Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 10

3289

1444 റജബ് 19

മര്‍ദിതരുടെ പക്ഷം ചേരുക

അബ്ദുല്ലത്വീഫ് കൊടുവള്ളി

عن جابر بن عبد الله: قَالَ رَسُولُ اللَّهِ صلى الله عليه وسلم : كَيْفَ يُقَدِّسُ اللَّهُ أُمَّةً لاَ يُؤْخَذُ لِضَعِيفِهِمْ مِنْ شَدِيدِهِمْ ؟

 

ജാബിറുബ്‌നു അബ്ദില്ലായില്‍നിന്ന്. നബി (സ) പറഞ്ഞു: 'ശക്തനില്‍നിന്ന് ദുര്‍ബലന്റെ 
അവകാശങ്ങള്‍ ഈടാക്കാത്ത സമുദായത്തെ അല്ലാഹു എങ്ങനെയാണ് വിശുദ്ധമാക്കുക?'
(ഇബ്്നു മാജ 4010, അൽബാനി സ്വഹീഹാക്കിയത്, സ്വഹീഹു ഇബ്്നി മാജ 3255)

 

പ്രവാചകത്വത്തിന്റെ തുടക്കകാലത്ത് ശത്രുക്കളുടെ പീഡനങ്ങളില്‍നിന്ന് രക്ഷകിട്ടാനായി നബി (സ) ചിലരോട് അബ്‌സീനിയയിലേക്ക് പലായനം ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. അബ്‌സീനിയയില്‍നിന്ന് ആ സംഘം തിരിച്ചുവന്ന ഘട്ടത്തില്‍ നബി (സ) അവരോട് ചോദിച്ചു: 'നിങ്ങള്‍ അബ്‌സീനിയയിൽ കണ്ട ഏറ്റവും അത്ഭുതകരമായ കാര്യങ്ങള്‍ എന്നോട് പറയാമോ?' അപ്പോള്‍ യുവാക്കളിലൊരാൾ പറഞ്ഞു: 'അതേ, അല്ലാഹുവിന്റെ ദൂതരേ. ഒരിക്കല്‍ ഞങ്ങള്‍ ഒരിടത്ത് ഇരിക്കുമ്പോള്‍ ഒരു വൃദ്ധപുരോഹിത ഞങ്ങളുടെ സമീപം  നടന്നുപോയി. അവരുടെ തലയില്‍ വെള്ളം നിറച്ച മണ്‍കുടമുണ്ടായിരുന്നു. അവര്‍ ഒരു യുവാവിന്റെ ചാരെ കടന്നുപോകവെ, യുവാവ് തന്റെ കൈകൊണ്ട് അവരുടെ ചുമലില്‍ തള്ളി. അവര്‍ കാല്‍മുട്ടിന്മേലായി കമിഴ്ന്നുവീണു. മണ്‍കുടം തകര്‍ന്നു. അവര്‍ എണീറ്റ് ആ യുവാവിനെ നോക്കിയിട്ട് പറഞ്ഞു: 'വഞ്ചകാ, ഇതിന്റെ ഭവിഷ്യത്ത് നീ ഭാവിയില്‍ അറിയാന്‍ പോകുന്നു. അല്ലാഹു തന്റെ ഇരിപ്പിടം സ്ഥാപിക്കുകയും, പൂര്‍വികരും പിന്‍ഗാമികളുമായ എല്ലാവരെയും സമ്മേളിപ്പിക്കുകയും, തങ്ങൾ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി അവരുടെ കൈകാലുകള്‍ സംസാരിക്കുകയും ചെയ്യുമ്പോള്‍ എന്റെയും നിന്റെയും വിഷയം (അക്രമം) സംബന്ധിച്ച അല്ലാഹുവിന്റെ തീരുമാനം അന്നായിരിക്കുമെന്ന് നീ കണ്ടറിയുക തന്നെ ചെയ്യും.' ഇത് കേട്ടപ്പോഴാണ് നബി (സ) പറഞ്ഞത്: 'ആ ക്രൈസ്തവ പുരോഹിത പറഞ്ഞത് സത്യമാണ്, ആ ക്രൈസ്തവ പുരോഹിത പറഞ്ഞത് സത്യമാണ്. ശക്തനില്‍നിന്ന് പാവത്തിന്റെ അവകാശം ഈടാക്കാത്ത സമുദായത്തെ എങ്ങനെയാണ് അല്ലാഹു വിശുദ്ധമാക്കുക?'
'ളുല്‍മ്' (അക്രമം) എന്ന പദത്തിന്റെ വ്യത്യസ്ത പദരൂപങ്ങള്‍ ഇരുനൂറ്റി അന്‍പത്താറിലധികം സ്ഥലങ്ങളിലായി ഖുര്‍ആനില്‍ വന്നിട്ടുണ്ട്. 'ഒരു വസ്തു വെക്കേണ്ട അതിന്റേതായ സ്ഥാനത്ത് വെക്കാതിരിക്കുക, അതിന്റെ സ്ഥാനം കവരുക, വെക്കാനായി കൂടുതല്‍ സ്ഥലം എടുക്കുക, ഒരു കാര്യം അസമയത്ത് ചെയ്യുക, സ്ഥാനം മാറ്റി സ്ഥാപിക്കുക എന്നൊക്കെയാണ് ളുല്‍മ് എന്ന പദത്തിന്റെ മൂലാശയം. അതുകൊണ്ടുതന്നെ ചെറിയ തെറ്റിനും വലിയ തെറ്റിനും ളുല്‍മ് എന്ന് ഉപയോഗിക്കും. ഏതുതരം അണുത്തൂക്കം അക്രമത്തെയും നിരാകരിക്കുന്ന അല്ലാഹു പ്രസ്താവിച്ചതായി നബി (സ) പറയുന്നു: 'തീര്‍ച്ചയായും ഞാന്‍ എനിക്ക് അക്രമത്തെ നിഷിദ്ധമാക്കിയിരിക്കുന്നു. ആയതിനാല്‍, നിങ്ങള്‍ പരസ്പരം അക്രമങ്ങള്‍ അരുത്' (മുസ്്‌ലിം). 'നിങ്ങള്‍ അക്രമത്തെ കരുതിയിരിക്കണം. തീര്‍ച്ചയായും അക്രമം അന്ത്യനാളിലെ അന്ധകാരങ്ങളാണ്' (മുസ്്‌ലിം).
ഭൂമിയില്‍ മനുഷ്യജീവിതം സാധാരണവും ശാന്തവുമായി മുന്നോട്ടുപോകണമെങ്കില്‍ അക്രമ രഹിത സാഹചര്യം നിലനില്‍ക്കണം. എല്ലാവരുടെയും സ്വത്തിനും ജീവനും നിര്‍ഭയാവസ്ഥയുണ്ടാവണം. ഇല്ലെങ്കില്‍, സാമൂഹിക ജീവിതത്തിന്റെ എല്ലാ തുറകളും അരാജകമാവും. പൗരന്മാരുടെ മാനസിക നില തകരും. ആഭ്യന്തര രംഗം ശിഥിലമാവും. സമാധാനത്തിന്റെ അഭാവത്തില്‍ ജനം നിഷ്‌ക്രിയരാവും. സാമ്പത്തിക മാന്ദ്യം എല്ലാം തകിടം മറിക്കും. സമൂഹത്തിന്റെ സന്ധി ബന്ധങ്ങള്‍ ഒന്നൊന്നായി അഴിയും.
അക്രമവും അനീതിയും വാഴുന്ന സമൂഹത്തില്‍ അതുമായി രാജിയാവാതെ വ്യവസ്ഥയോട് കലഹിച്ചും ഭരണാധികാരിയെ തിരുത്താന്‍ ശ്രമിച്ചും പരിവര്‍ത്തനത്തിന് വഴിയൊരുക്കണമെന്നാണ് ഇസ്്‌ലാം മുസ്്‌ലിംകളോട് ആവശ്യപ്പെടുന്നത്. 'അക്രമിയെ കാണുന്ന ജനത അയാളുടെ കൈകള്‍ പിടിച്ചുവെക്കുന്നില്ലെങ്കില്‍ അല്ലാഹുവിന്റെ ശിക്ഷ അവരെ ആവരണം ചെയ്യുന്നതായിരിക്കും' (അബൂദാവൂദ്, തിര്‍മിദി). ചരിത്രത്തില്‍ എക്കാലത്തും ഭരണാധികാരികളും പ്രമാണിമാരുമാണ് അക്രമങ്ങള്‍ക്ക് കൂടുതലായും നേതൃത്വം കൊടുത്തിട്ടുള്ളത്. അതിന്റെ തുടര്‍ച്ച തന്നെയാണ് ഇപ്പോഴും സംഭവിക്കുന്നതും ആവര്‍ത്തിക്കുന്നതും.
അക്രമത്തില്‍ ഒരുവശത്ത് മര്‍ദകനും മറുവശത്ത് മര്‍ദിതനുമുണ്ടാവും. രണ്ടു പേരെയും രണ്ടു തരത്തില്‍ സമീപിച്ച് അക്രമത്തെ നിര്‍വീര്യമാക്കാനാണ് ഇസ്്‌ലാം ആവശ്യപ്പെടുന്നത്. നബി (സ) പറയുന്നു: 'നീ, മര്‍ദകനോ മര്‍ദിതനോ ആയ നിന്റെ സഹോദരനെ സഹായിക്കുക. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, മര്‍ദിതനെ ഞങ്ങള്‍ക്ക് സഹായിക്കാം. മര്‍ദകനെ ഞങ്ങള്‍ എങ്ങനെയാണ് സഹായിക്കുക? നബി (സ): അയാളുടെ ഇരു കൈകളും പിടിച്ചുവെക്കുക' (ബുഖാരി). മര്‍ദിതരുടെ പക്ഷം ചേരണം എന്നതുപോലെ പ്രധാനമാണ് മര്‍ദകര്‍ക്കെതിരെ കക്ഷിചേരുക എന്നതും. മര്‍ദിതർ തങ്ങള്‍ മര്‍ദിതരാണെന്ന വസ്തുത മനസ്സിലാക്കാതെയോ, മനസ്സിലാക്കിയിട്ടും മനസ്സിലാവാത്ത ഭാവം നടിച്ചോ മര്‍ദകരെ ന്യായീകരിക്കുന്ന വൈപരീത്യം പോലും ഇന്നു നാം കാണേണ്ടിവരുന്നു.
നബി(സ)യുടെ വിയോഗ ശേഷം ഭരണമേറ്റെടുത്ത അബൂബക്ർ (റ) നടത്തിയ പ്രഖ്യാപനം, മര്‍ദകരുടെയും മര്‍ദിതരുടെയും നേരെ ഇസ്്‌ലാമിക സാമൂഹിക ക്രമം എന്തു നിലപാടാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ്. 'നിങ്ങളിലെ ശക്തന്‍ എന്നെ സംബന്ധിച്ചേടത്തോളം ദുര്‍ബലനാണ്, അയാളില്‍നിന്ന് അവകാശം ലഭിക്കേണ്ടവന് അത് ഞാന്‍ വാങ്ങിക്കൊടുക്കുവോളം. നിങ്ങളിലെ ദുര്‍ബലന്‍ എന്നെ സംബന്ധിച്ചേടത്തോളം ശക്തനാണ്; അയാള്‍ക്ക് കിട്ടേണ്ട അവകാശം അയാള്‍ക്ക് വകവെച്ചു കിട്ടുന്നതുവരെ.' ഏതൊരു സമൂഹവും വിശുദ്ധമാകുന്നത് മര്‍ദിതര്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കുമ്പോഴാണെന്ന നബി(സ)യുടെ പ്രസ്താവനയെ സാധൂകരിക്കുകയായിരുന്നു തന്റെ നടപടിയിലൂടെ ഖലീഫാ അബൂബക്ർ. മർദിതന്‍ അധർമിയോ സത്യനിഷേധിയോ ആണെങ്കില്‍ പോലും അയാളുടെ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കുമെന്ന് നബി (സ) പ്രസ്താവിച്ചിട്ടുണ്ട്. 'മര്‍ദിതന്റെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കപ്പെടുന്നതാണ്; അയാള്‍ അധര്‍മിയാണെങ്കിലും. അയാളുടെ അധര്‍മത്തിന്റെ പാപഭാരം അയാളില്‍ നിക്ഷിപ്തമായിരിക്കും' (അഹ്്മദ്, ത്വയാലസി, ഇബ്‌നു അബീശൈബ).
നാലുപാടുനിന്നും മര്‍ദിതരുടെ രോദനങ്ങള്‍ ഉയരുന്ന ലോകത്ത് അവരുടെ പക്ഷം ചേരാതിരിക്കാന്‍ നമുക്ക് ഒരു ന്യായവുമില്ല.
 l

Comments

Other Post

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ് -സൂക്തം 63-66
ടി.കെ ഉബൈദ്‌

ഹദീസ്‌

മര്‍ദിതരുടെ പക്ഷം ചേരുക
അബ്ദുല്ലത്വീഫ് കൊടുവള്ളി