Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 16

3281

1444 ജമാദുല്‍ അവ്വല്‍ 22

ഓഫ്‌ലൈനും ഓണ്‍ലൈനും

 ഷാഫി കോയമ്മ shafikoyamma@gmail.com

ഓണ്‍ലൈനിന്റെ കാലത്താണ് നാമിന്ന്. ആ കാലത്തിന്റെ തുടക്കത്തിലല്ല. ഓണ്‍ലൈനില്‍ ജനിച്ച് ജീവിച്ച ഒരു തലമുറ ടീനേജ് പ്രായം കടക്കുന്ന കാലമാണിത്. ഈ വര്‍ത്തമാനം പറഞ്ഞുതുടങ്ങുന്നത്, നമ്മുടെ ഓണ്‍ലൈന്‍ ആക്ടിവിറ്റി എത്രത്തോളം ചടുലമാണ് എന്ന ആലോചന തുറന്നു വെക്കാനാണ്.
ഓണ്‍ലൈന്‍ സമൂഹത്തെ നേരിടാന്‍ ഓണ്‍ലൈന്‍ ടൂളുകള്‍ നമുക്ക് ആവശ്യമാണ്. അതിനു പക്ഷേ, പഴയ ഓഫ്‌ലൈന്‍ ടൂളുകളുടെ സ്‌കാന്‍ഡ് കോപ്പികള്‍ (പകര്‍പ്പുകള്‍) മതിയാവുകയില്ല.
ആദ്യം പ്രഭാഷണങ്ങളുടെ കാര്യമെടുക്കാം: ഒരു പ്രഭാഷണം പരതിയാല്‍, നൂറു പ്രഭാഷണങ്ങള്‍ നമുക്ക് ഓണ്‍ലൈനില്‍ കിട്ടും. അരമണിക്കൂര്‍ മുതല്‍, രണ്ട് മണിക്കൂര്‍ വരെയുള്ളത്. ഇപ്പോള്‍ പ്രഭാഷകര്‍, ഓഫ്‌ലൈനിലെ അവരുടെ പ്രഭാഷണങ്ങള്‍ ഒരു കാമറയും മൈക്കും ഉപയോഗിച്ച്  ഓണ്‍ലൈനിലേക്ക് പകര്‍ത്തിവെക്കുന്നുണ്ട്. ഓണ്‍ലൈനിന്റെ തുടക്ക കാലത്ത് അല്ലെങ്കില്‍ ഒരു തുടക്കമെന്ന നിലയില്‍ ഇത് നല്ല കാര്യമായിരുന്നു. എന്നാലിന്ന് നാമതില്‍ നിന്ന് മുന്നോട്ടു പോയേ പറ്റൂ. ഇത്തരം ഓണ്‍ലൈന്‍ പ്രഭാഷണങ്ങളെയാണ് ഓഫ്‌ലൈന്‍ പ്രഭാഷണങ്ങളുടെ സ്‌കാന്‍ഡ് കോപ്പി എന്ന് വിളിക്കുന്നത്. പുതിയ കാലത്ത് ഇത് മതിയാവുകയില്ല
ഇതിന് മൂന്ന് കാരണങ്ങളുണ്ട്: ഒന്ന്, ഇത്തരം പ്രഭാഷണങ്ങള്‍ സെര്‍ച്ച് ഓറിയന്റഡ് അല്ല. ഒരു വിഷയം സെര്‍ച്ച് ചെയ്താല്‍, ആ വാക്ക് പരാമര്‍ശിക്കുന്ന കെട്ട്കണക്കിനു പ്രഭാഷണങ്ങള്‍ കിട്ടും എന്നല്ലാതെ, ആ വിഷയത്തെ അധികരിച്ച് മാത്രമുള്ള ഒരൊറ്റ പ്രഭാഷണം പോലും ലഭ്യമാവുകയില്ല. രണ്ട്, ഈ പ്രഭാഷണങ്ങള്‍ ഓണ്‍ലൈന്‍ കേള്‍വിക്കാരെ അഡ്രസ് ചെയ്യുന്നതല്ല. അഥവാ, വല്ല പ്രഭാഷണവും ഒരു പ്രത്യേക വിഷയത്തില്‍ കിട്ടിയാല്‍ തന്നെയും, അവ വല്ലാതെ ആര്‍ട്ടിഫിഷല്‍ ആയിത്തോന്നും.
മൂന്ന്, കൃത്യമായി ഓര്‍ഡറോ ലിസ്റ്റോ ആക്കിയ, പ്രാമാണികമായ പ്ലാറ്റ്‌ഫോമുകളില്‍ പ്രഭാഷണങ്ങള്‍ ലഭ്യമല്ല (വാട്‌സാപ് യൂനിവേഴ്‌സിറ്റി എന്ന് പരിഹസിച്ച് വിളിക്കുന്ന തരത്തില്‍ ആധികാരികതയൊന്നും ഇല്ലാത്ത, സോഴ്‌സില്ലാത്ത പ്രഭാഷണങ്ങളാണ് മിക്കതും).

ഈ പ്രശ്‌നത്തിന് പരിഹാരമെന്താണ്? പ്രശ്‌നം മാത്രം പറഞ്ഞുവെക്കുന്നതില്‍ കാര്യമില്ല:
1. ഓണ്‍ലൈന്‍ പ്രേക്ഷകരെ അഭിമുഖീകരിച്ച്  അവര്‍ക്കായുള്ള പ്രഭാഷണങ്ങള്‍ നടത്തണം. ഓണ്‍ലൈന്‍ പ്രഭാഷണം എന്നതിനര്‍ഥം ബ്ലൂ മാറ്റ് പിറകില്‍ വെച്ച് കാമറ നോക്കി പ്രസംഗിക്കുക എന്നതല്ല, അതൊരു തരം ആര്‍ട്ടിഫിഷല്‍ ഡ്രാമയാണ്. ഓണ്‍ലൈന്‍ പ്രേക്ഷകന്‍ ഒറ്റക്കാണ്, സദസ്സിലിരിക്കുന്ന ഫീല്‍ അവനില്ല. അതിനാല്‍, ഒരു വ്യക്തിയോട് നേരിട്ട് പറയുന്ന ടോണില്‍ പറയാന്‍ കഴിയണം. എന്നാല്‍, ആ വ്യക്തി ആരാണെന്ന് നമുക്കറിയാത്തതിനാല്‍ (വ്യക്തികള്‍ മാറിക്കൊണ്ടിരിക്കുന്നതിനാല്‍) ആ വര്‍ത്തമാനം പൊതുവും ആകണം. നിലവിലുള്ള പ്രസംഗ ശൈലി മാറ്റി സുഹൃത്തിനോടുള്ള കൊച്ചു (ഗൗരവ) വര്‍ത്തമാനം പറയുന്ന ശൈലി സ്വീകരിക്കാം. ആ ശൈലി ആര്‍ജിക്കാന്‍ വിവിധ ശൈലിയിലുള്ള വ്‌ളോഗര്‍മാരെ അനലൈസ് ചെയ്ത് പഠിക്കണം,.. നമ്മുടെ (പ്രസ്ഥാനത്തിന്റെ) പ്രഭാഷകര്‍ക്ക് ഈ ശൈലി ആര്‍ജിച്ചെടുക്കാനുള്ള ട്രെയ്‌നിംഗ് സെഷന്‍ പ്രസ്ഥാന ലെവലില്‍ തന്നെ നടത്തണം,..

2. പ്രഭാഷണങ്ങള്‍ ചുരുക്കി, അതില്‍ ആവശ്യത്തിനുള്ള 'കണ്ടന്റ്' ഉള്‍പ്പെടുത്താന്‍ സാധിക്കണം. യൂടൂബ് ഷോര്‍ട്ട്‌സും ഇന്‍സ്റ്റഗ്രാം റീല്‍സുമാണ് കാലത്തിന്റെ യുവാക്കളുടെ അറ്റന്‍ഷന്‍ സ്പാന്‍. 15-ഉം 30-ഉം 60-ഉം സെക്കന്റുകള്‍. ഈ സമയം കൊണ്ട് വിഷയം പറഞ്ഞുതീര്‍ക്കാനും, കൂടുതല്‍ കേള്‍ക്കാന്‍ പ്രേരിപ്പിക്കാനും സാധിക്കണം.

3. ഇങ്ങനെയുള്ള പ്രഭാഷണങ്ങളെല്ലാം, പ്രൊഫഷനല്‍ ലെവലില്‍ സോര്‍ട്ട് ചെയ്ത്, സെര്‍ച്ച് ഓറിയന്റഡ് ആയി ശേഖരിച്ചുവെക്കാനുള്ള നല്ലൊരു പ്ലാറ്റ്‌ഫോം ഒരുക്കി, അതിനു ശക്തമായ പ്രചാരണ പരിപാടികളിലൂടെ സമൂഹത്തില്‍ പബ്ലിസിറ്റി കൊടുക്കാന്‍  സാധിക്കണം.

ഓണ്‍ലൈന്‍ പുസ്തകങ്ങളെ കുറിച്ച്

എഴുത്തും വായനയും കടലാസില്‍ തന്നെ വേണമെന്നത് നാമറിയാതെ നമ്മുടെ ഉള്ളിന്റെയുള്ളില്‍ കിടക്കുന്ന പിടിവാശിയാണ്. പുതിയ കാലമാറ്റങ്ങളോട് സംവദിക്കാന്‍ എത്രതന്നെ നാം ആഗ്രഹിച്ചാലും ഈ പിടിവാശി നമ്മെ മുമ്പോട്ടു പോകാന്‍ സമ്മതിക്കുന്നില്ല. കടലാസിന്റെ കാലം കഴിഞ്ഞു കൊണ്ടിരിക്കുന്നു എന്ന് നാം നമ്മെ  പറഞ്ഞു പഠിപ്പിക്കുകയേ നിവൃത്തിയുള്ളൂ. കടലാസിന്റെ സ്ഥാനം ഡിജിറ്റല്‍ മീഡിയ ഏറ്റെടുത്ത് മുമ്പോട്ടു പോയിക്കഴിഞ്ഞിരിക്കുന്നു.
നമ്മുടെ എല്ലാ പത്രങ്ങളും ഓണ്‍ലൈനില്‍ ഉണ്ട്. ഇത്രയൊക്കെയായിട്ടും വായനാ ലോകത്ത് നമുക്ക് ഓണ്‍ലൈന്‍ സമൂഹത്തെ അഭിമുഖീകരിക്കാന്‍ കഴിയാത്തതിന്റെ കാരണമെന്തായിരിക്കും? ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടാം:
1. ഈ സംവിധാനങ്ങള്‍ ഒക്കെയും നിലവില്‍ ഓഫ്‌ലൈന്‍ വായന നടത്തുന്നവര്‍ക്ക് ഓണ്‍ലൈനില്‍ വായിക്കാനായി സജ്ജമാക്കിയതാണ്. കടലാസ് പുസ്തകങ്ങളെ ഉള്ള് കൊണ്ട് പ്രണയിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വായനയെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല.
2. കടലാസ് പുസ്തകങ്ങളെ പരിചയമില്ലാത്ത പുതിയ ഓണ്‍ലൈന്‍ വായനക്കാര്‍ക്ക് പറ്റിയ രീതിയില്‍ ഒരുക്കങ്ങള്‍ ഇവയിലൊന്നും ഇല്ല.
3. ഇത്തരം സംവിധാനങ്ങള്‍ ഒരുക്കിവെക്കുന്നു എന്നല്ലാതെ, അവയെ ഓണ്‍ലൈന്‍ സമൂഹത്തിലേക്ക് കൃത്യമായി പബ്ലിസിറ്റി കൊടുക്കാന്‍ നാം തയാറാകുന്നില്ല (പബ്ലിസിറ്റി കൊടുത്താല്‍, കടലാസ് പുസ്തകങ്ങളുടെ വില്‍പന കുറഞ്ഞുപോകുമോ എന്ന ഭയമാണ് കാരണമെന്ന് തോന്നിപ്പോകാറുണ്ട്).
4. പുസ്തകങ്ങളുടെയോ ആനുകാലികങ്ങളുടെയോ ശബ്ദരൂപങ്ങള്‍ ഈ പ്ലാറ്റ്‌ഫോമുകളിലൊന്നും ലഭ്യമാവുന്നില്ല.

ഈ സംരംഭങ്ങള്‍ എല്ലാം ഒന്നോ രണ്ടോ പ്ലാറ്റ്‌ഫോമുകളിലേക്കായി കൊണ്ടുവന്ന് ക്രോഡീകരിക്കുക എന്നത് ഒരു പ്രധാന പരിഹാര മാര്‍ഗമാണ്. ഓണ്‍ലൈന്‍ വായനക്കാര്‍ക്ക് ഉതകുന്ന തരത്തില്‍ ഈ പുസ്തകങ്ങളുടെ, അതിലെ വിവിധ അധ്യായങ്ങളുടെ ഷോട്ട് വേര്‍ഷനുകള്‍ തയാറാക്കാം. ഏതാനും വാചകങ്ങളില്‍ ഒരു കുഞ്ഞു അറിവ് തയാറാക്കുകയും അവയിലൂടെ തന്നെ പുസ്തകങ്ങളിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്ന രീതിയാണിത്.
വായന ചെവിയിലൂടെയാകുന്ന പുസ്തകങ്ങളുടെ ശബ്ദരൂപങ്ങള്‍ തയാറാക്കുകയും, അവയും പുസ്തകങ്ങളായി കണ്ട് അതേ പ്ലാറ്റ്‌ഫോമില്‍, പുസ്തകത്തിന്റെ കൂടെ ഒരുക്കിവെക്കുകയും ചെയ്യാം. ഇങ്ങനെയൊരുക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ നിരന്തരം, വിവിധ രൂപേണ, വിവിധ ഓണ്‍ലൈന്‍ മീഡിയയിലും മറ്റു പ്രാസ്ഥാനിക നെറ്റ് വര്‍ക്കുകളിലും പബ്ലിസിറ്റി കൊടുക്കുകയും, വിവിധ ആശയ പ്രചാരണ മേഖലയില്‍ ടൂളായി ഉപയോഗപ്പെടുത്താന്‍ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുകയും ചെയ്യുക.
ഒരു ഉദാഹരണം പറയാം.  ഐ.പി.എച്ച് ബുക്‌സ് എന്ന മൊബൈല്‍ ആപ്ലിക്കേഷനി(അത്യാവശ്യം നിലവാരമുള്ള ആപ്പ് ആണത്)ലേക്ക് പ്രബോധനം ഓണ്‍ലൈനും ഇസ്‌ലാം ഓണ്‍ലൈവും ഒരുമിപ്പിക്കുക (അതിന്റെ സാങ്കേതികതകള്‍ സാങ്കേതികമായി തന്നെ പരിഹരിക്കുക). എന്നിട്ട്, ഇവയോരോന്നിനും, കടലാസിന്റെയും വിതരണത്തിന്റെയും ചെലവ് കുറച്ചുകൊണ്ടുള്ള ഒരു വിലയിടുക. പ്രബോധനത്തിന് പ്രതിവര്‍ഷ സബ്‌സ്‌ക്രിപ്ഷനാകും പ്രായോഗികം. ഇസ്‌ലാം ഓണ്‍ലൈവ് പോലുള്ള സൗജന്യ വായന സൗജന്യമായി തന്നെ നല്‍കുക.  ഐ.പി.എച്ച് പുസ്തകങ്ങളില്‍ കുറച്ചെണ്ണവും സൗജന്യമായി നല്‍കുക (വിശേഷിച്ചും അടിസ്ഥാന സാഹിത്യം പോലുള്ളവ). അങ്ങനെ, പകുതി കണ്ടന്റ് എങ്കിലും സൗജന്യമായി ലഭിക്കുന്ന ആപ്ലിക്കേഷനാക്കി മാറ്റുക.  ഈ പുസ്തകങ്ങളുടെ ഓഡിയോ പതിപ്പ് കൂടി തയാറാക്കി പുസ്തകത്തിന്റെ കൂടെ വില്‍പനക്ക് വെക്കുക. നിലവിലുള്ള പുസ്തകങ്ങളുടെ ഷോര്‍ട്ട് വേര്‍ഷനുകളും ചുരുക്കിവിവരണവും തയാറാക്കുക. ഇവയുടെയൊക്കെ ഓഡിയോ വേര്‍ഷനുകളും തയാറാക്കുക.
ഇങ്ങനെയൊക്കെ ചെയ്താലും പക്ഷേ, ഓണ്‍ലൈന്‍ വായനാ ലോകത്തെ നമുക്ക് കിട്ടുകയില്ല. അതിന് ആ ജനക്കൂട്ടം ഉള്ള സ്ഥലത്തേക്ക് അങ്ങോട്ടേക്ക് നാം പോകണം, അവരിലേക്ക് ഈ സംഗതികള്‍ പരസ്യം ചെയ്യണം. സൗജന്യങ്ങള്‍ കാണിച്ച്, കോംബോ ഓഫറുകള്‍ കാണിച്ച് ആകര്‍ഷിക്കണം. സോഷ്യല്‍ മീഡിയയിലും ഓഫ്‌ലൈന്‍ ജനക്കൂട്ടങ്ങളിലും ഇങ്ങനെയൊരു സംവിധാനത്തെ പരിചയപ്പെടുത്തണം. പുതിയ ഓണ്‍ലൈന്‍ തലമുറയെ വായനയുടെ ലോകത്തേക്ക് പ്രേരിപ്പിച്ചു കൊണ്ടു വരണം. നേരത്തെ പറഞ്ഞ പുസ്തകങ്ങളുടെ സംഗ്രഹങ്ങളും ചുരുക്കെഴുത്തുകളും അവയുടെ ഓഡിയോകളും ഈ പ്രചാരണത്തിന് ടൂളുകളായി ഉപയോഗപ്പെടുത്തണം. 
6238214877
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് 22-27
ടി.കെ ഉബൈദ്‌

ഹദീസ്‌

മത്സര പരാജയം; നബി(സ)യുടെ മാതൃക
അബ്ദുല്ലത്വീഫ് കൊടുവള്ളി