Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 10

3289

1444 റജബ് 19

ഐ.എസ്.എൽ മുതൽ എസ്.ഐ.ഒ വരെ ഇസ്്ലാമിക വിദ്യാർഥി പ്രസ്ഥാനത്തോടൊപ്പമുള്ള യാത്രകൾ

സി.എച്ച് അബ്ദുൽ ഖാദർ തയാറാക്കിയത്: ബഷീർ തൃപ്പനച്ചി

1969 - 70 -ൽ ഞാൻ മലപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഈ സന്ദർഭത്തിലാണ് ഒരു ഇസ്്ലാമിക വിദ്യാർഥി സംഘടനയുടെ ആവശ്യകതയെ പറ്റി പ്രബോധനത്തിൽ ഒരെഴുത്ത് പ്രസിദ്ധീകരിക്കപ്പെടുന്നത്. ആ കുറിപ്പിന് അനുകൂലമായി ധാരാളം കത്തുകൾ പ്രബോധനം തുടർലക്കങ്ങളിൽ പ്രസിദ്ധീകരിച്ചു. അതിലൊന്ന് എന്റേതായിരുന്നു. ഈ ചർച്ചയെല്ലാം കഴിഞ്ഞു മൂന്നോ നാലോ മാസങ്ങൾക്ക് ശേഷം എന്റെ സ്കൂൾ വിലാസത്തിലേക്ക് ഒരു കത്ത് വരുന്നു. 1970 ഒക്ടോബറിൽ ഫാറൂഖ് കോളേജ് ആസ്ഥാനമായി രൂപവത്കരിച്ച ഐഡിയൽ സ്റ്റുഡന്റ്സ് ലീഗിന്റെ (ഐ.എസ്.എൽ) നേതൃത്വമാണ് ആ കത്തയച്ചത്. ഐ.എസ്.എല്ലിൽ അംഗത്വമെടുക്കാനും മലപ്പുറം ഗവ. ഹൈസ്കൂളിൽ അതിന്റെ ഒരു യൂനിറ്റ് രൂപവത്കരിക്കാനുമായിരുന്നു കത്തിലെ  ആവശ്യം. ഐ.എസ്.എല്ലിനെ പരിചയപ്പെടുത്തുന്ന ലഘുലേഖയും കത്തിനൊപ്പമുണ്ടായിരുന്നു.
അന്ന് മലപ്പുറം ഹൈസ്കൂളിന്റെ നേരെ എതിർവശത്ത് എം.എം അബൂബക്കർ സാഹിബിന്റെ (അബു സാഹിബ് ) പലചരക്ക് കട ഉണ്ടായിരുന്നു. ഞാൻ അദ്ദേഹത്തോട് കത്തിലെ വിവരങ്ങൾ പറഞ്ഞു. അദ്ദേഹത്തിന്റെയും ജമാഅത്ത് മലപ്പുറം ഹൽഖയുടെയും പിന്തുണയോടുകൂടി മലപ്പുറം ഹൈസ്കൂളിൽ ഐ.എസ്.എല്ലിന്റെ യൂനിറ്റ് രൂപവത്കരിച്ചു. സംഘടനയെ പരിചയപ്പെടുത്തുന്ന ഒരു പൊതുയോഗം സ്കൂളിനു മുന്നിൽ നടത്താനായി അടുത്ത ശ്രമം. ഈ ആവശ്യമുന്നയിച്ച് ഐ.എസ്.എല്ലിന്റെ നേതാക്കളെ നേരിട്ട് കാണാനായി ഒരു ദിവസം സ്കൂൾ കട്ട് ചെയ്ത് കൂട്ടുകാരനായ കെ. അബുവിനൊപ്പം ഫാറൂഖ് കോളേജിൽ എത്തി. അന്ന് ഐ.എസ്.എല്ലിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന എ.എം അബ്ദുർറഹ്്മാൻ, എൻ.കെ അഹമ്മദ് എന്നിവരെ അവിടെവെച്ച് കണ്ടു. ഇവരുടെ നേതൃത്വത്തിലാണ് മലപ്പുറം പൊതുയോഗത്തിന്റെ അജണ്ട തീരുമാനിച്ചത്. ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷൻ, ഉദ്ഘാടനം കെ.പി കമാലുദ്ദീൻ, സമാപന പ്രസംഗം എൻ.കെ അഹമ്മദ്. ഇവരായിരുന്നു മലപ്പുറം ജില്ലയിലെ പ്രഥമ ഐ.എസ് .എൽ പൊതുയോഗത്തിലെ പ്രഭാഷകർ. സ്വാഗതം പറയേണ്ട ചുമതല സ്കൂൾ വിദ്യാർഥിയെന്ന നിലക്ക് എനിക്കായിരുന്നു. നിശ്ചയിച്ച ദിവസം വൈകുന്നേരം ലോംഗ് ബെല്ലടിച്ച്  സ്കൂൾ വിട്ട്  കുട്ടികളും അധ്യാപകരും പുറത്തെ ഗേറ്റിലേക്ക് എത്തിയതും മൈക്കിലൂടെ എന്റെ സ്വാഗതപ്രസംഗം ആരംഭിച്ചു. പിന്നീട് മറ്റു നേതാക്കളുടെ പ്രഭാഷണങ്ങളും. ധാരാളം വിദ്യാർഥികളും അധ്യാപകരും പരിപാടി കേട്ട ശേഷമാണ്  അവിടം വിട്ടത്. അതോടെ സ്കൂളിൽ ഐ.എസ്.എല്ലും അതിന്റെ പേരിൽ ഞാനും പ്രശസ്തനായി.
1972-ൽ  ഐ.എസ്.എല്ലിന്റെ പ്രഥമ സംസ്ഥാന സമ്മേളനം കോഴിക്കോട്ട് നടന്നു. കോഴിക്കോട് ടൗൺഹാളിൽ രാവിലെ 10 മുതൽ ഉച്ചവരെ ഉദ്ഘാടന സമ്മേളനം. ഉച്ചക്ക് ശേഷം വിവിധ വിദ്യാർഥി സംഘടനകൾ പങ്കെടുക്കുന്ന സിമ്പോസിയം. മഗ് രിബിന് ശേഷം മാനാഞ്ചിറ മൈതാനിയിൽ പൊതുസമ്മേളനം-  ഇതായിരുന്നു ആദ്യ സംസ്ഥാന സമ്മേളനത്തിന്റെ അജണ്ട. സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിലെ പ്രമുഖ എഴുത്തുകാരെ അണിനിരത്തി പ്രസിദ്ധീകരിച്ച ഐ.എസ്.എൽ സുവനീർ കനപ്പെട്ട ഉള്ളടക്കത്താൽ ശ്രദ്ധ പിടിച്ചുപറ്റി. രണ്ടാം സംസ്ഥാന സമ്മേളനമാണ് ഐ.എസ്.എല്ലുമായി ബന്ധപ്പെട്ട മറ്റൊരോർമ. 1975 ജനുവരിയിൽ നടന്ന ഈ സമ്മേളനത്തിൽ ഇന്റർനാഷനൽ ഇസ്്ലാമിക് ഫെഡറേഷൻ ഓഫ് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഡോ. അഹമ്മദ് തൂതൻജി പങ്കെടുത്തിരുന്നു. ആന്ധ്ര, കർണാടക, തമിഴ്നാട്, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ രണ്ടാം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
രണ്ടാം സംസ്ഥാന സമ്മേളനത്തിന് ശേഷം ഐ.എസ്.എൽ കൂടുതൽ സജീവമായി മുന്നോട്ടുപോകവെ 1975 ജൂൺ 26-ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. എല്ലാവിധ രാഷ്ട്രീയ-സാമൂഹിക പ്രവർത്തനങ്ങളും അതോടെ നിശ്ചലമായി. വൈകാതെ ജൂലൈ നാലിന് ജമാഅത്തെ ഇസ്്ലാമി അടക്കമുള്ള ചില മത - രാഷ്ട്രീയ -സാമൂഹിക സംഘടനകൾ നിരോധിക്കപ്പെടുകയും ചെയ്തു. ജമാഅത്ത്  നിരോധിക്കപ്പെടുകയാണെങ്കിൽ ഐ.എസ്.എൽ വഴി സാധ്യമാവുന്ന ഇസ്്ലാമിക പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാമെന്നായിരുന്നു  എന്റെയടക്കമുള്ള പലരുടെയും ധാരണ. ജമാഅത്തെ ഇസ്്ലാമി നിരോധിച്ച വാർത്ത വന്നയുടനെ ശാന്തപുരം കോളേജിലെ വിദ്യാർഥികളുടെ  ഒരു കൺവെൻഷൻ ഞാൻ വിളിച്ചുചേർത്തിരുന്നു. ജമാഅത്ത് നിരോധനം മൂലമുള്ള പ്രതിസന്ധി ഐ.എസ്.എൽ പ്രവർത്തനം സജീവമാക്കി  മറികടക്കും എന്നായിരുന്നു അവിടെ ഞാൻ പ്രസംഗിച്ചത്. പക്ഷേ, ഐ.എസ്.എൽ പിരിച്ചുവിടുകയായിരുന്നു. ഞാനന്ന്  ഐ.എസ്.എൽ സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാവായിരുന്നു. 
1977 മാർച്ച് മാസത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയും കോൺഗ്രസും പരാജയപ്പെട്ടതോടെ നിരോധിത സംഘടനകൾ വീണ്ടും പ്രവർത്തനനിരതമായി. അതോടെ ഇനിയെന്തു ചെയ്യണമെന്ന ചർച്ച, നേരത്തെ വിദ്യാർഥി സംഘടനയുടെ തലപ്പത്തുണ്ടായിരുന്നവരിൽ സജീവമായി. അങ്ങനെയാണ് ശാന്തപുരത്ത് ഒരു സംസ്ഥാന തല കൺവെൻഷൻ നടക്കുന്നത്. പഴയ ഐ.എസ്.എൽ നേതൃത്വം തന്നെയായിരുന്നു സംഘാടകർ. ഇനി നാമെന്ത് ചെയ്യണം എന്നത് തന്നെയായിരുന്നു അതിലെ മുഖ്യ ചർച്ചാവിഷയം. പഴയ ഐ.എസ്.എൽ  അതേ പേരിൽ പുനഃസംഘടിപ്പിക്കുക എന്ന നിർദേശം വന്നെങ്കിലും പിരിച്ചു വിടപ്പെട്ട ഒരു സംഘടനക്ക് ഇനി വേരോട്ടം കിട്ടില്ലെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം ലഭിച്ചത്. 
പിന്നീട് ഒരിടവേളക്ക് ശേഷമാണ് അഖിലേന്ത്യാ തലത്തിൽ സ്റ്റുഡന്റ്സ് ഇസ്്ലാമിക് ഓർഗനൈസേഷൻ (എസ്.ഐ.ഒ) രൂപവത്കരിക്കപ്പെടുന്നത്. പുതിയ വിദ്യാർഥി സംഘടനയുടെ ഘടനയും സ്വഭാവവുമൊക്കെ ആലോചിക്കാനുള്ള വിവിധ സംസ്ഥാന പ്രതിനിധികളുടെ പ്രഥമ അഖിലേന്ത്യാ യോഗം ദൽഹിയിലാണ് നടന്നത്. ആ കൺവെൻഷനിൽ കേരളത്തിൽ നിന്ന് 17 പേർ പങ്കെടുത്തു. പി.എ അബ്ദുൽ ഹക്കീം കോട്ടയം, സി.എച്ച് അബ്ദുൽ ഖാദർ മലപ്പുറം, എം.എ മജീദ് മലപ്പുറം, പി. മാഹിൻ  തിരുവനന്തപുരം, എം. ശഹീദ് തൃശൂർ, വി.എസ് സലീം ആലപ്പുഴ, ഫൈസൽ ബത്തേരി, ബി. ഉസ്മാൻ തലശ്ശേരി, ഖാദർ കുടയത്തൂർ, പി.സി ഹംസ മണ്ണാർക്കാട്, കെ.ടി.എം റഷീദ് കോഴിക്കോട്, എസ്. എസ് അക്ബർ, എസ്.എ റഷീദ് എന്നീ പേരുകളാണ് എനിക്കിപ്പോഴതിൽ ഓർമയുള്ളത്.
കൺവെൻഷനിൽ സംഘടനയുടെ പേരിനെക്കുറിച്ചായിരുന്നു ആദ്യ ചർച്ച. ജംഇയ്യത്തുത്ത്വലബ എ ഹിന്ദ്, ആൾ ഇന്ത്യാ ഇസ്്ലാമി ജംഇയ്യത്തുത്ത്വലബ  തുടങ്ങി പല പേരുകളും ചർച്ചക്ക് വന്നു. സംസാരം മിക്കതും  ഉർദു ഭാഷയിൽ ആയതിനാൽ  മലയാളി പങ്കാളിത്തം ഇതിൽ തുലോം കുറവായിരുന്നു. ആ സന്ദർഭത്തിലാണ് കേരള ടീമിലെ കൂട്ടിലങ്ങാടിക്കാരൻ എം.എ മജീദ് അഭിപ്രായം പറയാനായി എഴുന്നേറ്റത്. ലളിതമായ ഇംഗ്ലീഷ് ഭാഷയിൽ അദ്ദേഹം സംസാരം തുടങ്ങി. "ഇന്ത്യ ഒരു ബഹുഭാഷാ രാജ്യമാണ്. ഒരു അഖിലേന്ത്യാ വിദ്യാർഥി പ്രസ്ഥാനത്തിന്റെ പേരാണല്ലോ നമ്മുടെ ചർച്ച. ഉർദു ചില സംസ്ഥാനങ്ങളിലെങ്കിലും തീരെ ഇല്ല. എല്ലാ സംസ്ഥാനങ്ങൾക്കും സ്വീകാര്യമായ ഭാഷ ഇംഗ്ലീഷ് ആണ്. അതിനാൽ, പുതിയ സംഘടനയുടെ പേര് ഇംഗ്ലീഷിൽ ആവണം. സ്റ്റുഡന്റ്സ് ഇസ്്ലാമിക് ഓർഗനൈസേഷൻ എന്ന പേര് ചർച്ചക്കായി ഞാൻ നിർദേശിക്കുന്നു." ഈ അഭിപ്രായം എല്ലാവരും കൈയടിയോടെ സ്വീകരിച്ചു. പേരിന്റെ പേരിലെ ചർച്ച പിന്നീട് നീണ്ടുപോയില്ല. എസ്.ഐ.ഒ എന്ന പേരിൽ അഖിലേന്ത്യാ വിദ്യാർഥി യുവജന പ്രസ്ഥാനം നിലവിൽ വന്നു.
അഖിലേന്ത്യാ പ്രസിഡന്റിനെയും മറ്റു ഭാരവാഹികളെയും കേന്ദ്ര ശൂറയെയും തെരഞ്ഞെടുക്കുക  എന്നതായിരുന്നു കൺവെൻഷനിലെ അടുത്ത അജണ്ട. ആര് പ്രസിഡന്റാവണം, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രഗൽഭർ ആരെല്ലാം, ഇതൊന്നും ഞങ്ങൾക്കറിയാത്തത് വീണ്ടും പ്രശ്നമായി. ഈ സന്ദർഭത്തിലാണ് ദൽഹിയിലെ ടി.കെ അബ്്ദുല്ല സാഹിബിന്റെ സാന്നിധ്യം കേരള ടീമിന് ഉപകാരപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നു വന്ന പ്രതിനിധികളിലെ പ്രഗത്ഭരെ ഞങ്ങൾക്കദ്ദേഹം പരിചയപ്പെടുത്തി. നേതൃത്വത്തിലേക്ക് പരിഗണിക്കാവുന്നവരെ കുറിച്ച സൂചനയും നൽകി. അതോടെ തുടർന്നു നടന്ന തെരഞ്ഞെടുപ്പ് ചർച്ചയിൽ കേരള പ്രതിനിധികളും സജീവമായി പങ്കെടുത്തു. അങ്ങനെ എസ്.ഐ.ഒ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റായി മുഹമ്മദ് ജഅ്ഫർ സാഹിബിനെയും ജനറൽ സെക്രട്ടറിയായി തജമ്മുൽ ഹുസൈൻ സാഹിബിനെയും തെരഞ്ഞെടുത്തു. പി.എ അബ്ദുൽ ഹക്കീം, സി.എച്ച് അബ്ദുൽ ഖാദർ, പി. മാഹിൻ എന്നിവരായിരുന്നു കേരളത്തിൽ നിന്നുള്ള പ്രഥമ കേന്ദ്ര ശൂറാംഗങ്ങൾ. l
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ് -സൂക്തം 63-66
ടി.കെ ഉബൈദ്‌

ഹദീസ്‌

മര്‍ദിതരുടെ പക്ഷം ചേരുക
അബ്ദുല്ലത്വീഫ് കൊടുവള്ളി