Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 16

3281

1444 ജമാദുല്‍ അവ്വല്‍ 22

മാനവികതയുടെ  മനോഹരമായ ആകാശങ്ങള്‍

ഇസ്മാഈല്‍ പതിയാരക്കര

'വിശ്വ മാനവികതയിലേക്ക് പന്ത് തട്ടി  ഖത്തര്‍' (ലക്കം 3279) എന്ന ശീര്‍ഷകത്തില്‍ വന്ന മുഖ ലേഖനം അതി മനോഹരമായിരുന്നു. ഏകദേശം എട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ദ്വീപുകളില്‍ പ്രചാരം നേടുകയും  1930-കളോടെ ലോക കായിക മാമാങ്കമായി ആഘോഷിക്കപ്പെടുകയും ചെയ്ത കാല്‍പന്ത് കളിയുടെ ചരിത്രം  സംഭവ ബഹുലമാണ്.
രാജ്യാതിര്‍ത്തികളെ  വകഞ്ഞുമാറ്റി ലോകത്തിന്റെ കണ്ണുകള്‍ കാലുകളില്‍ വിരിയുന്ന മാസ്മരികതക്കു പിറകെ ആകാംക്ഷയോടെയും ആര്‍പ്പു വിളികളോടെയും സഞ്ചരിക്കുന്ന അപൂര്‍വ കാഴ്ചകളാണ് ഓരോ ലോക കപ്പും ബാക്കി വെക്കുന്നത്.
പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി ഒരു അറബ് രാജ്യത്തിന് ഈ കായിക മഹാമഹത്തിന് ആതിഥ്യമരുളാന്‍ അവസരം ലഭിച്ചതു മുതല്‍ വംശീയ തിമിരം ബാധിച്ചവര്‍ നടത്തിക്കൊണ്ടിരുന്ന  സകല കുത്സിത ശ്രമങ്ങള്‍ക്കുമുള്ള സര്‍ഗാത്മകമായ മറുപടിയായിരുന്നു ലോകത്തിനു മുന്നില്‍ മുഴങ്ങിക്കേട്ട 'മനുഷ്യരേ, നിങ്ങളെല്ലാവരും ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കളാണെ'ന്ന വിശുദ്ധ വേദ വചന പ്രഘോഷണം.
വര്‍ണ വെറിയുടെയും വര്‍ഗീയതയുടെയും മതില്‍ക്കെട്ടിനുള്ളില്‍ കുടുങ്ങിപ്പോയ മനുഷ്യ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് മുന്നില്‍ മാനവികതയുടെ വിശാലമായ ആകാശങ്ങളെക്കുറിച്ച് ഓര്‍മിപ്പിച്ച ഖത്തര്‍ എന്ന കൊച്ചു രാജ്യം ചരിത്രത്തില്‍ എന്നെന്നും ഓര്‍മിപ്പിക്കപ്പെടുക തന്നെ ചെയ്യും.
പുരോഗമനത്തിന്റെ പുറംമോടിക്കുള്ളില്‍ എത്ര മാത്രം ചീഞ്ഞളിഞ്ഞ വംശീയതയാണ്  പാശ്ചാത്യ മാധ്യമങ്ങള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന് വെളിവാക്കുന്നത് കൂടിയായി അവരുടെ ലോക കപ്പ് റിപ്പോര്‍ട്ടിംഗ് ശൈലി. 


മാപ്പ് പറഞ്ഞതുകൊണ്ട് വംശവെറി അണയുമോ?

കെ.എം ശാഹിദ് അസ്‌ലം


മന്ത്രി വി. അബ്ദുര്‍റഹ്മാനെതിരെ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമര സമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വംശീയ പരാമര്‍ശം  കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലം ചര്‍ച്ച ചെയ്യുകയാണ്. ഫാദര്‍ മാപ്പ് പറഞ്ഞാലും അണയാത്ത വംശീയ വെറി ആ മനസ്സുകളില്‍ തിളച്ച് മറിയുന്നുണ്ടെന്ന് വ്യക്തം. 'അബ്ദുര്‍റഹ്മാന്‍'  എന്ന പേരില്‍ത്തന്നെ ഒരു തീവ്രവാദിയുണ്ട് എന്നാണ് പരാമര്‍ശം. ഇത് കേവലം നാക്കുപിഴയായി  കാണാനാവില്ല. ഇതൊരു മാരക രോഗമാണ്.
ആ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചപ്പോഴൊക്കെ അവരെ തിരുത്താന്‍ ഇവിടത്തെ സര്‍ക്കാറിനോ പൊതുസമൂഹത്തിനോ കഴിഞ്ഞിട്ടില്ല. അവരെ അവരുടെ അരമനകളില്‍ പോയി മഹാ പണ്ഡിതരെന്ന് വാഴ്ത്താനാണ് നമ്മുടെ ഭരണാധികാരികള്‍ക്ക് താല്‍പര്യം...
പിന്നെ, ഇപ്പോള്‍ എന്തുകൊണ്ട് ഫാദര്‍ വിമര്‍ശിക്കപ്പെടുന്നു എന്ന് ചോദിച്ചാല്‍ അതിനുത്തരം ലളിതമാണ്: മന്ത്രിസഭയിലെ ഒരംഗത്തെ തീവ്രവാദി എന്ന് വിളിച്ചതുകൊണ്ടാണ് ഇപ്പോഴുള്ള ഈ ഒച്ചപ്പാടുകളൊക്കെ. മറിച്ച്, മന്ത്രിയല്ലാത്ത അബ്ദുര്‍റഹ്മാനെ ഫാദര്‍ എന്തു പറഞ്ഞാലും ഇവിടെ ഒന്നും സംഭവിക്കില്ല. ഫാദറിന് മാപ്പ് പറയേണ്ടി വരികയുമില്ല. സാംസ്‌കാരിക കേരളത്തിന് ഞെട്ടേണ്ടിയും വരില്ല. പൊതുബോധത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്നതില്‍ നമ്മുടെ സര്‍ക്കാറുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാെണന്ന് തിരിച്ചറിയാതെ കാടടച്ച് വെടിവെക്കുന്നതൊക്കെ വെറും പ്രഹസനം മാത്രമാണ്. 

 

ഗുജറാത്ത് വംശഹത്യയും  ആഭ്യന്തര മന്ത്രിയുടെ 
പാഠം പഠിപ്പിക്കലും

റഹ്മാന്‍ മധുരക്കുഴി  9446378716

2002-ല്‍ ബി.ജെ.പി ഗുജറാത്ത് കലാപകാരികളെ ഒരു പാഠം പഠിപ്പിച്ചുവെന്നാണ്, ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞുകളഞ്ഞത്. സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട അതിഭീകരമായ വംശഹത്യയെ എത്ര ക്രൂരമായാണ് ന്യായീകരിക്കുന്നത്. 2002 ഫെബ്രുവരി 27-ന് അയോധ്യയില്‍നിന്ന് അഹ്മദാബാദിലേക്ക് വരികയായിരുന്ന സബര്‍മതി എക്‌സ്പ്രസ്, ഗോധ്ര റെയില്‍വെ സ്‌റ്റേഷനിലെത്തിയപ്പോള്‍ ആരോ ട്രെയിനിന് തീയിട്ടതിന്റെ ഫലമായി നാല് കോച്ചുകള്‍ അഗ്നിക്കിരയാവുകയും കര്‍സേവകര്‍ ഉള്‍പ്പെടെ 58 പേര്‍ കൊല്ലപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഗുജറാത്തിലെമ്പാടും മുസ്‌ലിംകള്‍ ആക്രമിക്കപ്പെട്ടു. കൊച്ചു കുഞ്ഞുങ്ങളും ഗര്‍ഭിണികളും വൃദ്ധരുമുള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടു. സ്ത്രീകള്‍ ക്രൂരമായ ബലാത്സംഗങ്ങള്‍ക്കിരയായി. മുസ്‌ലിംകളായി ജനിച്ചുപോയ ഏക കുറ്റത്തിന് ഒന്നുമറിയാത്ത പാവം കുഞ്ഞുങ്ങളെ വരെ ഭിത്തിയിലിടിച്ചും നിലത്തെറിഞ്ഞും കൊന്നു. 2000-ലേറെ പേര്‍ മൊത്തം കൊല്ലപ്പെട്ടുവെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു.
'സമ്പൂര്‍ണ വംശഹത്യാ ദൗത്യ'മുള്ള നരഹത്യയാണ് ഗുജറാത്തില്‍ നടന്നത്. 'ഗുജറാത്തിലെ സംഭവങ്ങളെ ഭരണകൂട പ്രേരിതമായ ന്യൂനപക്ഷ ഉന്മൂലനമായി മാത്രമേ കാണാന്‍ കഴിയൂ' എന്ന് സ്വതന്ത്രാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോധ്ര തീവെപ്പിനെ തുടര്‍ന്ന് ഗുജറാത്തില്‍ നടന്ന വംശഹത്യ ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു തീരാകളങ്കമായി. ബെസ്റ്റ് ബേക്കറി കേസില്‍ വിചാരണാ കോടതി പ്രതികളെയെല്ലാം വെറുതെ വിട്ടപ്പോള്‍, സാക്ഷികള്‍ക്ക് നിര്‍ഭയം സംസാരിക്കാനുള്ള അവസരം കോടതിയില്‍ പോലും നിഷേധിക്കപ്പെട്ടുവെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എ.എസ് ആനന്ദ് ചൂണ്ടിക്കാണിക്കുകയുണ്ടായി. ഗുജറാത്തിലെ വംശഹത്യയുടെ ഭാഗമായി വഡോദരയിലെ ബെസ്റ്റ് ബേക്കറി തീവെപ്പില്‍ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ചുട്ടുകൊന്ന കേസിലെ പ്രതികളെ നീതിപീഠത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കേണ്ടതിന് പകരം, അവരെ സംരക്ഷിക്കാന്‍ എല്ലാ വിധ ഭരണകൂട മെഷിനറികളെയും ദുരുപയോഗം ചെയ്യുകയായിരുന്നു.
'നിരപരാധികളായ കുട്ടികളെയും നിസ്സഹായരായ സ്ത്രീകളെയും ചുട്ടുകരിച്ചപ്പോള്‍ അഭിനവ നീറോമാര്‍ മറ്റെവിടെയോ നോക്കുകയായിരുന്നു' എന്നും 'പ്രതികളെ എങ്ങനെ സംരക്ഷിക്കാമെന്ന് ആലോചിക്കുകയായിരുന്നു' എന്നും സുപ്രീം കോടതി അന്ന് പ്രസ്താവിച്ചിട്ടുണ്ട്. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാറും, ജനസംരക്ഷകരെന്ന് കരുതപ്പെടുന്ന പോലീസും, കേസ് നടത്തിപ്പിന്റെ ചുമതലയുള്ള പ്രോസിക്യൂട്ടറും കുറ്റവാളികളെയാണ് സഹായിക്കുന്നതെങ്കില്‍ സാധാരണ ജനങ്ങള്‍ക്ക് എങ്ങനെ നീതി നേടാനാകും?' എന്ന് മലയാള മനോരമ (2004 ഏപ്രില്‍ 14) അന്ന് മുഖപ്രസംഗമെഴുതി.
ഗുജറാത്തില്‍ മുസ്‌ലിംകളെ അറുകൊല ചെയ്തതിലൂടെ ഹിന്ദുക്കള്‍ക്ക് വളരെ മോശമായ പ്രതിഛായയാണ് ഉണ്ടായതെന്ന് 79 ശതമാനം ഹിന്ദുക്കള്‍ അഭിപ്രായപ്പെട്ടതായി ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദറാബാദ്, ബംഗളൂരു, അഹ്മദാബാദ് നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 786 ഹിന്ദുക്കളില്‍ സെന്റര്‍ ഫോര്‍ കാസ്റ്റിംഗ് ആന്റ് റിസര്‍ച്ച്, ഔട്ട്‌ലുക്ക് വാരികക്കു വേണ്ടി നടത്തിയ സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ''ഗുജറാത്ത് സംഭവങ്ങളില്‍ ഒട്ടും മാനക്കേട് തോന്നിയില്ലെന്നത് പോകട്ടെ, മുഖ്യമന്ത്രി മോദിക്ക് ആഹ്ലാദം മറയ്ക്കാനാവുന്നില്ലെന്നതാണ് ഏറെ പരിഹാസ്യം'' എന്നായിരുന്നു തവ്‌ലീന്‍ സിംഗ് (ഇന്ത്യാ ടുഡെ, 8-5-2002) എഴുതിയത്.
ഗുജറാത്ത് കലാപത്തിനു ശേഷം അവിടം സന്ദര്‍ശിച്ച വാജ്‌പേയ് പറഞ്ഞു: ''ഞാനിനി എങ്ങനെ ലോകത്തിന്റെ മുഖത്ത് നോക്കും?'' 
''വര്‍ഗീയ ശക്തികള്‍ രാജ്യത്തെ അന്തരീക്ഷം ദുഷിപ്പിച്ച് രാജ്യത്തെ കലാപങ്ങളിലേക്ക് നയിക്കുകയാണ്. അതിന്റെ ഭീഷണമായ ഉദാഹരണമാണ് ഈയിടെ ഗുജറാത്തില്‍ കാണാനിടയായത്''- പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന  ചെയ്തുകൊണ്ട് അഭിവന്ദ്യനായ മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന് ഇങ്ങനെ പറയേണ്ടിവന്നു.
സ്വതന്ത്ര ഇന്ത്യ കണ്ട ക്രൂരവും ഭീകരവും ലജ്ജാവഹവുമായ സംഭവത്തെക്കുറിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രി കലാപകാരികളെ ബി.ജെ.പി ഒരു പാഠം പഠിപ്പിച്ചുവെന്ന് അശേഷം നാണമില്ലാതെ തട്ടിവിട്ടത്. ലജ്ജാവഹം എന്നേ പറയാനാവൂ. 

 


വളര്‍ത്തുന്നത് ഇസ്‌ലാമോഫോബിയ

പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ, കോഴിക്കോട്


'ഏക സിവില്‍ കോഡിനെക്കുറിച്ച് ഉയര്‍ത്തേണ്ട ചോദ്യങ്ങള്‍' (2022 ഡിസംബര്‍ 2, മുഖവാക്ക്) വായിച്ചു. ഏക സിവില്‍ കോഡ് സംഘ് പരിവാറിന്റെ പുതിയ നയപരിപാടിയൊന്നുമല്ല. മുസ്‌ലിം വ്യക്തിനിയമത്തെയാണ് അത് മുഖ്യമായും ലക്ഷ്യമിടുന്നതെങ്കിലും മുസ്‌ലിം വിദ്വേഷം ഇളക്കിവിടാന്‍ അത് മതിയാകുമെന്ന് തല്‍പര കക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ അത് ഉതകുമെന്നും കണ്ടെത്തിയിരിക്കുന്നു. ഇത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന നീക്കമല്ല. പല വിഭാഗങ്ങളെയും ബാധിക്കും. അത് മനസ്സിലാക്കി എല്ലാ വിഭാഗമാളുകളും ഒന്നിച്ചു നില്‍ക്കണം. 


മുന്‍ധാരണകളില്‍  കൂമ്പടയുന്ന ആശയ സമരങ്ങള്‍

ഹംസ കടവത്ത്, പരപ്പനങ്ങാടി
9539008593


ജനങ്ങള്‍ക്കു വേണ്ടി ഇറങ്ങിപ്പുറപ്പെടേണ്ടവരാണ് വിശ്വാസികളെന്ന ദൈവിക ആഹ്വാനം പ്രമാണമായി സ്വീകരിക്കുന്നവര്‍ക്ക് സാമുദായിക വാദിയോ വര്‍ഗീയ വാദിയോ ആകാന്‍ കഴിയില്ല. 'അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാതിരിക്കാന്‍ നിങ്ങള്‍ക്ക് എന്തുണ്ട് ന്യായ'മെന്ന വിശുദ്ധ ഖുര്‍ആന്റെ ചോദ്യത്തിന് മുന്നില്‍ അവര്‍ക്ക് അരാഷ്ട്രവാദികളുമാകാനാവില്ല. അതിനാല്‍,  ദൈവരാജ്യം കൊതിപ്പാന്‍ ക്രിസ്ത്യന്‍ പാതിരിമാര്‍ ആഹ്വാനമേകിയതും, രാമരാജ്യം സനാതന ഹിന്ദുവായ നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മജി തന്റെ സ്വപ്‌നമായി കൊണ്ടുനടന്നതും, സര്‍വ മനുഷ്യരുടെയും സാംസ്‌കാരിക വൈവിധ്യങ്ങള്‍  ആദരിക്കപ്പെടുന്ന, സര്‍വര്‍ക്കും തുല്യ നീതി പ്രദാനം ചെയ്യുന്ന ഒരു പ്രത്യയ ശാസ്ത്രത്തെ കുറിച്ച് മൗദൂദി പറഞ്ഞതും നേര്‍ മനസ്സോടെ ആ അര്‍ഥത്തില്‍ കണ്ടാല്‍ മത രാഷ്ട്രമെന്ന വ്യാജ ആരോപണം ഉന്നയിക്കാന്‍ ആര്‍ക്കും കഴിയില്ല.
യൂറോപ്പില്‍ ഇരുണ്ട യുഗത്തില്‍ ക്രൈസ്തവ മത മേലധ്യക്ഷന്മാര്‍ കൊണ്ടുനടന്ന മത രാഷ്ട്രത്തെ  ഇസ്‌ലാമുമായും മൗലാനാ മൗദൂദിയുമായും കൂട്ടിക്കെട്ടി ആശ്വാസം കൊള്ളുന്നവര്‍ തങ്ങളുടെ ദൗത്യത്തില്‍ സത്യസന്ധരെങ്കില്‍, മൗദൂദിയുടെയോ ജമാഅത്തിന്റെയോ സാഹിത്യങ്ങളിലോ നയ രേഖകളിലോ ഭരണ ഘടനയിലോ മത രാഷ്ട്രത്തെ ന്യായീകരിക്കുന്ന  എന്തെങ്കിലുമൊരു പരാമര്‍ശം ചൂണ്ടിക്കാട്ടുമോ? അദ്ദേഹം പറഞ്ഞത് ദൈവരാജ്യത്തെ കുറിച്ചാണ്. ദൈവമാകട്ടെ ആരുടെയും കുത്തകയല്ല. എല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്ന പരിധിയും പരിമിതിയുമില്ലാത്ത പരമമായ സത്യം.
വിശ്വാസികള്‍ക്ക് പ്രവാചകനാണ് മാതൃക. മദീനയില്‍  പ്രവാചകന്‍ സ്ഥാപിച്ചതും ഖലീഫമാര്‍ പിന്തുടര്‍ന്നതുമായ രാഷ്ട്രീയ ധാരയെ വിശ്വാസികള്‍ പിന്തുടരാന്‍ ആഗ്രഹിക്കും. അത് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെങ്കില്‍ മാത്രമാണ് എതിര്‍ക്കപ്പെടേണ്ടത്. എല്ലാ മനുഷ്യരെയും ചേര്‍ത്തു പിടിക്കുന്ന, അവരെ സഹോദരങ്ങളായി കാണുന്ന  വ്യവസ്ഥിതിയുടെ പേരാണ് ദൈവിക വ്യവസ്ഥിതി.  അതെങ്ങനെയാണ് അപകടകരമാവുക?  മനുഷ്യരെ വിഭജിക്കുന്ന  ഒരു തരിമ്പ് സൂചനയെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലെന്നു മാത്രമല്ല, മനുഷ്യരോടെന്നു വേണ്ട പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള കാരുണ്യമാണ് മതമെന്നാണ് ഇസ്‌ലാമിന്റെ പാഠം.
മക്കയില്‍ എല്ലാം ഉപേക്ഷിച്ച്  വെറും കൈയോടെ മദീനയിലെത്തിയ മുഹമ്മദ് നബിയെ മഹാ ഭൂരിപക്ഷം വരുന്ന, ആദര്‍ശപരമായി ശക്തമായ വിയോജിപ്പുകളുള്ള  അവിടത്തെ ജൂത-ക്രൈസ്തവ- നാസ്തിക ഗോത്രങ്ങളെല്ലാം പിന്തുണക്കുകയും തങ്ങളുടെ രാഷ്ട്ര നായകനാക്കുകയും ചെയ്തത് ആയുധ ബലംകൊണ്ടല്ലല്ലോ. മക്ക എന്ന ജന്മനാട്ടിലെ തന്റെ പൗരത്വം പോലും റദ്ദാക്കിയ കൊടും ക്രൂരര്‍ ഒരു ഘട്ടത്തില്‍ ഭക്ഷ്യക്ഷാമമെന്ന മഹാ ദുരിതത്തില്‍ അകപ്പെട്ടന്നറിഞ്ഞ ഉടന്‍, അവര്‍ നമ്മോട്  മുമ്പ് എന്തു ചെയ്‌തെന്ന കണക്ക് നോക്കി കടക്ക് പുറത്തെന്ന് പറയുന്നതിനു പകരം അവര്‍ മനുഷ്യാവകാശങ്ങള്‍ അര്‍ഹിക്കുന്നുവെന്ന് പറഞ്ഞ് അങ്ങോട്ട് ഭക്ഷ്യ ലോഡുകള്‍ എത്തിച്ചുകൊടുക്കുകയായിരുന്നു പ്രവാചകന്‍. മത നിരപേക്ഷ ജനാധിപത്യ രീതിയുടെ പേരാണ് ദൈവ രാജ്യം. മക്ക തിരിച്ചു പിടിച്ച മഹാ വിജയവേളയില്‍ പോലും ശത്രുക്കളെ സ്വതന്ത്രരാക്കിയ അനുകമ്പയുടെ രാഷ്ട്രീയം. ഇത് കൊള്ളാമെന്ന് ജനസമൂഹത്തിന് ഏതു കാലത്ത് തോന്നുന്നുവോ അന്നു പുലര്‍ന്നാല്‍ മതി. ഡോ. തോമസ് ഐസക്ക് ധനമന്ത്രിയായിരിക്കെ അദ്ദേഹത്തിന് തോന്നി, സാമ്പത്തിക ദുരിതത്തില്‍ നിന്ന് കരകയറാന്‍ ഇസ്‌ലാമിക് ബാങ്കിംഗ് രീതി ഉപകരിക്കുമെന്ന്. അതിനുള്ള യജ്ഞം തുടങ്ങിവെക്കുകയും ചെയ്തു.
പ്രബോധനം ചെയ്യാനും പ്രചരിപ്പിക്കാനുമൊക്കെ എല്ലാ വിഭാഗങ്ങള്‍ക്കും  ഭരണഘടനാപരമായ സ്വാതന്ത്ര്യമുണ്ടായിരിക്കെ നന്മയുടെ വാതിലുകള്‍ തുറന്നുവെക്കുന്നതിലും തെറ്റിദ്ധാരണ നീക്കണമെന്നാവശ്യപ്പെടുന്നതിലും എന്താണ് തെറ്റ്? മുന്‍ ധാരണകള്‍ കൈവെടിഞ്ഞ് ഇത്തരം ആശയങ്ങള്‍ സ്വതന്ത്രമായും നിഷ്പക്ഷമായും അവലോകനം ചെയ്യുകയാണ് വേണ്ടത്. 


ഏക സിവില്‍ കോഡും ഇസ്‌ലാമോഫോബിയക്കുള്ള ഇന്ധനം 

ഒ.എ കൊടുങ്ങല്ലൂര്‍

2022 ഡിസംബര്‍  രണ്ടിലെ വാരികയില്‍ വന്ന മുഖവാക്ക് പലനിലക്കും ശ്രദ്ധേയമാണ്. ഏക സിവില്‍ കോഡിനെക്കുറിച്ചുള്ള പ്രചാരണ കോലാഹലങ്ങള്‍ എങ്ങനെ ഇസ്‌ലാമോഫോബിയക്ക് വളമാകുന്നു എന്ന് പുതിയ ആംഗിളില്‍ നോക്കിക്കാണാന്‍ ശ്രമിക്കുന്നു. സംഘ് പരിവാര്‍ അജണ്ടകളെ വൈകാരികമായല്ല നേരിടേണ്ടത്.  ഏക സിവില്‍ കോഡ് എന്ന് കേള്‍ക്കുമ്പോഴേക്ക് അത് മുസ്‌ലിം ന്യൂനപക്ഷത്തെ ലക്ഷ്യമാക്കി എയ്യുന്ന അമ്പായി കരുതി വൈകാരികമായി പ്രതികരിക്കുകയാണ്. അത് മാറ്റി, മറ്റുള്ള സമുദായങ്ങള്‍ക്കും ജാതി-മത വിഭാഗങ്ങള്‍ക്കും ഏക സിവില്‍ കോഡ് കൊണ്ട് പ്രയാസമുണ്ടാകില്ലേ എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടു വരണം.  വര്‍ഗീയവല്‍ക്കരണത്തിന് ഉപയോഗിച്ചുവന്ന സിവില്‍ കോഡ് എന്ന സംജ്ഞയെ പ്രശ്‌നവല്‍ക്കരിക്കാന്‍ അതു വഴി സാധ്യമാവും.
ഇന്ത്യാ മഹാരാജ്യത്തിന്റെ വൈവിധ്യത്തെ അവഗണിക്കുന്നവരുടെയും, ഏക സിവില്‍ കോഡ്  ഇപ്പോള്‍ നടപ്പാക്കും എന്ന് പറഞ്ഞു മുസ്‌ലിം ന്യൂനപക്ഷത്തെ ഭയപ്പെടുത്തുന്നവരുടെയും ഉള്ളിലിരിപ്പ് വ്യക്തമാണ്.  ഇതുവരെ അതിന്റെ ഒരു കരട് പോലും ജനങ്ങള്‍ക്ക് മുന്നില്‍ വെക്കാന്‍ സാധിച്ചിട്ടില്ല.  അതു നടപ്പാക്കാന്‍ കഴിയുന്ന ഒന്നല്ല എന്നവര്‍ക്ക് ബോധ്യമുള്ളതുകൊണ്ടാണിത്. 


 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് 22-27
ടി.കെ ഉബൈദ്‌

ഹദീസ്‌

മത്സര പരാജയം; നബി(സ)യുടെ മാതൃക
അബ്ദുല്ലത്വീഫ് കൊടുവള്ളി