Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 30

3283

1444 ജമാദുല്‍ ആഖിര്‍ 06

ജീവിതത്തിന്റെ ലക്ഷ്യവും  ജീവിതത്തിലെ ലക്ഷ്യവും

ജി.കെ എടത്തനാട്ടുകര

ഒരിക്കല്‍, 'ജീവിത ലക്ഷ്യം' എന്ന തലക്കെട്ടില്‍ ടേബ്ള്‍ ടോക്ക് നടന്നുകൊണ്ടിരിക്കെ ഒരു സഹോദരന്‍ തമാശയായി പറഞ്ഞു: ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍, നിന്നുകൊണ്ട് യാത്ര ചെയ്യുന്ന യാത്രക്കാരന് ടിക്കറ്റ് മുറിച്ചുകൊടുത്ത് കണ്ടക്ടര്‍ പറഞ്ഞുവത്രെ: 'സഹോദരാ, ഇരിക്കാന്‍ പിറകില്‍ ഒരു സീറ്റുണ്ട്.'
യാത്രക്കാരന്റെ മറുപടി: 'എനിക്ക് ഇരിക്കാന്‍ സമയമില്ല സഹോദരാ!'
ഇതൊരു തമാശയാണെങ്കിലും കാര്യവുമുണ്ട്. ഇന്നത്തെ മനുഷ്യന്റെ പൊതുവായ മാനസികാവസ്ഥ ഇതില്‍ ചിത്രീകരിക്കുന്നുണ്ട്.
'ഒന്നിനും സമയമില്ല' എന്ന തോന്നല്‍ ഒരു മനോരോഗം പോലെ മാറിയ കാലമാണിത്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ആര്‍ക്കും ഒന്നിനും സമയമില്ല. ഒന്നിനും സമയമില്ലാതെയുള്ള ഈ നെട്ടോട്ടം എന്തിനാണ് എന്ന് ചോദിച്ചാല്‍ ഉത്തരം, 'ജീവിക്കാന്‍ വേണ്ടി' എന്നാണ്. എന്നാല്‍, യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്താണ്? ജീവിക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ ജീവിക്കാന്‍ മറന്നുപോകുന്നു മനുഷ്യന്‍. സീറ്റുണ്ടായിട്ടും ഇരുന്ന് യാത്ര ചെയ്യാന്‍ കഴിയാത്ത 'ജീവിത യാത്ര!' 
കാലിക ബന്ധമുള്ള പ്രവാചകന്റെ ചില പ്രവചനങ്ങള്‍ വായിക്കുമ്പോള്‍ അദ്ഭുതം തോന്നാറുണ്ട്. അന്ത്യനാളിനു മുമ്പ് സമയവുമായി ബന്ധപ്പെട്ട് വരാന്‍ പോകുന്ന ഒരു മാറ്റത്തെപ്പറ്റി പ്രവാചകന്‍ ഇങ്ങനെ പറഞ്ഞത് കാണാം: ''കാലം ചുരുങ്ങിവരുന്നതു വരെ ലോകം അവസാനിക്കുകയില്ല. വര്‍ഷം മാസമായും മാസം ആഴ്ചയായും ആഴ്ച ദിവസമായും ദിവസം മണിക്കൂറായും മണിക്കൂര്‍ തീപിടിച്ചതു പോലെയുമായിരിക്കും.''
മനുഷ്യന്‍ നേടിയെടുത്ത സാങ്കേതിക പുരോഗതി കാര്യങ്ങളെ വേഗത്തിലാക്കിയിരിക്കുന്നു എന്നതൊരു യാഥാര്‍ഥ്യമാണ്. വേഗത ജീവിതത്തില്‍ സമയത്തെ ചുരുക്കും. ഇത് ജീവിത സാഹചര്യത്തിലുണ്ടാക്കുന്ന മാറ്റം മനുഷ്യമനസ്സില്‍ ചെലുത്തുന്ന സ്വാധീനത്തെയായിരിക്കാം ഈ നബിവചനം സൂചിപ്പിക്കുന്നത്.
ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച അജ്ഞത തിരക്കുപിടിച്ച ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കും. 'ഒന്നിനും സമയമില്ല' എന്ന തോന്നല്‍ മനോരോഗം പോലെ ആയിത്തീരുന്നതിന്റെ പിന്നില്‍ ജീവിതത്തിന്റെ യഥാര്‍ഥ ലക്ഷ്യത്തെക്കുറിച്ച ബോധമില്ലായ്മക്ക് വലിയ പങ്കുണ്ട്. മനുഷ്യന് ഏത് കാര്യത്തിലായാലും ലക്ഷ്യബോധം പ്രധാനമാണ്. ജീവിതലക്ഷ്യത്തെക്കുറിച്ച ബോധമാണ് അതില്‍ ഏറ്റവും പ്രധാനം.
ജീവിതലക്ഷ്യങ്ങളെ പൊതുവില്‍ രണ്ടായി തിരിക്കാം: അതിലൊന്നാമത്തേത് ജീവിതത്തിന്റെ ലക്ഷ്യമാണ്. രണ്ടാമത്തേത് ജീവിതത്തിലെ ലക്ഷ്യങ്ങളും. ജീവിതത്തിന്റെ ലക്ഷ്യവും ജീവിതത്തിലെ ലക്ഷ്യങ്ങളും രണ്ടും രണ്ടാണ്. ജീവിതത്തിന്റെ ലക്ഷ്യം മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ജീവിതത്തിലെ ലക്ഷ്യങ്ങളാകട്ടെ ഐഹിക ജീവിതവുമായി ബന്ധപ്പെട്ടുമാണുള്ളത്.
ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത് ഇസ്ലാമിനെ പഠിച്ചപ്പോഴാണ്. അതു വരെയും ജീവിതത്തിലെ ലക്ഷ്യങ്ങളെക്കുറിച്ച് മാത്രമാണ് ചിന്തിച്ചിരുന്നത്. ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച ബോധം ഏറ്റവും പ്രധാനമാണെങ്കിലും ഭൗതിക വിദ്യാഭ്യാസം അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടേയില്ല. ജീവിതത്തിന്റെ അര്‍ഥമെന്താണെന്ന് പറഞ്ഞുതന്നതുമില്ല. ഭൗതിക വിജ്ഞാനത്തിന്റെ പരിമിതിയാണത്. പഠനം കഴിഞ്ഞ് തിരിഞ്ഞുനോക്കിയപ്പോള്‍, തലയില്ലാത്ത തെങ്ങില്‍ കയറിയ പോലെയാണ് അനുഭവപ്പെട്ടത്.
ഭൗതിക വിദ്യാഭ്യാസം ഐഹിക ജീവിതത്തിലെ ലക്ഷ്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കാനേ പഠിപ്പിച്ചിട്ടുള്ളൂ. ഐഹിക ജീവിത ലക്ഷ്യങ്ങളാകട്ടെ മനുഷ്യന്റെ ഭൗതിക മോഹങ്ങളുമായി ബന്ധപ്പെട്ടാണുള്ളത്. മോഹങ്ങളാകട്ടെ എണ്ണിയാലൊടുങ്ങാത്തതാണ്.
'കരളിലെ മോഹങ്ങള്‍ക്കും കടലിലെ ഓളങ്ങള്‍ക്കും ഒടുക്കമില്ല' എന്നൊരു ചൊല്ലുണ്ട്. ഒടുക്കമില്ലാത്ത ഈ മോഹങ്ങളെ സാക്ഷാത്കരിക്കലാണ് ജീവിതം എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഭൗതിക ജീവിത വീക്ഷണങ്ങള്‍ ചെയ്യുന്നത്. സ്വാഭാവികമായും ആര്‍ത്തി ജീവിതത്തിന്റെ സംസ്‌കാരമായി മാറും. ആര്‍ത്തി ജീവിതത്തിന്റെ സംസ്‌കാരമായാല്‍ അധര്‍മം കര്‍മങ്ങളുടെ മുഖമുദ്രയാവും. കാരണം, മോഹങ്ങളില്‍ നല്ലതും ചീത്തയുമുണ്ട്. മോഹങ്ങളെ വെട്ടിപ്പിടിക്കാന്‍ നല്ലതും ചീത്തയുമായ പല മാര്‍ഗങ്ങളുമുണ്ട്. ജീവിതലക്ഷ്യം മോഹങ്ങളെ സാക്ഷാത്കരിക്കല്‍ മാത്രമാണെന്നു വന്നാല്‍ അതിനുതകുന്ന ഏതു മാര്‍ഗം അവലംബിക്കാനും ന്യായമുണ്ടാകും. അതാണ് 'ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുന്നു' എന്ന ജീവിതവീക്ഷണത്തിന് കാരണമാകുന്നത്.
തികച്ചും ഭൗതികമായ ഇത്തരം വീക്ഷണങ്ങള്‍ ധാര്‍മികവും മാനവികവുമായ മൂല്യങ്ങളെ കടപുഴക്കിയെറിയും. 'അര്‍ഹതയുള്ളത് അതിജീവിക്കും; അല്ലാത്തത് നശിക്കും' എന്ന ഭൗതിക വീക്ഷണം, 'കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍' എന്ന അവസ്ഥയിലേക്ക് വ്യവസ്ഥകളെത്തന്നെ മാറ്റുന്നു. അങ്ങനെ വരുമ്പോള്‍, പിടിച്ചുപറികളും ചൂഷണങ്ങളും നിയമപരം തന്നെ ആയിത്തീരും.
മനുഷ്യബന്ധങ്ങള്‍ 'എന്തു കിട്ടും' എന്ന ലക്ഷ്യത്തോടെ മാത്രമായി ചുരുങ്ങും. ദൈവാരാധന പോലും 'കാര്യസാധ്യം' എന്ന താല്‍പര്യത്തിലേക്ക് വഴിമാറും. അതോടെ മനുഷ്യന്‍ എന്ന നിലക്ക് നിലനില്‍ക്കാനുള്ള അടിസ്ഥാന യോഗ്യത ഇല്ലാതാവുകയാണ് ചെയ്യുക. അങ്ങനെ വരുമ്പോള്‍ ഉപ്പുരസമില്ലാത്ത ഉപ്പ് പോലെ, വെളിച്ചമില്ലാത്ത വിളക്ക് പോലെ, വെള്ളമില്ലാത്ത കിണറുപോലെ, നിലനില്‍ക്കാനും നിലനിര്‍ത്താനും യോഗ്യമല്ലാതായി മനുഷ്യസമൂഹം മാറും.
ഇങ്ങനെ, ജീവിതത്തിന്റെ ലക്ഷ്യം മറന്നുകൊണ്ട് ജീവിതത്തിലെ ലക്ഷ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ നെട്ടോട്ടമോടുന്ന മനുഷ്യരെ വിശുദ്ധ ഖുര്‍ആനും പ്രവാചകനും പലവിധം താക്കീത് ചെയ്തിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ നൂറ്റി രണ്ടാം അധ്യായത്തില്‍ ഇങ്ങനെ താക്കീത് ചെയ്യുന്നത് കാണാം:
''പരസ്പരം പെരുമനടിക്കല്‍ നിങ്ങളെ അശ്രദ്ധരാക്കിയിരിക്കുന്നു. നിങ്ങള്‍ ശവക്കുഴികള്‍ സന്ദര്‍ശിക്കും വരെ. സംശയം വേണ്ട; നിങ്ങളതറിയുകതന്നെ ചെയ്യും. വീണ്ടും സംശയം വേണ്ട; നിങ്ങളതറിയുകതന്നെ ചെയ്യും.''
ഈ ഭൂമിയില്‍ എങ്ങനെ ജീവിച്ചു എന്നതിന് ദൈവത്തോട് കണക്ക് പറയാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണെന്ന തിരിച്ചറിവാണ് ജീവിതത്തിന്റെ ലക്ഷ്യം നിര്‍ണയിച്ചു തരുന്ന ചൂണ്ടുപലക. മനുഷ്യന്റെ ജനനവും ജീവിതവും ഈ യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.
ഗര്‍ഭസ്ഥ ശിശുവിനെ സൃഷ്ടിച്ചിരിക്കുന്നത് ഗര്‍ഭാശയത്തിലെ കര്‍മരഹിത ജീവിതത്തെ മാത്രം കണ്ടുകൊണ്ടല്ല; പ്രസവാനന്തരമുള്ള കര്‍മ ജീവിതത്തെക്കൂടി കണ്ടുകൊണ്ടാണ്. എന്നതു പോലെ, മനുഷ്യനെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് ഈ കര്‍മലോകത്തെ മാത്രം കണ്ടുകൊണ്ടല്ല; കര്‍മഫല ലോകത്തെക്കൂടി കണ്ടുകൊണ്ടാണ്. മനുഷ്യജീവിതം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍  അത് മനസ്സിലാവും.
ശരീരവും ശരീരേഛകളും മാത്രമല്ല മനുഷ്യനുള്ളത്; ആത്മാവുമുണ്ട്. അതുകൊണ്ടുതന്നെ ശരീരേഛകളെ ഏതു മാര്‍ഗത്തിലൂടെയും, എങ്ങനെയെങ്കിലും സാക്ഷാത്കരിച്ചതുകൊണ്ട് മനുഷ്യന്‍ തൃപ്തനാവുകയില്ല. ആത്മാവിന്റെ തേട്ടങ്ങള്‍ മനുഷ്യനെ വേട്ടയാടിക്കൊണ്ടിരിക്കും. കാരണം, സത്കര്‍മത്തിന്റെ ഫലം രക്ഷയും ദുഷ്‌കര്‍മത്തിന്റെ ഫലം ശിക്ഷയും എന്നത് ആത്മബോധത്തിന്റെ തേട്ടങ്ങളാണ്. 'മനസ്സാക്ഷിക്കുത്ത്' എന്ന ആത്മവേദന ഏതു കൊടും കുറ്റവാളിയും നിര്‍ണായക ഘട്ടങ്ങളില്‍ പുറത്തു കാണിക്കുന്നത് അതുകൊണ്ടാണ്.
നല്ല ജീവിതത്തിന് നല്ല ഫലവും ചീത്ത ജീവിതത്തിന് ചീത്ത ഫലവുമാണ് വേണ്ടത്. ഇത് മനുഷ്യന്റെ ആത്മബോധത്തിന്റെ സമ്മതമാണ്. അത് പക്ഷേ, അതിന്റെ പൂര്‍ണതയില്‍ ഇവിടെ ദൃശ്യമാവുന്നില്ല. അതിനാല്‍, കര്‍മഫലത്തിന്റെ കാര്യത്തില്‍ അപൂര്‍ണമായ ഇഹലോക ജീവിതം മറ്റൊരു പരലോക ജീവിതം ഉണ്ടാവണം എന്നതിനുള്ള ന്യായമാണ്. കാരണം, നീതിമാനായ ദൈവമാണ് ജീവിതമാകുന്ന പരീക്ഷണത്തിന്റെ ഉടമസ്ഥന്‍. വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം പല സ്വഭാവത്തില്‍ നിരന്തരമായി ഉണര്‍ത്തുന്നുണ്ട്.
വിശുദ്ധ ഖുര്‍ആനില്‍ അമ്പത്തിയൊന്നാം അധ്യായം നാല്‍പ്പത്തിയൊമ്പതാം വാക്യത്തിലൂടെ സ്രഷ്ടാവായ ദൈവം പറയുന്നു: ''നാം എല്ലാ വസ്തുക്കളുടെയും ഇണകളെ സൃഷ്ടിച്ചു. നിങ്ങള്‍ ചിന്തിച്ചറിയാന്‍.''
എല്ലാറ്റിനും ഇണകളെ സൃഷ്ടിച്ചു എന്നതില്‍ നിന്ന് മനസ്സിലാക്കാവുന്ന ഒരു കാര്യമാണ് ഭൗതിക ജീവിതത്തിനും ഒരു ഇണയുണ്ടാവും എന്നത്.
തഫ്ഹീമുല്‍ ഖുര്‍ആന്‍ അഞ്ചാം വാള്യം നൂറ്റി നാല്‍പ്പത്തിയൊന്നാം പേജില്‍ മൗലാനാ മൗദൂദി ഇക്കാര്യം വിശദീകരിക്കുന്നുണ്ട്: ''സകല പ്രാപഞ്ചിക വസ്തുക്കളും ജോടിയായി സൃഷ്ടിക്കപ്പെടുന്നതും ലോകത്തെ ഓരോ വസ്തുവും മറ്റൊന്നിന്റെ ഇണയായിരിക്കുന്നതും പരലോകത്തിന്റെ അനിവാര്യതയെ ഖണ്ഡിതമായി സാക്ഷ്യപ്പെടുത്തുന്ന യാഥാര്‍ഥ്യമാകുന്നു. നിങ്ങള്‍ സ്വന്തം ബുദ്ധികൊണ്ട് ആലോചിച്ചു നോക്കിയാല്‍ തന്നെ ബോധ്യമാകുന്ന സംഗതിയാണിത്. ലോകത്തിലെ ഓരോ കാര്യത്തിനും ഒരു ഇണ ഉണ്ടായിരിക്കുകയും ഒരു കാര്യവും അതിന്റെ ഇണയെ കൂടാതെ പ്രയോജനപ്രദമല്ലാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍ ഈ ഭൗതിക ജീവിതം മാത്രം ഇണയില്ലാതെ ഒറ്റപ്പെട്ടതാകുമോ? അതിന്റെ ഇണ അനിവാര്യമായും പരലോകമാകുന്നു. അതില്ലെങ്കില്‍ തീര്‍ച്ചയായും ഈ ജീവിതം അര്‍ഥഹീനമായിത്തീരുന്നു.''
ജനനത്തിന്റെ ഇണയാണ് മരണം. ഭൗതികതയുടെ ഇണയാണ് ആത്മീയത. നശ്വരതയുടെ ഇണയാണ് അനശ്വരത. എന്ന പോലെ ഐഹിക ജീവിതത്തിന്റെ ഇണയാണ് പരലോക ജീവിതം. ഐഹിക ജീവിതം നശ്വരവും പരലോക ജീവിതം അനശ്വരവുമാണ്. ഈ യാഥാര്‍ഥ്യം ബോധ്യപ്പെടുമ്പോഴാണ് ജീവിതത്തിന് യഥാര്‍ഥ ലക്ഷ്യമുണ്ടാവുന്നത്. അതോടെ ജീവിതവീക്ഷണം മാറിമറിയും. അപ്പോഴാണ് ഐഹിക ജീവിതത്തിന്റെ കുടുസ്സില്‍ നിന്ന് മനുഷ്യര്‍ വിമോചിതരാവുക. മാത്രമല്ല, കര്‍മഫലം അനുഭവിക്കേണ്ടി വരും എന്ന ബോധം കര്‍മശുദ്ധിയിലേക്ക് മനുഷ്യനെ നയിക്കുന്നു. ജീവിതത്തെയും മരണത്തെയും പ്രതീക്ഷയോടെ നിര്‍ഭയമായി അഭിമുഖീകരിക്കാനും മരണാനന്തര ജീവിതത്തെക്കുറിച്ച ബോധം മനുഷ്യനെ പ്രാപ്തമാക്കുന്നു.    
ജീവിതത്തിലുണ്ടാകുന്ന ഏതു പ്രതിസന്ധി ഘട്ടങ്ങളെയും അഭിമുഖീകരിക്കാന്‍ മനുഷ്യനെ പ്രാപ്തമാക്കുന്നതും ഈ ലക്ഷ്യബോധമാണ്. മനുഷ്യന്‍ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് മരണം. മരണത്തെക്കുറിച്ച ഭയമാണ് ജീവിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടും ചിലരെ 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന അവസ്ഥയില്‍ ജീവിപ്പിക്കുന്നത്. ജീവിതത്തെ മരണത്തെക്കാള്‍ ഭയപ്പെടുമ്പോഴാണ് പലരും ആത്മഹത്യയെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍, മരണാനന്തര ജീവിതം ജീവിതത്തിന്റെ ലക്ഷ്യമാകുന്നതോടെ മരണം പോലും ഒരു പ്രതിസന്ധിയല്ലാതായി മാറുന്നു!
പാകിസ്താന്‍ പട്ടാള കോടതി മൗലാനാ മൗദൂദിക്ക് വധശിക്ഷ വിധിച്ച ഒരു സന്ദര്‍ഭമുണ്ടായിട്ടുണ്ട്. അപ്പോള്‍ എന്തായിരുന്നു തോന്നിയത് എന്ന് ജയില്‍ മോചിതനായ ശേഷം അദ്ദേഹത്തോട് ഒരഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി: ''യഥാര്‍ഥത്തില്‍ പരസ്യപ്പെടുത്തേണ്ട ഒരു കാര്യമല്ലിത്. ഈ ചോദ്യത്തിന് ഞാന്‍ ഇപ്പോള്‍ പറയുന്ന മറുപടി തെറ്റായി ധരിക്കപ്പെടാനും സാധ്യതയുണ്ട്. വാസ്തവത്തില്‍, മരിച്ചാല്‍ മരണത്തിനപ്പുറമുള്ള കാര്യങ്ങള്‍ കാണാന്‍ കഴിയുമല്ലോ എന്നൊരു പ്രതീക്ഷയിലായിരുന്നു ഞാന്‍ കുറേക്കാലം. അതിനാല്‍, മരണത്തിന്റെ കവാടം കടന്ന് പരലോകം കാണാനുള്ള അവസരം വന്നിരിക്കുകയാണല്ലോ എന്ന സംതൃപ്തിയാണ് എനിക്കുണ്ടായിരുന്നത്. മാത്രമല്ല, എന്നെ രക്തസാക്ഷിയാക്കി എന്റെ പരലോകജീവിതം ഉറപ്പിക്കുന്നവരോട് നന്ദിയും തോന്നിയിരുന്നു. ഇക്കാരണത്താല്‍ എനിക്ക് അല്‍പം പോലും ദുഃഖം തോന്നിയിരുന്നില്ല. മറിച്ച്, ഒരുതരം സന്തോഷമാണ് തോന്നിയിരുന്നത്.''
ജീവിതത്തിന്റെ യഥാര്‍ഥ ലക്ഷ്യം കണ്ടെത്തിയ ഒരാളുടെ ജീവിതവും ലക്ഷ്യം കണ്ടെത്തിയിട്ടില്ലാത്ത ഒരാളുടെ ജീവിതവും ഒരുപോലെയാവുകയില്ല. മരണവും അങ്ങനെയാണ്. ജീവിതത്തിന്റെ യഥാര്‍ഥ ലക്ഷ്യം കണ്ടെത്തിയ വിശ്വാസികളെ വിശുദ്ധ ഖുര്‍ആന്‍ എണ്‍പത്തിയൊമ്പതാം അധ്യായം ഇരുപത്തിേയഴ് മുതല്‍ മുപ്പത് വരെ വാക്യങ്ങളിലൂടെയുള്ള 'ദൈവ വിളി' ഇങ്ങനെയാണ്: ''അല്ലയോ ശാന്തി നേടിയ ആത്മാവേ, നീ നിന്റെ നാഥങ്കലേക്ക് തൃപ്തിപ്പെട്ടവനായും തൃപ്തി നേടിയവനായും തിരിച്ചു ചെല്ലുക. അങ്ങനെ എന്റെ ഉത്തമ ദാസന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക.''
മരണത്തെപ്പോലും പ്രതീക്ഷയോടെ വരവേല്‍ക്കാന്‍ പ്രാപ്തി നല്‍കുന്ന, ജീവിതത്തിന് ആത്മവിശ്വാസം നല്‍കുന്ന ഇതിനെക്കാള്‍ നല്ലൊരു വിളിയാളം വേറെ എവിടെ നിന്നും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് (സൂക്തം: 32-35)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹൃദയത്തില്‍ സൂക്ഷിച്ചു വെക്കേണ്ട പ്രാര്‍ഥന
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്