Prabodhanm Weekly

Pages

Search

2023 ജനുവരി 06

3284

1444 ജമാദുൽ ആഖിർ 13

ജീവിതം വര്‍ണാഭമാക്കാം

ടി. മുഹമ്മദ് വേളം

 

കൗമാരം എങ്ങനെ ചെലവഴിക്കാനുള്ളതാണ്? ടീന്‍ ഇന്ത്യ ജില്ലാ സമ്മേളനങ്ങളുടെ പശ്ചാത്തലത്തില്‍ കൗമാരക്കാരുമായി സംവദിക്കുന്നു.

ജീവിതത്തിന്റെ സൗന്ദര്യത്തെ ആഘോഷിക്കുക എന്നത് ഒരു സ്വര്‍ണാഭരണ കമ്പനിയുടെ പരസ്യവാചകമാണ്. പ്രിയപ്പെട്ട കൂട്ടുകാരേ, യഥാര്‍ഥത്തില്‍ ജീവിതത്തിന് വല്ല സൗന്ദര്യവുമുണ്ടോ? ജീവിതം പലപ്പോഴും ഒരു ബോറന്‍ ഏര്‍പ്പാടല്ലേ? വിരസമാകുന്ന പകലുകള്‍, നിറം കെട്ട രാത്രികള്‍ ഒക്കെയാവാറില്ലേ ജീവിതം. ശരിക്കും ഈ ജീവിതത്തിന് വല്ല രസവുമുണ്ടോ? ഉണ്ടെങ്കില്‍ തന്നെ, എന്തിലാണ് ജീവിതത്തിന്റെ രസച്ചാറ് കിടക്കുന്നത്?
'എന്തുവന്നാലും ആസ്വദിച്ചീടണം മുന്തിരിച്ചാറു പോലുള്ളൊരീ  ജീവിതം' എന്ന് ഉമര്‍ ഖയ്യാം പാടുന്നുണ്ട്. ജീവിതത്തിന്റെ മുന്തിരിച്ചാറ്  എവിടെയാണ് കിട്ടുക? ചിലര്‍ അത് ലഹരിയില്‍ തിരയുന്നു. ചിലര്‍ സമ്പത്തില്‍. ഇനിയും ചിലര്‍ പ്രശസ്തിയില്‍, കാമത്തില്‍... പലരും പലതിലും അത് പരതി നടക്കുന്നുണ്ട്. ഒടുവില്‍ അവരെല്ലാം നിരാശരാകുന്നു എന്നതല്ലേ സത്യം. നന്മ ചെയ്യുന്നവരും തിന്മ ചെയ്യുന്നവരും തിരയുന്നത് ജീവിതത്തിന്റെ രസമാണെന്ന് തോന്നുന്നു. കൊലപാതകി കൊല്ലപ്പെടുന്നവന്റെ നിസ്സഹായമായ പിടച്ചിലില്‍ രസം കണ്ടെത്തുന്നു; ജീവന്‍ രക്ഷാപ്രവര്‍ത്തകര്‍ തങ്ങളുടെ കൈത്താങ്ങിനാല്‍ കരകയറുന്ന ജീവനിലും.
സത്യത്തെ മനസ്സിലാക്കുന്നതിലാണ് ജീവിതത്തിന്റെ പരമമായ രസമിരിക്കുന്നത്; അതിനെ  സാധ്യമാവുന്നത്ര അനുധാവനം ചെയ്യുന്നതിലും. കള്ള് കുടിക്കുന്നതില്‍ ലഹരിയുണ്ടായിരിക്കാം, അതിനെക്കാള്‍ വലിയ ത്രില്ല് പ്രലോഭനങ്ങള്‍ക്കു നടുവില്‍ ലഹരി രുചിക്കാതിരിക്കുന്നതിലുണ്ട്. രക്തം തിളക്കുമ്പോള്‍ ആക്രമിക്കുന്നതില്‍ ഒരു രസമൊക്കെയുണ്ട്. പക്ഷേ, അത് നമുക്ക് പിന്നെയും പിന്നെയും സംതൃപ്തി നല്‍കില്ല. മനസ്സാക്ഷിക്കുത്തിന്റെ ചാട്ടവാറടികള്‍ തന്നുകൊണ്ടിരിക്കുകയും ചെയ്യും. സംതൃപ്തി എന്നത് ആവര്‍ത്തിച്ചു ലഭിക്കുന്ന സന്തോഷത്തിന്റെ മറ്റൊരു പേരാണ്. നന്മക്ക് മാത്രം സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു ഇന്ദ്രജാലമാണിത്. ഒരു പ്രവൃത്തിക്ക് പലവട്ടം സന്തോഷം നല്‍കാന്‍ കഴിയുന്ന മാന്ത്രികത.
സ്വാതന്ത്ര്യം ഇന്ന് മനുഷ്യരെ ഏറ്റവും കൊതിപ്പിക്കുന്ന ആശയമാണ്. 'സ്വാതന്ത്ര്യം തന്നെ അമൃതം, പാരതന്ത്ര്യം മാനികള്‍ക്കു മൃതിയെക്കാള്‍ ഭയാനകം' എന്നത് നൂറ് ശതമാനം ശരിയാണ്. അടിമത്തത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് നാം സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലേക്ക് പറന്നുയരുന്നത് എന്തിനാണ്? സ്വാതന്ത്ര്യം സ്വാതന്ത്ര്യത്തിനുവേണ്ടി എന്നതാണ് ലിബറലിസത്തിന്റെ ഉത്തരം. അപ്പോള്‍ സ്വാഭാവികമായും സ്വാതന്ത്ര്യം ലഹരി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമായി അധഃപതിക്കുന്നു. മറ്റു തെറ്റുകള്‍ ചെയ്യാനുള്ള അവകാശമായി അത് മാറുന്നു. സ്വാതന്ത്ര്യം സ്വാതന്ത്ര്യത്തിനുവേണ്ടി എന്ന ആശയത്തിന്റെ സ്വാഭാവിക പരിണതിയാണിത്. ഇസ്ലാമിക കാഴ്ചപ്പാടില്‍ സ്വാതന്ത്ര്യം സ്വാതന്ത്ര്യത്തിനുവേണ്ടിയല്ല; നന്മക്കു വേണ്ടിയാണ്. നാം നേടിയെടുക്കുന്ന, അല്ലെങ്കില്‍ നമുക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തെ നന്മ ചെയ്യാനുള്ള അവസരമാക്കി ഉപയോഗിക്കുമ്പോഴാണ് സ്വാതന്ത്ര്യം അര്‍ഥവത്തായിത്തീരുന്നത്. അല്ലെങ്കില്‍ സ്വന്തം നാശത്തിന്റെ കുഴി അവനവന്‍ തന്നെ തോണ്ടുന്നു എന്നതാണ് സംഭവിക്കുക. അതിനുള്ള അവകാശം മഹത്തായ കാര്യമായി മാറുകയും ചെയ്യും.
മറ്റുള്ളവര്‍ക്ക് ദോഷമില്ലാത്ത എന്തും  വ്യക്തിക്കോ വ്യക്തികള്‍ക്കോ ചെയ്യാം എന്നതാണ് ലിബറലിസത്തിന്റെ ധാര്‍മിക കാഴ്ചപ്പാട്. ഈ ആശയം തന്നെ ഒരു കെട്ടുകഥയാണ്. മറ്റുള്ളവരെ ബാധിക്കാത്ത ഒരു കാര്യവും ആരും ചെയ്യുന്നില്ല. ആര്‍ക്കും ചെയ്യാന്‍ കഴിയില്ല; ചെയ്യുന്നത് നന്മയാവട്ടെ, തിന്മയാവട്ടെ. പ്രിയപ്പെട്ട കൂട്ടുകാരേ, നിങ്ങള്‍ ബട്ടര്‍ഫ്ളൈ ഇഫക്ട് എന്ന് കേട്ടിട്ടില്ലേ? ആഫ്രിക്കയിലെ ഒരു കാട്ടില്‍ ഒരു പൂമ്പാറ്റ ചിറകടിച്ചാല്‍ അതിന് നമ്മുടെ നാട്ടില്‍ ഇഫക്ട് ഉണ്ടാവുമെന്നത് ശാസ്ത്രീയ സത്യമാണ്. പൂമ്പാറ്റയുടെ ചിറകടിയുടെ കാര്യത്തില്‍ മാത്രമല്ല, ജൈവ മണ്ഡലത്തില്‍ എന്തിനും ബാധകമായ കാര്യമാണത്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഈ സത്യം ബാധകമാണ്. ഒരാള്‍ അവന്റെ / അവളുടെ സ്വകാര്യജീവിതത്തില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്;  അതില്‍ മറ്റാരും ഇടപെടേണ്ടതില്ല എന്ന ലിബറല്‍ വാദം എത്ര അര്‍ഥശൂന്യമാണ്. ഒരാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് അവനുമായി /അവളുമായി ബന്ധപ്പെട്ട എത്രയോ പേരെ ബാധിക്കുന്ന കാര്യമാണ്. മക്കളാണെങ്കില്‍ മാതാപിതാക്കളെ, മാതാപിതാക്കളാണെങ്കില്‍ മക്കളെ, വിദ്യാര്‍ഥിയാണെങ്കില്‍ വിദ്യാലയത്തെ, തൊഴിലാളിയാണെങ്കില്‍ തൊഴിലിടത്തെ, മൊത്തത്തില്‍ രാഷ്ട്രത്തെ, സമൂഹത്തെ ഒക്കെ അത് ബാധിക്കുന്നു. ആരെയും ബാധിക്കുന്നില്ല എന്ന കളവിന്റെ പുറത്ത് നിങ്ങള്‍ക്ക് എന്തും ചെയ്യാം എന്ന തത്ത്വം അവര്‍ പടുത്തുയര്‍ത്തുന്നു.
ജീവിതത്തിന്റെ രസം നന്മയിലാണ്. നന്മ മനസ്സിലാക്കുകയും അത് ജീവിതത്തില്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നതിലാണ് ജീവിതത്തിന്റെ സൗന്ദര്യമിരിക്കുന്നത്. എല്ലാ നന്മയും അല്ലാഹുവില്‍നിന്നാണ് പുറപ്പെടുന്നത്. നന്മയെ നന്മയെന്നും തിന്മയെ തിന്മയെന്നും വിധിക്കുന്നതും അവനാണ്. അവന്‍ വിധിച്ചതുകൊണ്ടാണ് നന്മ നന്മയായത്, തിന്മ തിന്മയായത്. അല്ലാഹുവിനെ അറിയുക, അനുധാവനം  ചെയ്യുക എന്നതിലാണ് ജീവിതത്തിന്റെ സൗന്ദര്യം കുടികൊള്ളുന്നത്. അപ്പോഴാണ് ജീവിതം വര്‍ണാഭമായിത്തീരുന്നത്. ആ വര്‍ണം അവര്‍ക്കും മറ്റുള്ളവര്‍ക്കും ഭൂമിക്കും ഉപകാരപ്പെടുന്ന വര്‍ണമാണ്. നന്മ ഭൂമിക്കു തന്നെ ഉപകാരമായി മാറുന്നതിന്റെ കാരണം അത് ദൈവത്തിന്റെ വര്‍ണമാണ് എന്നതാണ്. ഈ വര്‍ണം കൊണ്ടാണ് നാം ജീവിതത്തെ ആഘോഷമാക്കി മാറ്റേണ്ടത്. ദൈവത്തിന്റെ വര്‍ണംകൊണ്ട് നാം ജീവിതത്തിന് നിറം കൊടുക്കുക, അപ്പോള്‍ നമ്മുടെ ജീവിതം നമുക്കും മറ്റു മനുഷ്യര്‍ക്കും പ്രകൃതിക്കും ഉപകാരമുള്ളതായി മാറും. നാം ജീവിതത്തിന് ലിബറലിസത്തിന്റെ നിറം നല്‍കുമ്പോള്‍ നാം നമ്മോട് തന്നെ അക്രമം ചെയ്യാന്‍ തുടങ്ങും. ലഹരി നമ്മെ മാടിവിളിക്കും. നാം ഓടിച്ചെല്ലും. കാരണം, അതില്‍നിന്ന് നമ്മെ തടയുന്ന ഒരു ക്രിയാത്മകതയും ലിബറലിസത്തിലില്ല.
അല്ലാഹുവിന്റെ വര്‍ണം എന്നാല്‍ കളിയും തമാശയും ഇല്ലാത്ത ജീവിതമല്ലേ എന്ന അബദ്ധ ധാരണ നമ്മില്‍ പലര്‍ക്കും ഉണ്ടാകാം. ഒട്ടും കളര്‍ഫുള്‍ അല്ലാത്ത നരച്ച ജീവിതമല്ലേ അത് എന്ന സന്ദേഹമുണ്ടാകാം.  ഇസ്ലാമിക ജീവിതത്തില്‍ ഗൗരവമുള്ള കാര്യങ്ങള്‍ മാത്രമല്ല ഉള്ളത്, ഗൗരവം കുറഞ്ഞവയും കളിയും തമാശയും ഒക്കെയുണ്ട്. നബി കളികളില്‍ ഏര്‍പ്പെടുകയും കളികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. തമാശകള്‍ പറയുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. കായിക വിനോദങ്ങളെ അവിടുന്ന് പുണ്യ പ്രവൃത്തികളായി പ്രഖ്യാപിച്ചു. ഒരു മുസ്ലിം രാജ്യം ആഗോള കാല്‍പ്പന്ത് മഹാമേളക്ക് ആതിഥ്യമരുളിയത് ഇസ്ലാമില്‍നിന്നുള്ള തിരിഞ്ഞുനടത്തമല്ല,  ഇസ്ലാമിക സംസ്‌കാരത്തിലേക്കുള്ള ചേര്‍ത്തുവെക്കലാണ്. പ്രവാചകന്‍ ദുര്‍ബലരില്‍ ദുര്‍ബലനായിരുന്നില്ല. ശക്തരില്‍ ശക്തനായിരുന്നു; മനസ്സുകൊണ്ടും ശരീരംകൊണ്ടും. വിനോദത്തെ കുറിച്ച് ഇസ്ലാമിന് പറയാനുള്ളത്, പാചകക്കുറിപ്പില്‍ ഉപ്പിനെ കുറിച്ച് പറയുന്നതുപോലെയാണ്. വിനോദം പാകത്തിന്. വിനോദം തന്നെ ജീവിതത്തിന്റെ ആദര്‍ശമായി മാറരുത്. ജീവിതം ഒരു മൂല്യബോധവും ഇല്ലാതെ ആസ്വദിക്കാനുള്ളതാണ് എന്നതാവരുത് ജീവിതാസ്വാദനത്തിന്റെ തത്ത്വശാസ്ത്രം.  മതത്തെ കളിയും തമാശയും ആക്കിയവര്‍ക്ക് സ്വര്‍ഗം നിഷിദ്ധമാക്കപ്പെടുന്നതിനെ കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്.(അല്‍അഅ്‌റാഫ് 51).
അതുപോലെത്തന്നെയാണ് കളിയെയും തമാശയെയും മതമാക്കി മാറ്റുക എന്നതും;  അഥവാ, ജീവിത തത്ത്വശാസ്ത്രമാക്കി മാറ്റുക എന്നത്. വിനോദം തന്നെ ഒരു ആദര്‍ശമായി മാറരുത്. ആദര്‍ശത്തിന്റെ അതിരുകള്‍ ഭേദിക്കാത്ത വിനോദങ്ങള്‍ ഉണ്ടാവുകയും വേണം. അതിരുകളും നിയമങ്ങളും ആണല്ലോ ഫുട്ബോള്‍ പോലുള്ള ഒരു കായികവിനോദത്തെ തന്നെ സൃഷ്ടിക്കുന്നത്. ഒരു അതിരും നിയമവും ഇല്ലെങ്കില്‍ എങ്ങനെയാണ് കാല്‍പന്തുകളി സാധ്യമാവുക. ഫുട്ബോളിന്റെ ലഹരിക്കപ്പുറം അത് പകര്‍ന്നുനല്‍കുന്ന ജീവിതപാഠം ജീവിതത്തിന് ചില അതിരുകളും നിയമങ്ങളും ഉണ്ടാവണം എന്നതാണ്.
  കൂട്ടുകാരേ, ജീവിതം രസകരമാകുന്നത് അതിന് ഉദാത്തമായ ചില ഉന്നങ്ങള്‍ ഉണ്ടാവുമ്പോഴാണ്. ലക്ഷ്യരഹിത ജീവിതത്തെക്കാള്‍ വിരസമായ മറ്റേത് ജീവിതമാണുള്ളത്. ലക്ഷ്യത്തിലേക്ക് എത്ര ചെറുതാണെങ്കിലും ചില ചുവടുകള്‍ നടന്നടുത്തു ഉറങ്ങുമ്പോഴാണ് ആ ദിവസവും ഉറക്കവും സംതൃപ്തികരമാവുന്നത്. ഉണരുന്നത് ലക്ഷ്യത്തിലേക്ക് പുതിയ ചുവടുകള്‍ വെക്കാനാവുമ്പോഴാണ് പ്രഭാതം ഉന്മേഷകരമാകുന്നത്. നമസ്‌കാരം ഉറക്കത്തെക്കാള്‍ ഉത്തമമാണ് എന്ന് എല്ലാ ഉദയങ്ങള്‍ക്കും മുമ്പ് മിനാരങ്ങള്‍ വിളിച്ചു പറയുന്നില്ലേ? പ്രഭാതം സുന്ദരമാവുന്നത് അതിന് അല്ലാഹുവിന്റെ നിറം നല്‍കുമ്പോഴാണ്. ഖുര്‍ആനിന്റെ പ്രഭാതം ദൈവത്തിങ്കല്‍ സാക്ഷിയാണ് എന്ന് ഖുര്‍ആന്‍ തന്നെ പറയുന്നുണ്ടല്ലോ.  വെറും പ്രഭാതമല്ല, ഖുര്‍ആനിന്റെ പ്രഭാതമാണ്. പുലര്‍വേളക്ക് നമസ്‌കാരത്തിന്റെയും ഖുര്‍ആനിന്റെയും അര്‍ഥം നല്‍കി നാം ദീപ്തമാക്കണം.
തെറ്റിന് സൗന്ദര്യം ഉണ്ടെന്നത് പിശാചിന്റെ ദുര്‍ബോധനം മാത്രമാണ്. തെറ്റിനെ ശരിയായി അവതരിപ്പിക്കുക എന്നതാണ് പിശാച് എപ്പോഴും ചെയ്യുന്നത്. അങ്ങനെയാണ് പിശാച് ആദമിനെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയത്. തെറ്റിനെ തെറ്റാണെന്ന് തിരിച്ചറിഞ്ഞേ നമുക്ക് സ്വര്‍ഗം തിരിച്ചുപിടിക്കാന്‍ കഴിയൂ. നമ്മുടെ മനസ്സാക്ഷിയും ഈ പ്രപഞ്ചവും നമുക്ക് സ്വര്‍ഗത്തിലേക്കുള്ള വഴി പറഞ്ഞുതരുന്നുണ്ട്. അതു കേള്‍ക്കാന്‍ കാതു വേണം എന്നു മാത്രം. പ്രവാചകന്മാര്‍ പഠിപ്പിച്ചത്, വേദഗ്രന്ഥങ്ങള്‍ ഓര്‍മപ്പെടുത്തുന്നത്, നമ്മുടെ മനസ്സാക്ഷി തന്നെ സാക്ഷ്യപ്പെടുത്തുന്നത് നഷ്ടസ്വര്‍ഗത്തിലേക്കുള്ള ഈ വഴിയാണ്. പിശാചും കേവല സ്വാതന്ത്ര്യവാദങ്ങളും നരകത്തിലേക്കാണ് നമ്മുടെ കൈ പിടിക്കുന്നത്. ദുനിയാവില്‍തന്നെ അവര്‍ തീര്‍ക്കുന്നത് നരകമാണ്; പരലോകത്ത് പരമമായ നരകവും.
സ്വാതന്ത്ര്യത്തിന്റെ കാന്‍വാസില്‍ നാം വരക്കേണ്ടത് നന്മയുടെ ചിത്രങ്ങളാണ്. അപ്പോഴാണ് നാം ജീവിതത്തെ മനോഹരമാക്കുന്ന കലാകാരന്മാരും കലാകാരികളുമാവുക.
ഇസ്ലാമില്‍ ആരാധനകളുണ്ട്. അവ വളരെ പ്രധാനമാണ്.  അല്ലാഹുവിലേക്ക് നമ്മെ ബന്ധിപ്പിക്കുന്ന ചരടുകളാണവ. നമസ്‌കാരം അല്ലാഹുവുമായുള്ള അഭിമുഖ സംഭാഷണമാണ്. അവനിലേക്കുള്ള ആകാശാരോഹണമാണ്. സകാത്ത് സമ്പത്തിന്റെ സംസ്‌കരണവും ആരോഗ്യകരമായ വളര്‍ച്ചയുമാണ്. നോമ്പ് ആത്മസംസ്‌കരണത്തിനുള്ള ദൈവികമായ പദ്ധതിയാണ്. ഹജ്ജ് ഒരുപാട് ആരാധനകള്‍ ഉള്‍ക്കൊള്ളുന്ന വലിയ ആരാധനയാണ്. എന്നാല്‍, ആരാധന മാത്രമല്ല ഇസ്‌ലാം. അത് ജീവിതമാണ്. ആരാധനകള്‍ക്കുവേണ്ടി മാത്രമല്ല അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത്. ഞങ്ങള്‍ നിരന്തരം ആരാധനകള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കെ എന്തിനാണ് മനുഷ്യനെ പടക്കുന്നത് എന്ന് മാലാഖമാര്‍ അല്ലാഹുവിനോട് ചോദിക്കുന്നുണ്ടല്ലോ. അല്ലാഹു ആദിമനുഷ്യനായ ആദമിനെ എല്ലാ പേരുകളും പഠിപ്പിച്ചു. മാലാഖമാരോട് ഈ പേരുകള്‍ പറയാന്‍ അല്ലാഹു ആവശ്യപ്പെട്ടു. നീ പരിശുദ്ധനാണ്, നീ പഠിപ്പിച്ചതല്ലാതൊന്നും ഞങ്ങള്‍ക്കറിയില്ലെന്ന് അവര്‍ പറഞ്ഞു. എന്തുകൊണ്ടാണ് അല്ലാഹു മലക്കുകളെ ആ നാമങ്ങള്‍ പഠിപ്പിക്കാതിരുന്നത്? ആ പേരുകള്‍ ഭാഷയാണ്. ഭൂമിയില്‍ ജീവിതം കെട്ടിപ്പടുക്കുന്നവര്‍ക്കുള്ള അടിയാധാരമാണത്. അവരെ മാത്രമേ പഠിപ്പിക്കേണ്ടതുള്ളൂ. ശാസ്ത്രത്തിന്റെയും കലയുടെയും സാമൂഹിക ശാസ്ത്രത്തിന്റെയും എല്ലാം അടിസ്ഥാനം ഭാഷയാണ്. ദൈവം നല്‍കിയ ഭാഷയിലൂടെ ഇതെല്ലാം കെട്ടിപ്പടുക്കാനാണ് അവന്റെ പ്രതിനിധിയായി മനുഷ്യനെ ഭൂമിയിലേക്ക് പടച്ചു പറഞ്ഞയച്ചത്. ആരാധന മാത്രമല്ല, ശാസ്ത്രവും കലയും കൃഷിയും വ്യവസായവും വാണിജ്യവും എല്ലാമുള്ള ഒരു നാഗരികതയെയാണ് ഇസ്ലാം വിഭാവന ചെയ്യുന്നത്. അതിന്റെ ഒത്ത നടുവില്‍ ആരാധനകളുമുണ്ട്. അതുകൊണ്ടാണ്, പല മതങ്ങളിലും ആരാധനാലയങ്ങള്‍ വിജന പ്രദേശങ്ങളിലും ഗിരിശൃംഗങ്ങളിലുമായിരിക്കുമ്പോള്‍ ഇസ്ലാമിലെ പള്ളികള്‍ ജനജീവിതത്തിന്റെ തിരക്കുകള്‍ക്കു നടുവിലാകുന്നത്. ഇസ്ലാമിക നാഗരികതയില്‍ ആരാധനകള്‍  ഇസ്ലാമിക ജീവിതത്തിന്റെ ഹൃദയമാണ്. കലയെയും ശാസ്ത്രത്തെയും വ്യവസായത്തെയും കൃഷിയെയും രാഷ്ട്രീയത്തെയുമെല്ലാം ആരാധനകള്‍ നിരന്തരം ശുദ്ധീകരിച്ചുകൊണ്ടിരിക്കും. അപ്പോള്‍ അതിനെല്ലാം ദൈവത്തിന്റെ നിറം കൈവരും. ദൈവത്തിന്റെ നിറത്തില്‍ ജീവിക്കുന്നതിന്റെ പേരാണ് ഇസ്ലാമിക ജീവിതം.  ജീവിതത്തിന്റെ ഏറ്റവും വലിയ മനോഹാരിതയാണത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് സൂക്തം: 36-42
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇതര സമൂഹങ്ങളുടെയും നന്മകള്‍ വിലമതിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി