Prabodhanm Weekly

Pages

Search

2023 ജനുവരി 27

3287

1444 റജബ് 05

പ്രതാപകാലം തിരിച്ചുപിടിക്കാൻ ഇസ്ലാമിക ലോകം കരുത്ത് നേടും

ഡോ. അലി മുഹ്്യിദ്ദീൻ അൽ ഖറദാഗി / സദ്റുദ്ദീൻ വാഴക്കാട്

2022 ഡിസംബറിൽ, ലോക കപ്പ് ഫുട്ബോൾ മത്സര വേളയിൽ നടത്തിയ ഖത്തർ യാത്രയുടെ അവസാനത്തിലാണ്, പ്രഗത്ഭ പണ്ഡിതനും ലോക മുസ്ലിം പണ്ഡിതവേദിയുടെ സെക്രട്ടറി ജനറലുമായ ഡോ. അലി മുഹ്്യിദ്ദീൻ അൽഖറദാഗിയുമായി അഭിമുഖത്തിന് അവസരം ലഭിച്ചത്. പണ്ഡിത സമിതിയുടെ ദോഹയിലെ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച്ച. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ദീർഘ സമയം അദ്ദേഹം പ്രബോധനത്തിന് വേണ്ടി സംസാരിച്ചു. ഡോ. യൂസുഫുൽ ഖറദാവിയെക്കുറിച്ച പ്രബോധനം വാരികയുടെ ലക്കം അദ്ദേഹം കൗതുകത്തോടെ നോക്കിക്കണ്ട് ഭദ്രമായി ഫയലിൽ സൂക്ഷിച്ചു. ഖറദാഗിയുടെ ശിഷ്യൻ, ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന സഹോദരൻ ഇ.എൻ അബ്ദുൽ ഗഫാറും കൂടെയുണ്ടായിരുന്നു.
The Principles of Consent in Islamic Law and Civil Law എന്ന വിഷയത്തിൽ, അൽ അസ്ഹർ യൂനിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ശൈഖ് ഖറദാഗി, 1985-ലാണ് ഖത്തർ യൂനിവേഴ്സിറ്റിയിലെ ശരീഅ കോളേജിൽ അധ്യാപകനായത്. 1995-ൽ അദ്ദേഹം പ്രഫസറായി.
'അർറാബിത്വതുൽ ഇസ്ലാമിയ അൽകുർദിയ' സ്ഥാപക പ്രസിഡന്റ്, 'മുനള്ളമത്തുൽ മുഅ്തമറിൽ ഇസ്ലാമി', 'യൂറോപ്യൻ പണ്ഡിത സമിതി' തുടങ്ങി അനേകം അന്തർദേശീയ വേദികളുടെ സാരഥ്യവും അംഗത്വവും വഹിക്കുന്ന അദ്ദേഹം, എഴുപത്തിനാലാം വയസ്സിലും ഊർജസ്വലനാണ്. ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ അവഗാഹമുള്ള ഖറദാഗിയുടെ പ്രധാന പഠന വിഷയങ്ങൾ ഇസ്ലാമിക സാമ്പത്തിക ശാസ്ത്രവും ബാങ്കിംഗും കർമശാസ്ത്രവുമാണ്. മുപ്പതിൽപരം പ്രൗഢ ഗ്രന്ഥങ്ങളുടെ കർത്താവായ ഡോ. ഖറദാഗി, ഇസ്ലാമിക ധനകാര്യം - ബാങ്കിംഗ് വിഷയങ്ങളിൽ ഏറെ രചനകൾ നിർവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫിഖ്ഹുൽ മീസാൻ സവിശേഷ കൃതിയാണ്. വിനയവും സഹൃദയത്വവും നിറഞ്ഞ ഡോ. ഖറദാഗിയുടെ സംഭാഷണത്തിന്റെ ആദ്യഭാഗം:

ഇസ്ലാമിക നാഗരികതയുടെ ചരിത്രത്തിൽ മഹത്തായ സ്ഥാനമുള്ള ഇറാഖിലെ കുർദിസ്താനിലാണ് താങ്കൾ ജനിച്ചു വളർന്നത്. എന്താണ് കുർദിസ്താനെ കുറിച്ച ഓർമകൾ?

കുർദിസ്താനിലെ വൈജ്ഞാനിക പാരമ്പര്യമുള്ള കുടുംബത്തിലാണ് എന്റെ ജനനം- 1949-ൽ. ഇറാഖിലെ ഖുർദിസ്താനിൽ സുലൈമാനിയ പ്രവിശ്യയിലാണ് ഞാൻ ജനിച്ച ഖറദാഗ് പ്രദേശം. എന്റെ പിതാവ് ശൈഖ് മുഹ്് യിദ്ദീൻ, ഹുസൈൻ ബിൻ അലി (റ)യുടെ സന്തതി പരമ്പരയിൽപെട്ട വ്യക്തിയാണ്. മാതാവ്, ഹസൻ ബിൻ അലി(റ)യുടെ കുടുംബത്തിൽ കണ്ണിചേരുന്നു. ഇരു വശങ്ങളിലും എന്റെ പിതാമഹൻമാർ പണ്ഡിത പാരമ്പര്യമുള്ളവരാണ്. ഇറാഖിലെ മൗസ്വിൽ പ്രവിശ്യയിലെ അറിയപ്പെട്ട ഇസ്ലാമിക പണ്ഡിത പ്രതിഭകളായിരുന്നു ഇവരിൽ ചിലർ. കുടുംബപരമായ ഈ വൈജ്ഞാനിക വേരുകൾ ജീവിതത്തിലെ അഭിമാനകരമായ മുതൽക്കൂട്ടാണ്,  അൽഹംദു ലില്ലാഹ്.
വീട് തന്നെയായിരുന്നു എന്റെ വിദ്യാഭ്യാസത്തിന്റെ പ്രഥമ കേന്ദ്രം. ഞാൻ ഖുർആൻ മനഃപാഠമാക്കാൻ തുടങ്ങിയത് ഉമ്മയുടെ ശിക്ഷണത്തിലാണ്. എട്ടാമത്തെ വയസ്സിൽ തന്നെ ഖുർആൻ ഹൃദിസ്ഥമാക്കി. തുടർന്ന് അറബി ഭാഷാ പഠനമായിരുന്നു.
ഇതേ സമയം തന്നെ ഗവൺമെന്റ്സ്കൂളിൽ നിന്ന് ഔപചാരിക വിദ്യാഭ്യാസവും നേടുന്നുണ്ടായിരുന്നു. എന്നാൽ, പ്രാഥമിക ക്ലാസുകൾ പൂർത്തിയാക്കിയ സന്ദർഭത്തിൽ പിതാവ് എന്റെ സ്കൂൾ പഠനം അവസാനിപ്പിച്ചു. അത്തരമൊരു വിദ്യാഭ്യാസത്തിലൂടെ മുന്നോട്ട് പോകുന്നതിനെക്കാൾ, എന്നെ ഒരു ഇസ്ലാമിക പണ്ഡിതനാക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഞങ്ങളുടെ കുടുംബത്തിൽ കഴിവുറ്റ പണ്ഡിതൻമാരുടെ കണ്ണി അറ്റുപോകുന്ന ഘട്ടമായിരുന്നു അത്. കുടുംബത്തിൽ പണ്ഡിതനിര ഇല്ലാതാകുന്നതിനെ കുറിച്ച ആശങ്കയാണ്, എന്നെ പൂർണമായും ഇസ്ലാമിക പഠനത്തിലേക്ക് മാറ്റണമെന്ന തീരുമാനത്തിലെത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എന്റെ അമ്മാവനും പിതൃസഹോദരനും ഉൾപ്പെടെ കുടുംബത്തിലെ പണ്ഡിതൻമാരിൽ നിന്ന് അടിസ്ഥാന ഇസ്ലാമിക വിഷയങ്ങൾ പഠിക്കുകയായിരുന്നു പിന്നീട്. സുലൈമാനിയയിലേക്ക് പോയ ഞാൻ പിതാവിന്റെ സഹോദരൻ ശൈഖ് നജ്മുദ്ദീൻ ഖറദാഗി, ശൈഖ് മുസ്ത്വഫാ ഖറദാഗി എന്നിവരുടെയും മറ്റു ചില പണ്ഡിതൻമാരുടെയും ശിഷ്യനായി.
ഇറാഖിലെ പണ്ഡിതനും നേതാവുമായിരുന്ന അബ്ദുൽ കരീം അൽ മുദർരിസ് ബഗ്ദാദിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന കാലമായിരുന്നു അത്. ഖുർആൻ വ്യാഖ്യാനം, ഹദീസ് വിജ്ഞാനം, കർമശാസ്ത്രം, അറബി ഭാഷാ സാഹിത്യം, നിദാന ശാസ്ത്രം തുടങ്ങിയവയിലെല്ലാം പ്രാഗൽഭ്യമുണ്ടായിരുന്ന പണ്ഡിതനാണ് ശൈഖ് അബ്ദുൽ കരീം മുദർരിസ് (1905- 2005). മലേഷ്യ മുതൽ മൊറോക്കോ വരെ, അനേകം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ബഗ്ദാദിലെ ജാമിഉൽ അഹ്മദിയിൽ അദ്ദേഹത്തെ തേടിവന്നിരുന്നു. അറബി, കുർദ് ഭാഷകളിലായി അറുപതിൽപരം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് ഉസ്താദ് അബ്ദുൽ കരീം അൽ മുദർരിസ്. അദ്ദേഹത്തിന്റെ ശിഷ്യനായി ബഗ്ദാദിൽ ഞാൻ തുടർപഠനം നടത്തി. അൽമഅ്ഹദുൽ ഇസ്ലാമിയയിൽ നിന്ന് ഒന്നാം സ്ഥാനത്തോടെ വിജയിച്ചു. തുടർന്ന്, ബഗ്ദാദിലെ തന്നെ കുല്ലിയ്യത്തുൽ ഇമാം അൽഅഅ്ളമിൽ പഠിച്ചു. അൽ അസ്ഹർ യൂനിവേഴ്സിറ്റിയിലായിരുന്നു എന്റെ പി.എച്ച്ഡി.

പിൽക്കാലത്ത് ഇറാഖ്, തുർക്കി, ഇറാൻ, സിറിയ തുടങ്ങി വിവിധ രാജ്യങ്ങളിലായി വിഭജിക്കപ്പെട്ട കുർദിസ്താന്റെ ചരിത്രം, ഇസ്ലാമിക പാരമ്പര്യം, സാംസ്കാരിക സവിശേഷതകൾ ഇതൊക്കെ അറിയാൻ മലയാളി വായനക്കാർക്ക്  താൽപര്യമുണ്ടാകും. എന്തൊക്കെയാണ് കുർദിസ്താന്റെ ഇസ്ലാമിക മുദ്രകൾ?

ഇസ്ലാമിക സംസ്കാരത്തിന്റെ മഹത്തായ പൈതൃകത്താൽ സമ്പന്നമാണ്  കുർദിസ്താനും കുർദ് ജനതയും. ഇസ്ലാമിന്റെ വേരുകൾ കുർദിസ്താന്റെ മണ്ണിൽ ആഴത്തിൽ പതിഞ്ഞ് കിടപ്പുണ്ട്. നൂഹ് (അ), യൂനുസ് (അ) തുടങ്ങിയ പ്രവാചകൻമാരുടെ പാരമ്പര്യം ഇവിടെയുണ്ട്. കിഴക്കൻ തുർക്കിസ്താൻ എന്ന് ഇപ്പോൾ വിളിക്കപ്പെടുന്ന, കുർദ് ജനത ധാരാളം അധിവസിക്കുന്ന ഈ പ്രദേശത്താണ് ജൂദീ പർവതം. നൂഹ് നബിയുടെ കപ്പൽ പ്രളയാനന്തരം നങ്കൂരമിട്ടത് ഈ മലയിലാണല്ലോ. മൗസ്വിലിലായിരുന്നു യൂനുസ് നബിയുടെ നിയോഗം എന്ന് ചരിത്രം പറയുന്നുണ്ട്. സുൽത്താൻ സലാഹുദ്ദീൻ അയ്യൂബിക്ക് ജന്മം നൽകിയ മണ്ണാണിത്. തിക്്രീത്തിലെ അദ്ദേഹത്തിന്റെ ജുവൈന ഗോത്രവും ആ പ്രദേശവും ഇപ്പോഴും സജീവമാണ്. ഖുദ്സിന്റെ മോചനം മാത്രമല്ല ഈജിപ്ത്, അൾജീരിയ, മൊറോക്കോ, തുനീഷ്യ തുടങ്ങിയ ദേശങ്ങളുടെ ഇസ്ലാമിക മുന്നേറ്റങ്ങളിലും അദ്ദേഹം വഹിച്ചിട്ടുള്ള നായകത്വം ചരിത്രപരമാണ്. ഈ മേഖലയിൽ, മുസ്ലിം ലോകത്തിന്റെ വലിയൊരു ഭാഗത്തെ സുന്നീ ആശയധാരയിൽ ഉറപ്പിച്ചുനിർത്തുന്നതിൽ കുർദിസ്താന്റെ ഈ വീരപുത്രൻ നിർവഹിച്ച ദൗത്യം മഹത്തരമത്രെ.
നിരവധി ഇസ്ലാമിക പണ്ഡിതൻമാർക്ക് കുർദ് ജനത ജന്മം നൽകിയിട്ടുണ്ട്. ഇബ്നു സ്വലാഹ് ശഹ്റസൂരി, ഹാഫിള് ഇറാഖി, ഇബ്നു ഖല്ലികാൻ, ഇബ്നു തൈമിയ്യ, സഈദ് നൂർസി, ഇബ്നുൽ അസീർ അൽജസരി, അബ്ദുർറഹ്്മാൻ അൽ കവാകിബീ, സഈദ് റമദാൻ ബൂത്വി തുടങ്ങി അവരുടെ നിര നീണ്ടതാണ്. കുർദിസ്താനിലെ ശഹ്റസൂർ പണ്ഡിത കേന്ദ്രമായിരുന്നു. ശംസുദ്ദീൻ ശഹ്റസൂരിയും അബുൽ ഖാസിം ശഹ് റസൂരിയും ഉദാഹരണം. ഇബ്നുൽ അസീർ അൽജസരി ഉൾപ്പെടെയുള്ള ജസരീ പണ്ഡിതൻമാർ, ഇന്നത്തെ കിഴക്കൻ തുർക്കിയിലെ ജസീറത്ത് ഇബ്നു ഉമറിൽ നിന്നുള്ളവരാണ്. വൈജ്ഞാനികം, സാംസ്കാരികം, സൈനികം എന്നിങ്ങനെ, ഇസ് ലാമിന് വിവിധ തലങ്ങളിൽ സേവനം ചെയ്തിട്ടുള്ളവർ കുർദ് സമൂഹത്തിൽ നിന്ന് ഉണ്ടായിട്ടുണ്ട്.

മഹത്തായൊരു നാഗരികതയുള്ള നാടാണ് ഇറാഖ്. ബഗ്ദാദും മറ്റും നമ്മെ ഏറെ ആവേശം കൊള്ളിക്കുന്ന ചരിത്ര സ്മൃതികളാൽ സമ്പന്നമാണ്. ഇറാഖിന്റെ വർത്തമാനത്തെ എങ്ങനെയാണ് കാണുന്നത്? പഴയ പ്രതാപത്തിലേക്ക് ഇറാഖും ബഗ്ദാദും എന്നാണ് ഉയർന്നു വരിക?

അബൂ ജഅ്ഫർ അൽ മൻസ്വൂർ സ്ഥാപിച്ച ബഗ്ദാദ്, നൂറ്റാണ്ടുകളിലൂടെ വലിയ പരിവർത്തനങ്ങൾക്ക് വിധേയമാവുകയും നിഖില മേഖലകളിലും സമ്പന്നമായ പദവിയിലേക്ക് ഉയരുകയും ചെയ്തു. ബഗ്ദാദിന്റെ നാഗരികത, സാമ്പ്രദായിക മാപിനികൾകൊണ്ട് അളന്നെടുക്കാൻ കഴിയുന്നതിലും എത്രയോ ഉന്നതിയിലായിരുന്നു. ബഗ്ദാദ് കൈവരിച്ച ഔന്നത്യം ലോകത്ത് മറ്റൊരു നാഗരികതക്കും എത്തിപ്പിടിക്കാൻ സാധിച്ചിട്ടില്ലെന്ന് ചരിത്രം അംഗീകരിച്ചിട്ടുള്ളതാണ്. അബ്ബാസീ ഖലീഫമാർ ബഗ്ദാദിന്റെ വളർച്ചയിൽ വഹിച്ച പങ്കാളിത്തം അതുല്യമായിരുന്നു. സാഹിത്യം, വൈദ്യശാസ്ത്രം, ഭൂമി ശാസ്ത്രം, തത്ത്വശാസ്ത്രം, ഗണിത ശാസ്ത്രം തുടങ്ങി  എല്ലാ വിജ്ഞാന ശാഖകളിലും ബഗ്ദാദിന് ലോകത്തിന്റെ നായകത്വം തന്നെ ഉണ്ടായിരുന്നു.
1665-ലെ താർത്താരികളുടെ ആക്രമണമാണ് ബഗ്ദാദിന്റെ തകർച്ചക്ക് തുടക്കമിട്ടത്. താർത്താരികൾ ടൈഗ്രീസിൽ ഒഴുക്കിക്കളഞ്ഞ പുസ്തകങ്ങൾ കാരണം, ആ നദിയിലെ വെള്ളമൊന്നാകെ കറുത്തുപോയിരുന്നു എന്നതിൽ നിന്ന്, എന്തായിരുന്നു ബഗ്ദാദ് എന്നും, അധിനിവേശ ശക്തികൾ എന്താണ്  അവിടെ ചെയ്തതെന്നും മനസ്സിലാക്കാവുന്നതാണ്.
ലൈബ്രറികൾ നശിപ്പിച്ചും മനുഷ്യരെ കൊന്നും ബഗ്ദാദിനെ അവർ തകർത്തുകളഞ്ഞു. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന അധ്യായങ്ങളിൽ ഒന്നായിരുന്നു ഇത്. പക്ഷേ, പിന്നെയും പൈതൃകങ്ങൾ സംരക്ഷിച്ച് ബഗ്ദാദ് നിലനിന്നു. എന്നാൽ, അമേരിക്കൻ അധിനിവേശം ബഗ്ദാദിനെ നശിപ്പിച്ചു കളയുകയാണുണ്ടായത്. പുരാതനമായ കെട്ടിടങ്ങൾ തകർത്തും മുസ്ലിംകളെ കൊലപ്പെടുത്തിയും അനേകായിരങ്ങളെ ആട്ടിയോടിച്ചും അമേരിക്ക ഒരു നാഗരികതയെത്തന്നെ നശിപ്പിച്ചുകളഞ്ഞു. പക്ഷേ, ഈ ദുരന്തത്തിൽ നിന്ന് ബഗ്ദാദ് തിരിച്ചുവരുന്ന കാലം വിദൂരമല്ല. കാരണം, ചരിത്രകാരൻമാർ രേഖപ്പെടുത്തിയതുപോലെ ഇരുപതിനായിരത്തിലധികം പണ്ഡിതൻമാരും അല്ലാഹുവിന്റെ ഇഷ്ടദാസൻമാരും (ഔലിയാഅ്) ജീവിച്ചിരുന്ന ദേശമാണത്. ഇസ്ലാമിന്റെ അഭിമാനമായി നിലകൊണ്ട നാഗരികതയാണത്. ഇന്നും ബഗ്ദാദിന്റെ ഗതകാലം മുസ്ലിം സമൂഹത്തിന് ആവേശം നൽകുന്നതാണ്. അതുകൊണ്ട്, അല്ലാഹുവിന്റെ ഉതവിയാൽ നാമത് തിരിച്ചുപിടിക്കുക തന്നെ ചെയ്യും.

ബഹുവിധ വിഭവങ്ങളാൽ സമ്പന്നമാണ് മുസ്ലിം ലോകം. പണം, മനുഷ്യശേഷി, ബൗദ്ധിക ശേഷി ഇതിലൊന്നും അവർ പിന്നിലല്ല. പക്ഷേ, ഈ വിഭവശേഷിക്ക് അനുസൃതമായ ശക്തിയും മുന്നേറ്റവും മുസ്ലിം ലോകത്ത് കാണാൻ കഴിയുന്നുണ്ടോ? മുസ്ലിം ലോകത്തെക്കുറിച്ച താങ്കളുടെ പ്രതീക്ഷകൾ എന്തൊക്കെയാണ്?

മുന്നേറ്റത്തിനും വിജയത്തിനും ആവശ്യമായ എല്ലാ ശാക്തിക ഘടകങ്ങളും തീർച്ചയായും മുസ്ലിം ലോകത്തുണ്ട്. പക്ഷേ, രണ്ട് നൂറ്റാണ്ടായി നാം തുടർച്ചയായി പരീക്ഷിക്കപ്പെടുകയാണ്. പാശ്ചാത്യരും പൗരസ്ത്യരുമായ ബാഹ്യശക്തികളുടെ അധിനിവേശമാണ് അതിൽ ഏറ്റവും ഗുരുതരമായിട്ടുള്ളത്. ക്രൂരമായ ഈ കടന്നുകയറ്റങ്ങൾ നമ്മുടെ നാഗരികതയെ തകർത്തു കളഞ്ഞിട്ടുണ്ട്. വേദനിപ്പിക്കുന്ന മറ്റൊരു കാര്യം, ഈ സാമ്രാജ്യത്വ അധിനിവേശ ശക്തികൾ തിരിച്ചുപോയത്, നമ്മുടെ ദീനിനും ഭാഷക്കും പാരമ്പര്യത്തിനും മേൽ കനത്ത ആഘാതമേൽപ്പിക്കുന്ന സൈന്യങ്ങളെയും സംവിധാനങ്ങളെയും ഭൂരിപക്ഷം മുസ്ലിം രാജ്യങ്ങളിലും കുടിയിരുത്തിക്കൊണ്ടാണ്. തുർക്കിയിലും ഈജിപ്തിലും ഇറാഖിലും തുനീഷ്യയിലും മറ്റും നാം അനുഭവിച്ചതു പോലെ, നമ്മുടെ വിശ്വാസത്തിനും സംസ്കാരത്തിനും വലിയ തോതിൽ പ്രഹരമേൽപിച്ച വൈദേശിക ശക്തികളുടെ ആശയപ്രയോഗങ്ങൾ അധിനിവേശത്തിന്റെ ബോധപൂർവകമായ ബാക്കിപത്രങ്ങളാണ്. സാമ്രാജ്യത്വ ശക്തികൾ കടന്നുപോയതിനു ശേഷം, അധിനിവിഷ്ട രാജ്യങ്ങളിൽ അധികാരം വാണവരുടെ ചരിത്രം ഇതിന്റെ പൂരണമാണ്.
അത്തരമൊരു ചരിത്ര പശ്ചാത്തലത്തിൽ നിന്നാണ് ഇന്ന് കാണുന്ന മുസ്ലിം ലോകത്തേക്ക് നാം എത്തിച്ചേർന്നിട്ടുള്ളത്. മുന്നേറ്റത്തിന്റെ യാതൊരു വഴിയും മുസ്ലിംകൾക്ക് നൽകപ്പെടാത്ത ഒരു ഘട്ടം കടന്നുപോയിട്ടുണ്ട്. പക്ഷേ, ഇന്ന് അവസ്ഥകൾ ഏറെ മാറിയിരിക്കുന്നു. മുന്നേറ്റത്തിന്റെ തുടക്കങ്ങളും തുടർച്ചകളും പല വിധത്തിൽ മുസ്ലിം ലോകത്ത് ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. തുർക്കി, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇതിന്റെ ഉദാഹരണമാണ്. ഗൾഫ് രാജ്യങ്ങളിൽ ഖത്തറിന്റെയും മറ്റും മാതൃകകളും നമ്മുടെ മുമ്പിലുണ്ട്. തീർച്ചയായും പ്രതീക്ഷിത ലക്ഷ്യങ്ങളിലേക്ക് ഇസ്ലാമിക ലോകം എത്തിച്ചേരുക തന്നെ ചെയ്യും.
ഇതിനു പക്ഷേ, സംവാദാത്മകമായ ചിന്തകൾ മുസ്ലിം ലോകത്ത് വീണ്ടും വികസിച്ചുവരേണ്ടതുണ്ട്.  ശരിയായ ബോധ്യങ്ങളിലേക്ക് നാം തിരിഞ്ഞു നടക്കേണ്ടതും അനിവാര്യമാണ്. വിശുദ്ധ ഖുർആനും നബിചര്യയും ആണിയിട്ടുറപ്പിച്ച അടിസ്ഥാനങ്ങളെ തിരിച്ചുപിടിക്കേണ്ടതുണ്ട്. ഉദാഹരണമായി, അല്ലാഹു വിശുദ്ധ ഖുർആനിൽ ആദ്യം അവതരിപ്പിച്ച വചനം, 'സമഗ്ര വായന'യെ കുറിച്ചാണ്. 'നീ വായിക്കുക' എന്ന പ്രഖ്യാപനം, അറബി ഭാഷ പ്രകാരം, എല്ലാ വായനയെയും ഉൾക്കൊള്ളുന്നതാണ്. പ്രപഞ്ചത്തെ വായിക്കണം, മനുഷ്യനെ വായിക്കണം, ഖുർആൻ വായിക്കണം- ഈ വായന പുതിയ ബോധ്യങ്ങളിലേക്ക് നമ്മെ നയിക്കും.
ഇസ്ലാമിന് മുമ്പ് ജൂത, ക്രൈസ്തവ, ഹിന്ദു മതങ്ങളുടെ വായന വിശ്വാസത്തെയും ആരാധനകളെയും കുറിച്ച് മാത്രമായിരുന്നു. ഗ്രീക്ക്, റോമൻ തത്ത്വചിന്തകൻമാരാകട്ടെ, ഐഹിക കേന്ദ്രിത വായനയാണ് നടത്തിയത്. പക്ഷേ, ഇസ്ലാം സർവതിനെയും സമന്വയിപ്പിച്ച വായനയിലൂടെ പുതിയൊരു നാഗരികതക്ക് അടിത്തറയിട്ടു.  മനുഷ്യനെ കുറിച്ച് അതുവരെ നിലവിലുണ്ടായിരുന്ന, മതപുരോഹിതരുടെയും തത്ത്വചിന്തകന്മാരുടെയും സങ്കൽപങ്ങളെ മാറ്റിയെഴുതി. 'മനുഷ്യൻ ഭൂമിയിൽ ദൈവത്തിന്റെ പ്രതിനിധിയാണ്' എന്ന ഖുർആനിന്റെ പ്രഖ്യാപനം, പ്രതിനിധാനത്തിന്റെ ദൗത്യത്തെക്കുറിച്ച തിരിച്ചറിവ് നൽകി. പുതിയൊരു നാഗരികതയെ സൃഷ്ടിച്ചുകൊണ്ട് അർഥപൂർണമായ പ്രതിനിധാനം നിർവഹിക്കാൻ ഇത് മനുഷ്യനെ ആഹ്വാനം ചെയ്തു. ഈ ദൗത്യം നിർവഹിച്ച് ലക്ഷ്യം നേടാൻ സമഗ്രമായ വായനയിലൂടെയല്ലാതെ സാധ്യമല്ല.
രണ്ട് ചിറകുകൾ കൊണ്ടല്ലാതെ ഈ വായന വിജയിക്കില്ല. ഫിഖ്ഹുൽ മീസാനിൽ ഞാനിത് വിശദീകരിച്ചിട്ടുണ്ട്. ദീനിയും ദുൻയവിയുമായ തലങ്ങളെ ഒരുമിച്ച് ചേർക്കുന്നതാകണം അത്. സ്രഷ്ടാവായ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക; അഥവാ റുബൂബിയ്യത്തിന്റെ അടിസ്ഥാനത്തിലുള്ള വിശ്വാസവും (അഖീദ) സംസ്കാരവും (അഖ്ലാഖ്) ആണ് അതിലൊന്ന്. രണ്ടാമത്തേത്, വായിക്കുക, നിന്റെ നാഥൻ അത്യാദരവുള്ളവനാകുന്നു. അഥവാ, മനുഷ്യനോടുള്ള ആദരവും (കറാമത്തുൽ ഇൻസാൻ), അവകാശ സംരക്ഷണവും (ഹുഖൂഖുൽ ഇൻസാൻ) ആണ്. ഇങ്ങനെ രണ്ട് ചിറകുകളുള്ള  വായനയിലൂടെ യാഥാർഥ്യമാകുന്ന നാഗരികതയാണ് ഇസ്ലാം വിഭാവന ചെയ്യുന്നത്. ചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ സച്ചരിതരായ മുൻഗാമികൾ ശരിയായ മാർഗങ്ങളിലൂടെ ഈ നാഗരികത നിർമിച്ചെടുത്തിട്ടുണ്ട്. പിൽക്കാലത്ത്, ഈ ചിറകുകൾ ദുർബലപ്പെടുകയും സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും വേദനാജനകമായ സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോഴാണ് തകർച്ചകൾ ഉണ്ടായത്. നീണ്ട കാലങ്ങളൊന്നും ഈ ദുഃസ്ഥിതി തുടർന്നുകൊണ്ടേയിരുന്നിട്ടില്ല. അതേ അവസ്ഥ തന്നെയായിരിക്കും എക്കാലത്തുമെന്നും ഞാൻ പ്രതീക്ഷിക്കുന്നുമില്ല. വിശുദ്ധ ഖുർആനും അതു കാണിച്ച ശരിയായ മാർഗവും നമ്മുടെ മുന്നിൽ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, തികവുറ്റ വഴികളിലേക്ക് മുസ് ലിം ലോകത്തെ തിരിച്ചെത്തിക്കാനും, പൂർവ പ്രതാപത്തെ തിരിച്ചുപിടിക്കാനും കഴിയും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

മുസ്ലിം ലോകത്തെക്കുറിച്ച നമ്മുടെ ഓർമകളിൽ മിക്കപ്പോഴും കടന്നുവരുന്നത് വേദനിപ്പിക്കുന്ന അനുഭവങ്ങളാണ്. ഫലസ്ത്വീൻ, ഇറാഖ്, അഫ്ഗാൻ, സിറിയ.... ഇങ്ങനെ പലതും. മുസ്ലിം ലോകത്ത് അധിനിവേശവും ആഭ്യന്തര പ്രശ്നങ്ങളും. യൂറോപ്പിലും മറ്റും ഇസ്ലാമോഫോബിയയും വംശവെറിയും... എന്തുകൊണ്ടാണ് ഈ ഒരവസ്ഥ തുടർച്ചയായി വരുന്നത്? എന്തൊക്കെയാണ് മുസ്ലിം ലോകത്തിന്റെ പ്രതിസന്ധികൾ?

വിശുദ്ധ ഖുർആൻ ഇതിന് വ്യക്തമായ ഉത്തരം തന്നിട്ടുണ്ട്: "ഇതെന്ത്? ഒരു വിപത്ത് സംഭവിച്ചപ്പോഴേക്കും ഇതെങ്ങനെ സംഭവിച്ചു എന്ന് നിങ്ങൾ കേഴുന്നുവല്ലോ! (ബദ്ർ സംഭവത്തിൽ) അതിന്റെ രണ്ടിരട്ടി നാശം നിങ്ങളുടെ കരങ്ങളാൽ (ശത്രുപക്ഷത്തിനും) സംഭവിച്ചില്ലേ? അവരോട് പറയുക: ഈ നാശം നിങ്ങൾ തന്നെ വരുത്തിവെച്ചതാകുന്നു. അല്ലാഹുവോ, സകല സംഗതികൾക്കും കഴിവുറ്റവൻ "(ആലു ഇംറാൻ 165). ഈ സൂക്തം നാം പഠിക്കണം. ഇന്ന് മുസ്ലിം ലോകത്തെ ബാധിച്ച നാശത്തിന് നാം തന്നെയാണ് ഉത്തരവാദികൾ! മുസ്ലിംകൾ ഭൗതികപ്രമത്തരായി, പരസ്പരം ഭിന്നിച്ചു, സംഘർഷപ്പെട്ടു, സംഘട്ടനത്തിലും ഏർപ്പെട്ടു. വംശീയവും വിശ്വാസപരവുമായ എന്തെല്ലാം സംഘർഷങ്ങളിലാണ് മുസ്ലിം സംഘശക്തി ദുർബലമായിപ്പോകുന്നത് എന്ന് നാം കാണുന്നില്ലേ? ഭിന്നത നാശമാണെന്ന് അല്ലാഹു മൂന്ന് തവണ വിശുദ്ധ ഖുർആനിൽ താക്കീത് നൽകിയിട്ടുണ്ട്. "നിങ്ങൾ പരസ്പരം കലഹിക്കാതിരിക്കുക. അങ്ങനെ ചെയ്താൽ, നിങ്ങൾ ദുർബലരായിത്തീരുകയും നിങ്ങളുടെ വീര്യം നശിച്ചുപോവുകയും ചെയ്യും" (അൽ അൻഫാൽ 46) എന്നും, "പിന്നെ നിങ്ങൾ ദൗർബല്യം കാണിച്ചു, പരസ്പരം ഭിന്നിക്കുകയും ചെയ്തു" (ആലു ഇംറാൻ 152) എന്നും ഖുർആൻ പറഞ്ഞിട്ടില്ലേ?
    സമുദായത്തിന്റെ ശക്തിക്ഷയം തർക്കവിതർക്കങ്ങളുടെ സന്തത സഹചാരിയാണ്. തർക്കവിതർക്കങ്ങളാകട്ടെ, നമ്മെ എപ്പോഴും നാശത്തിലേക്കാണ് നയിക്കുക. ഇത് തിരിച്ചറിയാൻ കഴിയാതെ പോകുന്നത് കഷ്ടമാണ്. ഖുർആൻ കാണിച്ചു തന്ന വഴി, ഇരു ചിറകുകളുള്ള അറിവിന്റെയും നാഗരികതയുടെയും പാത. ഐക്യത്തിന്റെയും ശക്തിയുടെയും മാർഗം. ഇതാണ് മുസ്ലിം ലോകം അകപ്പെട്ട പ്രതിസന്ധിക്കുള്ള പരിഹാരം എന്നാണ് അനുഭവങ്ങൾ നൽകുന്ന പാഠം. മുസ്ലിം സമൂഹം ഇന്ന് സ്വീകരിച്ചിട്ടുള്ള സമീപന രീതികൾ (മൻഹജ്)  മാറ്റാൻ തയ്യാറാകണം. വിശുദ്ധമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, അല്ലാഹു പഠിപ്പിച്ച പ്രതിനിധാനത്തിന്റെ (ഇസ്തിഖ്ലാഫ്) ശരിയായ നിർവഹണവും, നാഗരികതയുടെ നിർമാണവും നടത്താൻ തയ്യാറായാൽ മാത്രമേ, ഈ ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കൂ. l
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് - സൂക്തം 54-59
ടി.കെ ഉബൈദ്

ഹദീസ്‌

ചെറുതുകളെ നിസ്സാരവൽക്കരിക്കരുത്
ഡോ. മുഹമ്മദ് പാണ്ടിക്കാട്