Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

കേരളത്തിലെ      മൗദൂദീവ്യവഹാരങ്ങള്‍

ടി. മുഹമ്മദ് വേളം

ലോകത്തിലെ മറ്റേത് ഇസ്‌ലാമിക പണ്ഡിതന്മാരേക്കാളും കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക മത മണ്ഡലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വ്യക്തിത്വമാണ് അബുല്‍ അഅ്‌ലാ മൗദൂദി. കേരളത്തിലെ മൗദൂദി വ്യവഹാരങ്ങള്‍ക്ക് മൗദൂദിയുടെ യഥാര്‍ഥ വ്യക്തിത്വത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും അപ്പുറമുള്ള ചില മാനങ്ങളുണ്ട്. കേരളത്തിലെ മൗദൂദി ചര്‍ച്ചകളെ പഠനവിധേയമാക്കിയാല്‍ മനസ്സിലാക്കാനാവുന്നത് രണ്ട് മൗദൂദികളുണ്ട് എന്നാണ്. ഒന്ന്, യഥാര്‍ഥത്തിലുള്ള മൗദൂദി. രണ്ട് കേരളത്തിലെ എഴുത്തുകളിലും പ്രഭാഷണങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന മൗദൂദി. രണ്ടാമത്തെ മൗദൂദിയെ പരിശോധിക്കാനാണ് ഈ എഴുത്തില്‍ ശ്രമിക്കുന്നത്. 
കേരളത്തിലെ മതേതര ചര്‍ച്ചകളില്‍ മൗദൂദിക്കെതിരെ ഉന്നയിക്കപ്പെടുന്ന ഏറ്റവും വലിയ ആരോപണം, അദ്ദേഹം ജനാധിപത്യം, മതേതരത്വം, ദേശീയത എന്നീ ആധുനിക രാഷ്ട്രത്തിന്റെ അടിസ്ഥാനങ്ങളെ ചോദ്യം ചെയ്തു, അതിനെ തകര്‍ക്കാന്‍ ശ്രമിച്ചു എന്നതാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിശകലനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ട മൗദൂദി പുസ്തകം ജനാധിപത്യം മതേതരത്വം ദേശീയത ഒരു താത്ത്വിക വിശകലനം എന്ന പ്രഭാഷണ കൃതിയാണ്. ആധുനിക ദേശ രാഷ്ട്രത്തിന്റെ ഈ അടിത്തറകള്‍ ഖരാവസ്ഥയിലുള്ളതും വിശുദ്ധവുമായ ഒന്നും, മൗദൂദി അവയെക്കുറിച്ച് ഉന്നയിച്ച വിമര്‍ശനങ്ങള്‍ അതിന്റെ എതിര്‍പക്ഷത്തുള്ളവയുമാണോ? ചലനരഹിതവും വിമര്‍ശനാതീതവും വിശുദ്ധവുമായ മതേതര ജനാധിപത്യ ദേശീയത എന്നത് ജമാഅത്തെ ഇസ്‌ലാമി വിരുദ്ധരുടെ നിര്‍മിതിയാണ്. മതേതര ജനാധിപത്യ ദേശീയതക്കെതിരെ  നിരവധി വിമര്‍ശനങ്ങള്‍ ലോകത്തും രാജ്യത്തും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതിനെയെല്ലാം അപരവല്‍ക്കരിച്ചും ശത്രുപക്ഷത്ത് നിര്‍ത്തിയുമല്ല നമ്മുടെ മതേതര ജനാധിപത്യ ദേശീയത വളര്‍ന്നു വികസിച്ചത്; അതിനോടെല്ലാം സംവാദാത്മക ബന്ധം പുലര്‍ത്തിയും അവയില്‍നിന്നെല്ലാം സ്വാംശീകരിക്കാനാവുന്നതിനെ സ്വാംശീകരിച്ചുമാണ്. ഇനി ഈ ആശയത്തെ വിമര്‍ശിച്ചത് മൗദൂദി മാത്രമാണോ? കേരളത്തിലെ മൗദൂദി വിമര്‍ശനങ്ങള്‍ കേട്ടാല്‍ ആര്‍ക്കും തോന്നുക അങ്ങനെയാണ്. ഇന്ത്യയുടെ ദേശീയ ഗാനമെഴുതിയ രബീന്ദ്രനാഥ് ടാഗോര്‍ ദേശീയതയുടെ ഒരു മികച്ച വിമര്‍ശകനായിരുന്നു. ടാഗോറിന്റെ ദേശീയതാ വിമര്‍ശനത്തെ ടാഗോര്‍ തന്നെ സംഗ്രഹിച്ചു പറഞ്ഞിട്ടുണ്ട്. ഗാന്ധിജി ഉള്‍പ്പെടെ ടാഗോറിന്റെ ദേശീയതാ വിമര്‍ശനങ്ങളോട് എതിരഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ സി.എഫ് ആന്‍ഡ്രൂസ്  എന്ന സുഹൃത്തിനയച്ച കത്തില്‍ ടാഗോര്‍ എഴുതി: ''രാജ്യത്തേക്കാള്‍ മഹത്വം ദൈവത്തിനാണ് എന്നു വിശ്വസിക്കുന്ന എന്റെ നിലപാടുകള്‍ക്ക് എന്റെ നാട്ടുകാരുടെ ഹൃദയത്തില്‍ ഇടമില്ലെന്നു തോന്നുന്നു.'' ഇതില്‍ കൂടുതല്‍ ഒന്നുമല്ല മൗദൂദി ദേശീയതയെക്കുറിച്ച് പറഞ്ഞത്. ദൈവം, ദൈവപ്രോക്തമായ മൂല്യങ്ങള്‍ എന്നിവയേക്കാള്‍ വലുതല്ല ദേശവും താല്‍പര്യങ്ങളും എന്നാണ് അദ്ദേഹം പറഞ്ഞത്.
''കൂടാതെ അത് ജനങ്ങള്‍ പവിത്രമായി കരുതുന്ന ധാര്‍മിക നിയമത്തെ കാറ്റില്‍ പറത്തുകയും ചെയ്യുന്നു'' (ടാഗോര്‍- 1912-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ദ നാഷന്‍ എന്ന ലേഖനത്തിന്റെ വിവര്‍ത്തനത്തില്‍നിന്ന്).
'സര്‍വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍, നിങ്ങള്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല; കൈവിലങ്ങുകളല്ലാതെ' എന്ന് ആഹ്വാനംചെയ്ത് അവസാനിക്കുന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രാജ്യത്തിന്റെ ജനാധിപത്യ സംസ്‌കാരത്തിന്റെ ഭാഗമാണ്; അപരന്മാര്‍ അല്ല. കമ്യൂണിസ്റ്റ് സാര്‍വദേശീയതയും ഇന്ത്യന്‍ ദേശീയതയും തമ്മിലുള്ളത് സംവാദാത്മകമായ ബന്ധമാണ്; ശത്രുതാപരമായ ബന്ധമല്ല. ദേശീയതയെക്കുറിച്ച ടാഗോറിന്റെയോ കമ്യൂണിസ്റ്റുകളുടെയോ ഉത്തരാധുനികരുടെയോ വിമര്‍ശനങ്ങളൊന്നും ഒരിളക്കവും തട്ടിക്കാത്ത ചലനരഹിതമായ നിശ്ചലതയല്ല ഇന്ത്യന്‍ ദേശീയത. അതുകൊണ്ടാണ് ടാഗോറിന്റെ ഗാനത്തെ ദേശീയ ഗാനമായി സ്വീകരിക്കാന്‍ നമുക്ക് സാധിച്ചത്.
ഇന്ത്യയിലെ പ്രമുഖ സാമൂഹിക ശാസ്ത്രകാരനായ ആഷിശ് നന്ദി ഇന്ത്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകരെ മതവിശ്വാസത്തോടുള്ള അവരുടെ സമീപനത്തെ മുന്‍നിര്‍ത്തി നാലായി തരംതിരിക്കുന്നുണ്ട്: 1) വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മതമില്ലാത്തവര്‍. ഉദാഹരണം: നെഹ്‌റു, കമ്യൂണിസ്റ്റുകള്‍ മുതലായവര്‍. 2) വ്യക്തിജീവിതത്തില്‍ മതമുണ്ട്; പൊതു ജീവിതത്തില്‍ മതമില്ലാത്തവര്‍. ഉദാഹരണം: സാധാരണ മതേതരവാദികള്‍. 3) വ്യക്തിജീവിതത്തില്‍ മതമില്ല; പൊതുജീവിതത്തില്‍ മതമുള്ളവര്‍. ഉദാഹരണം. മുഹമ്മദലി ജിന്ന, സംഘ് പരിവാര്‍ തുടങ്ങിയവര്‍. 4) വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മതമുള്ളവര്‍. ഉദാഹരണം: ഗാന്ധിജി. 
മതത്തെയും രാഷ്ട്രീയത്തെയും വെള്ളം ചേരാത്ത അറകളായി വിഭജിക്കുന്നത് മതത്തിനും രാഷ്ട്രീയത്തിനും നഷ്ടമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. മതത്തിന്റെ മൂല്യങ്ങളുടെ പോഷകം രാഷ്ട്രീയത്തിനു ലഭിക്കാതെ പോകും. ഒരിക്കലും നവീകരിക്കപ്പെടാത്ത യാഥാസ്ഥിതികതയായി മതം മാറുകയും  ചെയ്യും. മത-രാഷ്ട്രീയ വിഭജനത്തെക്കുറിച്ച്  മഹാത്മാ ഗാന്ധി എഴുതുന്നു: ''മതേതരമായ രാഷ്ട്രീയമേ എനിക്കില്ല. മതമുക്തമായ രാഷ്ട്രീയം ആത്മാവിനെ കൊല്ലുന്ന മരണക്കെണിയാണ്'' (ഭവന്‍സ് ജേര്‍ണല്‍ ഉദ്ധരിച്ചത് 1960 ഒക്‌ടോബര്‍ 2). 
രാജ്യത്തും ലോകത്തും  വിമര്‍ശനാതീതമായ വിശുദ്ധ വിഗ്രഹമല്ല ജനാധിപത്യവും. ''നിങ്ങള്‍ പറയുന്ന പാര്‍ലമെന്റുകളുടെ അമ്മയുണ്ടല്ലോ. അത് അമ്മയല്ല. മച്ചിയും വേശ്യയുമാണ്. പരുക്കന്‍ പ്രയോഗങ്ങളാണവ രണ്ടും. എന്നാല്‍ സാദൃശ്യം തീര്‍ത്തും യുക്തമാണ്. ആ പാര്‍ലമെന്റ് ഈ നാള്‍ വരെ ഒരു നല്ല കാര്യവും ചെയ്തിട്ടില്ല. അതിനാലതു മച്ചി. ബാഹ്യസമ്മര്‍ദങ്ങളില്ലാതെ അതിനൊന്നും ചെയ്യാനാവില്ല. അതിനെ വേശ്യയെന്നു വിളിച്ചത് അതതു കാലങ്ങളില്‍ മാറിമാറി വരുന്ന മന്ത്രിമാരുടെ കീഴിലാണത് എന്നതുകൊണ്ടാണ്'' (Hind Swaraj or Indian Home Rule, p-27). രാജ്യത്തേക്കാള്‍ വലുതാണ് ദൈവം എന്നെഴുതിയ ടാഗോറിന്റെ ഗാനം ദേശീയ ഗാനമായി. പാര്‍ലമെന്റിനെ മച്ചിപ്പശുവെന്നും തെരുവ് വേശ്യയെന്നും വിളിച്ച മഹാത്മാ ഗാന്ധി   പാര്‍ലമെന്ററി ജനാധിപത്യ ഇന്ത്യയുടെ രാഷ്ട്രപിതാവായി. സാര്‍വദേശീയതയുടെ വക്താക്കളായ കമ്യൂണിസ്റ്റുകള്‍ ദേശീയ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടു. 
മതേതര ദേശീയ ജനാധിപത്യത്തെക്കുറിച്ച അതിന്റെ തന്നെ സങ്കല്‍പം
വിമര്‍ശനാതീത വിഗ്രഹം എന്നതല്ല, വിമര്‍ശകരെക്കൂടി  ഉള്‍ക്കൊള്ളുന്ന  ഒരു വികസ്വര വ്യവസ്ഥ എന്നതാണ്. കേരളത്തിലെ ജമാഅത്ത് വിമര്‍ശകര്‍ മൗദൂദിയെ പൈശാചികവല്‍ക്കരിക്കാനും ജമാഅത്തെ ഇസ്‌ലാമിയെ താറടിക്കാനുമായി യഥാര്‍ഥത്തില്‍ ഇല്ലാത്ത ഒരു ചലനരഹിത ഖര മതേതരത്വത്തെ നിര്‍മിച്ചെടുക്കുകയായിരുന്നു. സെക്യുലര്‍ എന്ന വാക്കിന്റെ അര്‍ഥം തന്നെ വിശുദ്ധമല്ലാത്തത്, ലൗകികമായത് എന്നാണ്. എന്നാല്‍ ഈ നിര്‍മിത മതേതരത്വം ഒരു വിശുദ്ധ മതേതരത്വമാണ്. കേരളത്തിലെ മൗദൂദി വിമര്‍ശനങ്ങളുടെ സൂത്രവാക്യം മൗദൂദി V/s മതേതര ജനാധിപത്യം എന്നതാണ്. ഇതിലെ മൗദൂദിയും മതേതരത്വവും രണ്ടും യഥാര്‍ഥമല്ല; നിര്‍മിതിയാണ്. ജനാധിപത്യം എന്ന വിശാല സാധ്യതക്കകത്തുനിന്നുകൊണ്ടുതന്നെയാണ് മൗദൂദി മതേതര ദേശീയ ജനാധിപത്യത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചത്. അതുകൊണ്ടാണ് അദ്ദേഹം മുന്നോട്ടുവെച്ച ബദല്‍ വ്യവസ്ഥക്ക് തിയോ ഡെമോക്രസി എന്ന് അദ്ദേഹം പേരു വിളിച്ചത്. മൗദൂദി ജനാധിപത്യവിരുദ്ധനാണ്  എന്നു പറയാന്‍ ശ്രമിക്കുന്നവര്‍ മറുപടി പറയേണ്ട ഒരു ചോദ്യമുണ്ട്: എങ്കില്‍ മൗദൂദി മുന്നോട്ടുവെച്ച സാമൂഹിക രാഷ്ട്രീയ  വ്യവസ്ഥ ഏതാണ്? രാജവാഴ്ചയാണോ പുരോഹിത വാഴ്ചയാണോ സ്വേഛാധിപത്യമാണോ പട്ടാള ഭരണമാണോ കുടുംബാധിപത്യമാണോ? നടപ്പ് മതേതര ദേശീയ ജനാധിപത്യത്തേക്കാള്‍ നൈതിക ഉള്ളടക്കമുള്ള വികസിതമായ ഒരു ജനാധിപത്യത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഏറ്റവും ചുരുങ്ങിയത് വിമര്‍ശകര്‍ ഒരു കാര്യമെങ്കിലും സമ്മതിക്കണം. മൗദൂദിയെ സംബന്ധിച്ചേടത്തോളമെങ്കിലും അത് കുറേകൂടി ശരിയായ ഒരു ജനാധിപത്യ സങ്കല്‍പമായിരുന്നു. ആ ജനാധിപത്യത്തെക്കുറിച്ച്  നമുക്കദ്ദേഹത്തിന്റെ ആശയാവതരണവുമായി സംവാദത്തിലേര്‍പ്പെടാം. അല്ലാതെ അദ്ദേഹം മതേതര ജനാധിപത്യത്തേക്കാള്‍ മോശമായ സ്വേഛാധിപത്യത്തെയോ പട്ടാള ഭരണത്തെയോ പ്രഭു-പുരോഹിത വാഴ്ചകളെയോ ആണ് മുന്നോട്ടുവെച്ചത് എന്ന് വാദിക്കാന്‍ ശ്രമിക്കുന്നത് സത്യസന്ധമല്ല.
മൗദൂദി ഇസ്‌ലാമിക ചരിത്രത്തിലും രാജ്യത്തിന്റെ പൊതു ചരിത്രത്തിലും തീര്‍ത്തും പുതുതായി ഒന്നും പറയാന്‍ ശ്രമിച്ച ആളല്ല. ഇസ്‌ലാമിക ചരി്രതത്തില്‍ പൂര്‍വസൂരികള്‍ പറഞ്ഞത് പുതിയ കാലത്തിലും ഭാഷയിലും അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. രാജ്യത്തിന്റെ ചരിത്രത്തില്‍ രാജ്യത്തിന് പരിചിതമായ, ദേശീയ രാഷ്ട്രീയ സംസ്‌കാരത്തിന്റെ തന്നെ ഭാഗമായ, അതിന് അപരിചിതമല്ലാത്ത ഒരാശയമാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇസ്‌ലാമിക രാഷ്ട്രസങ്കല്‍പവും ഇസ്‌ലാമിക രാഷ്ട്രീയവും രാജ്യത്തിന് അപരിചിതമായ ആശയങ്ങളല്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനകത്തെ സുപ്രധാനമായ ഒരാശയമാണ് ഇസ്‌ലാം. ഇത് കേരളത്തിലെ മൗദൂദി വിമര്‍ശകര്‍ മുന്നോട്ടുവെക്കുന്നതുപോലുള്ള  വ്യക്തിജീവിതത്തില്‍ പരിമിതമായ ഒരിസ്‌ലാമല്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ  ഒരു പ്രധാന കണ്ണിയാണ് ഖിലാഫത്ത് പ്രക്ഷോഭം. പ്രവാചകനുശേഷം 1921 വരെ നിലനിന്ന ഖിലാഫത്ത് ബ്രിട്ടീഷുകാര്‍ ഒന്നാം ലോകയുദ്ധത്തെതുടര്‍ന്ന് തകര്‍ത്തതിനോടുള്ള പ്രതിഷേധമായിരുന്നു ഖിലാഫത്ത് പ്രക്ഷോഭം. രാഷ്ട്രീയം കൂടിയുള്ള മതത്തിലല്ല ഇന്ത്യയിലെ മുസ്‌ലിംകള്‍  വിശ്വസിച്ചിരുന്നതെങ്കില്‍ ഖിലാഫത്ത് തകര്‍ന്നു എന്നതിന്റെ പേരില്‍ അവര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരരംഗത്തിറങ്ങേണ്ട കാര്യമുണ്ടായിരുന്നില്ല.
ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസിനെപോലും മുസ്‌ലിംകളിലെ ദേശീയവാദികള്‍ സ്വീകരിച്ചത് തീര്‍ത്തും മതേതരമായ ഒന്നായല്ല; മതപരമായി അതിനെ വ്യാഖ്യാനിച്ചുകൊണ്ടാണ്. ഇന്ത്യയിലെ ദയൂബന്ദ് സ്‌കൂള്‍ ഇത്തരമൊരു ശക്തമായ മതധാരയാണ്. സാമുദായിക പ്രസ്ഥാനമായ മുസ്‌ലിം ലീഗിനേക്കാള്‍ ഇസ്‌ലാമികമായി വിശദീകരണമുള്ളത് ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസിനാണെന്ന് അവര്‍ വാദിച്ചു. മതരാഷ്ട്രീയ വിഭജനത്തിന്റെ പാരമ്പര്യമല്ല ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിനുള്ളത് എന്ന് ചുരുക്കം.
ഖിലാഫത്ത് പ്രസ്ഥാനവും പ്രക്ഷോഭവും മലബാര്‍ സമരവുമെല്ലാം രാജ്യത്തെ ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെയും വിശാലമായ അര്‍ഥത്തില്‍ ദേശീയ പ്രസ്ഥാനത്തിന്റെയും ഭാഗമാണ്. അതുകൊണ്ട് ഇസ്‌ലാമിക രാഷ്ട്രമെന്നത് രാജ്യത്തിന് അന്യവും അപരിചിതവുമല്ല; ശത്രുസ്ഥാനീയമായ ഒരു ഭൂതവുമല്ല. അതിനെ അങ്ങനെ അപരവല്‍ക്കരിച്ച് അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ദേശീയ രാഷ്ട്രീയ ചരിത്രത്തിനെതിരാണ്. ഇസ്‌ലാമിക രാഷ്ട്രവും രാഷ്ട്രീയവും കൂടി പങ്കുവഹിച്ച് രൂപപ്പെടുത്തിയതാണ് ഇന്ത്യയുടെ ദേശീയത.
ഗാന്ധിജിയെയും ടാഗോറിനെയും അംബേദ്കറെയും ഒക്കെപ്പോലെ മൗദൂദിയും, മതേതര ജനാധിപത്യത്തെക്കുറിച്ച് തന്റെ ദാര്‍ശനികാടിത്തറക്കാധാരമായ ഇസ്‌ലാമിന്റെ പക്ഷത്തുനിന്ന് ഉന്നയിച്ച വിമര്‍ശനങ്ങള്‍ കൂടുതല്‍ പ്രസക്തമാവുന്ന കാലമാണിത്. ഏറ്റവും കുറച്ച് ഭരിക്കുന്ന ഗവണ്‍മെന്റ് എന്ന അവകാശവാദവുമായി രംഗത്തു വന്ന  ലിബറല്‍ ഡെമോക്രസി ട്രംപുമാര്‍ക്കും മോദിമാര്‍ക്കും ജന്മം നല്‍കുന്നു. അവര്‍ ജനങ്ങളുടെ സ്വകാര്യജീവിതത്തിലടക്കം അധികാരപ്രയോഗം നടത്തിക്കൊണ്ടിരിക്കുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം വീണ്ടും ദേശീയത ഒരു വംശീയ ഭ്രാന്തായി മതേതര ജനാധിപത്യത്തിനകത്തുതന്നെ ആളിപ്പടരുന്നു. മതേതര ജനാധിപത്യത്തിന്റെ ധാര്‍മികരാഹിത്യം വലിയ പ്രതിസന്ധിയായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഇവിടെ മൗദൂദിയുടെ ആധുനികതാ വിമര്‍ശങ്ങള്‍ കൂടുതല്‍ പ്രസക്തമാവുകയാണ് ചെയ്യുന്നത്.  തീവ്ര വലതുപക്ഷത്തിന്റെ വേലിയേറ്റത്തിന്റെ കാലത്ത് ഗാന്ധിജിയെയും ടാഗോറിനെയും അംബേദ്കറെയും മാര്‍ക്‌സിനെയും മൗദൂദിയെയും കൂടുതല്‍ ആഴത്തില്‍ വായിക്കുകയാണ് ജനാധിപത്യത്തെ നൈതികമായി മുന്നോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. ജീര്‍ണ രാഷ്ട്രീയത്തെ കെട്ടിപ്പുണര്‍ന്നു കഴിയാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചേടത്തോളം മൗദൂദിയെന്നല്ല, ഒരു രാഷ്ട്രീയ ദാര്‍ശനികന്റെയും ആവശ്യം അവര്‍ക്കില്ല. അവരെയൊക്കെ ഒന്നുകില്‍ വിഗ്രഹവല്‍ക്കരിച്ച് അരാഷ്ട്രീയമാക്കുക, അല്ലെങ്കില്‍ പൈശാചികവല്‍ക്കരിച്ച് തോല്‍പിക്കുക എന്നതായിരിക്കും അവര്‍ ചെയ്യുക.
കേരളത്തിലെ മതേതര മണ്ഡലത്തിലെ സ്ഥിരം മൗദൂദിവിരുദ്ധ പോരാളികള്‍ മൗദൂദിവിരുദ്ധര്‍ മാത്രമല്ല, സ്ഥൂല രാഷ്ട്രീയത്തില്‍ അവര്‍ ഇടതുപക്ഷത്തോ ദേശീയ പ്രസ്ഥാന പക്ഷത്തോ മുസ്‌ലിം സാമുദായിക ചേരിയിലോ എവിടെ നിലയുറപ്പിച്ചാലും സൂക്ഷ്മ രാഷ്ട്രീയത്തില്‍ ഇവരെല്ലാം അങ്ങേയറ്റം പ്രതിലോമപരമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. ഭരണകൂട ഭീകരതക്കുവേണ്ടി വാദിക്കുന്നവരും സവര്‍ണ പൊതുബോധത്തോട് ശൃംഗാരബന്ധം പുലര്‍ത്തുന്നവരും സംഘ്പരിവാര്‍ ദേശീയതയുടെ വക്താക്കളും, ഇന്ത്യയിലെ ദലിത്-പരിസ്ഥിതി-സ്ത്രീ- മുസ്‌ലിം രാഷ്ട്രീയത്തിന്റെയും ഭരണകൂട ഭീകരതക്കും ഉന്മാദദേശീയതക്കുമെതിരായ പോരാട്ടത്തിന്റെയും എതിര്‍പക്ഷത്ത് നില്‍ക്കുന്നവരുമാണവര്‍. സ്ഥൂല രാഷ്ട്രീയപരമായി അവര്‍ ആര്‍.എസ്.എസിനെ എതിര്‍ത്തുകൊണ്ടിരിക്കും. എന്നാല്‍ സൂക്ഷ്മ രാഷ്ട്രീയത്തില്‍ ഇവരുടെയും ആര്‍.എസ്.എസിന്റെയും നിലപാട് ഒന്നുതന്നെയാണ്. 
ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ എപ്പോഴും ഉയര്‍ന്നുവരാറുള്ള ഒരു ചോദ്യമുണ്ട്. നിങ്ങള്‍ മൗദൂദിയെ തള്ളിപ്പറഞ്ഞോ എന്നതാണത്. പ്രത്യക്ഷത്തില്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങള്‍ നിലനില്‍ക്കുന്ന ജനാധിപത്യവ്യവസ്ഥയെ അംഗീകരിക്കുന്നുണ്ടോ എന്നതാണത്. യഥാര്‍ഥത്തില്‍ ഈ ചോദ്യം അപ്രസക്തമാണ്. കാരണം ജമാഅത്തെ ഇസ്‌ലാമി എത്രയോ കാലമായി വോട്ടിംഗില്‍ പങ്കെടുക്കുന്നു, തെരഞ്ഞെടുപ്പ്- രാഷ്ട്രീയ നിലപാടുകള്‍ പരസ്യമായി സ്വീകരിച്ചുവരുന്നു. ഒടുവില്‍ അതിന്റെ പ്രവര്‍ത്തകര്‍ കൂടി മുന്‍കൈയെടുത്ത് ഒരു മതേതര രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി  സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും എന്തുകൊണ്ട് ഈ ചോദ്യം ഉയര്‍ന്നുവരുന്നു? ഈ ചോദ്യത്തിന്റെ പരോക്ഷ അര്‍ഥം അതല്ല. നിങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രീയക്രമം എന്ന സങ്കല്‍പത്തെ കൈയൊഴിഞ്ഞോ എന്നാണ്. അപ്പോള്‍ ഇവിടെ മൗദൂദി എന്നത് വ്യക്തിയുടെ പേരല്ല; ഇസ്‌ലാമിക സാമൂഹിക- രാഷ്ട്രീയ ക്രമത്തിന്റെ പര്യായപദമാണ്, അതിന്റെ ഒരു ആള്‍രൂപ പ്രതിനിധാനമാണ്. ഇസ്‌ലാമിക രാഷ്ട്രസങ്കല്‍പത്തിന്റെ എതിരാളിയുടെ മനസ്സില്‍ അത്തരമൊരു പ്രതീകമായിത്തീരാന്‍ ചരിത്രപരമായി യോഗ്യതയുള്ള വ്യക്തിത്വം തന്നെയാണ് അദ്ദേഹം. ചോദ്യത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യത്തിന്റെ ഉത്തരം ജമാഅത്തെ ഇസ്‌ലാമി അത് കൈയൊഴിഞ്ഞിട്ടില്ല എന്നാണ്. പക്ഷേ ആ ആദര്‍ശസ്വപ്‌നത്തിന്റെ അഗ്നിയും ആര്‍ദ്രതയും ഉള്ളതുകൊണ്ടാണ് അവര്‍ക്ക്  ജനാധിപത്യത്തില്‍ ഇത്ര സക്രിയമായി ഇടപെടാന്‍ സാധിക്കുന്നത്, നീതിയെക്കുറിച്ച് നടപ്പുരീതിയില്‍നിന്ന് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടുള്ളതുകൊണ്ടാണ് നീതിക്കുവേണ്ടിയുള്ള എല്ലാതരം ശബ്ദങ്ങളെയും പിന്തുണക്കാന്‍ അതിനു കഴിയുന്നത്, അതുമായി ബന്ധപ്പെട്ട വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങള്‍ക്ക് നീതിക്കു വേണ്ടിയുള്ള നിരന്തര സമരങ്ങള്‍ നയിക്കാന്‍ കഴിയുന്നത്, അതുമായി ബന്ധപ്പെട്ട പത്രമാധ്യമങ്ങള്‍ അസത്യത്തിനും അനീതിക്കുമെതിരായ സമരരൂപങ്ങളായിതന്നെ മാറുന്നത്. ഈ മാധ്യമങ്ങളും സംഘടനകളും വ്യവസ്ഥയുമായി ഒത്തുതീര്‍പ്പുകളിലെത്തിയ സാമ്പ്രദായിക മാധ്യമ-സംഘടനാ സംവിധാനങ്ങളായി മാറാത്തതിനു കാരണം അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉള്ളില്‍ മറ്റൊരു നീതിക്കുവേണ്ടിയുള്ള, മറ്റൊരു വ്യവസ്ഥക്കു വേണ്ടിയുള്ള ദാഹമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ ഉട്ട്യോപ്യയാണ് അതിനെ നമ്മുടെ ജനാധിപത്യത്തിനകത്ത് കൂടുതല്‍ നൈതികമായ നിലപാടുകളെടുക്കാന്‍  പ്രാപ്തമാക്കുന്നത്. ഉട്ട്യോപ്യ എന്ന വാക്കിന്റെ അര്‍ഥം അസാധ്യമായ ഭാവനാസങ്കല്‍പം എന്നല്ല, ഭാവിയില്‍ സാധ്യമാക്കേണ്ട ആദര്‍ശസമൂഹം എന്നതാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ ഉട്ട്യോപ്യ ജനാധിപത്യവിരുദ്ധമായല്ല സമൂഹത്തില്‍ പ്രവര്‍ത്തനക്ഷമമാകുന്നത്; നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ മുന്നോട്ടു നയിക്കുന്ന  ചാലക ശക്തിയായാണ്. ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ അനുബന്ധ സംവിധാനങ്ങളും പരമ്പരാഗത മതസംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും പോലെ വ്യവസ്ഥിതിയുടെ  അനീതികളുമായി ഒത്തുതീര്‍പ്പുകളിലെത്താത്തതിന്റെ കാരണം, മറ്റൊരു വ്യവസ്ഥയെക്കുറിച്ച സ്വപ്‌നം നല്‍കുന്ന അഗ്നിയും  ആര്‍ദ്രതയുമാണ്.
മതേതര ജനാധിപത്യത്തോട് ദാര്‍ശനികമായ വിയോജിപ്പ് ഉയര്‍ത്തിയ മൗലാനാ മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും മതേതര ജനാധിപത്യത്തിന്റെ ഏറ്റവും വിശ്വസ്തനായ പങ്കാളിയാണ്. ലോകവ്യാപകമായി മുഖ്യധാരാ ഇസ്‌ലാമിസ്റ്റുകള്‍ ജനാധിപത്യത്തെ സംബന്ധിച്ചേടത്തോളം അങ്ങേയറ്റം വിശ്വസ്തരാണ.് സാമൂഹിക മാറ്റത്തിനുവേണ്ടി ആശയത്തെയല്ലാതെ ആയുധത്തെ അവലംബിക്കരുതെന്ന വ്രതനിഷ്ഠയുള്ളവരാവണവര്‍. ദാര്‍ശനികമായി എന്ത് അഭിപ്രായവ്യത്യാസത്തിന്റെ പേരിലായാലും, പ്രായോഗികമായ എന്ത്  പ്രശ്‌നത്തിന്റെ പേരിലായാലും ഇസ്‌ലാമിസ്റ്റുകള്‍  ജനാധിപത്യത്തിനെതിരെ തോക്കെടുക്കില്ല. മതേതര ജനാധിപത്യത്തോട് ദാര്‍ശനികമായ സംവാദാത്മകത നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രായോഗികമായി ഏറ്റവും വിശ്വസ്തത പുലര്‍ത്തുന്ന ഒരു രാഷ്ട്രീയ വിഭാഗത്തെയാണ് പൈശാചികവല്‍ക്കരിച്ച് വേട്ടയാടാന്‍ ജനാധിപത്യത്തിന്റെ പേരില്‍ ഇവിടെ ചിലര്‍ ശ്രമിക്കുന്നത്.
മൗദൂദിയുടേതും ജമാഅത്തെ ഇസ്‌ലാമിയുടേതുമല്ലാത്ത നിരവധി വ്യവസ്ഥാ വിമര്‍ശനങ്ങളെ അക്കമഡേറ്റ് ചെയ്ത്  മുന്നോട്ടുപോകുന്ന നമ്മുടെ പല മതേതര ദേശീയ ജനാധിപത്യവാദികളും എന്തുകൊണ്ട് മൗദൂദിയുടെ വിമര്‍ശനത്തെ മാത്രം പൈശാചികവത്കരിക്കുന്നു എന്ന അന്വേഷണം പ്രസക്തമാണ്. പല കാരണങ്ങള്‍ അതിനുണ്ടായിരിക്കാം. പലരെ സംബന്ധിച്ചേടത്തോളവും വേറെ ചില ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള ഉപകരണമാണ് മൗദൂദിവിമര്‍ശം. മൗദൂദിക്ക് നേരെയുള്ള ഈ അപരവല്‍ക്കരണത്തിന് ഇതെല്ലാം ഉള്‍ക്കൊള്ളുന്ന പൊതുവായ ഒരു കാരണമുണ്ട്. അത് ആധുനിക പാശ്ചാത്യ നാഗരികത അടിത്തറയാക്കിയ ഇസ്‌ലാമോഫോബിയയാണ്.
പ്രമുഖ അപകോളനീകരണ അക്കാദമീഷ്യന്‍ സല്‍മാന്‍ സയ്യിദ് നിരീക്ഷിക്കുന്നതുപോലെ, ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും രാഷ്ട്രീയകര്‍തൃത്വം നിരാകരിക്കാനുള്ള  പദ്ധതിയാണ് ഇസ്‌ലാമോഫോബിയ. മതേതരത്വത്തെയും ജനാധിപത്യത്തെയും ദേശീയതയെയുമൊക്കെ ആര്‍ക്കും വിമര്‍ശിക്കാം. അവരെല്ലാം നമ്മുടെ ദേശീയ സംസ്‌കാരത്തിന്റെ ഭാഗം തന്നെയായിരിക്കും. എന്നാല്‍ ഇസ്‌ലാം അത് ചെയ്യാന്‍ പാടില്ല. ചെയ്താല്‍ ദേശീയ സംസ്‌കാരത്തിനു പുറത്തായിരിക്കും. ഇത് പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെയും സവര്‍ണ ദേശീയ ബോധത്തിന്റെയും ആക്രമണോത്സുക നിലപാടാണ്. ഇത് യഥാര്‍ഥ മതേതര ജനാധിപത്യ ദേശീയതക്ക് ഒരു ഗുണവും നല്‍കാത്ത ചരിത്രവിരുദ്ധമായ അപരവല്‍ക്കരണമാണ്.  
പാശ്ചാത്യ സാമ്രാജ്യത്വവും സവര്‍ണ ദേശീയതയും  ദേശീയതയെ നിര്‍വചിക്കുന്നതുതന്നെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അപരന്മാരാക്കിക്കൊണ്ടാണ്. സാമ്രാജ്യത്വ- സവര്‍ണ ദേശീയ രാഷ്ട്രീയങ്ങളുടെ വികാരപ്രകടനങ്ങളാണ് അറിഞ്ഞും അറിയാതെയും കേരളത്തിലെ മൗദൂദിവിമര്‍ശനങ്ങളില്‍  നുരഞ്ഞുപൊന്തുന്നതും വഴിഞ്ഞൊഴുകുന്നതും.

Comments

Other Post