Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 30

3283

1444 ജമാദുല്‍ ആഖിര്‍ 06

യുവത്വം മൂല്യനിരാസത്തില്‍ മുങ്ങിപ്പോകുന്നുവോ?

എ.പി ശംസീര്‍

നഷ്ട യൗവന സ്മൃതികളില്‍ ഞാനേറെ 
കണ്ണീര്‍ പൊഴിച്ചു.
എന്‍ തേങ്ങലും വ്യഥകളുമൊട്ടുമേ 
ഫലവത്തായില്ല.
ഒരു നാള്‍ ഈ നിറയൗവനം തിരികെ 
വന്നുവെങ്കില്‍
പ്രായാധിക്യം ചെയ്തതിനെക്കുറിച്ച 
പരിഭവക്കെട്ട് ഞാനഴിക്കും.
- അബുല്‍ അതാഹിയ്യ

കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് നഗര മധ്യത്തില്‍, ജനത്തിരക്കുള്ളൊരു നട്ടുച്ച നേരത്ത് ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് മനുഷ്യര്‍ നഗരത്തിന്റെ അഴുക്ക് ചാലുകള്‍ ശുദ്ധീകരിക്കാന്‍ മാന്‍ഹോളിലൂടെ നൂണ്ടിറങ്ങി. പൊടുന്നനെ ശക്തമായ ശ്വാസതടസ്സം അനുഭവപ്പെട്ട് അവരിരുവരും ജീവനു വേണ്ടി പിടഞ്ഞു. ആളുകള്‍ തടിച്ചുകൂടി. യുവാക്കളും വൃദ്ധരും സ്ത്രീകളുമൊക്കെയുണ്ടായിരുന്നു ആള്‍ക്കൂട്ടത്തില്‍. കൂട്ടം ചേര്‍ന്നവരെല്ലാം നിസ്സഹായ ഭാവത്തില്‍ പരസ്പരം നോക്കുക മാത്രം ചെയ്തു. എല്ലാവരും ഒച്ചയിടുന്നുണ്ട്. നിലവിളിക്കുന്നുണ്ട്. പക്ഷേ, ഒരാള്‍ക്ക് പോലും രക്ഷാപ്രവര്‍ത്തനത്തിലേക്ക് സ്വയം എടുത്തെറിയാനാവുന്നില്ല. പെട്ടെന്ന് കുറച്ചകലെ ഓട്ടോ നിര്‍ത്തി കാക്കി നിറത്തിലുള്ള കുപ്പായമണിഞ്ഞ ഒരു ചെറുപ്പക്കാരന്‍ ജന മധ്യത്തിലേക്ക് കുതിച്ചെത്തി. സകലരെയും വകഞ്ഞുമാറ്റി കാര്യമന്വേഷിച്ചു. കേട്ട പാതി അയാള്‍ മാന്‍ ഹോളിലേക്ക് ധൃതിയിലിറങ്ങി; അവസാന ശ്വാസത്തിനായി പിടയുന്ന രണ്ട് മനുഷ്യരെ മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍. പക്ഷേ, സംഭവിച്ചത് മറ്റൊന്നായിരുന്നു. പ്രത്യേകിച്ച് പറയത്തക്ക മേല്‍വിലാസങ്ങളില്ലാത്ത, ജീവിതത്തിലൊരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, മിണ്ടിയിട്ടില്ലാത്ത ആ രണ്ട് തൊഴിലാളികളോടൊപ്പം ആ ചെറുപ്പക്കാരനും മരണത്തിന്റെ കയങ്ങളിലേക്കാഴ്ന്നു പോയി. കുറേ നാള്‍ മുഖ്യധാരാ മീഡിയയിലും സാമൂഹിക മാധ്യമങ്ങളിലും ആ ചെറുപ്പക്കാരന്റെ പേര് ഒരത്ഭുതം കണക്കെ  നിറഞ്ഞുനിന്നു. കോഴിക്കോട് നഗരത്തിലെ സാധാരണക്കാരനായ ഒരു ഓട്ടോ ഡ്രൈവര്‍ നൗഷാദായിരുന്നു അത്.
അയാളുടെ ജീവത്യാഗം ഏറെ ആശ്ചര്യവും അത്ഭുതവുമുളവാക്കിയതിന്റെ നിമിത്തങ്ങളെക്കുറിച്ച് വലിയ തോതില്‍ ചര്‍ച്ച ചെയ്യാന്‍ കാരണങ്ങളേറെയുണ്ടായിരുന്നു. കേരളീയ യുവത്വത്തെ ബാധിച്ച നിഷ്‌ക്രിയത്വവും ഷണ്ഡത്വവും സാമൂഹിക പ്രതിബദ്ധതയെയും രാഷ്ട്രീയ ബോധത്തെയും അത്രമേല്‍ ആഴത്തില്‍ ഊഷരമാക്കിയിരുന്നുവെന്നതിന്റെ നിദര്‍ശനമായിരുന്നു അത്. അപരോന്‍മുഖത്വം എന്നത് അപൂര്‍വമായി സംഭവിക്കുന്ന ഒന്നായി മാറുകയും നിസ്വാര്‍ഥ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനമെന്നത് മ്യൂസിയം പീസു കണക്കെ അത്ഭുതാശ്ചര്യങ്ങള്‍ പകരുന്ന തലത്തിലേക്ക് പരിണമിക്കുകയും ചെയ്തത് ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്. ലഹരിയിലും സോഷ്യല്‍ മീഡിയ റീല്‍സിലും സിനിമയിലെ നൂറു കോടി ക്ലബ്ബ് ഫാന്‍ ഫൈറ്റിലും പന്തു കളിയിലെ ആരവങ്ങളിലും മാത്രമായി എരിഞ്ഞുതീരുന്ന യൗവനത്തിന്റെ അജണ്ടകള്‍ നിശ്ചയിക്കുന്നത് മറ്റെവിടെയോ നിന്നാണ്.

ലഹരിയിലൊടുങ്ങുന്ന മലയാളി യുവത്വം
ഇതെഴുതുന്നതിന് രണ്ടു ദിവസം മുമ്പ് തലശ്ശേരി നഗരത്തെ വിറപ്പിച്ച ഒരു ഇരട്ടക്കൊലപാതകം നടന്നു. ലഹരിമാഫിയക്കെതിരെ ശക്തമായ നിലപാടെടുക്കുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്ത രണ്ട് ചെറുപ്പക്കാരാണ് നിഷ്‌കരുണം കൊലചെയ്യപ്പെട്ടത്. പുറത്തു വരുന്ന റിപ്പോര്‍ട്ട് പ്രകാരം കൊല്ലപ്പെട്ടവരും കൊലയാളികളും ഭരണകക്ഷിയിലെ പ്രബല രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങളാണ്. എന്നാല്‍, ഇതേ തലശ്ശേരി നഗരത്തില്‍ ഒരു നാടോടി ബാലനെ ചവിട്ടുന്ന വീഡിയോ ദൃശ്യത്തിന് ലഭിച്ച മാധ്യമശ്രദ്ധയോ സോഷ്യല്‍ മീഡിയാ റീച്ചോ, ലഹരിയുടെ പേരില്‍ നടന്ന നടുക്കുന്ന ഈ ഇരട്ടക്കൊലപാതകത്തിന് ലഭിച്ചില്ല. ഇത്തരം വാര്‍ത്തകള്‍ക്ക് കാലാന്തരേണ പുതുമ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.
ലഹരി കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ ഭരണ-പ്രതിപക്ഷ കക്ഷി ഭേദമന്യേ കേരളമൊന്നടങ്കമാണ് ആ വിപത്തിനെതിരെ കാമ്പയിനില്‍ അണിനിരന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് ശവപ്പെട്ടിയുടെ ചിത്രത്തോടൊപ്പം ലഹരി നിത്യ മയക്കത്തിലേക്ക് നയിക്കും എന്ന ക്യാപ്ഷനോടെ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കേരളത്തിലങ്ങിങ്ങായി ഉയര്‍ന്നുപൊങ്ങി. മറുഭാഗത്ത് ലക്ഷക്കണക്കിന് ലിറ്റര്‍ മദ്യം സര്‍ക്കാര്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റഴിച്ചുകൊണ്ടിരുന്നു. അങ്ങനെ ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ യുവജന സംഘടനകള്‍ നയിച്ച കാമ്പയിനുകളും ബോധവത്കണ പരിപാടികളും ജാഥകളും അങ്ങേയറ്റം പരിഹാസ്യമായ ഒന്നായി മാറി. കാമ്പസുകളിലും പൊതുഇടങ്ങളിലും ലഹരി ഉപയോഗ- വിപണനക്കേസുകളില്‍ ഇടതുപക്ഷ വിദ്യാര്‍ഥി യുവജനപ്രസ്ഥാനങ്ങളിലെ നേതൃനിരയിലുള്ളവര്‍ മുതല്‍ താഴെ തട്ടിലുള്ളവര്‍ വരെ നിരന്തരം പ്രതികളായിട്ടുണ്ട്. ഒരു കാലത്ത് കേരളീയ യുവത്വത്തിന്റെ റോള്‍ മോഡലായി വിശേഷിപ്പിക്കപ്പെട്ടിരുന്ന  യുവജന സംഘടനകള്‍ എത്തിപ്പെട്ട നിശ്ചലാവസ്ഥയുടെയും നിഷ്‌ക്രിയത്വത്തിന്റെയും അധഃപതനത്തിന്റെയും ആഴം അത് അടയാളപ്പെടുത്തുന്നുണ്ട്.
കേരളത്തിലെ ഓരോ പോലീസ് സ്റ്റേഷനിലും ദിനേന രേഖപ്പെടുത്തുന്ന കേസുകളിലൊന്ന് ലഹരിയുമായി ബന്ധപ്പെട്ടതാണ്. വിദ്യാര്‍ഥികളും യുവജനങ്ങളുമാണ് പ്രധാനമായും പ്രതികളാകുന്നത്. യുവാക്കളുടെ ബുദ്ധിയെയും കര്‍മശേഷിയെയും നിര്‍വീര്യമാക്കുകയും അവരിലെ സാമൂഹിക പ്രതിബദ്ധതയെയും രാഷ്ട്രീയ ബോധത്തെയും ചുരുക്കുകയും ചെയ്യുന്നതില്‍ ലഹരിക്ക് നിര്‍ണായക പങ്കുണ്ട്. അതിവേഗം പടരുന്ന ലഹരി ഉപയോഗം വരുത്തുന്ന വിനകളെച്ചൊല്ലി സ്റ്റേറ്റ് വ്യാകുലപ്പെടുമ്പോഴും അകമേ നേരിയ ആഹ്ലാദമുണ്ടാകും സ്റ്റേറ്റിന്. ഭരണകൂടം നടപ്പില്‍ വരുത്തുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ യുവാക്കളുടെ പ്രതിഷേധങ്ങള്‍ കൂടിയാണ് ലഹരിയില്‍ മുങ്ങിത്താഴുന്നത്. സര്‍ക്കാരും കോര്‍പറേറ്റുകളും പ്രതിസ്ഥാനത്ത് വരുന്ന ജനവിരുദ്ധവും പാരിസ്ഥിതിക വിരുദ്ധവുമായ പദ്ധതികള്‍ക്കെതിരായ ജനകീയ സമരങ്ങളുടെ നേതൃനിരയില്‍ യുവാക്കളുടെ സാന്നിധ്യം വിരളമാകും. രാഷ്ട്രീയ ബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള ചെറുപ്പത്തെക്കാള്‍ സ്റ്റേറ്റിന് ആഹ്ലാദം നല്‍കുന്നത് അരാഷ്ട്രീയ ബോധം പേറുന്ന നിര്‍വീര്യമായ യുവത്വമാണ്.

ആഘോഷങ്ങള്‍ മാത്രം തിരയുന്ന യുവത്വം
കോഴിക്കോട് നഗരത്തിലെ പ്രശസ്തമായ മാളില്‍ നടന്ന ഒരു സിനിമാ പ്രമോഷന്‍ പ്രോഗ്രാമിന് ഒഴുകിയെത്തിയത് ആയിരക്കണക്കിന് യുവാക്കള്‍. അത്ര പ്രശസ്തരല്ലാത്ത സെലിബ്രിറ്റികളായിരുന്നിട്ടും വര്‍ക്കിംഗ് ഡേയില്‍ താരങ്ങളോടൊപ്പം സെല്‍ഫിയെടുക്കാന്‍ തിക്കിത്തിരക്കുന്ന യുവത്വം പുതിയ പ്രതീകമാണ്. തിരക്കിനിടയില്‍ കൂട്ടത്തിലൊരാള്‍ നടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതും വാര്‍ത്തയായിരുന്നു. എം.ഡി.എം പോലുള്ള ലഹരി വസ്തുക്കള്‍ ഏറ്റവുമധികം വിതരണം ചെയ്യപ്പെടുന്നത് കലാലയങ്ങളിലെ ആഘോഷ വേളകളിലും ഡി.ജെ പാര്‍ട്ടികളിലും നൈറ്റ് ക്ലബ്ബുകളിലുമെല്ലാമാണ്. ഇത്തരമിടങ്ങളിലെ മദ്യത്തിന്റെ ഉപഭോഗത്തിനും യാതൊരു കുറവുമില്ല. യൗവനത്തിന്റെ ആഘോഷങ്ങള്‍ക്കിടയിലും കുടുംബ -സാമൂഹിക ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിനെക്കുറിച്ചും രാഷ്ട്രീയ നിലപാട് രൂപപ്പെടുത്തുന്നതിനെ പറ്റിയുമെല്ലാം സംസാരിക്കുന്നവര്‍ അറു പഴഞ്ചന്‍ അമ്മാവന്‍മാരെന്ന് പരിഹസിക്കപ്പെടുന്നുണ്ട്.
വിലക്കയറ്റം രൂക്ഷമാവുകയും തൊഴിലില്ലായ്മാ നിരക്ക് ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം ഉയരുകയും ചെയ്തത് യുവാക്കള്‍ക്കിടയില്‍ വലിയ ആന്തരിക സംഘര്‍ഷങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. കേരളം മയക്കുമരുന്നിന്റെയും മണി ചെയിന്‍ തട്ടിപ്പുകളുടെയും പണമിരട്ടിപ്പു സംഘങ്ങളുടെയും ഓണ്‍ലൈന്‍ തട്ടിപ്പുകളുടെയും ആത്മീയ മന്ത്രവാദ ചികിത്സാ കേന്ദ്രങ്ങളുടെയുമെല്ലാം പറുദീസയായി മാറിയതിനു പിന്നില്‍, എളുപ്പത്തില്‍ പണമുണ്ടാക്കണമെന്ന യുവാക്കളുടെ ചിന്തയാണ്.
ലോക കപ്പ് ഫുട്‌ബോള്‍ മത്സരത്തെ വരവേല്‍ക്കാന്‍ കേരളീയ യുവത്വം ചെലവഴിച്ച പണവും അധ്വാനവും ആത്മാര്‍പ്പണവുമെല്ലാം കേരളത്തിലെ നിര്‍ണായകമായ സാമൂഹിക മുന്നേറ്റങ്ങളില്‍ എത്രമേല്‍ പ്രതീക്ഷിക്കാനാകും? യുവാക്കള്‍ ഒരു വഴിക്കും രാഷ്ട്രീയ യുവജനപ്രസ്ഥാനങ്ങളും മത സംഘടനകളും മറ്റൊരു വഴിക്കും ദിശ മാറി സഞ്ചരിക്കുകയാണ്. രാഷ്ട്രീയ ചര്‍ച്ചകളിലോ സംവാദങ്ങളിലോ പങ്കുകൊണ്ടും പരന്ന വായനയിലൂടെയും പ്രബുദ്ധത കൈവരിക്കുന്നവരുടെ എണ്ണം തുലോം കുറവാണ്. അരാഷ്ട്രീയനായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ കലാലയത്തില്‍ സാംസ്‌കാരിക പ്രഭാഷണം നടത്താന്‍ വന്ന സാഹിത്യകാരനെ അപഹസിക്കുമ്പോള്‍ ആ പരിഹാസത്തിന് കൈയടിക്കുകയും കൂക്കിവിളിക്കുകയും ചെയ്യുന്ന ചെറുപ്പത്തെയാണ് സിനിമകള്‍ വരച്ചിടുന്നത്.
പ്രളയകാലത്തും കോവിഡ് കാലത്തും സക്രിയമായും ക്രിയാത്മകമായും ഇടപെട്ട യുവത്വത്തെക്കുറിച്ചും യുവജന സംഘടനകളെക്കുറിച്ചുമെല്ലാം പലരും സംസാരിച്ചിട്ടുണ്ട്. എന്നാല്‍, സമകാലിക കേരളത്തിലെ യൗവനത്തെക്കുറിച്ച യാഥാര്‍ഥ്യവും സത്യവും അതില്‍നിന്നെല്ലാം ബഹുദൂരം അകലെയാണ്. മനുഷ്യ പക്ഷത്തു നിന്നുകൊണ്ടുള്ള കൃത്യതയുള്ള രാഷ്ട്രീയം സംസാരിക്കുന്നവരും ന്യായമായ സാമൂഹികപ്രശ്‌നങ്ങളിലിടപെടുന്ന ചെറു രാഷ്ട്രീയ കൂട്ടായ്മകളും കേരളീയ യുവത്വത്തെ വേണ്ടത്ര സ്വാധീനിച്ചിട്ടില്ല. അതേസമയം, മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ യുവജന സംഘടനകള്‍ക്ക് അരാഷ്ട്രീയ കൂട്ടായ്മകളുമായി സന്ധിചെയ്യേണ്ടി വരുന്നുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഡി.വൈ.എഫ്.ഐ സ്റ്റേറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയങ്ങളിലൊന്ന് ഗ്രാമ നഗര ഭേദമന്യേ രൂപപ്പെട്ടുവരുന്ന, പ്രത്യേകിച്ച് രാഷ്ട്രീയാഭിമുഖ്യമില്ലെന്ന് പറയപ്പെടുന്ന സിനിമാ സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍, പ്രാദേശിക കൂട്ടായ്മകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവയിലെല്ലാം പാര്‍ട്ടിയിലെ യുവാക്കള്‍ സാന്നിധ്യമറിയിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു. ലോക കപ്പിന്റെ പശ്ചാത്തലത്തില്‍ പ്രാദേശിക തലങ്ങളിലെല്ലാം ശക്തിപ്പെട്ടുവന്ന ബ്രസീല്‍ ഫാന്‍സും അര്‍ജന്റീന ഫാന്‍സുമെല്ലാം പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിക്കീഴിലുള്ള കൂട്ടായ്മകളല്ല.
ചുരുക്കത്തില്‍, മുതലാളിത്ത കോര്‍പറേറ്റ് താല്‍പര്യങ്ങളെ താലോലിക്കുന്ന, അവരുടെ അജണ്ടകള്‍ നടപ്പാക്കുന്ന അടിമകളും ചട്ടുകങ്ങളുമായി യുവത്വം പരിണമിക്കുകയാണ്. അദാനിയുടെ വിഴിഞ്ഞം പദ്ധതിക്കെതിരായ ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ സ്റ്റേറ്റിന് പോലീസ് മാത്രമല്ല കൂട്ട്. ഭരണപക്ഷ പാര്‍ട്ടിയുടെ യുവജന വിഭാഗവും സംഘ് പരിവാര്‍ യുവാക്കളും സമരക്കാര്‍ക്കെതിരെ രംഗത്തുണ്ട്. മറുഭാഗത്ത് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും മനുഷ്യാവകാശങ്ങളുടെ ലേബലില്‍ ലൈംഗിക അരാജകത്വത്തിനും സ്വതന്ത്ര ലൈംഗികതക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലും ആഹ്വാനം ചെയ്യലുമാണ് ഏറ്റവും മഹത്തായ രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് വരുത്തിത്തീര്‍ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളുണ്ട്. അതിന്റെ മുനകളാകട്ടെ  നീളുന്നത് കടുത്ത മതവിരുദ്ധതയിലേക്കും!
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് (സൂക്തം: 32-35)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹൃദയത്തില്‍ സൂക്ഷിച്ചു വെക്കേണ്ട പ്രാര്‍ഥന
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്