Prabodhanm Weekly

Pages

Search

2023 ജനുവരി 27

3287

1444 റജബ് 05

പ്രബോധകന്റെ മനസ്സ്

ശൈഖ് മുഹമ്മദ് കാരകുന്ന്

എല്ലാ പ്രവാചകന്മാരും പ്രബോധകന്മാരാണ്. അന്ത്യപ്രവാചകൻ മുഴുവൻ മനുഷ്യരിലേക്കുള്ള പ്രവാചകനെന്ന പോലെത്തന്നെ മുഴുവൻ  മനുഷ്യർക്കും എക്കാലത്തേക്കുമുള്ള പ്രബോധകനുമാണ്. അതുകൊണ്ടു തന്നെ അവിടുന്ന് ആ ദൗത്യം തന്റെ സമുദായത്തെ ഏൽപിച്ചു.  അവിടുത്തെ വിടവാങ്ങൽ പ്രഭാഷണത്തിൽ ഇസ്്ലാമിക സമൂഹത്തിന് നൽകിയ അന്ത്യോപദേശം, താൻ നിർവഹിച്ച ഇസ്്ലാമിന്റെ പ്രബോധനം ഏറ്റെടുത്ത് നടത്തുകയെന്നതായിരുന്നു. പ്രവാചകൻ പറഞ്ഞു: "ഈ സന്ദേശം ലഭിച്ചവർ ലഭിക്കാത്തവർക്ക് എത്തിച്ചു കൊടുക്കട്ടെ"(ബുഖാരി, മുസ്്ലിം).
ഏതൊരു പ്രബോധകനും അതിയായാഗ്രഹിക്കുക തന്റെ പ്രബോധിതർ സന്മാർഗം സ്വീകരിച്ച് സ്വർഗാവകാശികളായി മാറണമെന്നാണ്. അയാൾക്ക് ഏറ്റവും പ്രയാസമനുഭവപ്പെടുക അവർ അതിനെ നിരാകരിച്ച് ദുർമാർഗികളാകുമ്പോഴാണ്.
പ്രബോധിതരോടുള്ള പ്രവാചകന്റെ ഗുണകാംക്ഷയും അവർ സന്മാർഗം സ്വീകരിക്കാനുള്ള അതിയായ ആഗ്രഹവും ആത്മനാശത്തോളം എത്തുന്നതായിരുന്നുവെന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു (26: 3, 18: 6).
അതിനാൽ, പ്രബോധകന്റെ മനസ്സ് നിറയെ സ്നേഹവും കാരുണ്യവും സാഹോദര്യവും സൗഹൃദവും ഗുണകാംക്ഷയുമായിരിക്കും. വെറുപ്പോ വിദ്വേഷമോ ക്രൂരതയോ ആവുകയില്ല.  പ്രകൃതി വിപത്തോ ദാരിദ്ര്യമോ മറ്റ് അപകടങ്ങളോ അവരെ ബാധിക്കണമെന്ന് പ്രബോധകൻ ഒരിക്കലും ആഗ്രഹിക്കുകയില്ല. എന്നല്ല, അങ്ങനെ സംഭവിച്ചാൽ അവരെ സഹായിക്കാനും രക്ഷിക്കാനുമാണ് ശ്രമിക്കുക. ഹിജ്റ അഞ്ചാം വർഷം മക്കയിൽ കടുത്ത ക്ഷാമം വന്നപ്പോൾ തനിക്കും അനുയായികൾക്കുമെതിരെ മനുഷ്യ സാധ്യമായ എല്ലാ ദ്രോഹങ്ങളും ചെയ്ത, തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരെ കൊലപ്പെടുത്തിയ, തന്റെ തന്നെ ശരീരത്തിന് പരിക്കേൽപിച്ച അവിടത്തെ ശത്രുക്കൾ പട്ടിണി കിടന്ന് നശിക്കട്ടെയെന്ന് ഒരു നിമിഷം പോലും പ്രവാചകൻ ആഗ്രഹിച്ചില്ല. എന്നല്ല, അവർ രക്ഷപ്പെടട്ടെയെന്നാണ് ആഗ്രഹിച്ചത്. വെറുതെ ആഗ്രഹിക്കുക  മാത്രമല്ല, രക്ഷപ്പെടുത്താനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
മദീനയിൽ നിന്ന് കിട്ടാവുന്നിടത്തോളം ധാന്യം ശേഖരിച്ച് അംറു ബ്നു ഉമയ്യ വശം മക്കയിലേക്ക് കൊടുത്തയച്ചു. ശത്രുക്കളുടെ നേതാവായിരുന്ന അബൂ സുഫ് യാനെയാണ് അത് ഏൽപിച്ചത്.
ഇതായിരുന്നു പ്രവാചകൻ. സ്നേഹത്തിന്റെയും  സൗമനസ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും മഹാസാഗരം.
     ഒരിക്കൽ  പ്രവാചക പത്നി ആഇശ ചോദിച്ചു: "ഉഹുദ് ദിനത്തെക്കാൾ പ്രയാസകരമായ സന്ദർഭം അങ്ങേക്കുണ്ടായിട്ടുണ്ടോ?"
അവിടുന്ന് അരുൾ ചെയ്തു: "ഉണ്ട്. നിന്റെ ജനതയിൽ നിന്ന് ഞാൻ അനുഭവിച്ചിട്ടുണ്ട്. അന്ന് ഞാൻ ത്വാഇഫിലെ അബ്ദു യാ ലൈലബ്നു അംറിന്റെ അടുക്കൽ അഭയം തേടി. പക്ഷേ, അയാൾ അഭയം നൽകിയില്ല."
പിന്നീട്  പലരുടെ അടുത്തും അഭയമർഥിച്ചു ചെന്നു. അവരും അഭയം നൽകിയില്ലെന്ന് മാത്രമല്ല, കുട്ടികളെ വിട്ട് ക്രൂരമായി ദ്രോഹിക്കുകയും അധിക്ഷേപ വാക്കുകൾ ചൊരിയുകയും ചെയ്തു. അങ്ങനെ മുറിവേറ്റ മനസ്സും ശരീരവുമായി പ്രവാചകൻ ഖർനുസ്സആലിബിലെത്തിയപ്പോൾ മലക്ക് ജിബ്്രീൽ പ്രത്യക്ഷനായി. എന്നിട്ട് പറഞ്ഞു: "മുഹമ്മദേ, താങ്കളുടെ ജനത താങ്കളോട് പറഞ്ഞത് അല്ലാഹു കേട്ടിരിക്കുന്നു. താങ്കൾ ആഗ്രഹിക്കുന്ന കൽപന എനിക്ക് നൽകാനാണ് അല്ലാഹു എന്നെ അയച്ചത്. അതുകൊണ്ട് എന്താണ് താങ്കൾ ആഗ്രഹിക്കുന്നത്? ഇക്കാണുന്ന രണ്ട് കൂറ്റൻ പർവതങ്ങളെക്കൊണ്ട് അവരെ മൂടണമെങ്കിൽ പറഞ്ഞാലും."
അപ്പോൾ പ്രവാചകൻ പ്രതിവചിച്ചു: "വേണ്ട, അല്ലാഹു അവരുടെ ഉദരത്തിൽ നിന്ന് അവന് മാത്രം വഴിപ്പെടുന്ന, അവനിൽ മറ്റാരെയും പങ്ക് ചേർക്കാത്ത തലമുറകളെ സൃഷ്്ടിക്കേണമേ എന്നാണ് എന്റെ ആഗ്രഹം." തുടർന്ന് പ്രവാചകൻ അവർക്കു വേണ്ടി പ്രാർഥിച്ചു: "അല്ലാഹുവേ, എന്റെ ജനത അറിവില്ലാത്തവരാണ്. അവർക്ക് നീ പൊറുത്തു കൊടുക്കേണമേ." ഈ സംഭവം ഇമാം ബുഖാരിയുൾപ്പെടെ  ഹദീസ് പണ്ഡിതന്മാർ ഉദ്ധരിച്ചിട്ടുണ്ട്.
  ഇതാണ് പ്രവാചകൻ. കാരുണ്യത്തിന്റെ കര കാണാ കടൽ. പെട്ടെന്നുണ്ടാകുന്ന ക്ഷോഭത്തിനടിപ്പെട്ട്  പ്രതികാര ദാഹം തീർത്ത് തൃപ്തിയടയുന്നതിന് പകരം വിദൂര ഭാവിയിൽ വരാനിരിക്കുന്ന നല്ല കാലത്തെ പ്രതീക്ഷയോടെ സ്വപ്നം കണ്ട് മാപ്പ് നൽകിയ മഹാ വ്യക്തിത്വം.
  ഈ സംഭവം ഉദ്ധരിച്ച് വദ്ദാഹ് ഖൻഫർ എഴുതുന്നു: "അത്തരം ക്ലേശകരമായ ഒരു സന്ദർഭത്തിൽ പ്രവാചകൻ ഏകദൈവ വിശ്വാസികളും മുസ്്ലിംകളുമായൊരു തലമുറ പിറക്കട്ടെയെന്ന പ്രതീക്ഷയുടെ പക്ഷം ചേരുമ്പോൾ അവിടുന്ന് യഥാർഥത്തിൽ ചേരുന്നത് സുപ്രധാനമായൊരു തത്ത്വത്തിന്റെ പക്ഷമാണ്. അടിയന്തര തീർപ്പുകൾക്ക് പകരം ക്രമപ്രവൃദ്ധമായ മുന്നേറ്റവും സുദീർഘ ഇടപഴക്കവുമെന്നതാണ് ആ തത്ത്വം. മക്കയിലെ ഇരുണ്ടതും കൈപ്പുറ്റതും സാധ്യതകളടഞ്ഞതുമായ സാഹചര്യം നിലനിൽക്കെ ദുർഘടമായ പാതയിൽ തന്നെ ദീർഘകാലം തുടരാൻ അവിടുന്ന് തീരുമാനിച്ചു. ഉടനടി പരിഹാരം എന്ന തത്ത്വം തിരസ്കരിച്ചു.
"നീണ്ടുനിൽക്കുന്ന ഒരേ പ്രതികരണത്തിൽ തുടരുകയെന്നത് സ്വാഭാവികമായും ദീർഘകാലാടിസ്ഥാനത്തിലുള്ളതും സമർഥവുമായ ഒരു സ്ട്രാറ്റജിയെ തേടുന്നുണ്ട്. ബഹുദൈവ വിശ്വാസികളുടെ മക്കളിൽ നിന്ന് തന്നെ, യാതൊരു പങ്കാളിയെയും കൽപ്പിക്കാതെ ഏകനായ ദൈവത്തെ ആരാധിക്കുന്ന ഒരു തലമുറക്ക് അല്ലാഹു ജന്മം നൽകുക എന്നതാണ് അതിന്റെ അന്തിമ പരിണതി" (റബീഉൽ അവ്വൽ, പുറം 32).
പ്രബോധകർക്ക് ഏറെ പ്രചോദനം നൽകുന്നതും എതിർപ്പുകളിലും മർദനങ്ങളിലും പ്രകോപിതരാവാതെ പ്രബോധനം തുടരാൻ പ്രേരിപ്പിക്കുന്നതുമാണ് പ്രവാചക ജീവിതത്തിലെ ഈ സംഭവം. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് - സൂക്തം 54-59
ടി.കെ ഉബൈദ്

ഹദീസ്‌

ചെറുതുകളെ നിസ്സാരവൽക്കരിക്കരുത്
ഡോ. മുഹമ്മദ് പാണ്ടിക്കാട്