Prabodhanm Weekly

Pages

Search

2023 ജനുവരി 27

3287

1444 റജബ് 05

'സൂക്ഷിക്കുക, മുമ്പില്‍ അഗാധ ഗര്‍ത്തം'

കെ.സി ജലീല്‍ പുളിക്കല്‍

സോഷ്യല്‍ മീഡിയയില്‍ കണ്ണോടിച്ചപ്പോള്‍ മുസ് ലിം സംഘടനകളോട് സ്‌നേഹപൂര്‍വം ഇങ്ങനെ അഭ്യര്‍ഥിക്കാന്‍ തോന്നി: 'സൂക്ഷിക്കുക, അഗാധ ഗര്‍ത്തം മുമ്പില്‍.' മുമ്പ് കയറിപ്പോന്ന ഗര്‍ത്തത്തിലേക്ക്  മുസ്ലിം സംഘടനകള്‍ തിരിച്ചു നടക്കുന്നുണ്ടോ എന്ന ഭീതിയാണ് ഇങ്ങനെ അഭ്യര്‍ഥിക്കാന്‍ പ്രേരകം. മുസ് ലിംകള്‍ വിഭാഗീയമായി പിരിഞ്ഞ്, തങ്ങളുടെ ഔന്നത്യം മറന്ന്, കലഹങ്ങളും പോര്‍വിളികളും 'കാഫിര്‍', 'മുശ്്രിക്' അധിക്ഷേപങ്ങളുമായി നടന്നിരുന്ന കാലം മുസ്ലിംകേരളത്തിന്റെ കറുത്ത അധ്യായമാണ്. മുസ്ലിംകളെ ആദരവോടെ കണ്ടിരുന്നവരില്‍ മതിപ്പില്ലാതാക്കാനാണത് ഇടവരുത്തിയത്. പിന്നീട് വിവേകശാലികളായ പണ്ഡിത നിര ഉയർന്നുവന്നു. സംവാദങ്ങളും ഖണ്ഡന പ്രസംഗങ്ങളുമൊക്കെ പിന്നെയും തുടര്‍ന്നെങ്കിലും അവര്‍ വിവേകത്തിന്റെ വഴി സ്വീകരിച്ചു.
1985-ലെ ശരീഅത്ത് വിവാദ കാലത്ത് രൂപപ്പെട്ട മുസ്ലിം കൂട്ടായ്മ വഴിത്തിരിവായി. നഗര-ഗ്രാമ രംഗങ്ങളിലെല്ലാം അത് ഓളം സൃഷ്ടിച്ചു. പൊതുകാര്യങ്ങളില്‍ ഒത്തുചേര്‍ന്നു നില്‍ക്കണമെന്ന ചിന്ത മുസ്ലിം ബഹുജനങ്ങളില്‍ ഇന്നും പ്രബലമാണെന്നതാണ് വസ്തുത. ഇപ്പോള്‍ ഒറ്റപ്പെട്ട ചില നേതാക്കളും അവരുടെ അനുയായികളും 'പഴയ രോഗം' പടര്‍ത്താന്‍ നടത്തുന്ന നീക്കങ്ങള്‍ വിവേകശാലികളായ നേതാക്കള്‍ ഇടപെട്ട് അവസാനിപ്പിച്ചേ പറ്റൂ.
നോക്കൂ: എന്തു മാത്രം ആപല്‍ക്കരമായ സ്ഥിതിവിശേഷത്തെയാണ് ഇസ്ലാമും ഇസ്ലാമിക സമൂഹവും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്!
ഇസ്ലാമിക സമൂഹത്തെയും അവരുടെ ആദര്‍ശത്തെയും സംസ്‌കാരത്തെയും വേരോടെ പിഴുതെറിയാന്‍ ആസൂത്രിത ശ്രമങ്ങള്‍ ഫാഷിസ്റ്റ് ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നു. മുസ്ലിം ചരിത്രത്തെയും ചിഹ്നങ്ങളെയും തേച്ചു മായ്ചു കളയാന്‍ തുനിയുന്നു. മുസ്ലിംകളുടെ പൗരത്വം തന്നെ നിയമനിര്‍മാണത്തിലൂടെ ഇല്ലാതാക്കാന്‍ ഫാഷിസം തുനിഞ്ഞപ്പോഴുണ്ടായ ശക്തമായ പ്രക്ഷോഭത്തിന് മുമ്പില്‍ തല്‍ക്കാലം പത്തിതാഴ്ത്തിയെങ്കിലും ബുള്‍ഡോസറുമായി മുസ് ലിം പോക്കറ്റുകളിലെത്തി അവരെ ആട്ടിയിറക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിലേത്. മുമ്പ് മുതലേ ആ പ്രദേശത്ത് വസിച്ചുവരുന്ന മുക്കാല്‍ ലക്ഷത്തോളം വരുന്ന ജനത, ദശക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളുമെല്ലാമുള്ള ഗഫൂര്‍ ബസ്തി, ഒരാഴ്ചക്കകം ഒഴിപ്പിക്കാനായിരുന്നു ഉത്തരവ്. എന്തിനധികം, ഇങ്ങ് പ്രബുദ്ധ കേരളത്തില്‍ വരെ സ്കൂൾ കലാമേളയുടെ ഉദ്ഘാടന ചടങ്ങില്‍ അവരെ 'തീവ്രവാദി'യായി ചിത്രീകരിച്ചു.
ആദര്‍ശം കൈവിടാതെ ജനാധിപത്യ മാര്‍ഗത്തിലൂടെ ഫാഷിസത്തിനെതിരില്‍ ന്യൂനപക്ഷം സംഘടിക്കണമെന്ന ശബ്ദം കേട്ടപ്പോള്‍ 'ഓങ്ങി നില്‍ക്കുന്ന മഴു'വിന്റെ ഭീകരത പറഞ്ഞ് പേടിപ്പിക്കുന്നു. ആദര്‍ശമുപേക്ഷിച്ച് വന്നാല്‍ അഭയം നല്‍കാമെന്ന് സാരം. 'നാസ്തിക യുക്തിവാദ ലിബറല്‍ പരിവാര്‍' ക്ഷണവും ഇതിലേക്ക് തന്നെ. സന്ദിഗ്ധ ഘട്ടത്തില്‍ നാര്‍കോട്ടിക് ലൗജിഹാദ് പ്രഭൃതികളും ഇവരുമെല്ലാം ഫാഷിസത്തോട് സന്ധിയാകാനും മടിക്കില്ല. ചുരുക്കത്തില്‍, ഇസ്ലാമിക സമൂഹം ചെകുത്താനും കടലിനും മധ്യേ കടുത്ത പരീക്ഷണത്തിലാണ്.
ഭയപ്പെടേണ്ട, വിശ്വാസികള്‍ക്ക് ഭയപ്പെട്ട് പിന്തിരിയാനാകില്ല. കൂടെയുണ്ട് നാഥന്‍. കരുത്തേകുന്നുണ്ട് ദിവ്യവചനം: ''വിശ്വാസികള്‍ക്ക് സുസ്ഥിര വചനം സ്ഥൈര്യം നല്‍കുന്നു, ഇഹലോക ജീവിതത്തിലും പരലോകത്തും'' (ഇബ്‌റാഹീം 27).
ഇന്ത്യയുടേത് ജനാധിപത്യ ബഹുസ്വര മനസ്സാണ്. ഫാഷിസം ആര്‍ത്തിരമ്പി വരുന്നത് കണ്ട് പെട്ടെന്നുള്ള അമ്പരപ്പാണ് നാം കാണുന്നത്. ജനാധിപത്യ ശക്തികള്‍ സംഘടിച്ചെത്തിയാല്‍ ഫാഷിസത്തെ മറിച്ചിടാനാകും.
ഇന്ത്യയിലെ ഇസ്ലാമിക സമൂഹത്തിന് വഴികാട്ടേണ്ടത് കേരളത്തിലെ ഉല്‍ബുദ്ധരായ മുസ്ലിം സംഘടിത ശക്തിയാണ്. അവര്‍ തന്നെ പരസ്പരം ഭിന്നിച്ച് കലഹിച്ച് വിഴുപ്പലക്കി ചളിക്കുണ്ടില്‍ ചെന്നു ചാടുന്നത് അവര്‍ക്കും സമൂഹത്തിനും നാട്ടിനും ദുരന്തം വരുത്തിവെക്കും.

 


മൂല്യനിരാസ വഴികള്‍
ഒഴിവാക്കണം


എ.പി ശംസീറിന്റെ 'യുവത്വം മൂല്യനിരാസത്തില്‍ മുങ്ങിപ്പോകുന്നുവോ?' (ലക്കം 31) എന്ന ലേഖനം വര്‍ത്തമാനകാലത്തെ കച്ചവടവത്കരണത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. പാരമ്പര്യമായി ധാര്‍മിക സദാചാര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരുടെ വീടുകളില്‍ പോലും മൂല്യനിരാസത്തിനു വഴിയൊരുക്കുന്ന സിനിമ, സംഗീത, ഗാന, കായിക രംഗങ്ങളിലെ ഹീറോകളുടെ താരാരാധകരായി മാറിക്കൊണ്ടിരിക്കുകയാണ് പുതു തലമുറ. മൂല്യബോധമുള്‍ക്കൊണ്ടവര്‍ തന്നെ പുതിയ കാലത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് മൂല്യനിരാസത്തിലേക്ക് കുതിക്കുന്ന സിനിമ, സംഗീത, ഗാന, കായിക മേഖലകളില്‍ വിഹരിക്കുകയും ചെയ്യുന്നു.
എം.എം.എ മുത്തലിബ്, കണ്ണൂര്‍

 


മികച്ച കവര്‍ സ്റ്റോറി


'പ്രാണനെ പ്രണയിക്കാം' കവര്‍ സ്റ്റോറി (ലക്കം 31) നല്ല നിലവാരം പുലര്‍ത്തി. നജീബ് കുറ്റിപ്പുറം ജീവിതത്തിന്റെ പല ഘട്ടങ്ങള്‍ വളരെ ലളിതമായി ചിത്രീകരിച്ചിരിക്കുന്നു. ആശംസകള്‍.


നാസര്‍ കക്കാടന്‍, കൂട്ടിലങ്ങാടി


ശീർഷകവും വിശദീകരണവും തമ്മിൽ പൊരുത്തക്കേടുണ്ടാവരുത്


'സ്വർഗം ഉറപ്പാക്കിയ പത്താളുകൾ' എന്ന ( 2022 നവംബർ 18)  ഹദീസ് പംക്തിയിലെ ശീർഷകവും വിശദീകരണവും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് ഒരു വായനക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. ജനുവരി 6 (ലക്കം 3284) ലെ ഹദീസ് കണ്ടപ്പോൾ ചില കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തണമെന്ന് തോന്നി: ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങൾ ഖുർആനും ഹദീസുമാണ്. ഹദീസ് ഇല്ലെങ്കിൽ ഖുർആൻവായന അപൂർണവും അപക്വവുമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഹദീസ് പംക്തിയിലെ ഹദീസുകൾ കുറച്ചുകൂടി സെലക്ടീവാകണം,  ഒബ്ജക്ടീവാകണം, തർബിയത്തീ പ്രധാനമാകണം. അവ പദതർജമക്കപ്പുറം ആശയവ്യക്തത ഉള്ളതാകണം.
ഈ ഹദീസിൽ അംറുബ്നുൽ ആസ്വ് (റ) റോമക്കാരെക്കുറിച്ച് പറഞ്ഞ അഞ്ച് സവിശേഷ കാര്യങ്ങളിൽ മൂന്നാമതായും  അഞ്ചാമതായും പറഞ്ഞ കാര്യങ്ങൾ സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയാത്തതാണ്. ഒന്നേകാൽ പേജിൽ ദീർഘമായി കിടക്കുന്ന വിശദീകരണത്തിൽ പക്ഷേ, ഈ അഞ്ചു കാര്യങ്ങളുമായി ബന്ധപ്പെട്ട ഒരു വരി വിശദീകരണം പോലുമില്ല. അവയിൽ ഏറ്റവും നല്ലതും സുന്ദരവും 'രാജാക്കന്മാരുടെ അക്രമത്തിൽനിന്ന് ജനങ്ങളെ തടയുന്നവരുമാണവർ' എന്നതാണ്.
രാജാക്കന്മാരുടെ അക്രമങ്ങളെ അവർ തടയുന്നു എന്നോ, രാജാക്കന്മാരുടെ അക്രമത്തിൽനിന്ന് അവർ ജനങ്ങളെ സംരക്ഷിക്കുന്നു എന്നോ ആണെങ്കിൽ സാരാംശം ഗ്രഹിക്കാം. അത് നേർ തർജമ ആകാത്തതുകൊണ്ടാകും.
സർവോപരി, തലക്കെട്ടിനോട് നീതി പുലർത്തുന്ന ഒരു വാക്ക് പോലും റസൂലിന്റേതായി ഈ ഹദീസിൽ ഇല്ല.
കെ.പി യൂസുഫ് പെരിങ്ങാല

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് - സൂക്തം 54-59
ടി.കെ ഉബൈദ്

ഹദീസ്‌

ചെറുതുകളെ നിസ്സാരവൽക്കരിക്കരുത്
ഡോ. മുഹമ്മദ് പാണ്ടിക്കാട്