Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

കേരള മുസ്‌ലിം സമൂഹത്തില്‍       ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സ്വാധീനം

പി.ടി കുഞ്ഞാലി

കേരളത്തിന്റെ ഇസ്‌ലാമിക പ്രതിനിധാനത്തിനു പ്രവാചകനോളം പഴക്കപ്പെരുമകളുണ്ട്. പ്രവാചകജീവിതം കൊണ്ട് മഹിതപ്പെട്ട അറേബ്യന്‍ വണിക്കുകളാല്‍  ആകര്‍ഷിക്കപ്പെട്ട മലയാളിജനത അന്ത്യപ്രവാചകനെ ഉന്മേഷത്തോടെ പുണരുകയായിരുന്നു. കാലംകൊണ്ടിവര്‍ പശ്ചിമതീരത്തെ ഇരമ്പുന്ന വര്‍ത്തകപ്രമാണിമാരായി. ആയിരത്തിനാനൂറ്റി തൊണ്ണൂറ്റിയെട്ടോടുകൂടി മലയാള തീരഭൂമിയിലേക്ക് ഇരമ്പിയെത്തിയ യൂറോപ്യന്‍ അധിനിവേശപ്പട മലയാള മുസ്‌ലിമിന്റെ  സര്‍വസ്വപ്നങ്ങളെയും കുടഞ്ഞെറിഞ്ഞു. യൂറോപ്പിന് വ്യാപാരം മാത്രമായിരുന്നില്ല ലക്ഷ്യം. കുരിശുയുദ്ധ പ്രതികാരവും ഉന്നമായിരുന്നു. അതുകൊണ്ടുതന്നെ കേരളീയ മുസ്‌ലിമിന് നീണ്ട നാനൂറ്റിയമ്പതു വര്‍ഷത്തോളം അധിനിവേശപ്രമത്തതയോടും അവരുടെ പ്രാദേശിക കങ്കാണിമാരോടും നിരന്തരം  അന്യോന്യങ്ങള്‍ വികസിപ്പിക്കേണ്ടിവന്നു. ഈ അന്യോന്യങ്ങള്‍ അവര്‍ക്കു നല്‍കിയത് തീരാദുരിതവും സങ്കടക്കണ്ണീരും മാത്രമാണ്. 1921-ലെ സമരകാലം മുസ്‌ലിം സാമൂഹികശേഷിയെ തീര്‍ത്തും കശക്കി കുടഞ്ഞെറിഞ്ഞുകഴിഞ്ഞിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ 1940-കളിലെ മുസ്‌ലിം സാമൂഹികത  ചിന്താപരവും പ്രയോഗപരവുമായ സ്തംഭനാവസ്ഥയില്‍ തന്നെയായിരുന്നു. ആയിരത്തി തൊള്ളായിരത്തി നാല്‍പ്പതുകളില്‍, നാട് കടന്നുപോന്നത് സവിശേഷമായ ഒരു സംഘര്‍ഷസന്ധിയിലൂടെയാണ്; രണ്ടാം ലോകയുദ്ധത്തിന്റെ തീക്ഷ്ണരൂക്ഷതയും സ്വാതന്ത്ര്യപ്രതീക്ഷയില്‍ ഇരമ്പുന്ന ദേശീയ പ്രസ്ഥാനപ്രവര്‍ത്തനവും. ഇത്തരം  സാമൂഹിക യാഥാര്‍ഥ്യങ്ങളോട് സക്രിയമായി സംവാദം ചെയ്യാനാകാതെ കേരളത്തിലെ മുസ്‌ലിം സാമൂഹികത നിശ്ചലമായിരുന്നു. ഈ നിശ്ചലമായ ഇസ്‌ലാമിക സരസ്സില്‍ വിശ്വാസസുഭഗതയുടെ അലകള്‍ തീര്‍ത്തുകൊണ്ടാണ് ഹാജി സാഹിബിന്റെയും പരിമിത സുഹൃത്തുക്കളുടെയും മുന്‍കൈയില്‍ ഇസ്‌ലാമിക പ്രതിനിധീകരണം സാധിതമായത്. ജമാഅത്തെ ഇസ്‌ലാമി മലയാളി മുസ്‌ലിമിന് പരിചിതമാവുകയായിരുന്നു.
വര്‍ഷങ്ങളായുള്ള ഈ നിശ്ചലതയില്‍ പക്ഷേ ക്ഷുദ്രതകള്‍ പെരുകിനിറഞ്ഞു. അന്ന് മുസ്‌ലിം സമൂഹം പ്രധാനമായി രണ്ടു ധാരകളില്‍ ഭ്രമിച്ചുനിന്നു. ഇതിലൊന്ന് യാഥാസ്ഥിതികതയാണ്. ജ്ഞാനരഹിതരും പ്രതിഭാദരിദ്രരുമായ ഒരു വിഭാഗത്താല്‍ തെളിക്കപ്പെടുന്ന ഒരു കൂട്ടം പാമരസമാജം. ആണ്ടുനേര്‍ച്ചയും കാതുകുത്തും മുടിയെടുപ്പും അഗ്രചര്‍മ പരിഛേദവും മഹത്തായ അമലുസ്സ്വാലിഹാത്തായി അവര്‍ ആഘോഷിക്കും കാലം. ഖുര്‍ആനേക്കാള്‍ മാലപ്പാട്ടുകളും അറബിയേക്കാള്‍ അറബി മലയാളവും ഇസ്‌ലാമിന്റെ ആധാരമാക്കപ്പെട്ട കാലം. നേര്‍ച്ചയും കൊടിയേറ്റവും നാരിയ സ്വലാത്തും നഫീസത്ത് മാലയും നരകമോക്ഷമാര്‍ഗമായി  വിശ്വസിച്ച കാലം. അല്ലാഹുവിനേക്കാള്‍ ബദ്‌രീങ്ങളും പ്രവാചകനേക്കാള്‍ ഖുത്വ്ബീങ്ങളും അനുസരിക്കപ്പെടുന്ന കാലം.  സ്ത്രീസമൂഹം തടവിലാക്കപ്പെട്ട കാലം. മനുഷ്യമോക്ഷത്തിനാധാരമായ വിശുദ്ധ ഖുര്‍ആന്റെ സമൂഹികസംബോധന എന്തെന്നറിയാത്ത കാലം. ഖുര്‍ആന്റെ വിദൂരപരിസരത്തുനിന്നുപോലും പരമതസാന്നിധ്യത്തെ തുരത്തിയോടിക്കും കാലം. അല്ലാഹുവിനും വിശ്വാസിക്കുമിടയില്‍  ഇടതേട്ടത്തിന്റെ നിരവധി ശ്രേണികള്‍ തീര്‍ക്കുകയും അവിടം പുരോഹിതക്കൂട്ടങ്ങളുടെ ഖനനമേഖലയാക്കുകയും ചെയ്ത കാലം. ഇരുട്ടില്‍നിന്ന് സമുദായത്തെ  കൊടും കൂരിരുളിലേക്ക്,  അന്ധര്‍ അന്ധരെ നയിക്കും കാലം. ഇത് യാഥാസ്ഥിക കേരളം.
ഇതിന് സമാന്തരമായി മറ്റൊരു  ധാരയും കേരളീയ മുസ്‌ലിം സമൂഹത്തില്‍ നിലനിന്നിരുന്നു; ഐക്യസംഘത്തിന്റെ തുടര്‍ച്ചയെന്നോണം ഉരുവംകൊണ്ട സലഫീധാര. ഇവര്‍ പക്ഷേ വികസിപ്പിച്ചതും സംബോധന ചെയ്തതും ഇസ്‌ലാമിന്റെ സാമൂഹികശാസ്ത്ര മണ്ഡലത്തെയല്ല. അവരുടെ നവോത്ഥാന പരിശ്രമങ്ങള്‍ കേവലാനുഷ്ഠാനങ്ങളിലെ തര്‍ക്കങ്ങളില്‍ ഇരമ്പിനിന്നു. ഉയര്‍ന്നുപൊങ്ങിയ ഖബ്ര്‍ നിലംപരിശാക്കുന്നതിലും ബദ്‌റിന്റെ ആണ്ടാഘോഷങ്ങളെ തള്ളിപ്പറയുന്നതിലും മഹാജീവിതങ്ങളോട് ഇടതേടുന്നവരെ ദീനില്‍നിന്ന് പുറത്താക്കുന്നതിലും മുസ്‌ലിയാക്കളെ പരിഹസിക്കുന്നതിലും പരിമിതപ്പെട്ടുനിന്നു. 
മുസ്‌ലിയാക്കളും മൗലവിമാരും അക്കാലങ്ങളില്‍ വികസിപ്പിച്ച അന്യോന്യങ്ങള്‍ ഇന്നത്തേതുപോലെത്തന്നെ പരസ്പരം മതഭ്രഷ്ടിന്റെ ഫത്‌വയെഴുത്തില്‍ മുങ്ങിനിന്നു. ഇതോടൊപ്പം മലയാളി മുസ്‌ലിം മറ്റൊരു സാമൂഹിക പ്രതിസന്ധിയെയും തീക്ഷ്ണമായി അനുഭവിച്ചു. അത് ദേശീയ സ്വാതന്ത്ര്യപ്രവര്‍ത്തനങ്ങളോട് പുലര്‍ത്തിയ നിലപാടാണ്. മുഹമ്മദ് അബ്ദുര്‍റഹ്മാന്റെയും മൊയ്തു മൗലവിയുടെയും കട്ടിലശ്ശേരിയുടെയും നേതൃത്വത്തില്‍ ന്യൂനപക്ഷം ദേശീയ പ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിനെ  അംഗീകരിച്ചപ്പോള്‍ സലഫീധാരയിലെ മഹാഭൂരിപക്ഷം നേതാക്കളും പിന്താങ്ങിയത് മുഹമ്മദലി ജിന്നയുടെ നേതൃത്വത്തില്‍ നടന്ന പാകിസ്താന്‍ അനുകൂല  പ്രസ്ഥാനത്തെയാണ്. ജിന്നയെയും അദ്ദേഹത്തിന്റെ കാഴ്ചയില്‍ വികസിപ്പിച്ച ദ്വിരാഷ്ട്ര വാദങ്ങളെയും അവര്‍ പ്രഭാഷണങ്ങളിലും താത്ത്വിക പ്രസിദ്ധീകരണങ്ങളിലും നിരന്തരമായി ന്യായീകരിച്ചു. ജിന്നക്ക് ദീര്‍ഘായുസ്സ് നേര്‍ന്നു.  
ഗാന്ധി പറഞ്ഞതു കേട്ടു നടന്നാല്‍ പിന്നെ നമുക്കൊരു നാടില്ല
ജിന്ന പറഞ്ഞതു കേട്ടു നടന്നാല്‍  പിന്നെ നമുക്കൊരു കേടില്ല
അന്ന് നാം കേട്ട  ഒരു മുദ്രാവാക്യമാണിത്. ചുരുക്കത്തില്‍, നാല്‍പ്പതുകളിലെ മലയാളി മുസ്‌ലിം സമൂഹം പങ്കായം മുറിഞ്ഞ് നടുക്കയത്തില്‍ കരയണയാതെ കുഴയുന്ന ഒരു യാത്രാസംഘമായിരുന്നു. മുസ്‌ലിം ജനസാമാന്യത്തിനും അവരെ നയിച്ച അന്ധനേതൃത്വത്തിനും ഇല്ലാതെ പോയത് ഇസ്‌ലാമിന്റെ തിളങ്ങുന്ന സാമൂഹികശാസ്ത്ര മണ്ഡലമാണ്. ഈ മണ്ഡലത്തോടാണ് ജമാഅത്തെ ഇസ്‌ലാമി  സര്‍ഗാത്മക സംവാദം വികസിപ്പിച്ചത്. അന്നത് വളരെ പ്രധാനമായിരുന്നു. അന്ന് ഇസ്‌ലാം  അനുഷ്ഠാനപ്രധാനം മാത്രമായ ഒരു മതമായി കെട്ടുനിന്നു. ഇരുവിഭാഗവും തമ്മിലുള്ള ഭിന്നത അനുഷ്ഠാനങ്ങളിലെ ആവിഷ്‌കാരത്തില്‍  മാത്രം രമിച്ചുനിന്നു. ഇരുകൂട്ടരും പക്ഷേ,  ഇസ്‌ലാമിന്റെ സാമൂഹികശാസ്ത്രത്തെ ഒരുപോലെ ക്രൂരമായി എറിഞ്ഞുകളഞ്ഞു. അപ്പോള്‍ എന്താണ് ഇസ്‌ലാമിന്റെ സാമൂഹിക സംബോധനയെന്ന് പൊതുമണ്ഡലത്തെയും മുസ്‌ലിം സമൂഹത്തെയും പഠിപ്പിക്കുകയാണ് പ്രസ്ഥാനം ആദ്യമായി നിവര്‍ത്തിച്ചത്.
ഒരു മുസ്‌ലിമിന്റെ മതജീവിതവും പൊതുജീവിതവും വിരുദ്ധ ദ്വന്ദ്വമാണെന്ന മുസ്‌ലിം പൊതുബോധത്തെയാണ് പ്രസ്ഥാനം ഒന്നാമതായി തിരുത്തിയത്. ഇത് സാമാന്യജനം അതുവരെ  ചെന്നെത്താത്ത ബോധത്തിന്റെ ചന്ദ്രമണ്ഡലമായിരുന്നു. അന്ത്യപ്രവാചകന്‍ ആവിഷ്‌കരിച്ചതും അതിനു മുമ്പേ അല്ലാഹുവിന്റെ പ്രവാചകന്മാര്‍ നിര്‍വഹിച്ചതുമായ  ദൗത്യം പ്രധാനമായും അല്ലാഹുവിന്റെ അധീശത്വം  അവന്റെ ഭൂമിയില്‍  നിവര്‍ത്തിക്കുക എന്നതാണ്. ഇത് കേവലാനുഷ്ഠാനങ്ങള്‍ക്കപ്പുറത്ത്  സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും മണ്ഡലമാണ്. സ്വര്‍ഗമോക്ഷത്തിന്  ഇസ്‌ലാം മുന്നോട്ടുവെക്കുന്നത് സാത്വികമായ  കേവലാനുഷ്ഠാനങ്ങള്‍ മാത്രമല്ലെന്ന കാഴ്ച  കേരളത്തില്‍ യാഥാസ്ഥിതികരെയും പുരോഗമനനാട്യക്കാരെയും ഒരുപോലെ പരിഭ്രാന്തരാക്കി. എല്ലാ മതസങ്കല്‍പ്പങ്ങളെയും പോലെയല്ല ഇസ്‌ലാമെന്നും അത് കണിശമായ സാമൂഹിക ആവിഷ്‌കാരങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ടെന്നും  ഇതോടെ മുസ്‌ലിം പൊതുമണ്ഡലം തീര്‍പ്പിലെത്തി. അതോടെ 'സമസ്ത'യും 'ഐക്യസംഘ'ത്തിന്റെ തുടര്‍ച്ചക്കാരും സംഘടിതമായി ജമാഅത്തിനെതിരെ ഫത്‌വകളുമായി രംഗത്തെത്തി. ഭാഷയുടെ സദാചാരം പോലും നിര്‍ലജ്ജം ലംഘിക്കപ്പെട്ടു. ഇവര്‍ നടത്തിയ വിരുദ്ധപ്രചാരണം പക്ഷേ പ്രസ്ഥാനത്തിന് ഏറെ ഗുണപരമായി. 
ഇന്ന് കേരളത്തില്‍  ഇസ്‌ലാമിക പ്രതിനിധാനത്തെ അന്വേഷിക്കുന്നവര്‍ സഞ്ചരിക്കുന്നത് ആന്തരവൈരുധ്യങ്ങളില്‍ തട്ടിത്തകര്‍ന്ന നദ്‌വത്ത്-സമസ്തകളുടെ സരണിയിലേക്കല്ല, മറിച്ച് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ  സര്‍ഗാത്മക പക്ഷത്തേക്കാണ്.  ഭാഷയുടെ സാരള്യവും  പ്രസാദവും  ധൈഷണികമായ മൗലികതയും പ്രസ്ഥാനത്തിന്റെ അന്വേഷണക്കാഴ്ചകള്‍ക്കുണ്ടായിരുന്നു. കേരളത്തില്‍ ഇസ്‌ലാം  ഒരു നവീന ഭാവുകത്വം  തേടുകയായിരുന്നു. ഇസ്‌ലാം  കേവലാനുഷ്ഠാനപ്രധാനമായ   മതമല്ലെന്നും  നാഗരികതയുടെ വികാസക്ഷമതയിലെ  ഏതു ഘട്ടത്തിലും അതിന് ഉജ്ജ്വലമായ സാമൂഹികാവിഷ്‌കാരങ്ങള്‍ സാധ്യമാണെന്നുമുള്ള പൊതുബോധം ഉറപ്പിച്ചുകഴിഞ്ഞു.  ഇന്ന് കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനം സര്‍വ ജാതിമത രാഷ്ട്രീയ  രാശിവൈവിധ്യത്തെയും  സമ്പൂര്‍ണമായി അംഗീകരിച്ചുകൊണ്ടുതന്നെ അവരുടെയൊക്കെ സമഗ്രക്ഷേമം ലക്ഷ്യമിടുന്ന ഒരു സമ്പൂര്‍ണ ജീവിതദര്‍ശനമാണ്. അതുകൊണ്ടാണ് ഇസ്‌ലാംചര്‍ച്ചക്ക് പൊതുമണ്ഡലം ഇസ്‌ലാമിക പ്രസ്ഥാനത്തെ അന്വേഷിച്ചെത്തുന്നത്. മതത്തിനകത്തും പുറത്ത് മതേതരില്‍നിന്നും  മതനിരാസകരില്‍നിന്നുമുള്ള പ്രചണ്ഡവാദങ്ങളെ നിര്‍ദയം മറിച്ചിട്ടാണ്  പൊതുസമൂഹം ഇങ്ങനെയൊരു തീര്‍പ്പിലെത്തിയത്.  ഈയൊരു  ബോധ്യരൂപീകരണത്തിലൂടെ ഇസ്‌ലാമിക  പ്രസ്ഥാനത്തിന് ലഭിച്ച  മുന്‍കൈയില്‍  അസൂയയും രോഷവും അക്ഷമയായി മാറിയപ്പോഴാണ് മുസ്‌ലിം സംഘങ്ങള്‍ പ്രസ്ഥാനത്തെ തീവ്രവാദികളുടെ കൂടാരമെന്ന്   അധിക്ഷേപിച്ചത്. അതിനവര്‍  പ്രസ്ഥാനത്തിന്റെ പ്രമാണപാഠങ്ങളില്‍ ഗുരുതരമായ തിരുത്തലുകള്‍ വരുത്തി പൊതുസമക്ഷം അവതരിപ്പിച്ചു. പക്ഷേ ഇന്ന് തീവ്രവാദബാധ വേട്ടയാടുന്നത് ഇസ്‌ലാമിക പ്രസ്ഥാനത്തെയല്ല, അതാരോപിച്ചവരെയാണെന്നത് കേരളീയ പൊതുമണ്ഡലം ഉദ്വേഗത്തോടെ കണ്ടുനില്‍ക്കുന്നു. എല്ലാ ആക്ഷേപങ്ങളെയും വകഞ്ഞ് ഇസ്‌ലാമിന്റെ മാനവികമായ സമഗ്രദര്‍ശനം മുസ്‌ലിം പൊതുമണ്ഡലം  ഇന്ന് ഏറക്കുറെ അംഗീകരിച്ചുകഴിഞ്ഞു. ഇന്ന് ഇസ്‌ലാം കേവല മതമല്ല, മുസ്‌ലിം ബഹുജനത്തിന്റെ  നോട്ടത്തില്‍ പോലും.  അതുകൊണ്ട് മുസ്‌ലിം സംഘടനകള്‍ക്കുപോലും  ഇതംഗീകരിക്കേണ്ടിവന്നു.  ഇസ്‌ലാമിക പ്രസ്ഥാനം ഉപയോഗിക്കുന്ന നിരവധി  സാങ്കേതിക പദാവലികള്‍ സമൃദ്ധമായും വ്യാപകമായും അനിഷ്ടത്തോടെയെങ്കില്‍കൂടി  ഈ രണ്ടു വിശ്വാസധാരകളിലെയും സംഘങ്ങള്‍ ഇന്ന് ഉപയോഗിച്ചുതുടങ്ങി. കേരളത്തില്‍ ഇന്ന് ഇസ്‌ലാം ഒരു മതമല്ല, മനുഷ്യരുടെ ഭൗതിക-ആത്മീയ ജീവിതവ്യവഹാരങ്ങളെ സമഗ്രമായി നിയന്ത്രിക്കേണ്ട ജീവിതദര്‍ശനമാണ്.  
മുസ്‌ലിം സമൂഹത്തിന്റെ വിനിമയ ഭാഷ അന്ന് അറബി മലയാളമായിരുന്നു. മാലപ്പാട്ടുകളും മൗലിദ്കാവ്യങ്ങളും മാത്രമല്ല കേവലാനുഷ്ഠാന പഠനഗ്രന്ഥങ്ങള്‍ വരെ അന്ന് അറബി മലയാളത്തില്‍ മാത്രമായിരുന്നു. മായിന്‍കുട്ടി ഇളയ മുതല്‍ മുജാഹിദ് നേതാവായിരുന്ന  ഉമര്‍ മൗലവി ഉള്‍പ്പെടെയുള്ളവര്‍ ഖുര്‍ആന്‍ പരിഭാഷകള്‍ പോലും തയാറാക്കിയത്  അറബി മലയാളത്തില്‍.  ഈ ഭാഷാരൂപം സമുദായത്തില്‍തന്നെ ഒരു ചെറു ന്യൂനപക്ഷത്തെ മാത്രമേ തൃപ്തരാക്കിയുള്ളു.  മുസ്‌ലിം സമൂഹത്തിലെ  വിദ്യാസമ്പന്നരെയും  മുസ്‌ലിം പൊതുസമൂഹത്തെയും  സംബോധന ചെയ്യാന്‍ ഈ ഉപഭാഷാ സംവര്‍ഗം ഒട്ടുമേ പ്രാപ്തമായിരുന്നില്ല. മാനകഭാഷയിലുള്ള ഇസ്‌ലാമിക പ്രതിപാദനം സാധിതമാക്കിയത് ഇവിടെ ഇസ്‌ലാമിക  പ്രസ്ഥാനമാണ്. 1949-ല്‍ അതിന്റെ രൂപീകരണവര്‍ഷം തന്നെ മാനകഭാഷയില്‍  ഇസ്‌ലാമിക  ചിന്താവിനിമയങ്ങള്‍ വികസിപ്പിക്കാന്‍  പ്രബോധനം പാക്ഷികം ആരംഭിക്കാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്.  ഇന്ന് കേരളീയ മുസ്‌ലിംകളുടെ വാര്‍ത്താ പ്രതിനിധാനങ്ങളായ  മാധ്യമം-മീഡിയ വണ്‍ കുടുംബത്തിന്റെ ആദിപ്രസരമായിരുന്നു അത്.  ഇന്ന് മലയാളി മുസ്‌ലിമിന് മലയാളം മനസ്സിലാകുന്നു, പൊതുസമൂഹവുമായി അവര്‍ക്കിന്ന് വിനിമയങ്ങള്‍ സാധിക്കുന്നു.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ  ആദര്‍ശവും ലക്ഷ്യവും  നല്ല വെടിപ്പുള്ള മാനകഭാഷയില്‍ അവതരിപ്പിച്ചുകൊണ്ടാണ് പ്രബോധനം സമുദായത്തെ സംബോധന ചെയ്തത്.  അങ്ങനെ അറബി മലയാളത്തിന്റെയും  അറബിയുടെയും  പരിമിതിയില്‍നിന്ന്  മുസ്‌ലിം സനാതന ചിന്തയെ പൊതുസമൂഹത്തിലേക്ക്  സര്‍ഗാത്മകമായി വഴിനടത്തിയത് ഇസ്‌ലാമിക പ്രസ്ഥാനമാണെന്നര്‍ഥം. പ്രസ്ഥാനത്തിന്റെ  ഭാഷാ മിഴിവിനെ ക്രുദ്ധമായി പരിഹസിച്ചുകൊണ്ട് അന്ന് രണ്ടു മതസംഘടനകളും രാപ്രസംഗങ്ങള്‍ നടത്തി. അറബി മലയാളത്തില്‍ പാട്ടുകളും  വാറോലകളും പ്രസിദ്ധീകരിച്ചു. അല്‍ ഫാറൂഖ് ഉള്‍പ്പെടെ ഏതെങ്കിലും വ്യക്തികളുടെ  മുന്‍കൈയില്‍ വികസിച്ച സംരംഭങ്ങളെ  തമസ്‌കരിച്ചുകൊണ്ടല്ല  ഇതു പറയുന്നത്.  ഇസ്‌ലാമിക സംഘം എന്ന അര്‍ഥത്തില്‍ ഈയൊരു മാനകഭാഷാസാന്നിധ്യം സമുദായത്തിനു നല്‍കിയത് ജമാഅത്തെ ഇസ്‌ലാമിയാണെന്നു മാത്രം. മാനകഭാഷയില്‍  ആശയപ്രചാരണമെന്ന  ദൗത്യം പക്ഷേ  പ്രസ്ഥാനം പ്രബോധന പ്രസിദ്ധീകരണത്തില്‍  പരിമിതപ്പെടുത്തിയില്ല. പിന്നീട് നാം കണ്ടത് പാരായണസുഖമുള്ള തെളിമലയാളത്തില്‍ പ്രസാധനം ചെയ്ത നിരവധി പ്രൗഢഗ്രന്ഥങ്ങളെയാണ്. ഐ.പി.എച്ച് (ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്) സംവിധാനം മുസ്‌ലിം സമൂഹത്തിനു മുന്നില്‍  വെച്ചത് ജ്ഞാനപ്രസരണ മണ്ഡലങ്ങള്‍  എങ്ങനെയാണ് സംവിധാനിക്കേണ്ടതെന്ന വലിയ അറിവിനെയാണ്. പിന്നീട് നാം കാണുന്നത് സര്‍വ സമുദായ സംഘടനകളും ശീഘ്രത്തില്‍തന്നെ മാനകഭാഷയെ ഉത്സാഹത്തോടെ തങ്ങളുടെ വിനിമയ മാധ്യമമാക്കുന്നതാണ്. 
ഇന്ന് മലയാളി മുസ്‌ലിം പ്രബുദ്ധനാകുന്നത് വായനയിലൂടെത്തന്നെയാണ്. ആധുനികവും ആധുനികോത്തരവുമായ വായനാസങ്കേതങ്ങള്‍ ഇന്ന്  മുസ്‌ലിം സംഘാടനശ്രമങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നു.  പ്രസിദ്ധീകരണ സന്നാഹങ്ങളില്ലാത്ത വിഭാഗങ്ങളില്ല. ഇവരെയൊക്കെ ഈ മഹാസാധ്യതയിലേക്ക് ആനയിക്കാനായി  മുന്നില്‍ നടന്നത് ഇസ്‌ലാമിക പ്രസ്ഥാനം തന്നെയാണ്. മികച്ച മാനകഭാഷയില്‍  പ്രസിദ്ധീകൃതമായ നിരവധി  രചനകള്‍ ഇന്ന് കേരളീയ മുസ്‌ലിം സാമൂഹികതക്ക് അഭിമാനമാണ്. ഖുര്‍ആന്‍ പരിഭാഷ മുതല്‍ സര്‍ഗാത്മക രചനകള്‍ ഉള്‍പ്പെടെ പരശ്ശതം. 
വെറും പ്രസാധനം മാത്രമല്ല  ഇസ്‌ലാമിക പ്രസ്ഥാനം നിര്‍വഹിച്ചത്. നിരന്തരവും  വ്യവസ്ഥാപിതവുമായ സങ്കേതങ്ങളുപയോഗിച്ച് സമുദായത്തെ വായനയുടെയും ഗൗരവമാര്‍ന്ന പഠനങ്ങളുടെയും വിതാനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതിനായി ഏതു സദസ്സിലേക്കും സമ്മേളനങ്ങളിലേക്കും അവര്‍ പുസ്തകങ്ങളുമായി  പോയി. പാതിരാ പ്രസംഗസ്ഥലത്തും നേര്‍ച്ചസ്ഥലത്തും ഏറെ ക്ലേശപ്പെട്ടവര്‍ പുസ്തക സ്റ്റാളുകള്‍ കെട്ടിയുണ്ടാക്കി. വീടുകള്‍ തോറും പുസ്തകങ്ങളുമായവര്‍  കാല്‍നടയായി സഞ്ചരിച്ചു. ആക്ഷേപങ്ങളും ശകാരങ്ങളും നിരന്തരം ഏറ്റുവാങ്ങിയപ്പോള്‍  അതൊക്കെ മറുലോകത്തേക്കവര്‍ വരവുവെച്ചു. പുസ്തക ചര്‍ച്ചകളും സംവാദങ്ങളും പ്രസ്ഥാന പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കി. ഇന്നത് ഏറിയും കുറഞ്ഞും എല്ലാ സമുദായസംഘങ്ങളും ഏറ്റുപിടിച്ചു. ഇപ്പോള്‍ കേരളത്തിലെ  ഏറ്റവും  വിസ്തൃതമായ വായനാസമൂഹം മുസ്‌ലിംകളാണ്. ഇത് വെറുതെയുണ്ടായതല്ല. മുസ്‌ലിം സമുദായം  പൊതുബോധത്തിലേക്കൊരു സേതു ബന്ധിച്ചത് അങ്ങനെയാണ്. ഒരു കുഞ്ഞുമരപ്പെട്ടിയില്‍നിന്ന് സമാരംഭിച്ച് മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട മഹത്തായ ജ്ഞാനപ്രസരസഞ്ചാരം. 
മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ നിലനിന്നിരുന്ന പരസ്പരബന്ധമന്ന് തികച്ചും ശത്രുതാപരമായിരുന്നു. വാദപ്രതിവാദത്തിന്റെ അശ്ലീല മൈതാനിയില്‍ തുളുനാട്ടിലെ ചേകോന്മാരെപ്പോലെ അങ്കക്കലി കൊണ്ട് പരസ്പരം വെട്ടിത്തീര്‍ക്കുന്ന രീതി. തെറിവിളിച്ചും മതഭ്രഷ്ട് കല്‍പ്പിച്ചും മുന്നേറിയ ഈയൊരു ക്ഷുദ്രസംസ്‌കാരത്തിനു പകരം  പരസ്പരം അംഗീകരിച്ചുകൊണ്ടുള്ള സംവാദസദസ്സുകള്‍ സമുദായ മണ്ഡലത്തില്‍ ആരോഗ്യകരമായി  ആവിഷ്‌കരിച്ചത് ഇസ്‌ലാമിക പ്രസ്ഥാനമാണ്. പ്രസ്ഥാനത്തിന്റെ ഔദ്യോഗികവും ഔപചാരികവുമായ സദസ്സുകളിലേക്ക് ഭിന്നവീക്ഷണക്കാരെ അവരുടെ പ്രസ്ഥാനവൈവിധ്യവും മതവും രാഷ്ട്രീയവുമൊന്നും പരിഗണിക്കാതെ ക്ഷണിച്ചിരുത്തി താന്താങ്ങളുടെ  ആശയലോകം പൂര്‍ണമായി അവതരിപ്പിക്കാന്‍ അവസരം നല്‍കുക. പരസ്പരബഹുമാനത്തോടെ അതു കേട്ടിരിക്കുക. ഇതാണ് സംവാദസദസ്സുകള്‍. ഇസ്‌ലാമിക പ്രസ്ഥാനം അതിന്റെ ആദ്യകാലം തൊട്ടേ ഇത് നിഷ്‌കര്‍ഷയോടെ കൊണ്ടുപോരുന്നു. 1969-ല്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ ബിഷപ്പ് പത്രോണിയും എന്‍.വി കൃഷ്ണവാര്യരും പി.ടി ഭാസ്‌കരപ്പണിക്കരും പങ്കെടുത്തുകൊണ്ട് മാതൃകയായ ഈ സംവാദരൂപം ഇന്ന് മുസ്‌ലിം സമുദായ സംഘടനകള്‍ സമ്പൂര്‍ണമായി അംഗീകരിച്ചുകഴിഞ്ഞു. സംഘടനകളും അവരുടെ അടിസ്ഥാന സിദ്ധാന്തങ്ങളും അടഞ്ഞ അറകളല്ലെന്നും ആലോചനയുടെ ആനവാതിലുകള്‍ തുറക്കുന്നതില്‍ സത്യവിശ്വാസി ഭയപ്പെടേണ്ടതില്ലെന്നുമുള്ള ആത്മവിശ്വാസം സമുദായത്തിന് നല്‍കിയത് ഇസ്‌ലാമിക പ്രസ്ഥാനം തന്നെയാണ്. വിശ്വാസികള്‍ ഒരു സിദ്ധാന്തത്തെയും ഭയക്കേണ്ടതില്ല. എന്തിനു ഭയക്കണം? അവരുടെ കൈവശമുള്ളത് അത്രക്ക് ഉദാത്തമായ ദര്‍ശനഭദ്രതയാണ്. ഈ ദര്‍ശനം ആരുടെ മുമ്പില്‍ നിന്നും മറച്ചുപിടിക്കേണ്ടതല്ലെന്നും ഇത് പൊതുസമൂഹത്തിലേക്ക് നിവര്‍ത്തിവെക്കേണ്ടതാണെന്നും സമുദായത്തെ പഠിപ്പിക്കാന്‍ സാധിച്ചത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്‍കൈയില്‍ തന്നെയാണ്. 
കൊളോണിയല്‍ ആധുനികതയോടെ യൂറോപ്പില്‍ ഉരുവമായ ദേശീയവാദത്തിനും റഷ്യന്‍ വിപ്ലവത്തോടെ പ്രചാരമായ കമ്യൂണിസത്തിനും കേരളത്തില്‍ സമൃദ്ധമായ വേരോട്ടമുണ്ടായി. സ്വാഭാവികമായും കേരളത്തിലെ മുസ്‌ലിം ജനസാമാന്യം അതിദ്രുതം ഇതിലേക്കൊഴുകിത്തുടങ്ങി. മനുഷ്യജീവിതത്തില്‍ ഇസ്‌ലാമിന് നിര്‍വഹിക്കാന്‍ നിയോഗങ്ങളേ ഇല്ലെന്നും അത് മരണപദ്ധതി മാത്രമാണെന്നും ഇരുവിഭാഗത്തെയും പണ്ഡിതവംശം ഏകോപിച്ചുനിന്നാല്‍ സാമാന്യജനം എന്തു ചെയ്യും! ഇവിടെയാണ് ഇസ്‌ലാമിക പ്രസ്ഥാനം സമുദായത്തെ രക്ഷിക്കാനെത്തിയത്. മതേതരത്വവും സോഷ്യലിസവും കമ്യൂണിസവുമൊന്നും സ്വയം സമ്പൂര്‍ണ ആശയങ്ങളോ സാമൂഹിക സുരക്ഷയുടെ അവസാന വാചകങ്ങളോ അല്ലെന്നും അതിനേക്കാളൊക്കെ മഹത്തായ മാനവിക സാക്ഷാല്‍ക്കാരങ്ങള്‍ ഇസ്‌ലാമിന് നിര്‍വഹിക്കാന്‍ സാധിക്കുമെന്നും പ്രസ്ഥാനം ചരിത്രത്തിന്റെ ശുഭ്രവെട്ടത്തിലെ ദൃശ്യപ്രമാണങ്ങള്‍ ഉദ്ധരിച്ച് അവരെ ബോധ്യപ്പെടുത്തി. മുസ്‌ലിയാക്കള്‍ക്കും മൗലവിമാര്‍ക്കും ബോധ്യമായില്ലെങ്കിലും മുസ്‌ലിം പൊതുമനസ്സ് ഇത് ഉന്മേഷത്തോടെ ഏറ്റെടുത്തു. പരിഹാസവുമായി പുരോഹിതന്മാര്‍ ഇരമ്പിനിന്നു.  ഒക്‌ടോബര്‍ വിപ്ലവത്തോടെ മുസ്‌ലിം ജനസാമാന്യം പോലും വര്‍ധിതവീര്യത്തോടെ ആകര്‍ഷിക്കപ്പെട്ട കമ്യൂണിസവുമായി ഒപ്പത്തിനൊപ്പം നിന്ന് സംവാദങ്ങള്‍ വികസിപ്പിച്ചത് ഇസ്‌ലാമിക പ്രസ്ഥാനം മാത്രമാണ്. ഇസ്‌ലാമെന്നത് കേവലമൊരു മതാനുഷ്ഠാനമല്ലെന്നും അത് ജീവിതത്തെ ആസകലം പുണരുന്ന പ്രായോഗികമായ രാഷ്ട്രതന്ത്രം തന്നെയാണെന്നും സമുദായം തിരിച്ചറിയുകയായിരുന്നു. ഇതൊരു വാദപ്രതിവാദമായല്ല വികസിച്ചത്, സംവാദമായിട്ടായിരുന്നു. അതിന് ഫലമുണ്ടായി.  ശുദ്ധാത്മാക്കളായ നിരവധി പേര്‍ക്ക് കമ്യൂണിസത്തിന്റെ ശൂന്യതയില്‍ നിന്നും ദേശീയതയുടെ വികടതയില്‍നിന്നും  ഇസ്‌ലാമിന്റെ വിശ്വമാനവിക ശാദ്വലതയിലേക്ക് തിരിച്ചുനടക്കാനായി.  മാത്രമല്ല, കമ്യൂണിസ്റ്റ് ആശയശേഷിക്കെതിരെ മഹാമേരുവായി ഇസ്‌ലാമിക പ്രസ്ഥാനമിന്ന് ഉയര്‍ന്നുനില്‍ക്കുകയും ചെയ്യുന്നു. മുസ്‌ലിം സാമൂഹികതയില്‍ വര്‍ധിത സ്വാധീനം വികസിപ്പിക്കാനുള്ള ഒരേയൊരു തടസ്സം ജമാഅത്തെ ഇസ്‌ലാമിയുടെ പ്രത്യയശാസ്ത്ര സാന്നിധ്യമാണെന്ന് കമ്യൂണിസ്റ്റുകള്‍ കൂടി ഇന്നംഗീകരിച്ചുകഴിഞ്ഞു.
കേരള മുസ്‌ലിം സമൂഹത്തെ പശ്ചിമഘട്ടത്തിനപ്പുറം വിശാലമായ ഹിന്ദുസ്ഥാനത്തിലെ മുസ്‌ലിം സമൂഹവുമായും  സമുദ്രങ്ങള്‍ക്കപ്പുറമുള്ള പരദേശ രാജ്യങ്ങളിലെ മുസ്‌ലിംകളുമായും നാഭീനാളത്തില്‍ ബന്ധിപ്പിച്ചത് ഇസ്‌ലാമിക പ്രസ്ഥാനമാണ്. വിഭജനത്തോടെ വടക്കേ ഇന്ത്യന്‍ മുസ്‌ലിംകള്‍ തിരസ്‌കരിച്ചതാണ് മുസ്‌ലിം ലീഗിനെ. അതുകൊണ്ടാണ് അഖിലേന്ത്യാ മുസ്‌ലിം ലീഗ് കമ്മിറ്റി  കേരള സംസ്ഥാന കമ്മറ്റിയുടെ കീഴ്ഘടകം പോലെയായത്.  മുജാഹിദുകളാകട്ടെ അവരുടെ പേരുതന്നെ കേരള നദ്‌വത്ത് എന്നാണ്. 'സമസ്ത' വിഭാഗങ്ങള്‍ പക്ഷേ ഇത്തരം സംഘാടനത്തില്‍ തീര്‍ത്തും നിരപരാധികളും. പൊതുവെ കേരളീയ മുസ്‌ലിംകള്‍ കേരളത്തിനപ്പുറത്തേക്ക് വാതിലുകള്‍ കണ്ടെത്തിയിട്ടുണ്ടായിരുന്നില്ല. ഇസ്‌ലാമിക പ്രസ്ഥാനം പക്ഷേ അങ്ങനെയല്ല. ഊഷ്മളമായ ഉത്തരേന്ത്യന്‍ അനുഭവത്തില്‍നിന്നാണ് ഹാജി സാഹിബ് പ്രസ്ഥാനവുമായി കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. പ്രസ്ഥാന പ്രസിദ്ധീകരണങ്ങളായ പ്രബോധനത്തിലും മറ്റും ഉത്തരേന്ത്യന്‍ മുസ്‌ലിം ചലനങ്ങളെപ്രതിയുള്ള കുറിപ്പുകളും വാര്‍ത്തകളും നിരന്തരം വന്നുകൊണ്ടിരുന്നു. പ്രസ്ഥാന സമ്മേളനങ്ങളില്‍ ഉത്തരേന്ത്യന്‍ നേതാക്കള്‍ നിരന്തരം സംബന്ധിച്ചു. ഇതൊക്കെ പണിത ആദാനപ്രദാനങ്ങള്‍ മലയാളി മുസ്‌ലിമിന് ഉത്തരേന്ത്യയിലേക്കൊരു വിശ്വാസ സൗഹൃദജാലകം തുറക്കാന്‍ പ്രാപ്തി നല്‍കി. അതുപോലെ പശ്ചിമേഷ്യ ഉള്‍പ്പെടെയുള്ള ഭൂഖണ്ഡാന്തര ദേശങ്ങളിലേക്കും. 
പള്ളി ദര്‍സുകളില്‍ മേഞ്ഞുനടന്നിരുന്ന കര്‍മശാസ്ത്ര ജ്ഞാനങ്ങളും ഇത്തിരി അറബി വ്യാകരണപാഠങ്ങളുമായിരുന്നു യാഥാസ്ഥിതിക വിദ്യാഭ്യാസമെങ്കില്‍ ഈ പുസ്തകങ്ങള്‍ തന്നെ പള്ളികളുടെ പഴന്തട്ടുകളില്‍നിന്ന് അറബിക്കോളേജുകളിലേക്ക് തുരത്തി എന്നതുമാത്രമായിരുന്നു പിന്നീടുണ്ടായ കാര്യമായ മാറ്റം.  അറബി മലയാളമായിരുന്നു മുഖ്യ വിനിമയഭാഷ. ഈ ചേറ്റുകണ്ടം തേവി വറ്റിച്ചാണ് ഇസ്‌ലാമിക പ്രസ്ഥാനം അതിന്റെ ജ്ഞാന കടുംകൃഷി നൂറുമേനിയില്‍ കൊയ്തുമെതിച്ചത്. ആദ്യമേ തന്നെ പ്രസ്ഥാനം മദ്‌റസാ പഠനത്തെ അറബി മലയാളത്തില്‍നിന്ന് വിമോചിപ്പിച്ച് മാനകഭാഷയില്‍ വിന്യസിപ്പിച്ചു. കേവലമായ ഈണബദ്ധ പാരായണസാധ്യതയില്‍നിന്ന് വിശുദ്ധ ഖുര്‍ആനെ അഗാധമായ പഠന വിശകലനത്തിനു വെക്കുന്ന മതപഠന സ്ഥാപനങ്ങള്‍ കേരളത്തില്‍ സ്ഥാപിച്ചു നടത്താന്‍ തുടങ്ങി. ഇസ്‌ലാം മുസ്‌ലിമിന്റെ മാത്രമല്ല സര്‍വ മനുഷ്യരുടെയും ആത്മീയ-ലൗകിക പ്രതിസന്ധികളെ സമഗ്രമായി സംബോധന ചെയ്യുന്ന വിമോചന ദര്‍ശനമാണെന്നു പഠിക്കുന്ന പാഠ്യരൂപങ്ങള്‍ തയാറാക്കി. കേരളത്തിലെ പൊതുസമൂഹത്തിനു മുന്നില്‍ പ്രസാദം തുടിക്കുന്ന ഒരു ദര്‍ശനമായി ഇസ്‌ലാം തെളിഞ്ഞുനിന്നു. തെളി അറബി മാത്രമല്ല ശുദ്ധ മലയാളവും ഇംഗ്ലീഷും സാമൂഹികശാസ്ത്രങ്ങളും ഗണിതം പോലും ഇത്തരം മദ്‌റസകളില്‍ പഠിപ്പിക്കപ്പെട്ടു. മുള്യാകുര്‍ശ്ശി, എടയൂര്‍, ചേന്ദമംഗല്ലൂര്‍, കൊടിഞ്ഞി, കുറ്റ്യാടി ഇവിടെയൊക്കെയും ഇത്തരം പരീക്ഷണങ്ങള്‍ വിജയകരമായി  പൂര്‍ത്തിയായി. കാലത്തിന്റെ താല്‍പ്പര്യം ഉള്‍ക്കൊണ്ട് ഇത്തരം വിദ്യാഭ്യാസമണ്ഡലം പ്രസ്ഥാനം നിരന്തരം പരിഷ്‌കരണത്തിനു വിധേയമാക്കി. പ്രമാണങ്ങളുടെ അഗാധമായ പഠനത്തോടൊപ്പം ബിരുദവും നേടാവുന്ന പുതിയ പരിഷ്‌കരണം പ്രസ്ഥാനം ധീരമായി ആവിഷ്‌കരിച്ചു. അതാണ് ആര്‍ട്‌സ് ആന്റ് ഇസ്‌ലാമിക് കോഴ്‌സ്. പിന്നീട് ഈയൊരു പഠനസമ്പ്രദായം കേരളത്തിലെ യാഥാസ്ഥിതികരും പുരോഗമനക്കാരും ഒരുപോലെ സ്വീകരിച്ച് പ്രയോഗത്തില്‍ നടപ്പാക്കി. പ്രസ്ഥാനത്തിന്റെ അത്തരം പാഠശാലകളില്‍നിന്ന് പഠിച്ചിറങ്ങിയ യൗവനങ്ങള്‍ പൊതുമണ്ഡലത്തില്‍ ഇസ്‌ലാമിക സാമൂഹികതയെ ധീരമായി പ്രതിനിധീകരിച്ചു. 
കേരളത്തില്‍ മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസത്തിന്റെ വ്യവസ്ഥാപിത ശേഷി വികസിപ്പിച്ചത് ഇസ്‌ലാമിക പ്രസ്ഥാനമാണ്. കെ.സി അബ്ദുല്ല മൗലവി ചേന്ദമംഗല്ലൂരില്‍ വികസിപ്പിച്ച പെണ്‍ പള്ളിക്കൂടമായിരുന്നു മദ്‌റസത്തുല്‍ ബനാത്ത്. അങ്ങനെ കേരളത്തിലെ വീട്ടമ്മമാരില്‍  ലോകവും മതവും മനസ്സിലാവുന്ന  പ്രതിഭകള്‍ വളര്‍ന്നുവന്നു. മുസ്‌ലിം സ്ത്രീ സംഘാടന മികവിന്റെ ഭാഗം തന്നെയാണ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നിലവില്‍വന്ന വിദ്യാര്‍ഥിനി പ്രസ്ഥാനവും സ്ത്രീകള്‍ക്കുവേണ്ടി അവര്‍ നടത്തുന്ന ആരാമം പ്രസിദ്ധീകരണവും. ഇന്ന് സ്ത്രീകള്‍ക്ക് പ്രസിദ്ധീകരണങ്ങളില്ലാത്ത സംഘടനകളില്ല. ഇതിന്റെ ആദിപ്രചോദനം ഇസ്‌ലാമിക പ്രസ്ഥാനം തന്നെയാണ്. 
പ്രസ്ഥാന സ്ഥാപനങ്ങളുടെ വാര്‍ഷികാഘോഷ വേളകള്‍ സമുദായത്തിലുണ്ടാക്കിയത് അമ്പരപ്പിക്കുന്ന വിദ്യാഭ്യാസ നവോത്ഥാനങ്ങളാണ്. ഇസ്‌ലാമിക ലാവണ്യാനുഭൂതിയുടെയും സര്‍ഗാത്മക ആവിഷ്‌കാരങ്ങളുടെയും മിന്നുന്ന വേദികളായിരുന്നു അന്നത്. പ്രത്യേകിച്ച് മാപ്പിളകവി അബൂസഹ്‌ലയുടെ മുന്‍കൈയില്‍ വികസിപ്പിച്ച കലാസ്വാദകപ്രധാനമായ പ്രകടനങ്ങള്‍ സമുദായത്തിന് വിസ്മയം തന്നെയായിരുന്നു. ഇസ്‌ലാമിക പാരമ്പര്യത്തിന്റെ വട്ടത്തറയില്‍നിന്നും ലക്ഷണമൊത്ത ഇത്തരം ആവിഷ്‌കാരങ്ങള്‍ ഇസ്‌ലാമിന്റെ ലാവണ്യമസൃണത സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഉതകിയത് ഒട്ടേറെയാണ്. ചേന്ദമംഗല്ലൂര്‍, ശാന്തപുരം, കുറ്റ്യാടി, എടയൂര്‍, തിരൂര്‍ക്കാട്, കക്കോടി ഇവിടെയൊക്കെയും ഇത്തരം സ്ഥാപന കേന്ദ്രങ്ങളായി. കേരളത്തിന്റെ നാനാപ്രദേശങ്ങളില്‍നിന്ന് കക്ഷിശാഠ്യങ്ങള്‍ വകഞ്ഞ് ജ്ഞാനം തേടി പഠിതാക്കളെത്തി. ഇസ്‌ലാമിക പ്രസ്ഥാനം വികസിപ്പിച്ച ഈ ജ്ഞാനോദയം കൂടിയാണ്  മുസ്‌ലിം സമൂഹത്തെ ഇന്ന് പ്രബുദ്ധരാക്കിയത്. 
സാമൂഹികക്ഷേമം എന്നും പ്രസ്ഥാനത്തിന്റെ ഉത്കണ്ഠ തന്നെയായിരുന്നു. മുസ്‌ലിം സമുദായത്തില്‍ അക്കാലത്ത് സകാത്തും ഫിത്വ്ര്‍ സകാത്തും സാധാരണമായിരുന്നില്ല. സ്വതവേ ദാരിദ്ര്യം മേയുന്ന കാലമായിരുന്നുവെങ്കിലും നമസ്‌കാരത്തിനും നോമ്പിനും നല്‍കിയ പ്രാധാന്യം പണ്ഡിതന്മാരും മുസ്‌ലിം സമൂഹവും ഈ മേഖലക്ക് നല്‍കിയില്ല. സമുദായത്തില്‍ ഈ രംഗത്ത് അവബോധം പ്രസരിപ്പിച്ചതും അതിന് ക്രിയാത്മക രൂപപ്രയോഗങ്ങള്‍ വികസിപ്പിച്ചതും  പ്രസ്ഥാനമാണ്. പ്രസ്ഥാനത്തിന് പ്രവര്‍ത്തകരുള്ള സര്‍വസ്ഥലത്തും സകാത്തും ഫിത്വ്ര്‍ സകാത്തും കുറ്റമറ്റ രീതിയില്‍ സമാഹരിക്കപ്പെട്ടു. യാഥാസ്ഥിതിക പണ്ഡിതന്മാര്‍ ഇതിനെതിരെ ഫത്‌വകളുമായി വന്നെങ്കിലും ഇന്ന് കേരളീയ മുസ്‌ലിം പൊതുമനസ്സ് പ്രസ്ഥാനം മുന്നോട്ടുവെച്ച  നവീനരീതിയാല്‍ സ്വാധീനിക്കപ്പെട്ടുകഴിഞ്ഞു. 
ദുരിതാശ്വാസ മണ്ഡലങ്ങളില്‍ പ്രസ്ഥാനം വികസിപ്പിച്ച ഒരഭിമുഖീകരണമുണ്ട്. കലാപവും പ്രകൃതിക്ഷോഭവും താണ്ഡവം ചെയ്യുന്ന ഇടങ്ങളിലേക്ക് വിഭവങ്ങള്‍ സമാഹരിച്ചു നല്‍കുന്ന ഏറ്റവും വിശ്വസനീയമായ സാധ്യത വികസിപ്പിച്ചത് പ്രസ്ഥാനമാണ്. തലശ്ശേരി കലാപപ്രദേശത്തേക്കും, എന്തിന് വിദൂര ഫലസ്ത്വീനിലേക്കുപോലും കേരളത്തില്‍നിന്ന് വിഭവങ്ങള്‍ സമാഹരിച്ച് വിശ്വസ്തതയോടെ എത്തിച്ചുനല്‍കുന്നത്  സമുദായത്തിന് മൊത്തം മാതൃകയായി. ഇന്ന് സര്‍വ മുസ്‌ലിം സംഘടനകളും ഇത്തരം നടപടികളില്‍ ഉത്സുകരാകുന്നു. എങ്കിലും സാമ്പത്തിക വിനിമയ മണ്ഡലങ്ങളില്‍ സമുദായം കൂടുതല്‍ വിശ്വാസത്തിലെടുക്കുന്നത് ഇസ്‌ലാമിക പ്രസ്ഥാനത്തെ തന്നെയാണ്. അതുകൊണ്ടാണ് മറ്റു പല കൂട്ടായ്മകളും തങ്ങള്‍ സമാഹരിക്കുന്ന വിഭവങ്ങള്‍ വിശ്വസ്ത വിതരണത്തിനായി ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സംഘടനാ ആസ്ഥാനത്തേക്കെത്തിക്കാന്‍ മുന്നോട്ടുവരുന്നത്. 
ഇസ്‌ലാമിക പ്രസ്ഥാനത്തിന് ജനസേവനം ഒരു പദ്ധതി മാത്രമല്ല, ഒരു സംസ്‌കാരമാണ്. പ്രസ്ഥാനത്തിന് സ്വാധീനമുള്ള ദേശങ്ങളില്‍ അതുകൊണ്ടുതന്നെ ജാതിമത വിശ്വാസ ഭേദങ്ങള്‍ വകഞ്ഞ് ഒരു സാമൂഹിക സുരക്ഷ അനുഭവിച്ചുവരുന്നു. ജനസേവനം ഇത്ര തീക്ഷ്ണമായ വിശ്വാസ പ്രവര്‍ത്തനമായി പ്രസ്ഥാനത്തിന് വികസിപ്പിക്കാനായതുകൊണ്ടാണിത്. അതുകൊണ്ടുതന്നെ ഉന്നതമായ ഒരു അവര്‍ഗീയ മനസ്സ് സര്‍വ മണ്ഡലങ്ങളിലും പ്രസ്ഥാനം അതിന്റെ സ്വാധീന മേഖലകളില്‍ നിലനിര്‍ത്തിവരുന്നു. അവര്‍ഗീയത പ്രവര്‍ത്തകരുടെ മാത്രമല്ല, ഇത്തരം ഗ്രാമങ്ങളുടെതന്നെ പൊതുസംസ്‌കാരമായി. ഒരു ബദല്‍ സംസ്‌കാരം തന്നെയാണ് ഇതുമൂലം പ്രസ്ഥാനം വികസിപ്പിച്ചത്. ഇന്നത് എല്ലാ മുസ്‌ലിം സംഘടനകളും ഏറ്റെടുക്കാന്‍ ഉത്സാഹിക്കുന്നു.
ആശയപ്രചാരണത്തിന് പ്രസ്ഥാനം സ്വീകരിച്ച നിരവധി മാര്‍ഗങ്ങളില്‍ ഉള്‍പ്പെടുന്നു ഖുര്‍ആന്‍ പഠന ക്ലാസ്സുകള്‍ മുതല്‍ സംസ്ഥാന സമ്മേളനങ്ങള്‍ വരെ. ഒരു കാലം മുസ്‌ലിം സംഘടനകളൊന്നടങ്കം പരിഹാസത്തോടെയാണ് ഇത്തരം   പ്രചാരണ മാര്‍ഗങ്ങളെ നിരീക്ഷിച്ചത്. സമ്മേളനങ്ങളില്‍ ജാതിമതഭേദങ്ങള്‍ നോക്കാതെ ആളുകളെ ക്ഷണിക്കുന്നതിലൂടെ വലിയ സാമൂഹിക സമീകരണമാണ് പ്രസ്ഥാനം വഴി മുസ്‌ലിം സമൂഹത്തിന് പ്രാപ്തമായത്. ഇന്ന് ഏതു സംഘടനകളും ഇത്തരം പ്രചാരണങ്ങളൊക്കെയും  ഇസ്‌ലാമിക പ്രസ്ഥാനത്തേക്കാള്‍ കൂടുതല്‍ ശാഠ്യത്തോടെ കൃത്യമായ ഇടവേളകളില്‍ സംഘാടനം ചെയ്യുന്നു. 
മുസ്‌ലിം ബുദ്ധിജീവികളും എഴുത്തുകാരുമായ എന്‍.പി മുഹമ്മദ്, പി.എന്‍.എം കോയട്ടി, മങ്കട അബ്ദുല്‍ അസീസ് മൗലവി, ചേകനൂര്‍ മൗലവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്ഥാപിതമായ ഇസ്‌ലാം ആന്റ് മോഡേണ്‍ എയ്ജ് സൊസൈറ്റി  ഇസ്‌ലാമിക പ്രമാണങ്ങളെയും സിദ്ധാന്തങ്ങളെയും സമര്‍ഥമായി  അപനിര്‍മിച്ചപ്പോള്‍ അതിനെതിരെ പടനയിച്ചതും അവരുടെയൊക്കെ  അരങ്ങേറ്റത്തില്‍തന്നെ അതിനെ സൈദ്ധാന്തികമായി നിലംപരിശാക്കിയതും ഇസ്‌ലാമിക പ്രസ്ഥാനമാണ്. അന്നത് അസാധ്യമായിരുന്നെങ്കില്‍  കേരളീയ മുസ്‌ലിം പൊതുമനസ്സ് ഇന്നത്തേതുപോലെ നിലനില്‍ക്കുമായിരുന്നില്ല. മറ്റൊന്ന് കുപ്രസിദ്ധമായ ശരീഅത്ത് വിവാദമായിരുന്നു.  കമ്യൂണിസ്റ്റ് ദാര്‍ശനികനായ ഇ.എം.എസിന്റെയും  ഇടതുപക്ഷത്തിന്റെയും ബൗദ്ധിക മേല്‍ക്കൈയില്‍ ഇരമ്പിയെത്തിയ  ശരീഅത്ത്‌വിരുദ്ധ കൊടുങ്കാറ്റിനെ ഇസ്‌ലാമിക സമാജത്തിന് അതിജീവിക്കാനായത്  ജമാഅത്തിന്റെ പ്രതിരോധവും പ്രത്യാക്രമണവും കൊണ്ടാണെന്നത് മുസ്‌ലിം പൊതുമണ്ഡലം അംഗീകരിച്ചതാണ്. അത്യസാധാരണമായ ഐക്യത്തോടെയാണ് ഈ പ്രതിരോധകാലത്തെ കേരളം നേരിട്ടതെങ്കിലും അതിന്റെ ധൈഷണിക കര്‍തൃത്വം ജമാഅത്തിനായിരുന്നു. അത്തരമൊരു നേതൃപരമായ പങ്ക് പൊതുസമൂഹം അംഗീകരിച്ചതുകൊണ്ടുകൂടിയാണ് മാധ്യമം ദിനപത്രമെന്ന മഹത്തായ ആശയത്തെ മുസ്‌ലിം സമൂഹത്തിനു മുന്നില്‍ സ്വീകാര്യമാക്കാന്‍ പ്രസ്ഥാനത്തിനായത്. സമൂഹമധ്യത്തില്‍ തിളക്കുന്ന മുസ്‌ലിം അജണ്ടകളെ സത്യസന്ധമായും വിശ്വസ്തമായും പ്രസ്ഥാനം ഏറ്റെടുക്കുമെന്നും  അതിന്റെ പൂര്‍ത്തീകരണത്തിന് നിയമാനുസൃതമായി ഏതു സഹനവും ആശ്ലേഷിക്കുമെന്നുമുള്ള  ഉത്തമബോധ്യം  പ്രസ്ഥാനത്തെപ്പറ്റി മുസ്‌ലിം ജനസാമാന്യം പുലര്‍ത്തുന്നു. പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണ സന്നാഹങ്ങള്‍ ജനങ്ങളുടേതുകൂടിയാണെന്നവര്‍ കരുതുന്നു.  അതുകൊണ്ടാണ് ഇന്ന് കേരളത്തിലെ മുസ്‌ലിം അജണ്ടകള്‍ നിശ്ചയിക്കാന്‍ ആള്‍വിഭവം കുറഞ്ഞ ഇസ്‌ലാമിക പ്രസ്ഥാനത്തെ മുസ്‌ലിം സമൂഹം വിശ്വസ്തതയോടെ കാത്തിരിക്കുന്നത്.   മനുഷ്യക്കടത്തെന്ന മലിനാരോപണത്തിന് മുന്നില്‍  സമുദായവും അവര്‍ നടത്തുന്ന അനാഥശാലാ സന്നാഹങ്ങളും കുനിഞ്ഞുനിന്ന ഘട്ടത്തിലും സമുദായത്തിനു വേണ്ടി ഹാജരായതു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സ്വാധീനത്തിലുള്ള പത്രദൃശ്യമാധ്യമങ്ങളാണ്.  ഈ വിശ്വസ്തതയാണതിന്റെ സ്വീകാര്യതയും. പ്രത്യയശാസ്ത്രതലത്തില്‍ പ്രസ്ഥാനവുമായി ഭിന്നിക്കുമ്പോഴും  അവരറിയാതെ ഇത്തരം സന്നാഹങ്ങളെ സ്വീകരിക്കുന്നത്  ഇതൊക്കെയും ഇവരുടെ വികാരങ്ങളെ ഉള്‍ക്കൊള്ളുന്നു എന്ന ബോധ്യത്തില്‍ തന്നെയാണ്. ജീവിതം വിഭജിതമല്ലെന്നും അനുഷ്ഠാനത്തില്‍ ദീക്ഷിക്കുന്ന കൃത്യതയും ശുദ്ധതയും പൊതുമണ്ഡലത്തിലും ദീക്ഷിക്കണമെന്നുമുള്ള വലിയൊരു പാഠമായിരുന്നു പ്രസ്ഥാനം മുന്നോട്ടുവെച്ച മൂല്യാധിഷ്ഠിത രാഷ്ട്രീയം. ഇന്നിത് അറിഞ്ഞോ അറിയാതെയോ മുസ്‌ലിം പൊതുമനസ്സ് ഏറ്റെടുത്തുകഴിഞ്ഞു. 
തങ്ങള്‍ കൈയേറിയ പാട്ടഭൂമിയാണ് കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലം എന്ന ധാരണയിലാണ് ഇടതുപക്ഷം ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നത്. സങ്കീര്‍ണമായ സാമൂഹിക യാഥാര്‍ഥ്യങ്ങളെ വൈരുധ്യാധിഷ്ഠിത സമവാക്യങ്ങളിലേക്ക് വെട്ടിയൊതുക്കാന്‍ അതിവ്യഗ്രതയോടെ ഇടതുപക്ഷം ഉത്സാഹിച്ചപ്പോള്‍ സാമൂഹിക ജീവിതത്തിന്റെ പ്രായോഗിക ഭൂമികകളില്‍നിന്നവര്‍ തുരത്തപ്പെട്ടു. മുസ്‌ലിം സാമൂഹികതക്കാകട്ടെ ഇങ്ങനെയൊരു ഉന്നമേ ഉണ്ടായിരുന്നില്ല. ഇന്ന് ഇത്തരം സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്ക് ഇസ്‌ലാമിന്റെ ഉള്ളടക്കം നല്‍കി  അവിടം ചടുലമായി നിലനിര്‍ത്തുന്നത്  ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ  സ്വാധീനമേഖലയില്‍നിന്നുള്ള യുവജനസംഘങ്ങളാണ്. സംവാദങ്ങള്‍, ചര്‍ച്ചകള്‍, ദൃശ്യ-ശ്രാവ്യ മണ്ഡലത്തിലെ  സര്‍ഗാത്മക ഇടപെടലുകള്‍- ഇതിലൂടെ വികസിപ്പിക്കുന്ന ഒരു  ഇസ്‌ലാമിക സൗന്ദര്യശാസ്ത്രവും ലാവണ്യബോധങ്ങളും ഇന്ന് സമുദായത്തിനകത്ത് സജീവമാണ്. ഇവയൊക്കെയും മുസ്‌ലിം സമുദായത്തിനകത്തേക്ക് തുറന്നുവെക്കുന്നത് പുതിയ കാഴ്ചകളും ശ്രവ്യങ്ങളുമാണ്. ഇത് സമുദായത്തിന് നല്‍കുന്ന സര്‍ഗാത്മകമായ തുറസ്സുകളും മാനവിക ബോധ്യങ്ങളും അപാരമാണ്. അതുപോലെ ആധുനികതയുടെ യുക്തിയെയും സ്ഥാപനരൂപങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് കടന്നുവന്ന പരിസ്ഥിതിവാദം, കീഴാളവാദം, സ്ത്രീവാദം തുടങ്ങി  ഉത്തരാധുനിക ജ്ഞാനവ്യവഹാരങ്ങള്‍  മുസ്‌ലിം സാമൂഹികതക്ക്  മുമ്പ് അപരിചിതമായിരുന്നു.  ഇതൊക്കെയും ഇടതുപക്ഷം ചവിട്ടിമെതിച്ച  രംഗഭൂമി. ഇവിടേക്ക് മുസ്‌ലിം ധൈഷണിക സാന്നിധ്യത്തിന് വാതിലുകള്‍ തുറക്കാനായതും ഇത്തരം വ്യവഹാരമണ്ഡലങ്ങളെ  ഇസ്‌ലാമിക ഉപകരണങ്ങള്‍ കൊണ്ട് വ്യവഹരിക്കാന്‍ തുടങ്ങിയതും ഇസ്‌ലാമിക വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളുടെ മുന്‍കൈയില്‍ തന്നെയാണ്. 
ഇങ്ങനെ ചൈതന്യധന്യമായ മുക്കാല്‍ നൂറ്റാണ്ടാണ് ഇന്ന് സമുദായം പിന്നിട്ടുപോയത്. കാലത്തിന്റെ സ്‌നിഗ്ധതയറിയാതെ അന്തിച്ചുനിന്ന മുസ്‌ലിം സ്ത്രീ-പുരുഷ സഞ്ചിതങ്ങളെ കാലവേഗത്തോടൊപ്പം സഞ്ചാരപ്രാപ്യമാക്കുകയാണ് ഇസ്‌ലാമിക പ്രസ്ഥാനം വിജയിപ്പിച്ച യജ്ഞദൗത്യം.
 

Comments

Other Post