Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 03

36

1444 റജബ് 12

"ഈ ശത്രുത അടയാളപ്പെടുത്തുന്നത് ഇസ്ലാമിന്റെ ശക്തിയെയാണ്'

ഡോ. അലി മുഹ്്യിദ്ദീൻ അൽ ഖറദാഗി/ സദ്റുദ്ദീൻ വാഴക്കാട്

മുസ്ലിം പണ്ഡിത സമിതിയുടെ സെക്രട്ടറി ജനറലാണല്ലോ താങ്കൾ. എന്താണ് സംഘടനയുടെ രൂപവത്കരണ പശ്ചാത്തലം? എന്തൊക്കെയാണ് ഇതുവരെ സംഘടനക്ക് നേടാനായത്?

മുസ്ലിം പണ്ഡിതന്മാരുടെ ആഗോള സമിതി രൂപവത്കരിക്കാൻ സാധിച്ചതിന് അല്ലാഹുവിന് സ്തുതി. ഡോ. യൂസുഫുൽ ഖറദാവിയുടെ നേതൃത്വത്തിലാണ് പണ്ഡിത സമിതി സ്ഥാപിതമായത്. നിരവധി പണ്ഡിതന്മാർ ഇതിന്റെ രൂപവത്കരണത്തിൽ പങ്കാളികളായിട്ടുണ്ട്. മുസ്ലിം ഉമ്മത്തിന്റെ ജനകീയമായ വൈജ്ഞാനിക അവലംബമായിരിക്കണം പണ്ഡിത സമിതി എന്നതായിരുന്നു രൂപവത്കരണ ലക്ഷ്യം.
ഈ നിയോഗം സാക്ഷാത്കരിക്കാനുള്ള പ്രായോഗിക നടപടികളാണ് സമിതി ആവിഷ്കരിച്ച് നടപ്പാക്കി വരുന്നത്. ഈ ലക്ഷ്യം പൂർത്തീകരിച്ചു എന്ന് ഞാൻ അവകാശപ്പെടുന്നില്ല. പക്ഷേ, രൂപവത്കരണ ദൗത്യം നിർവഹിക്കുന്നതിൽ ഏറെ മുന്നോട്ടു പോകാൻ പണ്ഡിത സമിതിക്ക് സാധിക്കുന്നുണ്ട്. എല്ലാ രംഗങ്ങളിലും മികച്ച ചുവടുവെപ്പുകൾ നടത്തിയിട്ടുണ്ട്.
വെല്ലുവിളികൾ നേരിടുന്ന മുസ്ലിം സമൂഹങ്ങളോടൊപ്പം നിൽക്കാൻ പണ്ഡിത സമിതിക്ക് സാധിച്ചിട്ടുണ്ട്. ഫലസ്ത്വീൻ പ്രശ്നത്തിൽ നിർണായക ഇടപെടലുകൾ സമിതി നടത്തിയിട്ടുണ്ട്. ആഭ്യന്തര സംഘർഷങ്ങളും അടിച്ചമർത്തലുകളും നേരിടുന്ന സിറിയ, ഇറാഖ്, യമൻ, ലബനാൻ, മ്യാന്മർ, കിഴക്കൻ തുർക്കിസ്താൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ നമ്മുടെ സഹോദരങ്ങൾക്കു വേണ്ടിയും പണ്ഡിത സമിതി സാധ്യമാകുന്നത് ചെയ്യുന്നു. ഇന്ത്യയിലെ മുസ്ലിം സമുദായം നേരിടുന്ന പ്രശ്നങ്ങളും പണ്ഡിത സമിതി ഗൗരവത്തിലെടുക്കുന്നു. മുസ്ലിം ന്യൂനപക്ഷം അനുഭവിക്കുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യാ ഗവൺമെന്റിന്  തന്നെ പണ്ഡിത സമിതി കത്തെഴുതിയിട്ടുണ്ട്. വംശവെറിയൻ നിയമങ്ങളെയും കൊലപാതകങ്ങളെയും അപലപിക്കുകയും, പള്ളികളും മദ്റസകളും മറ്റും തകർക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയുമുണ്ടായി. 'സമകാലിക സംഭവങ്ങൾ ആർക്കും ഗുണം ചെയ്യില്ല. വംശവെറിയും ഹിംസയും നാശത്തിലേക്കും കുഴപ്പങ്ങളിലേക്കും തകർച്ചയിലേക്കുമാണ് രാജ്യത്തെ നയിക്കുക' എന്നെല്ലാം ആ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
വൈജ്ഞാനികവും പ്രായോഗികവുമായ വിഷയങ്ങളിലും പണ്ഡിത സമിതിക്ക് പ്രവർത്തന പദ്ധതികളുണ്ട്. മുസ്ലിം സമൂഹത്തിന്റെ ആഭ്യന്തര സംസ്കരണം,  ആത്മീയ വളർച്ച തുടങ്ങിയവയിലും  ശ്രദ്ധിക്കുന്നു. വിവിധ രാജ്യങ്ങളിൽ പണ്ഡിത സമിതിയുടെ ചാപ്റ്ററുകളും പ്രവർത്തിക്കുന്നുണ്ട്. മുസ്ലിം കൂട്ടായ്മകൾക്കിടയിലെ  ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ച്, ഒത്തുതീർപ്പുണ്ടാക്കുന്നതിലും  പണ്ഡിത സമിതി വിജയിച്ചിട്ടുണ്ട്. വ്യത്യസ്ത സംഘടനകൾ തമ്മിലും, ഭരണകൂടങ്ങളും സംഘങ്ങളും തമ്മിലുമൊക്കെ ഉണ്ടായിരുന്ന ഭിന്നതകൾ ലഘൂകരിക്കാൻ നമ്മുടെ നിർണായക ഇടപെടലുകൾ സഹായകമായിട്ടുണ്ട്.

മുസ്ലിം പണ്ഡിത സമിതിയുടെ വർത്തമാനകാല ഊന്നലുകൾ എന്തൊക്കെയാണ്? ഇതിൽ നേരിടുന്ന പ്രശ്നങ്ങൾ?

മുസ്ലിം ഉമ്മത്ത് നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലാണ് പണ്ഡിത സമിതിയുടെ പ്രഥമ ഊന്നൽ. ഫലസ്ത്വീൻ ഇതിൽ മുഖ്യ സ്ഥാനത്ത് വരുന്നു. മുസ്ലിംകൾ ന്യുനപക്ഷമായി ജീവിക്കുന്ന രാജ്യങ്ങളിലെ പ്രശ്നങ്ങളാണ് മറ്റൊന്ന്. സംസ്കരണത്തിനും ആത്മീയ വളർച്ചക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു വിംഗ് തന്നെ പണ്ഡിത സമിതിക്കുണ്ട്. മുസ്ലിം ഉമ്മത്തിന് ശരിയായ ഇസ്ലാമിക വിജ്ഞാനം നൽകുക എന്നത് നമ്മുടെ പ്രധാന അജണ്ടയാണ്. ഇതിനായി നിരവധി പുസ്തകങ്ങൾ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. കർമശാസ്ത്ര പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഗവേഷണങ്ങൾ നടത്താനും, ആവശ്യമായ മതവിധികൾ (ഫത്്വ) നൽകാനുമായി 'ലജ്നത്തുൽ ഇജ്തിഹാദി വൽ ഫത്്വ' പണ്ഡിത സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ന്യൂനപക്ഷ കർമശാസ്ത്രത്തിന്റെ വികാസത്തിനു വേണ്ടി മാത്രമായി ഒരു സമിതി നമുക്കുണ്ട്.  ആഭ്യന്തര  ഐക്യശ്രമങ്ങൾക്കായി 'ലജ്നത്തുൽ മുസ്വാലഹ'യും സജീവമാണ്.

പണ്ഡിതന്മാരെക്കുറിച്ച് നബി (സ) യുടെ ഒരു വചനമുണ്ടല്ലോ. 'രണ്ട് വിഭാഗം; അവർ നന്നായാൽ ജനം നന്നായിത്തീരും. അവർ ദുഷിച്ചാൽ ജനം ദുഷിക്കും - പണ്ഡിതന്മാരും നേതാക്കളും.' ഈ നബിവചനത്തിന്റെ വെളിച്ചത്തിൽ സമകാലിക മുസ്ലിം പണ്ഡിതന്മാരെ എങ്ങനെ വിലയിരുത്തുന്നു? വിവിധ ധാരകളിൽ പെടുന്ന പണ്ഡിതന്മാരോടും പണ്ഡിത സഭകളോടും 'ഇത്തിഹാദുൽ ഉലമക്ക്' പറയാനുള്ളത് എന്താണ്?

ഈ നബിവചനത്തിന്റെ നിവേദക പരമ്പര ദുർബലമാണെങ്കിലും ആശയം ശരിയാണ്. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ മുൻനിർത്തിയുള്ള വിഷയം തന്നെയാണിത്. പണ്ഡിതന്മാരുടെയും നേതാക്കളുടെയും പ്രാധാന്യം വലുതാണ്. ഖുർആൻ കൊണ്ട് നേരെയാകാത്തത് അല്ലാഹു ഭരണാധികാരികളെക്കൊണ്ട് ശരിയാക്കും എന്ന് ഉസ്മാൻ (റ) പറഞ്ഞിട്ടുണ്ട്. മുസ്ലിം ലോകം നേരിടുന്ന ഗൗരവമുള്ള പ്രശ്നങ്ങളിലൊന്ന് ദുഷിച്ച പണ്ഡിതന്മാരാണ്. ഏറെ ദുഃഖത്തോടെ പറയട്ടെ, മുതിർന്ന പണ്ഡിതന്മാരിൽ ചിലർ തന്നെ, തെരുവിൽ മനുഷ്യരെ കൊല്ലുന്ന ഭരണകൂടങ്ങളോടൊപ്പം ചേർന്ന് അവരെ ശക്തിപ്പെടുത്തുകയാണ്. അക്രമികളും കുറ്റവാളികളുമായ ഭരണാധികാരികളോടൊപ്പം ചേരാൻ തയാറാവുകയാണ് 'ഔദ്യോഗിക പണ്ഡിതന്മാർ!'
ഇവരെ പണ്ഡിതന്മാർ എന്ന് വിളിക്കാനേ പറ്റില്ല. കാരണം, യഥാർഥ പണ്ഡിതന്മാർ അല്ലാഹുവിനെ ഭയപ്പെടുന്നവരാണ്. ശരിയായ പണ്ഡിതനാണെങ്കിൽ, അല്ലാഹുവിനെ സൂക്ഷിക്കുന്നവനാകണം. 'അല്ലാഹുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും അവനെ ഭയപ്പെടുകയും അവനെയല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവർ' എന്നും (ഖുർആൻ 33:39), 'തന്റെ ദാസന്മാരിൽ അല്ലാഹുവെ ഭയപ്പെടുന്നത് അറിവുള്ളവർ (ഉലമാഅ്) മാത്രമാണ്' എന്നും (ഖുർആൻ 35:28) പറഞ്ഞത്, പണ്ഡിതന്മാരിൽ ഉണ്ടായിരിക്കേണ്ട ദൈവഭക്തിയുടെ അനിവാര്യതയെ കുറിക്കുന്നു. അല്ലാഹുവിനെ ഭയപ്പെടാത്തവരെ പണ്ഡിതൻ എന്ന് വിശേഷിപ്പിക്കാൻ പറ്റില്ല. അല്ലാഹുവല്ലാത്തവരെ ഭയപ്പെടാതിരിക്കണം.
'ഭരണാധികാരികളുടെ ന്യായാധിപന്മാരെ'ക്കുറിച്ച് നബി (സ) താക്കീത് നൽകിയിട്ടുണ്ട്.
"ന്യായാധിപന്മാർ (ഖാദി) മൂന്ന് വിഭാഗമുണ്ട്: രണ്ട് പേർ നരകത്തിലാണ്; ഒരാൾ സ്വർഗത്തിലും. സത്യം മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന പണ്ഡിതൻ സ്വർഗാവകാശിയാകും. സത്യം മനസ്സിലാക്കുകയും അത് പിന്തുടരാതിരിക്കുകയും ചെയ്യുന്ന പണ്ഡിതൻ നരകത്തിലായിരിക്കും. സത്യം മനസ്സിലാക്കാതിരിക്കുകയും, അജ്ഞതയുടെ അടിസ്ഥാനത്തിൽ വിധി പറയുകയും ചെയ്യുന്ന പണ്ഡിതനും നരകത്തിലായിരിക്കും.'' കാരണം, അറിവില്ലാതെ മതവിധികൾ നൽകാനോ മുസ്ലിം ഉമ്മത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനോ പാടില്ലാത്തതാണ്. ഇത്തരം ദുഷിച്ച പണ്ഡിതന്മാരിൽ പെട്ടുപോകാതിരിക്കാൻ ജാഗ്രത പാലിക്കണം. അല്ലാഹുവെ ഭയപ്പെടുന്ന, പരലോക ബോധമുള്ള വ്യക്തിത്വങ്ങളാകുമ്പോഴാണ് മുസ്ലിം പണ്ഡിതന്മാർക്ക് വിജയിക്കാനാവുക.

ഇസ്ലാമിക നവോത്ഥാനത്തിന്റെ ശബ്ദം ഉയർന്നു കേട്ട കാലമാണ് ഇരുപതാം നൂറ്റാണ്ട്. ക്രിയാത്മക ചുവടുവെപ്പുകൾ വെക്കാൻ ഇസ്ലാമിക കൂട്ടായ്മകൾക്ക് സാധ്യമാവുകയുമുണ്ടായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തുമ്പോൾ ഈ നവോത്ഥാന മുന്നേറ്റങ്ങൾക്ക് ഇടർച്ച സംഭവിക്കുന്നുണ്ടോ? ഇസ്ലാമിക പ്രസ്ഥാനങ്ങൾക്ക് പ്രായോഗിക തലത്തിൽ വിജയം വരിക്കാനാകാതെ പോകുന്നുണ്ടോ?

ഇത് സത്യമാണ്, പക്ഷേ, സൂക്ഷ്മമല്ല. നാം സാക്ഷ്യം വഹിച്ച അനുഗൃഹീതമായ ഈ വിപ്ലവം അധികാരത്തിലേക്ക് എത്തിയിരുന്നെങ്കിലും, വലിയ ഗൂഢാലോചനകൾ അതിനെ അട്ടിമറിക്കുകയായിരുന്നു. യഥാർഥത്തിൽ പത്തൊൻപത് - ഇരുപത് നൂറ്റാണ്ടുകളിൽ തുടക്കംകുറിച്ച ഇസ്ലാമിക നവജാഗരണത്തിന്റെ തുടർച്ചയായിരുന്നു ഈ വിപ്ലവം. ഇഖ്്്വാനുൽ മുസ്ലിമൂൻ, അൽജമാഅ അൽ ഇസ്ലാമിയ്യ, നൂർസി പ്രസ്ഥാനം, മധ്യമ നിലപാടുകളുള്ള സലഫി സംഘങ്ങൾ, ചില സൂഫീ വിഭാഗങ്ങൾ തുടങ്ങിയ വിഭാഗങ്ങളെല്ലാം ഈ ഇസ്ലാമിക മുന്നേറ്റത്തിൽ പങ്കുവഹിച്ചിട്ടുണ്ട്. മുസ്ലിം സമൂഹത്തിൽ മാറ്റങ്ങൾ സംഭവിച്ചതിന്റെ അടയാളമായിരുന്നു ഇത്. അമ്പതോ അറുപതോ വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നതിൽ നിന്ന് എത്രയോ മികച്ചതാണ് ഇന്നത്തെ മുസ്ലിം അവസ്ഥ. ഇത് ഇസ്ലാമിക നവോത്ഥാനത്തിന്റെ ഫലം തന്നെയാണ്.
എന്നാൽ, ഭരണാധികാരത്തിന്റെ പ്രശ്നം, എന്തുകൊണ്ട് അതിൽ വിജയിക്കാനായില്ല എന്നത് നമുക്കറിയാവുന്ന കാര്യമാണ്. ലോകം മുഴുക്കെ വലിയ ഗൂഢാലോചനകൾ നടക്കുകയായിരുന്നു. വരും കാലത്ത് അവസ്ഥകൾ മാറി വരിക തന്നെ ചെയ്യും.

വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ യാത്ര ചെയ്യുന്ന, ഇസ്ലാമിക ചലനങ്ങളെ അടുത്തറിയുന്ന ആളാണല്ലോ താങ്കൾ. എന്താണ്, യൂറോപ്പിലെയും അമേരിക്കയിലെയും മറ്റും ഇസ്ലാമിന്റെ വർത്തമാനം?

ഒരു നൂറ്റാണ്ട് മുമ്പ് ഒരു പള്ളി പോലും ഇല്ലാതിരുന്ന രാജ്യങ്ങളുണ്ടായിരുന്നു യൂറോപ്പിലും അമേരിക്കയിലും. ഇന്ന് പള്ളികളും ഇസ്ലാമിക സ്ഥാപനങ്ങളും ഇല്ലാത്ത ഒരു രാജ്യവും ഇരു ഭൂഖണ്ഡങ്ങളിലുമില്ല. ലോകത്ത് ബാങ്കൊലി നിലക്കാത്ത വിധം കിഴക്കും പടിഞ്ഞാറും തെക്കും വടക്കും  ഇസ്ലാം പടർന്ന് പന്തലിച്ചിരിക്കുന്നു. അല്ലാഹുവിന്റെ മാർഗത്തിലുള്ള ധർമസമരവും പ്രബോധന പ്രവർത്തനങ്ങളും വഴിയാണ് ഇതെല്ലാം സാധിച്ചത്. മറ്റൊരു ഭാഗത്ത് നാം കാണുന്ന ഇടുക്കവും പ്രയാസങ്ങളും സ്വാഭാവികവും താൽക്കാലികവും മാത്രമാണ്. ഉയർന്നു വരുന്ന എതിർപ്പുകളത്രയും ഇസ്ലാമിക സമൂഹത്തിന്റെ ശക്തിയെയാണ് അടയാളപ്പെടുത്തുന്നത്. മുസ്ലിം സമൂഹം ദുർബലരായിരുന്നുവെങ്കിൽ പ്രതിയോഗികളുടെ എതിർപ്പുകൾ ഇത്രമേൽ ശക്തിപ്പെടുമായിരുന്നില്ലല്ലോ. ഇസ്ലാമിന്റെ കരുത്താണ് ലോകം ഇസ്ലാമിനെതിരെ യുദ്ധം ചെയ്യുന്നതിന്റെ കാരണം. ഇസ്ലാം ലോകത്ത് വിജയിക്കും എന്ന ഭയമാണ് ഇസ്ലാമോഫോബിയയുടെ പിന്നിലുള്ളത്. പക്ഷേ, ഇസ്ലാം ലോകത്തിന്റെ കാരുണ്യവും അനുഗ്രഹവുമാണ്, ശിക്ഷയല്ല. അതിനാൽ, ഇസ്ലാം വിജയിക്കുക തന്നെ ചെയ്യും.

ചില രാജ്യങ്ങളിൽ മുസ്ലിംകൾ ന്യൂനപക്ഷമാണ്. ചില ന്യൂനപക്ഷങ്ങൾ വംശഹത്യാ ഭീഷണികൾക്ക് മുമ്പിലുമാണ്.  ബോസ്നിയയുടെയും ഉയ്ഗൂർ, റോഹിങ്ക്യ മുസ്ലിംകളുടെയും അനുഭവങ്ങൾ നമ്മുടെ മുമ്പിലുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ, വംശഹത്യാ ഭീഷണി നേരിടുന്ന മുസ്ലിം ന്യൂനപക്ഷം സ്വീകരിക്കേണ്ട സമീപനങ്ങൾ എന്തൊക്കെയാണ്?

ലോക രാജ്യങ്ങളിലെ മുസ്ലിം ന്യൂനപക്ഷങ്ങളോട് എനിക്ക് ഒന്നാമതായി പറയാനുള്ളത്, ഐക്യപ്പെടുക എന്നതാണ്. പ്രതിസന്ധികളെ മറികടക്കാനുള്ള പ്രധാനപ്പെട്ട വഴി ഇതാണ്. അടിസ്ഥാന തത്ത്വങ്ങളിൽ യോജിക്കുക, ഒന്നിച്ചിരുന്ന് കൂടിയാലോചനകൾ നടത്തുക, പരസ്പരം നന്നായി മനസ്സിലാക്കുക, പരസ്പരം സഹകരിക്കുക, പ്രവർത്തനങ്ങളിൽ പങ്കാളിത്ത സ്വഭാവം സൂക്ഷിക്കുക തുടങ്ങിയവയൊക്കെ അതിജീവനത്തിന്റെ അടിസ്ഥാന ഉപാധികളാണ്. ഇതാണ് ഒന്നാമത്തെ കാര്യം. രണ്ടാമതായി, വിവേകപൂർണമായ ഒരു കർമപദ്ധതി പ്രയോഗവൽക്കരിക്കണം. വൈകാരിക നിലപാടുകൾ കൈക്കൊള്ളരുത്.
മൂന്നാമതായി, സമകാലിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണം. ന്യൂനപക്ഷമായ മുസ്ലിംകൾ വാർത്താ മാധ്യമങ്ങളും നിയമ വ്യവസ്ഥകളും സാമൂഹിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്.


ആധുനിക കാലത്ത് വലിയ ചർച്ചയായ വിഷയമാണ് 'ന്യൂനപക്ഷ ഫിഖ്ഹ്'. പക്ഷേ, താത്ത്വിക ചർച്ചകൾക്കപ്പുറം, പ്രയോഗ തലത്തിലേക്ക് വരുമ്പോൾ ന്യൂനപക്ഷ ഫിഖ്ഹ്  പല പ്രതിസന്ധികളും നേരിടുന്നുണ്ട്. എന്തൊക്കെയാണ് ഫിഖ്ഹുൽ അഖല്ലിയ്യാത്തിൽ പരിഗണിക്കേണ്ട മുഖ്യ ഘടകങ്ങൾ?

ന്യൂനപക്ഷ കർമശാസ്ത്രം, അടിസ്ഥാനപരമായി പൊതു കർമശാസ്ത്രത്തിൽനിന്ന് വ്യതിരിക്തമായ ഒന്നല്ല. ഇസ്ലാമിക കർമശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങൾ, ന്യൂനപക്ഷ കർമശാസ്ത്രത്തിനും ബാധകമാണ്. സ്ഥലകാല വ്യത്യാസങ്ങൾക്കനുസരിച്ച്, ഫത് വകളിൽ വ്യത്യാസം സംഭവിക്കും എന്നതാണ് ഇതിൽ ഒന്നാമത്തേത്. പ്രയാസങ്ങൾ ലഘൂകരിക്കുക, കാര്യങ്ങൾ എളുപ്പമാക്കുക, നിർബന്ധിതാവസ്ഥകൾ മനസ്സിലാക്കുക തുടങ്ങിയവയാണ് ന്യൂനപക്ഷ കർമശാസ്ത്രത്തിൽ രണ്ടാമതായി പരിഗണിക്കേണ്ടത്. പൊതു കർമശാസ്ത്രത്തിലേതിനെക്കാൾ കൂടുതലായി, ന്യൂനപക്ഷ ഫിഖ്ഹിൽ ഇവയ്ക്ക് പ്രാധാന്യമുണ്ട്.

ഫിഖ്ഹുൽ മീസാൻ - താങ്കളുടെ പ്രധാനപ്പെട്ട പുസ്തകമാണ്. എന്താണ് ഫിഖ്ഹുൽ മീസാന്റെ പ്രാധാന്യം? പ്രത്യേകിച്ചും ന്യൂനപക്ഷ കർമശാസ്ത്രവും, പ്രമാണ വായനയുടെ പ്രയോഗവൽക്കരണവുമായി ബന്ധപ്പെട്ട്....?

അഭിപ്രായ ഭിന്നതകൾക്ക് യാതൊരു ഇടവും നൽകുന്നില്ല എന്നതാണ് 'ഫിഖ്ഹുൽ മീസാന്റെ' ഒരു സവിശേഷത. കാരണം, ഫിഖ്ഹുൽ മീസാൻ എല്ലാറ്റിനെയും അതതിന്റെ സ്ഥാനത്ത് വെക്കുന്നു. ഇതൊരു സവിശേഷമായ വായനയാണ്.  നാം മനുഷ്യർ ഇണകളാണെന്ന പോലെ അനിവാര്യമായും നമ്മുടെ പ്രമാണ വായന, ഇഹലോകവും പരലോകവും ഇണകളാണെന്ന് പരിഗണിച്ചുകൊണ്ടാകണം. നമ്മുടെ വായന അടിസ്ഥാനപരമായി പരലോകത്തിനു വേണ്ടിയുള്ളതാകണം. ഇല്ലെങ്കിൽ, അല്ലാഹു പറഞ്ഞ മീസാൻ സാക്ഷാത്കരിക്കപ്പെടില്ല. "തെളിഞ്ഞ ദൃഷ്ടാന്തങ്ങളും മാർഗദർശനങ്ങളുമായി നാം നമ്മുടെ ദൂതന്മാരെ അയച്ചിരിക്കുന്നു. അവരോടൊപ്പം വേദവും ത്രാസും അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യർ നീതിപൂർവം നിലകൊള്ളാൻ" (അൽഹദീദ് 25). മറ്റൊരിടത്ത്, "അവൻ ആകാശത്തെ ഉയർത്തി, ത്രാസ് സ്ഥാപിച്ചു, നിങ്ങൾ ത്രാസിൽ കൃത്രിമം കാണിച്ചു കൂടാ. നീതിപൂർവം ശരിയാംവണ്ണം തൂക്കുക, ത്രാസിൽ കുറവു വരുത്തരുത്" (അർറഹ്്മാൻ 7 -9) എന്നും പറഞ്ഞിരിക്കുന്നു. ഈ വചനങ്ങളെല്ലാം പ്രത്യേകമായിത്തന്നെ നാം വായിക്കേണ്ടതുണ്ട്.
ചില വിഭാഗങ്ങളോട്  കർക്കശവും പരുഷവുമായ നിലപാടുകൾ കൈക്കൊള്ളാൻ ആവശ്യപ്പെടുന്ന ഖുർആൻസൂക്തങ്ങളും നബിവചനങ്ങളുമുണ്ട്. അമുസ്ലിംകൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളോട് കാരുണ്യവും അനുകമ്പയും ആർദ്രതയും കാണിക്കാൻ ആഹ്വാനം ചെയ്യുന്ന പ്രമാണ പാഠങ്ങളും ഏറെയാണ്. ഈ വചനങ്ങൾ പരസ്പരം സമന്വയിപ്പിക്കുകയാണ്, വൈരുധ്യങ്ങൾ ഇല്ലാതെ മനസ്സിലാക്കാൻ സഹായിക്കുകയാണ് 'ഫിഖ്ഹുൽ മീസാൻ.' പാരുഷ്യത്തെ കുറിച്ച് പറഞ്ഞ സൂക്തങ്ങൾ യുദ്ധത്തിന്റെ സന്ദർഭത്തിൽ ഉള്ളതാണ്. എന്നാൽ, കാരുണ്യത്തെയും സഹവർത്തിത്വത്തെയും കുറിച്ച് പറഞ്ഞ വചനങ്ങൾ സമാധാനത്തിന്റെയും പ്രബോധനത്തിന്റെയും സന്ദർഭത്തിൽ ഉള്ളതാണ്. ഇവയാണ് അടിസ്ഥാനങ്ങൾ.
പക്ഷേ, ചിലർ യുദ്ധ വചനങ്ങളെ അടിസ്ഥാനങ്ങളായി കാണുകയും സഹവർത്തിത്വത്തിന്റെ സൂക്തങ്ങൾ ദുർബലപ്പെട്ടതായി കരുതുകയും ചെയ്യുന്നു. ഇത് ശരിയല്ല, ഇങ്ങനെ ദുർബലപ്പെടുത്തേണ്ടതുമില്ല. രണ്ടും രണ്ട് മീസാനിൽ ഉള്ളവയാണ്. ഇവയെ സമന്വയിപ്പിക്കുകയും ചെയ്യണം. ഇതാണ് ഫിഖ്ഹുൽ മീസാൻ വഴി സാധിക്കുന്നത്.
ഡോ. യൂസുഫുൽ ഖറദാവിയുടെ വിയോഗത്തിന് മൂന്ന് മാസം. ഖറദാവിയുമായുള്ള ആത്മബന്ധം? ഖറദാവി ഇല്ലാത്ത മുസ്ലിം പണ്ഡിതലോകത്തെ എങ്ങനെ കാണുന്നു?

മുതിർന്ന സഹോദരനോട് ചെറിയ അനുജനുള്ള ബന്ധമായിരുന്നു ശൈഖ് യൂസുഫുൽ ഖറദാവിയുമായി എനിക്കുണ്ടായിരുന്നത്. ചിലപ്പോഴത്, പിതാവും മകനും തമ്മിലുള്ള ബന്ധമായിരുന്നു. ഉസ്താദ് ഖറദാവിയുടെ ശിഷ്യനായാണ് ഞാൻ സ്വയം കണ്ടിരുന്നതെങ്കിലും, എന്നെ അദ്ദേഹം പരിഗണിച്ചിരുന്നത് സഹപ്രവർത്തകനായാണ്. നാൽപ്പത് വർഷത്തിലേറെ നീളുന്ന ബന്ധം ഞങ്ങൾക്കിടയിലുണ്ട്. അദ്ദേഹത്തിന്റെ പ്രധാന യാത്രകളിൽ മിക്കതിലും ഞാൻ കൂടെ ഉണ്ടായിരുന്നു. കാരുണ്യം, സ്നേഹം, പിതൃ നിർവിശേഷമായ വാത്സല്യം തുടങ്ങിയവയെല്ലാം ഞാൻ അദ്ദേഹത്തിൽ നിന്ന് അനുഭവിച്ചിട്ടുണ്ട്. ധൈര്യം പകർന്നുതരികയും എന്നെ പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏറെ വൈകാരികമായിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധം.
മഹാനായ പിതാവിനെ, ഗുണകാംക്ഷിയായ സുഹൃത്തിനെ, വഴികാട്ടിയായ ഗുരുനാഥനെയാണ് അദ്ദേഹത്തിന്റെ മരണത്തിലൂടെ എനിക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. പക്ഷേ, വലിയൊരു വൈജ്ഞാനിക സമ്പത്ത് നമുക്കായി ബാക്കിയാക്കിയാണ് ശൈഖ് വിടവാങ്ങിയിട്ടുള്ളത്. അല്ലാഹുവിന്റെ ഉതവിയാൽ, സർവാധിനാഥന്റെ തണലല്ലാതെ മറ്റൊരു തണലും ഇല്ലാത്ത ആ നാളിൽ നാം അദ്ദേഹത്തെ സന്ധിക്കും, അല്ലാഹുവിന്റെ സ്വർഗത്തിൽ നാം ഒരുമിച്ച് വസിക്കും- വേർപാടിന്റെ വേദനകൾ ശമിപ്പിക്കുന്നത് ഈ പ്രതീക്ഷ തന്നെയാണ്.

'ഖത്തർ വേൾഡ് കപ്പ്' എങ്ങനെ വിലയിരുത്തുന്നു? എന്താണ് ഇത് നേടിത്തരിക?

ഖത്തർ ലോക കപ്പ് വലിയൊരു മുന്നേറ്റമായിരുന്നു. വ്യക്തിപരമായി പറഞ്ഞാൽ, എന്ത് സംഭവിക്കുമെന്ന് ആദ്യമൊക്കെ ആശങ്കകൾ ഉണ്ടായിരുന്നു. പക്ഷേ, ലോക കപ്പ് മത്സരങ്ങൾ മികച്ച രീതിയിൽ പൂർത്തീകരിക്കുന്നതിൽ ഖത്തറിന്റെ നേതൃത്വം വിജയിച്ചിരിക്കുന്നു. ഇസ്ലാമിനെയും മുസ്ലിംകളെയും പറ്റി പൊതുവിലും, അറബ് രാജ്യങ്ങളെ സംബന്ധിച്ച് പ്രത്യേകമായും മികവുറ്റൊരു ചിത്രം ലോകത്തിന് സമർപ്പിക്കാൻ ലോക കപ്പ് വഴി സാധിച്ചിട്ടുണ്ട്. ഇത്രയും മനോഹരമായ, തിളക്കമുള്ള ഒരു ദൃശ്യം ലോകത്തിനു മുമ്പിൽ അവതരിപ്പിച്ചതിന്, കളിയിടങ്ങളിൽ വൃത്തികേടുകൾ തടഞ്ഞതിന് ഖത്തർ നേത്യത്വത്തിന് അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ.

മുസ്ലിം പണ്ഡിത സമിതിയുടെ സെക്രട്ടറി ജനറൽ എന്ന നിലക്ക് എന്താണ് മുസ്ലിം ലോകത്തോട് പറയാനുള്ളത്?

മുസ്ലിം ഉമ്മത്ത് സാമൂഹിക ബന്ധങ്ങൾ ഊഷ്മളമാക്കണം, പരസ്പരമുള്ള ഒരുമയും സഹകരണവും ശക്തിപ്പെടുത്തണം. ഒരുമയാണ് നമ്മുടെ ശക്തി. മുസ്ലിം ലോകത്തെ ഭരണകൂടങ്ങളും സമൂഹവും തമ്മിലുള്ള ബന്ധവും ദൃഢമാകണം. സമഗ്രമായൊരു ഐക്യപ്പെടൽ ഉണ്ടാകേണ്ടതുണ്ട്. ഭരണാധികാരികൾ ജനങ്ങളിലേക്ക് മടങ്ങിവരാതെ, പൗരന്മാർ തങ്ങളുടെ ഭരണാധികാരികളെ തെരഞ്ഞെടുക്കാതെ ഈ അനുരഞ്ജനവും ഐക്യപ്പെടലും യാഥാർഥ്യമാകില്ല. ദുഷ്്പ്രഭുത്വവും സ്വേഛാധിപത്യവും തുടർന്നാൽ ഈ ഐക്യപ്പെടൽ സാധ്യമാകില്ല. ഒരു നൂറ്റാണ്ടായി നിലനിൽക്കുന്ന ദുഷ്്പ്രഭുത്വവും സ്വേഛാധിപത്യവും ഈ ഉമ്മത്തിന് നന്മകൾ നേടിക്കൊടുത്തിട്ടില്ല. നാം വിവേകം വീണ്ടെടുക്കണം, ഇസ്ലാമിനെ സർവ രംഗങ്ങളിലും ശരിയാംവണ്ണം സ്ഥാപിച്ചുറപ്പിക്കണം. ഇസ്ലാമിക മൂല്യങ്ങളെ പരിപാലിക്കുന്നതിൽ ഖത്തറിന് ഏറെ മുന്നോട്ടു പോകാൻ സാധിച്ചിട്ടുണ്ട്. ഇസ്ലാം മുഴുവൻ നന്മയാണ്, കാരുണ്യമാണ്, നീതിയാണ്. ഇത് സാക്ഷാത്കരിക്കാൻ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് (സൂക്തം 60-62)
ടി.കെ ഉബൈദ്

ഹദീസ്‌

രോഗിയെ പരിചരിക്കൽ, സ്നേഹിതനെ സന്ദർശിക്കൽ
ഡോ. മുഹമ്മദ് പാണ്ടിക്കാട്