Prabodhanm Weekly

Pages

Search

2023 ജനുവരി 20

3286

1444 ജമാദുൽ ആഖിർ 27

"കള്ളന്' കൈ നിറയെ നല്‍കിയ നബി(സ)

അബ്ദുല്ലത്വീഫ് കൊടുവള്ളി

عَنْ عَبَّادِ بنِ شرَحْبِيل رَضيَ اللهُ عَنْهُ قَالَ : أَصابَتْني سَنَةٌ فَدَخَلْتُ حائِطًا مِنْ حِيطَانِ الْمَدِينَةِ فَفَرَكْتُ سُنبلًا فَأَكَلْتُ وحَمَلْتُ في ثَوبِي فَجَاءَ صَاحِبُه فَضَرَبني وَأَخَذَ ثَوْبي فَأَتَيْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقالَ لَهُ: مَا عَلَّمْتَ إذْ كاَنَ جَاهِلًا وَلَا أَطْعَمْتَ إذْ كاَن جَائِعًا -أَوْ قَالَ  سَاغبًا- وَأَمَرَهُ فَرَدَّ عَليَّ ثَوْبِي وَأَعْطَانِي وَسْقًا أَوْ نِصْفَ وَسْقٍ مِنْ طَعَامٍ

 

അബ്ബാദുബ്‌നു ശുറഹ്ബീലില്‍നിന്ന് നിവേദനം: ഒരിക്കല്‍ എനിക്ക് വരള്‍ച്ചാ ദുരിതം നേരിട്ടു. അങ്ങനെ ഞാന്‍ മദീനയിലെ തോട്ടങ്ങളിലൊന്നില്‍ കടന്നു. ഞാന്‍ ഒരു ഗോതമ്പ് കതിര്‍ അടര്‍ത്തിയെടുത്ത് കഴിക്കുകയും എന്റെ വസ്ത്രത്തില്‍ പൊതിഞ്ഞ് കൊണ്ടുപോവുകയും ചെയ്തു. തോട്ടമുടമ വന്ന് എന്നെ അടിച്ചു; എന്റെ വസ്ത്രം അയാള്‍ എടുത്തുകൊണ്ടുപോയി. ഞാന്‍ നബി(സ)യെ സമീപിച്ച് വിഷയം ധരിപ്പിച്ചു. അവിടുന്ന് അയാളോട് പറഞ്ഞു: 'നിങ്ങള്‍ വിവരമില്ലാത്ത അയാളെ പഠിപ്പിച്ചില്ല, വിശന്ന അയാളെ ഊട്ടിയുമില്ല.'' അവിടുന്ന് കല്‍പിച്ചതു പ്രകാരം അയാള്‍ എന്റെ വസ്ത്രം തിരിച്ചു തന്നു. നബി(സ) എനിക്ക് ഒരു വസ്്ഖ് അല്ലെങ്കില്‍ അര വസ്്ഖ് ഭക്ഷ്യധാന്യം തന്നു.
(ഇബ്‌നു മാജ (1875), നസാഈ (5409), അഹ് മദ്(17556).

 

പട്ടിണിയും പരിവട്ടവും കശക്കിയെറിഞ്ഞ ഒരു വരള്‍ച്ചക്കാലത്ത് അബ്ബാദുബ്‌നു ശുറഹ്ബീല്‍ എന്ന യുവാവ് പശിയടക്കാന്‍ വല്ലതും കിട്ടുമോ എന്നന്വേഷിച്ച് വീടുവിട്ടിറങ്ങി. നടത്തത്തിനിടയില്‍ മദീനയിലെ ഒരു കൃഷിത്തോട്ടത്തിനടുത്തെത്തി. അബ്ബാദിന് തന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ വിളഞ്ഞുനിന്ന ഏതാനും കതിരുകള്‍ അടര്‍ത്തിയെടുത്തു. അതില്‍നിന്ന് കുറച്ചു തിന്നു. ബാക്കി തുണിയില്‍ പൊതിഞ്ഞുകെട്ടി. തോട്ടത്തില്‍നിന്ന് പുറത്തുകടന്ന അബ്ബാദ് നേരെ ചെന്നുപെട്ടത് ഉടമയുടെ മുമ്പിലാണ്. അയാള്‍ അബ്ബാദിനെ പൊതിരെ തല്ലി. വസ്ത്രം പിടിച്ചുവാങ്ങി. മനസ്സ് തകര്‍ന്ന അബ്ബാദ് നബി(സ)യെ സമീപിച്ച് സങ്കടം പറഞ്ഞു. അങ്ങനെ സംഭവിക്കാനുണ്ടായ സാഹചര്യം വിവരിച്ചു.
അവിടുന്ന് തോട്ടമുടമയെ വിളിച്ചുവരുത്തി. പട്ടിണിപ്പാവങ്ങളുടെ കാര്യത്തില്‍ വരുമാനശേഷിയുള്ളവരുടെ ഉത്തരവാദിത്വം അയാളെ തെര്യപ്പെടുത്തി. 'അറിവില്ലാത്തത് അയാളെ പഠിപ്പിക്കേണ്ടത് നിങ്ങളായിരുന്നു, വിശക്കുന്ന അയാളെ ഊട്ടേണ്ടത് നിങ്ങളുടെ കടമയായിരുന്നു.' ഇസ്്ലാമിക സാമൂഹിക നീതിയുടെ വലിയൊരു പാഠമാണ് ഇതിലൂടെ നബി(സ) നല്‍കിയത്. ഈ നിലപാടിന്റെ വിശദ ഭാഷ്യമാണ് അലി(റ)യുടെ താഴെ പ്രസ്താവന: 'തീര്‍ച്ചയായും അല്ലാഹു മുസ്്ലിംകളിലെ ധനികരുടെ മേല്‍ അവരിലെ ദരിദ്രര്‍ക്ക് ആവശ്യമായ അളവില്‍ ബാധ്യത നിര്‍ണയിച്ചിരിക്കുന്നു. പാവങ്ങള്‍ വിശന്നും നഗ്നരായും പ്രയാസപ്പെടുന്നുണ്ടെങ്കില്‍ അതിനു കാരണം അവരിലെ ധനികര്‍ ഉത്തരവാദിത്വം പാഴാക്കുന്നതിനാല്‍ മാത്രമാണ്. അറിയണം, തീര്‍ച്ചയായും അല്ലാഹു അവരെ കഠിനമായി വിചാരണ ചെയ്യുന്നതായിരിക്കും, വേദനാജനകമായി ശിക്ഷിക്കുന്നതുമായിരിക്കും' (ത്വബ്റാനി).
തെറ്റുകളുടെ പിന്നില്‍ പല കാരണങ്ങളും സാഹചര്യങ്ങളുമുണ്ടാവാം. തെറ്റുകാരനെന്ന് വിധിയെഴുതുന്നതിനു മുമ്പ് അതിന് പ്രത്യേക പശ്ചാത്തലമുണ്ടോ എന്നു കണ്ടെത്താന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ വിധി പാളും. നിഷ്‌കൃഷ്്ടനായ ന്യായാധിപന്റെ വ്യക്തിത്വം ഉയരുന്നത് അവിടെയാണ്. വലിയൊരളവോളം കേസുകളില്‍ സാഹചര്യമാണ് വില്ലന്‍. അതുകൊണ്ടുതന്നെ ഇസ്്ലാമിക ശരീഅത്ത് ഇക്കാര്യം പ്രാധാന്യപൂര്‍വം പരിഗണിച്ചിരിക്കുന്നു. പശിയടക്കാനുള്ള മനുഷ്യന്റെ മൗലികാവകാശം സ്ഥാപിച്ചുകൊണ്ട് നബി(സ) പറയുന്നു: 'നിങ്ങളില്‍ ആരെങ്കിലും ഒരു തോട്ടത്തിനടുത്തു കൂടി കടന്നു പോവുകയാണെങ്കില്‍ (ആവശ്യമെങ്കില്‍) അതില്‍നിന്ന് ആഹരിച്ചു കൊള്ളട്ടെ. അതേസമയം, വസ്ത്രത്തില്‍ പൊതിഞ്ഞു കെട്ടരുത്' (ഇബ്‌നു മാജ). മറ്റൊരിക്കല്‍ അവിടുന്ന് പറഞ്ഞു: 'പഴമോ പനംചോറോ (ഉള്‍ക്കാമ്പ്) മോഷ്ടിച്ചതിന്റെ പേരില്‍ കൈമുറിക്കാവതല്ല' (അബൂദാവൂദ്, തിര്‍മിദി, നസാഈ, ഇബ്‌നുമാജ, മാലിക്, ദാറമി, അഹ്്മദ്).
സമൂഹത്തിലെ അധീശവര്‍ഗങ്ങള്‍ ദരിദ്രരുടെ അവകാശങ്ങൾ കവരുകയും അതോടൊപ്പം പീഡിത വിഭാഗങ്ങള്‍ക്കെതിരെ വിധികര്‍ത്താക്കളാവുകയും ചെയ്യുന്ന ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളില്‍ നബി(സ)യുടെ മേല്‍ നടപടിയില്‍നിന്ന് നമുക്ക് പഠിക്കാന്‍ പലതുമുണ്ട്. കണ്ണില്‍ ചോരയില്ലാത്ത ക്രിമിനല്‍ മതം എന്ന് ഇസ്്ലാമിനെ വിമര്‍ശിക്കുന്നവരുടെ കണ്ണുതുറപ്പിക്കുന്നതാണ് 'കള്ളനായ' അബ്ബാദിന് ദീര്‍ഘകാലത്തേക്കായി നല്‍കിയ ധാന്യക്കിറ്റ് (ഒരു വസ്്ഖ് = 129 കി. ഗ്രാം). ദരിദ്രര്‍ക്കാവശ്യം താല്‍ക്കാലിക ദുരിതാശ്വാസ നടപടിയല്ല, ദീര്‍ഘ കാലത്തേക്ക് വേണ്ട പരിഹാരമാണെന്ന പാഠമാണ്, ഇത്രയധികം ഭക്ഷ്യധാന്യം (ബാര്‍ലി) നല്‍കിയതിലൂടെ നബി(സ) പഠിപ്പിച്ചത്. ആഹാരം മോഷ്ടിച്ചു എന്ന പേരില്‍ നിര്‍ദയം കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുവിന് നീതി നിഷേധിക്കുന്ന കാലത്ത്, തോട്ടമുടമയെ നോക്കി നബി(സ) പറഞ്ഞ വാക്കുകള്‍ അന്തരീക്ഷത്തില്‍ പ്രതിധ്വനി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. l
 

Comments

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ്- സൂക്തം 46-53
ടി.കെ ഉബൈദ്‌

ഹദീസ്‌

"കള്ളന്' കൈ നിറയെ നല്‍കിയ നബി(സ)
അബ്ദുല്ലത്വീഫ് കൊടുവള്ളി