Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

ജമാഅത്തെ ഇസ്‌ലാമി   കേരള ഘടകത്തിന്റെ രണ്ടര പതിറ്റാണ്ട്

 ടി.കെ ഫാറൂഖ്

ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ മുക്കാല്‍ നൂറ്റാണ്ട് കാലത്തെ ബൃഹത്തായ പ്രവര്‍ത്തനങ്ങളില്‍നിന്ന് അവസാനത്തെ രണ്ടര പതിറ്റാണ്ടിലെ ശ്രദ്ധേയ ചുവടുവെപ്പുകളും നാഴികക്കല്ലുകളും കോറിയിടുക മാത്രമാണ് ചുവടെ. സവിശേഷ വിശകലനമര്‍ഹിക്കുന്ന ദേശീയ- അന്തര്‍ദേശീയ ചുറ്റുപാടുകളിലൂടെയാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഈ കാലയളവിലെ പ്രയാണം.  സംഘ് പരിവാര്‍ തീവ്രഹിന്ദുത്വത്തിന്റെ ആക്രമണോത്സുകത ഏറ്റവും പ്രകടമായ സന്ദര്‍ഭങ്ങളിലൊന്നായിരുന്നു 1992 ഡിസമ്പര്‍ 6-ന് ബാബരി മസ്ജിദ് തകര്‍ത്ത സംഭവം. രാഷ്ട്രീയ- സാമൂഹിക അധികാരങ്ങളുടെ എല്ലാ തലങ്ങളിലും ഇന്ന് തീവ്രഹിന്ദുത്വം പിടിമുറുക്കിയിരിക്കുന്നുവെന്നു മാത്രമല്ല പൗരന്മാരുടെ ഭക്ഷണശീലങ്ങളില്‍പോലും അക്രമാസക്തമായി ഇടപെട്ടുകഴിഞ്ഞിരിക്കുന്നു. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ ഈ കാലയളവില്‍ ഏറ്റവും സ്വാധീനിച്ച സംഭവമായിരുന്നു അറബ് വസന്തവും തുടര്‍ന്നുണ്ടായ ഗതിവിഗതികളും. അയല്‍രാജ്യമായ ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇസ്‌ലാമിസ്റ്റുകള്‍ അതിക്രൂരമായി വേട്ടയാടപ്പെട്ട കാലയളവ് കൂടിയാണിത്.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ചുമതലകളെയും വെല്ലുവിളികളെയും കുറിച്ച് പുതിയ ആന്വേഷണങ്ങള്‍ ആവശ്യപ്പെടുന്നതായിരുന്നു  ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ഉള്‍പ്പെടെ സൃഷ്ടിച്ച അനുരണനങ്ങള്‍. 
നേതൃത്വം
കെ.എ സിദ്ദീഖ് ഹസന്‍ (1990-2005), ടി.ആരിഫലി (2005-2015), എം.ഐ അബ്ദുല്‍ അസീസ് (2015 മുതല്‍) എന്നിവരാണ് ഈ കാലയളവിലെ കേരള ജമാഅത്തെ ഇസ്‌ലാമിയുടെ അമരക്കാര്‍. 
കോഴിക്കോട്  ഇന്ദിരാഗാന്ധി റോഡിലെ ഹിറാ സെന്ററില്‍ വിപുലമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചുവരുന്ന ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം ആസ്ഥാനത്തിന്റെ ഉദ്ഘാടനം 2000 ജൂണ്‍ 4-ന് അഖിലേന്ത്യാ അമീര്‍ നിര്‍വഹിച്ചു. പ്രവര്‍ത്തകര്‍ അവരുടെ വരുമാനത്തില്‍നിന്ന് നീക്കിവെച്ച വിഹിതം മാത്രം ഉപയോഗപ്പെടുത്തിയാണ് ഹിറാ സെന്ററിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ജമാഅത്തെ ഇസ്‌ലാമി, വനിതാ വിഭാഗം, സോളിഡാരിറ്റി, ജി.ഐ.ഒ സംസ്ഥാന ഓഫീസുകള്‍ക്കു പുറമെ വിവിധ വകുപ്പുകളുടെ ഓഫീസുകളും റഫറന്‍സ് സൗകര്യത്തോടു കൂടിയ വിപുലമായ ഒരു ലൈബ്രറിയും ഹിറാ സെന്ററില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഹിറാ സമ്മേളനം

1948-ല്‍ വളാഞ്ചേരിക്കടുത്ത കാട്ടിപ്പരുത്തിയില്‍ നടന്ന പ്രഥമ സമ്മേളനം മുതല്‍ 1998 ല്‍ നടന്ന ഹിറാ സമ്മേളനം വരെയുള്ള 11 സംസ്ഥാന സമ്മേളനങ്ങള്‍ കേരള ജമാഅത്തെ ഇസ്‌ലാമിയുടെ വളര്‍ച്ചയിലും മുന്നേറ്റത്തിലും നിര്‍ണായക പങ്കാണ് വഹിച്ചത്. കേവല ശക്തിപ്രകടനങ്ങള്‍ എന്നതിനപ്പുറം സുനിര്‍ണിതമായ ലക്ഷ്യങ്ങളോടെ നടത്തപ്പെട്ട ഈ സമ്മേളനങ്ങള്‍ കേരളത്തിന് ഒരു പുതിയ സമ്മേളന സംസ്‌കാരം തന്നെ സംഭാവന ചെയ്യുകയായിരുന്നു.
1983-ലെ മക്കരപ്പറമ്പ് ദഅ്‌വത്ത് നഗര്‍ സമ്മേളനം കഴിഞ്ഞ് 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് 1998 ഏപ്രില്‍ 18, 19 തീയതികളില്‍ മലപ്പുറം വേങ്ങരക്കടുത്ത് കൂരിയാട് ഹിറാ നഗറില്‍ 11-ാം സംസ്ഥാന സമ്മേളനം നടക്കുന്നത്. മുന്‍ സമ്മേളനങ്ങളേക്കാള്‍ വിപുലമായ തയാറെടുപ്പുകളും പ്രചാരണ പ്രവര്‍ത്തനങ്ങളുമാണ് ഈ സമ്മേളനത്തിന്റെ മുന്നോടിയായി നടന്നത്. ഇവയില്‍ സവിശേഷ ശ്രദ്ധ നേടിയ പരിപാടിയായിരുന്നു അഞ്ച് കേന്ദ്രങ്ങളിലായി നടന്ന സെമിനാറുകള്‍. 'രാഷ്ട്രത്തിന്റെ ഭാവി' (തിരുവനന്തപുരം), '21-ാം നൂറ്റാണ്ടിന്റെ ദര്‍ശനം' (തൃശൂര്‍), 'സമുദായ ഐക്യം രാഷ്ട്ര പുനര്‍നിര്‍മാണത്തിന്' (മഞ്ചേരി), 'സ്ത്രീ പുതിയ നൂറ്റാണ്ടില്‍' (കോഴിക്കോട്), 'രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം' (കണ്ണൂര്‍) എന്നിവയായിരുന്നു സെമിനാര്‍ വിഷയങ്ങള്‍.
ആറ് സെഷനുകളായി നടന്ന ഹിറാ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് അഖിലേന്ത്യാ അമീര്‍ മൗലാനാ സിറാജുല്‍ ഹസന്‍ സാഹിബായിരുന്നു. കേരള അമീര്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ അധ്യക്ഷത വഹിച്ചു. ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക വൈസ് പ്രസിഡന്റ് ഇമാം  സിറാജ് വഹാജ് ഉദ്ഘാടന സെഷനിലും പ്രമുഖ ഇസ്‌ലാമിക ചിന്തകന്‍ മുഹമ്മദ് ഖുത്വ്ബ് സമാപന സെഷനിലും മുഖ്യാതിഥികളായി.
ഉദ്ഘാടന-സമാപന സെഷനുകള്‍ക്കു പുറമെ പ്രാസ്ഥാനിക സമ്മേളനം, ഐക്യദാര്‍ഢ്യ സമ്മേളനം, ദാര്‍ശനിക സമ്മേളനം, സാംസ്‌കാരിക സമ്മേളനം എന്നിവയായിരുന്നു ഇതര സെഷനുകള്‍. ജോണ്‍ എല്‍. എസ്‌പോസിറ്റോ (ജോര്‍ജ് ടൗണ്‍ യൂനിവേഴ്‌സിറ്റി, അമേരിക്ക), ശൈഖ് നാസിര്‍ സാനിഅ് (കുവൈത്ത്), ഡോ. അലി ഖുറദാഗി (ഖത്തര്‍), സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി, മൗലാനാ മുഹമ്മദ് ശഫീഅ് മൂനിസ്, ഡോ. എഫ്.ആര്‍ ഫരീദി, മൗലാനാ അബ്ദുല്‍ അസീസ്, ഇബ്‌റാഹീം സുലൈമാന്‍ സേട്ട്, ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, സി. രാധാകൃഷ്ണന്‍, കെ. വേണു തുടങ്ങി പ്രമുഖ ദേശീയ- അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. 

സ്വഫാ സമ്മേളനം
വ്യതിരിക്തത കൊണ്ട് പൊതുശ്രദ്ധയാകര്‍ഷിച്ച പരിപാടിയായിരുന്നു 'സാമൂഹിക വിപ്ലവത്തിന് സ്ത്രീശക്തി' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് നടത്തിയ കേരള വനിതാ സമ്മേളനം. 2010 ജനുവരി 24-ന് കുറ്റിപ്പുറം സ്വഫാ നഗറില്‍ നടന്ന സമ്മേളനം പ്രശസ്ത പത്രപ്രവര്‍ത്തക യിവോണ്‍ റിഡ്‌ലി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമം, സ്ത്രീ സംവരണം തുടങ്ങിയവയില്‍ പരിഷ്‌കരണങ്ങളാവശ്യപ്പെട്ടുകൊണ്ട് സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങള്‍ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി.
സമ്മേളന പ്രചാരണ പരിപാടികളില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നതാണ് അഞ്ച് കേന്ദ്രങ്ങളിലായി നടന്ന സെമിനാറുകള്‍. 'സ്ത്രീസംവരണം: സാധ്യതകളും വെല്ലുവിളികളും' (കോഴിക്കോട്), 'സ്ത്രീശാക്തീകരണം: പ്രശ്‌നങ്ങളും പ്രതിവിധികളും' (കണ്ണൂര്‍), 'മാധ്യമങ്ങളിലെ സ്ത്രീ' (എറണാകുളം), 'രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ സ്ത്രീകളുടെ പങ്ക്' (ആലപ്പുഴ), 'കുടുംബത്തിലേക്ക് വീണ്ടും' (കൊടുങ്ങല്ലൂര്‍) എന്നീ വിഷയങ്ങളെ അധികരിച്ചായിരുന്നു സെമിനാറുകള്‍.

ഇസ്‌ലാമിക സമൂഹം
ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങളില്‍  എന്നും പ്രഥമ പരിഗണനയിലുള്ളതാണ് ഇസ്‌ലാമിക സമൂഹവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.  സാമൂഹിക- സാമ്പത്തിക-രാഷ്ട്രീയ മേഖലകളിലെ പിന്നാക്കാവസ്ഥ,  ഇന്ത്യാ വിഭജനം ഉള്‍പ്പടെയുള്ള സംഭവങ്ങളിലൂടെ വളര്‍ന്നുവന്നതും ഹിന്ദുത്വം സര്‍വ മേഖലകളിലും പിടിമുറുക്കിയതിലൂടെ ശക്തിപ്പെട്ടതുമായ അരക്ഷിതാവസ്ഥ, പൊതുശത്രുവിനെതിരെ ഒന്നിച്ചുനില്‍ക്കുന്നതിനു പകരം പരസ്പരം ഒറ്റുകൊടുക്കുന്നേടത്തോളമെത്തുന്ന സംഘടനാ കിടമത്സരങ്ങള്‍,  ധാര്‍മികശക്തിയിലൂടെ ഇതര സമൂഹങ്ങള്‍ക്ക്  മാതൃകയാകാന്‍ നിയോഗിതരായവരെ  ദുര്‍ബലരാക്കുന്ന ആഭ്യന്തര ജീര്‍ണതകള്‍ തുടങ്ങിയവ എന്നും സമുദായസ്‌നേഹികളെ  അത്യധികം വേദനിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങളായിരുന്നു. എന്നാല്‍, എല്ലാ ദൗര്‍ബല്യങ്ങള്‍ക്കൊപ്പവും സഹജീവി സ്‌നേഹത്തിന്റെയും വിശ്വമാനവിക ബോധത്തിന്റെയും വറ്റാത്ത ഉറവകള്‍ ഇസ്‌ലാമിക സമൂഹം എന്നും കാത്തുപോന്നിട്ടുണ്ട്. ഇസ്‌ലാമിക സമൂഹത്തിന്റെ കരുത്തും ദൗര്‍ബല്യവും തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തന പരിപാടികളാണ് കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമി നടപ്പാക്കിവന്നിട്ടുള്ളത്.
ബാബരി മസ്ജിദ് സംഭവത്തിനു ശേഷം കേരളത്തിലുണ്ടായ ശ്രദ്ധേയമായ കാല്‍വെപ്പായിരുന്നു ഡോ. മുഹ്‌യിദ്ദീന്‍ ആലുവായ് കണ്‍വീനറായി രൂപം കൊണ്ട മുസ്‌ലിം ഐക്യവേദി. ഈ വേദിയുടെ പ്രവര്‍ത്തനങ്ങളിലും പിന്നീട് രൂപം കൊണ്ട മുസ്‌ലിം സൗഹൃദ വേദിയുടെ പ്രവര്‍ത്തനങ്ങളിലും സംഘടന നിര്‍ണായക പങ്കുവഹിക്കുകയുണ്ടായി. നിരന്തരമായ നീതിനിഷേധവും അപരവല്‍ക്കരണവും സൃഷ്ടിക്കുന്ന നിരാശയില്‍നിന്ന് ഉടലെടുത്തേക്കാവുന്ന തീവ്രവാദ പ്രവണകളെയും മറുഭാഗത്ത് നിസ്സഹായതയില്‍നിന്ന് ഉടലെടുക്കുന്ന മാപ്പുസാക്ഷിത്വ പ്രവണതകളെയും ആശങ്കയോടെയാണ് ജമാഅത്ത് വീക്ഷിച്ചുവന്നിട്ടുള്ളത്. 2007-ല്‍ നടന്ന തീവ്രവാദവിരുദ്ധ കാമ്പയിന്‍,  ഐ.എസ് ഭീകരത കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടുതുടങ്ങിയ സന്ദര്‍ഭത്തില്‍ 'ഐ.എസ് ഇസ്‌ലാമല്ല' എന്ന തലക്കെട്ടില്‍ നടന്ന പരിപാടി തുടങ്ങിയവ ഈ കാഴ്ചപ്പാടില്‍ രൂപംകൊണ്ടവയാണ്. 
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷം തികച്ചും അന്യായമായ ഒരു നിരോധം അടിച്ചേല്‍പിക്കപ്പെട്ട പശ്ചാത്തലത്തില്‍ പോലും മുസ്‌ലിം സമൂഹത്തിന് ദിശാബോധം നല്‍കാന്‍ പ്രസ്ഥാന നേതൃത്വം പ്രത്യേകം ശ്രദ്ധ നല്‍കുകയുണ്ടായി. ജമാഅത്തെ ഇസ്‌ലാമിക്കുമേല്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ നിരോധം ഒരു നിലക്കും നീതീകരണമര്‍ഹിക്കുന്നില്ലെന്നതിനാല്‍ രണ്ട് വര്‍ഷത്തിനുശേഷം സുപ്രീം കോടതി നിരുപാധികം റദ്ദാക്കുകയായിരുന്നുവെന്നതും ഇവിടെ പരാമര്‍ശമര്‍ഹിക്കുന്നു. കേരളീയ മുസ്‌ലിം സമൂഹത്തില്‍ എന്നും പ്രകടമായിരുന്ന ഇസ്‌ലാമിക ഉണര്‍വ് തല്ലിക്കെടുത്തുകയെന്ന ലക്ഷ്യത്തോ ടെ മുസ്‌ലിം ചെറുപ്പക്കാരെ കരിനിയമങ്ങള്‍ ചുമത്തി തടവറയിലാക്കുന്ന പ്രവണതക്കെതിരെ പ്രസ്ഥാനവും പോഷക സംഘടനകളും ശക്തമായി രംഗത്തുവരികയുണ്ടായി. ഭരണകൂട  ഫാഷിസ്റ്റ് വേട്ടയുടെ ഇരയായ അബ്ദുന്നാസിര്‍ മഅ്ദനിക്ക് നിയമസഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ ചെയര്‍മാനായി രൂപീകരിക്കപ്പെട്ട 'ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറ'ത്തില്‍ സജീവ പങ്കാളിത്തം വഹിച്ചു.
കേരളീയ മുസ്‌ലിം സമൂഹത്തെ ലോക ഇസ്‌ലാമിക സമൂഹവുമായി ചേര്‍ത്തുനിര്‍ത്തുന്നതില്‍ ജമാഅത്തെ ഇസ്‌ലാമി എന്നും ശ്രദ്ധേയമായ പങ്കാണ് വഹിച്ചുവന്നിട്ടുള്ളത്. ഫലസ്ത്വീന്‍ പ്രശ്‌നവും മിഡിലീസ്റ്റ് സംഭവ വികാസങ്ങളും ലോക ഇസ്‌ലാമിക ചലനങ്ങളും കേരളത്തില്‍ സജീവ ചര്‍ച്ചയാകാറുള്ളത് ജമാഅത്ത് സംഘടിപ്പിക്കുന്ന പരിപാടികളിലൂടെയും അതിന്റെ  മേല്‍നോട്ടത്തിലുള്ള വാര്‍ത്താ മാധ്യമങ്ങളിലൂടെയുമാണ്. ഇതുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ പരിപാടികളിലൊന്നായിരുന്നു, ഈജിപ്തില്‍ ചരിത്രത്തിലാദ്യമായി ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുര്‍സി ഭരണകൂടം അട്ടിമറിക്കപ്പെട്ട പശ്ചാത്തലത്തില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കപ്പെട്ട ഈജിപ്ത് ഐക്യദാര്‍ഢ്യ ചത്വരം.
പ്രവാചക സമൂഹത്തില്‍ സ്ത്രീ അനുഭവിച്ചുവന്ന മഹനീയ സ്ഥാനം പ്രായോഗിക അനുഭവമായി മാറുമ്പോള്‍ മാത്രമേ സ്ത്രീകളോടുള്ള ഇസ്‌ലാമിക സമൂഹത്തിന്റെ ബാധ്യത പുര്‍ത്തിയാവുകയുള്ളൂവെന്ന കാഴ്ചപ്പാടാണ് പ്രസ്ഥാനം എന്നും സ്വീകരിച്ചുപോന്നിട്ടുള്ളത്. ഇസ്‌ലാമിക പ്രമാണങ്ങളുടെ  അടിസ്ഥാനത്തില്‍ മുസ്‌ലിം പേഴ്‌സണല്‍  ലോ പരിഷ്‌കരിക്കേണ്ടതിന്റെ അനിവാര്യത പല സന്ദര്‍ഭങ്ങളിലായി ജമാഅത്ത് ചര്‍ച്ചാ വിഷയമാക്കിയത് മുഖ്യമായും സ്ത്രീകളുടെ അവകാശങ്ങളില്‍ കേന്ദ്രീകരിച്ചാണ്. മുസ്‌ലിം സ്ത്രീയുടെ പള്ളി പ്രവേശനാവകാശം ഉയര്‍ത്തിപ്പടിച്ച് 1997-ല്‍ നടത്തിയ കാമ്പയിന്‍, കുടുംബത്തെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ യഥാര്‍ഥ സങ്കല്‍പം വിശദീകരിച്ചുകൊണ്ട് 2006-ല്‍ നടന്ന 'സുഭദ്ര കുടുംബം, സുരക്ഷിത സമൂഹം' കാമ്പയിന്‍,  'സാംസ്‌കാരിക അധിനിവേശത്തിനെതിരെ സ്ത്രീശക്തി' കാമ്പയിന്‍ തുടങ്ങിയവ ഇതുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ പരിപാടികളായിരുന്നു. 


ബൈത്തുസ്സകാത്ത്, കേരള
ഇസ്‌ലാമിലെ സുപ്രധാന ഇബാദത്തായ സകാത്തിന്റെ സംഘടിത സംഭരണവും വിതരണവും വഴി സാമൂഹിക ക്ഷേമം ഉറപ്പുവരുത്തുന്നതിന് ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ 2000 ഒക്‌ടോബറില്‍ പ്രവര്‍ത്തനമാരംഭിച്ച സംരംഭമാണ് ബൈത്തുസ്സകാത്ത്  കേരള. 16 വര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ ഏറ്റവും വലിയ സംഘടിത സകാത്ത് സംരംഭങ്ങളിലൊന്നായി ബൈത്തുസ്സകാത്ത് വളര്‍ന്നുകൊണ്ടിരിക്കുന്നു.
സകാത്ത് സംഭരണം, വിതരണം, പ്രചാരണം, അക്കാദമിക- ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ബൈത്തുസ്സകാത്ത് കേരളയുടെ സുപ്രധാന പ്രവര്‍ത്തനങ്ങള്‍. സ്വയംതൊഴില്‍, വീടുനിര്‍മാണം, വീട് നവീകരണം, ചികിത്സ, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, കടബാധ്യതാ പൂര്‍ത്തീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ പതിനായിരങ്ങള്‍ ഇതിനകം ബൈത്തുസ്സകാത്തിന്റെ ഗുണഭോക്താക്കളായിട്ടുണ്ട്. കുടിവെള്ള പദ്ധതികള്‍, മത പഠന സംവിധാനങ്ങള്‍ തുടങ്ങിയ സാമൂഹിക സംരംഭങ്ങളും നടന്നുവരുന്നു. സകാത്ത് സന്ദേശ പ്രചാരണാര്‍ഥം കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടത്തിയ സകാത്ത് സന്ദേശയാത്ര ബൈത്തുസ്സകാത്തിന് കീഴില്‍ നടന്ന ശ്രദ്ധേയമായ പരിപാടിയാണ്.

ഇത്തിഹാദുല്‍ ഉലമ, കേരള
ജമാഅത്തെ ഇസ്്‌ലാമി കേരള ഘടകത്തിനു കീഴില്‍ രൂപംകൊണ്ട പണ്ഡിത വേദിയാണ് ഇത്തിഹാദുല്‍ ഉലമ, കേരള. സമകാലിക പ്രശ്‌നങ്ങളെ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ പഠിക്കുകയും സമുദായത്തിന് മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. സംഘടനാ പക്ഷപാതിത്വങ്ങള്‍ക്കതീതമായി ഇതിനെ ഉയര്‍ത്താനാണ് ജമാഅത്ത് ആഗ്രഹിക്കുന്നത്.

വിദ്യാഭ്യാസം
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമായി ഇടപെട്ടുവന്ന ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം അടുത്ത കാലത്തായി അതിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തന സംവിധാനങ്ങളില്‍ സമൂലമായ പരിഷ്‌കരണങ്ങള്‍ വരുത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി 25 വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കേണ്ട വിദ്യാഭ്യാസ പദ്ധതി ആവിഷ്‌കരിച്ചു. ഫലപ്രദമായി പദ്ധതി നടപ്പില്‍ വരുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിന് രൂപം നല്‍കി.പ്രീ പ്രൈമറി മുതല്‍ അല്‍ ജാമിഅ വരെയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ക്രോഡീകരിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിയാ കോളേജുകള്‍, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍, പ്രഫഷണല്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനും അവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും ഹയര്‍ എജുക്കേഷന്‍ ബോര്‍ഡും സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക വിഷയങ്ങള്‍ ശ്രദ്ധിക്കുന്നതിനും പാഠ്യേതര പദ്ധതികളെ ശാക്തീകരിക്കുന്നതിനും വിദ്യാ കൗണ്‍സില്‍ ഫോര്‍ സ്‌കൂള്‍ എജുക്കേഷനും പ്രീ പ്രൈമറി വിദ്യാഭ്യാസ മേഖലയില്‍ മേല്‍നോട്ടം വഹിക്കുന്നതിനും കാലോചിത പരിഷ്‌കരണത്തിന് നേതൃത്വം നല്‍കുന്നതിനും പ്രീ പ്രൈമറി എജുക്കേഷന്‍ ബോര്‍ഡും മദ്‌റസ വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നതിന് മജ്‌ലിസ് മദ്‌റസ എജുക്കേഷന്‍ ബോര്‍ഡും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ്, അഡ്മിനിസ്‌ട്രേഷന്‍ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മാനേജ്‌മെന്റ്- അഡ്മിനിസ്‌ട്രേഷന്‍ കൗണ്‍സിലും പാഠപുസ്തകങ്ങളും മറ്റും പ്രസിദ്ധീകരിക്കുന്നതിന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രൊഡകഷ്ന്‍ ആന്റ് പബ്ലിക്കേഷനും ഇസ്‌ലാമിക കലാലയങ്ങളിലെ കോഴ്‌സുകളും സിലബസും സര്‍ട്ടിഫിക്കറ്റും അംഗീകരിക്കുന്നതിന് മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമിയും വിവിധ വകുപ്പുകള്‍ക്കു കീഴില്‍ ആവശ്യമായി വരുന്ന പരിശീലനങ്ങള്‍ നടത്തുന്നതിന് സെന്റര്‍ ഫോര്‍ എജുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയ്‌നിംഗും വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. എല്ലാ വര്‍ഷവും നയരൂപീകരണത്തിന് സഹായകമാകുന്ന എജു സമ്മിറ്റുകള്‍ സംഘടിപ്പിക്കുന്നു.

ഇതര സംരംഭങ്ങള്‍
പ്രസ്ഥാനവുമായി ബസപ്പെട്ട പള്ളികളുടെ ഏകോപനവും കാര്യക്ഷമതയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കേരള മസ്ജിദ് കൗണ്‍സില്‍,  ഹജ്ജ്-ഉംറ യാത്രകളുടെ സംഘാടനം കാര്യക്ഷമമായി നിര്‍വഹിച്ചുവരുന്ന കേരള ഹജ്ജ് ഗ്രൂപ്പ്,  ഖുര്‍ആന്‍ പഠന പ്രചാരണ വേദിയായ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള അനൗപചാരിക ഇസ്‌ലാമിക പഠന സംവിധാനമായ തംഹീദുല്‍ മര്‍അ തുടങ്ങിയവ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിനു കീഴില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്ന സംവിധാനങ്ങളാണ്.

സാമൂഹിക- രാഷ്ട്രീയ ഇടപെടലുകള്‍
സാമ്രാജ്യത്വം സൃഷ്ടിക്കുന്ന രാഷ്ട്രീയ-സാംസ്‌കാരിക വെല്ലുവിളികള്‍,  ഇന്ത്യയില്‍ പിടിമുറുക്കിക്കഴിഞ്ഞിരിക്കുന്ന ഹിന്ദുത്വ ഫാഷിസം, വര്‍ഗീയത, ജാതീയത, തീവ്രവാദ പ്രവണതകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍, വര്‍ധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, സദാചാരത്തകര്‍ച്ച, രാഷ്ട്രീയ ജീര്‍ണതകള്‍ തുടങ്ങിയവക്കെതിരെ ശ്രദ്ധേയമായ ഒട്ടനവധി പരിപാടികള്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം ആവിഷ്‌കരിക്കുകയുണ്ടായി.
ഒരു ബഹുമത- ബഹു സംസ്‌കാര സമൂഹത്തില്‍ മതങ്ങളും സംസ്‌കാരങ്ങളും  പരസ്പരം അടുത്തറിയുകയെന്നത് സുപ്രധാനമാണ്. ഈ ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട പരിപാടികളില്‍ ശ്രദ്ധേയമായതായിരുന്നു ഹിന്ദു- മുസ്‌ലിം ഡയലോഗ്, മുസ്‌ലിം-ക്രിസ്ത്യന്‍ ഡയലോഗ്, ഖുര്‍ആന്‍- ബൈബിള്‍ സെമിനാര്‍ തുടങ്ങിയ  പരിപാടികള്‍. ഇസ്‌ലാമിനെ  അടുത്തറിയാന്‍ സഹായകമായ രീതിയില്‍, കോട്ടയം (2006), തിരുവനന്തപുരം (2008), തൃശൂര്‍ (2009) എന്നിവിടങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട 'ദിശ' എക്‌സിബിഷന്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.
സാമുദായിക സൗഹാര്‍ദം വളര്‍ത്തുന്നതിനും വര്‍ഗീയ ധ്രുവീകരണം ചെറുക്കുന്നതിനുമായി 1993-ല്‍ ദേശീയ തലത്തില്‍ രൂപീകൃതമായ 'ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്യൂണല്‍ അമിറ്റി' (എഫ്.ഡി.സി.എ) കേരളത്തിലും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. 
അഖിലേന്ത്യാ തലത്തില്‍ നടന്ന മനുഷ്യാവകാശ കാമ്പയിനിന്റെ ഭാഗമായും ഒട്ടനവധി പരിപാടികള്‍ കേരളത്തിലുടനീളം സംഘടിപ്പിക്കപ്പെടുകയുണ്ടായി. 'നീതിക്ക്, സമാധാനത്തിന്' എന്ന മുദ്രാവാക്യമുയര്‍ത്തി അഖിലേന്ത്യാ അമീര്‍ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി നേതൃത്വം നല്‍കിയ ദേശീയ യാത്രയുടെ സമാപനം 2008 നവംബര്‍ 25- ന് എറണാകുളത്ത് നടന്നു.
സ്വതന്ത്ര ഇന്ത്യയുടെ താല്‍പര്യങ്ങള്‍  സാമ്രാജ്യത്വ ശക്തികള്‍ക്ക് മുമ്പില്‍ അടിയറ വെക്കുന്ന ആണവക്കരാറിനെതിരെ 'ആണവക്കരാര്‍ ദേശതാല്‍പര്യത്തിനെതിര്' എന്ന പ്രമേയമുയര്‍ത്തി തിരുവനന്തപുരം, എറണാകുളം, മഞ്ചേരി, കണ്ണൂര്‍ എന്നീ നാലു  കേന്ദ്രങ്ങളില്‍ മേഖലാ പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. വര്‍ധിച്ചുവരുന്ന ധാര്‍മിക- സദാചാരച്യുതിയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു ഭ്രൂണഹത്യക്കും ലൈംഗിക അരാജകത്വത്തിനുമെതിരെ നടന്ന കാമ്പയിന്‍. 
 
ജനസേവന പ്രവര്‍ത്തനങ്ങള്‍

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വീടുനിര്‍മാണം,  പലിശരഹിത വായ്പാ സംവിധാനങ്ങള്‍, ചികിത്സാ സഹായം തുടങ്ങി വിവിധ തരത്തിലുള്ള ജനസേവന സംരംഭങ്ങളില്‍ പ്രസ്ഥാനം എന്നും സജീവമായിരുന്നു. കേരളത്തില്‍ പലിശരഹിത വായ്പാ സംവിധാനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ജമാഅത്തെ ഇസ്‌ലാമിയാണ്. ഐ.ആര്‍.ഡബ്ലിയു, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍, എ.ഐ.സി.എല്‍, സംഗമം മള്‍ട്ടി സ്റ്റേറ്റ് കോ-ഓപറേറ്റീവ് ക്രെഡിറ്റ്‌സ് ലിമിറ്റഡ്, ഇന്‍ഫാക് തുടങ്ങിയവ ജനസേവനത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസ്ഥാപിത സംവിധാനങ്ങളാണ്.

സാമ്പത്തിക ശാസ്ത്ര വേദി

പലിശരഹിതമായ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ പ്രചാരണവും പ്രയോഗവല്‍ക്കരണവും ലക്ഷ്യമിട്ട് അഖിലേന്ത്യാ തലത്തില്‍ രൂപം കൊണ്ട ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ഇസ്‌ലാമിക് ഇക്കണോമിക്‌സിന്റെ (ഐ.എ.എഫ്.ഐ.ഇ)   കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സെമിനാറുകള്‍, ശില്‍പശാലകള്‍ തുടങ്ങിയ പരിപാടികള്‍ നടന്നുവരുന്നു.
കലാ- സാംസ്‌കാരിക മേഖല
സാമൂഹികോന്മുഖമായ കലയുടെയും സാഹിത്യത്തിന്റെയും പ്രോത്സാഹനവും ആവിഷ്‌കാരവും നിര്‍വഹിച്ചുവരുന്ന കൂട്ടായ്മയാണ് 'തനിമ'. സാംസ്‌കാരിക രംഗത്ത് ക്രിയാത്മക ഇടപെടല്‍, പ്രതിഭകള്‍ക്കുള്ള പ്രോത്സാഹനം തുടങ്ങിയ ലക്ഷ്യങ്ങളോടെ നടന്ന ഒട്ടനവധി പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയമായിരുന്നു തനിമയുടെ സാംസ്‌കാരിക സഞ്ചാരം.

പ്രസിദ്ധീകരണങ്ങളും വാര്‍ത്താ മാധ്യമങ്ങളും


പ്രസിദ്ധീകരണ മേഖലയില്‍ തുടക്കം മുതല്‍ തന്നെ സജീവ സാന്നിദ്ധ്യമാണ് കേരള ജമാഅത്തെ ഇസ്‌ലാമി. 1945-ല്‍ തുടക്കം കുറിക്കപ്പെട്ട ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഇതിനകം എണ്ണൂറോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. 
മലയാളത്തിലെ ഏറ്റവും ബൃഹത്തും ആധികാരികവുമായ ഇസ്‌ലാമിക റഫറന്‍സ്  സംരംഭമായ വിജ്ഞാനകോശം പദ്ധതി കേരളത്തിന്റെ പുസ്തക പ്രസാധന ചരിത്രത്തിലെ നാഴികക്കല്ലാണ്. 12 വാല്യങ്ങള്‍ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടുകഴിഞ്ഞു. ലോക ഇസ്‌ലാമിക ചിന്തയിലെ സമകാലിക പ്രതിനിധാനങ്ങളെ യഥാസമയം കൈരളിക്ക് പരിചയപ്പെടുത്താന്‍ ഐ.പി.എച്ച് എന്നും ശ്രദ്ധിച്ചുപോന്നിട്ടുണ്ട്.
പ്രബോധനം വാരിക, ആരാമം വനിതാ മാസിക, മലര്‍വാടി ബാലമാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ക്കു പുറമെ ദിനപത്രം, വാര്‍ത്താ ചാനല്‍, ഡിജിറ്റല്‍ മേഖല തുടങ്ങി മാധ്യമ മേഖലയുടെ എല്ലാ തലങ്ങളിലും പ്രസ്ഥാന സാന്നിധ്യം ശ്രദ്ധേയമാണ്.


കേരള മുസ്‌ലിം  ഹിസ്റ്ററി കോണ്‍ഫറന്‍സ്


അവഗണിക്കപ്പെടുകയോ വികലമാക്കപ്പെടുകയോ ചെയ്ത കേരള മുസ്‌ലിം ചരിത്രത്തെ സത്യസന്ധമായി അവതരിപ്പിക്കുക, കേരള മുസ്‌ലിംകളുടെ ചരിത്രത്തെയും പൈതൃകത്തെയും ക്രോഡീകരിക്കുക, മുസ്‌ലിം ചരിത്രത്തിന് ചരിത്രത്തിന്റെ മുഖ്യധാരയില്‍ ഇടം നേടിക്കൊടുക്കുക, സ്വന്തം ചരിത്ര പൈതൃകങ്ങളെക്കുറിച്ച് ഇസ്‌ലാമിക സമൂഹത്തിന് അവബോധം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മൂന്ന് ദിവസം നീണ്ടുനിന്ന കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ് കോഴിക്കോട്ട് സംഘടിപ്പിക്കപ്പെട്ടത് (2013 ഡിസംബര്‍ 22-24). ദേശീയ-അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ ഇരുനൂറിലധികം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. കോണ്‍ഫറന്‍സിന്റെ മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കേരളത്തിലെ രാഷ്ട്രീയ- സാമൂഹിക നവോത്ഥാനത്തില്‍ പങ്കു വഹിച്ച മുസ്‌ലിം വ്യക്തിത്വങ്ങളെയും കൂട്ടായ്മകളെയും അധികരിച്ച് ഇരുപതിലേറെ സെമിനാറുകള്‍ സംഘടിപ്പിക്കപ്പെടുകയുണ്ടായി.

കേരള അമീറുമാര്‍ (1948 - 2017)


ഹാജി വി.പി മുഹമ്മദലി (1948-1959)
കെ.സി അബ്ദുല്ല (1959-1972)
ടി.കെ അബ്ദുല്ല (1972-1979)
കെ.സി അബ്ദുല്ല (1979-1982)
ടി.കെ അബ്ദുല്ല (1982-1984)
കെ.സി അബ്ദുല്ല (1984-1990) 
കെ.എ സിദ്ദീഖ് ഹസന്‍ (1990-2005)
ടി ആരിഫലി (2005-2015)
എം.ഐ അബ്ദല്‍ അസീസ് (2015-)

ഡയലോഗ് സെന്റര്‍  കേരള 


കേരളത്തിലെ വിവിധ മതസമുദായങ്ങള്‍ക്കിടയിലെയും വ്യത്യസ്ത വീക്ഷണഗതിക്കാര്‍ക്കിടയിലെയും അകല്‍ച്ചയും തെറ്റിദ്ധാരണകളും നീക്കി പരസ്പരസഹകരണവും സൗഹാര്‍ദവും വളര്‍ത്തിയെടുക്കുന്നതിനു വേണ്ടി ചര്‍ച്ചകളും സെമിനാറുകളും സിമ്പോസിയങ്ങളും സംവാദങ്ങളും മറ്റും സംഘടിപ്പിക്കുന്നതിനും ഗ്രന്ഥങ്ങള്‍ തയാറാക്കുന്നതിനുമായി രൂപംകൊ വേദിയാണ് ഡയലോഗ് സെന്റര്‍ കേരള. കോഴിക്കോട്ട് ആസ്ഥാനം.
ഡയലോഗുകള്‍, സ്‌നേഹസംവാദങ്ങള്‍, ടേബ്ള്‍ ടോക്കുകള്‍, ഇസ്‌ലാം പാഠശാലകള്‍, പ്രബന്ധ-ക്വിസ് മത്സരങ്ങള്‍ തുടങ്ങിയ പരിപാടികള്‍ സെന്ററിനു കീഴില്‍ നടന്നുവരുന്നു.  പുസ്തകങ്ങള്‍, സി.ഡികള്‍, ഖുര്‍ആന്‍ ലളിതസാരം എന്നിവ സൗജന്യമായി ഡയലോഗ് സെന്റര്‍ ജനങ്ങളിലെത്തിക്കുന്നു. ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങള്‍ സൗജന്യമായി ലൈബ്രറികള്‍ക്ക് എത്തിച്ചുകൊടുക്കുന്നു. 'ദിശ ഇസ്‌ലാമിക് എക്‌സിബിഷന്‍'എന്ന പേരില്‍ സ്ഥിരസ്വഭാവത്തിലുള്ള എക്‌സിബിഷന് ഡയലോഗ് സെന്റര്‍ കേരള രൂപം നല്‍കിയിട്ടുണ്ട്. 
1999-ല്‍ പ്രവര്‍ത്തനമാരംഭിച്ച സെന്ററിന്റെ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, സെക്രട്ടറി എന്‍.എം അബ്ദുര്‍റഹ്മാന്‍.


ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച്  ആന്റ് പോളിസി സ്റ്റഡീസ് 


പഠന-ഗവേഷണങ്ങള്‍ക്ക് വലിയ പ്രാധാന്യം കൈവന്ന കാലമാണിത്. സമുദായത്തിലെ പുതുതലമുറയും വിവിധ മേഖലകളില്‍ പഠന-ഗവേഷണങ്ങളുമായി മുന്നേറുന്നുണ്ട്. കേരളത്തിനകത്തും പുറത്തും പഠിക്കുന്ന ഗവേഷക വിദ്യാര്‍ഥികളെ കണ്ടെത്താനും അവര്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും അവരുടെ ഗവേഷണത്വരയെ പ്രോത്സാഹിപ്പിക്കാനും ആരംഭിച്ച സംരംഭമാണ് 'ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്റ് പോളിസി സ്റ്റഡീസ്.' ഇന്‍സ്റ്റിറ്റ്യൂട്ടിനു കീഴില്‍ ഗവേഷണ സ്‌കോളര്‍ഷിപ്പുകളും നല്‍കുന്നുണ്ട്. ദല്‍ഹി, ഹൈദരാബാദ് നഗരങ്ങളില്‍ ഓറിയന്റേഷന്‍ ക്യാമ്പുകള്‍ നടത്തി. ആവശ്യമായ മെറ്റീരിയലുകള്‍ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാനും വര്‍ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കാനും ശ്രമിച്ചുവരുന്നു. ഇസ്‌ലാമിക കലാലയങ്ങളില്‍നിന്ന് ബിരുദം നേടിയവര്‍ക്ക് പ്രത്യേക പരിശീലനവും ഗവേഷണ ശില്‍പശാലകളും സംഘടിപ്പിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍. 


എത്തിക്കല്‍  മെഡിക്കല്‍ ഫോറം

ആഴത്തിലുള്ള വൈദ്യശാസ്ത്ര വിജ്ഞാനവും ധാര്‍മിക-നൈതിക മൂല്യങ്ങളും ഉള്‍ച്ചേര്‍ന്ന വൈദ്യ സേവക വിഭാഗത്തെ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപം കൊണ്ട വേദിയാണ് എത്തിക്കല്‍ മെഡിക്കല്‍ ഫോറം (ഇ.എം.എഫ്). വിവിധ ചികിത്സാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികള്‍ എന്നിവരാണ് ഇ.എം.എഫിലെ അംഗങ്ങള്‍. പാരാമെഡിക്കല്‍ യോഗ്യത നേടിയവര്‍ അസോസിയേറ്റുകളായും പ്രവര്‍ത്തിക്കുന്നു.
2000-ല്‍ പ്രവര്‍ത്തനമാരംഭിച്ച എത്തിക്കല്‍ മെഡിക്കല്‍ ഫോറത്തിന്റെ പ്രഥമ പ്രസിഡന്റ് ഡോ. എം.പി അബൂബക്കറും ജനറല്‍ സെക്രട്ടറി ഡോ. സൈജു ഹമീദുമാണ്. ഇപ്പോഴത്തെ പ്രസിഡന്റ് ഡോ. മുഹമ്മദ് ഇസ്മാഈല്‍, സെക്രട്ടറി ഡോ. അബ്ദുര്‍റഹ്മാന്‍ ഡാനി. അംഗങ്ങളുടെ സംസ്‌കരണം- ധാര്‍മിക വളര്‍ച്ച, ബന്ധപ്പെട്ട മേഖലകളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ഇ.എം.എഫിന്റെ മുഖ്യ ലക്ഷ്യങ്ങള്‍. 
2001-ല്‍ ഗുജറാത്ത് ഭൂകമ്പം, 2004-ലെ സൂനാമി(കേരള തീരപ്രദേശങ്ങള്‍, ഇന്തോനേഷ്യയിലെ ചില പ്രദേശങ്ങള്‍), 2006-ലെ കശ്മീര്‍ ഭൂകമ്പം, അസമിലെ ബോഡോ കലാപങ്ങള്‍ തുടങ്ങിയ ദുരന്തമേഖലകളില്‍ ഇ.എം.എഫ് പ്രവര്‍ത്തകര്‍ നടത്തിയ സേവനങ്ങള്‍ ദേശീയ-അന്തര്‍ദേശിയ റിലീഫ് സംഘടനകളുടെയും ഏജന്‍സികളുടെയും പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു.
പത്ത് പ്രദേശങ്ങളിലായി ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 2006 എപ്രില്‍ 16-ന് സ്റ്റേറ്റ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. മൂന്ന് മേഖലകളിലായി മേഖലാ കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കുകയുണ്ടായി.  


ജസ്റ്റീഷ്യ

നീതി, നിയമം എന്ന അര്‍ഥമാണ് ലത്തീന്‍ ഭാഷയില്‍ ജസ്റ്റീഷ്യ എന്ന പദത്തിന്. 'ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകും' എന്ന നിയമവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് അഭിഭാഷകവേദിയായ ജസ്റ്റീഷ്യ രൂപീകരിക്കപ്പെട്ടത്. സ്വതന്ത്രവും നിഷ്പക്ഷവുമായ ജുഡീഷ്യല്‍ വ്യവസ്ഥിതിക്കു വേണ്ടി ശക്തമായി നിലകൊള്ളുക എന്നതാണ് ജസ്റ്റീഷ്യ ഉദ്ദേശിക്കുന്നത്. 2007 ഡിസംബര്‍ 15-നു സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എം.എന്‍ വെങ്കിട ചെല്ലയ്യ കോഴിക്കോട്ട് ജസ്റ്റീഷ്യയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 
നിയമനിര്‍മാണ-നിര്‍വഹണ-നീതിന്യായ മേഖലയിലെ  അഴിമതി, കൃത്യവിലോപം, അനാവശ്യ ചെലവുകള്‍, സ്വജനപക്ഷപാതം, വര്‍ഗീയത തുടങ്ങിയ തിന്മകള്‍ക്കെതിരെ പ്രവര്‍ത്തിക്കുക, ആവശ്യമായിടങ്ങളില്‍ അദാലത്തുകളും കൗണ്‍സലിംഗ് സെന്ററുകളും സംഘടിപ്പിക്കുക, കുടുംബപരമായ തര്‍ക്കങ്ങളില്‍ രമ്യമായ പരിഹാരം കണ്ടെത്തുക, ദലിത്-ന്യൂനപക്ഷ വിഭാഗത്തിലുള്ള അര്‍ഹര്‍ക്ക് നിയമസഹായം ലഭ്യമാക്കുക തുടങ്ങിയവ ലക്ഷ്യങ്ങളാണ്. നീതിന്യായ പ്രശ്‌നങ്ങളെ സംബന്ധിച്ച് സെമിനാറുകളും ചര്‍ച്ചകളും, നിയമവിദ്യാര്‍ഥികളാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് എന്‍ട്രന്‍സ് കോച്ചിംഗ്, നിയമന ടെസ്റ്റുകള്‍ക്ക് പരിശീലനം, വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ച് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ എന്നിവ ജസ്റ്റീഷ്യ സംഘടിപ്പിച്ചുവരുന്നു.


മലര്‍വാടി ബാലസംഘം

മുപ്പതു വര്‍ഷത്തിലധികമായി കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് മലര്‍വാടി ബാലസംഘം. 1983-ല്‍ 'എസ്.ഐ.ഒ ബാലസംഘം' എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു. 2003-ല്‍ 'മലര്‍വാടി ബാലസംഘം' എന്ന് പേര് മാറ്റിയത്. ഏഴാം തരം വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജാതി-മത വ്യത്യാസങ്ങളില്ലാതെ മലര്‍വാടിയില്‍ അംഗങ്ങളായി ചേരാം. കേരളത്തിനു പുറമെ മാഹി, അന്തമാന്‍, മറുനാടന്‍ മലയാളികളുള്ള ബംഗളുരു, മംഗലാപുരം എന്നീ പ്രദേശങ്ങളിലും ഗള്‍ഫ്‌നാടുകളിലെ മലയാളികള്‍ക്കിടയിലും പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ മറ്റു ബാലസംഘടനകളില്‍നിന്ന് വ്യത്യസ്തമായി ലക്ഷ്യബോധമുള്ള പരിപാടികളിലൂടെ പൊതുശ്രദ്ധ ആകര്‍ഷിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുതന്നെ പല കാര്യങ്ങളിലും മാതൃകയാകാനും മലര്‍വാടി ബാലസംഘത്തിനു കഴിഞ്ഞിട്ടുണ്ട്.
കുട്ടികളുടെ സഹജമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുക, ധാര്‍മികബോധവും മാനുഷികമൂല്യങ്ങളും സര്‍ഗാത്മകതയും പരിപോഷിപ്പിക്കുക, അവരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തി സാമൂഹിക സേവന സംസ്‌കാരവും മതസൗഹാര്‍ദവും ശക്തിപ്പെടുത്തുക, പഠനാഭിമുഖ്യം വര്‍ധിപ്പിക്കുക എന്നിവയാണ് മലര്‍വാടി ബാലസംഘത്തിന്റെ മുഖ്യ ലക്ഷ്യങ്ങള്‍. പരിസ്ഥിതി സൗഹാര്‍ദം, ചങ്ങാത്തം, ലളിത ജീവിതം എന്നിവയോട് കുട്ടികള്‍ക്ക് താല്‍പര്യമുണ്ടാക്കാനും സംഘടന ലക്ഷ്യമിടുന്നു. കുട്ടികളില്‍ ദയ, സഹകരണം, സഹായം തുടങ്ങിയ മാനുഷിക ഗുണങ്ങള്‍ വര്‍ധിപ്പിക്കാനാവശ്യമായ പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു.
ഒന്നാംതരം മുതല്‍ ഏഴാംതരംവരെ പഠിക്കുന്ന കുട്ടികളെ സംഘടിപ്പിച്ച് അവര്‍ക്കാവശ്യമായ അറിവുകള്‍ പകര്‍ന്നുനല്‍കുക എന്നതാണ് മലര്‍വാടി ബാലസംഘത്തിന്റെ മുഖ്യ ലക്ഷ്യം. 
സംഘടനയുടെ തുടക്കം മുതലേ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രധാന പരിപാടിയാണ് മലര്‍വാടി വിജ്ഞാനോത്സവം. ഇന്ന് അത് 'ലിറ്റില്‍ സ്‌കോളര്‍' എന്നാണ് അറിയപ്പെടുന്നത്. സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ ലക്ഷക്കണക്കിന് കുട്ടികള്‍ പങ്കെടുക്കുന്ന ഈ മത്സരം പലതരത്തില്‍ ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. വിവിധ ചാനലുകള്‍ ഈ പരിപാടി സംപ്രേഷണം ചെയ്തു. റമദാന്‍ പ്രശ്‌നോത്തരി, സ്‌കൂളുകള്‍ക്കുള്ള പ്രൊജക്ട് മത്സരം പോലുള്ള പലതരം വൈജ്ഞാനിക മത്സരങ്ങള്‍, പുസ്തകപ്രസാധനം തുടങ്ങിയവയും മലര്‍വാടി ബാലസംഘത്തിന്റെ സംഭാവനകളാണ്.
കേരളത്തില്‍ വൈവിധ്യമാര്‍ന്ന സേവനപ്രവര്‍ത്തനങ്ങള്‍ക്കും മലര്‍വാടി ബാലസംഘം നേതൃത്വം നല്‍കിയിട്ടു്. 'ചങ്ങാതിക്കൊരു വീട്' എന്ന പേരില്‍ നടത്തുന്ന  വീടുനിര്‍മാണം കുട്ടികള്‍ സ്വയം ശേഖരിച്ച പണംകൊണ്ടാണ് നടക്കുന്നത്. കേരളത്തില്‍ ഇതിനകം അഞ്ച് വീടുകള്‍ നിര്‍മിച്ചു നല്‍കിക്കഴിഞ്ഞു. ചികിത്സാ സഹായം, പൊതു പ്രവര്‍ത്തനങ്ങള്‍, റോഡ് നിര്‍മാണം തുടങ്ങി ധാരാളം സേവനങ്ങളില്‍ മലര്‍വാടി അംഗങ്ങള്‍ പങ്കാളികളാകുന്നു. ആതുരസേവനം, പഠനയാത്രകള്‍, ജുവനൈല്‍ ഹോം - അനാഥശാലാ സന്ദര്‍ശനം എന്നിവയും മലര്‍വാടിയുടെ പ്രവര്‍ത്തനങ്ങളിലൂണ്ട്. മലര്‍വാടി ബാലസംഘം നടത്തുന്ന പരിപാടികളില്‍ വലിയ പങ്ക് പാരിസ്ഥിതിക ബോധവത്കരണം ലക്ഷ്യം വെച്ചുള്ളതാണ്. 'മണ്ണറിയാം വിത്തെറിയാം', 'ഒരു കൈ ഒരു തൈ' തുടങ്ങിയ കാര്‍ഷിക കാമ്പയിനുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. തൈനടല്‍, മരസംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം, വിത്ത് വിതരണം, പ്ലാസ്റ്റിക് നിര്‍മാര്‍ജന ബോധവത്കരണം, പരിസ്ഥിതി പ്രതിജ്ഞ തുടങ്ങിയ പരിപാടികള്‍ക്കു പുറമെ അതിനോടനുബന്ധിച്ച പ്രശ്‌നോത്തരികളും മറ്റും സംഘടിപ്പിക്കുന്നു.
സാമ്പത്തിക അച്ചടക്കം പരിശീലിപ്പിക്കുന്ന ബാലനിധി പദ്ധതി മലര്‍വാടി ബാലസംഘം ആവിഷ്‌കരിച്ചതാണ്. പഠന ക്ലാസ്സുകള്‍, പ്രതിഭാ സംഗമങ്ങള്‍, പാരന്റിംഗ് ക്ലാസ്സുകള്‍, ദിനാചരണങ്ങള്‍, ആഘോഷപരിപാടികള്‍, ബാലസമ്മേളനങ്ങള്‍, യുദ്ധവിരുദ്ധ റാലികള്‍, പോസ്റ്റര്‍ - കൊളാഷ് പ്രദര്‍ശനങ്ങള്‍ എന്നിവയും നടത്തിവരുന്നു. കുട്ടികളിലെ മാനസിക-ശാരീരിക പ്രശ്‌നങ്ങളില്‍ ബോധവത്കരണവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്ന 'ചങ്ങാതി' എന്ന സന്നദ്ധ കൂട്ടായ്മക്കും മലര്‍വാടി രൂപംനല്‍കിയിട്ടുണ്ട്. 'നന്മയുടെ കൂട്ടുകാര്‍' എന്ന പേരില്‍ നടത്തുന്ന കാമ്പയിന്‍ കുട്ടികളിലൂടെ സമൂഹത്തില്‍ ധാര്‍മികത  വളര്‍ത്തുക എന്ന സന്ദേശമാണ് നല്‍കുന്നത്. ഒഴിവുകാല പരിപാടിയായ ബാലോത്സവത്തില്‍ കളിമുറ്റം, കളിക്കളം എന്നിങ്ങനെ വിവിധ മത്സരങ്ങള്‍ എല്ലാ വര്‍ഷവും നടക്കുന്നു.  'മലര്‍വാടി ചിത്രരചനാമത്സരം', 'ചില്‍ഡ്രന്‍ അറ്റ് ദ സ്റ്റേജ്' നാടകമത്സരം, കുട്ടികള്‍ക്കു വേണ്ടിയുള്ള ചെറു സിനിമാ നിര്‍മാണം, കുട്ടിപ്പാട്ടുകള്‍ ഉള്‍പ്പെടുത്തിയ ഓഡിയോ കാസറ്റുകള്‍, കലാജാഥ, സാഹിത്യസമാജം, കളിപുസ്തകം തുടങ്ങിയവയും മലര്‍വാടിയുടെ പരിപാടികളിലുണ്ട്
മലര്‍വാടിക്കുവേണ്ടി സംസ്ഥാനത്ത് ധാരാളം മുതിര്‍ന്ന പ്രവര്‍ത്തകരുണ്ട്. അവരുടെ പരിശീലനത്തിനായി വര്‍ഷംതോറും ഒട്ടേറെ പരിപാടികളും ബാലസംഘത്തിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. കോ-ഓര്‍ഡിനേറ്റര്‍ ട്രെയ്‌നിംഗ് ക്യാമ്പ്, പാരന്റിംഗ് പരിശീലനം, സഹവാസക്യാമ്പ്, നേതൃസംഗമങ്ങള്‍ തുടങ്ങിയവ.


ടീന്‍ ഇന്ത്യ

മനുഷ്യന്റെ സ്വഭാവരൂപവത്കരണത്തിലെ നിര്‍ണായക ഘട്ടമാണ് കൗമാരം. ആ പ്രായക്കാരുടെ പ്രത്യേകതകള്‍ അറിഞ്ഞ് അവരുടെ മാനസിക-വൈകാരിക തലങ്ങളെ പരിഗണിച്ചാവണം അവരുടെ കൂട്ടായ്മക്ക് രൂപം നല്‍കേണ്ടത്. ഇസ്‌ലാമികപ്രസ്ഥാനം കൗമാരക്കാരുടെ വളര്‍ച്ചക്കും സ്വഭാവരൂപവത്കരണത്തിനും മുഖ്യപ്രാധാന്യം മുമ്പേ നല്‍കിയിട്ടുണ്ട്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി എസ്.ഐ.ഒ നേതൃത്വം നല്‍കുന്ന ടീന്‍സ് സര്‍ക്ക്ള്‍, ജി.ഐ.ഒയുടെ 'ബാലികാസംഘം' എന്നിവ ശ്രദ്ധേയമായ ദൗത്യങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ പ്രാദേശിക ഇസ്‌ലാമിക പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യമാണ് അവര്‍ക്കായി ഒരു പുതിയ സംഘടന രൂപീകരിക്കുന്നതിന് പ്രചോദനമായത്. 2012 ഒക്‌ടോബര്‍ 13-ന് തലശ്ശേരിയിലാണ് ടീന്‍ ഇന്ത്യ രൂപവത്കരണ പ്രഖ്യാപനം നടന്നത്. 
കൗമാരക്കാരായ കുട്ടികളുടെ ഗുണാത്മകമല്ലാത്ത സ്വഭാവശീലങ്ങള്‍ തടയുകയും അവരെ ഇസ്‌ലാമിക ജീവിതത്തിലേക്ക് വഴിനടത്തുകയും ചെയ്യുകയാണ് ടീന്‍ ഇന്ത്യ. കൗമാരക്കാരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുക, ദൈവബോധം, പൗരബോധം, മാനുഷികമൂല്യങ്ങള്‍, സര്‍ഗാത്മകത എന്നിവ പരിപോഷിപ്പിക്കുക, അവരുടെ സഹജമായ ശേഷികളെ കണ്ടെത്തി അവ സാമൂഹിക സേവനം, ദേശരക്ഷ, പരിസ്ഥിതി പരിപാലനം, മതസൗഹാര്‍ദം എന്നിവ ശക്തിപ്പെടുത്തുക എന്നിവയാണ് മുഖ്യ ലക്ഷ്യങ്ങള്‍. എട്ടാംതരം മുതല്‍ പത്താംതരം വരെ പഠിക്കുന്ന പഠിക്കുന്ന ഏതു വിദ്യാര്‍ഥിക്കും ടീന്‍ ഇന്ത്യയില്‍ അംഗത്വം നേടാം. മലര്‍വാടി ബാലസംഘത്തിന്റെ തുടര്‍ച്ചയാണ് ടീന്‍ ഇന്ത്യ. 

റബ്‌വ

തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നേതൃപരിശീലനം നല്‍കാനുള്ള കളരിയാണ് റബ്‌വ. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ബാലസംഘാടന വിഭാഗമാണ് അതിന് നേതൃത്വം നല്‍കുന്നത്. വിവിധ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ ഭാവിനേതൃത്വത്തെ പ്രാപ്തരാക്കുക എന്നതാണ് റബ്‌വയുടെ പ്രധാന ലക്ഷ്യം. ഇസ്‌ലാമിക പ്രമാണങ്ങളെ സമകാലികമായി വായിക്കാനും ജീവിതത്തെയും ലോകത്തെയും ഇസ്‌ലാമിന്റെ ജാലകത്തിലൂടെ നോക്കിക്കാണാനും റബ്‌വ പരിശീലനം നല്‍കുന്നു. ഏഴാം ക്ലാസ്സ് പൂര്‍ത്തിയാക്കിയ വൈജ്ഞാനിക മികവും നേതൃഗുണവും അര്‍പ്പണബോധവുമുള്ള വിദ്യാര്‍ഥി/വിദ്യാര്‍ഥിനികളെ എഴുത്തുപരീക്ഷക്കും അഭിമുഖത്തിനും ശേഷമാണ് കോഴ്‌സിലേക്ക് തെരഞ്ഞെടുക്കുന്നത്. റബ്‌വയിലെ അംഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് മുറബ്ബിമാര്‍. തെരഞ്ഞെടുക്കപ്പെട്ട പ്രസ്ഥാന പ്രവര്‍ത്തകരെയാണ് മുറബ്ബിമാരായി നിശ്ചയിക്കുക. വിജ്ഞാനം, ചിന്ത, കലാഭിരുചി, നേതൃഗുണം തുടങ്ങി വിവിധ മേഖലകളില്‍ സന്തുലിത വ്യക്തിത്വം  രൂപപ്പെടുത്താന്‍ അംഗങ്ങളെ പ്രാപ്തരാക്കുകയാണ് മുറബ്ബിമാരുടെ ചുമതല. സംവാദങ്ങള്‍, ഇന്ററാക്ടീവ് സെഷനുകള്‍, ലക്ചറിംഗ്, പ്രവൃത്തികേന്ദ്രിത പരിപാടികള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍, കലാപരിപാടികള്‍, സര്‍ഗാത്മക അവതരണങ്ങള്‍, യാത്ര തുടങ്ങി വൈവിധ്യമുള്ള ഉള്ളടക്കമാണ് റബ്‌വ ക്യാമ്പുകളുടെ പ്രത്യേകത. ഒഴിവുകാലം ഉപയോഗപ്പെടുത്തി ഒരു വര്‍ഷം പത്തു ദിവസങ്ങള്‍ ലഭിക്കും വിധത്തില്‍ രണ്ടു ഘട്ടങ്ങളിലായാണ് റബ്‌വയുടെ പഠനകാലം. 

പ്രവാസലോകത്തെ  പ്രവര്‍ത്തനങ്ങള്‍

ഉപജീവനാര്‍ഥം വിദേശരാഷ്ട്രങ്ങളില്‍, വിശേഷിച്ച് ഗള്‍ഫ്  രാഷ്ട്രങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമാണ്. സുഊദി അറേബ്യ, യു.എ.ഇ, ഒമാന്‍, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് നാടുകളിലും യു.എസ്, യു.കെ തുടങ്ങിയ രാഷ്ട്രങ്ങളിലെ ചില പ്രദേശങ്ങളിലും പ്രവാസി ഘടകങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ലോകത്തിന്റെ വിവിധ മേഖലകളിലുള്ള പ്രവര്‍ത്തകരുടെ വെര്‍ച്വല്‍ കൂട്ടായ്മയായി ഓണ്‍ലൈന്‍ ഘടകങ്ങളും സജീവമാണ്.
ആയിരത്തിതൊള്ളായിരത്തി എഴുപതുകളില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലെ യൂനിവേഴ്‌സിറ്റികളില്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജ് പോലുള്ള സ്ഥാപനങ്ങളില്‍നിന്ന് ബിരുദം നേടിയ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി എത്തുന്നതോടെയാണ് അവിടങ്ങളില്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍നിന്ന് പഠിച്ചിറങ്ങിയ, അറബി ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന മലയാളികള്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലെത്തിയതോടെ മലയാളികളോടുള്ള തദ്ദേശീയരുടെ മനോഭാവത്തില്‍ അത് പ്രതിഫലിച്ചു. അതുവരെ താഴ്ന്ന ജോലികളില്‍ മാത്രം പ്രാതിനിധ്യമുണ്ടായിരുന്ന ഇന്ത്യക്കാരും മലയാളികളും ഉന്നത തസ്തികകളില്‍ ജോലി ചെയ്യാന്‍ തുടങ്ങി.  പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഇതും സഹായകമായി. കേരളത്തില്‍ പ്രസ്ഥാന നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പലരും ഇക്കാലത്ത് ഗള്‍ഫ് രാജ്യങ്ങളിലെത്തിയിരുന്നു. ഇവരുടെ സംഘാടന പരിചയം ഈ രാജ്യങ്ങളില്‍ മലയാളികള്‍ക്കിടയിലെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകാനും ഏകീകരിക്കപ്പെടാനും കാരണമായി. 
അതത് രാഷ്ട്രങ്ങളിലെ ഔഖാഫ് മന്ത്രാലയങ്ങളുടെ സഹകരണത്തോടെയും മറ്റും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി മുസ്‌ലിംകളില്‍ വിപുലമായ ഇസ്‌ലാമിക സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഖുത്വ്ബ പരിഭാഷകള്‍ക്ക് സംവിധാനങ്ങളൊരുക്കിയും ചില  സ്ഥലങ്ങളില്‍ മലയാളത്തില്‍തന്നെ ഖുത്വ്ബകള്‍ സംഘടിപ്പിക്കുന്നതിന് അനുമതി ലഭ്യമാക്കിയും ദീനീ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. 
ഖുര്‍ആന്‍ പഠനം പ്രോത്സാഹിപ്പിക്കാനും വ്യാപിപ്പിക്കാനും സംവിധാനങ്ങളൊരുക്കിയിട്ടു്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഖുര്‍ആന്‍ സ്റ്റഡി സെന്ററുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലേതിനേക്കാള്‍ ഇത്തരം സംരംഭങ്ങള്‍ സജീവമാണ് ഗള്‍ഫ്‌നാടുകളില്‍. 
പഠന സെമിനാറുകളും കോണ്‍ഫറന്‍സുകളും ഇസ്‌ലാമിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഫിഖ്ഹ്-ഹദീസ് വിഷയങ്ങളിലും മറ്റും അക്കാദമിക കോണ്‍ഫറന്‍സുകള്‍  സംഘടിപ്പിക്കപ്പെടുന്നു. 
മലയാളത്തിലുള്ള ഇസ്‌ലാമികഗ്രന്ഥങ്ങള്‍, ആനുകാലികങ്ങള്‍ തുടങ്ങിയവ മലയാളി പ്രവാസികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിന് ഇസ്‌ലാമിക പ്രവര്‍ത്തകര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. ചില ഗള്‍ഫ് നാടുകളിലെ ഔഖാഫുകളുമായി  സഹകരിച്ച് ഏതാനും ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ സൗജന്യവിതരണത്തിനായി പ്രസിദ്ധീകരിച്ചിരുന്നു.  ഇവിടെനിന്ന് തന്നെ പത്രങ്ങളും പ്രസിദ്ധീകരണങ്ങളും അച്ചടിച്ച് വിതരണം ചെയ്യാനും സാധിക്കുന്നു.  
ഗള്‍ഫ്‌നാടുകളിലെ മലയാളി കുടുംബിനികള്‍ക്കിടയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ഖുര്‍ആന്‍ സ്റ്റഡി സെന്ററുകളും മറ്റു പഠന സംവിധാനങ്ങളും ഏറ്റവും സജീവമായി ഉപയോഗപ്പെടുത്തുന്നത് വനിതകളാണ്. വനിതകള്‍ക്കായി പഠന-ഗവേഷണങ്ങള്‍ക്ക് പ്രത്യേക സംവിധാനങ്ങള്‍ തന്നെ ഏര്‍പ്പെടുത്താന്‍ സാധിച്ചു. ഇസ്‌ലാമിക കലാലയങ്ങളില്‍ പഠിച്ച പണ്ഡിതകള്‍ മലയാളി കുടുംബങ്ങളിലെത്തിയതോടെ പ്രവര്‍ത്തനങ്ങളുടെ ഭൗതികവും ബൗദ്ധികവുമായ സംഘാടനം കൂടുതല്‍ സജീവമായി.
ഇസ്‌ലാമിക കൂട്ടായ്മകളുടെ യുവജനവിഭാഗങ്ങളും വിദ്യാര്‍ഥി-വിദ്യാര്‍ഥിനി വിഭാഗങ്ങളും പ്രത്യേകം പ്രവര്‍ത്തിക്കുന്നു. യുവതീയുവാക്കള്‍ക്കിടയില്‍ വിപുലവും ആകര്‍ഷകവുമായ പരിപാടികള്‍ നടത്താന്‍ അവര്‍ക്കാവുന്നുണ്ട്. കുട്ടികളെ ഇസ്‌ലാമിക ശിക്ഷണത്തില്‍ വളര്‍ത്താന്‍ സഹായകമായ ധാരാളം സംരംഭങ്ങളും ഗള്‍ഫ് നാടുകളിലുണ്ട്. മദ്‌റസകള്‍ക്കു പുറമെ സര്‍ഗാത്മക പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കപ്പെടുന്നു.
അറബി ഭാഷാ പരിജ്ഞാനമുള്ള നേതാക്കളും പ്രവര്‍ത്തകരും ഗള്‍ഫ് രാജ്യങ്ങളില്‍ വന്നുതുടങ്ങിയതുമുതല്‍ തന്നെ അറബ് ലോകത്തെ പണ്ഡിതരുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞു. ഇതിന്റെ ഫലമായി നാട്ടിലെ ഇസ്‌ലാമിക സംരംഭങ്ങളും വൈജ്ഞാനിക പരിപാടികളും അവര്‍ക്ക് പരിചയപ്പെടുത്താന്‍ സാധിച്ചു. ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ അറബ് പണ്ഡിതന്മാരുടെ സഹകരണത്തോടെ പഠന-ഗവേഷണങ്ങള്‍ ആരംഭിക്കാനും അത്തരം പഠനങ്ങളില്‍ ചിലത് മലയാളികള്‍ക്കു കൂടി ഉപകാരപ്പെടുന്ന രൂപത്തില്‍ പ്രസിദ്ധീകരിക്കാനും കഴിഞ്ഞു. 
സഹോദര സമുദായാംഗങ്ങള്‍ക്ക് ഇസ്‌ലാമികസന്ദേശം പരിചയപ്പെടുത്താനും പ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍ ശ്രദ്ധിക്കുന്നു. സൗഹൃദസംഗമങ്ങളും ആശയസംവാദങ്ങളും ആഘോഷവേളകളിലെ ഒത്തുകൂടലുകളും സംഘടിപ്പിച്ച് ഊഷ്മള ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നു.
ഗള്‍ഫ് നാടുകളിലെ സേവന പ്രവര്‍ത്തനങ്ങള്‍ പല മേഖലകളിലായാണ്  നടക്കുന്നത്. അതത് രാജ്യങ്ങളില്‍ പ്രശ്‌നങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്ന പ്രവാസികളെ സഹായിക്കുക, ലേബര്‍ ക്യാമ്പുകളിലും മറ്റും ഭക്ഷണവും ഇതര സാമഗ്രികളും എത്തിക്കുക, നിയമപരവും മറ്റുമായ സഹായസഹകരണങ്ങള്‍ ഉറപ്പാക്കുക, മരണം, കേസുകള്‍ തുടങ്ങിയ ഘട്ടങ്ങളില്‍ സഹായങ്ങള്‍ ലഭ്യമാക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 
പ്രവാസികളായ ഇസ്‌ലാമിക പ്രവര്‍ത്തകരുടെ സേവന പ്രവര്‍ത്തനങ്ങള്‍ നാട്ടിലും പല രീതികളില്‍ വ്യാപിച്ചുകിടക്കുന്നു. സ്ഥാപനങ്ങളുടെയും മറ്റും നടത്തിപ്പും ഇന്‍ഫ്രാസ്ട്രക്ചറുകളും വഖ്ഫ് പ്രൊജക്റ്റുകളും ഇതിന്റെ ഭാഗമാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഭവനനിര്‍മാണം, ചികിത്സാ സഹായം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ എന്നിവക്ക് പ്രത്യേക പ്രൊജക്റ്റുകളായി സാമ്പത്തികസഹായങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. 
പ്രവാസലോകത്തെ മലയാളി മുസ്‌ലിംകളുടെ ഐക്യത്തിനും സഹകരണത്തിനും തുടക്കം മുതലേ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ ശ്രമിച്ചുപോന്നിട്ടുണ്ട്. സേവന പ്രവര്‍ത്തനങ്ങളിലും വൈജ്ഞാനിക മേഖലകളിലുമെല്ലാം ഇന്ന് ഈ സഹകരണം നിലനില്‍ക്കുന്നു. 
മലയാളികളുടെ പൊതുവേദികള്‍ രൂപീകരിച്ച് സാംസ്‌കാരിക-സാഹിത്യ പരിപാടികളും കൂട്ടായ്മകളും സംഘടിപ്പിക്കുന്നു. കേരളത്തിലെ പ്രശസ്ത സാഹിത്യ-സാംസ്‌കാരിക നായകന്മാരെ ഇത്തരം കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കാനും വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വവും സൗഹൃദവും ഉറപ്പിക്കാനും സാധിക്കുന്നു. കലാപരിപാടികളും പരിശീലനക്കളരികളും ഇത്തരം വേദികള്‍ക്കു കീഴില്‍ നടക്കുന്നുണ്ട്.

അന്തര്‍സംസ്ഥാന ഘടകങ്ങള്‍

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കിടയില്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് അന്തര്‍ സംസ്ഥാന മലയാളി ഘടകങ്ങള്‍. ദല്‍ഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, മൈസൂരു, ഹൂബ്ലി, കോയമ്പത്തൂര്‍, ഗൂഡല്ലൂര്‍, സേലം തുടങ്ങിയ നഗരങ്ങളില്‍ ഇത്തരം ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1950-കളില്‍ മുംബൈയിലാണ് ആദ്യമായി അന്തര്‍ സംസ്ഥാന മലയാളി ഘടകം രൂപീകരിക്കപ്പെട്ടത്. ഇപ്പോള്‍ ദല്‍ഹി, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ സജീവമാണ് പ്രവര്‍ത്തനങ്ങള്‍.
 

Comments

Other Post