Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 16

3281

1444 ജമാദുല്‍ അവ്വല്‍ 22

മുഖ്യധാരാ ചരിത്ര രചനയില്‍ ഇടം കിട്ടാതെ പോയ മുസ്‌ലിം പത്രാധിപ

എം.എസ്.എ റസാഖ്

കേരളത്തിലെ പ്രഥമ മുസ്‌ലിം പത്രപ്രവര്‍ത്തക, പത്രാധിപ, പ്രസാധക, പ്രഭാഷക, സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ-രാഷ്ട്രീയ പ്രവര്‍ത്തക, മുസ്‌ലിം നവോത്ഥാന ശില്‍പികളില്‍ ഒരാള്‍, കേരളത്തില്‍ ആദ്യമായി മുസ്‌ലിം വനിതാ സമ്മേളനം നടത്തിയ സംഘാടക, എഴുത്തുകാരി, കേരളത്തിലെ ആദ്യത്തെ വനിതാ മുനിസിപ്പല്‍ കൗണ്‍സിലര്‍ തുടങ്ങി ബഹുമുഖ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു എം. ഹലീമാ ബീവി. 1918-ല്‍ അടൂരില്‍ ജനിക്കുകയും 2000 ജനുവരി പതിനാലിന് പെരുമ്പാവൂരില്‍ നിര്യാതയാവുകയും ചെയ്ത എം. ഹലീമാ ബീവിക്ക് മുഖ്യധാരാ ചരിത്ര രചനയില്‍ ഇടം ലഭിക്കാതെ പോയി. 1938 മുതല്‍ 1945 വരെ തിരുവല്ല മുനിസിപ്പല്‍ കൗണ്‍സിലറായി സേവനമനുഷ്ഠിക്കുകയും തിരുവല്ല കേന്ദ്രീകരിച്ച് 1938-ല്‍ മുസ്‌ലിം വനിത മാസികയും 1944-ല്‍ വനിതയും 1944-ല്‍ ഭാരത ചന്ദ്രിക ആഴ്ചപ്പതിപ്പും 1948-ല്‍ ഭാരത ചന്ദ്രിക ദിനപത്രവും പ്രസിദ്ധീകരിക്കുകയും, 1938-ല്‍ തിരുവല്ലയില്‍ കേരളത്തിലെ പ്രഥമ മുസ്‌ലിം വനിതാ സമ്മേളനം സംഘടിപ്പിക്കുകയും  ചെയ്ത അവര്‍ക്ക് തിരുവല്ലയുടെ ചരിത്രത്തിലും മതിയായ ഇടം ലഭിച്ചില്ല.
ഒരു കാലഘട്ടത്തിന്റെ സമൂഹ നിര്‍മിതിയില്‍ ഇടപെടലുകള്‍ നടത്തിയിട്ടും ചരിത്ര രേഖയില്‍ ഇടം കിട്ടാതെ ഹലീമാ ബീവി വിസ്മരിക്കപ്പെട്ടു. മുസ്‌ലിമായതിനാല്‍ ഉണ്ടായ തമസ്‌കരണത്തിന്റെയും, സ്ത്രീ ആയതിനാല്‍ നേരിടേണ്ടി വന്ന പ്രാന്തവത്കരണത്തിന്റെയും ഇരയായിത്തീര്‍ന്ന ഹലീമാ ബീവിയുടെ സംഭവ ബഹുലമായ നവോത്ഥാന-വിദ്യാഭ്യാസ- സാംസ്‌കാരിക-പത്രപ്രവര്‍ത്തന ജീവിത കഥ പുറത്തുകൊണ്ടുവന്നിരിക്കുകയാണ് യുവ എഴുത്തുകാരികളും ഗവേഷകരുമായ നൂറയും നൂര്‍ജഹാനും. മുഖ്യധാരാ ചരിത്ര രചനയിലും സാംസ്‌കാരിക നിര്‍മിതിയിലും സ്ത്രീകളുടെ സംഭാവനകളെ എത്രത്തോളം തമസ്‌കരിച്ചുവെന്ന് ഈ കൃതിയിലൂടെ ഇരുവരും വിളിച്ചു പറയുന്നു. ലിംഗ-വര്‍ണ സ്വത്വങ്ങള്‍ ചരിത്ര നിര്‍മാണ പ്രക്രിയയില്‍ എങ്ങനെ ഇടപെടുന്നുവെന്നതിന്റെ നേര്‍ചിത്രം കൂടിയാണ് പത്രാധിപ എം. ഹലീമാ ബീവിയുടെ ജീവിതം എന്ന കൃതി. പറമ്പിലങ്ങാടി (കോട്ടക്കല്‍) ആസ്ഥാനമായുള്ള ബുക് കഫേ ആണ് ഇതിന്റെ പ്രസാധകര്‍. ഇത് ഒരു കാലഘട്ടത്തിലെ നവോത്ഥാന ചരിത്രത്തില്‍ തിളങ്ങിനിന്ന പ്രതിഭാശാലിയായ പത്രപ്രവര്‍ത്തകയുടെ വേരുകള്‍ തേടിയുള്ള അന്വേഷണമാണ്. സമൂഹത്തിന്റെ വികാസ പരിണാമങ്ങളുടെ, വിശിഷ്യാ മുസ്‌ലിം ജീവിതത്തിന്റെയും പെണ്‍ ജീവിതത്തിന്റെയും സാക്ഷ്യപ്പെടുത്തല്‍ കൂടിയാണ്.
തെക്കന്‍ കേരളത്തിലെ അടൂരില്‍ ജനിച്ച ഹലീമാ ബീവി 1935-ല്‍ പതിനേഴാം വയസ്സില്‍ വിവാഹിതയായി. നവോത്ഥാന നായകനായിരുന്ന വക്കം അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ ശിഷ്യനും പുരോഗമനാശയക്കാരനുമായിരുന്ന കെ.എം മുഹമ്മദ് മൗലവി (പല്ലാരിമംഗലം)യായിരുന്നു ഭര്‍ത്താവ്. ഒരു പതിറ്റാണ്ടുകാലം തിരുവല്ലയായിരുന്നു അവരുടെ പ്രവര്‍ത്തന കേന്ദ്രം. അവിടെ താമസിച്ചുകൊണ്ട് പത്രപ്രസാധനമടക്കം, മുസ്‌ലിം സ്ത്രീകളുടെ പുരോഗമനം ലക്ഷ്യമാക്കി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഹലീമാ ബീവി നേതൃത്വം നല്‍കി. അതില്‍ ഏറെ ശ്രദ്ധേയമായിരുന്നു 1938-ല്‍ പ്രസിദ്ധീകരണം തുടങ്ങിയ മുസ്‌ലിം വനിത മാസിക. 1944-ല്‍ തിരുവല്ലയില്‍നിന്ന് ഭാരത ചന്ദ്രിക എന്ന പേരില്‍ ഒരു വീക്കിലി ഹലീമാ ബീവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചു. 1948-ല്‍ ഭാരത ചന്ദ്രിക ദിനപത്രമായി മാറി. സ്വന്തമായി പ്രസ്സും ഒരു പുസ്തക ശാലയും അവര്‍ സ്ഥാപിച്ചു. കുറച്ചുകാലം വൈക്കം മുഹമ്മദ് ബഷീര്‍ തിരുവല്ലയില്‍ ഹലീമാ ബീവിയുടെ കുടുംബത്തോടൊപ്പം താമസിക്കുകയുണ്ടായി.
പത്രപ്രവര്‍ത്തനത്തോടൊപ്പം സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങളിലും അവര്‍ മുഴുകി. കേരളത്തില്‍ ആദ്യമായി ഒരു മുസ്‌ലിം വനിതാ സമ്മേളനം നടക്കുന്നത് 1938-ല്‍ ഹലീമാ ബീവിയുടെ നേതൃത്വത്തിലാണ്. തിരുവല്ലയില്‍ ചേര്‍ന്ന വനിതാ സമ്മേളനത്തില്‍ തിരുവിതാംകൂറിന്റെ പല ഭാഗങ്ങളില്‍നിന്ന് ധാരാളം സ്ത്രീകള്‍ സംബന്ധിക്കുകയുമുണ്ടായി. 'അഖില തിരുവിതാംകൂര്‍ മുസ്‌ലിം വനിതാ സമാജം' എന്ന പേരില്‍ ഒരു സംഘടന ഈ സമ്മേളനത്തില്‍ രൂപവത്കരിക്കുകയുണ്ടായി. തിരുവല്ല മുനിസിപ്പാലിറ്റിയില്‍ ഹലീമാ ബീവി കൗണ്‍സിലര്‍ ആയിട്ടുണ്ട്. തിരുവിതാംകൂറിലെ ഉത്തരവാദ ഭരണ പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകുകയം ചെയ്തു. പുരുഷാധിപത്യ മത-സാമൂഹിക ചുറ്റുപാടുകള്‍ക്കും മനോഭാവങ്ങള്‍ക്കും ചട്ടക്കൂടുകള്‍ക്കുമെതിരെ അവര്‍ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചു. ഖുര്‍ആനിന്റെയും ഹദീസിന്റെയും പുരുഷ വായനകളെ തിരുത്തി വായിക്കാന്‍ ഹലീമാ ബീവി ശ്രമിച്ചുവെന്നും ഗ്രന്ഥകാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്‌ലാമിക സ്ത്രീവാദത്തിന്റെ പൂര്‍വ മാതാക്കളില്‍ ഒരാളായിട്ടാണ്, പുസ്തകത്തിന് അവതാരിക എഴുതിയ ഡോ. ജെ. ദേവിക ഹലീമാ ബീവിയെ വിലയിരുത്തുന്നത്. 136 പേജുകളുള്ള ഈ കൃതിയില്‍ തിരുവല്ല വനിതാ സമ്മേളനത്തില്‍ ഹലീമാ ബീവി നടത്തിയ സ്വാഗത പ്രസംഗം അടക്കം ഏതാനും അനുബന്ധങ്ങള്‍ കൂടി നല്‍കിയിട്ടുണ്ട്.
 

പത്രാധിപ: എം. ഹലീമാ ബീവിയുടെ ജീവിതം
നൂറ, നൂര്‍ജഹാന്‍
പ്രസാധനം: ബുക് കഫേ (കോട്ടക്കല്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് 22-27
ടി.കെ ഉബൈദ്‌

ഹദീസ്‌

മത്സര പരാജയം; നബി(സ)യുടെ മാതൃക
അബ്ദുല്ലത്വീഫ് കൊടുവള്ളി