Prabodhanm Weekly

Pages

Search

2023 ജനുവരി 13

3285

2023 ജമാദുൽ ആഖിർ 20

ഫാഷിസ്റ്റ് കാലത്ത് മൗദൂദിയുടെ രാഷ്ട്രീയ ചിന്തകളുടെ പുനഃസന്ദര്‍ശനം -2

വി.എ കബീർ

മൗലാനാ മൗദൂദി, ഖാസിം രിസ്്വിക്കെഴുതിയ കത്ത് തുടരുന്നു: "ഞാന്‍ സൂചിപ്പിച്ചപോലെ, മുസ്്‌ലിംകളുടെ സംരക്ഷണത്തിന് മാത്രമല്ല, അവരുടെ പുരോഗതിക്കും ഔന്നത്യത്തിനുമുള്ള യഥാര്‍ഥ മാര്‍ഗം, അവര്‍ ഇസ്്‌ലാമിനോട് പ്രതിബദ്ധത പുലര്‍ത്തുകയും ഇസ്്‌ലാമിന്റെ ശരിയായ പ്രതിനിധികളാവുകയും ചെയ്യുക എന്നതത്രെ. വാചാ കര്‍മണാ ലോകത്തെ ഇസ്്‌ലാമിലേക്ക് പ്രബോധനം ചെയ്യുക. നന്മ പ്രചരിപ്പിക്കുകയും തിന്മ തടയുകയും ചെയ്യുക. അവരുടെ ജീവന്നും അന്തസ്സുറ്റ ജീവിതത്തിനും ഉറപ്പുനല്‍കുന്ന ഒരേയൊരു സംഗതി ഇത് മാത്രമാണ്. പക്ഷേ, ഈ രീതിയില്‍ ദേശത്തെ/സമുദായത്തെ സജ്ജമാക്കുന്നതിന് തീര്‍ച്ചയായും സമയമെടുക്കും. എന്നാല്‍, പ്രളയം ഇപ്പോള്‍ പടിവാതില്‍ക്കലെത്തിക്കഴിഞ്ഞ സ്ഥിതിക്ക് അതിനെ തിരിച്ചുവിടാനുള്ള മാര്‍ഗത്തെ കുറിച്ചാണ് നമുക്ക് അടിയന്തരമായി ചിന്തിക്കാനുള്ളത്. എന്നിട്ട് മുസ്്‌ലിംകളുടെ പൊതു ധാര്‍മിക നിലവാരം മെച്ചപ്പെടുത്താനും ഇസ്്‌ലാമിക പ്രബോധനം സംഘടിത രൂപത്തില്‍ ഏറ്റെടുക്കാനുമുള്ള സമയം കണ്ടെത്തണം. അതിന് നാം രൂപപ്പെടുത്തിയെടുക്കേണ്ട സ്ട്രാറ്റജി എന്തായിരിക്കണമെന്ന് ദീര്‍ഘ കാലമായി ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അങ്ങനെ ഞാന്‍ ഒടുവിലെത്തിച്ചേര്‍ന്ന നിഗമനങ്ങളാണ് താഴെ അക്കമിട്ട് വിവരിക്കുന്നത്:
1. ഇന്ത്യയിലെയും ഹൈദറാബാദിലെയും രാഷ്ട്രീയ നില പരിഗണിക്കുമ്പോള്‍ ഹൈദറാബാദിനെ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കുന്നതോ അവിടെ അവര്‍ വ്യവസ്ഥാപിതമായൊരു ഭരണകൂടം ഉണ്ടാക്കുന്നതോ തടയാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. തീര്‍ച്ചയായും ഇത് സംഭവിക്കുക തന്നെ ചെയ്യും. അതിനോടുള്ള നിങ്ങളുടെ എതിര്‍പ്പ് വിജയിക്കാന്‍ പോകുന്നില്ല. അത് തടയാനുള്ള ശ്രമം സ്‌റ്റേറ്റിന്റെയും മുസ്്‌ലിംകളുടെയും ഒന്നിച്ചുള്ള തകര്‍ച്ചയിലായിരിക്കും കലാശിക്കുക. അല്ലെങ്കില്‍ മുസ്്‌ലിംകളെ ബലി കൊടുത്ത് സ്‌റ്റേറ്റ് സ്വയം രക്ഷപ്പെടാനായിരിക്കാം ശ്രമിക്കുക. ഇത്തരമൊരു പരിതഃസ്ഥിതിയില്‍ ഇന്ത്യന്‍ യൂനിയനില്‍ ചേരുകയും ഒരു വ്യവസ്ഥാപിത ഭരണകൂടം സ്ഥാപിക്കുകയും ചെയ്യുന്നത് മൂലം മുസ്്‌ലിംകള്‍ക്ക് ഉണ്ടായേക്കാവുന്ന ദോഷം പരമാവധി കുറക്കാവുന്നതും മുകളില്‍ പറഞ്ഞ മുസ്്‌ലിം സമുദായത്തിന്റെ പുനര്‍നിര്‍മാണത്തിന് പര്യാപ്തമായ അവസരങ്ങള്‍ ലഭ്യമാക്കുന്നതുമായ ഒത്തുതീര്‍പ്പിലെത്തുന്നതായിരിക്കും ഭേദം.
2. പ്രതിരോധിക്കുകയും ഏറ്റുമുട്ടുകയും ചെയ്യുന്നതിന് പകരം ഹൈദറാബാദ് മുസ്‌ലിംകളുടെ ദേശീയ സംഘടനയായ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്്ലിമീന്‍ ഇന്ത്യന്‍ യൂനിയനോട് ചേരാനും ഉത്തരവാദ ഭരണകൂടം രൂപവത്കരിക്കാനും സന്തോഷപൂര്‍വം സമ്മതിക്കുകയാണെങ്കില്‍, ഈ ഘട്ടത്തില്‍ ഇന്ത്യന്‍ യൂനിയനും സ്റ്റേറ്റ് കോണ്‍ഗ്രസും നമ്മള്‍ മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ അംഗീകരിക്കുമെന്നാണ് എന്റെ പ്രതീക്ഷ.
3. എന്റെ അഭിപ്രായത്തില്‍ ഈ ഉദ്ദേശ്യങ്ങള്‍ക്ക് പ്രയോജനപ്രദവും, സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെയും ഇന്ത്യന്‍ യൂനിയനെയും കൊണ്ട് എളുപ്പം അംഗീകരിപ്പിക്കാവുന്നതുമായ നിബന്ധനകള്‍ താഴെ കൊടുക്കുന്നവയാണ്:
എ) സംസ്ഥാനത്തിന്റെ ഭാവി ഭരണഘടനയില്‍ മുസ്്‌ലിംകളുടെ മേല്‍ സകാത്ത് ചുമത്താനും സകാത്ത് ഫണ്ട് ചെലവഴിക്കാനും വഖ്ഫ് സ്വത്ത് നിയന്ത്രിക്കാനും അതിന്റെ വരുമാനം മുസ്്‌ലിംകള്‍ക്കിടയില്‍ ചെലവഴിക്കാനും അധികാരം നല്‍കുന്ന, അവരുടെ മതപരവും സാംസ്‌കാരികവുമായ കാര്യങ്ങള്‍ക്കായുള്ള ഒരു സംഘടന രൂപവത്കരിക്കാന്‍ അവകാശം നല്‍കുക. വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നീ വ്യക്തിനിയമങ്ങള്‍ നടപ്പാക്കാനുള്ള അധികാരവും ഈ സംഘടനക്കുണ്ടായിരിക്കണം (അമുസ്്‌ലിംകളും ഇത്തരം അവകാശം ആവശ്യപ്പെടുകയാണെങ്കില്‍ മുസ്്‌ലിംകള്‍ അതിനെ എതിര്‍ക്കരുത്).

ബി) മുസ്്‌ലിംകള്‍ക്ക് സ്വന്തം ചെലവില്‍ തങ്ങളുടേതായ മതപാഠശാലകള്‍ സ്ഥാപിക്കാനുള്ള അവകാശവും ഭാവി ഭരണഘടന അംഗീകരിക്കണം. അതുപോലെ തന്നെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്വന്തം ചെലവില്‍ നിര്‍ബന്ധ മതാധ്യാപനത്തിനും അവര്‍ക്ക് അനുമതി നല്‍കണം (അതായത്, ഗവണ്‍മെന്റ് പാഠശാലകളില്‍ മുസ്്‌ലിം വിദ്യാര്‍ഥികള്‍ക്ക് മതപഠനം നിര്‍ബന്ധമായിരിക്കും. എന്നാല്‍, അതിന്റെ ചെലവ് മുന്‍ചൊന്ന മുസ്്‌ലിം സംഘടനയായിരിക്കണം വഹിക്കേണ്ടത്).
സി) സംസ്ഥാനത്തിലെ ഭാവി നിയമനിര്‍മാണ സഭ/ പാര്‍ലമെന്റ് മിശ്ര നിയോജക മണ്ഡല സമ്പ്രദായത്തിലുള്ളതായിരിക്കണം. ഏറ്റവും ചെറിയൊരു ഗ്രൂപ്പിനു പോലും പ്രാതിനിധ്യം നിഷേധിക്കപ്പെടാത്ത തെരഞ്ഞെടുപ്പ് രീതി ഉറപ്പുനല്‍കുന്നതായിരിക്കണം അത്-ആനുപാതിക പ്രാതിനിധ്യം പോലെ. വിവിധ നിയോജക മണ്ഡലങ്ങളായി വിഭജിക്കുന്നതിനു പകരം രാജ്യം മൊത്തത്തില്‍ തന്നെ ഒറ്റ നിയോജക മണ്ഡലമാക്കുക. വ്യക്തി സ്ഥാനാര്‍ഥികള്‍ക്ക് പകരം സമ്മതിദാനം പാര്‍ട്ടികള്‍ക്കായിരിക്കുക.
ഡി) മുസ്്‌ലിംകള്‍ക്ക് ഭരണഘടനയില്‍ അനുവദിക്കപ്പെട്ട അവകാശങ്ങള്‍ ഭേദഗതിയിലൂടെ നിഷ്പ്രയാസം ഇല്ലാതാക്കുന്നത് തടയാന്‍ ഭരണഘടനയില്‍ പ്രത്യേക വകുപ്പുകള്‍ ഉള്‍പ്പെടുത്തുക. ഭേദഗതികള്‍ ജനഹിത പരിശോധനയിലൂടെയായിരിക്കണം. ചുരുങ്ങിയത് 80-85 ശതമാനം വോട്ടുകള്‍ അനുകൂലമായാല്‍ മാത്രമേ ഭേദഗതികള്‍ പാസ്സാക്കാവൂ.
ഇ) സര്‍ക്കാര്‍ വകുപ്പുകളില്‍ മുസ്്‌ലിംകളുടെ അനുപാതം ഒരിക്കലും അവരുടെ ജനസംഖ്യാനുപാതത്തിനും താഴെയാവാതിരിക്കാന്‍ ഉറപ്പ് വരുത്തണം. അവര്‍ക്കെതിരെ എവിടെയും വിവേചനമുണ്ടാവാനും പാടില്ല.
എഫ്) മതപരിവര്‍ത്തനം നിരോധിക്കുകയില്ലെന്ന് ഭരണഘടനയില്‍ ഉറപ്പുവരുത്തണം.
ജി) ഈ നിബന്ധനകളോടെ സംസ്ഥാനത്തില്‍ ഒരു ഉത്തരവാദ സര്‍ക്കാറിനെ മുസ്്‌ലിംകള്‍ അംഗീകരിക്കണം. നിസാമിന് ഭരണഘടനാപരം മാത്രമായ ഒരു രാജാവായി തുടരാം. ഭരണഘടനാപരമായ തലവന്‍ എന്നതിലപ്പുറം മറ്റൊരു സ്ഥാനവും നിസാമിന് വേണ്ടി മുസ്്‌ലിംകള്‍ ആവശ്യപ്പെടരുത്. ഒരു കുടുംബത്തിനു വേണ്ടി മുഴുവന്‍ രാജ്യത്തിന്റെ / സമുദായത്തിന്റെ താല്‍പര്യങ്ങള്‍ ബലികഴിക്കുന്നതിന് തുല്യമായിരിക്കും അത്തരം ആവശ്യമെന്ന് അവര്‍ മനസ്സിലാക്കിയിരിക്കണം. അതിന്റെ അനന്തരഫലം ഭാവിയില്‍ മുസ്്‌ലിംകള്‍ക്ക് ദോഷകരമായി ഭവിക്കും.
എച്ച്) മുന്‍ചൊന്ന നിബന്ധനകളുടെ അടിസ്ഥാനത്തില്‍ മുസ്്‌ലിംകള്‍ രൂപവത്കരിക്കുന്ന ദേശീയ സംഘടനയെ പരമാവധി ഉപയോഗപ്പെടുത്തണം. വലിയൊരു ഖജനാവുണ്ടാക്കാന്‍ സകാത്ത്-വഖ്ഫ് വരുമാനങ്ങള്‍ തന്നെ വേണ്ടത്ര മതിയാകും. നിര്‍ദിഷ്ട സംഘടനക്ക് മുസ്്‌ലിംകളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനും ധാര്‍മിക പരിഷ്‌കരണത്തിനും സാമ്പത്തികാഭിവൃദ്ധിക്കും വ്യാവസായിക വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. പലിശയധിഷ്ഠിത വായ്പകള്‍ തുടച്ചുനീക്കാനും ഇസ്്‌ലാമിക പ്രബോധനത്തിനാവശ്യമായ യുവാക്കളുടെ പരിശീലന സ്ഥാപനങ്ങള്‍ ഉണ്ടാക്കാനും അവര്‍ക്ക് കഴിയും. പ്രാദേശിക ഭാഷകളില്‍ വിശുദ്ധ ഖുര്‍ആന്‍ ഭാഷ്യങ്ങളും ഇസ്്‌ലാമിക സാഹിത്യങ്ങളും വ്യാപകമായി പ്രസിദ്ധീകരിക്കാനും അതിലൂടെ സാധിതമാകും. ഈ മാര്‍ഗങ്ങളിലൂടെ ക്രമേണ ഹൈദറാബാദില്‍ മുസ്്‌ലിം ശക്തി വര്‍ധിപ്പിക്കാനും സാധിക്കും. സ്വന്തം സമുദായത്തെ ശുദ്ധീകരിക്കുന്നതിലൂടെ അമുസ്്‌ലിം വിഭാഗങ്ങളെ തങ്ങളിലേക്ക് ആകര്‍ഷിക്കാനും സാധിക്കും.
മേല്‍ നിബന്ധനകളോടെ നിലവില്‍വരുന്ന ഉത്തരവാദ സര്‍ക്കാറില്‍ താഴെ പറയുന്ന രീതിയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ മുസ്‌ലിംകള്‍ക്ക് കഴിയുന്നതാണ്:
മുസ്‌ലിം വോട്ടുകള്‍ മാത്രം തേടുന്നതിന് പകരം പരമാവധി വോട്ട് നേടത്തക്കവിധം മുസ്്‌ലിംകളെയും അമുസ്്ലിംകളെയും ഒരുപോലെ ആകര്‍ഷിക്കുന്ന പരിപാടികള്‍ മുസ്്‌ലിംകളുടെ രാഷ്ട്രീയ പാര്‍ട്ടിയായ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്്ലിമീന്‍ സമര്‍പ്പിക്കുക. ഉദാഹരണത്തിന്, അടിച്ചമര്‍ത്തപ്പെട്ട ജാതികളുടെ വോട്ടുകള്‍ മേല്‍ജാതി ഹിന്ദുക്കളുടെ പാര്‍ട്ടികളിലേക്ക് പോകാതെ അവരെ ആകര്‍ഷിക്കുന്ന ചിലതൊക്കെ മുസ്്‌ലിംകളുടെ പാര്‍ട്ടിയുടെ പരിപാടിയിലുണ്ടായിരിക്കണം. ഇന്ന് നിങ്ങള്‍ പീഡിത ജാതികളെ രാഷ്ട്രീയ കുതന്ത്രങ്ങളിലൂടെ ഹിന്ദുക്കളില്‍നിന്ന് അകറ്റാന്‍ ശ്രമിക്കുകയാണെങ്കില്‍ ഹിന്ദുക്കള്‍ നിങ്ങള്‍ക്കെതിരെ തിരിയുകയായിരിക്കും ഫലം. ഇനി ഒരു പുതിയ ഭരണഘടനക്ക് കീഴില്‍ അധഃസ്ഥിത ജാതികളെ ആകര്‍ഷിക്കുന്ന പരിപാടികളിലൂടെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയാണെങ്കില്‍ നിങ്ങളോടൊപ്പം ഒറ്റക്കെട്ടായി നിന്ന് ശബ്ദമുയര്‍ത്താന്‍ ആ പരിപാടി അവരെ മുന്നോട്ടു കൊണ്ടുവരികയും അങ്ങനെ അസംബ്ലിയില്‍ ഭൂരിപക്ഷം നേടാന്‍ നിങ്ങള്‍ക്ക് സാധിക്കുകയും ചെയ്യും. അങ്ങനെ നേതൃസ്ഥാനം നിങ്ങള്‍ക്ക് കരഗതമാക്കാം. എന്തു തന്നെയായാലും ഈ പദ്ധതി വിജയപ്രദമാക്കണമെങ്കില്‍ പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ ശേഷിയുള്ള വിവേകശാലികളുടെ മികച്ചൊരു നേതൃത്വം മുസ്്‌ലിംകള്‍ സൃഷ്ടിച്ചെടുക്കേണ്ടത് അനിവാര്യമത്രെ. മുസ്്‌ലിംകളുടെ സങ്കുചിത സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ വാശിയുള്ളതാവരുത് ഈ നേതൃത്വം. പ്രത്യുത, എല്ലാ വിഭാഗം ജനങ്ങളുടെയും നീതിക്കും ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി വിശാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കണം അത്. മുസ്്‌ലിംകളുടെ യഥാര്‍ഥ നേട്ടത്തിന് ഇതിലൂടെ മാത്രമേ സേവനം ചെയ്യാന്‍ സാധിക്കൂ.''
വിനയപൂര്‍വം
അബുല്‍ അഅ്‌ലാ

അസ്അദ് ഗീലാനി എഴുതിയ 'മൗലാനാ മൗദൂദി' എന്ന പുസ്തകത്തിലാണ് (പേജ് 376-383, മൂന്നാം പതിപ്പ്, മക്തബ തഅ്മീര്‍ ഇന്‍സാനിയ്യ, ലാഹോര്‍, 1976) ഈ കത്ത് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. മുഹമ്മദ് യൂനുസിന്റെ 'യാദോന്‍ കെ ഖുത്തൂത്തി'ല്‍ (ഓര്‍മകളുടെ കത്തുകള്‍) 1986-ൽ ഇന്ത്യയില്‍ അത് വെളിച്ചം കണ്ടു. മൗദൂദി തന്റെ ശിഷ്യനും ഹൈദറാബാദുകാരനുമായ മുഹമ്മദ് യൂനുസ് വഴിയാണ് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീന്‍ നേതാവ് ഖാസിം റിസ്്വിക്ക് കത്ത് എത്തിക്കുന്നത്. പക്ഷേ, റിസ്്വിയുടെ പ്രതികരണം എന്തായിരുന്നുവെന്നത് അജ്ഞാതമാണ്. റിസ്്വി മിക്കവാറും അത് അവഗണിച്ചിരിക്കാനാണ് സാധ്യത എന്നാണ് അമേരിക്കയിലെ എം.ഐ.ടിയില്‍ അധ്യാപകനായിരുന്ന ഡോ. ഉമര്‍ ഖാലിദിയുെട അഭിപ്രായം (ബിറ്റ്്വീന്‍ മുസ്്‌ലിം നാഷനലിസ്റ്റ് ആന്റ് നാഷനല്‍ മുസ്്‌ലിംസ്- മൗദൂദീസ് തോട്ട്‌സ് ഓണ്‍ ഇന്ത്യന്‍ മുസ്്‌ലിംസ്, അടിക്കുറിപ്പ് 57, പേജ് 54,55, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ്, ന്യൂദല്‍ഹി, 2004). 1948 സെപ്റ്റംബര്‍ 19-നു ഖാസിം റിസ്്വി അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന സയ്യിദ് വാജിദ് റിസ്്വിക്കും (ജനനം 1927) ഇങ്ങനെ ഒരു കത്തിനെക്കുറിച്ച് അറിയില്ലെന്ന് 2000 ജനുവരിയില്‍ അബൂദബിയില്‍ അദ്ദേഹവുമായി അഭിമുഖം നടത്തിയ ഉമര്‍ ഖാലിദി പറയുന്നു. എന്നാല്‍, ഹൈദറാബാദിലെ മുസ്്‌ലിം നേതൃത്വം മൗദൂദിയുടെ വിവേകപൂര്‍വമായ ഉപദേശം അവഗണിച്ചതിന്റെ ഫലം, അദ്ദേഹം പ്രവചിച്ചപോലെ അതിഭീകരമായിരുന്നു. ഫരീദ് മീര്‍സായെപ്പോലെ ചുരുക്കം ചില ആളുകള്‍ ഹൈദറാബാദ് ഇന്ത്യന്‍ യൂനിയനോട് ചേരണമെന്നതിന്റെ വക്താക്കളായുണ്ടായിരുന്നെങ്കിലും ഇത്രയും യുക്തിഭദ്രവും പ്രവചനാത്മകവുമായി ആ വാദം അവതരിപ്പിച്ചത് മൗദൂദി മാത്രമായിരുന്നു. മജ്‌ലിസിന്റെ ജനാധിപത്യ വിരുദ്ധമായ അവകാശവാദങ്ങളോടുള്ള മൗദൂദിയുടെ തത്ത്വാധിഷ്ഠിത വിയോജിപ്പിനെ പ്രതിഫലിപ്പിക്കുന്നതായിരുന്നു അതെന്നാണ് ഉമര്‍ ഖാലിദി അഭിപ്രായപ്പെടുന്നത്.

'ഓപറേഷന്‍ പോളോ'
1948- സെപ്റ്റംബര്‍ 13-ന് വ്യോമസേനയുടെ അകമ്പടിയോടെ ഹൈദറാബാദിലേക്ക് ഇരമ്പിക്കയറിയ ഇന്ത്യന്‍ സേനയുടെ 'ഓപറേഷന്‍ പോളോ'യുടെ മുന്നില്‍ നിസാമിന്റെ സേനക്കും ഖാസിം റിസ്്വിയുടെ റസാഖാന്മാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. സന്നദ്ധ സേനയായ റാസാഖാന്മാര്‍ ധീരതയോടെ പൊരുതിയെങ്കിലും ഇന്ത്യന്‍ സേനയുടെ മുന്നില്‍ ഹൈദറാബാദ് മുട്ടുമടക്കി. സെപ്റ്റംബര്‍ 18-ന് ഇന്ത്യന്‍ സേന ഹൈദറാബാദിനെ ബലാല്‍ക്കാരം ഇന്ത്യന്‍ യൂനിയനോട് സംയോജിപ്പിച്ചു. പോരാട്ടത്തിനും ഹൈദറാബാദിന്റെ പതനാനന്തരവും ഭീകരമായ മുസ്്‌ലിം കൂട്ടക്കൊലയാണ് നടന്നത്. കോണ്‍ഗ്രസ്സ് പാര്‍ട്ടി ഗുണ്ടകളുടെ സംഘടിത ഹിംസയില്‍ രണ്ട് ലക്ഷം മുസ്്‌ലിംകള്‍ കശാപ്പ് ചെയ്യപ്പെട്ടു എന്നാണ് ഗാന്ധി ശിഷ്യനായ പണ്ഡിറ്റ് സുന്ദർലാലിന്റെയും ഖാസി അബ്ദുല്‍ ഗഫാറിന്റെയും നേതൃത്വത്തില്‍ നടന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍.3 ഉമര്‍ ഖാലിദിയുടെ 'ഹൈദറാബാദ് ആഫ്്റ്റര്‍ ഫാള്‍' എന്ന കൃതിക്ക് പുറമെ ഈയിടെ പുറത്തിറങ്ങിയ പ്രഗത്ഭ ഇന്ത്യന്‍ നിയമജ്ഞനും ഭരണഘടനാ വിദഗ്ധനുമായ എ.ജി നൂറാനിയുടെ 'ഡിസ്ട്രക്്ഷന്‍ ഓഫ് ഹൈദറാബാദ്' എന്ന കൃതിയിലും സംഭവങ്ങളുടെ വിശദാംശങ്ങള്‍ കാണാം. l
(തുടരും)

കുറിപ്പ്
3. A Report on the Post-Operation Police Massacres, Rape, Destruction or Seizure of property in Hyderabad State by pandit Sundar lal and Qazi M Abdul Ghafar, pp 95-115 in Omer Khalidi, Hyderabad After the fall.

Comments

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ്- 43-45
ടി.കെ ഉബൈദ്‌

ഹദീസ്‌

ഖുർആൻ വഴി ഉയർത്തപ്പെടുന്നവർ, താഴ്ത്തപ്പെടുന്നവർ
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌