Prabodhanm Weekly

Pages

Search

2023 ജനുവരി 20

3286

1444 ജമാദുൽ ആഖിർ 27

2022 വെല്ലുവിളികൾക്ക് നടുവിൽ ഇസ്്ലാമിക പ്രസ്ഥാനങ്ങൾ

അശ്റഫ് കീഴുപറമ്പ്

2022-ന്റെ തുടക്കത്തിൽ ജോർജ് വാഷിംഗ്ടൺ യൂനിവേഴ്സിറ്റി (അമേരിക്ക) പ്രഫസറായ മാർക്ക് ലിഞ്ച് 'ഇസ്്ലാമിസത്തിന്റെ ഭാവി ഭൂതകാല ദർപ്പണത്തിലൂടെ' എന്ന ശീർഷകത്തിൽ ഒരു ലേഖനമെഴുതിയിരുന്നു. ഇസ്്ലാമിസത്തിന്റെ കാലം കഴിഞ്ഞു, ഇനി ഇസ്്ലാമിസാനന്തര (Post - Islamism) കാലമാണ് എന്ന നവ ഓറിയന്റലിസ്റ്റ് വാദമാണ് അദ്ദേഹവും മുന്നോട്ടു വെക്കുന്നതെങ്കിലും, പാശ്ചാത്യ ഗവേഷകർ പൊതുവേ കരുതുന്നതു പോലെ ഇസ്്ലാമിക പ്രസ്ഥാനങ്ങളുടെ യുഗം അവസാനിച്ചുവെന്ന തീർപ്പിനെ അദ്ദേഹം അംഗീകരിക്കുന്നില്ല. ലേഖനത്തിന്റെ ശീർഷകം സൂചിപ്പിക്കുന്നതും അതാണ്. തൊള്ളായിരത്തി അമ്പതുകളിലും അറുപതുകളിലും ഈജിപ്തിലെ ജമാൽ അബ്ദുന്നാസിർ ഇസ്്ലാമിക പ്രസ്ഥാനമായ അൽ ഇഖ്്വാനുൽ മുസ്്ലിമൂനെ അതിഭീകരമായി അടിച്ചമർത്തിയെങ്കിലും ശേഷം വന്ന അൻവർ സാദാത്ത് ഇഖ്്വാൻ തടവുകാരെ മോചിപ്പിക്കുകയും അവർക്ക് പരിമിതമായ തോതിൽ പ്രവർത്തന സ്വാതന്ത്രൃം അനുവദിക്കുകയുമായിരുന്നു. ഇടതുപക്ഷക്കാരെയും നാസിറിസ്റ്റുകളെയും ചെറുക്കാൻ ഇഖ്്വാനെ ഉപയോഗിക്കുകയായിരുന്നു സാദാത്ത് എന്ന അനുമാനവും അസ്ഥാനത്തല്ല. അക്കാലത്ത് ഗൾഫ് നാടുകളിൽ ഇഖ്്വാൻ നേതാക്കൾ സ്വാഗതം ചെയ്യപ്പെട്ടതിന് പിന്നിലും, അകത്തും പുറത്തുമുള്ള പ്രതിയോഗികളെ ഒതുക്കുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു. ഇറാഖിൽ സദ്ദാം ഹുസൈന്റെയും സിറിയയിൽ ഹാഫിസുൽ അസദിന്റെയും ഉന്മൂലന ശ്രമങ്ങളെ ഇഖ്്വാൻ അതിജീവിച്ചതും ഏതാണ്ട് ഇതേ രീതിയിലായിരുന്നു.
ഇഖ്്വാനുൽ മുസ്്ലിമൂനും അതിന്റെ ആശയ പരിസരങ്ങളിൽ സഞ്ചരിക്കുന്ന മറ്റു ഇസ്്ലാമിക കൂട്ടായ്മകളും അവയുടെ ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലത്തെ അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തിലും മുമ്പത്തെപ്പോലെ അവ അതിജീവിക്കും എന്നാണ് മാർക് ലിഞ്ച് കരുതുന്നത്. പക്ഷേ, ഇപ്പോഴത്തെ സ്ഥിതി മുമ്പത്തേതിനെക്കാളും ഏറെ സങ്കീർണവും ഗുരുതരവുമാണ്. സാമൂഹികമായും രാഷ്ട്രീയമായും വലിയ ഒറ്റപ്പെടലാണ് ഇസ്്ലാമിസ്റ്റുകൾ അനുഭവിക്കുന്നത്. ഭരണ മേഖലയിൽ ഒരിടത്തും അവർക്ക് സഹായികളോ അനുഭാവികളോ ഇല്ലെന്നു പറയാം. അറബ് വസന്താനന്തരം ഗൾഫ് - അറബ് രാഷ്ട്രങ്ങൾ പൊതുവേ കടുത്ത നിലപാടുകളാണ് ഇഖ്്വാനോടും അതിന്റെ അനുബന്ധ കൂട്ടായ്മകളോടും സ്വീകരിക്കുന്നത്. അവയെ ഭീകര സംഘങ്ങളായി ലിസ്റ്റ് ചെയ്യാൻ ബില്യനുകൾ എറിഞ്ഞുള്ള ലോബിയിംഗ് ആണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണകൂട ഭീകരതയിൽ നിന്ന് രക്ഷ നേടി ഇഖ്്വാൻ നേതാക്കൾ പലരും എത്തിയിരിക്കുന്നത് പാശ്ചാത്യ നാടുകളിലാണ്. അവിടെയും അവർ സ്വാഗതം ചെയ്യപ്പെടുന്നില്ല. പുതിയ സ്ട്രാറ്റജികളിലൂടെ ഇസ്്ലാമിക പ്രസ്ഥാനങ്ങൾ ഈ ഘട്ടത്തെയും മറികടക്കുമെന്ന് മാർക് ലിഞ്ച്.
    പശ്ചിമേഷ്യയിലെ പട്ടാള അട്ടിമറികളും ക്രൂരമായ ഭരണകൂട അടിച്ചമർത്തലുകളും തന്നെയാണ് അവിടത്തെ ഇസ്്ലാമിക പ്രസ്ഥാനങ്ങൾ നേരിടുന്ന വലിയ വെല്ലുവിളി. ബംഗ്ലാദേശിലും സമാന സാഹചര്യമാണ്. ഈജിപ്തിൽ ജമാൽ അബ്ദുന്നാസിറിന്റെ കാലശേഷം ഇഖ്്വാൻ പൊതുജീവിതത്തിലേക്ക് തിരിച്ചു വന്നത് സേവന പ്രവർത്തനങ്ങളിലൂടെയാണ്. ആ ദരിദ്ര രാജ്യത്ത് ഒരു സമാന്തര ഭരണകൂടം എന്നു വിളിക്കാവുന്ന തരത്തിൽ വിദ്യാലയങ്ങളായും ആശുപത്രികളായും പലിശ രഹിത ബാങ്കുകളായും വലിയ സേവന ശൃംഖലകൾ തന്നെ അവർ വികസിപ്പിച്ചെടുത്തു. ഇതാണവർ അറബ് വസന്താനന്തരം രാഷ്ട്രീയ മൂലധനമാക്കി മാറ്റിയെടുത്തത്. ഈജിപ്തിന്റെ ചരിത്രത്തിലാദ്യമായി  സ്വതന്ത്രമായി നടന്ന പ്രസിഡന്റ് - പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ അവർ വിജയക്കൊടി പാറിക്കുകയും ചെയ്തു. പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ജനറൽ സീസി ആദ്യമായി ചെയ്തത് ഈ സേവന ശൃംഖലകളെ തകർക്കുക എന്നതായിരുന്നു. എന്നാൽ, സാധാരണക്കാർക്ക് ആശ്വാസമേകുന്ന ബദൽ പദ്ധതികൾ നടപ്പാക്കാൻ ഭരണകൂടത്തിന് കഴിയുന്നുമില്ല. കഴിഞ്ഞ വർഷം ഈജിപ്തിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായിരുന്നു. ഈ വർഷവും അത് കൂടുതൽ വഷളാകാനേ സാധ്യതയുള്ളൂ. അതൊരു ജനകീയ പ്രക്ഷോഭമായി രൂപപ്പെട്ടാൽ ജനം ഉറ്റുനോക്കുന്നത് ഇസ്്ലാമിക പ്രസ്ഥാനത്തെ തന്നെയായിരിക്കും. സ്ഥാപനങ്ങൾ പിടിച്ചെടുത്തും സ്വത്തുക്കൾ കണ്ടുകെട്ടിയും ഏകാധിപത്യ ഭരണകൂടം ബലപ്രയോഗത്തിലൂടെ ഇഖ്്വാനെ കുടിയിറക്കിയെങ്കിലും ജനമനസ്സുകളിൽ നിന്ന് അവർ കുടിയിറക്കപ്പെടുന്നില്ല.
ബംഗ്ലാദേശ് രൂപവത്കരണ കാലത്തെ തിരിച്ചടികൾ അവിടത്തെ ജമാഅത്തെ ഇസ്്ലാമി മറികടന്നതും സേവന പ്രവർത്തനങ്ങളിലൂടെ തന്നെയായിരുന്നു. ഹസീന വാജിദിന്റെ ഏകാധിപത്യ ഭരണകൂടം ഈ പൊതുജന സേവന സംരംഭങ്ങളെ തകർക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തിട്ടുണ്ട്. നിലനിർത്തിയ സ്ഥാപനങ്ങളിൽ ഭരണകൂടം സ്വന്തക്കാരെ കുടിയിരുത്തി. കഴിഞ്ഞ വർഷം കോടിക്കണക്കിന് ടാക്കയാണ് ഇത്തരക്കാർ ജമാഅത്ത് സ്ഥാപിച്ച ഇസ്്ലാമീ ബാങ്കിൽ നിന്ന് അടിച്ചുമാറ്റിയത്. ഹസീനയുടെ ദുർഭരണത്തിനെതിരെ കഴിഞ്ഞ വർഷം ജനം തെരുവിലിറങ്ങി. സംഘടനാ സംവിധാനം ഏറക്കുറെ തകർക്കപ്പെട്ട ജമാഅത്തെ ഇസ്്ലാമിയും മുഖ്യ പ്രതിപക്ഷ കക്ഷിയായ ബി.എൻ.പിയോടൊപ്പം ചേർന്നു. ഇതിന്റെ പേരിൽ ജമാഅത്ത് അമീർ ശഫീഖുർറഹ്്മാനെയും അദ്ദേഹത്തിന്റെ മകൻ സാദിഖ് സൈഫുല്ലയെയും പോലീസ് അറസ്റ്റ് ചെയ്തു. ഹസീന കള്ളക്കേസുകളുണ്ടാക്കി ജമാഅത്തിന്റെ മുതിർന്ന നേതാക്കളെ തൂക്കിലേറ്റിയിട്ടും, ബംഗ്ലാദേശിൽ ജനസ്വാധീനമുള്ള ഏറ്റവും വലിയ ഇസ്്ലാമിക കക്ഷി ജമാഅത്ത് തന്നെയാണെന്ന്, ബംഗ്ലാ റിപ്പോർട്ടിംഗിൽ ജമാഅത്തിനെ പൈശാചികവൽക്കരിക്കാറുള്ള 'ഹിന്ദു' ദിനപത്രം വരെ സമ്മതിക്കുന്നു (Old party, new brand- 2022 ഡിസം. 18 ).

നയതന്ത്ര തിരിമറികൾ
കഴിഞ്ഞ വർഷം ആരംഭിച്ച റഷ്യ - യുക്രെയ്ൻ യുദ്ധം പുതിയ വർഷം ന്യൂക്ലിയർ യുദ്ധമായി പരിണമിക്കുമോ, അമേരിക്ക - ചൈന സംഘർഷം എങ്ങോട്ട് തിരിയും, അമേരിക്കയെ വിട്ട് ചൈന - റഷ്യ ബന്ധങ്ങൾ വിപുലപ്പെടുത്താനുള്ള സുഊദി നീക്കം എന്ത് പ്രത്യാഘാതമുണ്ടാക്കും, ഇറാനിലെ പ്രക്ഷോഭങ്ങൾ മേഖലയെ എങ്ങനെ സ്വാധീനിക്കും തുടങ്ങി, കഴിഞ്ഞ വർഷം ഉയർത്തിവിട്ട ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ജനകീയ ഇസ്്ലാമിക പ്രസ്ഥാനങ്ങളെ പോലും  പരോക്ഷമായേ ബാധിക്കുകയുള്ളൂ. എന്നാൽ, അവയെ നേരിട്ട് ബാധിക്കുന്ന ചില രാഷ്ട്രീയ നീക്കങ്ങൾ പോയ വർഷം നടന്നിട്ടുണ്ട്. ഈജിപ്ത്, സുഊദി അറേബ്യ, യു.എ.ഇ പോലുള്ള രാജ്യങ്ങൾ തുർക്കിയുമായി ബന്ധങ്ങൾ പുനഃസ്ഥാപിച്ചതാണ് അതിലൊന്ന്. പശ്ചിമേഷ്യയിലെ ഭരണകൂട ഭീകരതയിൽ നിന്ന് ഇസ്്ലാമിസ്റ്റ് നേതൃനിരയിലെ പലരും അഭയം തേടിയെത്തിയത് ഇസ്്ലാമിസ്റ്റ് പശ്ചാത്തലമുള്ള, ഉർദുഗാൻ പ്രസിഡന്റായ തുർക്കിയിലാണ്. അവരുടെ സമ്മേളനങ്ങൾ വരെ പലപ്പോഴും നടക്കാറുള്ളത് ഇസ്തംബൂളിലോ അങ്കാറയിലോ ആണ്. ഇതിനൊക്കെ നിയന്ത്രണങ്ങൾ വരുമെന്ന സൂചന ലഭിച്ചുകഴിഞ്ഞു. റഷ്യയുടെ മേൽനോട്ടത്തിൽ ഒരു തുർക്കി - സിറിയ ഉച്ചകോടിക്കുള്ള സാധ്യതയും തെളിയുന്നുണ്ട്. ബശ്ശാറിനെതിരെ പൊരുതുന്ന ഇസ്്ലാമിസ്റ്റുകൾ ഉൾപ്പെടെയുള്ള സിറിയൻ പ്രതിപക്ഷത്തെ സഹായിച്ചു വന്ന തുർക്കിയുടെ നിലപാടുമാറ്റം അവരെ ദുർബലപ്പെടുത്തുമെന്ന് തീർച്ച. ഇസ്്ലാമിക ചെറുത്തു നിൽപ്പ് പ്രസ്ഥാനമായ ഹമാസും സിറിയയുമായി ബന്ധങ്ങൾ പുനഃസ്ഥാപിക്കാനൊരുങ്ങുകയാണ്. ഇറാനുമായും ഹിസ്ബുല്ലയുമായും അപ്പോൾ ബന്ധങ്ങൾ സാധാരണ നിലയിലാവും. ലബനാനിലെ ജമാഅ ഇസ്്ലാമിയ്യയും ഹിസ്ബുല്ലയും തമ്മിൽ അടുപ്പത്തിലായിക്കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെ പുതു വർഷത്തിലെ ഇസ്്ലാമിസ്റ്റ് അജണ്ടകളെ സ്വാധീനിക്കാതിരിക്കില്ല.
  
ഇസ്്ലാം: ദർശനം, 
നാഗരികത
ചിന്തയും അതിനനുസരിച്ചുള്ള പ്രോജക്ടുകളുമാണ് നാഗരികതയെ രൂപപ്പെടുത്തുന്നത്. ചിന്തയുടെ പിൻബലമില്ലാത്ത വെറും പ്രോജക്ടുകൾ എവിടെയുമെത്തില്ല. ഒരു കർമ പദ്ധതിയുമില്ലാതെ വെറുതെ ചിന്തിച്ചു കൂട്ടിയത് കൊണ്ടും കാര്യമില്ല. വ്യക്തികളുടെ ഒറ്റപ്പെട്ട ചിന്തകൾ അക്കാദമിക കൗതുകം സൃഷ്ടിച്ച് പരിമിത വൃത്തത്തിലൊതുങ്ങുന്നു. പണ്ഡിതന്മാരും ചിന്തകരും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരും ഒന്നിച്ചിരുന്ന് ചിന്തകൾ രൂപപ്പെടുത്തുകയും അവക്കനുസരിച്ച് കർമപദ്ധതികൾ രൂപപ്പെടുത്തുകയുമാണ് വേണ്ടത്. അപ്പോൾ മാത്രമേ ഇസ്്ലാമിക നാഗരികതയെ ഒരു ബദലായി ലോകസമക്ഷം സമർപ്പിക്കാനാവുകയുള്ളൂ. 2004-ൽ ആഗോള മുസ്്ലിം പണ്ഡിത വേദിക്ക് രൂപം നൽകുമ്പോൾ അങ്ങനെയൊരു ലക്ഷ്യമായിരിക്കണം അതിന്റെ സ്ഥാപകാധ്യക്ഷൻ ഡോ. യൂസുഫുൽ ഖറദാവി മുന്നിൽ കണ്ടിട്ടുണ്ടാവുക.
പല കാരണങ്ങളാൽ ആ തലത്തിലേക്ക് ഉയരാൻ ആഗോള പണ്ഡിത വേദിക്ക് കഴിഞ്ഞിട്ടില്ല. എന്നല്ല, 2018-ൽ അതിന്റെ അധ്യക്ഷ പദവി ഏറ്റെടുത്ത അഹ്്മദ് റയ്സൂനി കഴിഞ്ഞ ആഗസ്റ്റിൽ വലിയ വിവാദത്തിൽ ചെന്നു ചാടുകയും ചെയ്തു. ഒരു അഭിമുഖത്തിൽ കടുത്ത മൊറോക്കൻ ദേശീയ വാദിയുടെ സ്വരത്തിലാണ് അദ്ദേഹം സംസാരിച്ചത്. തർക്ക പ്രദേശമായ സ്വഹ്റാ മേഖല മോചിപ്പിക്കാൻ അൾജീരിയൻ നഗരമായ തൻദൂഫിലേക്ക് മാർച്ച് ചെയ്യാൻ വരെ മൊറോക്കോക്കാർ തയാറാണെന്ന് പറഞ്ഞതോടൊപ്പം, മൗറിത്താനിയ മൊറോക്കോയുടെ ഭാഗമാണെന്നും അദ്ദേഹം അവകാശപ്പെട്ടു കളഞ്ഞു. വിവാദത്തെത്തുടർന്ന് അദ്ദേഹം അധ്യക്ഷസ്ഥാനമൊഴിഞ്ഞു. ഇന്തോനേഷ്യക്കാരനായ ഡോ. ഹബീബ് സാലിം സഖാഫ് ജഫ്്രി (68) ആണ് വേദിയുടെ ഇടക്കാല അധ്യക്ഷൻ.
കുറെക്കൂടി വിപുലമായ ആഗോള വേദി എന്ന നിലക്കാണ്  2014-ൽ ചിന്തയുടെയും നാഗരികതയുടെയും സമർപ്പണത്തിനായി മലേഷ്യ മുൻകൈയെടുത്ത് 'ക്വാലാലമ്പൂർ ഫോറ' (Kulalampur Forum for Thought & Civilization)ത്തിന് രൂപം നൽകിയത്. അതിന്റെ ആറാമത് സമ്മേളനം കഴിഞ്ഞ സിസംബർ 11 മുതൽ 13 വരെ ഇസ്തംബൂളിൽ ചേർന്നു. അതിന്റെ സെക്രട്ടറി ജനറലായ അബ്ദുർറസ്സാഖ് മഖ്്രി അൾജീരിയയിലെ ഇസ്്ലാമിക പ്രസ്ഥാനമായ മുജ്തമഉസ്സിൽമിന്റെ നേതാവ് കൂടിയാണ്. തന്റെ ആമുഖ ഭാഷണത്തിൽ, അൾജീരിയൻ ചിന്തകൻ മാലിക് ബിന്നബിയെ ഉദ്ധരിച്ചു കൊണ്ട്, ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള ജീവിത വ്യവഹാരങ്ങളെ ചിട്ടപ്പെടുത്തുന്നതായിരിക്കണം നാഗരികത എന്ന് അദ്ദേഹം നിർവചിച്ചു. ആ നിലയിൽ ഇസ്്ലാമിനെ അവതരിപ്പിക്കുന്ന ചിന്തയും പഠനവും കർമപദ്ധതികളുമാണുണ്ടാവേണ്ടത്. 'ഫോറം' രണ്ടോ മൂന്നോ ദിവസം യോഗം ചേർന്നതു കൊണ്ട് ആ ലക്ഷ്യത്തിലെത്തില്ലെന്നും ഒരു ആഗോള സ്ഥാപനം അനിവാര്യമാണെന്നും പലരും ചൂണ്ടിക്കാട്ടി.
ഇസ്്ലാമിക പ്രസ്ഥാനങ്ങൾക്ക് കാലത്തിനനുസരിച്ച നയവികാസങ്ങൾ ഉണ്ടാകുന്നില്ലെന്നും വിമർശനമുയർന്നു. പ്രബോധന -സേവന പ്രവർത്തനങ്ങൾക്ക് പറ്റുന്ന വിധത്തിലാണ് ഇസ്്ലാമിക പ്രസ്ഥാനങ്ങളുടെ ചട്ടക്കൂട് വികസിച്ചത്.  അറബ് വസന്താനന്തരം അവയിൽ ചിലതെങ്കിലും അധികാരത്തിലെത്തി. ഭരണകക്ഷി എന്ന നിലക്കുള്ള ഘടനാ വികാസമോ പ്രവൃത്തിപരിചയമോ അവക്കുണ്ടായിരുന്നില്ല. ജനപ്രീതി കുറയാനും തെരഞ്ഞെടുപ്പിൽ തിരിച്ചടിയേൽക്കാനും ഇതു കാരണമായി. ആയതിനാൽ ഭരണനിർവഹണത്തിലേക്കുള്ള സംക്രമണ ഘട്ട(Transition Period)ത്തെ അഭിമുഖീകരിക്കാൻ പ്രസ്ഥാനങ്ങളെ പ്രാപ്തമാക്കണം. പഴയ നേതൃത്വം മാറാൻ തയാറാകാതെ പരമ്പരാഗത രീതികളിൽ ഉറച്ചുനിൽക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും പുതു തലമുറ കുറ്റപ്പെടുത്തി.
ഫോറത്തിലെ ഈ വിമർശനം നിലവിലെ ഇസ്്ലാമിക പ്രസ്ഥാനങ്ങൾ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ചെറുപ്പക്കാർ സംഘടനയിൽ നിന്ന് അകലം പാലിക്കാൻ വരെ ഇതു കാരണമാണ്. ചെറുപ്പക്കാർക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും അവർക്ക് പരിഭവമുണ്ട്. തുനീഷ്യയിലെ അന്നഹ്ദയിൽനിന്ന് ഒരു വിഭാഗം ചെറുപ്പക്കാർ ഇതിന്റെ പേരിൽ സംഘടനയിൽ നിന്ന് തെറ്റിപ്പിരിഞ്ഞു പോയിട്ടുണ്ട്. യു.കെയിലും മറ്റും പ്രവാസികളായി കഴിയുന്ന സംഘടനാ നേതാക്കൾക്കിടയിലും ഈ മൂപ്പിളമ പ്രശ്നമുണ്ട്. നാട്ടിൽ സംഘടനാ ചട്ടക്കൂട് തകർക്കപ്പെട്ടതും പ്രധാന നേതാക്കൾ ജയിലിലായതും അതിനാൽ മാർഗനിർദേശങ്ങൾ നൽകാൻ കഴിയാതിരിക്കുന്നതുമാണ് ഭിന്നത പരിഹരിക്കപ്പെടാതെ നിലനിൽക്കാൻ ഒരു കാരണം. മാർക്ക് ലിഞ്ച് ചൂണ്ടിക്കാട്ടിയ പോലെ, ആ താൽക്കാലിക പ്രതിസന്ധികൾ അവയെ തകർക്കുമെന്ന് കരുതുന്നത് മൗഢ്യമായിരിക്കും. അവസരം ഒത്തുവന്നാൽ അവ വീണ്ടും വളരെ ശക്തമായി പൊതുമണ്ഡലത്തിലേക്ക് തിരിച്ചെത്തും; പഴയ തെറ്റുകൾ തിരുത്തിക്കൊണ്ട്; ഒരു പക്ഷേ, പുതിയ ഭാവങ്ങളിൽ, പുതിയ പേരുകളിൽ. l

Comments

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ്- സൂക്തം 46-53
ടി.കെ ഉബൈദ്‌

ഹദീസ്‌

"കള്ളന്' കൈ നിറയെ നല്‍കിയ നബി(സ)
അബ്ദുല്ലത്വീഫ് കൊടുവള്ളി