Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

തനിമ കലാ-സാഹിത്യ വേദി       'സൗന്ദര്യമുള്ള ജീവിതത്തിന് '

ആദം അയ്യൂബ്         

ഇരുപത്തിയഞ്ചു വര്‍ഷം മുമ്പ് കോഴിക്കോട് കേന്ദ്രമാക്കി രൂപംകൊണ്ട കലാ-സാംസ്‌കാരിക സംഘമാണ് തനിമ കലാ-സാഹിത്യവേദി. തൊണ്ണൂറുകളുടെ ആദ്യത്തില്‍ കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന കലാപരിപാടികളോടെയാണ് തനിമ കലാ-സാഹിത്യവേദി അരങ്ങേറ്റം നടത്തുന്നത്. അന്നത്തെ പ്രമുഖ മാപ്പിളപ്പാട്ട് ഗായകരെ അണിനിരത്തി പ്രവാചക പ്രകീര്‍ത്തന ഗാനങ്ങള്‍ മാത്രം അവതരിപ്പിച്ച ഗാനമേള  എന്നതായിരുന്നു ആ പരിപാടിയുടെ ആകര്‍ഷണീയത. അപ്രതീക്ഷിതമായി നമ്മെ വേര്‍പിരിഞ്ഞുപോയ പ്രതിഭാധനനായിരുന്ന അഹ്മദ് കൊടിയത്തൂര്‍ പ്രസിഡന്റും മാധ്യമ പ്രവര്‍ത്തകനായ എം.സി.എ നാസര്‍ സെക്രട്ടറിയുമായാണ് തനിമ പ്രവര്‍ത്തനം തുടങ്ങിയത്. കേരള ജമാഅത്തെ ഇസ്‌ലാമിയുടെ ആശീര്‍വാദവും പിന്തുണയും തുടക്കം തൊട്ടേ തനിമക്കുണ്ടായിരുന്നു. 1995 മുതല്‍ 2010 വരെയുള്ള തനിമ കലാ-സാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ കോഴിക്കോടിനു ചുറ്റും ഒതുങ്ങിനില്‍ക്കുകയായിരുന്നു. ഇക്കാലത്ത് നാടക- ടെലിഫിലിം സംവിധായകനായ സലാം കൊടിയത്തുര്‍, കലാ- സാംസ്‌കാരിക പ്രവര്‍ത്തകനായ നജീബ്  കുറ്റിപ്പുറം എന്നിവര്‍ തനിമയുടെ ഡയറക്ടര്‍മാരായും നാസര്‍ കറുത്തേനി, ഇസ്മാഈല്‍ പെരിമ്പലം എന്നിവര്‍ സെക്രട്ടറിമാരായും പ്രവര്‍ത്തിച്ചു.   2011 മാര്‍ച്ച് 6-ന് കോഴിക്കോട്ട് നടത്തിയ തനിമയുടെ സംസ്ഥാന സമ്മേളനത്തിനു ശേഷമാണ് കേരളത്തിലെ എല്ലാ ജില്ലകളിലും അംഗങ്ങളും ഘടകങ്ങളുമുള്ള വിപുലമായ ഒരു സംവിധാനത്തിലേക്ക് തനിമ കലാ-സാഹിത്യവേദി വളര്‍ന്നത്.
'സൗന്ദര്യമുള്ള ജീവിതത്തിന്' എന്നായിരുന്നു സമ്മേളന പ്രമേയം. സമ്മേളനത്തില്‍ വെച്ച് സംസ്ഥാന നേതൃത്വത്തെ തെരഞ്ഞെടുക്കുകയും സംസ്ഥാന സമിതി നിലവില്‍വരികയും ചെയ്തു. ആദം അയ്യൂബ്, ഫൈസല്‍ കൊച്ചി എന്നിവരായിരുന്നു പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളില്‍. ഇതോടെയാണ് തനിമയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ സാംസ്‌കാരിക മണ്ഡലത്തില്‍ ഇടം നേടുന്നത്. കലാനിശകള്‍, ഗാനാവതരണ പരിപാടികള്‍, സംഗീത ആല്‍ബങ്ങള്‍, ശില്‍പശാലകള്‍ എന്നിവ തനിമയുടെ ആഭിമുഖ്യത്തില്‍ പലവട്ടം നടന്നു. മലയാളത്തിലെ ഗാനചരിത്രത്തില്‍ രചനയിലും ഈണത്തിലും ഇസ്‌ലാമിക ഗാനങ്ങള്‍ക്ക് പുതിയ ഭാവുകത്വം പകര്‍ന്നു തനിമ. 2010-ല്‍ തലശ്ശേരിയില്‍ തനിമ സംഘടിപ്പിച്ച 'പാട്ടരങ്ങ്' കേരളത്തിലെ ഇസ്‌ലാമിക ഗാനങ്ങളുടെ ചരിത്രത്തെ ഓര്‍ത്തെടുക്കുന്നതായിരുന്നു. ഇസ്‌ലാമിക ഗാനങ്ങള്‍ എന്ന കാവ്യശാഖയിലെ രചനകള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ 2015-ല്‍ തനിമ ആരംഭിക്കുകയും അവ പ്രസിദ്ധീകരിക്കാനുള്ള സംരംഭത്തിന് തുടക്കമിടുകയും ചെയ്തിട്ടുണ്ട്. 
നാടകങ്ങള്‍, തെരുവു അവതരണങ്ങള്‍, ചൊല്‍ക്കാഴ്ചകള്‍ എന്നിവ എഴുതിയും അവതരിപ്പിച്ചും പലകുറി കേരളത്തിലെ പൊതു പ്രശ്‌നങ്ങളില്‍ തനിമ പ്രവര്‍ത്തകര്‍ ഇടപെട്ടിട്ടു്. 'നാടകപ്പുര' എന്ന പേരില്‍ നാടകക്യാമ്പുകള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. നാടക രചനാ ശില്‍പശാലകള്‍, നാടക രചനാമത്സരങ്ങള്‍ എന്നിവയും നടത്തി. 2015-ല്‍ സ്‌കൂള്‍ നാടകങ്ങള്‍ സമാഹരിച്ചുകൊണ്ട് നാടകപുസ്തകം എന്ന പേരില്‍ ഒരു നാടക ഗ്രന്ഥവും പുറത്തിറക്കിയിട്ടുണ്ട്. തനിമ സംഘടിപ്പിച്ച സാംസ്‌കാരിക സഞ്ചാരത്തോടനുബന്ധിച്ച് രൂപീകരിച്ച നാടകസംഘം ഇന്ന് വിവിധ സ്ഥലങ്ങളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു.
അഭ്രപാളികളിലെ ഇടപെടലാണ് ഇസ്‌ലാമിക കലാ-സാഹിത്യമേഖലക്ക് പുതിയ നൂറ്റാണ്ടില്‍ ഉണര്‍വ് പകര്‍ന്നത്. അക്കാര്യത്തില്‍ തനിമ ഏറെ മുമ്പേ നടന്നു. 'ഇന്റര്‍വെല്‍' എന്ന തലക്കെട്ടില്‍ അഞ്ചു വര്‍ഷമായി തുടര്‍ച്ചയായി സിനിമാ നിര്‍മാണ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. പല പ്രാവശ്യം സിനിമാ പ്രദര്‍ശനങ്ങള്‍, ഫെസ്റ്റിവലുകള്‍ എന്നിവ സംഘടിപ്പിച്ചു. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമായിരുന്നു ഇരുപതിലേറെ ഷോര്‍ട്ട് ഫിലിം പ്രവര്‍ത്തകര്‍ പങ്കെടുത്ത, 'കാലിഡോസ്‌കോപ്' എന്ന തലക്കെട്ടില്‍ കൊണ്ടോട്ടിയില്‍ നടന്ന ചെറുസിനിമാ പ്രവര്‍ത്തകരുടെ സംഗമം. ഓരോ നോമ്പുകാലത്തും തനിമ പല മേഖലയിലെയും കലാപ്രവര്‍ത്തകരെ  പങ്കെടുപ്പിച്ച് ഇഫ്ത്വാര്‍ സംഗമങ്ങള്‍ നടത്തുന്നു. എറണാകുളത്തും തിരുവനന്തപുരത്തും മലപ്പുറത്തും സിനിമ-ഹോം സിനിമ പിന്നണി പ്രവര്‍ത്തകരാണ് അതില്‍ പങ്കാളികളായത്. തനിമ പുരസ്‌കാരം ആദ്യമായി നല്‍കിയത് തിരക്കഥക്കായിരുന്നു. ടെലിസിനിമകളും ഷോര്‍ട്ട്ഫിലിമുകളും തനിമ നിര്‍മിച്ചിട്ടു്. തനിമ നിര്‍മിച്ച 'അന്യം' ഷോര്‍ട്ട് ഫിലിം നിരവധി പുരസ്‌കാരങ്ങള്‍ നേടി. 
കാര്‍ട്ടൂണ്‍ രചനാ പരിശീലന പരിപാടികളും തനിമ നടത്തി. ഖുര്‍ആന്‍ സൂക്തങ്ങളെ ആസ്പദമാക്കി നടത്തിയ ചിത്രരചനാ മത്സരം ഇന്ത്യന്‍ ചിത്രകലയുടെ ചരിത്രത്തിലെതന്നെ അപൂര്‍വ ചുവടുവെപ്പായി മാറി. കൊച്ചിന്‍ ബിനാലെയിലടക്കം ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അത് ചിത്രകാരന്മാര്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്തു. സാഹിത്യരചനാ പരിശീലന പരിപാടികള്‍ തുടക്കം തൊട്ടേ തനിമ സംഘടിപ്പിച്ചു. 2013-ല്‍ നടത്തിയ 'കവിതക്കൊരു പകല്‍', വര്‍ഷംതോറും സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന 'ഉയിരെഴുത്ത്' തുടങ്ങിയ സാഹിത്യ ശില്‍പശാലകളില്‍ കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും ഗവേഷകരുമാണ് പരിശീലകരായി പങ്കെടുത്തത്. മുസ്‌ലിം എഴുത്തുകാരുടെ സംഗമം, പാട്ടെഴുത്തുകാരുടെ സംഗമം തുടങ്ങി വ്യത്യസ്ത കൂട്ടായ്മകള്‍ സംഘടിപ്പിച്ചു.  വിവിധ രംഗങ്ങളിലെ എഴുത്തുകാരെ ഒരുമിച്ചുചേര്‍ത്ത് ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തുടക്കമിട്ടു. സംഘ് പരിവാറിന്റെ വര്‍ഗീയസമീപനങ്ങള്‍ ഇന്ത്യയിലെ എഴുത്തുകാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തിയപ്പോള്‍ കോഴിക്കോട്ട് നടത്തിയ പ്രതികരണ പരിപാടി ഏറെ ശ്രദ്ധേയമായി.
വര്‍ഷംതോറും നല്‍കുന്ന തനിമ പുരസ്‌കാരം വ്യത്യസ്ത മേഖലകളിലെ പുസ്തകങ്ങള്‍ക്കാണ്. തിരക്കഥ, കവിത, കഥ, നോവല്‍, നാടകം, വൈജ്ഞാനിക സാഹിത്യം, ആത്മീയ സാഹിത്യം, ബാലസാഹിത്യം എന്നീ മേഖലകളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഓരോ വര്‍ഷവും ജനകീയമായ കലാ-സാഹിത്യമത്സരവും സംഘടിപ്പിക്കുന്നു. തിരക്കഥാ രചന, പാട്ടെഴുത്ത്, ഫോട്ടോഗ്രാഫി, നിരൂപണപ്രബന്ധം എന്നിവയിലൊക്കെ ഇത്തരം മത്സരങ്ങള്‍ നടക്കുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സാംസ്‌കാരിക മുന്നേറ്റങ്ങളില്‍ പങ്കുവഹിച്ച മുതിര്‍ന്ന കലാകാരന്മാരെ ആദരിക്കാനും തനിമ മുന്നോട്ടുവന്നു. അബൂ റഫീഖ് പോത്തുകല്ല്, ആവാസ് അബ്ദുര്‍റഹ്മാന്‍, ലൗലി ഖാസിം, കെ.സി വണ്ടൂര്‍ എന്നിവരെയാണ് ആദരിച്ചത്. 
2012 ഡിസംബര്‍ മുതല്‍ തനിമ നടത്തിയ സാംസ്‌കാരിക സഞ്ചാരം 'തനിമ'യുടെയും കേരളീയ സാംസ്‌കാരിക ചരിത്രത്തിന്റെയും ഏടുകളില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്തു. മൂന്ന് ഘട്ടങ്ങളിലായാണ് സാംസ്‌കാരിക സഞ്ചാരം പൂര്‍ത്തിയായത്. കാസര്‍കോട് ജില്ലയിലെ പാട്ടുകളുടെ ഗ്രാമം എന്നറിയപ്പെടുന്ന മൊഗ്രാലില്‍നിന്നാണ് ഒന്നാംഘട്ട യാത്ര ആരംഭിച്ചത്. കോഴിക്കോട് ജില്ലയിലെ ബേപ്പൂരിലുള്ള വൈലാലില്‍ വീട്ടില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ മാങ്കോസ്റ്റിന്‍ ചോട്ടില്‍ ആ ഘട്ടം അവസാനിച്ചു. ഒരു വര്‍ഷത്തിനുശേഷം മലപ്പുറം ജില്ലയിലെ തിരൂര്‍ തുഞ്ചന്‍പറമ്പിലെ കാഞ്ഞിര മരച്ചോട്ടില്‍നിന്ന് യാത്ര പുനരാരംഭിക്കുകയും തൃശൂര്‍ പുന്നയൂര്‍കുളത്തെ കമലാ സുറയ്യയുടെ നീര്‍മാതളച്ചോട്ടില്‍ അതവസാനിക്കുകയും ചെയ്തു. മൂന്നാമത്തെയും അവസാനത്തെയും ഘട്ടം ആരംഭിച്ചത് ചരിത്രം കപ്പലിറങ്ങിയ മട്ടാഞ്ചേരി മുതലാണ്. മട്ടാഞ്ചേരിയിലെ കലാ പ്രവര്‍ത്തകര്‍ക്ക് ഫലവൃക്ഷത്തൈകള്‍ കൈമാറി ആരംഭിച്ച യാത്ര അവസാനിച്ചത് സംസ്‌കാരം വില്ലുവണ്ടിയേറിയ വെങ്ങാനൂരിലെ അയ്യങ്കാളിയുടെ സമൃതിമണ്ഡപത്തിലാണ്. 25 ദിവസംകൊണ്ട് കേരളത്തിന്റെ ഗ്രാമപാതകളിലൂടെ ആ യാത്ര പുതിയ സാംസ്‌കാരിക ചരിത്രം രചിച്ചു. ഗ്രാമോത്സവങ്ങളായും ആദരവുകളായും അനുസ്മരണങ്ങളായും തനിമയുടെ മുദ്രകള്‍ കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ അത് പതിപ്പിച്ചു. സഞ്ചാരത്തിനിടയില്‍ ആയിരത്തി ഇരുനൂറിലധികം പ്രതിഭകളെ ആദരിച്ചിട്ടുണ്ട്, ഏതാണ്ട് അത്രതന്നെ മണ്‍മറഞ്ഞ കലാകാരന്മാരെ അനുസ്മരിക്കുകയും ചെയ്തു.
വര്‍ഷത്തില്‍ ഒന്നിലധികം ലക്കങ്ങളിലായി തനിമ ബുള്ളറ്റിന്‍ പുറത്തിറങ്ങുന്നു. സാംസ്‌കാരിക രംഗത്തെ ഓരോ അനക്കങ്ങളിലും തനിമ ഇടപെടുന്നുണ്ട്. ഇന്ന് കേരളത്തിലെ അവഗണിക്കാനാവാത്ത ഒരു കലാ-സാംസ്‌കാരിക നിലപാടിന്റെ പേരാണ് തനിമ.

Comments

Other Post