Prabodhanm Weekly

Pages

Search

2023 ജനുവരി 06

3284

1444 ജമാദുൽ ആഖിർ 13

 ചിന്താധാരകളുടെ കുഴമറിച്ചില്‍

അഫ്ഗാനിസ്താനിലെ താലിബാന്‍ രണ്ടാം തവണ അധികാരം പിടിച്ചെടുത്തിട്ട് പതിനാറ് മാസങ്ങള്‍ കഴിഞ്ഞു. ഭരണത്തിന്റെ ഒന്നാം ഊഴത്തില്‍ ഉണ്ടായിരുന്ന കടുത്ത നിലപാടുകളില്‍ അയവുണ്ടാവുമെന്ന് തുടക്കത്തില്‍ പ്രതീക്ഷ ജനിപ്പിച്ചെങ്കിലും പ്രയോഗത്തില്‍ അവരുടെ നയങ്ങള്‍ കൂടുതല്‍ തീവ്രവും പിന്തിരിപ്പനുമായി മാറുകയാണുണ്ടായത്. മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ താലിബാനില്‍ ഉണ്ടെങ്കിലും സിദ്ധാന്തശാഠ്യക്കാര്‍ക്കാണ് ഇപ്പോഴും വ്യക്തമായ മേല്‍ക്കൈ. സ്ത്രീവിദ്യാഭ്യാസത്തിനെതിരെയാണ് അവര്‍ കൊടുവാള്‍ എടുത്തിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പെണ്‍കുട്ടികള്‍ പഠിക്കാന്‍ യൂനിവേഴ്‌സിറ്റികളില്‍ വരണ്ട എന്ന തിട്ടൂരമാണ് ഒടുവിലത്തേത്. മാസങ്ങള്‍ക്ക് മുമ്പ് സെക്കന്ററി സ്‌കൂളുകള്‍ തുറന്നുകൊടുത്തപ്പോള്‍ അത് ആണ്‍കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. പെണ്‍കുട്ടികള്‍ വീട്ടില്‍ ഇരുന്നാല്‍ മതിയെന്ന് പ്രസ്താവനയിറക്കി. എന്‍.ജി.ഒകളില്‍ സ്ത്രീകള്‍ ജോലിക്ക് പോകുന്നതിനും വിലക്ക് വീണിരിക്കുന്നു. ഇതൊക്കെയും തങ്ങള്‍ ചെയ്യുന്നത് ഖുര്‍ആന്റെയും നബിചര്യയുടെയും അടിസ്ഥാനത്തിലാണെന്ന് താലിബാന്‍ അവകാശപ്പെടുകയും ചെയ്യുന്നു. അത്യന്തം വികലവും അപകടകരവുമായ ഇത്തരം നീക്കങ്ങളെ ലോകത്തെ മറ്റു മുസ്‌ലിം സംഘടനകളോ പണ്ഡിതന്മാരോ അംഗീകരിക്കുന്നില്ല. സ്ത്രീവിദ്യാഭ്യാസത്തെ ഒരു മുസ്‌ലിം രാഷ്ട്രവും വിലക്കുന്നില്ല എന്നു മാത്രമല്ല, വളരെയധികം പ്രോത്സാഹിപ്പിക്കുകയേ ചെയ്യുന്നുള്ളൂ. സ്വൂഫി, സലഫി, ഇഖ്‌വാനി ചിന്താധാരകള്‍ തമ്മില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല; അവ തമ്മില്‍ രീതികളിലും ഊന്നലുകളിലും ചില അന്തരങ്ങളുണ്ട് എന്നേയുള്ളൂ.
സ്ത്രീവിദ്യാഭ്യാസത്തെ കര്‍ശനമായി വിലക്കുന്ന താലിബാന്‍  മേല്‍പ്പറഞ്ഞ മൂന്ന് മുഖ്യ ചിന്താധാരകളിലും പെടുന്നില്ലെങ്കില്‍, പിന്നെ ഏത് ധാരയെയാണ് അവര്‍ പ്രതിനിധാനം ചെയ്യുന്നത് എന്ന ചോദ്യമുയരുക സ്വാഭാവികമാണ്. തങ്ങള്‍ ദയൂബന്ദി ധാരയെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് താലിബാന്റെ വാദം. ഒന്നര നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ പ്രതികരണമെന്നോണം ഉത്തര്‍പ്രദേശില്‍ രൂപംകൊണ്ട ദാറുല്‍ ഉലൂം എന്ന മത കലാലയത്തിന്റെ സാരഥികളുടെ കാഴ്ചപ്പാടുകളാണ് പിന്നീട് ദയൂബന്ദി ധാരയായി വികസിച്ചത്. യാഥാസ്ഥിതിക കാഴ്ചപ്പാടുകളും സ്വൂഫി ചായ്‌വുമൊക്കെ ഉണ്ടെങ്കിലും അന്നും ഇന്നും താലിബാന്റെ പാതയിലേ ആയിരുന്നില്ല ഇന്ത്യയിലെ ദയൂബന്ദ് ചിന്താധാര. താലിബാന്‍ ചിന്തകളെ ദയൂബന്ദുമായി ബന്ധിപ്പിക്കുന്നതിനെ ദാറുല്‍ ഉലൂമിന്റെ സാരഥികള്‍ തീരെ ഇഷ്ടപ്പെടുന്നുമില്ല. ചരിത്രത്തിലെ ചില ആകസ്മികതകളാണ് ഈ വിഛേദത്തിന് കാരണമായിരിക്കുന്നത്. ഇന്ത്യാ വിഭജനത്തിന് ശേഷം പാകിസ്താനില്‍ ദയൂബന്ദി മദ്‌റസകള്‍ എന്ന പേരില്‍ ധാരാളം സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നു. അവക്ക് ഇന്ത്യയിലെ മാതൃ സ്ഥാപനവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും മത, രാഷ്ട്രീയ സംഭവ വികാസങ്ങളാണ് ആ ദയൂബന്ദി മദ്‌റസകളുടെ ആശയ പരിസരം നിര്‍ണയിച്ചത്. ഈ മദ്‌റസകളില്‍നിന്ന് പഠിച്ചിറങ്ങിയവരാണ് താലിബാന്‍ എന്ന പേരില്‍ സംഘടിച്ചത്. അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശത്തിനെതിരെ അമേരിക്കയുടെയും സുഊദി അറേബ്യയുടെയും സഹായത്തോടെ പട നയിച്ചവരിലും മുഖ്യമായും പഷ്തൂണ്‍ വിഭാഗക്കാരായ ഇവരുണ്ടായിരുന്നു. ഇത് താലിബാനില്‍ തീവ്ര സലഫിസത്തിന്റെ സ്വാധീനം വര്‍ധിക്കാനിടയാക്കി എന്ന് ചില പാശ്ചാത്യ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാലിത് ദയൂബന്ദിസമല്ല, അതുമായി കാര്യമായ ബന്ധമില്ലാത്ത നിയോ - ദയൂബന്ദിസമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. പഷ്തൂണ്‍ ഗോത്രാചാരങ്ങളാണ് താലിബാന്റെ ആശയപരിസരത്തെ രൂപപ്പെടുത്തിയ മറ്റൊരു പ്രധാന ഘടകം.
ചിന്താധാരകളുടെ ഈ കുഴമറിച്ചിലുകള്‍ മുസ്‌ലിം ലോകത്തുടനീളം കാണാനുണ്ട്. പലപ്പോഴും അതിനുള്ള കാരണം ആശയപരമായിരിക്കില്ല, രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളായിരിക്കും. പശ്ചിമേഷ്യയിലെ സാമ്രാജ്യത്വ ഇടപെടലുകളും അവിടത്തെ ഏകാധിപത്യ ഭരണകൂടങ്ങളുമാണ് അല്‍ഖാഇദയുടെയും ഐ.എസിന്റെയും ആവിര്‍ഭാവത്തിന് മുഖ്യ കാരണങ്ങള്‍. അവയുടെ വിധ്വംസക പ്രവൃത്തികള്‍ സലഫീ ധാരയുമായി ഒട്ടും ഒത്തുപോകുമായിരുന്നില്ല. എന്നിട്ടും പാശ്ചാത്യര്‍ അവയുടെ ആശയധാരയെ 'ജിഹാദി സലഫിസം' എന്ന് അധിക്ഷേപിച്ചു. ഭരണകൂടത്തിന്റെ സകല കൊള്ളരുതായ്മകളെയും കണ്ടില്ലെന്ന് നടിച്ച് മൗനം പൂണ്ടിരിക്കുകയോ, പ്രമാണങ്ങളെ അവക്കൊത്ത് വ്യാഖ്യാനിക്കുകയോ ചെയ്യുന്നതും സലഫിസത്തിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്കെതിരാണ്. പക്ഷേ, പലേടത്തും അത്തരം പ്രവണതകള്‍ കണ്ടുവരുന്നു. ഫാഷിസം പിടിമുറുക്കുന്ന കാലത്ത് പരോക്ഷമായി അതിന് ശക്തി പകരുന്നതോ മുസ്‌ലിം സമുദായത്തിന്റെ അതിജീവന പോരാട്ടങ്ങളെ തളര്‍ത്തുന്നതോ ആയ ഒരു നിലപാടും സംഘടനകള്‍ സ്വീകരിക്കില്ല എന്നാണ് നാം പ്രതീക്ഷിക്കുന്നത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് സൂക്തം: 36-42
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇതര സമൂഹങ്ങളുടെയും നന്മകള്‍ വിലമതിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി