Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

'നമുക്ക് സ്വപ്‌നമുണ്ട്, പ്രതീക്ഷയുണ്ട്്; പക്ഷേ ധൃതിയില്ല'

എം.ഐ അബ്ദുല്‍ അസീസ്/കെ. നജാത്തുല്ല

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഇതര സംസ്ഥാന ഘടകങ്ങളില്‍നിന്ന് വ്യത്യസ്തമായി, ചില മേഖലകളില്‍ സവിശേഷമായ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടു് കേരള ഘടകം. ഇതിനെ എങ്ങനെ വിലയിരുത്തുന്നു?

ചരിത്രത്തിലുടനീളം സംഭവിച്ച ഇസ്‌ലാമിക നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജമാഅത്തെ ഇസ്‌ലാമി. ഖുര്‍ആനും സുന്നത്തുമാണ് അതിന്റെ ആദര്‍ശാടിത്തറ. ഈ പ്രമാണങ്ങളുടെയും യുഗപ്രഭാവരായ പണ്ഡിതന്മാര്‍ നയിച്ച നവോത്ഥാന പാരമ്പര്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജമാഅത്ത് നയസമീപനങ്ങളും പ്രവര്‍ത്തന പദ്ധതികളും ആവിഷ്‌കരിക്കുന്നത്.  ഓരോ നാലു വര്‍ഷത്തിലും അത് പുനരവലോകനം ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പ്രസ്ഥാനം പ്രയാണം തുടരുന്നു. അഖിലേന്ത്യാ തലത്തിലെ പോളിസി-പ്രോഗ്രാമിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക പ്രത്യേകതകള്‍ പരിഗണിച്ചുകൊുള്ള പ്രവര്‍ത്തന പദ്ധതികളാണ് കേരളത്തില്‍ രൂപപ്പെടുത്തുന്നത്.
ദഅ്‌വത്ത്, ഇസ്‌ലാഹ്, തര്‍ബിയത്ത്, ജനസേവനം എന്നതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍ഗണനാക്രമം.  ജമാഅത്തിന്റെ ഈ മുന്‍ഗണനാക്രമം കേരളത്തിന്റെ പ്രത്യേകതകള്‍ കൂടി മുന്നില്‍വെച്ച് ആവിഷ്‌കരിച്ചുകൊാണ് ഇവിടെ മുന്നോട്ടുപോകുന്നത്. കേരള ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളിലെ വ്യതിരിക്തതകളെ കുറിച്ചാലോചിക്കുകയാണെങ്കില്‍ അതിനെ ഗുണകരമായി സ്വാധീനിച്ച നാല് പ്രധാന ഘടകങ്ങള്‍ കാണാം:
ഒന്ന്, ഇന്ത്യാ വിഭജനത്തിന്റെ പ്രത്യാഘാതങ്ങളില്‍നിന്ന് കേരളം പൊതുവെ മുക്തമായിരുന്നു. വിഭജനത്തോടെ ഉത്തരേന്ത്യന്‍ മുസ്‌ലിം സമൂഹം അതീവ  ദുര്‍ബലമായിത്തീരുകയും ഇസ്‌ലാമും മുസ്‌ലിം സമൂഹവും ഏറെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു. 
രണ്ട്, ദശകങ്ങള്‍ക്കു മുമ്പ് തന്നെ കേരളത്തില്‍ സജീവമായ മുസ്‌ലിം നവോത്ഥാന സംരംഭങ്ങളുടെ പ്രവര്‍ത്തനഫലമായി മുഹമ്മദുബ്‌നു അബ്ദില്‍ വഹാബ്, മുഹമ്മദ് അബ്ദു, റശീദ് രിദാ തുടങ്ങിയ ലോക ഇസ്‌ലാമിക പണ്ഡിതന്മാരുടെയും പരിഷ്‌കര്‍ത്താക്കളുടെയും ചിന്തകള്‍ക്കും രീതിശാസ്ത്രത്തിനും കേരളീയ മുസ്‌ലിം സമുദായത്തിനകത്ത് സ്വാധീനമുണ്ടായിരുന്നു.
മൂന്ന്, അറുപതുകളുടെ അവസാനത്തോടെ സജീവമായ ഗള്‍ഫ് പ്രവാസത്തിന്റെ മുഖ്യ ഗുണഭോക്താക്കള്‍ കേരളീയരായിരുന്നു. കേരളത്തിലെ മുസ്‌ലിം സമുദായത്തിനകത്തും അത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു.
നാല്, രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലുള്ള മുസ്‌ലിംകളില്‍നിന്ന് ഭിന്നമായി കേരളത്തില്‍, സമുദായത്തിനും പൊതുസമൂഹത്തിനുമിടയില്‍ മലയാളം എന്ന പൊതുഭാഷയുണ്ട്. മുസ്‌ലിം സമുദായത്തിന് പൊതുവിലും  ജമാഅത്തിന് പ്രത്യേകിച്ചും പൊതു സമൂഹവുമായും തിരിച്ചും എന്‍ഗേജ് ചെയ്യുന്നതിന് ഈ ഭാഷാ ഏകത ഏറെ സഹായകമായി.
ഈ അനുകൂല ഘടകങ്ങള്‍ കേരള ജമാഅത്തിന്റെ കര്‍മമേഖലകള്‍ ചിട്ടപ്പെടുത്തുന്നതില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. അതേസമയം, അത് ദേശീയ സാഹചര്യത്തില്‍നിന്ന് തീര്‍ത്തും മാറിനിന്നുകൊണ്ടുള്ളതല്ല,  കേന്ദ്ര ജമാഅത്തിന്റെ പ്രവര്‍ത്തന പദ്ധതികളുടെ വിശാല വൃത്തത്തിനകത്ത് കേരളത്തിന്റെ അനുകൂല സാധ്യതകള്‍ ഫലപ്രദമായി ഉള്‍ച്ചേര്‍ത്ത് ഉപയോഗപ്പെടുത്താനാണ് ഇവിടെ ജമാഅത്ത് ശ്രമിച്ചത്. 
ഏറെ പുതുമകളുള്ളതും ഉത്തരേന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ച് അചിന്ത്യവുമായ സാഹസിക വഴികളിലൂടെ സഞ്ചരിക്കാന്‍ കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ഏറെ മതിപ്പോടെയാണ് കേന്ദ്ര നേതൃത്വം ഇത്തരം യത്‌നങ്ങളെ വിലയിരുത്തുന്നത്. പൊതു സമൂഹവുമായി ഇടപഴകുന്നതിന് തനതു രീതികള്‍ വികസിപ്പിക്കാനായത്, വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, മാധ്യമരംഗത്തെ ഇടപെടല്‍, വനിതാ സംഘാടനം, യുവജനപ്രസ്ഥാനം, മലര്‍വാടി ബാലസംഘം-ടീന്‍ ഇന്ത്യ എന്നിവയും ഈ തലത്തില്‍ സവിശേഷം അടയാളപ്പെടുത്താവുന്നതാണ്.

സാമൂഹിക-സേവന മേഖലകളില്‍ ജമാഅത്ത് നിറഞ്ഞുനില്‍ക്കുന്നുണ്ട്. ദഅ്‌വത്ത്, ഇസ്‌ലാഹ് തുടങ്ങിയ പ്രാസ്ഥാനിക മുന്‍ഗണനകളുമായി അവ എങ്ങനെയാണ് ബന്ധപ്പെടുന്നത്?
ജനസേവനത്തെയും സാമൂഹിക ഇടപെടലുകളെയും സംബന്ധിച്ച ഇസ്‌ലാമിക കാഴ്ചപ്പാടിനോടുള്ള പ്രതിബദ്ധത കാരണമാണ് എക്കാലത്തും അത് ജമാഅത്തിന്റെ മുന്‍ഗണനാക്രമങ്ങളില്‍ പ്രാധാന്യത്തോടെ ഇടം പിടിക്കുന്നത്. ജനസേവനം ദുരിതമനുഭവിക്കുന്നവരോടുള്ള ബാധ്യതാ നിര്‍വഹണമാണ്. അത് സ്വയം തന്നെ ദൈവപ്രീതി ലക്ഷ്യമാക്കിയുള്ള സല്‍പ്രവൃത്തിയാണ്. അതേസമയം സാമൂഹിക പ്രശ്‌നങ്ങളോട് സംവദിക്കാനും അവക്ക് പരിഹാരം കാണാനുമുള്ള ഇസ്‌ലാമിന്റെ ശേഷിയെയാണ് പ്രസ്ഥാനത്തിന്റെയും പോഷക ഘടകങ്ങളുടെയും സാമൂഹിക ഇടപെടലുകള്‍ അടയാളപ്പെടുത്തുന്നത്. ഇസ്‌ലാമിന്റെ മൂല്യ-നീതി ബോധങ്ങളില്‍ ഊന്നിനിന്നാണ് ഈ രംഗത്ത് നാം മുന്നോട്ടുപോകുന്നത്. ഇതര ലക്ഷ്യങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങളോട് കൂട്ടിച്ചേര്‍ക്കാന്‍ ജമാഅത്ത് ആഗ്രഹിക്കുന്നില്ല. അത് പ്രസ്ഥാനത്തിന്റെ നയവുമല്ല. ആശയപ്രചാരണത്തിന്റെ രീതിയായി അവയെ ഇസ്‌ലാമിക പ്രസ്ഥാനം സ്വീകരിച്ചിട്ടില്ല. അത്തരം ഇടപെടലുകളിലൂടെ ഇസ്‌ലാമിന്റെ സാമൂഹിക, രാഷ്ട്രീയ ഉള്ളടക്കവും സാമൂഹിക നീതിയെക്കുറിച്ചുള്ള സങ്കല്‍പ്പവും ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നുവെന്നത് സന്തോഷകരമാണ്. ദഅ്‌വത്ത്, ഇസ്‌ലാഹ് എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങളുടെ ഗതിവേഗം അവ വര്‍ധിപ്പിച്ചിട്ടുണ്ടാവാം. കേരളത്തിലെ പാരിസ്ഥിതിക വിഷയങ്ങളിലെ പ്രാസ്ഥാനിക നിലപാടുകള്‍ ഇസ്‌ലാമിന്റെ പാരിസ്ഥിതിക ദര്‍ശനത്തെയും ദേശീയ-അന്തര്‍ദേശീയ  സാഹചര്യങ്ങളോടുള്ള പ്രതികരണങ്ങള്‍ ഇസ്‌ലാമിന്റെ വിമോചന ഉള്ളടക്കത്തെയും പ്രബോധനം ചെയ്തിട്ടുണ്ട്. 

കേരളത്തിലെ  മാധ്യമ മേഖലയിലെ അവഗണിക്കാനാവാത്ത സാന്നിധ്യമാണ് പ്രസ്ഥാനം. ഈ മേഖലയിലെ അനുഭവങ്ങള്‍?
മാധ്യമരംഗത്ത് ഏറെ മുന്നേറാന്‍ കേരളത്തില്‍ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. പ്രസ്ഥാനം ചാലകശക്തിയായി വിജയിപ്പിച്ചെടുത്ത മാധ്യമ സംവാദത്തിനുള്ള ഇടവും സാധ്യതയും കേരളത്തിലുണ്ടായിരുന്നുവെന്നതാണ് ഇതിന് ഒരു പ്രധാന കാരണം. ഇസ്‌ലാമിനെതിരെയും ഇസ്‌ലാമിക സമൂഹത്തിനെതിരെയും നടക്കുന്ന ആസൂത്രിത മീഡിയാ ആക്രമണങ്ങളെ പ്രതിരോധിക്കുകയും മുസ്‌ലിം സമുദായമടക്കമുള്ള പിന്നാക്ക- അധഃസ്ഥിത വിഭാഗങ്ങളെ പ്രതിനിധീകരിക്കുകയും  ചെയ്യുന്ന, സത്യസന്ധതയും പക്ഷപാതിത്വമില്ലായ്മയും ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ സ്‌പേസിലാണ് നമ്മുടെ മാധ്യമസംരംഭങ്ങള്‍ വികസിച്ചത്. ഇതിനാവശ്യമായ പൊതുഭാഷയും പ്രവര്‍ത്തനരീതിയും കേരളത്തിനു സമര്‍പ്പിച്ചു എന്നതും വലിയ നേട്ടമാണ്. പ്രപഞ്ചനാഥന്റെ നിസ്സീമമായ അനുഗ്രഹവും പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ത്യാഗനിര്‍ഭരമായ സമര്‍പ്പണവുമാണ് മാധ്യമസംരംഭത്തെ വിജയമാക്കിയത്. എന്നാല്‍ ചെയ്യുന്നതെല്ലാം വിജയിക്കുമെന്ന ലളിതതീര്‍പ്പിലേക്ക് ഈ വിജയം നമ്മെ നയിക്കുന്നുവെന്ന ദൂഷ്യവശം ഇതിനുണ്ട്. ഒരു പ്രസ്ഥാനത്തിന്റെ പ്രയാണത്തില്‍ വിജയമെന്നപോലെ തിരിച്ചടികളും സ്വാഭാവികമാണ്.
നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിവീഴുന്ന വാര്‍ത്തകള്‍ നിമിഷാര്‍ധം കൊണ്ടുതന്നെ വിപുലമായ സാമൂഹിക- രാഷ്ട്രീയമാനങ്ങള്‍ കൈവരിക്കുന്ന കാലത്ത് അച്ചടിമാധ്യമമേഖലയെ മാത്രം ഉപജീവിച്ച് മുന്നോട്ടുപോകാനാവില്ല. ഈ തിരിച്ചറിവിന്റെ ഭാഗമായാണ് ദൃശ്യമാധ്യമ രംഗത്തേക്ക് പ്രസ്ഥാനം പ്രവേശിക്കുന്നത്. പ്രതീക്ഷാനിര്‍ഭരമാണ് ബാലാരിഷ്ടതകള്‍ പിന്നിടുമ്പോള്‍ അതിന്റെ നിലയും. അല്ലാഹുവിന്റെ കാവലും തൃപ്തിയും അതിനുണ്ടാവുമെന്ന് പ്രത്യാശിക്കാം. മാധ്യമയുദ്ധം (Media War) അതിന്റെ സകല തീവ്രതയോടെയും സംഹാരാത്മകമാകുന്ന ഇക്കാലത്ത് ഇനിയുമേറെ ദൂരം നമുക്ക് സഞ്ചരിക്കാനുണ്ട്. രാജ്യത്തെ മൊത്തത്തിലെടുക്കുമ്പോള്‍ ഇതര ഭാഷകളിലെ ആവശ്യകതകൂടി സാധ്യതയായും വെല്ലുവിളിയായും ഏറ്റെടുക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനു കഴിയണം.

രാഷ്ട്രീയ മേഖലയിലെ പ്രാസ്ഥാനിക ഇടപെടലുകളുടെ ഫലപ്രാപ്തി എത്രത്തോളം?
ലോകത്തൊരിടത്തും ഏതു രാഷ്ട്രീയ മുന്നേറ്റവും തുടക്കം കുറിക്കപ്പെടുന്നത് അതിന് എത്രമാത്രം പാര്‍ലമെന്ററി  സാധ്യതകളുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് അതുയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രമേയത്തിന് പ്രസക്തിയുണ്ടോ, ഇടമുണ്ടോ എന്നതാണ് തുടക്കത്തില്‍ പ്രധാനം. ജനാധിപത്യ പരീക്ഷണത്തിന്റെ ആറര പതിറ്റാണ്ട് ഇന്ത്യ പിന്നിട്ടുകഴിഞ്ഞു.  രാജ്യത്തിന്റെയും ജനങ്ങളുടെയും സര്‍വതോമുഖ പുരോഗതി നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ വ്യവഹാരങ്ങള്‍ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുന്നില്ല എന്ന വിമര്‍ശം ജമാഅത്തെ ഇസ്‌ലാമി അതിന്റെ തുടക്കം മുതല്‍ ഉയര്‍ത്തിയിട്ടുണ്ട്. തങ്ങളുടെതന്നെ പ്രഖ്യാപിത നിലപാടുകളോട് നീതി പുലര്‍ത്താന്‍ രാജ്യത്തെ  രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കുന്നില്ല എന്ന അനുഭവവും നമ്മുടെ മുന്നിലുണ്ട്. അസന്തുലിത വികസനവും അധഃസ്ഥിത വിഭാഗങ്ങളും നീതിനിഷേധവും അതിന്റെ പ്രത്യക്ഷ തെളിവുകളാണ്. അത്യന്തം അപകടകരവും പ്രതിലോമപരവുമായ ചില പ്രവണതകള്‍ രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയരംഗത്ത് ശക്തി പ്രാപിക്കുന്നതിനും മൂര്‍ത്ത രൂപം കൈക്കൊളളുന്നതിനും കഴിഞ്ഞ രണ്ടു മൂന്ന് ദശകങ്ങളിലായി രാഷ്ട്രം സാക്ഷ്യംവഹിക്കുന്നു. ബദല്‍ രാഷ്ട്രീയത്തിന്റെ പ്രസക്തിയിലേക്കാണ് ഇവയെല്ലാം ചൂുന്നത്. 
പ്രസ്ഥാനം പ്രായോഗിക രാഷ്ട്രീയത്തില്‍ ചുവടുവെപ്പുകള്‍ നടത്തുന്നതിന്റെ പശ്ചാത്തലമിതാണ്. തീര്‍ച്ചയായും ഇതിന് ഭാവിയുണ്ട്. എന്നാല്‍ കാത്തിരിക്കേണ്ടിവരുമെന്ന യാഥാര്‍ഥ്യബോധം, വിശേഷിച്ചും കേരളത്തില്‍, പ്രസ്ഥാനത്തിനും പ്രവര്‍ത്തകര്‍ക്കുമു്. കാരണം, ഇരുമുന്നണികളാല്‍ ബന്ദിയാക്കപ്പെട്ടിരിക്കുകയാണ് കേരളത്തിലെ നിലവിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ മൗലിക പോരായ്മകളെയും പ്രശ്‌നങ്ങളെയും കുറിച്ച തിരിച്ചറിവുകള്‍ കേരളത്തിലെ പൊതുസമൂഹം, വിശേഷിച്ചും പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ ആര്‍ജിക്കുമ്പോള്‍ മാറ്റത്തിന് ഗതിവേഗം വര്‍ധിക്കും. അവിടെ ജനങ്ങളുടെ ബെസ്റ്റ്  ചോയ്‌സായിരിക്കും ഈ ബദല്‍ രാഷ്ട്രീയ ശക്തി.

ജമാഅത്തെ ഇസ്‌ലാമിയുടെ 75 വര്‍ഷം ആധുനിക രാഷ്ട്രീയ ആഖ്യാനങ്ങളോടുള്ള സംവാദങ്ങള്‍ കൂടിയാണ്. പുതിയ സാഹചര്യത്തില്‍ അത്തരം ആശയങ്ങളോടുള്ള സംവാദത്തെ എങ്ങനെ വിലയിരുത്തുന്നു?

ജനാധിപത്യം, മതേതരത്വം, ദേശീയത എന്നിവ ആരാലും ചോദ്യം ചെയ്യപ്പെടാനാവാത്ത സ്വരൂപങ്ങളായി നിലകൊണ്ട സന്ദര്‍ഭത്തില്‍ അവയുടെ മറുവായന നടത്താന്‍ ധൈര്യം കാണിച്ചു, ഏകപക്ഷീയ വായനക്ക് തിരുത്ത് കുറിച്ചു എന്നതാണ് ജമാഅത്തെ ഇസ്‌ലാമിയും സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയും നിര്‍വഹിച്ച ചരിത്രദൗത്യം. 
ഏകാധിപത്യത്തിന്റെയും രാജഭരണത്തിന്റെയും, ഇവ രണ്ടും മതപൗരോഹിത്യവുമായി കൂട്ടുചേര്‍ന്നതിന്റെയും ആസുരതയനുഭവിച്ച ലോകം ജനാധിപത്യത്തെയും മതേതരത്വത്തെയും പുല്‍കുകയായിരുന്നു. എന്നാല്‍ മൗലികമായി ഇവക്കും ചില ദൗര്‍ബല്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് ജമാഅത്തെ ഇസ്‌ലാമി ചെയ്തത്. കേവല ജനാധിപത്യം അരാജകത്വത്തിനും ഫാഷിസത്തിനും ഏകാധിപത്യത്തിനുമുള്ള കാവാടങ്ങള്‍ തുറന്നിടുമെന്നും അതിനാല്‍ ദൈവിക മാര്‍ഗ നിര്‍ദേശത്തിന്റെ കാവല്‍ അനിവാര്യമാണ് എന്നുമാണ് ജമാഅത്ത് ചൂണ്ടിക്കാട്ടിയത്. ആധുനിക ജനാധിപത്യത്തിന്റെ ഈ വശത്തെക്കുറിച്ച് അതിന്റെ  ആദ്യനാളുകളില്‍ ജമാഅത്ത് ഉയര്‍ത്തിയ വിമര്‍ശം ശരിയായിരുന്നുവെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. ജനാധിപത്യത്തിന്റെ രചനാത്മക വശത്തെ പ്രസ്ഥാനം എന്നും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടു്. രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയയില്‍ പങ്കാളിയാകുന്ന പ്രത്യക്ഷ രാഷ്ട്രീയ പരീക്ഷണങ്ങളിലേക്ക് പ്രസ്ഥാനത്തെ നയിച്ചതും ജനാധിപത്യത്തോടുള്ള ഈ ക്രിയാത്മക സമീപനമാണ്.
മതനിരാസത്തിലൂന്നിയ പടിഞ്ഞാറന്‍ മതേതരത്വത്തെ നിരാകരിക്കുന്നതോടൊപ്പം ബഹുസ്വര സാമൂഹിക നിര്‍മിതി സാധ്യമാക്കുന്ന മതനിരപേക്ഷതയെ ജമാഅത്ത് സ്വാഗതം ചെയ്തു. മതേതരത്വം കേവലമല്ലെന്നും നിലനില്‍ക്കുന്ന സ്ഥലകാലങ്ങളോട് അത് പക്ഷപാതം കാണിക്കുന്നു എന്നുമുള്ള വിമര്‍ശം ഇന്ന് ഏറെ സജീവമാണല്ലോ.
ഏതു ആത്യന്തികതകള്‍ക്കും ചില നന്മകളുണ്ടാകും. എന്നാല്‍ ഒരു നന്മയുമില്ലാത്ത തീവ്രഭാവമാണ് സങ്കുചിത ദേശീയത. സ്വന്തം നാടിനോടും നാട്ടുകാരോടുമുള്ള കടപ്പാടുകളെ പ്രകാശിപ്പിക്കുന്ന ദേശബോധത്തെയും ദേശസ്‌നേഹത്തെയും നിരാകരിക്കാന്‍ ആര്‍ക്കുമാവില്ല. പക്ഷേ, ഭൂമിയിലെ കൃത്രിമ അതിര്‍ത്തിരേഖകള്‍ ശ്രേഷ്ഠതയുടെ അളവുകോലാവുന്ന ദേശീയതയെ അംഗീകരിക്കാനാവില്ല. അതിര്‍ത്തിക്കപ്പുറത്തുള്ളവനെ അകറ്റിനിര്‍ത്തി ശത്രുവാക്കുകയും ഏതു നെറികേടും ദേശത്തിന്റെ പേരില്‍ ന്യായീകരിക്കുകയും ചെയ്യുന്ന സമീപനം ലോകത്തെ ഏതു രാജ്യവാസികളുടേതായാലും ആശാസ്യമല്ലതന്നെ. ദേശീയതയുടെ ഏറ്റവും വലിയ ഒരപകടം അത് ഭരണകൂടത്തെയും ദേശത്തെയും ഒന്നായി പ്രഖ്യാപിക്കുകയും ഭരണകൂടവിരുദ്ധമായ ഏതും ദേശവിരുദ്ധമെന്ന പ്രതീതിയുണ്ടാക്കുകയും ചെയ്യുന്നുവെന്നതാണ്. ഫലത്തില്‍ ജനാധിപത്യത്തെ തന്നെ അത് റദ്ദുചെയ്യുന്നു. മനുഷ്യന്‍ എന്ന ഏകകത്തില്‍ ഊന്നിയുള്ള സാര്‍വലൗകികതയെയാണ് ഇസ്‌ലാമികപ്രസ്ഥാനങ്ങള്‍ ദാര്‍ശനികമായി മുന്നോട്ടുവെച്ചത്. ഈ മൂന്ന് ആശയങ്ങളോടുമുള്ള ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മൗലിക വിമര്‍ശങ്ങളും പ്രായോഗികമായി അതിനോടുള്ള സമീപനവും ശരിയായിരുന്നുവെന്നും ആ ശരികള്‍ കൂടുതല്‍ തിളക്കമുള്ളതായിക്കൊണ്ടിരിക്കുന്നുവെന്നുമാണ് അനുഭവം.

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സാമൂഹിക ഇടപെടലുകളും  സമര- സേവന പരിപാടികളും സമൂഹത്തിലെ ഏതു വിഭാഗത്തോടാണ് സംവദിക്കുന്നത്? അതിനോടുള്ള പ്രതികരണങ്ങളുടെ സ്വഭാവമെന്താണ്?
സാമൂഹികശാസ്ത്രത്തിന്റെ സാധാരണ വിശകലന രീതികള്‍ മാത്രം പരിഗണിച്ചുകൊ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സാമൂഹിക ഇടപെടലുകളെയും പ്രതിഷേധങ്ങളെയും വിലയിരുത്തുന്നത് ശരിയല്ല.  സാമൂഹിക പരിവര്‍ത്തനത്തിന് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന മുന്‍ഗണനകള്‍ കണക്കിലെടുക്കണം. കറുത്തവനും വെളുത്തവനും തൊഴിലാളിയും മുതലാളിയും അടിമയും ഉടമയും സമ്പന്നനും ദരിദ്രനും കീഴാളനും മേലാളനും സ്ത്രീയും പുരുഷനുമെല്ലാമുള്ള ഒരു സമൂഹത്തെ 'യാ അയ്യുഹന്നാസ്' (അല്ലയോ, മനുഷ്യസമൂഹമേ) എന്നാണ് ഖുര്‍ആന്‍ അഭിസംബോധന ചെയ്തത്. മാറാനും മാറ്റാനും ആവശ്യപ്പെടുന്നത് എല്ലാവരോടുമാണ്. പ്രതിസന്ധികളും പ്രയാസങ്ങളുമനുഭവിക്കുന്ന വിഭാഗങ്ങളോട് മാത്രമായി വിമോചനത്തിനുള്ള സവിശേഷ ആഹ്വാനം മുഴക്കുകയായിരുന്നില്ല പ്രവാചകന്‍. അധഃസ്ഥിതന്റെ വിമോചനത്തെ കുറിച്ച് സംസാരിച്ചത് മേലാളരോടുകൂടിയാണ്. അതില്‍ ആകൃഷ്ടരായതില്‍ കൂടുതലും മേലാളരല്ല, അധഃസ്ഥിതരാണ്. നീതിയെ കുറിച്ച് സംസാരിച്ചത് അനീതിയുടെ ഇരകളോടല്ല; പ്രാഥമികമായി, നീതിയെ തടവിലാക്കിയ അധികാരിവര്‍ഗത്തോടാണ്. സ്ത്രീയുടെ അവകാശത്തെ കുറിച്ച് ഓര്‍മിപ്പിച്ചത്, പുരുഷന്റെ ബാധ്യതയായാണ്. എല്ലാവരുടെയും ഉന്നമനത്തിലും മോക്ഷത്തിലും എല്ലാവരും പങ്കാളികളാവുക എന്നതാണ് ജമാഅത്ത് മുന്നോട്ടുവെക്കുന്നത്. ഈ സ്വഭാവത്തിലാണ് ജമാഅത്ത് അതിന്റെ ബഹുമുഖ പ്രവര്‍ത്തനങ്ങളും മുദ്രാവാക്യങ്ങളും ചിട്ടപ്പെടുത്തിയത്. അഥവാ, ജമാഅത്ത് അതിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളും ആശയസംവാദവും രൂപപ്പെടുത്തിയത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടുമാണ്.

സമാധാനപരമായി ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ലോകത്ത് അധികമില്ല.  ഈ സുദീര്‍ഘ കാലയളവ് വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ജമാഅത്തിന് സാധിച്ചിട്ടുണ്ടോ?
ലോകത്തുള്ള മുഖ്യധാരാ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെല്ലാം സമാധാനപരമായാണ് പ്രവര്‍ത്തിച്ചുവരുന്നത്. അവക്കെതിരെ നിലകൊണ്ട ഭരണകൂടങ്ങളാണ് അവയെ രക്തത്തില്‍ മുക്കാന്‍ ശ്രമിക്കുന്നതും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും അതത് രാഷ്ട്രങ്ങളെയും അവിടത്തെ ജനങ്ങളെയും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതും. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി തന്നെയും കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുവന്നത്. അതിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്വഭാവത്തില്‍ രണ്ട് തവണ നിരോധനമുണ്ടായി. പ്രവര്‍ത്തനസ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തി. എന്നാല്‍, നീണ്ട ജയില്‍പീഡനങ്ങളോ സാര്‍വത്രിക വേട്ടയാടലുകളോ ജമാഅത്തിനു നേരെ നടന്നില്ലെന്നത് ശരിയാണ്. രാജ്യത്തിന്റെ ഭരണഘടനയെയോ നിയമവാഴ്ചയേയോ വെല്ലുവിളിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ജമാഅത്ത് ഏര്‍പ്പെട്ടിട്ടില്ല, ഏര്‍പ്പെടുകയുമില്ല. നിയമവാഴ്ച ഉയര്‍ത്തിപ്പിടിച്ചുകൊ് നിലനില്‍ക്കുന്ന സിസ്റ്റത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന നയമാണ് ജമാഅത്തെ ഇസ്‌ലാമിക്കുള്ളത്.
രാജ്യത്തിന്റെ സാഹചര്യം ഫലപ്രദമായി ഉപയോഗപ്പെടുത്തി ആദര്‍ശമാര്‍ഗത്തില്‍ മുന്നോട്ടുപോകാന്‍ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ആശയ പ്രബോധക സംഘമെന്ന നിലക്ക് ജമാഅത്ത് നടത്തിയ വിപുലമായ പ്രചാരണങ്ങളും വിവിധ തുറകളിലെ സംഘാടനവും അതിന്റെ തെളിവാണ്. പൊതു സമൂഹത്തിന് അവഗണിക്കാന്‍ സാധിക്കാത്ത, അവരുടെ അഭിപ്രായരൂപീകരണത്തിന് ബലമേകുന്ന സാന്നിധ്യമായി ജമാഅത്ത് മാറിക്കഴിഞ്ഞു. ഇസ്‌ലാമിനെ സംബന്ധിച്ച ഏതു വിഷയത്തിലും  രാജ്യത്തെ പ്രഥമ റഫറന്‍സ് ഇന്ന് ജമാഅത്താണ്. 

മുക്കാല്‍ നൂറ്റാ് പിന്നിട്ട പ്രസ്ഥാനത്തിന് പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ എത്രത്തോളം സാധിച്ചിട്ടു്? അതിനായി ജമാഅത്ത് ഘടനയിലും മറ്റും വരുത്തിയ പരിഷ്‌കരണങ്ങള്‍?
ജമാഅത്ത് ഒരു സുസംഘിത പ്രസ്ഥാനമാണ്. ചിട്ടയും അച്ചടക്കവുമെന്നത് അതിന്റെ മുഖമുദ്രയാണ്. ഇത്തരമൊരു സംഘടനക്ക് ബഹുജന പ്രസ്ഥാനത്തിന്റെ സ്വഭാവമായി പറയപ്പെടുന്ന ജനകീയത കൈവരിക്കാന്‍ കൂടുതല്‍ സമയമെടുക്കും. ജമാഅത്ത് പ്രവര്‍ത്തകരുടെ വ്യക്തിബന്ധങ്ങളിലൂടെ ധാരാളമാളുകള്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ മനസ്സിലാക്കുകയും ഇതിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രചാരണത്തിന്റെ പൊതുമാധ്യമമായി എഴുത്തും പ്രഭാഷണവുമാണ് ജമാഅത്ത് സ്വീകരിച്ചത്. സ്വാഭാവികമായും, ഇത്  അഭ്യസ്തവിദ്യരെയാണ് കൂടുതല്‍ ആകര്‍ഷിക്കുക. ആശയക്കൈമാറ്റത്തിന്റെ ജനകീയവും ജനപ്രിയവുമായ രീതികള്‍ ഉപയോഗിക്കാന്‍ പ്രസ്ഥാനത്തിന് വേത്ര സാധിച്ചിട്ടില്ല. തീര്‍ച്ചയായും എല്ലാ വിഭാഗങ്ങളെയും അഭിമുഖീകരിക്കുന്ന/ഉള്‍ക്കൊള്ളുന്ന ശൈലിയും ഭാഷയും വികസിപ്പിച്ചെടുക്കേണ്ടത് അനിവാര്യമാണ്.
കേരളത്തിലെ സംഘടനാ പ്രവര്‍ത്തന സംസ്‌കാരത്തില്‍ മത/മതേതര/രാഷ്ട്രീയ വിഭജനം വലിയ പങ്കു വഹിക്കുന്നുണ്ട്. ഒരേ മതസംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍തന്നെ  രണ്ടാളുകള്‍ക്ക് രണ്ട് രാഷ്ട്രീയ സംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും, തിരിച്ചും ആകാവുന്നതാണ്. അതില്‍ ആര്‍ക്കും വൈരുധ്യമനുഭവപ്പെടാറില്ല. ജമാഅത്താവട്ടെ, ജീവിതത്തെ ഒന്നായി കാണുകയും ആത്മീയ/ഭൗതിക  ജീവിത ചുറ്റുപാടുകള്‍ തമ്മില്‍ വൈരുധ്യമുണ്ടാകരുതെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു. അത് ജമാഅത്ത് വിശ്വസിക്കുന്ന ആദര്‍ശത്തിന്റെ തന്നെ സവിശേഷതയാണ്. മറുവശത്ത്, ഈ പ്രത്യേകതകളുണ്ടായിരിക്കെത്തന്നെ പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന ആശയങ്ങളും നിലപാടുകളും ഇതര കൂട്ടായ്മകളെ വളരെയധികം സ്വാധീനിക്കുകയും അവരുടെ നയങ്ങളെയും പ്രവര്‍ത്തനസ്വഭാവത്തെയും നിര്‍ണയിക്കുകയും ചെയ്യുന്നുണ്ട്. ഇത് പ്രസ്ഥാനത്തിന്റെ ജനകീയവല്‍ക്കരണമായി തന്നെ  മനസ്സിലാക്കാവുന്നതാണ്്. ജനകീയതയെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു കാര്യം കൂടി പരിഗണിക്കേണ്ടതുണ്ട്. ഒരു പ്രസ്ഥാനത്തില്‍  അംഗത്വമെടുക്കുന്നവരുടെ എണ്ണമെത്ര എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം ജനകീയതയെ വിലയിരുത്താനാവില്ല; പ്രത്യേകിച്ച് കേഡര്‍ പ്രസ്ഥാനങ്ങളുടെ. മറിച്ച്, അതിന്റെ പോഷക വിഭാഗങ്ങളും അതിന്റെ മുന്‍കൈയില്‍ നടക്കുന്ന മറ്റു സംവിധാനങ്ങളും സംരംഭങ്ങളും എത്രത്തോളം ജനകീയമായിട്ടുണ്ട് എന്നുകൂടി പരിശോധിക്കണം. ആ അര്‍ഥത്തില്‍ വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കും യുവാക്കള്‍ക്കുമൊക്കെ അണിനിരക്കാവുന്നതും അയഞ്ഞ ഘടനയുള്ളതുമായ സംവിധാനങ്ങള്‍ ജമാഅത്തിനുണ്ട്. രാഷ്ട്രീയ ചുവടുവെപ്പുകളും പ്രസ്ഥാനം നടത്തുന്നു. ഇവയിലൂടെ വലിയൊരു മുന്നേറ്റം കേരളത്തില്‍ സാധ്യമായിട്ടുണ്ട്. 
75 വര്‍ഷമെന്നത് ഒരു മനുഷ്യായുസ്സിനെ സംബന്ധിച്ച് വലിയ കാലയളവായിരിക്കാം. ഒരു പ്രസ്ഥാനത്തെ സംബന്ധിച്ച് അങ്ങനെയല്ല. വധിക്കപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്ത പ്രവാചകശ്രേഷ്ഠന്മാരുണ്ട്, നൂറ്റാണ്ടുകള്‍ പൊരുതിയിട്ടും ജനകീയരാവാന്‍ സാധിക്കാത്തവരുണ്ട്, ചെറു ന്യൂനപക്ഷത്തിന്റെ പിന്തുണ മാത്രം ലഭിച്ചവരുണ്ട്. ഒപ്പം, മനുഷ്യ മഹാസാഗരത്തോടൊപ്പം അലയടിച്ചുയര്‍ന്നവരുണ്ട്, പെട്ടെന്ന് വിജയം കൈവരിച്ചവരുണ്ട്. ആത്യന്തികവിജയം  ദൈവികദര്‍ശനത്തിനായിരിക്കുമെന്നത് അല്ലാഹുവിന്റെ നടപടിക്രമമാണ്. നമുക്ക് സ്വപ്‌നമുണ്ട്, പ്രതീക്ഷയുണ്ട്; പക്ഷേ ധൃതിയില്ല.
 

Comments

Other Post