Prabodhanm Weekly

Pages

Search

2023 ജനുവരി 20

3286

1444 ജമാദുൽ ആഖിർ 27

അദാനിയുടെ എന്‍.ഡി.ടി.വി ഇന്ത്യക്ക് എന്താണ് നൽകുക?

അദീബ് ഹൈദർ

എൻ.ഡി.ടി.വി (ന്യൂദല്‍ഹി ടെലിവിഷന്‍ ലിമിറ്റഡ്) എന്ന മാധ്യമ സ്ഥാപനത്തിന്റെ 65 ശതമാനം ഷെയര്‍ ഗൗതം അദാനി  ഏറ്റെടുത്തത് കോര്‍പ്പറേറ്റ് കുത്തകവൽക്കരണത്തിന്റെ ഭാഗമായാണ്. 1988-ലാണ് എൻ.ഡി.ടി.വി സ്ഥാപിതമായത്. സമകാലിക ഇന്ത്യയില്‍ ഭരണകൂടത്തെ  ചോദ്യം ചെയ്തിരുന്ന അപൂർവം ദേശീയ മാധ്യമങ്ങളില്‍ ഒന്നാണ് എൻ.ഡി.ടി.വി. പ്രണോയ് റോയും രാധികാ റോയും കൂടി ആരംഭിച്ച സ്ഥാപനത്തില്‍ ഇന്നിപ്പോള്‍ ഗൗതം അദാനി ഭൂരിപക്ഷം ഓഹരികള്‍ കരസ്ഥമാക്കിയിരിക്കുകയാണ്. ഇതിനെത്തുടര്‍ന്ന് രണ്ട് പേരും എൻ.ഡി.ടി.വിയില്‍ നിന്ന് രാജി വെച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ രവീഷ് കുമാറും എൻ.ഡി.ടി.വിയില്‍ നിന്ന് രാജി വെച്ചിട്ടുണ്ട്. സ്വാഭാവിക മാധ്യമ പ്രവര്‍ത്തനം ഇനി സാധ്യമല്ലെന്ന് മനസ്സിലാക്കിയായിരിക്കണം ഗൗതം അദാനിയുടെ വരവോടു കൂടി സ്ഥാപകരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുമെല്ലാം സ്ഥാപനം വിടുന്നത്.
2014-ന് മുമ്പ് 7 ബില്യൻ ആസ്തി ഉണ്ടായിരുന്ന ഗൗതം അദാനി പെട്ടെന്നാണ് അത് 110 ബില്യൻ ഡോളർ ആയി വര്‍ധിപ്പിച്ചത്. അദാനി ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ ധനികനാണ്.  ലോകത്ത് 3-ാം സ്ഥാനത്തും എത്തിയിരിക്കുന്നു. മോദി ഭരണത്തിന്റെ വികസന മാതൃകയായി അദാനിയുടെ വളര്‍ച്ചയെ പലരും കാണുന്നു. അദാനി ഗ്രൂപ്പിന്റെ വളര്‍ച്ച മോദിയുടെ ആശീര്‍വാദത്തോടെയാണ്. മോദിയുടെ നിലനില്‍പ്പ് അദാനിയുടെ സമ്പല്‍സമൃദ്ധിയിലുമാണ്. മോദി അദാനിയെ സഹായിക്കുന്നു; അദാനി തിരിച്ചും.

കോര്‍പ്പറേറ്റ് കുത്തകവൽക്കരണം
കോര്‍പ്പറേറ്റുകള്‍ പണമെറിഞ്ഞ് തങ്ങളുടെ ആധിപത്യം ഊട്ടിയുറപ്പിക്കുന്ന പ്രക്രിയയാണ് കോര്‍പ്പറേറ്റ് മോണോപൊളൈസേഷന്‍/ കുത്തകവൽക്കണം. ഇത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനും ജനാധിപത്യത്തിനും വലിയ ഭീഷണിയാണ്. ജനാധിപത്യവും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനവും പരസ്പരം ബന്ധിതമാണ്. ജനാധിപത്യത്തിന്റെ കാവല്‍നായ എന്നാണ് മാധ്യമത്തെ വിശേഷിപ്പിക്കുന്നത്. കാരണം, ഒരു വീട് സംരക്ഷിക്കുന്നതിന് ഒരു നായ എത്രത്തോളം ശുഷ്‌കാന്തി പ്രകടിപ്പിക്കുന്നുണ്ടോ, ഏതാണ്ട് അത്രത്തോളം ഉത്തരവാദിത്വം ജനാധിപത്യം സംരക്ഷിക്കുന്നതിന് മാധ്യമങ്ങൾക്കുണ്ടാവണം.  ആ ഉത്തരവാദിത്വം മാധ്യമങ്ങള്‍ നിർവഹിക്കാത്ത പക്ഷം ഗുരുതരമായ  ഭീഷണി ആ രാഷ്ട്രത്തിലെ ജനാധിപത്യം നേരിടുന്നുവെന്ന് പറയാം.
ജനാധിപത്യത്തിലെ നാലാം തൂണ് എന്നാണ് മാധ്യമങ്ങളെക്കുറിച്ച് പറയുന്നത്. ജനാധിപത്യ സംവിധാനത്തില്‍ പാര്‍ലമെന്റ് നിയമനിർമാണം നടത്തുമ്പോള്‍, എക്‌സിക്യൂട്ടീവ് നിയമനിര്‍വഹണം നടത്തുമ്പോള്‍, ജുഡീഷ്യറി നിയമനിർമാണത്തിലെയും നിയമനിര്‍വഹണത്തിലെയും ഭരണഘടനാ മൂല്യങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുമ്പോള്‍ ഈ വ്യവഹാരങ്ങളെക്കുറിച്ചെല്ലാം കൃത്യമായ വസ്തുതകൾ ജനങ്ങളിലെത്തിക്കുക എന്ന ധർമമാണ് മാധ്യമങ്ങള്‍ക്കുള്ളത്. മാധ്യമങ്ങള്‍ക്ക് എപ്പോഴും പ്രതിപക്ഷ മനോഭാവമായിരിക്കും.  ഭരണകൂടത്തിന്റെയും ജനങ്ങളുടെയും ഇടനിലക്കാരന്‍ എന്ന നിലക്ക് ഭരണകൂടത്തിന്റെ വികസന നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുക എന്ന ധർമവും മാധ്യമത്തിനുണ്ട്. ആരോഗ്യമുള്ള ജനാധിപത്യം നിലനില്‍ക്കുന്നതിന് മാധ്യമങ്ങളുടെ കൃത്യനിര്‍വഹണം വളരെ അത്യന്താപേക്ഷിതമാണ്.
മാധ്യമവും മാധ്യമപ്രവര്‍ത്തനവും ഒരു സ്ഥാപനവും വ്യവഹാരവുമായതിനാല്‍ അതിന് നിലനിന്നു പോരാൻ സാമ്പത്തികം അനിവാര്യമാണ്. ആശയപരമായി ജനാധിപത്യത്തില്‍ മാധ്യമം നാലാം തൂണാവുമ്പോഴും മറ്റു തൂണുകള്‍ പോലെ നികുതി വരുമാനത്തില്‍നിന്നുള്ള ഓഹരി ലഭ്യമല്ലാത്തതിനാല്‍ സ്വയംതന്നെ റവന്യൂ ജനറേറ്റ് ചെയ്യേണ്ടതായി വരുന്നുണ്ട് എന്നതിനാല്‍ പ്രായോഗികമായി പല പരിമിതികളും മാധ്യമ പ്രവര്‍ത്തനം നേരിടേണ്ടതായി വരുന്നു. ഈ പരിമിതിയാണ് മുതലാളിത്ത-കോര്‍പ്പറേറ്റിസം ചൂഷണം ചെയ്യുന്നത്. അദാനി എന്ന കോര്‍പ്പറേറ്റ് ഭീമന്‍ 2014-ല്‍ മോദിയെ അധികാരാരോഹണത്തിലേക്ക് വഴിനടത്താനായി വന്‍തോതില്‍ പണം ചെലവഴിച്ചവരില്‍ ഏറ്റവും പ്രധാനിയാണ്. മോദി-അദാനി കൂട്ടുകെട്ട് മോദിയുടെ ഗുജറാത്ത് യുഗം തൊട്ടുള്ള  ബാന്ധവമാണ്. 

എന്തിന് മാധ്യമങ്ങളെ 
വിലയ്ക്കെടുക്കുന്നു?
2012-ലാണ് റിലയന്‍സിന്റെ മുകേഷ് അംബാനി നെറ്റ്‌വര്‍ക്ക് 18 എന്ന മീഡിയാ ഗ്രൂപ്പ് മേടിച്ചത്. നെറ്റ്‌വര്‍ക്ക് 18-ന് ഇന്ത്യയിലെ വിവിധ പ്രാദേശിക ഭാഷകളിലും ചാനലുകളുണ്ട്. ഒഡീഷയിലെ ഒഡീഷ ടി.വി നടത്തുന്നത് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് പാണ്ഡയാണ്. കേരളത്തില്‍ ഏഷ്യാനെറ്റ് നടത്തുന്നത് രാജീവ് ചന്ദ്രശേഖര്‍ എന്ന ബി.ജെ.പി നേതാവാണ്. വടക്കുകിഴക്ക് സംസ്ഥാനത്ത് വലിയ പ്രചാരമുള്ള ന്യൂസ് ലൈവ് നടത്തുന്നത് അസമിലെ ബി.ജെ.പി മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുടെ ഭാര്യ റിനികി ഭൂയാന്‍ ആണ്. ഇങ്ങനെ രാജ്യമൊട്ടുക്കുമുള്ള പല മാധ്യമസ്ഥാപനങ്ങളും ബി.ജെ.പി നേതാക്കളുടെതോ അനുകൂലികളുടെതോ ആണെന്നുള്ളതാണ് വസ്തുത.
ബി.ബി.സി, അല്‍ജസീറ പോലെ ലോകോത്തര നിലവാരത്തിലേക്ക് ഇന്ത്യന്‍ മാധ്യമങ്ങളെ ഉയര്‍ത്താനാണ് എൻ.ഡി.ടി.വി താന്‍ ഏറ്റെടുക്കുന്നതെന്നാണ് അദാനി പറയുന്നത്.  അത്തരമൊരു ഉദ്യമത്തിന് ഒരു കോര്‍പ്പറേറ്റ് ഭീമന്‍ തുനിയുന്നത് സംശയാസ്പദമാണ്. പ്രത്യേകിച്ച്, മോദിയുടെ തോഴനായി അറിയപ്പെടുന്ന ആൾ. മോദി ഭരണത്തില്‍ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം അങ്ങേയറ്റം പരിതാപകരമാണെന്ന് പലരും ചൂണ്ടിക്കാട്ടിയതുമാണ്.  സിദ്ദീഖ് കാപ്പനെ പോലുള്ള പത്രപ്രവർത്തകരെ യു.എ.പി.എ ചുമത്തി അഴിക്കുള്ളിലാക്കിയത് നമ്മുടെ മുന്നിലുണ്ട്.  സമീപകാലത്ത് മീഡിയാ വണ്‍ നേരിട്ട വിലക്ക് മറ്റൊരു സൂചനയാണ്. ഭരണകൂടത്തെ വിമര്‍ശിക്കുന്ന സ്ഥാപനങ്ങളെ വേട്ടയാടുക, ഇല്ലാതാക്കുക എന്ന നയം ഭരണകൂടം വെച്ചു പുലര്‍ത്തുമ്പോള്‍, അതില്‍ സ്വാഭാവികത തോന്നുന്ന സമൂഹവുമാണ് നമുക്ക് ചുറ്റിമുള്ളത് എന്നത് ഏതൊരു ജനാധിപത്യവാദിയെയും ആശങ്കപ്പെടുത്തുന്നു.
തങ്ങളുടെ പ്രതികൂലികളായ മാധ്യമങ്ങളെ പണം കൊടുത്ത് വിലയ്്്ക്കെടുക്കുക, അല്ലെങ്കില്‍ ഇ.ഡി, എൻ.ഐ.എ, ദല്‍ഹി പോലീസ് തുടങ്ങിയ കേന്ദ്രാന്വേഷണ ഏജന്‍സികളെ വെച്ച് അവയെ വേട്ടയാടുക, വിലക്കേര്‍പ്പെടുത്തുക തുടങ്ങിയ 'കലാപരിപാടി'കളാണ് നടക്കുന്നത്. ദ വയര്‍ എഡിറ്റർമാരായ സിദ്ധാർഥ് വരദരാജന്‍, എം.കെ വേണു എന്നിവരുടെ റസിഡന്‍സ് ദല്‍ഹി പോലീസ് റെയ്ഡ് ചെയ്ത സംഭവം ഉദാഹരണം.
കണ്‍സന്റ് മേക്കേഴ്സ് (സമ്മതി നിർമാതാക്കൾ)എന്നാണ് മാധ്യമങ്ങളെ നോം ചോംസ്‌കിയെ പോലുള്ളവർ വിമര്‍ശിക്കുന്നത്. ജനങ്ങളുടെ അവബോധം കൃത്രിമമായി സൃഷ്ടിച്ച് തങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം നിർമിച്ചെടുക്കുകയാണത്.  ചോംസ്‌കി അത് മുതലാളിത്തത്തിന്റെ കമ്പോള താൽപര്യം വെച്ചാണ് പറഞ്ഞതെങ്കില്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് സംഘ് പരിവാര്‍ ഫോര്‍മുലകള്‍ കൂടി പരിഗണിക്കേണ്ടതായി വരുന്നു എന്ന വ്യത്യാസം മാത്രം. രാജ്യത്ത് നടക്കുന്ന ഏതൊരു സംഭവത്തിലും ഹിന്ദു-മുസ്്ലിം വൈരം ആളിക്കത്തിക്കുന്ന  നിലവാരത്തിലേക്ക് മീഡിയ അധഃപതിച്ചതായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ആ പ്രവണതയെ വിമർശിച്ചിട്ടുണ്ട്. 'ദേശീയ മാധ്യമങ്ങള്‍ക്ക് ഹിന്ദു-മുസ്്ലിം സ്പര്‍ധയുണ്ടാക്കലാണ് പണി; ദേശീയ പ്രാധാന്യമുള്ള, ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍ അവര്‍ പരിഗണിക്കുന്നതേ ഇല്ല' എന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഗോഡി മീഡിയ വർഗീയ അജണ്ടകളിലൂടെ സംഘ് പരിവാരത്തിന് വേണ്ടിയുള്ള കാമ്പയിനിംഗാണ് നടത്തിക്കൊണ്ടിരിക്കുന്നത്. l

Comments

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ്- സൂക്തം 46-53
ടി.കെ ഉബൈദ്‌

ഹദീസ്‌

"കള്ളന്' കൈ നിറയെ നല്‍കിയ നബി(സ)
അബ്ദുല്ലത്വീഫ് കൊടുവള്ളി