Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

'ഇസ്‌ലാമിക മലയാള'ത്തിന്റെ        മുക്കാല്‍ നൂറ്റാണ്ട്

ഡോ. ജമീല്‍ അഹ്മദ്

 

മുസ്‌ലിം സമുദായത്തിന് അകത്തും പുറത്തും നടക്കേണ്ട ആധുനികീകരണത്തിന്റെ പദ്ധതികള്‍ പല തലങ്ങളിലും ആവിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സവിശേഷ സന്ദര്‍ഭത്തിലേക്കാണ് കേരള ജമാഅത്തെ ഇസ്‌ലാമി കടന്നുവരുന്നത്. വി.പി മുഹമ്മദലി സാഹിബ് എന്ന ഹാജി സാഹിബിന്റെ ധൈഷണിക പശ്ചാത്തലം കേരള ജമാഅത്തെ ഇസ്‌ലാമിയെ എങ്ങനെയാണ് രൂപപ്പെടുത്തിയത് എന്നത്  പഠിക്കേണ്ട വിഷയമാണ്.  ആദര്‍ശപരമായ രാഷ്ട്രീയ ഉള്ളടക്കമാണ് മറ്റു മുസ്‌ലിം സംഘടനകളില്‍നിന്ന് ജമാഅത്തെ ഇസ്‌ലാമിയെ വേര്‍തിരിച്ചിരുന്നത്. പുതിയ ചിന്തയും വായനയും അതിന് അനിവാര്യമായിരുന്നു. വായന, പഠനം, ചിന്ത, സംവാദം തുടങ്ങിയവയിലൂടെ വളര്‍ന്നുപൊങ്ങിയതാണ് ആ സംഘടനയുടെ ഗര്‍ഭകാലം. കേരള ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണകാലത്തെ ചിന്താപരമായ അടിയുറപ്പിനെക്കുറിച്ചുള്ള അന്വേഷണം കേരള മുസ്‌ലിംകളുടെതന്നെ മതപരവും സാമൂഹികവുമായ വളര്‍ച്ചകളെക്കുറിച്ചുള്ള പഠനത്തിന് പുതിയ ദിശകള്‍ നല്‍കും. 


ജമാഅത്തെ ഇസ്‌ലാമിയുടെ ദക്ഷിണമേഖലാ സമ്മേളനം മദിരാശിയില്‍ നടക്കുകയാണ്. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ചരിത്രപ്രസിദ്ധമായ പ്രഭാഷണം നിര്‍വഹിക്കുന്നു. ഇന്ത്യയില്‍ അദ്ദേഹം നടത്തിയ അവസാന പ്രഭാഷണങ്ങളിലൊന്നായിരുന്നു അത്. ഒരു വസ്വിയ്യത്ത് കണക്കെ, ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് നാല് പ്രവര്‍ത്തന പരിപാടികള്‍ അദ്ദേഹം നിര്‍ദേശിക്കുന്നു. ഒന്നാമത്തേത് മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കുമിടയില്‍ സാധ്യമാക്കേണ്ട സൗഹാര്‍ദമാണ്. രണ്ടാമത്തേത് മുസ്‌ലിം സമൂഹത്തിന്റെ സംസ്‌കരണം.  മൂന്നാമത്തേത് കാലഘട്ടത്തിനു യോജിച്ച പണ്ഡിതരെ വാര്‍ത്തെടുക്കല്‍. 
നാലാമത്തെ നിര്‍ദേശം ഇതായിരുന്നു: ''നമ്മുടെ എല്ലാ പ്രവര്‍ത്തകരും, ഇനി ഈ പ്രസ്ഥാനവുമായി ബന്ധപ്പെടുന്നവരും ഇന്ത്യയിലെ പ്രാദേശികഭാഷകള്‍ പഠിക്കുകയും അവയില്‍ എഴുതാനും പ്രസംഗിക്കാനുമുള്ള യോഗ്യത ആര്‍ജിച്ചെടുക്കുകയും വേണം. ഭാവിയില്‍ വിദ്യാഭ്യാസത്തിന്റെയും സാഹിത്യത്തിന്റെയും മാധ്യമങ്ങളായിത്തീരാവുന്ന ഈ ഭാഷകളില്‍ എത്രയും വേഗം അത്യാവശ്യ ഇസ്‌ലാമിക സാഹിത്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പരമാവധി ശ്രമിക്കണം.''
ധൈഷണിക ചരിത്രം 
ആധുനിക കേരളത്തിന്റെ കലാ - സാഹിത്യ - സാംസ്‌കാരിക വേദിയില്‍ കേരള മുസ്‌ലിംകളുടെ സംഭാവനകള്‍ കുറവെങ്കിലും, ഉണ്ട്. പാരമ്പര്യത്തിന്റെ കെട്ടുപാടുകളില്‍നിന്ന് രക്ഷപ്പെട്ട് പുതിയ കാലത്തിന്റെ സാധ്യതകളിലേക്ക് മുസ്‌ലിം സമുദായത്തെ പറിച്ചുനടാനുള്ള കോളനീകൃത പദ്ധതികളുടെ പുതുമയിലും നിറച്ചാര്‍ത്തിലും കഴിഞ്ഞ നൂറ്റാണ്ടിലെ കേരള മുസ്‌ലിംചിന്ത അഭിരമിച്ചുപോയിരുന്നു. മാതൃഭാഷാപരിജ്ഞാനം, ഇംഗ്ലീഷ് വിദ്യാഭ്യാസം, സ്ത്രീജന സമുദ്ധാരണം, അത്യാചാര വിമോചനം, മാമൂല്‍വിരുദ്ധത, തൊഴില്‍ ആഭിമുഖ്യം, സാമൂഹിക പദവിവല്‍ക്കരണം എന്നീ ഏഴു ലക്ഷ്യങ്ങളായിരുന്നു ഏതൊരു മത സമുദായത്തിനുമെന്നപോലെ മുസ്‌ലിം സമുദായത്തിനും 'കോളനിപദ്ധതി' (ഇീഹീിശമഹ ജൃീഷലര)േ നിര്‍ദേശിച്ചത്. കേരള ജമാഅത്തെ ഇസ്‌ലാമിക്കു മുമ്പുതന്നെ സനാഉല്ലാ മക്തി തങ്ങള്‍, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി,  വക്കം മൗലവി,  അബുസ്സ്വബാഹ് മൗലവി, കെ.എം മൗലവി, ഇ. കെ മൗലവി തുടങ്ങിയ മുസ്‌ലിം നവോത്ഥാന നേതാക്കളുടെ പ്രവര്‍ത്തനമണ്ഡലങ്ങള്‍ മുഴുവന്‍ ഈ  ഏഴു അജണ്ടകളെ ചുറ്റിപ്പറ്റിയായിരുന്നു എന്നു കാണാം. ഇന്ന് മതപരിഷ്‌കരണമെന്നും നവോത്ഥാനമെന്നുമൊക്കെ വിളിച്ചുപോരുന്നതും അവയെത്തന്നെയാണ്. ഈ ശ്രമങ്ങള്‍ മുഴുവനും ഭാഷ, കല, സാഹിത്യം, സാംസ്‌കാരിക വിനിമയം എന്നിവയെയും ചൂഴ്ന്നുനില്‍ക്കുന്നവയാകയാല്‍ സമുദായ പരിഷ്‌കരണത്തെക്കുറിച്ചുള്ള പഠനം കലാ-സാഹിത്യരംഗത്തെ പരിഷ്‌കരണങ്ങളുടെകൂടി പഠനമാകുന്നു. അല്ലെങ്കില്‍, കലാ-സാഹിത്യരംഗത്തെക്കുറിച്ചുള്ള ഏതൊരു പഠനവും മതപരിഷ്‌കരണ പ്രവര്‍ത്തനങ്ങളെക്കൂടി ഉള്‍ക്കൊണ്ടേ സാധ്യമാവുകയുള്ളൂ. നമ്പൂതിരി സമുദായത്തിന്റെ നവോത്ഥാന ചരിത്രവും ആധുനിക മലയാള നാടക ചരിത്രവും 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്', 'തൊഴില്‍ കേന്ദ്രത്തിലേക്ക്', 'മറക്കുടക്കുള്ളിലെ മഹാനരകം' തുടങ്ങിയ  നമ്പൂതിരി നാടകങ്ങളെ ചുറ്റിപ്പറ്റിയാകുന്നത് അതുകൊണ്ടാണ്. 
ഇങ്ങനെ, മുസ്‌ലിം സമുദായത്തിന് അകത്തും പുറത്തും നടക്കേണ്ട ആധുനികീകരണത്തിന്റെ പദ്ധതികള്‍ പല തലങ്ങളിലും ആവിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സവിശേഷ സന്ദര്‍ഭത്തിലേക്കാണ് കേരള ജമാഅത്തെ ഇസ്‌ലാമി കടന്നുവരുന്നത്. വി.പി മുഹമ്മദലി സാഹിബ് എന്ന ഹാജി സാഹിബിന്റെ ധൈഷണിക പശ്ചാത്തലം കേരള ജമാഅത്തെ ഇസ്‌ലാമിയെ എങ്ങനെയാണ് രൂപപ്പെടുത്തിയത് എന്നത്  പഠിക്കേണ്ട വിഷയമാണ്.  ആദര്‍ശപരമായ രാഷ്ട്രീയ ഉള്ളടക്കമാണ് മറ്റു മുസ്‌ലിം സംഘടനകളില്‍നിന്ന് ജമാഅത്തെ ഇസ്‌ലാമിയെ വേര്‍തിരിച്ചിരുന്നത്. പുതിയ ചിന്തയും വായനയും അതിന് അനിവാര്യമായിരുന്നു. വായന, പഠനം, ചിന്ത, സംവാദം തുടങ്ങിയവയിലൂടെ വളര്‍ന്നുപൊങ്ങിയതാണ് ആ സംഘടനയുടെ ഗര്‍ഭകാലം. കേരള ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണകാലത്തെ ചിന്താപരമായ അടിയുറപ്പിനെക്കുറിച്ചുള്ള അന്വേഷണം കേരള മുസ്‌ലിംകളുടെതന്നെ മതപരവും സാമൂഹികവുമായ വളര്‍ച്ചകളെക്കുറിച്ചുള്ള പഠനത്തിന് പുതിയ ദിശകള്‍ നല്‍കും. 1944-ല്‍ പഠാന്‍കോട്ടുനിന്ന് തിരിച്ചെത്തിയ ഹാജി സാഹിബ് ഉടനടി ജമാഅത്തെ ഇസ്‌ലാമിയുടെ പ്രാദേശിക ഘടകം രൂപീകരിക്കുകയല്ല ചെയ്തത്. മറിച്ച് പഠനവും വായനയും സ്വന്തം നിലക്ക് തുടരുകയായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം ഗ്രാമമായ എടയൂരില്‍ ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍ എന്ന സംവാദസദസ്സിന്റെ രൂപീകരണം, കോഴിക്കോട് പട്ടാളപ്പള്ളിയിലുള്ള ഖുത്വ്ബ, ആദര്‍ശപഠനം ലക്ഷ്യംവെച്ചുള്ള ഖുര്‍ആന്‍ ക്ലാസ്സുകള്‍, പൊതു പ്രഭാഷണങ്ങള്‍ എന്നിവയിലൂടെ 1948-ല്‍ ഏറെ ആലോചിച്ചുറപ്പിച്ചാണ്  ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി എന്ന ദേശീയസംഘടനയുടെ ഭാഗമാകുന്നത്. ഈ നാലുവര്‍ഷ ദൈര്‍ഘ്യത്തിനു പിന്നിലുള്ള ധൈഷണിക അവധാനതയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ കലാ-സാം സ്‌കാരിക സംവിധാനങ്ങളെയും സംഭാവനകളെയും കുറിച്ചുള്ള പഠനത്തിന് പശ്ചാത്തലമായി സ്വീകരിക്കേണ്ടത്.                                                                                                                                    
കേരള മുസ്‌ലിംകള്‍ക്ക് കലാ-സാഹിത്യ രംഗത്തുള്ള പാരമ്പര്യത്തെയും, ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച കൊളോണിയല്‍ പ്രൊജക്ടിന്റെ ഭാഗമായ ആധുനികീകരണ പ്രക്രിയകളെയും കേരള ജമാഅത്തിന് ഒരേസമയം നേരിടേണ്ടതുണ്ടായിരുന്നു. നവോത്ഥാന ആധുനികതയുടെ പ്രധാന ഭാഗമായ പാരമ്പര്യനിഷേധത്തെ എങ്ങനെ സ്വീകരിക്കണമെന്നും, കൊളോണിയല്‍ അജണ്ടയായ സപ്തയിന പരിപാടികളില്‍ ഏത് തള്ളിക്കളയണമെന്നും പ്രാസ്ഥാനിക ആദര്‍ശത്തിന്റെ അടിത്തറയില്‍നിന്ന് അവധാനതയോടെയും സംവാദാത്മകമായും ആലോചിച്ചുറപ്പിക്കുകയായിരുന്നു അതിന്റെ കൂടിയാലോചനാ സമിതികള്‍. അനിസ്‌ലാമിക ഗവണ്‍മെന്റിലുള്ള പങ്കാളിത്തം, പാര്‍ലമെന്ററി ജനാധിപത്യത്തോടുള്ള സമീപനം, പാരമ്പര്യനിഷേധത്തിന്റെയും മാമൂല്‍വിരുദ്ധതതയുടെയും അളവുകള്‍, സ്ത്രീശാക്തീകരണത്തിനോടുള്ള പ്രതികരണം, വിദ്യാഭ്യാസമേഖലയിലെ ഇടപെടലുകള്‍ എന്നിവയിലെല്ലാം കേരള ജമാഅത്ത് തനതായ രീതിശാസ്ത്രം ഉണ്ടാക്കി. ഇടതുപക്ഷത്തിന്റെയും സലഫിസത്തിന്റെയും അംശങ്ങള്‍ അവയിലുണ്ടായിരുന്നുവെന്നത് തള്ളിക്കളയേണ്ടതില്ല. എന്നിരുന്നാലും, വിദ്യാഭ്യാസമേഖലയിലും കലാ-സാഹിത്യമേഖലയിലും അത് സ്വീകരിച്ച നിലപാടുകള്‍ ഏറക്കുറെ പുതിയതും വിപ്ലവകരവുമായിരുന്നു. കേരളത്തിന്റെ കലാ - സാഹിത്യമേഖലയില്‍ ആ ആലോചനകള്‍ എങ്ങനെയാണ് രൂപപ്പെട്ടതെന്നും പ്രവര്‍ത്തനസജ്ജമായതെന്നും വിശദീകരിക്കാന്‍ ശ്രമിക്കുകയാണ് ഈ ലേഖനം.
ജമാഅത്തെ ഇസ്‌ലാമി അതിന്റെ കലാ-സാഹിത്യ സമീപനങ്ങള്‍ തെരുപ്പിടിപ്പിക്കുന്ന കാലത്തെ കേരള മുസ്‌ലിം കലാ പാരമ്പര്യത്തിന്റെ അവസ്ഥ ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. ഇന്ന് കേരള മുസ്‌ലിംകള്‍ക്കിടയില്‍ സജീവമായ ഏതാണ്ടെല്ലാ കലാരൂപങ്ങളും മാപ്പിളപ്പാട്ട് അടക്കമുള്ള സാഹിത്യമാതൃകകളും ഇരുപതാം നൂറ്റാണ്ടില്‍ ആധുനികതയുടെ കാലത്ത് രൂപംകൊണ്ടതാണ്. അറബിമലയാള ലിപിയില്‍ എഴുതപ്പെട്ട മാലപ്പാട്ടുകളുടെയും കാവ്യകൃതികളുടെയും രൂപപരവും പ്രമേയപരവുമായ പാരമ്പര്യത്തെ ഈ പുതിയ കലകളുടെയും സാഹിത്യത്തിന്റെയും വരവോടെ കേരളമുസ്‌ലിംകള്‍ പലമട്ടില്‍ ഉപേക്ഷിച്ചുകളയുകയായിരുന്നു.  പഴയകാല സാഹിത്യരചനകളുടെ സാംസ്‌കാരികസത്തയെ മാത്രം സ്വീകരിച്ചുകൊണ്ട് നടത്തിയ ഈ നവീകരണം ഓരോ കാലത്തും പല അളവുകളില്‍ നടന്നിട്ടുണ്ട്. ഒപ്പന, ദഫ്മുട്ട്, അറബനമുട്ട്, കോല്‍ക്കളി, മാപ്പിളപ്പാട്ട്, കഥാപ്രസംഗം എന്നിവയിലൊക്കെ ഈ പുതുക്കല്‍ കാണാനാവും. അതോടൊപ്പം മാപ്പിളമാരല്ലാത്തവരടക്കം ഏറ്റെടുത്തും മാപ്പിളമാരല്ലാത്തവരെക്കൂടി ആസ്വദിപ്പിച്ചും ആ കലാമേഖലകള്‍ പൂര്‍വാധികം ശക്തിയോടെ ജനകീയമാവുകയും ചെയ്തു. ആ ജനകീയത മാപ്പിള കലകളെ ആസ്വാദനപ്രധാനമായ കെട്ടുമുറകള്‍ക്ക് നിര്‍ബന്ധിച്ചു. ഇസ്‌ലാമികമായ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ 'ജീര്‍ണത' എന്നു പറയാനാവുംവിധം ഇസ്‌ലാമിന്റെ തറനിരപ്പില്‍നിന്ന് ഏറെ താഴെയായിരുന്നു അവയുടെ ഒഴുക്ക്. 

മൂന്ന് യുദ്ധമുഖങ്ങള്‍
എന്തും ഇസ്‌ലാമികമായ അളവുകോലുവെച്ച് തീര്‍ച്ചപ്പെടുത്തി മാത്രം സ്വീകരിക്കുക എന്നതായിരുന്നു ജമാഅത്തിന്റെ നിര്‍ബന്ധ ആദര്‍ശാടിത്തറ. ജനകീയ കലകളെന്ന നിലക്ക് മുസ്‌ലിം കലകളിലൊക്കെയും രണ്ട് തരത്തിലുള്ള 'അനിസ്‌ലാമികത'കള്‍ ഉണ്ടായിരുന്നു. ഒന്ന്, ആധുനികീകരണത്തിന്റെ ഭാഗമായി 'മിസ്റ്റര്‍'മാരുടെ ഭൗതികഘടകങ്ങള്‍ അതില്‍ കലര്‍ന്നുപോയിരുന്നു. രണ്ട്, പാരമ്പര്യത്തിന്റെ ഭാഗമായി 'മുല്ല'മാരുടെ ദുരാചാരങ്ങളുടെയും 'പിഴച്ച' വിശ്വാസങ്ങളുടെയും അംശങ്ങളും അവയില്‍ കലര്‍ന്നിട്ടുണ്ടായിരുന്നു. മുസ്‌ലിം ജനകീയ കലയായ കഥാപ്രസംഗത്തെ മുന്‍നിര്‍ത്തി ഉദാഹരിക്കാം: കെ.എന്‍ അബ്ദുല്ല മൗലവി എന്ന പണ്ഡിതന്‍ നബിദിന സമ്മേളനത്തിന്റെ ഭാഗമായി ചെയ്ത ഒരു പ്രഭാഷണം ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഭാഷണ ചരിത്രത്തില്‍ പരിഗണിക്കേണ്ട പ്രധാന രചനകളിലൊന്നാണ്. ഒരു കലാകാരിയുടെ കഥാപ്രസംഗത്തെക്കുറിച്ച് വിവരിച്ചുകൊണ്ടാണ് ആ പൊതുപ്രഭാഷണം ആരംഭിക്കുന്നത്. പറയുന്ന കഥ ശിര്‍ക്കിന്റെയും ബിദ്അത്തിന്റെയും അംശങ്ങള്‍ ഉള്ളത്. അവതരിപ്പിക്കുന്നതോ 'അര്‍ധനഗ്ന'യായ മുസ്‌ലിം പെണ്ണ്. കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ സാംസ്‌കാരിക ബോധം നേരിട്ട രണ്ട് യുദ്ധമുഖങ്ങളെ ഈ കാര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ, അനിസ്‌ലാമികമായ പാരമ്പര്യത്തെയും ആധുനികതയെയും ഒരുപോലെ തിരസ്‌കരിച്ചുകൊണ്ട് കലയുടെ നിരപേക്ഷമായ അംശങ്ങളെ മാത്രം സ്വീകരിച്ച് വളരെ അവധാനതയോടെയാണ് ജമാഅത്തെ ഇസ്‌ലാമി കലാ-സാഹിത്യ പ്രവര്‍ത്തനങ്ങളെ സ്വാംശീകരിക്കുന്നത്. അതോടൊപ്പം, അവതരിപ്പിക്കുന്ന കലയെ ശുദ്ധീകരിക്കുക എന്ന മൂന്നാമതൊരു ലക്ഷ്യംകൂടി ആന്തരികമായി ഈ പോരാട്ടം ഉള്‍ക്കൊള്ളുന്നുണ്ട്. ടി ഉബൈദ് പോലുള്ള ആധുനിക മാപ്പിളകവികളുടെ ഊര്‍ജം ആ നിലക്ക് ജമാഅത്തിന്റെ കലാപ്രവര്‍ത്തകര്‍ സ്വീകരിച്ചിട്ടുണ്ടെന്നും കാണാം.
കെ.ബി.കെ വളാഞ്ചേരി എഴുതിയ 'കണ്ണീരും പുഞ്ചിരിയും' എന്ന നാടകമാണ് ആദ്യകാല ജമാഅത്ത് ധാരയിലുണ്ടായ പ്രധാന സാഹിത്യകൃതികളിലൊന്ന്. അതിന്റെ ഒന്നാമത്തെ രംഗത്തില്‍തന്നെ കഥാനായകനായ ഹമീദ് ഭാര്യ ഹലീമയോട് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്‍ഗണനകളെക്കുറിച്ച് സംസാരിക്കുന്നത് ഇങ്ങനെയാണ്: ''ഇന്നു നാം അതിമഹത്തായ ഒരു കാര്യം വഹിച്ചുകൊണ്ടാണ് രംഗപ്രവേശനം ചെയ്തിട്ടുള്ളതെന്ന സത്യം പ്രിയതമക്കറിയാമല്ലോ. മലിനവും മൃഗീയവുമായ ആശയാദര്‍ശങ്ങള്‍ക്കിടയില്‍ സാക്ഷാല്‍ ഇസ്‌ലാമിനെയും വഹിച്ചുകൊണ്ടുള്ള ഈ എഴുന്നേല്‍പിന് ഇതുവരെ പറയത്തക്ക എതിര്‍പ്പുകളൊന്നും നമുക്ക് നേരിടേണ്ടിവന്നിട്ടില്ലെങ്കിലും അടുത്ത ഭാവിയില്‍, അല്ല ഇന്നുമുതല്‍തനെ നമ്മുടെ നില അങ്ങനെയൊന്നുമായിരിക്കില്ല. തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലായിരിക്കുന്നുവെന്ന് സ്വാര്‍ഥമൂര്‍ത്തികളും കുടിലമനസ്‌കരുമായ പണ്ഡിതവര്‍ഗവും മുതലാളിവര്‍ഗവും മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. സര്‍വകഴിവുമുപയോഗിച്ച് അവര്‍ നമുക്കെതിരെ ഇറങ്ങിത്തിരിച്ചിരിക്കുകയുമാണ്'' (കണ്ണീരും പുഞ്ചിരിയും പേജ് 14).
ആദ്യകാല ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ നേരിടേണ്ടിയിരുന്ന പലതരം പോരാട്ട മുഖങ്ങളെയാണ് ഈ നാടകഭാഗവും സൂചിപ്പിക്കുന്നത്. ഇത്തരമൊരു നാടകമെഴുതുന്നതിലൂടെ നാടകരംഗത്ത് നിലനില്‍ക്കുന്ന അനാശാസ്യതകളെ സ്വയമേവ പ്രതിരോധിക്കുക എന്ന ലക്ഷ്യവും ഈ രചന ആന്തരികമായി നിര്‍വഹിക്കുന്നു. ഇസ്‌ലാമിക പ്രബോധനത്തിനായി സ്വന്തം ഭാര്യ ഹലീമയെ വൈജ്ഞാനികമായും മാനസികമായും തയാറാക്കുന്നതിലൂടെ ഹമീദ് എന്ന കഥാനായകന്‍ സ്ത്രീ ഇടപെടലുകളെക്കുറിച്ച പുതിയ ഒരു ആശയംകൂടി മലയാളിമുസ്‌ലിംകള്‍ക്ക് മുന്നില്‍ വെക്കുന്നുമുണ്ട്. മാത്രമല്ല ആ സംഭാഷണങ്ങളുടെ ഭാഷാപരമായ ഘടന ശ്രദ്ധിക്കൂ; കിടപ്പുമുറിയില്‍ വെച്ച് ഭര്‍ത്താവ് ഭാര്യയോട് സംസാരിക്കുന്ന ഭാഷാശൈലിയാണോ അത്? ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല സാഹിത്യവ്യവഹാരങ്ങളില്‍ അനുവര്‍ത്തിച്ചിരുന്ന ഭാഷാപരമായ സൂക്ഷ്മതക്കും ഈ മൂന്ന് തലങ്ങളുണ്ടായിരുന്നു. ഒന്ന്, നിലനില്‍ക്കുന്ന മാപ്പിളമാരുടെ തനതു ഭാഷയെ 'ശുദ്ധീകരിക്കല്‍'. രണ്ട്, ഭൗതികമായ വ്യവഹാരഭാഷയില്‍ മതാത്മകമായ പുതിയ ഭാഷയെ സന്നിവേശിപ്പിക്കല്‍. മൂന്ന്, മലയാള സാഹിത്യത്തില്‍ ഇസ്‌ലാമികമായ വ്യവഹാരരൂപങ്ങളുമായി സര്‍ഗാത്മകമായി ഇടപെടല്‍.  
യു.കെ അബൂ സഹ്‌ലയെ മുന്‍നിര്‍ത്തി ഈ അവസ്ഥകളെ ഒന്നുകൂടി ഉറപ്പിക്കാം. തന്റെ ഗാനങ്ങളുമായി കഥാപ്രസംഗം എന്ന അവതരണകലയിലൂടെ ദൈവിക വ്യവസ്ഥാസ്ഥാപനത്തിന്റെ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന നിയ്യത്ത്. സമുദായത്തെ ബാധിച്ച അത്യാചാരങ്ങളെ എതിര്‍ക്കുക എന്നത് രണ്ടാമത്തെ നിയ്യത്ത്. അതോടൊപ്പം ആ കലാമേഖലയില്‍ അന്ന് നിലനിന്നിരുന്ന ജാഹിലിയ്യത്തുകളെ പറിച്ചുനീക്കുകകൂടിയായിരുന്നു അദ്ദേഹം. 
'ഫാത്വിമ ജമീലയെന്ന് പേരണിഞ്ഞുകൊണ്ട്
നര്‍ത്തകിമാരായ് ചിലര്‍ പുറത്തിറങ്ങീട്ടുണ്ട്' 
എന്നും
'പലതരക്കാരില്‍ ചിലര്‍ ഭയം ഇല്ലാതെ 
തെല്ലും ഹയാഇല്ലാതെ
വെളിയിലേക്കിറങ്ങുന്നു മടിച്ചീടാതെ, 
നാണം മറച്ചിടാതെ
അത്തരം നാരികളൊരു ഭാഗത്ത്
നര്‍ത്തകിമാരായ് രൂപമെടുത്ത്'  എന്നും, നാടകത്തിലും കഥാപ്രസംഗരംഗത്തും അന്ന് പേരെടുത്ത മുസ്‌ലിം പെണ്‍കലാകാരികളെ സൂചിപ്പിച്ച് അദ്ദേഹം പല പാട്ടുകളും എഴുതിയിട്ടുണ്ടല്ലോ. ആ പാട്ടുകളൊക്കെയും കാതുകുത്തിനും അടുക്കളജയിലില്‍ പെണ്ണിനെ അടച്ചുപൂട്ടുന്നതിനും എതിരെക്കൂടിയും എഴുതപ്പെട്ടതാണ്. കഥാപ്രസംഗത്തിന്റെ ഭാഗമായി ഇത്തരം പാട്ടുകളെല്ലാം അവതരിപ്പിക്കുന്നതിനു മുമ്പ് വിഹായസ്സിന്റെ വിരിമാറില്‍ എന്നു പേരിട്ട 'മിന്നിതിളങ്ങും മിന്നാമിനുങ്ങിന്റെ...' എന്ന ഗാനം ആമുഖമായി പാടിക്കൊണ്ടാണ് യു.കെയും സംഘവും പരിപാടികള്‍ ആരംഭിക്കുക.  
'സൃഷ്ടികളടിമപ്പെടുവാനര്‍ഹന്‍ 
സ്രഷ്ടാവൊരുവന്‍ ആണെന്നും
സൃഷ്ടികളുടെ മേല്‍ അധികാരം 
സമസൃഷ്ടികളാര്‍ക്കും ഇല്ലെന്നും' തെര്യപ്പെടുത്തിപ്പോന്ന പ്രവാചകപരമ്പരയുടെ മുഖ്യദൗത്യം ദൈവികവ്യവസ്ഥ സംസ്ഥാപിക്കലായിരുന്നു എന്നുമാണ് ദീര്‍ഘമായ ആ പാട്ടിന്റെ  ആകത്തുക. യു.കെയുടെ പ്രധാനപ്പെട്ട രണ്ടു കഥകള്‍ 'മൂസാനബിയും ഫിര്‍ഔനും' 'നൂഹ് നബിയും സമുദായവും' എന്നിവയാണ്. ഒന്നാമത്തേത് ദൈവിക വ്യവസ്ഥാസ്ഥാപനത്തിന് ഊന്നല്‍ നല്‍കുന്നു, രണ്ടാമത്തേത് സാമുദായിക പരിഷ്‌കാരത്തിനും. രണ്ടും കലയിലെ ഇസ്‌ലാമികമായ ഇടപെടല്‍ സാധ്യമാക്കുന്നു. ചുരുക്കത്തില്‍, സമുദായത്തിന്റെ അനാചാരത്തോടും ഭൗതികവാദത്തോടും കലയിലെ അനിസ്‌ലാമികതകളോടുമുള്ള പലതരം യുദ്ധമുഖങ്ങള്‍ ഒരേസമയം ജമാഅത്തെ ഇസ്‌ലാമിയുടെ കലാപ്രവര്‍ത്തകര്‍ അന്നുമുതലേ നേരിടേണ്ടിവന്നു. 

കാലഘട്ടത്തിന്റെ ആവശ്യം
ശാന്തപുരം ഇസ്‌ലാമിയാ കോളേജിന്റെ കലണ്ടറില്‍ കുറേ കാലം ആവര്‍ത്തിച്ച ഒരു കുറിപ്പുണ്ടായിരുന്നു. കോളേജിനെ പരിചയപ്പെടുത്തുന്ന ആ കുറിപ്പ്, 'കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് വിജ്ഞാനം നേടിയ തലമുറയെ വാര്‍ത്തെടുക്കുക' എന്ന ബാധ്യതയാണ് ആദ്യ വാക്യത്തിലേ അവതരിപ്പിച്ചിരുന്നത്. ഈ ലേഖനത്തിന്റെ മുഖക്കുറിയായി നല്‍കിയ സയ്യിദ് മൗദൂദിയുടെ വസ്വിയ്യത്തിലെ രണ്ടെണ്ണവും ഈ പരിചയക്കുറിപ്പിലുണ്ട്. പ്രസ്ഥാന നായകന്‍ നിര്‍ദേശിച്ചുതന്ന ആ ഒസ്യത്ത് നേരത്തേ ഏറ്റെടുത്തതിന്റെ ഫലമാണ് മറ്റു സംസ്ഥാന ഘടകങ്ങളെ അപേക്ഷിച്ച് കേരള ജമാഅത്തെ ഇസ്‌ലാമിക്ക് കലാ-സാഹിത്യമേഖലകളടക്കമുള്ള എല്ലാ കാര്യത്തിലും ഒരടി മുന്നില്‍ നില്‍ക്കാനായത്. കലാ-സാഹിത്യ മേഖലയില്‍ എന്തായിരുന്നു ഈ 'കാലഘട്ടത്തിന്റെ ആവശ്യം' എന്നു പരിശോധിക്കാം. 
സമകാലികമായിരിക്കുക എന്നതാണ് ഏതൊരു കലയും ആദ്യം ആവശ്യപ്പെടുന്ന ഘടകം. പ്രമേയപരവും രൂപപരവുമായ സമകാലികതയാണത്. ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ അന്നത്തെ മുഖ്യധാരാപത്രമാസികകളില്‍ തങ്ങളുടെ രചനകള്‍ പ്രസിദ്ധപ്പെടുത്തുന്നത് വലിയ ആഘോഷത്തോടെയാണ് പ്രസ്ഥാനം സ്വീകരിച്ചത്. മുസ്‌ലിം 'പൊതു'എഴുത്തുകാരുടെ ദൗര്‍ലഭ്യത്തിലേക്കുള്ള സംഭാവന എന്ന നിലക്കു മാത്രമായിരുന്നില്ല ആ ആഹ്ലാദം, മറിച്ച്, ഇസ്‌ലാമികപ്രസ്ഥാനത്തിന്റെ വിജയനിദാനങ്ങള്‍ ഗ്രഹിച്ച പുതുതലമുറ മലയാള സാഹിത്യത്തിന്റെ മുഖ്യധാരയില്‍ ഇടം നേടുന്നതിലുള്ള ആഹ്ലാദംകൂടിയായിരുന്നു. പ്രസ്ഥാനപ്രവര്‍ത്തകര്‍ സിനിമാസംരംഭങ്ങളുടെ ഭാഗമാവുമ്പോള്‍ ഇന്നുണ്ടാകുന്ന ആഹ്ലാദത്തെക്കൂടി ഇതിനോട് ചേര്‍ത്തുവായിക്കണം. സാമുദായികമായ കലാ - സാഹിത്യവ്യവഹാരങ്ങളുടെ പുറത്തുകടന്ന് സമകാലികമായ മുഖ്യധാരയോട് ചേര്‍ന്നുനില്‍ക്കാനുള്ള ത്രാണി അന്നും ഇന്നും കേരള ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഷാ - സാഹിത്യമനോഭാവങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. വൈജ്ഞാനികമായും ആവിഷ്‌കാരപരമായും അത് ശേഖരിക്കാനും അതിനു പ്രവര്‍ത്തകരെ സജ്ജീകരിക്കാനുമുള്ള ശ്രമങ്ങളാണ് സര്‍ഗസംഗമം, സംവേദന വേദി, തനിമ കലാ-സാഹിത്യവേദി തുടങ്ങിയ അനുബന്ധ സംവിധാനങ്ങള്‍ നടത്തിയത്. പലപ്പോഴും അത് വിജയം കാണുകയും ചെയ്തു. സാഹിത്യത്തില്‍ മാത്രമല്ല സംഗീതം, നാടകം, പ്രഭാഷണം എന്നിവയിലെല്ലാം ഈ ശ്രമങ്ങളുണ്ടായിരുന്നു. സമ്മേളനങ്ങളോടും കാമ്പയിനുകളോടുമനുബന്ധിച്ച് ഏറ്റവും സമകാലികമായ നാടകരൂപങ്ങളും സംഗീതസംവിധാനങ്ങളുമുണ്ടാക്കാന്‍ പ്രസ്ഥാനം ശ്രമിച്ചുകൊണ്ടിരുന്നു. ഇങ്ങനെ സാഹിത്യ-കലാ മേഖലകളില്‍ ജമാഅത്തെ ഇസ്‌ലാമി നടത്തിയ ഇസ്‌ലാമിക മുന്നേറ്റ ചരിത്രത്തെ മൂന്നു ഘട്ടങ്ങളായി മനസ്സിലാക്കാം.

ഒന്നാം ഘട്ടം
പുതിയ ഭാഷയും പരിഭാഷയും
സ്വസമുദായത്തില്‍ നിലനില്‍ക്കുന്ന കലാ-സാഹിത്യ മാതൃകകളെ സ്വീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ആദ്യം. ആ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങളുടെ ഉന്നവും ഊന്നലും സമുദായം തന്നെയായിരുന്നു.  ഇസ്‌ലാമിക ഗാനം, കഥാപ്രസംഗം, സംഭാഷണപ്രധാനമായ നാടകങ്ങള്‍ എന്നിവയാണ് ഇക്കാലത്തുണ്ടായ പ്രധാന കലാവിഷ്‌കാരങ്ങള്‍. കെ. ബി. കെ വളാഞ്ചേരിയുടെ കണ്ണീരും പുഞ്ചിരിയും ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ നാടകമാണ്. യു. കെ അബൂ സഹ്‌ലയുടെ കാവ്യഗണത്തില്‍ മറിയക്കുട്ടി, ജമീല തുടങ്ങിയ സംഗീതപ്രധാനമായ നാടകങ്ങളും കാണാം. ഇത്തരം നാടകരചനകളുടെ പ്രധാന ലക്ഷ്യം സ്റ്റേജിലെ അവതരണമായിരുന്നില്ല, വായന മാത്രമായിരുന്നു. ഇസ്‌ലാമിയാ കോളേജ് അങ്കണങ്ങളില്‍ അവയില്‍ ചിലത് അവതരിപ്പിക്കപ്പെട്ടിട്ടുമുണ്ടാകാം. പക്ഷേ, ആ മതിലിനു പുറത്തേക്ക് അവ ഒഴുകിയെത്തിയില്ലെന്നു മാത്രം. അതോടൊപ്പം രൂപപരമായി മാപ്പിളപ്പാട്ടിന്റെയും പ്രമേയപരമായി മതപുനരുദ്ധാരണത്തിന്റെയും പാട്ടുരംഗവും ജമാഅത്തെ ഇസ്‌ലാമിയുടെ കലാപ്രവര്‍ത്തകര്‍ ഏറ്റെടുത്തു. യു.കെ അബൂ സഹ്‌ലയെപ്പോലുള്ള പ്രതിഭകള്‍ അത് തങ്ങളുടെ ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ പ്രധാന മണ്ഡലമായിത്തന്നെ സ്വീകരിച്ചു. മലയാള ഗാനശാഖയില്‍ ഇസ്‌ലാമികഗാനങ്ങള്‍ എന്ന പുതിയൊരു കാവ്യരചനാരീതിയും ഗാനശീലങ്ങളും അങ്ങനെയാണുണ്ടായത്. അബ്ദുല്‍ ഹയ്യ് എടയൂരിനെപ്പോലുള്ളവരുടെ ഇസ്‌ലാമിക ഗാനങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വേദികളിലും പൊതുവേദികളിലും ഒരുപോലെ സ്വീകരിക്കപ്പെട്ടു. ഇത്തരം കലാ പ്രകടനങ്ങളുടെ പ്രധാന പ്രയോക്താക്കള്‍ ജമാഅത്തിനു കീഴിലുള്ള മദ്‌റസകളുടെയും കലാലയങ്ങളുടെയും വാര്‍ഷികങ്ങളായിരുന്നു. 
ഇത്തരം കലാവിഷ്‌കാരങ്ങളുടെയൊക്കെ പ്രധാന പരിമിതി അവ സ്വീകരിച്ച രൂപമാതൃകകളുടെ അപര്യാപ്തതയായിരുന്നു. ഏതൊരു വ്യവസ്ഥയെയാണോ ആശയപരമായി തങ്ങള്‍ നേരിടുന്നത് അതേ വ്യവസ്ഥയുടെതന്നെ രൂപമാതൃകകള്‍ സ്വീകരിക്കാന്‍ ഈ കലാവിഷ്‌കാരങ്ങള്‍ നിര്‍ബന്ധിതമായി. ജമാഅത്തിന് സ്വന്തമായ മാതൃകകള്‍ ഇക്കാര്യത്തില്‍ നിര്‍മിക്കാനായതുമില്ല. നാടകത്തിലും ഗാനത്തിലും കഥാപ്രസംഗത്തിലും ഈ പരിമിതിയുണ്ടായിരുന്നു. ഭൗതികവാദത്തെയും സാമുദായിക അനാചാരങ്ങളെയും എതിര്‍ക്കാന്‍ അവയുടെ കലാമാതൃകതന്നെ ഇസ്‌ലാമിക പ്രസ്ഥാനത്തിനും പിന്‍പറ്റേണ്ടിവന്നു. അക്കാരണമായി, 'ഇത് മറ്റൊരു പാരമ്പര്യ മതകല' എന്ന രീതിയില്‍ ഭൗതികവാദികളും, 'ഇത് മറ്റൊരു ഭൗതിക പുത്തന്‍വാദം' എന്ന രീതിയില്‍ സമുദായമനസ്സും ജമാഅത്തെ ഇസ്‌ലാമിയുടെ ആധുനിക കലാ വ്യവഹാരങ്ങളെ ഏതാണ്ട് തള്ളിക്കളഞ്ഞു. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ഈ ആവിഷ്‌കാരങ്ങള്‍ എങ്ങും രജിസ്റ്റര്‍ ചെയ്യാതെപോയത് അതുകൊണ്ടാണ്.
എന്നാല്‍, പ്രഭാഷണങ്ങളിലും എഴുത്തിലുമാകട്ടെ മുസ്‌ലിം സമുദായത്തിന്റെ പൊതുസാഹിത്യ വ്യവഹാരങ്ങളുടെ വാര്‍പ്പുമാതൃകകളെ പുനര്‍നിര്‍മിച്ചുകൊണ്ടുള്ള ശക്തമായ ഇടപെടലുകളുണ്ടായി. വക്കം അബ്ദുല്‍ഖാദറിനെപ്പോലുള്ള ചിന്തകരുടെ ഭൗതികതയിലൂന്നിയ ആശയപ്രകടനങ്ങള്‍ക്കു പകരം ഇസ്‌ലാമിനെ കേന്ദ്രമാക്കി എഴുതാനുള്ള ഭാഷ ജമാഅത്തെ ഇസ്‌ലാമിയുടെ എഴുത്തിടങ്ങള്‍ ആര്‍ജിച്ചെടുത്തു. പ്രധാനമായ നേരിടല്‍ ഇടതുപക്ഷ രൂപങ്ങളോടും ആശയങ്ങളോടുമായിരുന്നു. പ്രബോധനം, ഐ.പി.എച്ച് തുടങ്ങിയ പ്രസാധന സംരംഭങ്ങളുടെ നീണ്ട ചരിത്രം സാഹിത്യരംഗത്തിലൂടെയുള്ള ഇസ്‌ലാമികാവിഷ്‌കാരങ്ങളുടെയും ചിന്തകളുടെയും വിതരണം തന്നെയായിരുന്നു. ഇന്ത്യയില്‍തന്നെ എഴുത്തുവ്യവഹാരങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പ്രചരിപ്പിക്കപ്പെട്ട ഇസ്‌ലാമികചിന്ത അബുല്‍ അഅ്‌ലാ മൗദൂദിയുടേതാണ്. അദ്ദേഹത്തിനു പുറമെ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി, മസ്ഊദ് ആലം നദ്‌വി, സദ്‌റുദ്ദീന്‍ ഇസ്‌ലാഹി തുടങ്ങിയവരൊക്കെയും മികച്ച എഴുത്തുകാര്‍ കൂടിയായിരുന്നു. കെ.സി അബ്ദുല്ല മൗലവി, ടി. മുഹമ്മദ്, ടി. ഇസ്ഹാഖലി മൗലവി തുടങ്ങിയവരാണ് മലയാളത്തിലേക്ക് അതിനെ വികസിപ്പിച്ചത്. ചിന്താശാലികളെയും വായനാശീലമുള്ളവരെയും മാത്രം ആകര്‍ഷിക്കാന്‍ കഴിയുന്നു എന്ന ബാധ്യതയില്‍നിന്ന് ജമാഅത്തെ ഇസ്‌ലാമിക്ക് ഇനിയും ഊരിപ്പോരാനാകാത്തത്, അതിന്റെ ജനിതകമായ ഈ സാഹിതീയ സവിശേഷതകൊണ്ടാണ്.
ജമാഅത്തെ ഇസ്‌ലാമി എന്ന ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാണ് കേരള ജമാഅത്ത് എന്ന നിലയില്‍ വലിയ തോതിലുള്ള വിവര്‍ത്തനങ്ങള്‍ ആവശ്യമായിരുന്നു. ഉര്‍ദു, അറബി ഭാഷകളില്‍നിന്നുള്ള ധാരാളം രചനകള്‍ മലയാളത്തിലേക്ക് ഈ കാലത്ത് മൊഴിമാറ്റപ്പെട്ടു. മലയാളത്തിലെ വിവര്‍ത്തന സാഹിത്യചരിത്രത്തില്‍ ഒരുപക്ഷേ രേഖപ്പെടുത്താതെയും പഠിക്കപ്പെടാതെയും പോയ വിപുലമായ ഒരു ശാഖയാണിത്. ജമാഅത്തെ ഇസ്‌ലാമിയുടെ അടിസ്ഥാന സാഹിത്യമെന്നറിയപ്പെടുന്ന ആദര്‍ശഗ്രന്ഥങ്ങളില്‍ ഒട്ടുമുക്കാലും വിവര്‍ത്തനങ്ങളായിരുന്നു. ഇസ്‌ലാമിന്റെ മുഖ്യമായ ആശയങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ക്ക് അറബിയില്‍നിന്നും വിവര്‍ത്തനങ്ങളുണ്ടായി. മലയാളത്തില്‍ ലക്ഷണമൊത്ത ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും ആദ്യമുണ്ടായത് വിവര്‍ത്തനവിവര്‍ത്തനമായിരുന്നു എന്നത് കൗതുകകരമാണ്. ഉര്‍ദു എന്ന ഇടനില ഭാഷയിലൂടെയാണ് അവ മലയാളത്തിലെത്തിയത്. ഒരു പുതിയ ആശയധാര പുതിയ ഭാഷയില്‍നിന്ന് വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന സാംസ്‌കാരിക നിര്‍മിതികള്‍ അങ്ങനെ മലയാള ഭാഷയില്‍ ഉണ്ടായി. സമഗ്രത, വ്യവസ്ഥ, പ്രത്യയശാസ്ത്രം, പ്രസ്ഥാനം, സംഘടിതജീവിതം, അനുസരണം, ആരാധന, ദൈവികനിയമങ്ങള്‍, കര്‍മശാസ്ത്രം, ആദര്‍ശം, പ്രബോധനം തുടങ്ങിയ ഒട്ടേറെ പദങ്ങള്‍ക്ക് അന്നുവരെയില്ലാത്ത ഇസ്‌ലാമികാര്‍ഥങ്ങള്‍ ഇക്കാലത്ത് കൈവന്നു. കേരളത്തിലെ മറ്റു മുസ്‌ലിം സംഘടനകള്‍ക്ക് ജമാഅത്തെ ഇസ്‌ലാമിയോടുള്ള പ്രധാന സംവാദങ്ങള്‍പോലും ഈ തര്‍ജമകളിലൂന്നിയായിരുന്നു എന്നത് രസകരമായ വസ്തുതയാണ്. അത്തരം ആശയപരമായ സംവാദങ്ങള്‍ കൂടുതലും കേരളത്തിലാണ് ഉണ്ടായത് എന്നതിലും ഈ പരിഭാഷകളുടെ സ്വാധീനമുണ്ടെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാക്കാം. ഏറെ പഠനം ആവശ്യപ്പെടുന്ന ഒരിടമാണിത്. 
വഅ്‌ളുകളില്‍നിന്ന് പ്രഭാഷണത്തിലേക്ക് കേരള മുസ്‌ലിംകളുടെ വാഗ്പാരമ്പര്യത്തെ ജമാഅത്തെ ഇസ്‌ലാമി ഇക്കാലത്ത് പറിച്ചുനട്ടു. അഖിലേന്ത്യാ തലത്തില്‍തന്നെ പ്രഭാഷണത്തെ ജമാഅത്തെ ഇസ്‌ലാമിയുടെ ഘടന വലിയ പ്രാധാന്യത്തോടെയായിരുന്നു കണ്ടിരുന്നത്. നിശ്ചിത ചോദ്യാവലി പൂരിപ്പിച്ച് മുന്‍കൂട്ടി അനുവാദം വാങ്ങിയവരെ മാത്രമേ ആദ്യകാലത്ത് പ്രസംഗിക്കാന്‍ പോലും അനുവദിച്ചിരുന്നുള്ളൂ. പ്രസംഗത്തില്‍ ജമാഅത്തിനെ ശരിയായി പ്രതിനിധീകരിക്കുമോ, വിഷയത്തില്‍നിന്ന് വ്യതിചലിക്കുമോ, ചോദ്യങ്ങളോട് സത്യസന്ധമായി പ്രതികരിക്കുമോ, എതിര്‍പ്പുകളോട് സംയമനത്തോടെ ഇടപെടുമോ എന്നിവയായിരുന്നു ചോദ്യങ്ങള്‍. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ കേരളത്തിലും ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഭാഷണസദസ്സുകള്‍ പുതിയ തരംഗങ്ങളുണ്ടാക്കി. ഹാജി സാഹിബ്, എസ് എം ഹനീഫ് തുടങ്ങിയ ആദ്യകാല പ്രഭാഷകരുടെ വേദികള്‍ക്ക് അക്ഷരാര്‍ഥത്തില്‍തന്നെ സഹൃദയ ശ്രോതാക്കളുണ്ടായി. ജമാഅത്തെ ഇസ്‌ലാമി ആവിഷ്‌കരിച്ച ഖുര്‍ആന്‍ ക്ലാസ് എന്ന പുതിയ പ്രയോഗത്തെ 'ഖുര്‍ആനിനെ ഗ്ലാസ്സിലാക്കുന്നു' എന്നു 'സമസ്ത' നേതാക്കള്‍ കളിയാക്കിയെങ്കിലും നീട്ടിവലിച്ചുള്ള പാതിരാ വഅ്‌ളുകള്‍ക്കു പകരം സംസ്‌കൃതപദങ്ങള്‍ കൂട്ടിയിണക്കിയുള്ള ഇസ്‌ലാമികപ്രഭാഷണം മറ്റൊരു മുസ്‌ലിം സദസ്സിനെ ആകര്‍ഷിച്ചു.  സമുദായത്തില്‍ വിദ്യാഭ്യാസവും പദവികളുമുള്ള 'ഉപരിവര്‍ഗ' പ്രതിനിധികളായിരുന്നു ആ സദസ്സിലെ പലരും.
മലയാളഭാഷയില്‍ ഇസ്‌ലാമിക വ്യവഹാരങ്ങള്‍ക്ക് പുതിയ എടുപ്പുകള്‍ ഉണ്ടാക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഈ ഘട്ടത്തില്‍ കഴിഞ്ഞത് ഒരു വലിയ നേട്ടമാണ്. പക്ഷേ, അത്രയും വലിയൊരു ചേതവും ആ നേട്ടം ഉണ്ടാക്കി. നേരത്തേ കണ്ണീരും പുഞ്ചിരിയും എന്ന നാടകത്തിലെ സംഭാഷണശകലത്തെ വിശകലനം ചെയ്‌തെഴുതിയത് ഓര്‍ക്കുക. സ്വസമുദായത്തിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഭാഷയെയും ആവിഷ്‌കാരങ്ങളെയും പൂര്‍ണമായി തിരസ്‌കരിച്ചുകൊണ്ടുള്ള ഈ മുന്നേറ്റം അവരില്‍നിന്ന് ജമാഅത്തെ ഇസ്‌ലാമിയെ ആശയപരമായും പ്രായോഗികമായും അകറ്റി. തങ്ങള്‍ക്ക് തിരിയാത്ത ഭാഷയില്‍ വ്യവഹരിക്കപ്പെട്ട ഒരാശയത്തെ ആശങ്കയോടെയും അപരമായും മാപ്പിള സമുദായം കണ്ടു. 'അന്റെ തന്തന്റെ തല' എന്നു പറയേണ്ടിടത്ത് 'നിന്റെ പിതാവിന്റെ ശിരസ്സ്' എന്നു പറയുന്നവരാണ് ജമാഅത്തുകാര്‍ എന്ന്, കേരളത്തിലെ മുസ്‌ലിം        സാംസ്‌കാരിക നവോത്ഥാനത്തിന്റെ കൊടിവാഹകരായി സ്വയം വിശേഷിപ്പിക്കാറുള്ള സലഫി പ്രഭാഷകര്‍ പോലും കളിയാക്കി.

രണ്ടാം ഘട്ടം
വേറിട്ടു കേള്‍ക്കുന്ന ഒച്ചകള്‍
അടിയന്തരാവസ്ഥക്കു ശേഷം കേരളത്തിലുണ്ടായ സാംസ്‌കാരിക വിനിമയങ്ങള്‍ കേരള മുസ്‌ലിം സമുദായത്തില്‍ ഏറെ സ്വാധീനിച്ചത് ജമാഅത്തെ ഇസ്‌ലാമിയെയാണ്. ഇടതു-വലതു  സാംസ്‌കാരിക മേഖലകളുമായുള്ള രാഷ്ട്രീയ സഹജീവിതം പുതിയ ചില തുറസ്സുകള്‍ ഇസ്‌ലാമിക വ്യവഹാരമേഖലയില്‍ ജമാഅത്ത് നേതാക്കള്‍ക്കു നല്‍കി (ടി. മുഹമ്മദിന്റെ എഴുത്തുജീവിതത്തെ അടിയന്തരാവസ്ഥക്കാലത്തെ ജയില്‍ജീവിതം എങ്ങനെയാണ് സ്വാധീനിച്ചത് എന്നതില്‍ ചില നിരീക്ഷണങ്ങള്‍ നേരത്തേ  ഈ ലേഖകന്‍ നടത്തിയിട്ടുണ്ട്). വളരെ സ്വതന്ത്രവും മുസ്‌ലിം സമുദായത്തിന്റെ പൊതുസ്വരത്തില്‍നിന്ന് വേറിട്ടതുമായ ചില രീതികള്‍ ആശയപ്രകാശനങ്ങളില്‍  പരീക്ഷിക്കാന്‍ ഈ സഹവര്‍ത്തിത്വം പ്രസ്ഥാനത്തിന് അവസരം നല്‍കി. ലോക ഇസ്‌ലാമിക സമൂഹങ്ങളുടെ ചരിത്രത്തില്‍ ഇതുപോലൊരു സ്വാതന്ത്ര്യം ഒരുപക്ഷേ കേരളത്തിനുമാത്രം സ്വന്തമായതായിരിക്കാം. അതിനുള്ള സാംസ്‌കാരിക പശ്ചാത്തലം കേരളമണ്ണിലുണ്ടായിരുന്നു എന്നത് സത്യമാണ്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പൊതു സ്വഭാവത്തില്‍നിന്നുതന്നെ കേരള ജമാഅത്തെ ഇസ്‌ലാമിയുടെ സാംസ്‌കാരിക വ്യവഹാരങ്ങള്‍ തീര്‍ത്തും വ്യതിരിക്തമാകുന്നതിനുപോലും ഈ സാംസ്‌കാരികഭൂമികയുടെ അനുകൂലാവസ്ഥക്ക് നന്ദിപറയേണ്ടതുണ്ട്.  
  സ്വതന്ത്രമായ ആശയപ്രകാശനങ്ങളുടെ തിരമാലകളാണ് അടിയന്തരാവസ്ഥക്കു ശേഷം, കൃത്യമായി പറഞ്ഞാല്‍ എണ്‍പതുകള്‍ക്കുശേഷം ഉണ്ടായത്. ആഗോളതലത്തില്‍തന്നെ ഉയര്‍ന്നുവന്ന വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം എന്ന ആശയത്തിന്റെ പ്രയോക്താക്കളായി കേരള മുസ്‌ലിം ധൈഷണികവിഭാഗം മാറി. പ്രത്യേകിച്ച് ജമാഅത്തിലെ യുവജനവിഭാഗം അതേറ്റെടുത്തു. ഏതു കലയും ഇസ്‌ലാമീകരിക്കാം എന്ന ബോധത്തിന് മേല്‍ക്കൈ ലഭിച്ചു.  1983-ല്‍ രൂപീകരിക്കപ്പെട്ട എസ്.ഐ.ഒ 1985-ല്‍ ഒന്നാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഗാന കാസറ്റ് പുറത്തിറക്കുന്നു, എക്‌സിബിഷനും നാടകങ്ങളും സംഘടിപ്പിക്കുന്നു, സമ്മേളന പ്രചാരണാര്‍ഥം തെരുവുനാടകങ്ങളും പ്രകടനങ്ങളും നടക്കുന്നു, കേരളം അതുവരെ കേള്‍ക്കാത്ത വാക്കുകള്‍ മുദ്രാവാക്യങ്ങളിലൂടെ അന്തരീക്ഷത്തിലുയരുന്നു, കലാ-സാഹിത്യരംഗത്തെ ഏകോപിപ്പിക്കാന്‍ 'സര്‍ഗസംഗമം' രൂപീകരിക്കപ്പെടുന്നു, ഇസ്‌ലാമിയാ കോളേജുകളിലുള്ള എസ്.ഐ.ഒ ഘടനകളില്‍ കലയുടെയും സാഹിത്യത്തിന്റെയും പുതിയ പരീക്ഷണങ്ങള്‍ നടക്കുന്നു, കേരളോത്സവം പോലുള്ള പൊതു കലാ-സാഹിത്യമേഖലകളില്‍ അവര്‍ പങ്കാളികളാകുന്നു, ഗാനമേളയും ഗായകസംഘങ്ങളും ഉണ്ടാകുന്നു. നാടക-കലാ- സാഹിത്യ പരിശീലനക്യാമ്പുകള്‍ നടത്തപ്പെടുന്നു.... 'ഇസ്‌ലാമിക' ഓട്ടന്‍തുള്ളലും വില്ലടിച്ചാന്‍ പാട്ടും വരെ ഇക്കാലത്തുണ്ടായി. അബൂ റഫീഖ് പോത്തുകല്ലിനെപ്പോലെയുള്ള കലാപ്രവര്‍ത്തകര്‍ ഈ പ്രകടനങ്ങളുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. 
അടിയന്തരാവസ്ഥക്കുശേഷം മലയാളസാഹിത്യം നേരിട്ട പുതിയ ഭാഷാ-സാഹിത്യ വിനിമയങ്ങളെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പുതുതലമുറ ഏറ്റെടുത്തു. 1980-ല്‍ തൃശൂരിലെ ജമാഅത്ത് ആശയമുള്ള ചില ചെറുപ്പക്കാര്‍ 'ടിറ്റ് ഫോര്‍ ടാറ്റ്' (ഉരുളക്കുപ്പേരി) എന്ന പ്രസിദ്ധീകരണം തുടങ്ങി. ആ പേരുപോലും എത്ര വിപ്ലവകരമായിരുന്നു! അതേ വര്‍ഷംതന്നെ കുട്ടികള്‍ക്കായി 'മലര്‍വാടി' ബാലപ്രസിദ്ധീകരണം ആരംഭിച്ചു. 1985-ല്‍ കേരളമുസ്‌ലിം സംഘടനകളില്‍നിന്ന് ആദ്യത്തെ വനിതാമാസിക 'ആരാമം' പുറത്തുവന്നു. 1986-ല്‍ എസ്. ഐ. ഒ മുഖപത്രമായ 'യുവസരണി' ആരംഭിച്ചു. 1987-ല്‍ 'മാധ്യമം' ദിനപത്രം പ്രസിദ്ധീകരണം തുടങ്ങി. സാഹിത്യരംഗത്തെ കേരളമുസ്‌ലിംകളുടെ ഉണര്‍വുകളെ മുഴുവന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ധൈഷണികധാര സ്വായത്തമാക്കുകയായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍, ബി എം ഗഫൂര്‍, കെ എ കൊടുങ്ങല്ലൂര്‍ തുടങ്ങിയ മുസ്‌ലിം എഴുത്തുനിരയുടെ നന്മ നിറഞ്ഞ പിന്തുണയും ഈ സാഹിത്യസംരംഭങ്ങളൊക്കെയും നേടിയെടുത്തു. സംഘടനയുടെ സമ്മേളനങ്ങള്‍, കാമ്പയിനുകള്‍, സ്ഥാപന വാര്‍ഷികങ്ങള്‍ എന്നിവ നല്‍കിയ അവസരവും സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകളും വേണ്ടുവോളം ജമാഅത്തെ ഇസ്‌ലാമിയുടെ കലാ-സാഹിത്യ മേഖലകള്‍ ഉപയോഗിച്ചു. എസ്.ഐ.ഒ അക്കാലത്ത് പുറത്തിറക്കിയ ലഘുലേഖകള്‍ മാത്രം മുന്‍നിര്‍ത്തി ഭാഷാ - സാഹിത്യരംഗത്ത് പ്രസ്ഥാനത്തിലെ പുതുതലമുറ സൃഷ്ടിച്ച ഇസ്‌ലാമികമായ ഉണര്‍വുകളെ വിശകലനം ചെയ്യാം.
ഈ ഘട്ടത്തിന്റെ അവസാന വര്‍ഷങ്ങളിലുണ്ടായ പഠനപരിശ്രമങ്ങളും ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. കലയിലെയും സാഹിത്യത്തിലെയും ഇസ്‌ലാമിക പ്രതിനിധാനത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ ശില്‍പശാലകളിലൂടെയും പരിശീലന ക്യാമ്പുകളിലൂടെയും ലേഖനങ്ങളിലൂടെയും പലവുരു ഉന്നയിക്കപ്പെട്ടു. 'സര്‍ഗസംഗമ'വും 'സംവേദനവേദി'യും 'തനിമ' കലാ-സാഹിത്യവേദിയും ഇസ്‌ലാമിക സൗന്ദര്യ ദര്‍ശനം, കലയുടെ ഇസ്‌ലാമിക മാനങ്ങള്‍, ഇസ്‌ലാമിക കലാ പഠനങ്ങള്‍, സാഹിത്യത്തിലെ ഇസ്‌ലാമിക മുദ്രകളുടെ അന്വേഷണങ്ങള്‍, ഇസ്‌ലാമിക കലയുടെ സാധ്യതകള്‍, കലാ പ്രകടനങ്ങളുടെ ഇസ്‌ലാമിക അതിരുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും ലേഖനങ്ങളും പഠനങ്ങളും പുസ്തകങ്ങളുമുണ്ടായി. ഒരുപക്ഷേ, കേരളത്തിലെ മറ്റൊരു സംഘടനയും ഇത്രയധികം പഠനങ്ങള്‍ അക്കാലത്ത് ആ വിഷയങ്ങളില്‍ നടത്തിയിട്ടുണ്ടായിരുന്നില്ല. അതോടൊപ്പം, മലയാളത്തിലെ ഇസ്‌ലാമിക ചിന്തകള്‍ക്ക് പ്രത്യുല്‍പാദനശേഷി നല്‍കിയ ഒട്ടേറെ പുസ്തകങ്ങള്‍ ഈ കാലയളവില്‍ ഐ.പി.എച്ച് പുറത്തിറക്കി. കൂടുതലും വിവര്‍ത്തനങ്ങള്‍ തന്നെ. മുഹമ്മദ് അസദ്, ഇസ്സത് ബെഗോവിച്ച് തുടങ്ങിയവരുടെ രചനകളുടെ മൊഴിമാറ്റം അന്ന് ആധുനികത സൃഷ്ടിച്ച ഇസ്‌ലാമോഫോബിയക്കെതിരെ മലയാളത്തിലെ സഹൃദയ വായനക്കാര്‍ക്കുള്ളില്‍ പ്രതിരോധങ്ങള്‍ തീര്‍ത്തു.
പെരുമഴയുടെ പിറ്റേന്ന് നീര്‍ച്ചാലുകളെ നനച്ചൊഴുക്കുന്ന പ്രവാഹം കണക്കെ തീരങ്ങളെ പ്രകമ്പനം ചെയ്തുണ്ടായ ഈ കലാ-സാഹിത്യപ്രവേഗത്തില്‍ ചില പൂര്‍വധാരണകളൊക്കെ കടപുഴകിയെന്നതു ശരിതന്നെ. ഒരു ചരിത്രവസ്തുത എന്ന നിലക്ക് അവയെ വിലയിരുത്തേണ്ടതുണ്ട്. ഏതൊരു പ്രസ്ഥാനത്തിന്റെയും മുന്നോട്ടുപോക്കില്‍ വിമര്‍ശനാത്മകമായ ഇത്തരം വിലയിരുത്തലുകള്‍ക്ക് അവഗണിക്കാനാവാത്ത സ്ഥാനമുണ്ട് എന്നതിനാല്‍, ആ വിശകലനങ്ങള്‍ക്ക് ചില മാതൃകകള്‍ താഴെ നല്‍കുന്നു. അവക്ക് വേണ്ടുംവണ്ണം ഉദാഹരണങ്ങള്‍ നിരത്തേണ്ടതുണ്ട്, സ്ഥലപരിമിതി അതിനനുവദിക്കുന്നില്ല എന്നതുകൊണ്ടുമാത്രം വായനക്കാര്‍ സൂചനകളില്‍ തൃപ്തരാകേണ്ടിവരും.
1. 'മുഖ്യധാര' എന്നറിയപ്പെട്ടിരുന്ന സാഹിത്യ- കലാ വ്യവഹാരങ്ങള്‍ ഇസ്‌ലാമിനെ അകത്തുചെന്ന് ആക്രമിക്കാനാരംഭിച്ചതാണ് ജമാഅത്തെ ഇസ്‌ലാമിക്ക് പുതിയ കലാ- സാഹിത്യവ്യവഹാരങ്ങള്‍ ആവശ്യമാണെന്ന തോന്നലുണ്ടാക്കിയത്. പ്രബോധനത്തിന്റെ 'ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാര്‍ഷികപ്പതിപ്പി'ല്‍, സംഘടനയുടെ ഓരോ പ്രസിദ്ധീകരണത്തെയും പരിചയപ്പെടുത്തുന്ന ചെറുകുറിപ്പുകളെ അപഗ്രഥിച്ച് ഈ 'ആവശ്യകതാബോധം' വ്യക്തമാക്കാം. സ്ത്രീകള്‍ക്കിടയിലെ പൈങ്കിളിസാഹിത്യങ്ങളുടെ മേല്‍ക്കൈ 'ആരാമ'ത്തെ സൃഷ്ടിച്ചു, കുട്ടികളുടെ വായനയിലെ അനിസ്‌ലാമിക സ്വാധീനം 'മലര്‍വാടി'യെ സൃഷ്ടിച്ചു, പൊതു ഇടത്തിലെ ഇസ്‌ലാമിക വിമര്‍ശനത്തിന് മറുപടി പറയാന്‍ മുഖ്യധാര അവസരം നല്‍കാത്തത് 'ടിറ്റ് ഫോര്‍ ടാറ്റി'നെ സൃഷ്ടിച്ചു, ഇസ്‌ലാമിക സാഹിത്യമാതൃകകളുടെ അഭാവം 'യുവസരണി'യെ സൃഷ്ടിച്ചു എന്നിങ്ങനെ പോകുന്നു ആ സത്യവാങ്മൂലങ്ങള്‍. ജമാഅത്തെ ഇസ്‌ലാമിയുടെ അക്കാലത്തെ (ഇക്കാലത്തെയും) എല്ലാ മാധ്യമചുവടുവെപ്പുകളും ഇവ്വിധം ഒരു 'മറുപടി'യായിരുന്നു, അല്ലെങ്കില്‍ മറുപടിക്കായുള്ള ഒരു സ്ഥിരം സംവിധാനമായിരുന്നു. മതേതരവേദികളില്‍നിന്നുണ്ടായ ബൗദ്ധികവിമര്‍ശനങ്ങള്‍ക്ക് ഇസ്‌ലാമിനെ പ്രതിനിധീകരിച്ചുള്ള മറുപടികള്‍ക്ക് അവസരം നിഷേധിക്കപ്പെട്ടത് ഇത്തരം വേദികളുടെ പ്രസക്തി വര്‍ധിപ്പിച്ചു.  ശരീഅത്ത് വിവാദമടക്കം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ലോക്കപ്പിലടച്ച പല വിമര്‍ശനങ്ങളെയും നേര്‍ക്കുനേരെ നിര്‍ത്തി മറുചോദ്യം ഉന്നയിക്കാന്‍ മലയാള ഇസ്‌ലാമിന് ധൈര്യം നല്‍കിയത് ജമാഅത്തെ ഇസ്‌ലാമിയുടെ ഈ സംവിധാനങ്ങളായിരുന്നു എന്നതാണ് ചരിത്രം.
2. ഇത്തരം കലാ-സാഹിത്യ വ്യവഹാരങ്ങള്‍ക്കുള്ള അന്നത്തെയും ഏക മാതൃക കേരളത്തിലെ ഇടതുപക്ഷമായിരുന്നു. അടിയന്തരാവസ്ഥക്കു ശേഷമുള്ള മലയാള സാംസ്‌കാരികലോകം ഇടത്തോട്ടു തിരിഞ്ഞതാകയാല്‍ അതിന്റെ സ്വാധീനശക്തിയില്‍നിന്ന് മാറിനില്‍ക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്കു കീഴിലുള്ള കലാ- സാഹിത്യ വ്യവഹാരങ്ങള്‍ക്കും പലപ്പോഴും കഴിഞ്ഞില്ല. അപ്പോഴും പരമമായ ലക്ഷ്യം ദീനിന്റെ പ്രാപ്തിയാണെന്ന ആന്തരികബോധം ഉള്ളില്‍കൊണ്ടതുകൊണ്ടുമാത്രം അവ 'മുഖ്യധാര'യോട് കലരാതെ വേറിട്ടുനിന്നു. എല്ലാ ആവിഷ്‌കാരങ്ങള്‍ക്കും ആ ബോധത്തിന്റെ അടിക്കുറിപ്പോ അവസാന ഖണ്ഡികയോ അനിവാര്യമായിത്തീര്‍ന്നു. തുറന്നുപറയാനും പറയാതിരിക്കാനുമാകാത്ത ഈ ആത്യന്തിക'നിയ്യത്തി'ന്റെ അകത്തുകിടന്ന് ഇസ്‌ലാമിക കലാ-സാഹിത്യങ്ങള്‍ വീര്‍പ്പുമുട്ടി.
3. എല്ലാ അവതരണ കലകളും ശരീരത്തിന്റെ അപ്രതിനിധാന (ങശൃെലുൃലലെിമേശേീി)മാണ്.  പടച്ചവന്റെ ഖിലാഫത്തിനെ തകിടംമറിക്കുന്ന അത്തരം പ്രകടനങ്ങളെ ഇസ്‌ലാം സംശയത്തോടെയാണ് വീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ നാടകമടക്കമുള്ള എല്ലാ കലാപ്രകടനങ്ങളിലും ഇടപെടുന്നതിലെ 'ഹഖ്' എന്ന പ്രശ്‌നം നിരന്തരം ഇസ്‌ലാമിക പ്രസ്ഥാനം അഭിമുഖീകരിച്ചുകൊണ്ടേയിരുന്നു. 'മലര്‍വാടി'യിലെ ചിത്രങ്ങള്‍ കാരണമായിപോലും ഒരുകാലത്ത് മുസ്‌ലിം സമുദായം ഈ സംഘടനയെ ഫിഖ്ഹിന്റെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. ആസ്വാദനത്തേക്കാള്‍ ആശയപ്രകടനത്തിന് മേല്‍ക്കൈ ലഭിക്കണമെന്ന പ്രസ്ഥാനത്തിനകത്തെ നിബന്ധനകള്‍ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊരു ആന്തരികമായ സെന്‍സര്‍ഷിപ്പും ഏര്‍പ്പെടുത്തി. ഇവ രണ്ടിനെയും പരമാവധി പരിഗണിച്ചുകൊണ്ട് മാത്രം കലാ-സാഹിത്യ വ്യവഹാരങ്ങളില്‍ മുന്നോട്ടുപോകാനേ ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞുള്ളൂ. അഭിനയം, ചിത്രം, സംഗീതം, സാഹിത്യം എന്നിവയിലൊക്കെയും സംശയത്തോടെ മാത്രം ചുവടുവെക്കാനിടയായത് ആത്മവിശ്വാസത്തെയും ആവിഷ്‌കാരത്തിന്റെ പൂര്‍ണതയെയും തെല്ലൊന്നുമല്ല കുറച്ചത്.
4. തൊണ്ണൂറുകളുടെ അവസാനത്തില്‍ ഉണ്ടായ സാങ്കേതികവിദ്യകളുടെ വന്‍പ്രചാരണത്തെ തെല്ല് സംശയത്തോടെയാണ് ജമാഅത്തെ ഇസ്‌ലാമിയും അനുബന്ധ ഘടകങ്ങളും സമീപിച്ചത്. ജമാഅത്തിന്റെ വിദ്യാര്‍ഥി- യുവജന വിഭാഗത്തില്‍ അക്കാലത്ത് സാങ്കേതികവിദ്യയോടുണ്ടായിരുന്ന രാഷ്ട്രീയമായ എതിര്‍പ്പ് ഇതിന് വലിയൊരു കാരണമായിരുന്നു. എസ.്‌ഐ.ഒ സര്‍ഗസംഗമം 'സംവേദനവേദി'യായി രൂപംമാറിയതിനുശേഷം ഉത്തര ഘടനാവാദ രാഷ്ട്രീയത്തിന്റെ ചില ഉള്‍ക്കാഴ്ചകള്‍ കലാ-സാഹിത്യ ഇടപാടുകളില്‍ ഉണ്ടായി. ഈ ലേഖനത്തില്‍ ഇനി വിവരിക്കാനിരിക്കുന്ന മൂന്നാം ഘട്ടത്തിന്റെ തുടക്കവുമായിരുന്നു അത്. നവോത്ഥാന ആധുനികതയോടുള്ള പ്രതികരണം/പ്രതിഷേധം ഉത്തരാധുനികതയുടെ ആശയപരിസരത്തോടുള്ള സ്വാഭാവികമായ അടുപ്പമായി മാറി. ബൃഹദാഖ്യാനങ്ങള്‍ക്കു പകരം ചെറുതനിമകളെ പകരംവെക്കാനുള്ള ധൈഷണിക ശ്രമങ്ങള്‍ ഉണ്ടായി എന്നതായിരുന്നു അതിന്റെ ഫലം. യുവജനോത്സവം, ശാസ്ത്രമേള പോലുള്ള വമ്പന്‍ പ്രൊജക്ടുകളെ നിരാകരിക്കുകയും സ്വത്വത്തിലേക്കും തനിമയിലേക്കും മടങ്ങിപ്പോകാനുള്ള ശ്രമങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുകയും ചെയ്തു. അക്കാലത്ത് കേരളത്തില്‍ വ്യാപകമായ എല്‍. സി. ഡി കാഴ്ചാ സാങ്കേതികവിദ്യയെ ജമാഅത്തെ ഇസ്‌ലാമിയും കേരളത്തിലെ മറ്റു മുസ്‌ലിം സംഘടനകളും  എങ്ങനെ ഉപയോഗപ്പെടുത്തി എന്നത് ഇക്കാര്യത്തിലെ ഉദാഹരണസൂചിയാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപനങ്ങള്‍ ആ സൗകര്യത്തെ പരമാവധി പരിധികള്‍ നിശ്ചയിച്ച് കലാപരമായ പ്രദര്‍ശനങ്ങള്‍ക്കു മാത്രം ഉപയോഗിച്ചപ്പോള്‍ തെരുവോരങ്ങളും അങ്ങാടികളും മുഴുവന്‍ എല്‍.സി.ഡി ഉപയോഗിച്ചുള്ള ഖണ്ഡന-മണ്ഡന, വാദ-പ്രതിവാദ കോലാഹലങ്ങള്‍കൊണ്ട് മലീമസമാക്കുകയായിരുന്നു മറ്റു മുഖ്യ മുസ്‌ലിം സംഘടനകള്‍.
5. സ്ത്രീകളുടെ പക്ഷത്തുനിന്നുള്ള കലാ - സാഹിത്യ ആവിഷ്‌കാരങ്ങളില്‍ ഈ ഘട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമി എന്തു ചെയ്തു എന്ന ചോദ്യം കൂടി പ്രസക്തമാണ്. മലയാളസാഹിത്യത്തില്‍ സ്ത്രീ എഴുത്ത് ശക്തമായ തൊണ്ണൂറുകളില്‍ സ്വന്തമായി ഒരു വനിതാ പ്രസിദ്ധീകരണമുണ്ടായിട്ടുപോലും എണ്ണം പറഞ്ഞ എഴുത്തുകാരികളെയോ പെണ്ണെഴുത്തിനെയോ പ്രകടമാക്കാന്‍ ജമാഅത്തിന് കഴിഞ്ഞില്ല. സ്ത്രീപക്ഷ ഗാനങ്ങള്‍ (ബാബുല്‍ മര്‍അ) പോലെ ചില ചില്ലറ ശ്രമങ്ങളല്ലാതെ പെണ്‍വിനിമയങ്ങളില്‍ എടുത്തുകാണിക്കാനാകുന്ന ഒരിളക്കവും ഉണ്ടായില്ല. ആരാമമാകട്ടെ, ആധുനികതയുടെ പഴയ ഒച്ച വീണ്ടും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയായിരുന്നു.
6. നവ ധൈഷണിക വേലിയേറ്റം കേരളമണ്ണിലേക്കുണ്ടായ ആധുനികതയുടെ ആ അസ്തമയഘട്ടത്തില്‍ മലയാളചിന്തയില്‍ മൗലികമായ ഒരു ഇസ്‌ലാമിക പഠനമോ ഗ്രന്ഥമോ പുറത്തെടുക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സാധ്യമാവാതിരുന്നത് എന്തുകൊണ്ടായിരുന്നു എന്നതും പരിശോധിക്കേണ്ടതാണ്. വിദ്യാര്‍ഥിത്വം, മാനവീകരണം തുടങ്ങിയ ചില പുതിയ മുദ്രാവാക്യങ്ങളും അതിനോടനുബന്ധിച്ച ആശയങ്ങളും ഉല്‍പാദിപ്പിക്കാന്‍ എസ്.ഐ.ഒക്ക് അക്കാലത്ത് കഴിഞ്ഞു. എങ്കിലും, ആധുനികാനന്തര ചിന്തകളെ ഇസ്‌ലാമികമായ ഉള്‍ക്കാഴ്ചയോടെ കേരളപരിസരത്തില്‍ വായിച്ചെടുക്കാനും അതിനെ അറിവായി സമര്‍പ്പിക്കാനുമുള്ള യുവജനങ്ങളുടെ ത്രാണിയെ അല്‍പം ആശങ്കയോടെയാണ് കേരള ജമാഅത്ത് അപ്പോള്‍ നേരിട്ടത് എന്നത് വസ്തുതയാണ്.

മൂന്നാം ഘട്ടം 
ഭാരങ്ങളില്ലാത്ത ആവിഷ്‌കാരങ്ങള്‍
പുതിയ നൂറ്റാണ്ടിനു തൊട്ടുമുമ്പ് ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടെ ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിട്ട ജനിതകമാറ്റങ്ങളെ കൂടുതല്‍ ആത്മവിശ്വാസത്തോടെയും മുന്നില്‍ നിന്നും ആവിഷ്‌കരിക്കാനുള്ള ബലം ഉത്തരാധുനികതയുടെ സാമൂഹികപശ്ചാത്തലം നല്‍കി എന്നതാണ് മൂന്നാമത്തെ ഘട്ടത്തിന്റെ സവിശേഷത. മാപ്പിള/മുസ്‌ലിം സ്വത്വബോധത്തിന്റെ പിന്തുണയോടെ സ്വന്തം ആശയാടിത്തറകള്‍ തുറന്നുപറയാനാകുന്ന ബദല്‍ ശബ്ദങ്ങളുടെ കാലമാണ് ഇത്. 'മുഖ്യധാര'യെ തിരുത്താനുള്ള ശ്രമം മാത്രമല്ല മുഖ്യധാര പോലും നിലനില്‍ക്കുന്നില്ല എന്ന പുതുബോധവും ശക്തമായി. അതുകൊണ്ടുതന്നെ    സംസ്‌കാരത്തില്‍  ക്ഷമാപണസ്വരത്തോടെ അല്ലാതെ ഇടപെടാനുള്ള ധീരത ഈ കാലം ജമാഅത്തെ ഇസ്‌ലാമിക്കു മാത്രമല്ല എല്ലാ മുസ്‌ലിം സംഘടനകള്‍ക്കും നല്‍കി. എന്താണ് കല, എന്താണ് സാഹിത്യം എന്നീ ചോദ്യങ്ങള്‍ക്ക് ആധുനികതതന്നെ വിളക്കിച്ചേര്‍ത്ത അച്ചുകളില്‍ നിരത്തിയ ഉത്തരം മാത്രമായിരുന്നു ആധുനികത  പ്രതീക്ഷിച്ചിരുന്നത്. അത്തരം പൂര്‍വധാരണകളെയെല്ലാം മറിച്ചിട്ട് ഇസ്‌ലാമിക കല, ഇസ്‌ലാമിക ജീവിതം എന്നിവയില്‍ മൗലികമായ ഉത്തരങ്ങളുണ്ടായി. അതോടെ വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം അല്ല, ഇസ്‌ലാം സ്വയമേവ ഒരു വിജ്ഞാനപദ്ധതിയാണെന്ന് അംഗീകരിക്കപ്പെട്ടു. ആശയത്തിന് പുറത്തുനില്‍ക്കുന്ന കലയും ആവിഷ്‌കാരവുമല്ല, ആശയംപോലും കലയുടെയും ആവിഷ്‌കാരത്തിന്റെയും മറ്റൊരു രൂപമാണെന്നും തിരിച്ചറിഞ്ഞു. സര്‍ഗാത്മകത എന്നത് കലയിലും സാഹിത്യത്തിലും മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല എന്നും അത് ജീവിതത്തെ ആകെക്കൂടി പൊതിഞ്ഞുനില്‍ക്കുന്ന സൗന്ദര്യത്തിന്റെ സത്തയാണെന്നും ഉറക്കെ പറയാന്‍ കേരളത്തിലെ ഇസ്‌ലാമിക ബുദ്ധിജീവികള്‍ക്ക് കഴിഞ്ഞു. അങ്ങനെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ എല്ലാ അനുബന്ധ സംവിധാനങ്ങളും എഴുത്തിന്റെയും ആവിഷ്‌കാരത്തിന്റെയും സാംസ്‌കാരിക മുന്നേറ്റത്തില്‍ പങ്കാളിയായി. 
സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പത്തു വര്‍ഷംകൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക മേഖലയിലുണ്ടാക്കിയ ഇളക്കങ്ങള്‍ ചെറുതല്ല. സമരത്തിന്റെയും പെരുമാറ്റത്തിന്റെയും പുതിയ സാധ്യതകള്‍ അത് ആവിഷ്‌കരിച്ചു. സൈബര്‍ ലോകം നല്‍കിയ പുതിയ സാധ്യതകളും ദൃശ്യമാധ്യമ ലോകത്തെ ജമാഅത്തിന്റെ ഇടപെടലുകളും ഇസ്‌ലാമിക കലാ-സാഹിത്യ ആവിഷ്‌കാരങ്ങളുടെ കാര്യത്തില്‍ സംഘടനകള്‍ തമ്മിലുള്ള മത്സരവേദികള്‍ പോലുമായി. കേരളത്തിലെ മുസ്‌ലിംകളുടെ സ്വത്വബോധത്തിലുണ്ടായ മാറിയ അവബോധം ക്ഷമാപണങ്ങളില്ലാത്ത നിലപാടുകള്‍ എഴുത്തിലും ആവിഷ്‌കാരങ്ങളിലും സൃഷ്ടിച്ചു. ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ഉണ്ടായിരുന്ന 'ഇസ്‌ലാമികത' എന്ന ഭീഷണിയെ സ്വയം ഏറ്റെടുക്കാനുള്ള സന്നദ്ധത പുതുതലമുറക്കാര്‍ പ്രകടിപ്പിക്കുകതന്നെയുണ്ടായി. ശാന്തപുരം അല്‍ ജാമിഅയില്‍നിന്ന് ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ ബിരുദം നേടിയ ഒരാള്‍ക്ക് 'മുഖ്യധാര'യില്‍ ചെന്ന് സിനിമയെടുക്കാനുള്ള അവസരം മാത്രമല്ല, അതിനെ ഇസ്‌ലാമികമായി സാധൂകരിക്കാനുള്ള ധൈര്യവും കൈവന്നു. പെണ്‍കുട്ടികളടക്കമുള്ള യുവ പ്രതിഭകളുടെ പുതിയ ശബ്ദങ്ങള്‍ സ്വഛമായ സാഹചര്യങ്ങളെ സഫലവും സര്‍ഗാത്മകവുമായി ഉപയോഗപ്പെടുത്തി. 'ഇസ്‌ലാമിലെ സ്ത്രീ' എന്ന എക്കാലത്തെയും മതേതര ചോദ്യോത്തര സെഷന്‍ കേരളത്തില്‍ സ്ത്രീകള്‍ സ്വയം ഏറ്റെടുത്ത് മുന്നേറുന്നത് ഈ കാലത്തിന്റെ സംഭാവനയാണ്.
കലാ-സാഹിത്യ മേഖലയില്‍ ആധുനികത പ്രതിഷ്ഠിച്ച അധികാരസ്ഥലികള്‍ തകര്‍ന്നു. കേരളത്തില്‍ മാധ്യമം ആഴ്ചപ്പതിപ്പിന്റെ തുടക്കം അതിന് പരോക്ഷമായ പശ്ചാത്തലം സൃഷ്ടിച്ചിട്ടുണ്ട്. മാധ്യമം ആഴ്ചപ്പതിപ്പ് നല്‍കിയ അവസരത്തിലൂടെ ജമാഅത്ത് വൃത്തത്തില്‍പെട്ട ചിലരെങ്കിലും, നേരത്തേ 'മുഖ്യധാര' അടച്ചുപൂട്ടിയ വാതിലുകള്‍ തള്ളിത്തുറന്നുകൊണ്ട് പ്രസ്ഥാനത്തെ ആനന്ദിപ്പിച്ചിട്ടില്ല. എന്നാല്‍,  നേരത്തേ ജമാഅത്തിന്റെ ധൈഷണിക ലോകത്തേക്ക് ഒഴുകിയെത്താതിരുന്ന പലരും മാധ്യമം ആഴ്ചപ്പതിപ്പിലേക്ക് എത്തിയെന്നത് നേരാണ്. ഉത്തരാധുനിക കവിതയുടെയും കഥയുടെയും ലേഖനമെഴുത്തിന്റെയും സാധ്യതകളെ മലയാളത്തിനു സമ്മാനിച്ചതില്‍ മാധ്യമം ആഴ്ചപ്പതിപ്പ് വഹിച്ച പങ്ക് ചെറുതല്ല. തമിഴിന്റെയും ലോകസാഹിത്യത്തിന്റെയും അതിരുകളെ അത് മലയാളത്തിനോടടുപ്പിച്ചു. മലയാളമെഴുത്തിന്റെ പുതിയ ഭാഷയും രൂപവും നിരന്തരം മാധ്യമം ആഴ്ചപ്പതിപ്പ് വായിച്ച പ്രാസ്ഥാനികലോകം അതോടെ തൊട്ടറിഞ്ഞു. സംഘടനയുടെ സാംസ്‌കാരികച്ചുമരില്‍ സ്ഥാപിക്കുന്ന ഒരു ജാലകം പുറത്തുനിന്ന് അകത്തേക്കും കാറ്റിനെ കൊണ്ടുവരും. ആ സാംസ്‌കാരികധാര ജമാഅത്ത് ബുദ്ധിജീവിതങ്ങള്‍ അനുഭവിച്ചതൊക്കെയും പ്രസ്ഥാനം സ്വയം തിരിച്ചറിയുകതന്നെ ചെയ്തു. ആ ആഗമനങ്ങള്‍ അതിന്റെ നിലപാടിലും ഇടപാടിലും മാറ്റങ്ങളുണ്ടാക്കുകതന്നെ ചെയ്തു.
ഇത്തരം ഇളക്കങ്ങള്‍, നേരത്തേ 'മുഖ്യധാര' എന്ന് വ്യവഹരിച്ച സാംസ്‌കാരിക മേഖലയിലേക്ക് ജമാഅത്തിനെ - അനുകൂലമോ പ്രതികൂലമോ ആകട്ടെ - ഒരാശയമെന്ന നിലക്ക് കടത്തിവിടുകയും ചെയ്തിട്ടുണ്ട്.  കെ.പി രാമനുണ്ണിയുടെ 'ആയുസ്സിന്റെ പുസ്തകം' നോവലില്‍ ജമാഅത്തെ ഇസ്‌ലാമി പ്രധാന ഇനമായി കടന്നുവരുന്നു. മാതൃഭൂമിയുടെയും മലയാളം വാരികയുടെയും കവറുകളില്‍ തൂങ്ങി ജമാഅത്തെ ഇസ്‌ലാമി പലവട്ടം വായനക്കാര്‍ക്ക് മുന്നിലെത്തുന്നു. ചില പുതുതലമുറ സിനിമകളില്‍ ജമാഅത്ത് പ്രവര്‍ത്തകരുടെയോ കുടുംബപശ്ചാത്തലത്തിന്റെയോ മാതൃക ചിത്രീകരിക്കപ്പെടുന്നു. ഇസ്‌ലാം തന്നെ പൊതുപ്രമേയമായി മലയാള കലാ-സാഹിത്യ വ്യവഹാരങ്ങളില്‍ ഇടം നേടുന്നു. അപരസ്ഥാനത്തല്ലാതെ മുസ്‌ലിം കഥാപാത്രങ്ങള്‍ മലയാളസാഹിത്യത്തിലും സിനിമയിലും ഉണ്ടാകുന്നു. ഇക്കാലത്ത് ഇത്തരം മാറ്റങ്ങള്‍ ഉണ്ടായതിനു പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ശക്തമായ ബൗദ്ധിക സ്വാധീനമുണ്ട് എന്നത് നിരാകരിക്കാനാവില്ല. 

ഒരു ചോദ്യം ബാക്കിയാണ്
ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനയുടെ മുക്കാല്‍ നൂറ്റാണ്ട് മലയാളത്തിന് എന്തു നല്‍കി എന്ന ചോദ്യം അപ്പോഴും ബാക്കിയാണ്. ഐ. പി. എച്ചും മറ്റു പ്രസാധന സംരംഭങ്ങളും പുറത്തിറക്കിയ നൂറുകണക്കിന് പുസ്തകങ്ങള്‍ പ്രബോധനം തൊട്ട് മലര്‍വാടി മാസിക വരെയുള്ള പ്രസിദ്ധീകരണങ്ങള്‍, തനിമ കലാ-സാഹിത്യവേദി അടക്കമുള്ള സാംസ്‌കാരിക സദസ്സുകള്‍, ഗാനമേളകളും നാടകവേദികളും വായനശാലകളും ഉള്‍പ്പെട്ട കലാ-സാംസ്‌കാരിക സംവിധാനങ്ങള്‍, സംഘടനയുടെ അകത്തുനിന്നും പുറത്തുനിന്നും സാംസ്‌കാരിക മലയാളത്തില്‍ ഇടപെടുന്ന നൂറുകണക്കിന് പ്രതിഭകള്‍... ഇതൊക്കെയും അടയാളപ്പെടുത്താതെ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന് അതിജീവിക്കാനാവില്ല. എങ്കിലും ഒരുപക്ഷേ, ഇവയൊന്നും എവിടെയും രേഖപ്പെടുത്താതെ മറന്നുപോയേക്കാം. എന്നാല്‍, 'ഇസ്‌ലാമിക വിജ്ഞാനകോശം' എന്ന ആ മഹാസംരംഭമുണ്ടല്ലോ. അതവിടെ ഉണ്ടാകും. അതെങ്കിലും മായാതെ ബാക്കിയാവും.
മ്മ
അവലംബം:
1. പ്രബോധനം ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാര്‍ഷികപ്പതിപ്പ് 1992
2. പ്രബോധനം കേരള മുസ്‌ലിം നവോത്ഥാന ചരിത്രം. സ്‌പെഷ്യല്‍ പതിപ്പ് 1998
3. അടയാളം - ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനം പിന്നിട്ട വഴികള്‍ 2004
4. പ്രബോധനം അറുപതാം വാര്‍ഷികപ്പതിപ്പ് 2009
5. കണ്ണീരും പുഞ്ചിരിയും, കെ.ബി.കെ വളാഞ്ചേരി, തൂലിക പബ്ലിഷേഴ്‌സ്, 1998
6. വിഹായസ്സിന്റെ വിരിമാറില്‍, യു.കെ അബൂ സഹ്‌ല. ഐ.പി.എച്ച്, 2001
 

Comments

Other Post