Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 30

3283

1444 ജമാദുല്‍ ആഖിര്‍ 06

പക്ഷികളല്ല, ബോംബുകളാണ് ഞങ്ങളെ വിളിച്ചുണര്‍ത്തുന്നത്

മെഹദ് മഖ്ബൂല്‍

ചാരന്‍മാരാണെന്ന സംശയമുനയില്‍ ജീവിക്കേണ്ടി വരുന്ന മനുഷ്യരുണ്ട് ഒരിടത്ത്; സിറിയയില്‍. ദിവസവും തോക്കും ബോംബും കണ്ട് കണ്ട്  അവരുടെ കണ്ണ് തഴമ്പിച്ചിട്ടുണ്ട്.  ഓരോ ബോംബ് പൊട്ടുമ്പോഴും  അതെന്ത് തരം ബോംബാണെന്ന് അവിടത്തെ ചെറിയ കുട്ടികള്‍ക്ക് പോലും കൃത്യമാണ്. 
സ്‌കൂളുകള്‍ പോലും തകര്‍ക്കപ്പെട്ട ബാല്യത്തിന് നിത്യവും കിട്ടുന്ന വിദ്യാഭ്യാസം കുരുതികളുടേതാണെന്ന് ലോകത്തോട് സങ്കടം പറയുകയാണ് ഡിയര്‍ വേള്‍ഡ് എന്ന പുസ്തകത്തിലൂടെ ബനാ അല്‍ ആബിദ്. പിടികിട്ടാത്ത അനുഭവങ്ങളിലേക്കാണ് ഈ ഏഴു വയസ്സുകാരി നമ്മെ വഴിനടത്തുന്നത്. ദുആ ചെയ്യണേ എന്നവള്‍ നമ്മുടെ കൈ പിടിക്കുന്നു.
ബനായും ഉമ്മയും അനിയനും വല്യുമ്മായുടെ വീട്ടില്‍ ഇരിക്കുമ്പോഴാണ് ബാബയെ ബശ്ശാറുല്‍ അസദിന്റെ മുഖാബറാത്ത്/രഹസ്യപ്പോലീസ് പിടിച്ചുകൊണ്ടു പോയെന്ന് അവരറിയുന്നത്. ചാരനെന്നും പറഞ്ഞാണ് ബാബയെ കൊണ്ടുപോയത്. എന്റെ ഉപ്പ ചാരനല്ല, വക്കീലാണെന്ന് ബനാ തേങ്ങുന്നു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ബാബയെ വിട്ടയക്കുന്നത്.
എന്തിനാണിവരിങ്ങനെ നമുക്ക് മീതെ ബോംബിടുന്നത്.. എന്തിനാണ് നമ്മെ കൊല്ലാന്‍ നോക്കുന്നത്. അവള്‍ നിരന്തരം ഉമ്മയോട് ചോദിച്ചു. ഉമ്മാക്കും അതെന്തിനെന്ന് അറിയില്ലായിരുന്നു. 
ആണുങ്ങളെല്ലാം ഗവണ്‍മെന്റിന് വേണ്ടി യുദ്ധം ചെയ്യേണ്ടതുണ്ടായിരുന്നു. അല്ലെങ്കില്‍ റെബലെന്നും പറഞ്ഞ് മുഖാബറാത്ത് പിടിച്ചു കൊണ്ടു പോകും. 
അന്ന് ബലിപെരുന്നാളായിരുന്നു. പുറത്ത് വെടിയൊച്ച കേള്‍ക്കാം. വീടുകള്‍ക്ക് നേരെ പട്ടാളക്കാര്‍ വെടി വെക്കുകയാണ്. മണിക്കൂറുകളോളമാണ് അവര്‍ വീടിനകത്ത് ഒളിച്ചിരുന്നത്. ഞങ്ങള്‍ സിവിലിയന്‍സ് ആണെന്നും എന്തിനാണ് ഞങ്ങളെ വെടിവെക്കുന്നതെന്നും ഒരാള്‍ അലറുന്നുണ്ടായിരുന്നു. അഞ്ചുമിനിറ്റിനകം വീട് വിടാന്‍ പട്ടാളക്കാര്‍ ആജ്ഞാപിക്കുന്നത് കേട്ടു. ബനായുടെ കുടുംബം വീട് വിട്ട് പുറത്തേക്കോടി. പുറത്താകട്ടെ നല്ല ഇരുട്ടും തണുപ്പുമായിരുന്നു. സ്വസ്ഥമായി ജീവിക്കാന്‍ ഇനി എവിടെ പോകും എന്ന അങ്കലാപ്പിലായിരുന്നു അവര്‍. കുറച്ച് ദിവസം കഴിഞ്ഞ് സാധനങ്ങളെല്ലാം എടുക്കാന്‍ അവരാ വീട്ടിലേക്ക് ചെന്നപ്പോഴേക്കും കമ്പ്യൂട്ടറും ടിവിയുമെല്ലാം പട്ടാളക്കാര്‍ കൊണ്ടുപോയിരുന്നു. 
സ്‌കൂളില്‍ പോകാന്‍ ബനായ്ക്ക് ഇഷ്ടമായിരുന്നു; നിറം കൊടുക്കാനും വായിക്കാനും പഠിക്കാനുമെല്ലാം. യുദ്ധം തുടങ്ങിയതില്‍ പിന്നെ ആരും സ്‌കൂളില്‍ പോകാതായി. അതൊട്ടും സുരക്ഷിതമായിരുന്നില്ല. സ്‌കൂളുകള്‍ക്ക് മീതെയും പട്ടാളക്കാര്‍ ബോംബിടുമായിരുന്നു. പുറത്ത് നീന്താനോ പാര്‍ക്കില്‍ പോകാനോ ആര്‍ക്കും പറ്റാതായി. ഏറ്റവും അടുത്ത ഫ്രണ്ട് യാസ്മിനെ കാണാനും പറ്റുന്നില്ല. 
പക്ഷികള്‍ വിളിച്ചുണര്‍ത്തുംപോലെ എല്ലാ ദിവസവും ബോംബുകളുടെ ശബ്ദം കേട്ടാണ് അവരിപ്പോള്‍ എഴുന്നേല്‍ക്കാറ്. ബോംബിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ അവര്‍ ബേസ്‌മെന്റില്‍ ഓടിയൊളിക്കും. വീടിന്റെ ജനലുകളെല്ലാം ബോംബിംഗില്‍ തകര്‍ന്നിരിക്കുന്നു. വീടിന് ഇപ്പോള്‍ ഒറ്റ ജനാല പോലും ഇല്ല. 
ബനായുടെ ഉമ്മ ഗര്‍ഭിണിയായിരുന്നു. ഈസ്റ്റ് അലപ്പോയിലുള്ള ഹോസ്പിറ്റലാകട്ടെ ആകെ തകര്‍ന്നിരുന്നു. മതിയായ ചികില്‍സ കിട്ടില്ലെന്ന് അവര്‍ ഭയന്നു. അതുകൊണ്ട് അവര്‍ ഉര്‍ഫയിലേക്ക് രക്ഷപ്പെട്ടു. തുര്‍ക്കിയുടെയും സിറിയയുടെയും അതിര്‍ത്തിയിലുള്ള പ്രദേശമാണ് ഉര്‍ഫ. വലിയ പ്രയാസങ്ങളില്ലാതെ ബനായുടെ ഉമ്മ ഫാത്തിമ പ്രസവിച്ചു. അവരാ കുട്ടിക്ക് നൂര്‍ എന്ന് പേരിട്ടു. പ്രകാശം എന്നാണ് അതിന്റെ അര്‍ഥം. യുദ്ധം നടന്ന് കൊണ്ടിരിക്കെ ഇടാന്‍ പറ്റിയ മനോഹരമായ പേര്.
യുദ്ധം ഒതുങ്ങിയപ്പോള്‍ തിരികെ അവര്‍ സിറിയയിലേക്ക് പോയി. സ്‌കൂളുകളെല്ലാം തകര്‍ന്നിരുന്നു. അവിടത്തെ കുട്ടികളെയെല്ലാം പഠിപ്പിക്കാന്‍ ബനായുടെ ഉമ്മ ഫാത്തിമ അടുത്ത വീടുകളില്‍ നിന്നെല്ലാം പേപ്പറുകള്‍ ശേഖരിച്ചു. പട്ടാളക്കാര്‍ അറിയാതെ അവരുടെ അപ്പാര്‍ട്ടിമെന്റിന് താഴെയായിരുന്നു സ്‌കൂള്‍ നടത്തിയത്. നൂറോളം കുട്ടികളാണ് ദിവസവും അവിടെ പഠിക്കാന്‍ വന്നത്. തോക്കിന്‍ തുമ്പത്ത്‌നിന്ന് വിദ്യ നേടുന്ന മക്കളെയോര്‍ത്ത് ആരുമൊന്ന് നൊമ്പരപ്പെടും.
ഓരോ ബോംബാക്രമണത്തിന് ശേഷവും ആളുകള്‍ സ്ഥലം വൃത്തിയാക്കുന്നതും മരണപ്പെട്ടവരെ പള്ളിയിലേക്ക് കൊണ്ടുപോകുന്നതും പതിവ് കാഴ്ചയായിരിക്കുന്നു. ശ്മശാനങ്ങളില്‍ ഇപ്പോള്‍ മറമാടാന്‍ സ്ഥലമില്ലത്രെ. പാര്‍ക്കുകളിലാണ് ഖബ്‌റടക്കുന്നത്. 
ഒരു ദിവസം ബനാ ഞെട്ടിയെഴുന്നേല്‍ക്കുന്നത് അടുത്ത വീട്ടില്‍നിന്ന് ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണ്. കൂട്ടുകാരി യാസ്മിന്‍ കൊല്ലപ്പെട്ടിരിക്കുന്നു. അവളുടെ അകം പൊള്ളി. ഒരു മാസത്തിന് ശേഷം
തന്റെ ബര്‍ത്ത്‌ഡേ ആണല്ലോ എന്നവളോര്‍ത്തു. എല്ലാ ബര്‍ത്ത് ഡേക്കും തന്നോടൊപ്പം സന്തോഷം പങ്കിട്ട കൂട്ടുകാരിയെയോര്‍ത്ത് അവള്‍ തേങ്ങി.
മാമനായ വസീം ബര്‍ത്ത്‌ഡേക്ക് വാങ്ങിത്തന്ന പുതിയ പാവക്ക് അവള്‍ പേരിട്ടു, യാസ്മിന്‍!
അതൊരു റമദാന്‍ കാലമായിരുന്നു. ഒരു ദിവസം മുഴുവന്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞ് നോമ്പു തുറക്കുള്ള സമയം. അന്നേരം യുദ്ധ വിമാനങ്ങള്‍ ആകാശത്ത് വട്ടമിട്ട് പറക്കാന്‍ തുടങ്ങി. ആര്‍ക്കും ഭക്ഷണം ഒരുക്കാനോ പ്രാര്‍ഥനക്ക് പള്ളിയില്‍ പോകാനോ കഴിയുമായിരുന്നില്ല. വെള്ളം കിട്ടാനില്ലാത്തതിനാല്‍ ആഴ്ചയില്‍ ഒരിക്കല്‍ ഒക്കെയാണ് കുളിക്കാറ്. 
ബലിപെരുന്നാളിനും  ആര്‍ക്കും ഭക്ഷണമോ വസ്ത്രമോ ഉണ്ടായിരുന്നില്ല. നല്ല ദിവസം ഏതെന്ന് ചോദിച്ചാല്‍ വീടിന് പുറത്ത് രണ്ട് ബോംബ് വീഴുന്ന ദിവസമാണ്. ഒരു പത്ത് ബോംബെങ്കിലും വീണാല്‍ അതൊരു മോശം ദിവസമാണ്.
ഒരു ദിവസം ബാബ കൂട്ടുകാരന്റെ കാറെടു
ത്ത് എന്തോ അന്വേഷിക്കാന്‍ പോയതായിരുന്നു. കാറിന്റെ മുന്‍ഭാഗത്ത് ബോംബ് പതിച്ചു. ഗ്ലാസെല്ലാം പൊട്ടിച്ചിതറി. ദേഹത്ത് രക്തവുമായാണ് ബാബ വന്നത്. അത് കഴുകിക്കളയാന്‍ പോലും വീട്ടില്‍ വെള്ളമില്ലായിരുന്നു!
ബനാ ഖുര്‍ആനെടുത്ത് ബാബക്ക് ഏറ്റവും ഇഷ്ടമുള്ള ഖുര്‍ആന്‍ സൂക്തം ഓതി: 'അല്ലാഹുവാണ് ഏറ്റവും വലിയ സംരക്ഷകന്‍. അവന്‍ കാരുണികരില്‍ പരമ കാരുണികനാകുന്നു.'
സൂറത്തു യൂസുഫിലെ 64-ാം സൂക്തമായിരുന്നു അത്. 
അഞ്ച് ലക്ഷം പേര്‍ കൊല്ലപ്പെട്ട സിറിയയെ കുറിച്ച് ബനാ പൊള്ളിയെഴുതുകയാണ്: 'സിറിയയിലെന്നല്ല ലോകത്തൊരിടത്തും യുദ്ധം വേണ്ട, തോക്കും വേണ്ട, ബോംബും വേണ്ട.'

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് (സൂക്തം: 32-35)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹൃദയത്തില്‍ സൂക്ഷിച്ചു വെക്കേണ്ട പ്രാര്‍ഥന
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്