Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 10

3289

1444 റജബ് 19

വിവേകമില്ലെങ്കില്‍ വിനാശം

പി.കെ ജമാൽ

അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളില്‍ മുസ്്‌ലിം സമൂഹത്തിന്റെ നയവും നിലപാടും രൂപപ്പെടുത്തുന്നതിന് വിശുദ്ധ ഖുര്‍ആന്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നുണ്ട്. ദിശാബോധമില്ലാതെ, ശത്രുവാര്, മിത്രമാര് എന്ന തിരിച്ചറിവില്ലാതെ, മര്‍ദകനും മര്‍ദിതനും ആരെന്ന ധാരണയില്ലാതെ, വേട്ടക്കാരനും ഇരയും ആരെന്ന ബോധ്യമില്ലാതെ ജീവിക്കേണ്ടവരല്ല മുസ്്‌ലിം സമുദായം. മുന്നോട്ടുവെക്കുന്ന ഓരോ ചുവടുവെപ്പും കരുതലോടും ജാഗ്രതയോടും കൂടി വേണം. നിലപാടില്ലാതെ നീങ്ങേണ്ടവരല്ല നാം. മര്‍ദകരുടെയും മര്‍ദക ഭരണകൂടങ്ങളുടെയും മുന്നില്‍ സ്വത്വം അടിയറവെച്ച്, പ്രീണന നയം കൈക്കൊണ്ട് ആനുകൂല്യം പറ്റേണ്ടവരാണോ നാം? തങ്ങളുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും പ്രയാസങ്ങളും ബന്ധപ്പെട്ടവരുടെ മുന്നില്‍ നിരത്തി പരിഹാരം ആവശ്യപ്പെടേണ്ട ബാധ്യതയില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ നമുക്കാകുമോ?  
മാറിക്കൊണ്ടിരിക്കുന്ന ലോകത്തും കാലത്തും മുസ്്‌ലിം സമൂഹം അനുവര്‍ത്തിക്കേണ്ട സമീപനരീതിയും നയ-നിലപാടുകളും എന്താവണമെന്ന് സൂചിപ്പിക്കുന്ന, നയരേഖയായ സൂക്തമുണ്ട് ഖുര്‍ആനില്‍: ''അക്രമികളുടെ പക്ഷത്തേക്ക് നിങ്ങള്‍ ചാഞ്ഞുപോകരുത്. ചാഞ്ഞു പോയാല്‍ നരക ശിക്ഷയില്‍ നിങ്ങള്‍ അകപ്പെടും. അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് മോചിപ്പിക്കാന്‍ കഴിവുള്ള ഒരു രക്ഷകനെയും നിങ്ങള്‍ക്ക് ലഭിക്കുന്നതല്ല. ഒരിടത്ത് നിന്നും സഹായം എത്തുന്നതുമല്ല'' (ഹൂദ് 113).
ഈ സൂക്തം സൂക്ഷ്മാപഗ്രഥനത്തിന് വിധേയമാക്കിയാല്‍ നിരവധി വസ്തുതകള്‍ പഠിക്കാനുണ്ട്. സൂക്തത്തിലെ 'വലാ തര്‍കനൂ' എന്ന വാക്യത്തിലെ 'റുകുന്‍' എന്ന പദം ഒന്നിലേക്കുള്ള ചായ്‌വും ആ നിലപാടില്‍ സായൂജ്യമടയുന്ന മനസ്സുമാണ്. ഖുർത്വുബി പറയുന്നു: 'ഭാഷയില്‍ റുകുൻ എന്നതിന്റെ വിവക്ഷ, 'ഒന്നിലേക്ക് ചേര്‍ന്നുനില്‍ക്കുകയും അവലംബമാക്കുകയും അതില്‍ സമാധാനം കണ്ടെത്തുകയും അതില്‍ സംതൃപ്തിയും നിര്‍വൃതിയും ഉണ്ടാവുകയും ചെയ്യുക എന്നതാണ്. കെട്ടിടങ്ങള്‍ക്ക് താങ്ങാവുന്ന തൂണിന്റെ സ്ഥാനമാണ് 'റുക്‌നി'ന്. ലൂത്വ് നബി ആഗ്രഹം പ്രകടിപ്പിച്ചുവല്ലോ: 'എനിക്ക് അവലംബിക്കാന്‍ ബലിഷ്ഠമായ ഒരു താങ്ങുണ്ടായിരുന്നുവെങ്കില്‍' (ഹൂദ് 80). ഇബ്‌നു അബ്ബാസിന് രണ്ട് അഭിപ്രായങ്ങളുണ്ട്: 'ഒന്ന്, ബഹുദൈവാരാധകരിലേക്ക് ചായരുതെന്ന നിരോധമാണ്. രണ്ട്, അക്രമികളോട് പ്രീണന നയം കൈക്കൊള്ളരുതെന്ന ആജ്ഞയാണ്.' 'നിഷേധികളുടെ സമ്മര്‍ദത്തിന് വഴങ്ങിപ്പോകരുത്. നീ അല്‍പം മയപ്പെടുത്തുകയാണെങ്കില്‍ തങ്ങൾക്കും മയപ്പെടുത്താമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്' എന്ന സൂറത്തുല്‍ ഖലമിലെ ഒമ്പതാമത്തെ സൂക്തത്തിന് സമാനമാണ് ഈ സൂക്തവും. 'മയപ്പെടുത്തുക, പ്രീണന നയം സ്വീകരിക്കുക എന്നതൊക്കെ ഒരുതരം കപട വേഷം കെട്ടലുമാണ്. അവരെ പ്രീണിപ്പിക്കുകയെന്നാല്‍, അവരുടെ അക്രമങ്ങളെയെല്ലാം മനസാ അംഗീകരിച്ചെന്നും അതിനോടൊന്നും തങ്ങള്‍ക്ക് ഒരു എതിര്‍പ്പുമില്ലെന്നുമാണ് അതിനര്‍ഥം.' അബുല്‍ ആലിയ: 'അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ തൃപ്തിയടയരുത്.' ഇബ്‌നു ജരീർ അത്ത്വബരി: 'ജനങ്ങളേ, നിങ്ങള്‍ ചായരുത്. അല്ലാഹുവിനെ നിഷേധിച്ചവരുടെ പ്രസ്താവനകളിലേക്ക് ചാഞ്ഞു കൊടുക്കുകയും അവയൊക്കെ അംഗീകരിക്കുകയും അവരുടെ പ്രവൃത്തികളില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്യുന്ന നിലപാട് പാടില്ല.' ത്വബരിയുടെ അഭിപ്രായത്തിന് അനുബന്ധമായി ഇബ്‌നു കസീര്‍: 'അക്രമികളോട് നിങ്ങള്‍ സഹായം അര്‍ഥിക്കരുത്. അങ്ങനെ ചെയ്താൽ അതിനര്‍ഥം അവരുടെ കെടുകാര്യങ്ങളിലും കൊടൂരതകളിലും നിങ്ങള്‍ക്ക് തൃപ്തിയാണെന്നാണ്.'
ഖുര്‍ആന്‍ പ്രയോഗിച്ച 'റുകുന്‍' എന്ന പദത്തിന് പ്രധാനപ്പെട്ട മറ്റൊരു അര്‍ഥതലമുണ്ട്. 'കേവല ചായ്്വ്' എന്നാണപ്പോൾ അർഥം. അക്രമികളോട് കൂറുപുലര്‍ത്തുകയും അവരെ പിന്തുണക്കുകയും ചെയ്യുന്നതിനെതിരെയുള്ള കനത്ത താക്കീതാണ് അത്. കേവല നിരോധത്തെക്കാള്‍ ശക്തമാണ് ആ നിരോധനോത്തരവ്. സൂറത്തുല്‍ മാഇദയില്‍ മദ്യം നിരോധിച്ച ഉത്തരവിലെ 'ഇജ്തനിബൂഹു' എന്ന പദം പോലെ. വര്‍ജിക്കുക, അകന്നു നില്‍ക്കുക എന്നൊക്കെയാണ് വിവക്ഷ. നിങ്ങള്‍ മദ്യപിക്കരുത്, ചൂത് കളിക്കരുത് എന്ന നിരോധനാജ്ഞയെക്കാള്‍ അര്‍ഥധ്വനിയുണ്ട് 'ഇജ്തനിബൂ' എന്ന പദത്തിന്. 'ലാ തര്‍കനൂ' എന്ന പദവും അതുപോലെയാണ്.
ചുരുക്കത്തില്‍, അക്രമവും വിദ്വേഷവും വെറുപ്പിന്റെ വ്യാപാരവും മുഖമുദ്രയാക്കുകയും, മനുഷ്യാവകാശങ്ങള്‍ അടിച്ചമര്‍ത്തുകയും, അനീതിയും വിവേചനവും ഭരണരീതിയാക്കുകയും ചെയ്യുന്ന ഒരു വ്യക്തിയിലേക്കും ശക്തിയിലേക്കും ചായുന്ന നയവും നിലപാടും ഒരിക്കലും അരുതെന്ന കര്‍ശന നിര്‍ദേശമാണ് ഈ സൂക്തത്തില്‍.
'അല്ലദീന ളലമൂ' എന്ന സൂക്തത്തിന്റെ വിവക്ഷ, മുസ്്‌ലിംകളും ബഹുദൈവാരാധകരുമൊക്കെയായി അക്രമത്തില്‍ ഏർപ്പെട്ട ആരെല്ലാമുണ്ടോ അവരെല്ലാമാണെന്ന് ഇമാം ഖുർത്വുബിയും ഇമാം ശൗകാനിയും അഭിപ്രായപ്പെടുന്നു. രാഷ്ട്രീയാധികാരത്തിന്റെ തണലില്‍ നടത്തുന്ന വിഭവ നിഷേധങ്ങളും വിവേചനങ്ങളും, സാമ്പത്തികമായും സാംസ്്കാരികമായും തങ്ങള്‍ക്ക് അനഭിമതരായവരെയും ജനവിഭാഗങ്ങളെയും അടിച്ചമര്‍ത്തുന്ന സമീപന രീതികളുമെല്ലാം ളുല്‍മിന്റെ ഗണത്തില്‍ പെടുമെന്ന് മൗലാനാ മൗദൂദിയും സയ്യിദ് ഖുത്വ്്ബും സമര്‍ഥിക്കുന്നു. അധികാര ഭരണങ്ങളുടെ കടിഞ്ഞാണ്‍ കൈയിലേന്തിയവരുടെ രാജ്യത്തെ പ്രജകളും പൗരന്മാരുമായി ജീവിക്കുന്നത് ഈ സൂക്തം വിലക്കുന്നില്ല. എന്നാല്‍, അത്തരം അക്രമികളോട് ആഭിമുഖ്യവും ചായ്്വും ന്യായീകരണ മനസ്സും അരുതെന്നാണ് സൂക്തം ആവശ്യപ്പെടുന്നത്. സംഭവിക്കാവുന്ന കുഴപ്പങ്ങളും വിപത്തുകളും മുന്‍കൂട്ടി തടയുന്ന 'സദ്ദുദ്ദരീഅ' ഗണത്തിൽ പെടുത്തേണ്ട സുസ്ഥിര പ്രമാണമാണ് സൂക്തമെന്ന് ഇബ്‌നു ആശൂര്‍ വ്യക്തമാക്കുന്നു.
ജനദ്രോഹവും അതിക്രമങ്ങളും ഭൗതിക സുഖാഡംബര പ്രമത്തതയും മാത്രമല്ല, സംസ്‌കാരവും ജീവിത രീതിയുമായി കൊണ്ടുനടന്ന് നാട് നശിപ്പിച്ച ഏഴ് ജനസമൂഹങ്ങളുടെ ചരിത്രം വിശദമായി പ്രതിപാദിച്ചതിനു ശേഷമാണ്, ഈ സൂക്തത്തിലൂടെ അത്തരം സമീപനരീതിയുള്ള അക്രമികളിലേക്ക് ചായരുത് എന്ന നിര്‍ദേശം അല്ലാഹു നല്‍കിയത്. അക്രമികളോട് ചായ്്വും ആഭിമുഖ്യവും പുലര്‍ത്തുന്ന സമീപനത്തിന്റെ ഭവിഷ്യത്തും ഇസ്്‌ലാമിക പ്രബോധനത്തിനും മുസ്്‌ലിം സമൂഹത്തിനും ആ സമീപനം ഉണ്ടാക്കുന്ന ക്ഷതവും ശൈഖ് മുതവല്ലി ശഅ്‌റാവി ദീർഘമായി ഉപന്യസിച്ചിട്ടുണ്ട്.
ഉമവീ ഭരണാധികാരികളോട് ചേര്‍ന്നുനില്‍ക്കുകയും തന്റെ നിലപാടിലൂടെ അവരെ സുഖിപ്പിക്കുകയും ചെയ്ത ഇമാം സുഹ്‌രിക്ക് അദ്ദേഹത്തിന്റെ ഗുണകാംക്ഷി അയച്ച കത്തിലെ വാചകങ്ങള്‍ ഇവിടെ പ്രസക്തമാണ്:
''അബൂബക്്ർ സുഹ്‌രീ, അങ്ങയെയും നമ്മെയും അല്ലാഹു എല്ലാ വിപത്തുകളില്‍നിന്നും കാത്തുരക്ഷിക്കട്ടെ. അങ്ങയെ അറിയുന്നവര്‍ അങ്ങേക്ക് വേണ്ടി പ്രാര്‍ഥിക്കുകയും അല്ലാഹുവിനോട് കരുണ തേടുകയും ചെയ്യേണ്ട ഘട്ടത്തിലാണ് താങ്കള്‍. വയോ വൃദ്ധനായിക്കഴിഞ്ഞു അങ്ങ്. അല്ലാഹുവിന്റെ കിതാബും നബിയുടെ സുന്നത്തും മനസ്സിലാക്കാന്‍ അങ്ങയെ അല്ലാഹു അനുഗ്രഹിച്ചുവെന്നത് മഹത്തായ വരദാനമായി കരുതണം. പണ്ഡിതന്മാരോട് അല്ലാഹു ഒരു കരാര്‍ വാങ്ങിയിട്ടുണ്ട്: 'നിങ്ങള്‍ ജ നങ്ങള്‍ക്ക് അത് വിവരിച്ചു കൊടുക്കണമെന്നും അത് മറച്ചുവെക്കരുതെന്നും.'  അങ്ങ് അറിയണം, അങ്ങ് ചെയ്ത കുറ്റം; അവകാശങ്ങള്‍ വകവെച്ചു നല്‍കാത്തവനോട് അടുപ്പം സ്ഥാപിക്കുകയും, വ്യാജവും അസത്യവും ഉപേക്ഷിക്കാത്തവനോട് ചേർന്നു നില്‍ക്കുകയും ചെയ്യുക വഴി അക്രമിയുടെ ക്രൂരതകളോട് അങ്ങ് താദാത്മ്യം പ്രാപിക്കുകയും ദുര്‍മാര്‍ഗത്തിലൂടെയുള്ള സഞ്ചാരം അങ്ങ് അവര്‍ക്ക് എളുപ്പമാക്കുകയും ചെയ്തിരിക്കുകയാണ്. ഭരണാധികാരി അങ്ങയെ തന്നോടൊപ്പം അടുപ്പിച്ച് ചേർത്തുനിര്‍ത്തിയതോടെ താങ്കള്‍ ഒരു അച്ചുതണ്ടും ഖുതുബുമായി മാറി. അങ്ങക്ക് ചുറ്റുമാണ് ഇപ്പോള്‍ അസത്യത്തിന്റെയും അധര്‍മത്തിന്റെയും കറക്കം. അവരുടെ ക്രൂരതകളിലേക്ക് പ്രയാസമന്യേ കടക്കാനുള്ള പാലമായിത്തീര്‍ന്നിരിക്കുന്നു അങ്ങ്. അവരുടെ അപഭ്രംശങ്ങളിലേക്കും വഴികേടിലേക്കും കയറാനുള്ള ഏണിയായിരിക്കുന്നു അങ്ങ്. ഉലമാക്കളുടെ ഹൃദയത്തില്‍ അ‌വര്‍ അങ്ങയെക്കുറിച്ച് സംശയങ്ങള്‍ കടത്തിവിടുകയാണ്. വിവരദോഷികളായ ജാഹിലുകളെ അങ്ങയിലൂടെ തങ്ങളിലേക്ക് നയിക്കാനും അവര്‍ ശ്രമിക്കുന്നു. അങ്ങക്ക് അവര്‍ വരുത്തിയ ഭീമമായ നഷ്ടവും നാശവും വെച്ചുനോക്കുമ്പോള്‍ അവര്‍ അങ്ങക്ക് വെച്ചുനീട്ടിയ നേട്ടങ്ങള്‍ എത്ര നിസ്സാരമാണ്! അങ്ങയുടെ ദീനില്‍ അവര്‍ ഉണ്ടാക്കിത്തീര്‍ത്ത കുഴപ്പങ്ങള്‍ വെച്ചുനോക്കുമ്പോള്‍ അങ്ങയില്‍നിന്ന് അവര്‍ എത്രയധികമാണ് വാരിക്കൂട്ടിയത്! 'പിന്നെ ഇവർക്കു ശേഷം പിഴച്ച പിന്‍ഗാമികളുണ്ടായി. അവര്‍ നമസ്‌കാരം പാഴാക്കി. ദേഹേഛകളെ പിന്‍പറ്റുകയും ചെയ്തു. ദുര്‍മാര്‍ഗത്തിന്റെ അനന്തരഫലം അവര്‍ ഉടനെ കണ്ടുമുട്ടും' (മര്‍യം 59) എന്ന് അല്ലാഹു പറഞ്ഞത് അങ്ങയെക്കുറിച്ചല്ല എന്ന് കരുതാന്‍ എന്താണ് ന്യായം? വിവരമില്ലാത്തവനോടല്ല അങ്ങ് ഇടപെടുന്നത്. അങ്ങയെ കരുതലോടെ കാത്തുപോരുന്ന ഒരുവനുണ്ടെന്നോര്‍ക്കണം.അങ്ങ് അങ്ങയുടെ ദീനിനെ ചികിത്സിക്കണം. അത് രോഗഗ്രസ്തമായിരിക്കുന്നു. അങ്ങ് യാത്രാപാഥേയം ഒരുക്കിവെക്കണം. ഒരു ദീര്‍ഘയാത്രയുടെ സമയം ആസന്നമായിരിക്കുന്നു. മണ്ണിലും വിണ്ണിലുമുള്ള യാതൊന്നും അല്ലാഹുവിനറിയാതെ പോകില്ല - വസ്സലാം.''
അക്രമികളായ ഭരണാധികാരികള്‍ നല്‍കുന്ന ആനുകൂല്യങ്ങളും പാരിതോഷികങ്ങളും സ്ഥാനമാനങ്ങളും പദവികളും നാവടപ്പിക്കാനുള്ള സൂത്രങ്ങളാണെന്ന് പണ്ഡിതന്മാര്‍ തിരിച്ചറിയണമെന്നാണ് ഇമാം സുഹ്‌രിക്കുള്ള കത്തില്‍ അദ്ദേഹത്തിന്റെ ഗുണകാംക്ഷി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. സൂറത്ത് ഹൂദില്‍ തുടര്‍ന്നുവരുന്ന സൂക്തം, അക്രമങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ ഉറച്ച നിലപാടെടുക്കാന്‍ പണ്ഡിതന്മാര്‍ ഉള്‍പ്പെട്ട സമൂഹം ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കുന്നു: ''നിങ്ങള്‍ക്ക് മുമ്പെ കഴിഞ്ഞുപോയ സമുദായങ്ങളില്‍ ഭൂമിയിൽ അധര്‍മം ആചരിക്കുന്നത് തടയുന്ന സജ്ജനങ്ങള്‍ ഉണ്ടാവാതിരുന്നത് എന്തുകൊണ്ട്? അവരില്‍നിന്ന് നാം രക്ഷപ്പെടുത്തിയ വളരെ കുറച്ചു പേരേ അങ്ങനെ ഉണ്ടായുള്ളൂ. അക്രമികളാവട്ടെ അവര്‍ക്ക് സമൃദ്ധമായി നല്‍കപ്പെട്ട സുഖഭോഗങ്ങളുടെ പിമ്പേ നടന്നു. അവര്‍ കുറ്റവാളികളായിരുന്നു. രാജ്യനിവാസികള്‍ നന്മ  ചെയ്തുകൊണ്ടിരിക്കുന്ന നാട്ടിനെ നിന്റെ നാഥന്‍ അന്യായമായി നശിപ്പിക്കുകയില്ല തന്നെ'' (ഹൂദ് 116,117). l

Comments

Other Post

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ് -സൂക്തം 63-66
ടി.കെ ഉബൈദ്‌

ഹദീസ്‌

മര്‍ദിതരുടെ പക്ഷം ചേരുക
അബ്ദുല്ലത്വീഫ് കൊടുവള്ളി