികനിക്ഷേപമാണ് മാധ്യമം. അല്‍അമീന്‍ ഉയര്‍ത്തിപ്പിടിച്ച പത്രധര്‍മത്തെ ഇ.എം.എസ് അടക്കമുള്ളവര്‍ അംഗീകരിച്ചിട്ടുണ്ട്. ഇക്കാലത്തിനു ശേഷം സമുദായത്തില്‍നിന്ന് ആരംഭിച്ച മാധ്യമം ഇത്രയധികം വളരുമെന്ന് അണിയറപ്രവര്‍ത്തകര്‍ പോലും ചിന്തിച്ചുകാണില്ല. എന്നാല്‍ മാധ്യമം വളരെയധികം വളര്‍ന്നു വലുതായി.'' 
കേരളത്തിലെ മുസ്‌ലിംകളാദി പിന്നാക്ക വിഭാഗങ്ങളുടെ അജണ്ട നിര്‍ണയിക്കുന്നതിലും    ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുന്നതിലും മാധ്യമം വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിന്റെ ഫലമാണ് രജതജൂബിലിയോടനുബന്ധിച്ച് ആരംഭിച്ച മീഡിയ വണ്‍ ചാനലിന്റെ വര്‍ധിച്ചുവരുന്ന ജനസ്വീകാര്യത. അച്ചടിമാധ്യമത്തിന്റെ അത്ര ക്ഷിപ്രസാധ്യമല്ലെങ്കിലും ദൃശ്യമാധ്യമ വാര്‍ത്താവതരണത്തില്‍ വേറിട്ടൊരു മാതൃക സൃഷ്ടിക്കാന്‍ കുറഞ്ഞ കാലയളവില്‍ ചാനലിന് കഴിഞ്ഞു. പത്രത്തിലെന്ന പോലെ ചാനലിലെ വാര്‍ത്താ തെരഞ്ഞെടുപ്പിലും അവതരണത്തിലും അനുകരണീയ മാതൃക സൃഷ്ടിക്കാന്‍ മീഡിയ വണിനായിട്ടുണ്ട്.

Comments

Other Post