Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 17

3290

1444 റജബ് 26

പ്രസ്ഥാനമാർഗത്തിലെ ജീവിതാനുഭവങ്ങൾ

സി.എച്ച് അബ്ദുൽ ഖാദർ/ ബഷീർ തൃപ്പനച്ചി

എസ്.ഐ.ഒ ആദ്യ അഖിലേന്ത്യാ ശൂറായോഗത്തിന്റെ തീരുമാനങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു: സംഘടനയുടെ ദേശീയ പ്രസിഡന്റ് മുഹമ്മദ് ജാഫർ സാഹിബ് സ്ഥിരമായി ദൽഹിയിൽ തന്നെ  ഉണ്ടാവണം. ഉടനെ  ജാഫർ സാഹിബ് ശൂറക്ക് മുമ്പിൽ ഒരു അപേക്ഷ സമർപ്പിച്ചു. ഇടക്കിടെ വർഗീയ കലാപങ്ങൾ ഉണ്ടാകുന്ന ബിഹാറിലെ പാറ്റ്നയിലാണ് എന്റെ കുടുംബമുള്ളത്. മാസങ്ങളോളം വീട് വിട്ടുനിൽക്കുന്നതിൽ പ്രയാസമുണ്ട്. അതിനാൽ, ഞാൻ പ്രസിഡന്റായിരിക്കുന്ന സന്ദർഭത്തിൽ സംഘടനയുടെ ആസ്ഥാനം ബിഹാറിൽ അനുവദിക്കണം. അവിടത്തെ  ജമാഅത്ത് സംസ്ഥാന നേതൃത്വത്തിന്റെ സഹകരണത്തോടെ   വാടകയില്ലാതെ സംഘടനയുടെ ഓഫീസ് അവിടെ സംവിധാനിക്കാം. അതിന് അനുവാദം നൽകണം. പ്രസിഡന്റ് ജാഫർ സാഹിബിന്റെ ആദ്യ അപേക്ഷ എസ്.ഐ.ഒ ശൂറ ചർച്ച ചെയ്തു. സംഘടന അതിന്റെ  പ്രാഥമിക സ്റ്റേജിലായതിനാൽ പല കാര്യങ്ങൾക്കും ജമാഅത്ത് കേന്ദ്ര നേതൃത്വവുമായി നിരന്തര ബന്ധം  ആവശ്യമാണ്. ഈ സാഹചര്യത്തിൽ ആസ്ഥാനം ദൽഹിയിൽ നിന്ന് മാറ്റാൻ നിവൃത്തിയില്ല. ഒന്നാമത്തെ അപേക്ഷ അതിനാൽ തള്ളപ്പെട്ടു. അപ്പോൾ അദ്ദേഹം അടുത്ത ആവശ്യം ഉന്നയിച്ചു: അരക്ഷിതമായ സാഹചര്യത്തിലാണ് കുടുംബത്തിന്റെ പാറ്റ്നയിലെ താമസം. എന്റെ അഭാവത്തിൽ ഉമ്മയും ഭാര്യയും രണ്ടു കൊച്ചു പെൺമക്കളും മാത്രമുള്ള  കുടുംബത്തിനവിടെ ജീവിക്കുക പ്രയാസമാണ്. അതിനാൽ, ഞാൻ പ്രസിഡന്റായിരിക്കുന്ന കാലത്തേക്ക്  ദൽഹിയിൽ  ഏറ്റവും ചെറിയ വാടകയ്ക്ക് ലഭ്യമാവുന്ന ഒരു കൊച്ചു വീട് കണ്ടെത്താൻ  സംഘടന ആവശ്യമായ സൗകര്യം ചെയ്തുതരണം.
പ്രസ്ഥാനത്തിന്റെ തുടക്കമായതിനാൽ  ഇപ്പോൾ സംഘടനാ ഫണ്ടുകൾ ഒന്നുമില്ല.  ചെറു ചെറു ആവശ്യങ്ങൾക്ക് വരെ ജമാഅത്തിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഈയവസ്ഥയിൽ എത്ര ചെറിയ വാടകയാണെങ്കിലും ഈ മഹാനഗരത്തിൽ ഒരു വീടിന്  കൊടുക്കാവുന്ന സംഖ്യ നമുക്ക് കണ്ടെത്താനാവില്ല. പ്രസിഡന്റിന്റെ രണ്ടാമത്തെ അപേക്ഷയും ശൂറ തള്ളി. അതോടെ മൂന്നാമതൊരു  അഭ്യർഥന കൂടി അദ്ദേഹം മുന്നോട്ടുവെച്ചു: അങ്ങനെയെങ്കിൽ രണ്ടു മാസത്തിലൊരിക്കലെങ്കിലും  എനിക്ക് പാറ്റ്നയിൽ കുടുംബത്തെ  സന്ദർശിക്കാൻ  അവസരമുണ്ടാക്കിത്തരണം. ദീർഘനേരത്തെ ചർച്ചക്കുശേഷം ശൂറയുടെ തീരുമാനമിങ്ങനെയായിരുന്നു: പ്രസ്ഥാനം അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ഈ സാഹചര്യത്തിൽ  പ്രസിഡന്റിന്റെ അസാന്നിധ്യം ഇടക്കിടെ  സംഭവിക്കുന്നത് സംഘടനക്ക് അപരിഹാര്യമായ പ്രയാസങ്ങളുണ്ടാക്കും. ഇപ്പോഴത്തെ അവസ്ഥയിൽ ആറു മാസത്തിലൊരിക്കൽ നാട്ടിൽ പോയിവരാൻ അനുവദിക്കാനേ നിർവാഹമുള്ളൂ. ഒരു വർഷത്തിനുശേഷം അത്യാവശ്യമെങ്കിൽ ഈ തീരുമാനം പുനഃപരിശോധിക്കാം. ചുരുക്കം പറഞ്ഞാൽ, പ്രസിഡന്റിന്റെ മൂന്ന് ആവശ്യങ്ങളും തള്ളി. സകല പ്രയാസങ്ങളും സഹിച്ചും എല്ലാം അല്ലാഹുവിൽ ഭരമേൽപിച്ചും ജാഫർ സാഹിബ് ആ ഭാരിച്ച ഉത്തരവാദിത്വം ഭംഗിയോടെ നിർവഹിച്ച്  മുന്നോട്ടുപോയി.
അര നൂറ്റാണ്ടിലധികമുള്ള പ്രാസ്ഥാനിക ജീവിതം ഇങ്ങനെ  ഒട്ടേറെ അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട്. കെ.സി അബ്ദുല്ലാ മൗലവി മുതൽ എം.ഐ അബ്ദുൽ അസീസ് സാഹിബ് വരെയുള്ള അമീറുമാരുമായി അടുത്തിടപഴകി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. അവരുടെയെല്ലാം ജീവിതത്തിലെ ഒട്ടേറെ നേതൃമാതൃകകൾ കണ്ടനുഭവിച്ചിട്ടുണ്ട്. ദൈർഘ്യഭയത്താൽ അതൊന്നുമിവിടെ പരാമർശിക്കുന്നില്ല.
വിദ്യാർഥികാലം മുതലേ ഞാൻ ഒരു പ്രഭാഷകനായതിനാൽ കേരളത്തിലുടനീളം ഇസ്്ലാമിക വിഷയങ്ങൾ അവതരിപ്പിക്കാൻ പ്രസ്ഥാനം എനിക്ക് വേദികൾ നൽകിയിരുന്നു. ടൗണുകളിൽ നടത്തുന്ന പൊതു പ്രഭാഷണങ്ങളിലും, പ്രത്യേകം ക്ഷണിക്കപ്പെട്ടവർക്കായി സംഘടിപ്പിക്കുന്ന പ്രാസ്ഥാനിക പരിപാടികളിലും ഇരുപതാം വയസ്സു മുതൽ ഞാൻ പ്രസംഗിച്ചുകൊണ്ടേയിരുന്നു. 1971-ലാണ് ജുമുഅ ഖുത്വ്്ബ പറയാൻ തുടങ്ങിയത്. ഇതിനിടയിൽ  അമ്പതിനടുത്ത വർഷം മലപ്പുറം ജില്ലയിലെ വിവിധ പള്ളികളിൽ ഖുത്വ്്ബ പറഞ്ഞു.  പ്രസ്ഥാന സമ്മേളനങ്ങളിലും തർബിയത്ത് പരിപാടികളിലും സ്ഥിരം പ്രഭാഷകനായി. എസ്.ഐ.ഒവിന്റെ നേതൃത്വത്തിലിരിക്കെ അഖിലേന്ത്യാ തലത്തിൽ സംഘടിപ്പിച്ച ചില പരിപാടികളിലും ഇസ്്ലാമിക വിദ്യാർഥി പ്രസ്ഥാനത്തിന്റെ കേരള മോഡലിനെക്കുറിച്ച് പ്രഭാഷണം നടത്തിയിട്ടുണ്ട്. എസ്.ഐ.ഒവും ജി.ഐ.ഒവും വർഷംതോറും സംഘടിപ്പിക്കുന്ന ടീൻസ് മീറ്റുകളിൽ സ്ഥിരമായി ക്ലാസെടുക്കാൻ ക്ഷണിക്കാറുണ്ടായിരുന്നു. എല്ലാ കാലത്തെയും ഏറ്റവും പുതിയ തലമുറയിലുള്ളവരുമായി പരിചയപ്പെടാനും അവരുടെ ചിന്തകളും അഭിരുചികളും നേരിട്ട് മനസ്സിലാക്കാനും ഈ വാർഷിക ടീൻസ് മീറ്റ് പങ്കാളിത്തം ഉപകാരപ്പെട്ടു. ഇതിനിടയിൽ സ്കൂളിൽ നിന്ന് ലീവെടുത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഫുൾടൈമറാവാൻ പ്രസ്ഥാനം ആവശ്യപ്പെട്ടു. രണ്ടു വർഷത്തോളം പ്രസംഗിച്ചും ക്ലാസെടുത്തും  ജമാഅത്ത് ഘടകങ്ങൾ പുതുതായി സ്ഥാപിച്ചും ഉള്ളയിടങ്ങളിൽ ശക്തിപ്പെടുത്തിയും ഈ ജില്ലകളിൽ പ്രവർത്തിച്ചു.
എഴുപതുകളുടെ ഒടുക്കത്തിലും  എൺപതുകളുടെ തുടക്കത്തിലുമാണ് എന്റെ ഏറ്റവും മനോഹരമായ പ്രഭാഷണ ഓർമകൾ. പ്രസ്ഥാനത്തിന് പ്രവർത്തകരും നേതാക്കളും പ്രാസംഗികരും കുറവുള്ള കാലമാണത്. അന്ന് പ്രഭാഷണത്തിനായി ഒരു പ്രത്യേക സ്ഥലം തെരഞ്ഞെടുക്കും. ഒരു പ്രവർത്തകനും ഇല്ലാത്ത പ്രദേശമായിരിക്കുമത്. പ്രഭാഷകനായ ഞാനടക്കമുള്ള മൂന്നോ നാലോ പേർ രാവിലെ ആ പ്രദേശത്ത് സ്ക്വാഡ് നടത്തും. പരിപാടിക്ക് ആളുകളെ ക്ഷണിക്കും. ശേഷം ഞങ്ങൾ തന്നെ പരിപാടി നടത്താനുള്ള സ്ഥലം കണ്ടെത്തി വേദി സജ്ജീകരിക്കും. ഉച്ചഭാഷിണി ആവശ്യമുള്ള സ്ഥലമാണെങ്കിൽ ഒരാൾ  മലപ്പുറത്തുനിന്ന്  സൈക്കിളിൽ അതെത്തിക്കും. കൂട്ടത്തിൽ മരം കയറാൻ എക്സ്പേർട്ട് ഞാനായതിനാൽ  മരത്തിൽ കയറി ഉച്ചഭാഷിണി  കെട്ടും. പിന്നീട് ഞാൻ തന്നെ മുഖ്യ പ്രഭാഷണവും നടത്തും. രാത്രി വൈകിയാൽ, വാഹനമൊന്നും ഓടാത്ത കാലമായതിനാൽ പരിപാടിക്ക്  ശേഷം എട്ടോ  പത്തോ കിലോമീറ്റർ നടന്ന് ഞങ്ങൾ മലപ്പുറം ടൗണിലെത്തും. ഈ ദീർഘദൂര നടത്തത്തിനിടയിൽ അന്നത്തെ പരിപാടിയുടെ വിശകലനം നടത്തും. ഇനിയവിടെ  നടത്തേണ്ട തുടർപ്രവർത്തനം ആസൂത്രണം ചെയ്യും. അടുത്ത പരിപാടി നടത്തേണ്ട സ്ഥലവും സംസാരിക്കേണ്ട വിഷയവും  തീരുമാനിക്കും. ഇങ്ങനെ മലപ്പുറത്തിന്റെ പത്തിരുപത് കിലോമീറ്റർ ചുറ്റളവിലുള്ള ഒട്ടേറെ ഏരിയകളിൽ ഇപ്രകാരം  മൂന്നോ നാലോ പേർ വരുന്ന സംഘത്തിന്റെ നേതൃത്വത്തിൽ ഒട്ടേറെ പ്രഭാഷണങ്ങൾ അക്കാലത്ത് സംഘടിപ്പിച്ചിട്ടുണ്ട്. അതിലെ മിക്ക പ്രദേശങ്ങളിലും പിന്നീട് ഇസ്്ലാമിക പ്രസ്ഥാനത്തിന് യൂനിറ്റുകളുണ്ടായി.
തീർത്തും അപരിചിതമായ സ്ഥലത്തെത്തി സ്ക്വാഡിലൂടെ ആളുകളെ ക്ഷണിച്ച ശേഷം നടത്തുന്ന ഈ പ്രഭാഷണ പരിപാടികളിൽ കയ്പും മധുരവും നിറഞ്ഞ  ഒട്ടേറെ അനുഭവങ്ങളുണ്ടായിട്ടുണ്ട്.  ഒരിക്കൽ മലപ്പുറം ആലത്തൂർ പടിയിലായിരുന്നു പരിപാടി. മലപ്പുറം എ.എം അബൂ സാഹിബ്, എ. മുഹമ്മദലി സാഹിബ് ഉൾപ്പെടെ ഞങ്ങൾ മൂന്ന് പേരായിരുന്നു പരിപാടിയുടെ സംഘാടകർ. അതിരാവിലെ ഞങ്ങൾ ആലത്തൂർ പടിയിലെത്തി. സ്ക്വാഡും ആളുകളെ ക്ഷണിക്കലുമൊക്കെ ഭംഗിയായി നടന്നു. പരിപാടിക്ക് സ്ഥലം കണ്ടെത്താനായി ഞങ്ങൾ അങ്ങാടിയിലെത്തി. ഞങ്ങൾ മൂന്നു പേർക്കും  ഒരു പരിചയക്കാരനും അവിടെയില്ല. എവിടെ യോഗം നടത്തും? എവിടെ മൈക്ക് സെറ്റ് സ്ഥാപിക്കും? ഒരു പിടിത്തവുമില്ലാതെ ഞങ്ങൾ റോഡ് സൈഡിൽ നിൽക്കുകയാണ്. എന്താ  പ്രശ്നം എന്നന്വേഷിച്ച് പലരും അടുത്തു വന്നു. "ഞങ്ങൾക്കിന്നിവിടെ പൊതുയോഗമുണ്ട്. വേദി എവിടെ സജ്ജീകരിക്കും എന്ന അന്വേഷണത്തിലാണ് ."  ജുമുഅത്ത് പള്ളിയുടെ നേരെ എതിർവശത്ത് പുതുതായി പണിത മൂന്നോ നാലോ കടമുറികളുള്ള കെട്ടിടമുണ്ടായിരുന്നു. ആ കെട്ടിടത്തിന്റെ ഉടമസ്ഥനാരാണെന്ന് അവിടെ കൂടിയവരോട് അന്വേഷിച്ചു. അവർ ഒരു പാതി ചിരിയോടെ, ആ കെട്ടിടത്തിന് തൊട്ടു പിറകിൽ തന്നെയുള്ള ഉടമസ്ഥന്റെ വീട് ചൂണ്ടിക്കാണിച്ചു. "അദ്ദേഹത്തോട് അനുവാദം ചോദിച്ചാൽ  ഉടനെ സമ്മതിക്കും" - കൂടിനിൽക്കുന്ന ഒരാൾ പറഞ്ഞു. ആ പറച്ചിലിലെ പരിഹാസം ഞങ്ങൾക്ക് പിടികിട്ടിയില്ല. ഞങ്ങൾ ആ വീട്ടിലോട്ട് നീങ്ങി. മറ്റുള്ളവരുടെ അർഥംവെച്ച നോട്ടത്തിന്റെയും  കള്ളച്ചിരിയുടെയും അർഥമൊന്നും ഞങ്ങൾക്ക് മനസ്സിലായില്ല.
സ്ഥലത്തെ പൗരപ്രധാനിയും മഹല്ല് ഭാരവാഹിയുമൊക്കെയായ  പൊടിയാട്ടെ ബീരാൻ മേസ്തിരിയുടെ കെട്ടിടമായിരുന്നു അത്.  ഞങ്ങൾ അവിടെ ചെന്ന് ഇളിഭ്യരായി മടങ്ങുന്നത് കാണാനും പരിഹസിച്ചു പൊട്ടിച്ചിരിക്കാനും വലിയൊരു സംഘം റോഡിൽ കാത്തുനിന്നിരുന്നു.  ചില സമയത്ത് ആർക്കും മുൻകൂട്ടി കാണാനാവാത്ത മാർഗത്തിലൂടെയാവും പടച്ചവന്റെ സഹായം വരിക. ഇവിടെയും അതുതന്നെ സംഭവിച്ചു.
ഞങ്ങൾ ചെല്ലുമ്പോൾ ബീരാൻ മേസ്തിരി ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കുകയായിരുന്നു. തൊട്ടടുത്ത്  ഭവ്യതയോടെ കാര്യസ്ഥനുമുണ്ട്. നാലു പണിക്കാർ പറമ്പിൽ ജോലി ചെയ്യുന്നു. ഞങ്ങൾ  അദ്ദേഹത്തോട് സലാം ചൊല്ലി. ഉച്ചത്തിൽ സലാം മടക്കി, മനസ്സിലായില്ലല്ലോ എന്ന അർഥത്തിലും ഭാവത്തിലും അദ്ദേഹമൊന്നു നീട്ടി മൂളി. ഞാൻ സംസാരത്തിന് തുടക്കമിട്ടു: "ഞങ്ങൾക്കിന്ന് വൈകുന്നേരം ഇവിടെ ജമാഅത്തെ ഇസ്്ലാമിയുടെ ഒരു പൊതുയോഗം നടത്താനുണ്ടായിരുന്നു. നിങ്ങളുടെ പുതിയ കടയുടെ മുമ്പിലെ ആ മുറ്റം ഉപയോഗിക്കാൻ അനുവാദം തരണം." അതിനിപ്പോ, ഞാൻ സുന്നിയാണല്ലോ" എന്നായി അദ്ദേഹം. "അത് ഞങ്ങൾക്ക് വിരോധമില്ല"  എന്ന് ഞാൻ പറഞ്ഞു.  അദ്ദേഹം ചിരിച്ചുകൊണ്ട്: "നിങ്ങൾക്കിപ്പോ നിങ്ങടെ യോഗം നടക്കണം. അത്രല്ലേ ഉള്ളൂ." ഇത്രയുമായപ്പോഴേക്കും ഞങ്ങൾക്കൽപം ആശ്വാസമായി. തമാശനിറഞ്ഞ ആ സംസാരരീതി ഒട്ടും സഹകരിക്കാത്ത ഒരാളുടെതായിരുന്നില്ല. ബീരാൻ മേസ്തിരി ഞങ്ങളെ ഒന്നുകൂടി നോക്കി. എന്നിട്ട് പറമ്പിൽ ജോലി ചെയ്യുന്ന ഒരാളെ വിളിച്ചുവരുത്തി. മടിയിലെ താക്കോൽ കൂട്ടം നീട്ടി അവനോട് പറഞ്ഞു: "നമ്മുടെ പീടികയുടെ മുറിയുടെ ഷട്ടർ തുറന്ന് അതൊന്ന് അടിച്ചുവാരി വൃത്തിയാക്കണം. അതിനകത്തെ മേശ എടുത്തു കോലായിൽ ഇടണം. നമ്മുടെ വീട്ടിലെ കോലായിൽ നിന്ന് രണ്ടുമൂന്ന് കസേരകൾ അവിടെ കൊണ്ടുപോയി വെക്കണം. ഒരു നല്ല മേശയും എടുത്തോ. കറന്റ് സൗകര്യവും ലൈറ്റും  അവിടെ ഏർപ്പെടുത്തണം."
പണിക്കാരൻ അതിനായി ഇറങ്ങിയപ്പോൾ  ഞങ്ങളും കൂടെ ഇറങ്ങാൻ തുനിഞ്ഞു. ഉടനെ മേസ്തിരി ഞങ്ങളെ തടഞ്ഞു. അതൊക്കെ അവൻ ശരിയാക്കിക്കൊള്ളും. മഗ്‌രിബ് കഴിഞ്ഞിട്ടല്ലേ പരിപാടി, നിങ്ങൾ ഇവിടെ ഇരിക്കൂ. അദ്ദേഹത്തിന്റെ ചായ സൽക്കാരമെല്ലാം കഴിഞ്ഞ് ഞങ്ങൾ  ബീരാൻ മേസ്തിരിക്കൊപ്പം മഗ്്രിബ് നമസ്കരിക്കാൻ പള്ളിയിലേക്ക് പോകാനായി റോഡിലേക്കിറങ്ങി. ഞങ്ങളെ മേസ്തിരിക്കൊപ്പം കണ്ടപ്പോൾ, പരിഹസിക്കാനും വഷളാക്കാനുമായി അദ്ദേഹത്തിന്റെ  അടുത്തേക്ക് പറഞ്ഞയച്ച കുബുദ്ധികൾ അത്ഭുതസ്്തബ്ധരായി നോക്കിനിൽക്കുന്നുണ്ടായിരുന്നു. മഗ്്രിബ് നമസ്കരിച്ച് ഞങ്ങൾ പുറത്തിറങ്ങിയപ്പോഴേക്കും  പൊതുയോഗത്തിനുള്ള വേദിയും മറ്റു സംവിധാനങ്ങളും പണിക്കാരൻ അവിടെ ഭംഗിയായി സജ്ജീകരിച്ചിരുന്നു.  പ്രഭാഷണം തീരും വരെ ബീരാൻ മേസ്തിരി  യോഗം നടക്കുന്ന വരാന്തക്ക് അൽപം അകലെയായി ചാരുകസേരയിലിരുന്നു.  സാമാന്യം നല്ലൊരു ജനക്കൂട്ടം പ്രസംഗം കേൾക്കാൻ തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് ശേഷം ബീരാൻ മേസ്തിരിയോട് യാത്ര പറയാൻ ചെന്നപ്പോൾ അരോഗ ദൃഢഗാത്രരായ രണ്ട് പണിക്കാരെ ചൂണ്ടി, ഇവരും  മലപ്പുറത്തേക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആ രണ്ടു തൊഴിലാളികളും ഞങ്ങൾക്കൊപ്പം ആലത്തൂർ പടി മുതൽ കോട്ടപ്പടി വരെ ആ പാതിരാത്രി നടന്നു. ഈ തൊഴിലാളികൾ  മലപ്പുറത്തേക്ക് വേറെ എന്തോ ആവശ്യത്തിന് വരികയാണെന്നായിരുന്നു ഞങ്ങൾ ആദ്യം കരുതിയത്.
'മൗദൂദികളെ' വഴിയിൽവെച്ച് ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ആശങ്കയാൽ മേസ്തിരി അയച്ച അംഗരക്ഷകരാണവരെന്ന് വൈകിയാണറിഞ്ഞത്. നന്മയുടെ മാർഗത്തിലിറങ്ങിയാൽ  ഒട്ടും  പ്രതീക്ഷിക്കാത്ത വഴിയെ അല്ലാഹു സഹായിക്കുമെന്ന്  ഉറപ്പായ ഒരു സന്ദർഭമായിരുന്നു അത്.

കുടുംബം
ഉപ്പ സി.എച്ച് മുഹമ്മദ് മൗലവി ചെറിയത് മാസ്റ്റർ, ചെറിയത് മുസ്്ലിയാർ എന്നീ പേരുകളിലായിരുന്നു നാട്ടിൽ അറിയപ്പെട്ടിരുന്നത്. അദ്ദേഹം സ്കൂൾ അധ്യാപകനായിരുന്നതോടൊപ്പം,  മുസ്്ലിയാർ കൂടി ആയതിനാൽ ഞങ്ങൾ മക്കളെയും കുട്ടിക്കാലത്ത് പലരും മൗലവി എന്ന് അഭിസംബോധന ചെയ്യുക പതിവായിരുന്നു. പള്ളിദർസ് പഠനകാലത്ത്  വഅ്ള് പറയാൻ തുടങ്ങിയതോടെ ഞാൻ ഒരു യഥാർഥ മൗലവിയായി. അനുജന്മാരിൽ അബ്ദുസ്സലാമും ബഷീറും അനീസുദ്ദീനും പിന്നീട് ഖത്വീബുമാരായതോടെ മൗലവി കുടുംബം അക്ഷരാർഥത്തിൽ പൂർണമായി.
ഞാൻ ഇസ്്ലാമിക പ്രസ്ഥാനത്തിൽ എത്തിയ ശേഷം കുടുംബാംഗങ്ങളെല്ലാം ആ വഴിയെ ഉണ്ടെന്ന് ഉറപ്പുവരുത്തി. ഉപ്പ ജീവിച്ചിരിക്കെ തന്നെ അനിയൻ മുഹമ്മദലിയെ എസ്.എസ്.എൽ.സി കഴിഞ്ഞയുടനെ  ഉപ്പയുടെ അനുവാദത്തോടെ ചേന്ദമംഗല്ലൂർ ഇസ്വ്്ലാഹിയാ കോളേജിൽ ചേർത്തു. 1983-ലാണ് ഉപ്പ മരിച്ചത്. ശേഷമാണ് ഞാൻ മുൻകൈയെടുത്ത് അനിയൻ ബഷീറിനെ വാടാനപ്പള്ളി ഇസ്്ലാമിയാ കോളേജിൽ ചേർത്തത്. പിന്നീട് ചെറിയ അനിയൻ അനീസുദ്ദീനും അവിടെ പഠിച്ചു. മറ്റൊരു സഹോദരൻ അബ്ദുൽ ഹമീദ് തിരൂർക്കാട് ഇലാഹിയാ കോളേജിലാണ് പഠിച്ചത്.
സഹോദരൻ അബ്ദുസ്സലാം  സഹോദരിമാരായ ഖദീജ, സ്വഫിയ്യ ഇവർ മൂന്നുപേരും മലപ്പുറം ഫലാഹിയാ കോളേജിലും പഠിച്ചു. ജ്യേഷ്ഠൻ അബ്ദുൽ മജീദ്, അനിയൻമാരായ ബഷീർ, അനീസുദ്ദീൻ ഞാനുമടക്കം നാലുപേർ ജമാഅത്ത് അംഗങ്ങളാണ്. മുകളിൽ പരാമർശിക്കാത്ത  അനിയൻ അബ്ദുല്ലത്വീഫും  പ്രസ്ഥാന രംഗത്ത് സജീവ സാന്നിധ്യമാണ്. ഞങ്ങളുടെയെല്ലാം ഉമ്മ സ്രാമ്പിക്കൽ ഫാത്തിമക്കുട്ടി വായനയിലും പഠനത്തിലും ഞങ്ങൾക്കെല്ലാം വഴികാട്ടിയായിരുന്നു. അവസാന കാലത്തും പ്രബോധനവും ആരാമവും ഐ.പി.എച്ച് സാഹിത്യങ്ങളും അവർ വിടാതെ വായിച്ചുകൊണ്ടിരുന്നു. 2020 ആഗസ്റ്റ് 15-നാണ് പ്രിയപ്പെട്ട ഉമ്മ ഈ ലോകത്തോട് വിടപറഞ്ഞത്.
എന്റെ ഭാര്യ കെ.പി മൈമൂനയാണ്. മുഹമ്മദ് സാജിദ്, സലീന, മുഹമ്മദ് റഫ്അത്ത്, ലുബൈബ, ഹുസ്ന ഖാത്തൂൻ എന്നിവരാണ് മക്കൾ. സിദ്ദീഖ് ഇ.സി, ഹാരിസ് എ.കെ, അമീൻ അഹ്സൻ എം, സാജിദ കെ.എം, ആയിഷാബി എം. എന്നിവർ മരുമക്കളാണ്.
മൂത്ത മകൻ മുഹമ്മദ് സാജിദായിരുന്നു പ്രസ്ഥാനമാർഗത്തിൽ നിറസാന്നിധ്യമായി എന്റെ വഴിയെ ഉണ്ടായിരുന്നത്. പ്രത്യേകിച്ച് ഒരസുഖവും ഇല്ലാതിരുന്ന അവനെ 2013 നവംബറിലെ ഒരു ഉറക്കത്തിൽ മരണത്തിന്റെ മലക്ക് കൂട്ടിക്കൊണ്ടുപോയി. അതിനും മാസങ്ങൾക്ക് മുമ്പേ മൂന്ന് സ്ട്രോക്ക് വന്ന എന്റെ ആയുസപ്പോഴും പടച്ചവൻ നീട്ടിവെച്ചു. 2018-ൽ നാലാമത്തെ സ്ട്രോക്കും വന്നതോടെ എന്റെ സംസാരത്തിന്റെ ഒഴുക്ക് നിലച്ചു. പ്രഭാഷണ ജീവിതം അതോടെ അവസാനിച്ചു. ഓർമകൾ മങ്ങിത്തുടങ്ങുന്നുവെന്നറിഞ്ഞതോടെ ജീവിതാനുഭവങ്ങൾ ഞാൻ  രേഖപ്പെടുത്താൻ തുടങ്ങി. അതാണ് 'ഓർമയോളങ്ങൾ' എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചത്. വെറുതെയിരിക്കുക എന്ന ശീലം ഒരു കാലത്തും ജീവിതത്തിലുണ്ടായിട്ടില്ല. പ്രഭാഷണം നടത്താനോ ഫീൽഡിൽ സജീവമാകാനോ ഇനി എനിക്ക് കഴിഞ്ഞില്ലെന്ന് വരും. പക്ഷേ, എന്റെ ഈ  ചെറുജീവിതത്തിൽ ഇനിയും ചിലത് ചെയ്യാൻ ബാക്കിയുണ്ടാകാം. അതു കൂടി പൂർത്തീകരിക്കാനായിരിക്കും പടച്ചവൻ എനിക്ക് ആയുസ്സ് നീട്ടിത്തന്നത്!  മരണമെത്തും വരെ ഇസ്്ലാമിക മാർഗത്തിൽ  ഞാനെന്തെങ്കിലും ചെയ്തേ പറ്റൂ. ഓരോ ദിവസവും അത് ആലോചിച്ച്  കണ്ടെത്തുകയും  ധൃതിയിലത് ചെയ്തുതീർക്കുകയുമായിരുന്നു; ഞാനില്ലാത്ത കാലത്തും എന്റെതായ ഉപകാരപ്പെടുന്ന എന്തെങ്കിലും  ഇവിടെ അവശേഷിപ്പിക്കണമെന്ന ആഗ്രഹത്തോടെ. l
(അവസാനിച്ചു) 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് -സൂക്തം 67-73
ടി.കെ ഉബൈദ്‌

ഹദീസ്‌

ദീൻ അപരിചിതമായിത്തീരുന്ന കാലം
നൗഷാദ് ചേനപ്പാടി