Prabodhanm Weekly

Pages

Search

2023 ജനുവരി 06

3284

1444 ജമാദുൽ ആഖിർ 13

അറിവുണ്ട്,    തിരിച്ചറിവില്ല

ജി.കെ എടത്തനാട്ടുകര

വഴിയും വെളിച്ചവും / 

മാനവകുലം ഇന്നോളം കൈവരിച്ച പുരോഗതിയില്‍ അറിവിന്റെ പങ്ക് നിഷേധിക്കാനാവാത്തതാണ്. മനുഷ്യന്‍ ഭൂമിയിലെ 'കേമന്‍' ആവാനുള്ള കാരണം അവന്റെ അറിവാണ്. അതുകൊണ്ടുതന്നെ, മനുഷ്യനായി ജീവിക്കാന്‍ അറിവ് മാത്രം മതി എന്ന് ചിന്തിച്ചിരുന്ന ഒരു കാലമുണ്ട്. ഭൗതികവാദം അങ്ങനെ ചിന്തിക്കാനേ പഠിപ്പിക്കുന്നുള്ളൂ. എന്നാല്‍, മനുഷ്യനെ യഥാര്‍ഥ മനുഷ്യനാക്കുന്നിടത്ത് അറിവിനെക്കാള്‍ പ്രധാനം തിരിച്ചറിവാണ് എന്ന പാഠം വിശുദ്ധ ഖുര്‍ആനും പ്രവാചകനുമാണ് പഠിപ്പിച്ചുതന്നത്. തിരിച്ചറിവിന്റെ അടിത്തറയാകട്ടെ യഥാര്‍ഥ ദൈവത്തിലുള്ള വിശ്വാസമാണ്.
അറിവുകൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാം. പക്ഷേ, യഥാര്‍ഥ മനുഷ്യനെ നിര്‍മിക്കാന്‍ കഴിയില്ല. ഒരിക്കല്‍ ഒരു ഗുരുവിന്റെ അടുത്തേക്ക് അത്ഭുതകരമായ കഴിവുകളുള്ള മൂന്നാളുകള്‍ വന്നു. ശിഷ്യന്‍ മൂന്നു പേരെയും ഗുരുവിന്റെ അടുത്തേക്ക് ആനയിച്ചു. ഒന്നാമത്തെയാള്‍ ഗുരുവിനോട് പറഞ്ഞു: 'ഗുരോ, എനിക്ക് ആകാശത്തിലൂടെ വളരെ വേഗത്തില്‍ പറന്നു പോകാന്‍ കഴിയും.'
ഇതു കേട്ട ശിഷ്യന്‍ അത്ഭുതപ്പെട്ടു. പക്ഷേ, ഗുരുവിനൊരു ഭാവമാറ്റവുമുണ്ടായില്ല. രണ്ടാമത്തെയാള്‍ പറഞ്ഞു: 'ഗുരോ, എനിക്ക് വെള്ളത്തിലൂടെ ഊളിയിട്ട് മണിക്കൂറുകളോളം സഞ്ചരിക്കാന്‍ കഴിയും.' ഇത് കേട്ടപ്പോഴും ശിഷ്യന്‍ അത്ഭുതപ്പെട്ടു. പക്ഷേ, ഗുരുവിനൊരു ഭാവമാറ്റവുമുണ്ടായില്ല. മൂന്നാമത്തെയാള്‍  തന്റെ അത്ഭുത കഴിവ് പറയുകയല്ല, അവിടെ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്തത്. തൊട്ടടുത്ത ഒരു മരത്തില്‍ പാഞ്ഞുകയറി ചില്ലകള്‍ തോറും ചാടിക്കൊണ്ടിരുന്നു. ഇത് കണ്ടപ്പോഴും ശിഷ്യന്‍ അത്ഭുതപ്പെട്ടു. പക്ഷേ, ഗുരുവിന് പ്രത്യേകിച്ചൊരു ഭാവമാറ്റവുമുണ്ടായില്ല.
മൂന്നു പേരെയും യാത്രയാക്കിയ ശേഷം, അത്ഭുതപ്പെട്ട് നില്‍ക്കുന്ന ശിഷ്യനോട് ഗുരു പറഞ്ഞു: 'ആകാശത്തിലൂടെ പറന്നു പോകാന്‍ പറവകള്‍ക്ക് കഴിയും. വെള്ളത്തിലൂടെ ഊളിയിട്ട് പോകാന്‍ മത്സ്യങ്ങള്‍ക്ക് കഴിയും. ഒരു മരക്കൊമ്പില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടാന്‍ കുരങ്ങുകള്‍ക്ക് കഴിയും. മനുഷ്യനെ സംബന്ധിച്ചേടത്തോളം ഈ ഭൂമിയില്‍ യഥാര്‍ഥ മനുഷ്യനായി ജീവിക്കുക എന്നതാണ് ഏറ്റവും പ്രയാസകരം.' മനുഷ്യന്റെ നിയോഗം ഭൂമിയില്‍ മനുഷ്യനായി ജീവിക്കുക എന്നതാണ്; അത്ഭുതങ്ങള്‍ കാണിക്കുക എന്നതല്ല. ഭൗതിക വിജ്ഞാനം കൊണ്ട് അത്ഭുതങ്ങള്‍ കാണിക്കാം; പക്ഷേ, യഥാര്‍ഥ മനുഷ്യനെ നിര്‍മിക്കാന്‍ അതു മതിയാവുകയില്ല. അതിനര്‍ഥം ഭൗതിക വിജ്ഞാനം വേണ്ട എന്നല്ല; അതു മാത്രം മതി എന്ന കാഴ്ചപ്പാട് ശരിയല്ല എന്നാണ്.
'വിശ്വാസമില്ലാത്ത വിജ്ഞാനം വികലാംഗനാണ്' എന്ന് ലോക പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറയാനുള്ള കാരണം അതാണ്. ദൈവനാമത്തിലായിരിക്കണം വായന എന്ന ഖുര്‍ആനിന്റെ കല്‍പനയുടെ യുക്തി കൂടുതല്‍ വ്യക്തമാകുന്നുണ്ടിവിടെ.
മനുഷ്യന് പരസ്യ ജീവിതം മാത്രമല്ല, രഹസ്യ ജീവിതവുമുണ്ട്. രഹസ്യ ജീവിതത്തിലാണ് അധിക മനുഷ്യരും അരുതായ്മകള്‍ ചെയ്യുക. 'പകല്‍ മാന്യന്മാര്‍' എന്ന പ്രയോഗം ഉണ്ടാവാന്‍ കാരണമതാണ്. 'ഒരു ജനതയെ ഭരിക്കാന്‍ ഭരണകൂടത്തിനാവും. എന്നാല്‍, ഒരു വ്യക്തിയെ ഭരിക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ല' എന്ന് പറയാനുള്ള കാരണം മനുഷ്യന്റെ ഈ പ്രകൃതമാണ്.
അതുകൊണ്ടുതന്നെ ഒരു അദൃശ്യ മേല്‍നോട്ടമുണ്ടെന്ന യാഥാര്‍ഥ്യബോധത്തിന് മാത്രമാണ് മനുഷ്യനെ പൂര്‍ണാര്‍ഥത്തില്‍ നിയന്ത്രിക്കാനാവുക.
'എന്റെ പാല്‍ക്കാരന്‍ ഒരു ദൈവവിശ്വാസിയാവുന്നതാണ് എനിക്കിഷ്ടം' എന്ന് നിരീശ്വരവാദിയും ബുദ്ധിജീവിയുമായ വോള്‍ട്ടയര്‍ ഒരു സന്ദര്‍ഭത്തില്‍ പറയുന്നുണ്ട്. പാല്‍ക്കാരന്‍ ഒരു ഡിഗ്രി സ്‌കോളറാവണം എന്നല്ല വോള്‍ട്ടയര്‍ ആഗ്രഹിച്ചത്. കാരണം, വിദ്യാഭ്യാസം മനുഷ്യനെ നല്ലവനാക്കാനുള്ള ഉപാധിയല്ല. 'ഒരു വിദ്യാലയം തുറന്നാല്‍ രണ്ട് കാരാഗൃഹങ്ങള്‍ അടച്ചിടാം' എന്ന് ലോകപ്രശസ്തനായ ഫ്രഞ്ച് എഴുത്തുകാരന്‍ വിക്ടര്‍ ഹ്യൂഗോ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഇന്നത്തെ അനുഭവം പറഞ്ഞുതരുന്നതെന്താണ്? വിദ്യാര്‍ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മന്ത്രിമാര്‍ വരെ രംഗത്തിറങ്ങേണ്ടി വരുന്നു. മയക്കുമരുന്നുകള്‍ മാത്രമല്ല, മദ്യവും ലഹരിയാണെന്ന് പക്ഷേ, മന്ത്രിമാര്‍ക്ക് പോലും തിരിച്ചറിയാനാവുന്നില്ല. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ 'വിദ്യാഭ്യാസ'മുള്ള മന്ത്രിയുടെ പ്രതികരണം, മദ്യം 'നാടിന്റെ പാനീയ'മാണെന്നാണ്!
വീണുകിടക്കുന്ന സ്വര്‍ണ മോതിരം കാണുമ്പോള്‍ അതൊരു സ്വര്‍ണ മോതിരമാണെന്നത് അറിവാണ്. എന്നാല്‍, അത് മറ്റാരുടേതോ ആണ്, എനിക്ക് അവകാശപ്പെട്ടതല്ല എന്നതാണ് തിരിച്ചറിവ്. ആരും കാണാതെ അതെടുത്താലും ദൈവം കാണും എന്ന ബോധമാണ് തിരിച്ചറിവിന്റെ ഉറവിടം. ഈ തിരിച്ചറിവില്ലാതെ വരുമ്പോഴാണ് അറിവുള്ളവനും കള്ളനാവുന്നത്.
സ്വന്തം അമ്മയെ അല്ലെങ്കില്‍ പെങ്ങളെ കാണുമ്പോള്‍ സ്ത്രീയാണെന്നത് അറിവാണ്. എന്നാല്‍, സ്ത്രീ മാത്രമല്ല, അതെന്റെ അമ്മയാണ്, പെങ്ങളാണ് എന്നതാണ് തിരിച്ചറിവ്. പ്രവാചകന്മാരിലൂടെ കാലങ്ങളായി കൈമാറ്റം ചെയ്യപ്പെട്ട മൂല്യബോധങ്ങളാണ് ഈ തിരിച്ചറിവിന്റെ നിദാനം. ഇത്തരം തിരിച്ചറിവുകള്‍ പറിച്ചെറിയപ്പെടുമ്പോള്‍ സമീപനങ്ങള്‍ മാറും. 'അമ്മ പെങ്ങന്മാരെ തിരിച്ചറിയാത്ത' സമൂഹം രൂപപ്പെടും. അതാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും.
അറിവ് വിതരണം ചെയ്യുന്ന വിദ്യാഭ്യാസ രംഗത്ത് പോലും തിരിച്ചറിവില്ലാത്ത തലമുറയെ നിര്‍മിക്കാനുള്ള ശ്രമമാണ് നടക്കുന്നത്; 'ജെന്‍ഡര്‍ ന്യൂട്രാലിറ്റി' അഥവാ 'ലിംഗ നിഷ്പക്ഷത' എന്ന ഓമനപ്പേരില്‍. ഇത് സംഭവിക്കുന്നത് അറിവില്ലാത്തതുകൊണ്ടല്ല; തിരിച്ചറിവില്ലാത്തതുകൊണ്ടാണ്. ഇത്തരം പശ്ചാത്തലങ്ങളെ മുന്‍നിര്‍ത്തി ഖുര്‍ആനിലെ ചില അധ്യാപനങ്ങള്‍ വായിക്കുമ്പോള്‍ കൂടുതല്‍ തെളിച്ചം കിട്ടാറുണ്ട്.
മനുഷ്യന്റെ ജന്മസഹജമായ മൂല്യബോധത്തെപ്പറ്റി ഖുര്‍ആന്‍ തൊണ്ണൂറ്റിയൊന്നാം അധ്യായം എട്ടാം വാക്യത്തില്‍ പറയുന്നുണ്ട്. അതുകൊണ്ടാണ് പൊതുവായ ശരിതെറ്റുകളെയും ന്യായാന്യായങ്ങളെയും മനസ്സിലാക്കാന്‍ മനുഷ്യനു കഴിയുന്നത്. അതേസമയം, ചില കാര്യങ്ങളിലെ ശരിതെറ്റുകള്‍ വിവേചിച്ചറിയണമെങ്കില്‍ അഥവാ തിരിച്ചറിയണമെങ്കില്‍ ദൈവിക മാര്‍ഗദര്‍ശനം അനിവാര്യമാണ്. അതിനു കൂടിയുള്ളതാണ് വേദഗ്രന്ഥങ്ങള്‍. ഖുര്‍ആന്‍ സ്വയം തന്നെ 'ഫുര്‍ഖാന്‍' എന്ന് വിശേഷിപ്പിച്ചതിന്റെ പൊരുള്‍ അതാണ്. സത്യത്തെയും അസത്യത്തെയും, ശരിയെയും തെറ്റിനെയും വിവേചിക്കുന്ന 'ഉരകല്ല്' എന്നര്‍ഥത്തിലാണ് ഫുര്‍ഖാന്‍ എന്ന് പ്രയോഗിച്ചിരിക്കുന്നത്.
രണ്ടാം അധ്യായം നൂറ്റിഎണ്‍പത്തിയഞ്ചാം വാക്യത്തില്‍ അതിങ്ങനെ കാണാം: 'ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍. അത് ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്നതുമാണ്.'
മനുഷ്യന്റെ സാമാന്യബുദ്ധിക്ക് ബോധ്യപ്പെടുന്ന ലളിതമായ കാര്യങ്ങള്‍ വരെ തിരിച്ചറിയാന്‍ കഴിയാതെ, എത്ര വലിയ വിദ്യാസമ്പന്നരാണ് 'ജെന്‍ഡര്‍ ന്യൂട്രാലിറ്റി'ക്ക് ചുക്കാന്‍ പിടിക്കുന്നത്!
യഥാര്‍ഥത്തില്‍, മനുഷ്യ സമൂഹത്തിന്റെ നിലനില്‍പ്പുതന്നെ സാധ്യമാകുന്നത് ആണ്‍-പെണ്‍ വ്യത്യാസത്തിലാണ്, സമാനതയിലോ തുല്യതയിലോ അല്ല. ഇത് മനസ്സിലാക്കാന്‍ കഴിയാത്ത 'അല്‍പബുദ്ധി'ക്കു കാരണം അറിവില്ലായ്മയല്ല, തിരിച്ചറിവില്ലായ്മയാണ്. മനുഷ്യര്‍ക്കിടയിലുള്ള തുല്യതയില്ലായ്മയാണ് മനുഷ്യ സമൂഹത്തിന്റെ നിലനില്‍പിന്റെ ഒരടിസ്ഥാനമായി വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
നാല്‍പത്തിമൂന്നാം അധ്യായം മുപ്പത്തിരണ്ടാം വാക്യത്തില്‍ പറയുന്ന ദിവ്യവെളിപാട് ഇങ്ങനെയാണ്: 'നാമാകുന്നു അവര്‍ക്കിടയില്‍ ഐഹിക ജീവിതത്തിന്റെ വിഭവങ്ങള്‍ വീതിച്ചത്. നാം അവരില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ പല പടികള്‍ മികവേകിയിരിക്കുന്നു - അവര്‍ പരസ്പരം സേവിക്കാന്‍.' പരസ്പരം സേവിച്ചുകൊണ്ടല്ലാതെ മനുഷ്യസമൂഹത്തിന് നിലനില്‍ക്കാനാവില്ല. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങി എല്ലാ കാര്യങ്ങളിലും വ്യത്യസ്ത കഴിവുകളുള്ള അനവധി പേരുടെ സേവനങ്ങള്‍ കാണാം. മനുഷ്യരെല്ലാം തുല്യരല്ലാത്തതുകൊണ്ടാണിത് സാധ്യമാകുന്നത്. എല്ലാവരും തുല്യരായാല്‍ വ്യത്യസ്ത ജോലികളിലേര്‍പ്പെടാന്‍ ആളില്ലാതെ വരും. അതുണ്ടാക്കുന്ന പ്രതിസന്ധി ഊഹിക്കാവുന്നതേയുള്ളൂ.
ലോകത്തെവിടെയും എല്ലാ കാര്യത്തിലും തുല്യരായ രണ്ട് പുരുഷന്മാരോ രണ്ട് സ്ത്രീകളോ ഇല്ല എന്നതാണ് യാഥാര്‍ഥ്യം. മനുഷ്യസമൂഹം നിലനില്‍ക്കാനുള്ള കാരണം ഈ വൈവിധ്യമാണെന്ന് അല്‍പം ചിന്തിച്ചാല്‍  മനസ്സിലാവും. എല്ലാവരും ഡോക്ടര്‍മാരായാല്‍, അല്ലെങ്കില്‍ എഞ്ചിനീയര്‍മാരായാല്‍, അതുമല്ലെങ്കില്‍ കര്‍ഷകരായാല്‍ മനുഷ്യസമൂഹം നിലനില്‍ക്കുമോ? മനുഷ്യസമൂഹത്തിന്റെ വിവിധ മേഖലകളില്‍ പലതരം സേവനങ്ങള്‍ പരസ്പരം ആവശ്യമാണ്. എല്ലാവരും എല്ലാ കാര്യത്തിലും തുല്യരായാല്‍ അത് സാധ്യമാവുകയില്ല. മനുഷ്യര്‍ തുല്യരല്ലാത്തതു കൊണ്ടാണിത് സാധ്യമാകുന്നത്.
ഇതു പോലെ, എല്ലാവരും പുരുഷന്മാരായാലോ? അല്ലെങ്കില്‍ എല്ലാവരും സ്ത്രീകളായാലോ? മനുഷ്യവംശം നിലനില്‍ക്കുകയില്ല. ഈ സൃഷ്ടിവൈവിധ്യത്തെ സംബന്ധിച്ച് ഖുര്‍ആന്‍ നാലാം അധ്യായം മുപ്പത്തിരണ്ടാം വാക്യത്തില്‍ പറയുന്നതിങ്ങനെയാണ്: 'അല്ലാഹു നിങ്ങളില്‍ ചിലര്‍ക്ക് മറ്റു ചിലരെക്കാള്‍ ചില അനുഗ്രഹങ്ങള്‍ കൂടുതലായി നല്‍കിയിട്ടുണ്ട്. നിങ്ങള്‍ അതു കൊതിക്കാതിരിക്കുക. പുരുഷന്മാര്‍ക്ക് അവര്‍ സമ്പാദിച്ചതിനനുസരിച്ച വിഹിതമുണ്ട്. സ്ത്രീകള്‍ക്ക് അവര്‍ സമ്പാദിച്ചതിനൊത്ത വിഹിതവും.'
മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പില്‍ പുരുഷന്നും സ്ത്രീക്കും അവരുടേതായ ധര്‍മങ്ങളുണ്ട്; ഒരു കത്രികയുടെ രണ്ട് ബ്ലെയ്ഡുകള്‍ പോലെ. രണ്ട് ദിശകളിലേക്ക് പരസ്പര പൂരകമായി ചലിക്കുന്ന ബ്ലെയ്ഡുകളെ സമത്വത്തിന്റെ പേരില്‍ ഒരേ ദിശയിലേക്കാക്കിയാല്‍ കത്രിക തന്നെ ഇല്ലാതാവുകയാണ് ചെയ്യുക. എന്നതുപോലെ ആണിനെയും പെണ്ണിനെയും ഒന്നാക്കുമ്പോള്‍ മനുഷ്യ സമൂഹത്തിന്റെ നിലനില്‍പിനെയാണത് ബാധിക്കുക. അതിഗുരുതരമായ പ്രത്യാഘാതങ്ങള്‍ അതുണ്ടാക്കും.
ഒന്നാമതായി, സ്ത്രീ പുരുഷന്റെ ഇരയാവുകയാണ് ചെയ്യുക. കാരണം, പുരുഷന്‍ സ്ത്രീയെക്കാള്‍ ബലവാനാണ്. സമൂഹത്തില്‍ സ്ത്രീകളാണ് പുരുഷന്മാരാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നത്, തിരിച്ചല്ല. ഈ തിരിച്ചറിവ് 'പുരോഗമനക്കാര്‍'ക്ക് ഇല്ലാതെ പോകുന്നത് അറിവില്ലാത്തതു കൊണ്ടല്ല. ഏത് സാമാന്യബുദ്ധിക്കും മനസ്സിലാവുന്ന ഈ ലളിത യാഥാര്‍ഥ്യം 'വിദ്യാഭ്യാസ മന്ത്രി'മാര്‍ക്ക് വരെ മനസ്സിലാവാത്തത് അറിവില്ലാത്തതുകൊണ്ടല്ല; തിരിച്ചറിവില്ലാത്തതു കൊണ്ടാണ്.
രണ്ടാമതായി, സ്ത്രീയുടെ അവകാശങ്ങളാണ് നഷ്ടമാവുക. കാരണം, സാമൂഹിക സുരക്ഷയുടെയും മറ്റും ഭാഗമായുള്ള പ്രത്യേക പരിഗണന സ്തീക്ക് ഇല്ലാതാവും. അതോടെ സ്ത്രീ പുരുഷന് തുല്യമാവുകയല്ല ചെയ്യുക. സ്ത്രീയുടെ മേല്‍ പുരുഷന്റെ ആധിപത്യം ഒരു നിയന്ത്രണവുമില്ലാതെ എല്ലായിടത്തും സ്ഥാപിതമാവുകയാണ് ചെയ്യുക. അത് സ്ത്രീകള്‍ക്കുണ്ടാക്കുന്ന ശല്യം സാമാന്യബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാവും. എന്നാല്‍, ചിലര്‍ക്ക് ചില തിരിച്ചറിവുകളുണ്ടാവുക അനുഭവത്തിലൂടെ മാത്രമാണ്. 'കണ്ടറിയാത്തവന്‍ കൊണ്ടറിയും' എന്നൊരു ചൊല്ലുണ്ടല്ലോ.
വനിതാ കണ്ടക്ടര്‍മാരെ പുരുഷന്മാര്‍ ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ, കെ.എസ്.ആര്‍.ടി.സി ബസ്സില്‍ വനിതാ കണ്ടക്ടറുടെ സീറ്റില്‍ പുരുഷന്മാര്‍ ഇരിക്കാന്‍ പാടില്ല എന്ന നിയമം വന്നു. ഈ 'തിരിച്ചറിവ് ' ഗവണ്‍മെന്റിനുണ്ടായത് 'ജെന്‍ഡര്‍ ന്യൂട്രാലിറ്റി' ചര്‍ച്ചക്കിടയിലാണ്!
അന്യ സ്ത്രീ-പുരുഷന്മാരെ ഒന്നിച്ചിരുത്തിയാല്‍ ഇങ്ങനെയൊക്കെയാണ് സംഭവിക്കുക എന്ന ഈ തിരിച്ചറിവ് വിശുദ്ധ ഖുര്‍ആനും പ്രവാചകനും പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ പറഞ്ഞുതന്നിട്ടുണ്ട്. ആധുനിക വിദ്യാസമ്പന്നര്‍ക്ക് അത് തിരിച്ചറിയാന്‍ പക്ഷേ, അനുഭവം വേണ്ടിവരുന്നു! ഇവിടെയാണ് മനുഷ്യന് ദൈവിക മാര്‍ഗദര്‍ശനത്തിന്റെ ആവശ്യം എത്രത്തോളമാണെന്ന് ബോധ്യപ്പെടുക.
ജെന്‍ഡര്‍ ന്യൂട്രാലിറ്റി തകര്‍ത്തുകളയുന്ന മറ്റൊന്ന് കുടുംബമാണ്. അതോടെ കാരുണ്യത്തിന്റെ 'കരുതല്‍ കേന്ദ്ര'മാണ് യഥാര്‍ഥത്തില്‍ തകരുക. കുട്ടികള്‍ക്ക് ലഭിക്കുന്ന വാത്സല്യം, വൃദ്ധര്‍ക്ക് ലഭിക്കുന്ന തലോടല്‍, ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന താങ്ങും തണലും തുടങ്ങി എല്ലാ മാനവിക മൂല്യങ്ങളും കുടുംബത്തില്‍നിന്നാണുണ്ടാവുന്നത്. കുടുംബം തകരുന്നതോടെ ഇത്തരം മാനവിക മൂല്യങ്ങളെല്ലാം പറിച്ചെറിയപ്പെടും. കുടുംബം മനുഷ്യന് എപ്പോഴം താങ്ങും തണലുമാണ്. ഈ അര്‍ഥത്തില്‍ കുടുംബത്തിന്റെ പ്രസക്തി മാനവ സമൂഹത്തിന് ഏറ്റവുമധികം ബോധ്യപ്പെട്ട സന്ദര്‍ഭമായിരുന്നല്ലോ കൊറോണാ കാലം. മാത്രമല്ല, കുടുംബം തകരുന്നതോടെ അഛന്‍ ആരാണെന്നറിയാത്ത 'അനാഥ മക്കള്‍' ജന്മം കൊള്ളും. അതുണ്ടാക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ ചെറുതല്ല. അറിവിന്റെ കാര്യത്തില്‍ മികച്ചുനില്‍ക്കുന്ന അമേരിക്ക അതിന് നല്ലൊരു ഉദാഹരണമാണ്. അവിടെ പിതാവാരാണെന്നറിയാത്ത കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന അനാഥത്വവും ഡിപ്രഷനും, അനന്തരഫലമായുണ്ടാകുന്ന ആത്മഹത്യകളും വലിയ വിഷയമാണിന്ന്. ഇങ്ങനെയുള്ള, 'പിതാവില്ലാത്ത അമേരിക്ക' (Fatherless America) ഉണ്ടായത് അറിവില്ലാത്തതുകൊണ്ടല്ല; തിരിച്ചറിവില്ലാത്തതുകൊണ്ടാണ്. തിരിച്ചറിവില്ലാത്ത 'അറിവുള്ളവര്‍' ചെയ്യുന്ന അരുതായ്മകളുടെ ഇരകളാണിന്ന് അധിക മനുഷ്യരും.
ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഇതു കാണാം. തിരിച്ചറിവ് നല്‍കുന്ന വേദപാഠങ്ങളെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ചേര്‍ത്തുവെക്കലാണ് ഇതിനുള്ള യഥാര്‍ഥ പരിഹാരം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് സൂക്തം: 36-42
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇതര സമൂഹങ്ങളുടെയും നന്മകള്‍ വിലമതിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി